UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒറ്റ നോട്ടത്തിൽ കണ്ട ചില ദളിത് – മുസ്ലിം എപ്പിസ്റ്റമോളജികൾ

Avatar

അജ്മൽ ഖാൻ അഞ്ചച്ചവടി

ചുംബനസമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ചർച്ചകളിൽ രണ്ടു ഫേസ്ബുക്ക്‌ കുറിപ്പുകൾ (അവ പിന്നീടു ലേഖന രൂപത്തിൽ പ്രസിദ്ധീകരിച്ചു) ദഹിക്കാതെ വന്നതുകൊണ്ടാണ് ഇതെഴുതുന്നത്; ഏറെ ആദരിക്കുന്ന കെ കെ ബാബുരാജ് എഴുതിയ ‘ചുംബനസമരം അസന്നിഹിതമാക്കുന്നത്’ എന്ന ലേഖനവും, രേഖ രാജ് എഴുതിയ ‘ഒറ്റ നോട്ടില്‍ തീരാത്ത രാഷ്ട്രീയ ധര്‍മസങ്കടങ്ങള്‍ എന്ന കുറിപ്പും. പല കാരണങ്ങൾ കൊണ്ടും ഇവരണ്ടും വിശകലന വിധേയമാക്കേണ്ടതുണ്ട്.

ശൂദ്രർ, അതിശൂദ്രര്, കീഴാളർ,  അടിച്ചമർത്തപ്പെട്ടവർ, അരികുവൽക്കരിക്കപ്പെട്ടവർ തുടങ്ങിയ പദാവലികൾ ഉപയോഗിച്ച് മുസ്ലീങ്ങളുടെയും (മുസ്ലീങ്ങളിൽ എല്ലാവരും, തങ്ങള് മുതൽ പൂസലാൻ വരെ, കേരളത്തിന്‌ പുറത്തു മിക്കയിടങ്ങളിലും, പ്രത്യേകിച്ചു ഉത്തരേന്ത്യയിൽ അജലാഫ് അശ്രാഫ് ) ദളിതരുടെയും ആദിവാസികളുടെയും ഐക്യദാര്‍ഡ്യ പ്രസ്ഥാനങ്ങളും മറ്റു ബൗദ്ധിക ഐക്യദാര്‍ഡ്യങ്ങളും, ഒരു പരിധിവരെ കേരളത്തിൽ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് ഇന്ന് കേരളത്തിലും പുറത്തും നടക്കുന്ന ജാതിക്കെതിരെയും, ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുമൊക്കെയുള്ള പോരാട്ടങ്ങളിലും വ്യക്തമായി ദൃശ്യമാണ്.

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷവും മറ്റുമായി മുസ്ലിങ്ങൾക്കെതിരെ അടിക്കടിയുണ്ടായ കലാപങ്ങളും വംശഹത്യകളും, ആഗോള തലത്തില്‍ ശക്തമായ “ഇസ്ലാമോഫോബിയ”യയും മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും ഇന്ത്യയിലും കേരളത്തിലും കൂടുതൽ വ്യക്തമായി പുറത്തുവരാൻ തുടങ്ങിയിരുന്നു. ഇതോടെ മുസ്ലീങ്ങൾ ഒരൊറ്റ വിഭാഗമായി പ്രതിക്കൂട്ടിൽ നിര്‍ത്തപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്ത സാഹചര്യങ്ങളാണ്, ആദിവാസികളുടെയും, ദളിതരുടേയും കൂടെ മുസ്ലീങ്ങളെയും തുടര്‍ന്നുള്ള വ്യവഹാരങ്ങളിൽ പങ്കാളികളാക്കിയത്. ഇസ്ലാമോഫോബിയ പുതുതായി ഉണ്ടായതല്ല. എന്നാൽ അതിന്റെ പല തലങ്ങളിലുള്ള രൂപ വ്യതിയാനങ്ങള്‍ക്ക് തീര്‍ച്ചയായും വലിയ പഴക്കമില്ല  എന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. 

എന്നാൽ അതിനിടയിൽ മുസ്ലീങ്ങളുടെ ഇടയിലെ ജാതിയെ അടിസ്ഥാനമാക്കി മുസ്ലിം മുന്നേറ്റങ്ങൾ ഉത്തരേന്ത്യൻ മണ്ണുകളിൽ വേരുപിടിക്കാൻ തുടങ്ങിയപ്പോൾ പോലും വ്യക്തമായ ജാതി, തറവാട്, വർഗ ചൂഷണങ്ങൾ നിലനിന്നിട്ടും അതിന്റെ അലയൊലികളൊന്നും കേരളത്തിൽ ഉണ്ടായില്ല. കേരളത്തിലെ മുസ്ലിങ്ങൾ ഒരുപോലെ മുഖ്യധാരയുടെ ഭാഗമായും അതേസമയം അരികുവൽകരിക്കപ്പെട്ടവരുടെ കൂടെയും നിന്നു. അതിനിടയിൽ മുസ്ലിങ്ങൾക്കിടയിലെ ജാതിയും, വർഗ്ഗവും, തറവാട്ട്‌ വര്‍ഗങ്ങളും, ലിംഗ വ്യത്യാസങ്ങളും തുടങ്ങിയ വിവേചനങ്ങളെല്ലാം വളരെ സ്വകര്യപൂർവം മറക്കപ്പെടുകയാണുണ്ടായത്. ഉയർന്ന ജാതിക്കാരായ ഫ്യൂഡല്‍, തറവാട്, കുലീന മുസ്ലിം വാര്‍പ്പുമാതൃകകളാണ് പിന്നെ എല്ലാവരും പിന്തുടരുന്നത് എന്ന് വ്യക്തമാകുന്നതാണ് മുകളിൽ പരാമര്‍ശിച്ച രണ്ടു ലേഖനങ്ങളും. കേരളത്തിലെ മുസ്ലീങ്ങളെ കുറിച്ച് പറയുമ്പോൾ എല്ലാവരും വളരെ സൌകര്യമായി ഉപയോഗിക്കുന്ന, മുസ്ലിം എന്ന പദത്തിൽ, മുസ്ലിങ്ങൾ തന്നെ ആയിട്ടുള്ള പുസലന്മാരും, ബാർബര്‍മാരും, മാര്‍ഗത്തിൽ കൂടിയവരും (താഴ്ന്ന ജാതികളിൽ നിന്ന് ഇസ്ലാം സ്വീകരിച്ചവർ ) മറ്റുമെല്ലാം ആയിട്ടുള്ള ജാതി വിഭാഗങ്ങളെ എല്ലാവരും മറന്നുപോകുകയാണ് പതിവ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

ചുംബനസമരം: സംഘികളും ടെക്കികളും വായിച്ചറിയാന്‍
ചെറിയ സമരങ്ങളുടെ വലിയ പ്രസക്തി
ചുംബനസമരം: സദാചാരക്കാര്‍ നില്‍ക്കുന്നത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകനു വേണ്ടി – സുല്‍ഫത്ത് ടീച്ചര്‍ സംസാരിക്കുന്നു
പോണ്ടിച്ചേരിയിലെ മാവോ പൂച്ചകള്‍ – ഒരു മറുപടി (മുഖമടച്ച്)
ചുംബന സമരമല്ലായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌

മുസ്ലിം എന്നത് ഒരു ഹോമോജിനിയസ് പദമല്ല. എവിടെ മുസ്ലിങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും ഇസ്ലാമോ ഫോബിയ, മുസ്ലിം വിരോധം എന്നെല്ലാം പറയുന്നവർ (നവ മുസ്ലീങ്ങൾ പോലും) യാഥാർത്ഥത്തിൽ ചെയ്യുന്നത്. ഇതു മുസ്ലീങ്ങളുടെ ഇടയിലുള്ള ജാതി, വര്‍ഗ, ലിംഗ, പ്രാദേശിക വ്യത്യാസങ്ങളെ മറന്നുകൊണ്ടുള്ള വിശകലനങ്ങളാണ്. 

ഇതു കെ. കെ ബാബുരാജ്‌ അടക്കമുള്ള സൂക്ഷ്മ ജാതി വിശകലനം ചെയ്യുന്നവർ പിന്തുടരുന്നു എന്നതാണ് സത്യം. തന്റെ ലേഖനത്തിൽ ബാബുരാജ്‌ പറയുന്നത് കാണുക, “പലരും ആഗ്രഹിക്കുന്നത്‌ പോലെ എളുപ്പത്തില്‍ മതപരതയെയോ സദാചാരത്തെയോ കുടഞ്ഞുകളയാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും, ഞങ്ങള്‍ ചരിത്രത്തിന്റെ പ്രസവം നടത്തിച്ചിരിക്കുന്നു എന്ന അവകാശവാദം ഉന്നയിച്ചുകൊണ്ട് നടത്തുന്ന പ്രകടനപരത ഫ്യൂഡല്‍ സമരമുറയാണെന്നതിനെ ഉറപ്പാക്കുന്നു.“എന്ന് പ്രഖ്യാപിക്കുമ്പോള്‍ കെ .കെ ബാബുരാജ്‌ അരികുവല്കരിക്കപെട്ടവര്‍കൂടിയായ മുസ്ലീങ്ങളുടെ കേരളത്തിലെ സാംസ്കാരിക ചരിത്രം അറിഞ്ഞോ അറിയാതെയോ മറന്നു പോകുന്നു. ഇവിടെ എല്ലാ മുസ്ലിങ്ങളേയും ഒന്നായി കാണുന്നതുകടന്നു, സദാചാരത്തെ മുസ്ലിം-ഹിന്ദു വ്യവഹാരത്തോടൊപ്പം മാത്രം ചേര്‍ത്തുവെക്കുന്നതുണ്ടാക്കുന്ന മഹാഅപകടവും ഒളിഞ്ഞുകിടക്കുന്നു.

രേഖ രാജിന്റെ “ഒറ്റ നോട്ടില്‍ തീരാത്ത രാഷ്ട്രീയ ധര്‍മ സങ്കടങ്ങള്‍” പറയുന്ന സ്ത്രീപക്ഷ വാദങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു, എന്നാൽ കേരളത്തിലെ ജാതിയനുഭവങ്ങൾ ഉത്തര, ദക്ഷിണ കേരള വ്യത്യാസമില്ലാതെ ശക്തമാണ് എന്ന് പലരും വാദിച്ചിട്ടുള്ളതാണ്. അങ്ങനെയിരിക്കെ രേഖാ രാജിന് കോഴിക്കോട് നഗരത്തിലും മലപ്പുറത്തും ഉണ്ടായ അനുഭവങ്ങൾ അവർ വിവരിക്കുന്നത് “ഹിംസ” എന്ന പദപ്രയോഗം നടത്തിയാണ്. ഇന്ത്യയിൽ പലയിടങ്ങളിലും, കേരളത്തിലും മറ്റും സഞ്ചരിച്ചിട്ടുള്ള അവർ, മലപ്പുറത്തെ, കോഴിക്കോടിനെ അല്ലെങ്കിൽ മലബാറിനെ “ഹിംസ”യുമായി വളരെ സുഖമായി ബന്ധിപ്പിക്കുന്നത് കേരളത്തിലും, ഇന്ത്യയിലും മലബാറിനെ, മലപ്പുറത്തെ ഹിംസയുമായി എന്നും കൂട്ടിവായിച്ചിടുള്ള സവര്‍ണ മുഖ്യധാര വാര്‍പ്പ്മാതൃകകളെ പിന്തുടരുക തന്നെയാണ്. മലപ്പുറവും മലബാറും മുസ്ലിമിനെയും ഒക്കെ എന്നും “ഹിംസ” യുമായി ചേര്‍ത്തു വയ്ക്കുന്ന അവര്‍ പറയാതെ പോകുന്ന (ബോധപൂർവമോ അല്ലാതെയോ) കുറെ ഹിംസകൾ നിലനില്കുന്ന നാടല്ലെ കേരളം? എന്നാൽ ഒറ്റ നോട്ടത്തിൽ കടിച്ചാൽ പൊട്ടാത്ത സവർണ, മുസ്ലിംവിരുദ്ധ / ഗെറ്റോ യുക്തികൾ അവർ പിന്തുടരുന്നു എന്നത് ഖേദകരമാണ്. 

തുടര്‍ന്ന് രേഖ പറയുന്നത് കാണുക. “നൂറു കണക്കിനു വര്‍ഷങ്ങളുടെ വ്യാപാര ചരിത്രം ഉള്ള സമുദായമാണ് ഇത് . പറഞ്ഞ് വരുമ്പോള്‍ ലുലുമാള്‍ നടത്തുന്നതും ഈ സമുദായത്തില്‍ പെട്ട ഒരാള്‍ അല്ലെ” എന്നു പറയുമ്പോൾ വ്യാപാരവും കച്ചവടവും സമ്പത്തും എല്ലാം നന്നായിതന്നെയുള്ള മുസ്ലിങ്ങൾ ഉള്ള നാടാണ്‌ കേരളം. അതേസമയം സ്വന്തമായി വീടില്ലാത്തവരും, പാവങ്ങളുമായ ചേരികളിൽ താമസിക്കുന്നവരുമൊക്കെയായ മുസ്ലിങ്ങൾ ഇന്നും ഉള്ള സംസ്ഥാനമാണ് കേരളം എന്ന്ആര്‍ക്കും അറിയത്തതല്ലലോ. മുസ്ലിംങ്ങളും അവരുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും മുസ്ലീങ്ങളെ എല്ലാം ഒന്നായി (ഹോമോജിനിയസ് )കാണുന്ന കെണിയിൽ തന്നെയാണ്‌ രേഖയും വീണിട്ടുള്ളത് എന്നു മനസ്സിലാകും. കെ കെ ബാബുരാജും, രേഖരാജുമൊക്കെ ഇങ്ങനെ പറയുമ്പോൾ അതിനെ തീര്‍ച്ചയായും പ്രശ്നവൽകരിക്കേണ്ടതുണ്ട്.

(മുംബൈ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ഡവലപ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ഥിയാണ് ലേഖകൻ)

 

അഴിമുഖം പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം: ഫ്രാണ്ടി പറയുന്ന പന്നി ജീവിതങ്ങള്‍

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍