UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാമ്പിനെ ചുംബിക്കുന്ന പെൺകുട്ടി നൽകുന്ന പാഠങ്ങൾ

Avatar

രാജേഷ് മണി

മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സമരമുറകളും സമരാശയങ്ങളും ഒരു പരിഷ്കൃത സമൂഹത്തിൽ ജനാധിപത്യ ബോധത്തിന്‍റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. അത്തരത്തിൽ ഈ അടുത്ത കാലത്ത് കേരളസമൂഹത്തില്‍ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ഒരു സമരമായ  ‘ചുംബനസമരം’ ശ്ലാഘനീയമായ ഒരു നൂതന സമരമുറയാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്രതലത്തിൽ ചുംബന സമരത്തിനു വേണ്ടത്ര ശ്രദ്ധ കിട്ടുകയും ചെയ്തു. ചുംബന സമരത്തെ പോലെ തന്നെ  ആദിവാസി സമൂഹത്തിന്റെ ജീവന്റെ നിലനില്പിനു വേണ്ടിയുള്ള ‘നില്പു’ സമരത്തിനും ഒരു നൂതന സമരരീതിയെന്ന നിലയിൽ സമരങ്ങളുടെ വിളഭൂമിയായ കേരളത്തിൽ  സാമൂഹിക ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. 

അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന  ഒരു ജനവിഭാഗത്തിന്റെ ഭൂമിക്കുവേണ്ടിയുള്ള സമര രീതിയെന്ന രീതിയിൽ നില്‍പ്പുസമരത്തിന് ഉദ്ദേശശുദ്ധിയും, ലക്ഷ്യബോധവും, സമരാശയങ്ങളുടെ കെട്ടുറപ്പുള്ള ഒരടിത്തറയുമുണ്ടായിരുന്നു. അവരുടെ സമരാവശ്യങ്ങൾ സ്റ്റേറ്റിനോട് അഥവാ നിലവിലുള്ള ഗവണ്മെന്റിനോടായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ  നില്‍പ്പുസമരം ഒരു സമരരീതിയെന്ന നിലയിൽ പുതുമയാർന്നതും എന്നാൽ വ്യവസ്ഥാപിത സമരരീതികളുടെ ചട്ടക്കൂടിലൊതുങ്ങിയ ആശയ വ്യക്തതയുള്ള ഒരു സമരമുറയായിരുന്നു.  അതായത്, സമരത്തിന്റെ ആവശ്യകതയെന്താണ്, സമരം ആർക്കെതിരെയാണ് അല്ലെങ്കിൽ ആരോടാണ്, സമരം നടത്തുന്നവരുടെ യോഗ്യതയെന്താണ് (അത്തരത്തിലൊരു സമരം ചെയ്യുന്നതിനുള്ള)  തുടങ്ങിയ സാധാരണക്കാരന്റെ ചോദ്യങ്ങൾക്കെല്ലാം ഒറ്റ വാക്കിലൊതുങ്ങുന്ന വ്യക്തമായ ഉത്തരങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സ്വീകാര്യതയും സമരത്തിനുണ്ടാകുകയും താൽകാലികമായെങ്കിലും സമരം വിജയകരമായി അവസാനിപ്പിക്കുവാൻ സാധിക്കുകയും ചെയ്തു.

എന്നാൽ നില്‍പ്പുസമരത്തേക്കാൾ മാധ്യമ ശ്രദ്ധ നേടിയതും ധർമ്മാധർമ്മ വിവേചനത്തിന്റെ ഉല്പന്നമായി ആവിർഭവിച്ചതെന്നു അവകാശപ്പെടുന്ന സദാചാര പൊലിസിങ് അല്ലെങ്കിൽ ഗുണ്ടായിസത്തിനെതിരെ രൂപം കൊണ്ടതുമായ ചുംബന സമരം എന്ന നൂതന സമരരീതി-ഒരു പക്ഷേ മാറു മറയ്ക്കൽ അവകാശ സമരത്തെ പോലെതന്നെ പ്രാധാന്യമുള്ളതെന്നു ആധുനിക സാമൂഹിക പരിഷ്ക്കർത്താക്കളാൽ വാഴ്ത്തപ്പെട്ട സമരാശയം- പുതുമയുള്ളതും പുരോഗമനപരവുമാണെന്ന കാര്യത്തിൽ സംശയത്തിനു വകയില്ല. പക്ഷേ ആ സമരാശയം തീർത്തും അപക്വവും സാധാരണക്കാരന്റെ നീതി ബോധത്തിനു നിരക്കാത്തതും സാമൂഹിക രാഷ്ട്രീയ ആശയങ്ങളുടെ പിൻബലമില്ലാത്തതുമായ താറുമാറായ ഒരു സമര മുറയായി പിന്നീട് മാറിയെന്ന്‍ ഈ സമരാശയത്തെ ആദ്യം അനുകൂലിച്ചവർ കരുതിയാൽ അവരെ ഫാഷിസത്തിന്റെ ഭാഷയിൽ ആരാലും നിയന്ത്രിക്കപ്പെടാനില്ലാത്ത ഇന്റർനെറ്റ് മാധ്യമത്തിലൂടെ ആക്ഷേപിച്ചിട്ട് കാര്യമില്ല.

ഇന്‍റർനെറ്റ് എന്ന സാങ്കേതികവിദ്യയും അതിലെ ജനാധിപത്യ ജിഹ്വയായി വാഴ്ത്തപ്പെടുന്ന മുതലാളിത്ത ഉല്പന്നമായ സോഷ്യൽ മീഡിയയും അനിയന്ത്രിതമാണ്. ഒരു വിഷയത്തിൽ വിവരമുള്ളവർക്കും ആ വിഷയത്തിൽ യാതൊരുവിധ വിവരമില്ലാത്തവർക്കും ഒരു പോലെ അഭിപ്രായങ്ങൾ പറയാനും പരസ്പരം ആക്ഷേപിക്കുന്നതിനുമുള്ള അവസരങ്ങളുള്ളതുകൊണ്ട് ഇന്‍റർനെറ്റിലെ സോഷ്യൽ മീഡിയത്തെ ‘കമന്റുകൾ’ കൊണ്ട് ഏറ്റവും കൂടുതൽ മലീമസമാക്കുന്നത് ഒരു പക്ഷേ നമ്മൾ ഭാരതീയരായിരിക്കും. അതിനു കാരണം കേരളീയർ ഉൾപ്പെടുന്ന ഭാരതീയർ ഇന്നും സോഷ്യൽ മീഡിയ സംസ്കാരത്തിന്റെ ശിലായുഗത്തിൽ നില്‍ക്കുന്നവരാണ്. ഇവിടെ എല്ലാവർക്കും ഫാഷിസത്തിന്റെ ഭാഷയും സംസ്കാരവുമാണ് – സദാചാര വാദികൾക്കും, ഫാഷിസത്തിനെതിരെ ചുംബിക്കുന്നവർക്കുമെല്ലാം!

ചുംബന സമരം നടത്തുന്നതിനു പ്രേരണയായ  കാര്യകാരണങ്ങൾ വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുന്നത് സമരത്തിന്റെ തുടക്കത്തിൽ രാഷ്ട്രീയ-സാമൂഹിക ദിശാബോധവും ആശയ വ്യക്തതയുമുണ്ടായിരുന്നുവെന്നാണ്. കോഴിക്കോട്ടുള്ള ഒരു പുതിയ തലമുറ റസ്റ്റോറന്റിൽ കമിതാക്കൾ ചുംബിച്ചുവെന്നു കരുതി സദാചാരവാദികൾ എന്നു വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സാമൂഹികവിരുദ്ധർ ഒരു ബിസിനസ്സ് സ്ഥാപനത്തെയും, അതിലെ ഒരു വിഭാഗം ഉപയോക്തക്കളേയും ആക്രമിക്കുന്നത് നിയമവ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ, വലിയ സാമൂഹിക അപകടത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അതിനെ ന്യായീകരിച്ച് ജനാധിപത്യ അടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും പ്രസ്താവനകളിറക്കിയില്ല. മാത്രവുമല്ല അതിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള സാമൂഹിക വിപത്തിനെതിരെ പ്രതീകാത്മകമായി സംസ്ഥാനതലത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും, ഇത്തരത്തിലുള്ള സാംസ്കാരിക ആക്രമണങ്ങൾ ഭാവിയിൽ തടയുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ സ്റ്റേറ്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനും, വ്യവസ്ഥാപിത ദുരാചാരങ്ങളിലും, സദാചാര മിഥ്യാ ബോധത്തിലും മുഴുകി ജീവിക്കുന്ന പൊതു സമൂഹത്തിൽ, മാറ്റങ്ങൾക്കനുസൃതമായ സാംസ്കാരിക ജീവിത രീതിയോട് സഹിഷ്ണുത വളർത്തുന്നതിനു പ്രേരിപ്പിക്കുക എന്ന നിലയിലും കൊച്ചിയിൽ വെച്ചു നടന്ന ചുംബന സമരം അതീവ പ്രാധാന്യം അർഹിക്കുന്നു. അതുകൊണ്ടുതന്നെ സമരത്തിന്റെ ആ ഘട്ടത്തിൽ കേരളത്തിലെ ചിന്തിക്കുന്ന പൊതുസമൂഹത്തിന്റെ പിന്തുണ മാനസികമായെങ്കിലും ചുംബന സമരക്കാർക്കൊപ്പമുണ്ടായിരുന്നു.

എന്നാൽ പിന്നീടുള്ള സമരാശയത്തിന്റെ വളർച്ച ഒട്ടും ക്രിയാത്മക പാതയിലൂടെയല്ല എന്നാണ് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ സമരത്തിന്റെ വിജയത്തിനു ശേഷം സ്വാഭാവികമായും സമരാനുകൂലികളിൽ നിന്നും പ്രതീക്ഷിക്കുന്നത് സദാചാര ഗുണ്ടായിസത്തിനെതിരെ സ്റ്റേറ്റിന്റെ ഭാഗത്തു നിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തു നിന്നും ആവുന്നത്ര പ്രായോഗിക നടപടിക്രമങ്ങൾക്കു രൂപം കൊടുക്കുകയും അതിന്റെ പ്രതിഫലനം സമൂഹത്തിൽ ഏതു രീതിയിലാണെന്നു സസുഷ്മം നിരീക്ഷിക്കുകയും തുടർ സമര പരിപാടികളിലൂടെയും അല്ലാതെയും പുതിയ സാമൂഹിക സുരക്ഷാ നയങ്ങൾക്കു രൂപം കൊടുക്കുന്നതിനു സ്റ്റേറ്റിനെയും സാമൂഹിക സംഘടനകളേയും പ്രേരിപ്പിക്കുകയും ചെയ്യുകയെന്നതാണ്. ഒരു വികസിത സമൂഹത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ഇത്തരത്തിൽ വികസിക്കുന്നതാണ് പൊതു നന്മയ്ക്കുതകുക.

ചുംബന സമരത്തിന്റെ ദിശാബോധം നഷ്ടപെട്ട ഒരു പ്രധാന വേദിയായിരുന്നു തിരുവനന്തപുരത്തു വെച്ചു നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും തുടർന്നുള്ള ഫാഷിസത്തിനെതിരെയുള്ള ചുംബന വിളംബരവും, ആഘോഷങ്ങളും. ഫിലിംഫെസ്റ്റിവൽ അങ്കണത്തിൽ വെച്ചു നടന്ന സാമൂഹിക പ്രതിബദ്ധതയില്ലാത്ത യാതൊരുവിധ പ്രഖ്യാപിത പുതിയ സമരാശയങ്ങളും ഉൾക്കൊള്ളാത്ത  ചുംബന സമരം, ‘ചുംബന സമരം’ എന്ന പുരോഗമനാശയത്തെ ഫിലിംഫെസ്റ്റിവെലിൽ പങ്കെടുക്കാനെത്തിയ അന്തർദ്ദേശീയ പ്രതിനിധികൾ വഴി അന്താരാഷ്ട്രതലത്തിൽ ‘ഗ്ലാമർവല്കരിക്കുക’ എന്ന തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നു വെണം മനസ്സിലാക്കുവാൻ. മാത്രവുമല്ല നഗരവല്‍കൃത ഒരു പ്രമാണി വർഗ്ഗത്തിന്റെ ആശയം മാത്രമായി ചുംബന സമരത്തെ ചുരുക്കുവാനും ശ്രമമുണ്ടായി. അതുകൂടാതെ ചുംബനസമരത്തെ ലിംഗവിവേചന സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള അപക്വ ശ്രമവുമുണ്ടായെന്നു വേണം കരുതുവാൻ. സദാചാര ഗുണ്ടായിസം സമൂഹമാകെ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ അനുഭവിക്കുന്ന ഒരു വിപത്താണ്. അത് കേവലമൊരു ലിംഗ അസമത്വത്തിന്റെ കണ്ണാടിയിലൂടെ നിരീക്ഷിക്കേണ്ടതല്ല. ഇതിനു ഉദാഹരണമായി ഒരു വസ്തുത ചൂണ്ടിക്കാണിക്കാം. ചുംബന സമരക്കാരുടെ പുതിയ പതിപ്പു സമരത്തിന്റെ (ആലപ്പുഴ) പ്രചാരണ ചിത്രം നോക്കുക – അത് പാമ്പിനെ ചുംബിക്കുന്ന ഒരു പെൺകുട്ടിയുടേതാണ്. ഇതിലെവിടെയാണ് പുരുഷന്റെ സ്ഥാനം? ചുംബന സമരം സ്ത്രീയും-പുരുഷനും തമ്മിലുള്ള ചുംബന പ്രക്രിയയെയല്ലേ പ്രതിനിധീകരിക്കുന്നത്? അതോ ചുംബന സമരം ‘സ്ത്രീകളുടെ മാത്രം’ ഒരു സമരരീതിയായിട്ടാണോ കരുതേണ്ടത്? സദാചാര ഗുണ്ടായിസത്തിന്റെ ഭാഗമായി കേരളത്തിൽ ഏറ്റവും കൂടുതൽ കൊലചെയ്യപ്പെട്ടിട്ടുള്ളതും, ശാരീരികപരമായ ആക്രമത്തിനു വിധേയരായിട്ടുള്ളതും ഈ അടുത്ത കാലത്ത് പുരുഷന്മാരാണെന്നുള്ള കാര്യം ചുംബന സമരക്കാർ വിസ്മരിച്ചുകൂടാ. ഇനി പാമ്പിന്റെ ചിത്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്? സ്ത്രീകളാൽ ചുംബിക്കപ്പെടുന്നവരെല്ലാം പാമ്പിന് തുല്യരാണെന്നോ? എന്തായാലും പൊതുവേ പാമ്പെന്ന് പറയുന്നത് ഫാഷിസത്തിന്റേയോ അല്ലെങ്കിൽ മറ്റേതെങ്കിലും സെച്ഛാധിപത്യത്തിന്റേയോ സൂചനാ ചിത്രമല്ല മറിച്ച് പാമ്പ് ലൈംഗികതയെ പ്രതിനിധാനം ചെയ്യുന്ന ചിത്രവുമാണ്. ഇനി പാമ്പ് ഫാഷിസത്തെ തന്നെയാണു സൂചിപ്പിക്കുന്നത് എന്നു കരുതുക,  അപ്പോൾ സ്ത്രീകൾ ചുംബിക്കാൻ ഇഷ്ടപ്പെടുന്നത് ഫാഷിസ്റ്റുകളെയാണോ?

ചുംബന സമരത്തിന്റെ ആരംഭം ഒരു പുരോഗമനാശയത്തിലൂന്നിയിട്ടുള്ളതാണെങ്കിലും പിന്നീടുള്ള അതിന്റെ വളർച്ചയും, പരിണാമവും ഒരു മുതലാളിത്ത ഉപഭോഗ സംസ്ക്കാരത്തിനായുള്ള നഗരവല്‍കൃത സമൂഹത്തിന്റെ സ്വാഗത പ്രസംഗമായിട്ടു വേണം വിലയിരുത്താൻ. കേരളത്തിൽ ഹോട്ടലുകൾ അല്ലെങ്കിൽ റസ്റ്റോറന്റുകൾ (ചെറിയ നാട്ടിൻപുറ ചായക്കടകളെ ഒഴിവാക്കുന്നു) ഭക്ഷണം കഴിച്ചിട്ടു വളരെപ്പെട്ടെന്നു സ്ഥലം കാലിയാക്കുവാനുള്ള സ്ഥാപനങ്ങളായിരുന്നു.  എന്നാൽ ഇൻഡ്യൻ കോഫീ ഹൗസ് പോലുള്ള സഹകരണ പ്രസ്ഥാനത്തിലധിഷ്ഠിതമായ നഗരവൽകൃത ഹോട്ടൽ ശൃംഖലകളുടെ ആവിർഭാവം ഹോട്ടൽ എന്നാൽ ഭഷണം കഴിക്കാൻ മാത്രമല്ല മറിച്ച് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഭാഷണങ്ങളിൽ ഇഷ്ടപ്പെട്ട വ്യക്തികളുമായി ഏർപ്പെടുന്നതിനുള്ള സ്ഥലമാണന്നു കൂടിയുള്ള സാമൂഹിക ബോധം കേരളീയരിൽ പ്രത്യേകിച്ച് നഗരവാസികളിലുണ്ടാക്കി. എന്നാൽ ഇതിന്റെ ആധുനിക പതിപ്പായ റസ്റ്റോറന്റുകൾ തീർത്തും വൈദേശികമാണ്. പുതിയ തലമുറ യുവതീ-യുവാക്കൾക്കായി ഡേറ്റിംഗിനും, ചെറിയ രീതിയിലുള്ള കാമകേളികൾക്കും, അതുമായി ബന്ധപ്പെട്ട മദ്യപാനത്തിനും സൗകര്യമൊരുക്കുന്ന   നിശാക്ലബുകളുടെ ചെറിയ പതിപ്പുകളായ റസ്റ്റോറന്റുകൾ ഇന്ത്യയുടെ പ്രാന്തപ്രദേശങ്ങളിലുണ്ടായതിനു കാരണം മുതലാളിത്ത രാജ്യങ്ങളിൽ നിന്നും അവികസിത രാജ്യമായ ഇന്ത്യയിലേക്ക് ഒഴുക്കപ്പെട്ട വിവരസാങ്കേതികവിദ്യയയുമായി ബന്ധപ്പെട്ട തൊഴിൽ സംസ്കാരത്തിന്റെ പ്രചാരമാണ്. ഉയർന്ന തുക ശമ്പളമായി വാങ്ങിയാൽ മാത്രം പോര അതനുസരിച്ചു ഭക്ഷണവും കഴിച്ച് സുന്ദരീ-സുന്ദരന്മാരായി ജീവിക്കുകയെന്നത് ആഗോള ഐ.ടി കമ്പനികൾക്കു നിർബന്ധമാണ്. അതിനായി കൊടുക്കുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗം ഭക്ഷണത്തിനായി ചിലവാക്കാൻ കമ്പനികൾ തങ്ങളുടെ തൊഴിലാളികളെ പ്രേരിപ്പിക്കുന്നു. അത്തരത്തിൽ നൽകുന്ന ഫുഡ് കൂപ്പണുകൾ സ്വീകരിക്കുവാനായി മാത്രം നമ്മുടെ നഗര പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനേകം ദേശീയ അന്തർദേശീയ റസ്റ്റോറന്‍റ് ചെയിനുകളുണ്ട്. അത്തരത്തിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്‍റുകളും അവയെ അനുകരിച്ചുണ്ടാകുന്ന പ്രാദേശിക ചെറുകിട റസ്റ്റോറന്റുകളും തങ്ങളുടെ ഉപയോക്തക്കൾക്കായി നൽകുന്നത് ഭക്ഷണം മാത്രമല്ല മറിച്ച് പരസ്പരം സംസാരിക്കുവാനും സന്തോഷിക്കുവാനുമുള്ള വ്യക്തിഗത ഇടങ്ങളുമാണ്. ഇത്തരത്തിൽ നൽകുന്ന സൗകര്യത്തിനു കൂടി ചേർത്താണ് അവർ തുക ഈടാക്കുന്നത്. സദാചാരവാദികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത ഇവിടെയാണ്. തങ്ങളുദ്ദേശിക്കുന്ന സാംസ്കാരിക ചട്ടക്കൂടിൽ പുതിയ തലമുറക്കാർ ജീവിക്കുന്നില്ലങ്കിൽ അതിനു കാരണം പുതിയ തലമുറ വ്യക്തികളുടെ സാംസ്കാരിക മൂല്യ ബോധത്തിലുണ്ടാകുന്ന തകർച്ചയല്ല മറിച്ച് അത് ആഗോള മൂലധന സ്ംസ്കാരത്തിന്റെ കടന്നുകറ്റത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന മാറ്റത്തിന്റെ പ്രതിഫലനമാണ്.  ആഗോള സാമ്പത്തിക അവസരങ്ങൾക്കായി കൈ നീട്ടുകയും അതിന്റെ എല്ലാഗുണങ്ങളും അനുഭവിക്കുകയും, പിന്നീട് അതിന്റെ ഭാഗമായി സമൂഹത്തിൽ ഉണ്ടാകുന്ന സാംസ്കാരിക മാറ്റങ്ങളെ തിരസ്കരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പും സ്വയം അവഹേളനവുമാണ്.

ചുംബന സമരത്തിന്റെ തുടക്കം ഒരു ചായക്കടയിൽ തുടങ്ങിയെങ്കിൽ അതിന്റെ തുടർച്ച ലക്ഷ്യബോധം നഷ്ടപ്പെട്ട് വൈദേശിക സംസ്കാരത്തിന്റെ അനുകരണത്തിൽ കുരുങ്ങിക്കിടക്കുകയാണ്. ഇനിയുള്ള തുടർ സമരങ്ങളിൽ ഇതു കൂടുതൽ വ്യക്തമാകുകയും ചെയ്യും. ഇനി ചില അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കാം.  ഒന്നാമതായി, ഇപ്പോഴത്തെ സമരക്കാരുടെ ആവശ്യമെന്താണ്? പൊതുഇടങ്ങളിൽ ചുംബിക്കാനുള്ള സ്വാതന്ത്ര്യമാണോ? അതോ പൊതുഇടങ്ങളിൽ ചുംബിക്കുമ്പോൾ വഴിപോക്കരായ സദാചാരവാദികൾ പ്രശ്നങ്ങളുണ്ടാക്കാതെയിരിക്കുവാനാണോ? അതുമല്ലെങ്കിൽ സദാചാര ഗുണ്ടായിസത്തിൽ നിന്നും പൊതു ജനങ്ങളെ രക്ഷിക്കുവാനുള്ള നിയമ നിർമ്മാണം നടത്തുവാനാണോ? അതോ സദാചാരബോധം തന്നെ സമൂഹത്തിൽ നിന്നു ഒരു വിപ്ലവത്തിലൂടെ തുടച്ചു നീക്കുവാനാണോ? എന്താണ് സമരാവശ്യം? 

ഇനി അരോടാണ് അവര്‍ സമരം നടത്തുന്നത്? അല്ലെങ്കിൽ ആർക്കെതിരേയാണ് സമരം നടത്തുന്നത്? സ്റ്റേറ്റിനെതിരെയോ? ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ എതിരെയോ? അതോ രാഷ്ട്രീയ ജാതി-മത പ്രസ്ഥാനങ്ങൾക്കെതിരെയോ? അതോ പൊതു ജനങ്ങൾക്കെതിരെയോ? ആരാണ് നിങ്ങളുദ്ദേശിക്കുന്ന ഫാഷിസ്റ്റുകൾ? വ്യക്തതയുണ്ടോ ഈ കാര്യത്തിൽ? ആർക്കു വേണ്ടിയാണീ സമരം? പുതിയതലമുറയുടെ ചുംബന അവകാശങ്ങൾക്കോ? സ്ത്രീകൾക്കു വേണ്ടിയോ? അതോ സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സർവ്വമാന ജനങ്ങൾക്കും വേണ്ടിയോ?

ഇനി ഈ സമരക്കാർ ആരാണ്? അവർ പ്രതിനിധാനം ചയ്യുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തന മേഖലയെന്താണ്? തുടർ ചുംബന സമരത്തിന്റെ ഭാഗമായി എത്ര രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പിന്തുണ ആർജ്ജിക്കുവാൻ ചുംബന സമരക്കാർക്കു സാധിച്ചു? അവർ നിങ്ങളുടെ സമരമാർഗ്ഗത്തിന്റെ ഭാഗമായിട്ടുണ്ടോ ഇപ്പോൾ?  അതിനു കഴിഞ്ഞില്ലെങ്കിൽ എന്താണ് കാരണങ്ങള്‍? അങ്ങനെ ആർക്കും വേണ്ടാത്തതാണ് ഈ സമരമാര്‍ഗ്ഗമെങ്കിൽ പിന്നെ ആർക്കു വേണ്ടിയാണ് ഈ സമരങ്ങങ്ങൾ? അതുമല്ലെങ്കിൽ സദാചാര ഗുണ്ടായിസത്തിനെതിരെ, അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ലഭിക്കുന്ന വേദികളിൽ, വായ് നാറ്റം അകറ്റുവാൻ ‘ച്യൂയിംഗം’ ചവച്ചു കൊണ്ടു പരസ്പരം ഉമ്മവെച്ചു തങ്ങളുടെ ഉപരിപ്ലവ ബുദ്ധി പ്രകടിപ്പിക്കുന്നതിലുപരി, സദാചാര ഗുണ്ടായിസത്തിന്റെ അടിസ്ഥാന കാരണങ്ങളെ വിശകലനം ചെയ്യുവാനും അതുമായി ബന്ധപ്പെട്ട ചർച്ചകളും  ബോധവൽകരണ സംവാദങ്ങളും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരിൽ എത്തിക്കുവാനും എന്തെങ്കിലും ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ? ഉദാഹരണമായി സദാചാര ബോധത്തിന്റെ മൊത്ത വിപണനക്കാരായ ജാതിമത സംഘടനകൾക്കെതിരെ  നിങ്ങളുടെ സമര രീതിയെന്താണ്? കേരളത്തിലിന്നു സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുരുഷന്മാർക്കിടയിലെ അമിത മദ്യപാനമാണ്. സാധാരണ സ്ത്രീ സമൂഹത്തിന്റെ വേദിനിപ്പിക്കുന്ന ഒരു പ്രശ്നവുമാണിത്.  കേരളത്തിലെ മദ്യ നിരോധനവും അതുമായി ബന്ധപ്പെട്ട ചർച്ചകളിലും ഒരു സംഘിടിത ശക്തിയെന്ന നിലയിൽ  ചുംബന സമരക്കാരുടെ സാന്നിധ്യമെന്താണ്? കാഴ്ചപ്പാടെന്താണ്? അവസാനമായി ഈ ചുംബന സമരത്തിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണ്?

ഇത്തരത്തിൽ സദാചാര ഗുണ്ടായിസവുമായി അന്തർലീനമായ ഒരു കാര്യകാരണങ്ങളിലും ഇടപെടാതെ ഉപരിപ്ലവ സമരരീതികൾ മാത്രം അവലംബിക്കുന്നത് സമൂഹത്തിൽ ഉറങ്ങികിടക്കുന്ന  ദുഷ്ടശക്തികൾക്കു ഒത്തൊരുമിക്കുവാൻ കൂടുതൽ അവസരങ്ങളൊരുക്കുകയും, യുവ തലമുറയുടെ അടിസ്ഥാന വികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ടു രാഷ്ട്രീയ വൽക്കരണം എന്ന ഭാവേന അവരെ അരാഷ്ട്രീയവൽക്കരിക്കാനും മാത്രമെ ഉപകരിക്കുകയുള്ളൂ. 

സദാചാര ഗുണ്ടായിസം പരിഷ്കൃത സമൂഹത്തിനു തീർത്തുമൊരു ശാപമാണ്. അതില്ലാതാക്കണമെങ്കിൽ യാഥാർത്ഥ്യ ബോധത്തിലൂന്നിയ ഭൂരിപക്ഷ ജനങ്ങൾക്കും സ്വീകാര്യമായ  പുതിയതും പഴയതുമായ സമരമുറകളും, രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ ഒരുമിച്ചുള്ള പ്രവർത്തനവും ഒരു പൊതു തത്വ സംഹിതയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനെ കുറിച്ച് ഇന്നത്തെ ചുംബന സമരക്കാർ ചിന്തിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.

(രാഷ്ട്രീയ -സാമൂഹിക -സാമ്പത്തിക വിഷയങ്ങളില്‍  ഗവേഷണം ചെയ്യുന്ന വ്യക്തിയാണ് ലേഖകൻ)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍