UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേള്‍ക്കൂ, സദാചാര മലയാളിയോട് ഒരമ്മ പറയുന്നത്: എന്‍റെ മകള്‍ ചുംബിക്കട്ടെ

മോന്‍സി മാത്യു 

 

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ജനനിയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണെന്നൊക്കെ വായിച്ചു വളര്‍ന്നതുകൊണ്ടാവും “ഭാരതമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകുന്ന ഒരു അന്തരംഗവും, കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ തിളയ്ക്കുന്ന ചോരയും” ഒക്കെ ആയിരുന്നു എന്റേത്. കുണ്ട് കിണറ്റിലെ തവളക്കുഞ്ഞായ ഞാന്‍ വേറെ ഒരിടവും കണ്ടിട്ടില്ലായിരുന്നു എന്നത് സത്യം. പക്ഷേ ഒരിക്കലും സ്വന്തം രാജ്യത്തെക്കാള്‍ മറ്റൊരിടം ഇഷ്ടപ്പെടാനാവും എന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല.

അതെല്ലാം പഴയ കഥ. ഇപ്പോള്‍ ആദ്യമായി മാതൃരാജ്യം വിട്ടു പുറത്തു വന്നപ്പോള്‍, സത്യം പറയട്ടെ – എനിക്കിവിടം ഇഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സുന്ദരമായ പാതകളും വീടുകളും സൌകര്യങ്ങളും വൃത്തിയും അതിസുന്ദരമായ കടല്‍ത്തീരങ്ങളും പച്ചപ്പ് പുതച്ച നഗര വീഥികളും ഒന്നുമല്ല അതിനു കാരണം. അയല്‍ വീട്ടിലെ ഇലയെക്കാളും സ്വന്തം വീട്ടിലെ പട്ടിണി ആണ് അഭിമാനം എന്ന് വിശ്വസിക്കുന്ന എന്നെ മോഹിപ്പിക്കാന്‍ ഒരിക്കലും അയല്‍ നാടിന്റെ സമ്പല്‍സമൃദ്ധിക്കാവില്ല..

പിന്നെ എന്താണ് എനിക്കിവിടം ഇഷ്ടമാവാനുള്ള കാരണം എന്നല്ലേ – ഇവിടെ സുരക്ഷിതത്വം തോന്നുന്നു. എന്റെ നാട്ടില് ഞാന്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒന്ന്. ഞാനൊരു ബിക്കിനി ഇട്ടു ഇറങ്ങി നടന്നാല്‍പ്പോലും ആരും എന്നെ കണ്ണ് കൊണ്ട് പോലും റേപ് ചെയ്യില്ല എന്ന ബോധം. മദാമ്മമാരുടെ ഇടയില്‍ ഞാനൊരു കരിങ്കുരങ്ങ് ആയതു കൊണ്ടാണ് എന്ന് വിചാരിക്കണ്ട. ഹോളിവുഡ് സുന്ദരിമാരെ വെല്ലുന്ന സുന്ദരി മദാമ്മമാര്‍ പോലും ബിക്കിനി ഇട്ടു കടല്‍ത്തീരത്ത് നടക്കുമ്പോള്‍ ഒരൊറ്റ പുരുഷനും അവരെ കണ്ണ് കൊണ്ട് പാനം ചെയ്യാറില്ല.

ഒരു പക്ഷേ ഒരു പെണ്ണിന് മാത്രമേ അത് മനസിലാക്കാനാവൂ. എന്റെ അനുവാദം ഇല്ലാതെ ആരും എന്നെ തൊടില്ല എന്ന വിശ്വാസം, വൃത്തികെട്ട നോട്ടങ്ങള് എന്റെ വസ്ത്രം തുളച്ചു ആത്മാവിനെ വരെ മുറിവേല്‍പ്പിക്കില്ല എന്ന ബോധം – അതാണ് സ്വാതന്ത്ര്യം. ഭാരതാംബ എന്ന എന്റെ മാതൃ രാജ്യത്ത് എനിക്കില്ലാത്ത സ്വാതന്ത്ര്യം. കേരളം എന്ന സ്വര്‍ഗ്ഗത്തില്‍ ഞാന് അനുഭവിച്ചിട്ടില്ലാത്ത സ്വാതന്ത്ര്യം.

കുട്ടിത്തം വിട്ടു മാറുന്നതിനു മുന്‍പ് വഴിയില്‍ കണ്ട വികൃത ജന്മങ്ങള്. അവയവങ്ങള്‍ കാട്ടിയും അറപ്പുളവാക്കുന്ന നോട്ടങ്ങള്‍ കൊണ്ടും പൊള്ളിച്ച ശപ്തജീവികള്‍. ബസിലും തിരക്കുള്ള സ്ഥലങ്ങളിലും വന്ന ക്ഷണിക്കാത്ത തോണ്ടലുകള്‍, തലോടലുകള്‍. ഞാന്‍ വേറെ ആരുടേയും കാര്യമല്ല പറയുന്നത്. പ്രബുദ്ധ കേരളത്തിലെ എന്റെ ജീവിതത്തെപ്പറ്റിത്തന്നെയാണ്. പരിചയമില്ലാത്ത പുരുഷന്‍ എന്നും ഒരു ഭീകരജീവി ആയിരുന്നു. (പരിചയമുള്ള പുരുഷന്‍മാര്‍ മുറിവേല്പിച്ച കുട്ടികളെ മറക്കുന്നില്ല, ഞാന്‍ എന്റെ അനുഭവങ്ങള്‍ മാത്രമാണ് പറയുന്നത്) തോണ്ടലുകള്‍ക്കും തലോടലുകള്‍ക്കും അപ്പുറമുള്ള മുറിവുകള്‍ എല്‍ക്കാതെ രക്ഷപ്പെട്ടത് എന്റെ ഭാഗ്യം കൊണ്ടോ,അമ്മയുടേയും അമ്മൂമ്മയുടേയും പ്രാര്‍ഥന കൊണ്ടോ, പപ്പയുടെ കൈബലം കൊണ്ടോ എന്നെനിക്കറിയില്ല.

ഒരു മകള്‍ എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നിട്ടു കൂടി അവള്‍ ജീവിതത്തിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യം തോന്നിയത് പേടിയാണ്. ഈ സമൂഹത്തില്‍, പോറല്‍ എല്‍ക്കാതെ അവളെ വളര്‍ത്താന്‍ എന്താണ് വേണ്ടതെന്ന ചോദ്യം… ഭാഗ്യമാണോ, പ്രാര്‍ഥന ആണോ… എന്തിനാണ് എന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ ആവുക എന്നറിയില്ല.  ബംഗളൂര്‍ സ്കൂള്‍ സംഭവം മനസിനെ കീറി മുറിച്ചത് എന്റെ മകള്‍ക്കും ഏകദേശം അതേ പ്രായം ആയതു കൊണ്ടാവാം. സ്വന്തം മകളെപ്പറ്റി കൂടുതല്‍  ചിന്തിക്കുന്നത് സ്വാര്‍ഥതയാവാം, പക്ഷെ, എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം അതല്ലേ – അവളുടെ സുരക്ഷ.

കോഴിക്കോട് സംഭവവും ചുംബന സമരവും വാര്‍ത്തകളില്‍  നിറഞ്ഞു നില്ക്കുന്ന ഈ സമയത്ത്, കേരളത്തിലെ സദാചാര പോലീസിനോട് ഞാന്‍- ജീവിതത്തിന്റെ സിംഹ ഭാഗവും കേരളത്തില്‍ ജീവിച്ച ഒരു മലയാളി പെണ്ണ്- ചെറുതാണെങ്കിലും (അധമന്‍മാര്‍ക്ക് വയസ്സ് പ്രശ്നമല്ലല്ലോ; മൂന്നോ നൂറോ ആയാലും) ഒരു പെണ്‍കുട്ടിയുടെ അമ്മ പറയുകയാണ്: നിങ്ങളുടെ, എന്റെ, കേരളത്തില്‍ അനുഭവിച്ചതിന്റെ നൂറിരട്ടി സുരക്ഷ, പരസ്യമായി ആളുകള്‍ ചുംബിക്കുന്ന ഈ സ്ഥലത്ത് ഞാന്‍ അനുഭവിക്കുന്നു. പര്‍ദ്ദയിട്ടു കേരളത്തില് നടക്കുന്ന പെണ്ണുങ്ങള്‍ പോലും അനുഭവിക്കുന്ന തറച്ചു നോട്ടവും തോണ്ടലും പീഡനങ്ങളും, ബിക്കിനി ഇട്ട് ഈ ബിച്ചുകളില്‍ നടക്കുന്ന ഒരു പെണ്ണിനും അനുഭവിക്കേണ്ടി വരില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ സദാചാരം സംരക്ഷിക്കുന്നത്?

വ്യക്തിപരമായി പരസ്യ സ്നേഹപ്രകടനത്തിനെ ഇഷ്ടപ്പെടാത്ത ഞാന്‍, ഒരു മലയാളിയുടെ എല്ലാ വികാരങ്ങളോടും കൂടി പറയട്ടെ, എന്റെ മകള്‍ പരസ്യമായി ചുംബിക്കുന്നത് എനിക്ക് പ്രശ്നമല്ല;  അതവളുടെ സമ്മതത്തോടെ ആയിരിക്കുന്നിടത്തോളം കാലം. പക്ഷെ, എന്റെ മകളുടെ സമ്മതം ഇല്ലാതെ ഒരു ഞരമ്പ് രോഗി അവളുടെ രോമത്തില്‍ പോലും തൊടുന്നത് എനിക്ക് സഹിക്കില്ല. അതുകൊണ്ട് തന്നെ, അവസരം കിട്ടിയാല്, എന്റെ മകള് ഇവിടെ വളരുന്നതാണ് എനിക്കിഷ്ടം. കേരളം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും എന്റെ ഞരമ്പുകളില്‍ ചോര തിളയ്ക്കുമെങ്കിലും, ജന്മഭൂമിയെ ഞാന്‍ പ്രാണവായു പോലെ സ്നേഹിക്കുന്നുണ്ടെങ്കിലും. കാരണം ഞാന്‍ ആദ്യം ഒരു അമ്മയാണ്, പിന്നെ ഒരു സ്ത്രീയും! എന്റെ മകളുടെ സുരക്ഷയാണ് എനിക്കേറ്റവും വലുത്.

ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കൂ… ഞങ്ങള്‍ പെണ്ണുങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അനുഭവിക്കുന്നത് എന്താണെന്ന്. പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അവളുടെ സമ്മതത്തോടെ അല്ലാതെ ഉള്ള കടന്നു കയറ്റങ്ങള്‍ എതിര്‍ക്കാന്‍ നോക്കൂ.. അല്ലാതെ അവള്‍ അവളുടെ കാമുകനെ ചുംബിക്കുന്നത് ഒളിഞ്ഞു നോക്കി “എനിക്കും വേണം”എന്ന ആര്‍ത്തിയോടെ, അവരെ ആക്രമിക്കാതിരിക്കുക. പെണ്ണ് ഒരു സാധനമല്ല; നിങ്ങളെപ്പോലെ എല്ലാ അവകാശങ്ങളും ഉള്ള ഒരു മനുഷ്യജീവിയാണ്.

(എഞ്ചിനീയറായ മോന്‍സി മാത്യു നേരത്തെ ഇന്‍ഫോസിസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം വിദേശത്തു താമസിക്കുന്നു.)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍