UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര ചിന്തകള്‍ക്കൊരു തുടര്‍ക്കുറിപ്പ്

അഴിമുഖം പ്രസിദ്ധീകരിച്ച മോന്‍സി മാത്യുവിന്റെ കേള്‍ക്കൂ, സദാചാര മലയാളിയോട് ഒരമ്മ പറയുന്നത്: എന്‍റെ മകള്‍ ചുംബിക്കട്ടെ എന്ന ലേഖനത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു; വ്യക്തിപരമായി പോലും അധിക്ഷേപങ്ങള്‍ ഉണ്ടായി. അവയ്ക്ക് മോന്‍സി മാത്യു മറുപടി പറയുന്നു. 

 

മോന്‍സി മാത്യു

ആദ്യമേ പറയട്ടെ, പേന കൊണ്ട് വിപ്ലവം വരുത്താമെന്നു വിശ്വസിച്ച് ഇറങ്ങിത്തിരിച്ച ഒരു പോരാളി അല്ല ഞാന്‍. മറ്റെന്തിനെക്കാളും അധികം മകളെയും കുടുംബത്തെയും സ്നേഹിക്കുന്ന ഒരു മലയാളി വീട്ടമ്മ മാത്രമാണ്. “മകളുടെ സുരക്ഷ” എന്ന ഭീതിയില്‍ നിന്നുയര്‍ന്ന ചിന്തകളാണ് ഞാന്‍ പങ്കു വെച്ചതും ഇനി കുറിക്കാന്‍ പോവുന്നതും.

“എന്‍റെ മകള്‍ ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല” എന്ന് പറഞ്ഞതിന് ഞാന്‍ കേട്ട അസഭ്യങ്ങള്‍, അതാണ് മലയാളത്തെ, മലയാളി പുരുഷനെ ബാധിച്ചിരിക്കുന്ന സദാചാര പനി.  ചുംബനമെന്തെന്നോ സദാചാരം എന്തെന്നോ അറിയാത്ത എന്‍റെ പിഞ്ചു കുഞ്ഞിനെ പറ്റി അസഭ്യങ്ങള്‍ കമന്റ്റ്  ചെയ്തവര്‍. അവളെ ചുംബിക്കാം എന്ന് പറഞ്ഞ മനോരോഗികള്‍. ചേട്ടന്മാരേ,  നിങ്ങളെ പോലെ ഉള്ളവരെ ഇവിടെ ദിവസവും  കാണേണ്ടി വരുന്നില്ല എന്നതായിരുന്നു ഞാന്‍ എഴുതിയതിന്‍റെ രത്നച്ചുരുക്കം. ഇനിയും നിങ്ങള്‍ക്ക് അത് മനസിലാക്കാന്‍ പറ്റിയില്ല എന്നതില്‍ എനിക്ക് ഖേദമുണ്ട്. ഞാന്‍ എന്തോ പറഞ്ഞതിന്‍റെ പേരില്‍ എന്‍റെ പിഞ്ചു കുഞ്ഞിനെ അധിക്ഷേപിച്ച മലയാളി മാന്യന്മാര്‍ ഉത്തരം അര്‍ഹിക്കുന്നില്ല എന്നറിയാം. എങ്കിലും ചുമ്മാ ഒന്ന് പറയട്ടെ, ഈ പ്രപഞ്ചത്തിന് ഒരു നീതിയും നിയമവും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

ഒരു പക്ഷെ മകള്‍ എന്ന സ്ഥാനത്ത് മകന്‍ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു എന്ന് തോന്നുന്നു. ചെയ്യുന്നത് ആണ് ആവുമ്പോള്‍ മിടുക്കും, പെണ്ണ് ആവുമ്പോള്‍ അഴിഞ്ഞാട്ടവും ആവുമല്ലോ. പീഡനങ്ങളില്‍ മാനം നഷ്ടപ്പെടുന്നത് പീഡിപ്പിക്കപ്പെട്ട  ആള്‍ക്കാവുന്ന രാജ്യം. ഇവിടെ സദാചാരം പെണ്ണിന് മാത്രം വേണ്ട ഒരു ആചാരമാണല്ലോ. പാതിവ്രത്യം പോലെ ഒരു പത്നീവ്രതം നമ്മുടെ സംസ്കാരത്തില്‍ ഇല്ലല്ലോ. പെണ്ണിന്‍റെ ജീവിതം കോഴിമുട്ട ആണെന്നും തേങ്ങാക്കൊല ആണെന്നും പറയുന്ന കുറെ നായകന്മാരും കൂടെ ആവുമ്പോള്‍ ചിത്രം പൂര്‍ണം. മകള്‍ ഒരാളെ ചുംബിച്ചിട്ടു വേറൊരാളെ കല്യാണം കഴിച്ചാല്‍ എന്ത് ചെയ്യുമെന്ന് വേവലാതിപ്പെട്ട ചേട്ടന്മാരെ, അവളെ അവളുടെ പാട്ടിനു വിടൂ.

കുറച്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥ ആണെന്ന്  തോന്നി. ഒന്ന് പശ്ചാത്യ രാജ്യങ്ങളില്‍ പലതിലും rape rate  ഇന്ത്യയിലെക്കാളും കൂടുതലാണെന്ന വാദം. ഈ ആര്‍ട്ടിക്കിള്‍ (Why Australia, Sweden have more rapes) അതിനുത്തരം തരുന്നുണ്ട്. റേപ് ചെയ്യപ്പെടുമ്പോള്‍ മാനം പോവുന്നത് പെണ്ണിന്‍റെ  ആവുമ്പോള്‍, എത്ര പെണ്‍കുട്ടികള്‍ അത് റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് നിങ്ങള്‍ക്ക് തോന്നുന്നു? കണക്കുകളില്‍ കാണിക്കുന്നതിലും എത്രയോ ഇരട്ടിയാവും നമ്മുടെ നാട്ടിലെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ പോവുന്ന കുറ്റകൃത്യങ്ങള്‍. ഈയിടെ ഒരു സിനിമയില്‍ പോലും കണ്ടു – ഒത്തിരി വില്ലന്മാരെ ഒറ്റയ്ക്കു നേരിടുന്ന സൂപ്പര്‍മാന്‍ നായകന്‍ ഭാര്യ ബാലാത്സംഗം ചെയ്യപ്പെട്ട കാര്യം പുറത്തു പറയരുതെന്നും പറഞ്ഞാല്‍ അവളുടെ മാനം പോവുമെന്നും അപേക്ഷിക്കുന്നത്. സിനിമയിലെ എന്തും ചെയ്യാന്‍ കഴിവുള്ള നായകന്‍റെ അവസ്ഥ ഇതാണെങ്കില്‍ എത്ര സാധാരണക്കാര്‍ അതിനു തുനിയും?

നിങ്ങള്‍ അടുത്ത് കാണുന്ന പെണ്‍കുട്ടിയോട് ചോദിക്കൂ – അവള്‍ എന്നെങ്കിലും ഒരു പൊതുസ്ഥലത്ത് വെച്ച് അസഭ്യമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന്. എനിക്കുറപ്പിച്ചു പറയാനാവും, ഇന്ത്യയിലെ, കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടെയും ഉത്തരം “ഉവ്വ് ” എന്നായിരിക്കും. ബസിലും ഓട്ടോയിലും യാത്ര ചെയ്യേണ്ടി വരുന്ന, ആള്‍ക്കൂട്ടത്തില്‍ നടക്കേണ്ടി വരുന്ന സാധാരണ പെണ്‍കുട്ടികളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ചുരിദാറിന്‍റെ ദുപ്പട്ട ശരിയാണോ എന്ന് ഓരോ നിമിഷവും പരിശോധിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍. ഇനി ഈ മോശമായ തോണ്ടലുകള്‍, തലോടലുകള്‍, റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കൂ. ആരും അതിനു ധൈര്യം കാണിക്കില്ല. അതൊന്നും നമ്മുടെ നാട്ടില്‍ “sexual assault” ആവുന്നില്ല. ആരും അത് റിപ്പോര്‍ട്ട്‌ ചെയ്യില്ല, അത് കൊണ്ട് തന്നെ ഒരു റെക്കോര്‍ഡിലും സ്റ്റാറ്റിറ്റിക്സിലും അതൊന്നും പെടുന്നുമില്ല. “domestic assault” അതിനു പുറമേ. ഭര്‍ത്താവു കള്ള് കുടിച്ചുവന്നു തല്ലുന്നതോ, സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോ ഒന്നും നമ്മുടെ നാട്ടില്‍ ഒരു കുറ്റമല്ല.

പിന്നെ, ഞാന്‍ ലോകം മുഴുവന്‍ യാത്ര ചെയ്തിട്ടില്ല. ലോക സംസ്കാരങ്ങളെ പറ്റി ആധികാരിക പഠനങ്ങളും നടത്തിയിട്ടില്ല. ഉണ്ടെന്നു ഞാന്‍ അവകാശപ്പെട്ടുമില്ല. ന്യൂയോര്‍ക്കില്‍ ഒരു പെണ്ണിന് എന്ത് സംഭവിക്കുന്നു എന്നെനിക്കറിയില്ല. ഞാന്‍ പറഞ്ഞത്, ഇവിടെ, ഞാനിപ്പോള്‍ ജീവിക്കുന്ന രാജ്യത്ത് എനിക്ക് സുരക്ഷ തോന്നുന്നു, കേരളത്തിലേതിന്‍റെ നൂറിരട്ടി എന്നാണ്. നിങ്ങള്‍ക്ക് തര്‍ക്കിക്കാം. എനിക്ക് കൂട്ടായുള്ളത്, കേരളത്തിലെ ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്, ജോലിക്ക് വേണ്ടി പല വിദേശ രാജ്യങ്ങളിലും താമസിക്കുന്ന, നൂറു കണക്കിന് വരുന്ന എന്‍റെ കൂട്ടുകാരികളുടെ വാക്കാണ്‌; അവരുടെ അനുഭവമാണ്‌ ഞാന്‍ എഴുതിയതെന്ന സക്ഷ്യമാണ്. ഒരു പെണ്‍കുട്ടി പോലും എന്നോട് പറഞ്ഞില്ല – “ഇല്ല, എനിക്കിവിടെയും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്” എന്ന്.  നേരെ മറിച്ച്, ഇവിടെയും മറ്റു പലയിടങ്ങളിലും താമസിക്കുന്ന നൂറു കണക്കിന് കൂട്ടുകാരികള്‍ എന്നോട് പറഞ്ഞു; തങ്ങള്‍ പലപ്പോഴും വിചാരിച്ചിട്ടുണ്ട്, തങ്ങളുടെ ഭാഗ്യമാണ് തങ്ങളുടെ പെണ്മക്കളെ ഇവിടെ വളര്‍ത്താന്‍ പറ്റുന്നതെന്ന്. തങ്ങള്‍ അനുഭവിച്ചത് മക്കള്‍ക്ക്‌ അനുഭവിക്കേണ്ടി വരില്ല എന്നതാണ് അവരുടെ  ആശ്വാസം എന്ന്. ഉണ്ടായത് ആണ്മക്കള്‍ ആയപ്പോള്‍ ആശ്വാസം തോന്നി എന്ന് പറയുന്നു കേരളത്തില്‍ നിന്ന് മറ്റൊരമ്മ. ഇനിയും എന്തെങ്കിലും മാറ്റേണ്ടതുണ്ടെന്നു തോന്നുന്നില്ലെങ്കില്‍…

 

ഒരു വിദേശ രാജ്യത്തെത്തുമ്പോഴേക്കും, അതിനെപറ്റി നല്ലത് സംസാരിക്കുന്നത് അപ്പനെയും അമ്മയെയും തള്ളി പറയുന്നത് പോലെയാണെന്ന് ഒരു കൂട്ടര്‍; ഞാന്‍ വ്യക്തമായി പറഞ്ഞു; സ്വന്തം വീട്ടിലെ പട്ടിണി സഹിക്കുന്നത് അഭിമാനമാണ് എന്ന്. പക്ഷെ, സ്വന്തം വീട്ടില്‍, തനിക്കും തന്‍റെ മകള്‍ക്കും സുരക്ഷ ഇല്ലെങ്കില്‍, ഏതു അമ്മയും സാധ്യമെങ്കില്‍ അതുള്ള സ്ഥലം തേടി പോവും. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ. എന്‍റെ മകള്‍ പരസ്യമായി ചുംബിക്കണം എന്നല്ല ഞാന്‍ പറഞ്ഞത്. അവള്‍ അത് ചെയ്യുന്നത് എനിക്ക് സഹിക്കാന്‍ പറ്റും, പക്ഷെ എനിക്കുണ്ടായ അനുഭവങ്ങള്‍ അവള്‍ക്കുണ്ടാവുന്നത് എനിക്ക് സഹിക്കാന്‍ ആവില്ല എന്നാണ്.

പാശ്ചാത്യസംസ്കാരം എന്ന് പറഞ്ഞു വിറളി പിടിക്കുന്നവരോട് പറയട്ടെ, സംസ്കാരങ്ങളെ പറ്റി സംസാരിച്ചു തുടങ്ങിയാല്‍ അത് നീണ്ടു പോവും. അതല്ല എന്‍റെ ഉദ്ദേശ്യം. “personal space” എന്ന ഒരു സംഭവമുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുന്ന മലയാളിക്ക് അറിയാത്ത ഒന്ന്‍- വ്യക്തി സ്വാതന്ത്ര്യം. എനിക്കിഷ്ടമല്ല PDA (പരസ്യ സ്നേഹപ്രകടനം). അതെന്‍റെ വ്യക്തിപരമായ താല്പര്യം. ഇവിടെ പരസ്യമായി ചുംബിക്കുന്നവരാരും എന്നെ അതിനു നിര്‍ബന്ധിക്കുന്നില്ല. എന്ത് വേണം  എന്നത് എന്‍റെ തീരുമാനമാണ്. എന്തിടണം, എന്ത് ചെയ്യണം എന്നത് എന്‍റെ താല്പര്യം. വഴിയില്‍ ചുംബിക്കുന്ന ആള്‍ക്കാരെ തുറിച്ചു  നോക്കാനോ കമന്‍റ് ചെയ്യാനോ പോവാത്തത്‌ എന്റെ മാന്യത.  അവരെന്നെ നോവിക്കുന്നില്ല ഒരു വിധത്തിലും. പക്ഷെ തിരക്കുള്ള ബസില്‍ എന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചവനും എന്നെ വൃത്തികെട്ട രീതിയില്‍ നോക്കി അസഭ്യം പറഞ്ഞവനും എന്നെ നോവിച്ചിട്ടുണ്ട്.  ചുരിദാറിട്ട്  ദുപ്പട്ട പൊതിഞ്ഞു കേരളത്തില്‍ നടന്നപ്പോളാണ്‌ ഇതൊക്കെ നടന്നത്. ഒരു നൂറു വട്ടം ഞാനത് കണ്ടിട്ടുമുണ്ട്. മറ്റു പെണ്‍കുട്ടികള്‍  ഇരയാവുന്നതും. ആ ഒരു നിമിഷത്തെ, ആ മുഖങ്ങളിലെ ദൈന്യത; പ്രതികരിച്ചില്ലല്ലോ എന്ന കുറ്റബോധം എന്നെ വേട്ടയാടിയിട്ടുണ്ട്. പക്ഷെ, പ്രതികരിച്ചാല്‍ പോവുന്നത് ഞങ്ങളുടെ മാനം ആണെന്നാണല്ലോ അമ്മമാര്‍ ഞങ്ങളെ പഠിപ്പിച്ചത്. അതുകൊണ്ട് ഞങ്ങള്‍ മിണ്ടാതെ, അറിയാത്ത മട്ടില്‍, മുഖം അമര്‍ത്തി തുടച്ചു നടന്നു പോയി. അയാള്‍ അടുത്ത ഇരയെ തേടിയും.

കുറ്റവാളികള്‍ എല്ലാ സമൂഹത്തിലും ഉണ്ടാവും. എവിടെയും. പക്ഷേ, കുറ്റകൃത്യങ്ങളോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം – അതാണ്  പ്രാധാന്യമര്‍ഹിക്കുന്നത്‌. ഇവിടെ അടുത്ത നാള്‍  ഒരു verbal racial assault നടന്നു. പക്ഷേ, ചാനല്‍ പ്രതികരണങ്ങളിലാവട്ടെ, പത്രത്തിലാവട്ടെ, സോഷ്യല്‍ മീഡിയയിലാവട്ടെ, അവരെ അനുകൂലിച്ച് ആരും സംസാരിച്ചില്ല; ആരും. എല്ലാവരും ഒറ്റക്കെട്ടായി അതിനെ അപലപിച്ചു. നേരെ മറിച്ച് നമ്മുടെ നാട്ടില്‍ നാല് വയസുകാരിയെ പീഡിപ്പിക്കുന്നവനെയും ന്യായീകരിക്കാനും, അവനോടു ക്ഷമിക്കാന്‍ പറയാനും ഒരുപാട് പേര്‍. പൊതുസ്ഥലങ്ങളില്‍ ഉപദ്രവിക്കുന്നവരോട് പ്രതികരിക്കാന്‍ ശ്രമിക്കുമ്പോഴും, ചുറ്റുമുള്ളവരുടെ പ്രതികരണം ഇതാണ്. ഇരയെ കുറ്റക്കാരിയാക്കുന്ന സമൂഹം. ഒരു നല്ല മനുഷ്യനെ ഗുണ്ടകള്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയാല്‍ അയാളുടെ മാനം പോവുമോ? അത് പോലെ അല്ലേ ഇതും? കൈയേറ്റം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മാനം പോവുകയും കൈയേറ്റം ചെയ്തവന്‍ മിടുക്കനാവുകയും ചെയ്യുന്ന ദയനീയ അവസ്ഥ; കേരളത്തിലെ ഈ അവസ്ഥ ആണ് എന്നെ ഭയപ്പെടുത്തുന്നത്‌.

ഒരു ദശാബ്ദത്തിലേറെയായി ഇവിടെ താമസിക്കുന്ന, ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന മറ്റൊരു കൂട്ടുകാരി പറയുന്നു “ഞാന്‍ സമ്മതിക്കുന്നു, groping അനുഭവിക്കാതെ രക്ഷപെട്ട ഒരു പെണ്‍കുട്ടി പോലും ഇന്ത്യയില്‍ ഉണ്ടാവില്ല. മറിച്ച് ഇവിടെ ഇത്ര കാലത്തിനിടയില്‍, സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്നോ, പൊതുസ്ഥലങ്ങളിലോ ഒരു തെറ്റായ നോട്ടം പോലും അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇത്തിരി ഇറങ്ങിയ കഴുത്തുള്ള ഡ്രസ്സ്‌ ഇട്ടു കുനിയേണ്ടി വരുമ്പോള്‍ പോലും, ഇവിടെ എനിക്ക് പേടിക്കണ്ട. ആരും അസ്ഥാനത്തേക്ക് നോക്കാറില്ല” എന്ന്. എന്നിട്ട് അവള്‍ പറഞ്ഞു. “Indian men will never change, not in a 1000 years”.

ഇന്ത്യ മാറുമോ എന്നെനിക്കറിയില്ല. പക്ഷെ ഒരുപാട് കാര്യങ്ങളില്‍ വളരെ മുന്നിലായ മലയാളിക്കെങ്കിലും മാറിക്കൂടേ? സാക്ഷരതയിലും, അറിവിലും ഒക്കെ വളരെ മുന്നില്‍ നില്‍ക്കുന്ന നാം എന്തിനു സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും സുരക്ഷയുടെയും കാര്യത്തില്‍ പിന്നോട്ട് പോവണം? ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെക്കാളും പിന്നോട്ട്.

സമ്മതിക്കുന്നു, ആദിവാസി ഭൂമി പ്രശ്നവും, അഴിമതിയും, മറ്റനേകം പ്രശ്നങ്ങളും ഉണ്ട് നമ്മുടെ നാട്ടില്‍. പക്ഷെ ഒരു രീതിയില്‍ ഈ ചുംബനസമരം പുറത്തു കൊണ്ട് വന്നത് കേരള സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങള്‍ തന്നെ ആണെന്ന് എനിക്ക് തോന്നുന്നു; 50 ശതമാനത്തില്‍ ഏറെ വരുന്ന സ്ത്രീ സമൂഹത്തിന്‍റെ. “അമ്മയേം പെങ്ങളേം കൊണ്ടുവാടാ, ഞാന്‍ ചുംബിക്കാം” എന്ന് വിളിച്ചു പറയാന്‍ ധൈര്യം കാട്ടുന്ന അധമനാണ് നമ്മുടെ സംസ്കാര രക്ഷകന്‍ എന്ന് കാണുമ്പോള്‍ ലജ്ജ തോന്നുന്നില്ലേ;  ബഹുഭൂരിപക്ഷം മലയാളി  പുരുഷന്‍റെയും സ്ത്രീയോടുള്ള മനോഭാവം ആ ഒരൊറ്റ വാക്യത്തില്‍ ക്രോഡീകരിക്കാം എന്നോര്‍ക്കുമ്പോള്‍ ഭയം ആവുന്നില്ലേ? പക്ഷേ, മറിച്ചു ചിന്തിക്കുന്ന ഒരു പാട് പുരുഷന്മാരെയും ഞാന്‍ കാണുന്നുണ്ട്. അതെനിക്ക് പ്രത്യാശ നല്‍കുന്നു.

 

(എഞ്ചിനീയറായ മോന്‍സി മാത്യു നേരത്തെ ഇന്‍ഫോസിസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഓസ്ട്രേലിയയില്‍ താമസിക്കുന്നു)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍