UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുംബന സമരമല്ലായിരുന്നു നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌

Avatar

അഭിജിത്ത് ഡി കുമാര്‍

പ്രതിഷേധങ്ങള്‍ ചുണ്ടുകള്‍കൊണ്ടും ചൂരലുകള്‍ കൊണ്ടും ഉമ്മവച്ചു വിറപ്പിച്ച ആ ദിവസം തന്നെ മറ്റൊരു ചുംബനക്കൂട്ടായ്മയും കേരളത്തില്‍ നടന്നു. അവിടെ ആളും ആരവങ്ങളുമില്ലായിരുന്നു. ലാത്തിയും ചൂരലും പ്ലക്കാര്‍ഡുകളുമില്ലായിരുന്നു, ലാത്തിവീശാന്‍ പോലീസുകാരം, ഒ ബി വാനുകളുമില്ലായിരുന്നു. കൊച്ചിയിലെ കൊഴുപ്പില്‍ മയങ്ങിനിന്ന കേരളത്തിന് തിരുവനന്തപുരത്ത് നടന്ന ഈ ചുംബനം ഒറ്റക്കോളം വാര്‍ത്തയിലൊതുക്കാവുന്ന പ്രാധാന്യമേ തോന്നിയിട്ടുണ്ടാവൂ.

തേവര സേക്രഡ് ഹാര്‍ട് കോളേജിലെ മാധ്യമ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ്പുസമരം നടത്തുന്ന ആദിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം ആര്‍പ്പിച്ച് എത്തി സമരക്കാരുടെ പാദങ്ങള്‍ തൊട്ടുവന്ദിച്ച് ചുംബിച്ചത്തിന് കാരണം  കൊച്ചിയില്‍ നടന്ന ചും ബനസമരത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതാണ് നില്‍പ്പുസമരമെന്ന് സമൂഹത്തോട് പ്രഖ്യാപിക്കാനായിരുന്നു .

കഴിഞ്ഞ മൂന്നര മാസക്കാലമായി തലസ്ഥാനത്ത് ആദിവാസികള്‍ തങ്ങളുടെ നിലനില്‍പ്പിനായി, അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്കായി നടത്തുന്ന നില്‍പ്പ് സമരത്തിന് നല്‍കാത്ത പ്രസക്തിയും പ്രാധാന്യവുമാണ് ഒരാഴ്ച മുമ്പു മാത്രം സോഷ്യല്‍ നെറ്റ്‌വര്‍കിംഗ് സൈറ്റുകളിലൂടെ പ്രചാരം നേടിയ ‘കിസ് ഓഫ് ലവ് ‘ അഥവാ ചുംബന സമരത്തിന് നമ്മുടെ മാധ്യമങ്ങളും പൊതു സമൂഹവും നല്‍കിയത്. യഥാര്‍ത്ഥ ജനകീയ പോരാട്ടത്തിനു നേരെ നടത്തുന്ന ഈ അവഗണനയാണ് ‘പാദചുംബനം’ എന്ന സമരരൂപം ആവിഷ്‌ക്കരിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ചുംബന സമരമല്ല ജനങ്ങള്‍ അറിയേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമെന്നാണ് ഞങ്ങളുടെ പക്ഷം. മാസങ്ങളായി കാല്‍ചവിട്ടി നില്‍ക്കുന്നവരുടെ ജീവിതാവസ്ഥയാണ് സമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യേണ്ടത്, അവര്‍ക്കാണ് നമ്മള്‍ പിന്തുണ കൊടുക്കേണ്ടത്. സമരക്കാരുടെ ആവശ്യങ്ങള്‍ക്കപ്പുറത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കെട്ടിവയ്ക്കാനുള്ള നടപടികളാണ് ആദിവാസി സമരത്തില്‍ കാണുന്നത്. ഒരു ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഈ ദിവസങ്ങളിത്രയും നിന്നിട്ടും പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍, അത് നമ്മുടെ സമൂഹത്തിനുകൂടി ലജ്ജാകരമാണ്. ഇവരെ അവഗണിച്ചുകൊണ്ട് മറ്റു ചര്‍ച്ചകള്‍ക്കായി നമ്മള്‍ സമയം ചെലവഴിക്കുന്നത് വേദനാജനകമാണ്. ചുംബന സമരത്തിനു കിട്ടിയ ജനശ്രദ്ധ ആദിവാസി സമരത്തിന് ഈ ദിവസങ്ങളിത്രയും കഴിഞ്ഞിട്ടും കിട്ടാതെപോകുന്നത് എന്തുകൊണ്ടാണെന്നു കൂടി ആലോചിച്ചാല്‍ നമ്മളോരോരുത്തരും സ്വയം കുറ്റവാളികളാകും. ഈ നിലനില്‍പ്പു സമരം തന്നെയാണ് നമ്മുടെ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കരുതുന്നവരാണ് ഞങ്ങള്‍.

നവംബര്‍ 2 നു കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് വന്ന് ഇത്തരമൊരു പ്രതീകാത്മക ശ്രദ്ധ ക്ഷണിക്കല്‍ നടത്തിയതും അതുകൊണ്ടാണ്. ഞങ്ങള്‍ ഒരിക്കലും കൊച്ചിയില്‍ നടന്ന സമരത്തിന് എതിരല്ല. സദാചാര പോലീസിംഗ് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ അതിനേക്കാള്‍ എത്രയോ പ്രാധാന്യമുള്ള ആവശ്യത്തിനു വേണ്ടിയാണ് 118 ദിവസമായി വെയിലത്തും മഴയത്തും ഭരണ സിരാകേന്ദ്രത്തിനു മുമ്പില്‍ നിന്ന് കൊണ്ട് അവര്‍ സമരം ചെയ്യുന്നത് . ജീവിക്കാന്‍ ആവശ്യമായ ഭൂമി ലഭിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. ഇതിലൊന്നും ഇടപെടാതെ, ഒരു വിഭാഗം ആളുകള്‍ യഥാര്‍ത്ഥ സാമൂഹ്യപ്രശ്നങ്ങളില്‍ നിന്നും മുഖം തിരിഞ്ഞുനിന്നു കൊണ്ട്, ഒരു സുപ്രഭാതത്തില്‍ തീരുമാനിച്ച ചുംബന സമരത്തെ മാധ്യമങ്ങളും പൊതുസമൂഹവും പ്രധാന ചര്‍ച്ചാവിഷയമാക്കിയത് ഏറെ ദുഖകരമാണ്.

പൊതു സമൂഹത്തില്‍ മൗലീക അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ നിലനില്‍പ്പിനായി പോരാടുമ്പോള്‍ ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ല എന്ന രീതിയില്‍ ജീവിതം നയിക്കുന്ന ഞങ്ങളുടെ സമപ്രായക്കാരുടെയും യുവാക്കളുടെയും സമൂഹത്തോടുള്ള കാഴ്ചപ്പാട് മാറ്റുക എന്നുള്ളതാണ് പാദചുംബനത്തിലൂടെ ഞങ്ങള്‍ക്ക് പറയാനുള്ളത്. ഒരിക്കലും അവര്‍ക്കുള്ള താക്കീതോ കുറ്റപ്പെടുത്തലോ അല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുവാനും പ്രതിഷേധിക്കാനും ഊര്‍ജ്ജം പകരുന്നതാകണം ഓരോ സമരമെന്നും വിളിച്ചു പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

2001 ല്‍ കേരള സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ വാക്കും, മുത്തങ്ങ സംഭവത്തിന് ശേഷം (2003 ല്‍) ഭൂമി കണ്ടെത്താന്‍ എടുത്ത നടപടികളും, വനാവകാശ നിയമവും (2006 ല്‍) അവഗണിച്ചുകൊണ്ട് ആദിവാസി ക്ഷേമ പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയിരിക്കുകയാണ്. ആദിവാസി ഭൂമിയില്‍ നടക്കുന്ന കയ്യേറ്റവും വ്യാപകമാണ്. ക്ഷേമ പദ്ധതികളില്‍ നിന്നുള്ള സര്‍കാരിന്റെ പിന്മാറ്റം ആദിവാസികളെ വംശഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ സൂചനയാണ്. ഭരണകൂടത്തിന്റെ ഈ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ചു കൊണ്ടാണ് കഴിഞ്ഞ മൂന്നര മാസക്കാലമായി മണ്ണിന്റെ മക്കള്‍ സമരം നടത്തുന്നത്. ആദിവാസികളുടെ ഈ സമരചരിത്രം മനസ്സിലാക്കുന്നവരാരും അവരുടെ കൂടെ വന്നു നില്‍ക്കാനാണ് ശ്രമിക്കുക. കൊച്ചിയില്‍ കൂടിയതിനെക്കാള്‍ കൂടുതല്‍ ആള്‍ക്കാര്‍ ഈ സമരപ്പന്തലില്‍ നിറഞ്ഞിരുന്നില്ലെങ്കില്‍ തൊട്ടുപിറകിലെ അധികാരക്കോട്ടയില്‍ ഇരിക്കുന്നവര്‍ക്ക് വെളിയില്‍ വന്നേ മതിയാകുമായിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ 118 ദിവസങ്ങള്‍ കഴിഞ്ഞിട്ടും. സമൂഹത്തിന്റെ ഒറ്റക്കെട്ടായ പിന്തുണ ഈ പാവങ്ങള്‍ക്ക് ലഭിക്കുന്നില്ല. നിത്യം കാണുന്ന കാഴ്ചയോടുള്ള മടുപ്പ് മാധ്യമങ്ങളും കാണിക്കുന്നതോടെ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണ് ഈ ജനതയും അവരുടെ സമരവും. അതനുവദിച്ചുകൂടാ. വശംഹത്യയും ഒരു തരത്തില്‍ സദാചാരവിരുദ്ധത തന്നെയാണ്. ഒരു വിഭാഗം സുഗമമായി ജീവിക്കുമ്പോള്‍ മറ്റൊരു വിഭാഗം ജീവിതത്തിന്റെ ഗതിമുട്ടി നില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിന് എന്തു മാന്യതയാണ് ഉള്ളത്?

ഞങ്ങള്‍ മുന്നോട്ടുവച്ചത് ഒരു സമരമല്ല, പ്രതിഷേധമായിട്ടും കാണണ്ട. ഞങ്ങളുടേത് ഐക്യദാര്‍ഢ്യമാണ്. കേരളത്തിന്റെ സമരചരിത്രത്തില്‍ ഒന്നുരണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കപ്പുറം ഒടുങ്ങിപ്പോകുന്നൊരു സമരമാവില്ല നില്‍പ്പുസമരം. സഹനത്തിന്റെ മായാത്ത മുദ്രയായി ഈ സമരം എന്നും നിറഞ്ഞു നില്‍ക്കും. മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കാന്‍ ഈ സമരത്തിന് കഴിയും. ആ മാറ്റം വ്യക്തമായൊരു ദിശാബോധത്തോടെയായിരിക്കും സംഭവിക്കുക. അതിനായ് നമുക്കെല്ലാവര്‍ക്കും ഒത്തുച്ചേരണം. ഒത്തുചേര്‍ന്നേ പറ്റൂ.

(തേവര സേക്രഡ് ഹാര്‍ട് കോളേജിലെ മാധ്യമ വിദ്യാര്‍ഥിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍