UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്ണും പേരയ്ക്കയും പകുതി ആകാശങ്ങളും: ചുംബനസമരത്തിന്റെ ഒരു വര്‍ഷം

Avatar

പ്രിയന്‍ അലക്‌സ്

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക പരിസരം കാലങ്ങളായി മുന്നോട്ടു വച്ചിരുന്ന സദാചാര സംഹിതകള്‍ക്ക് മേല്‍ കുറുകെയുണ്ടായ ഒരു കീറലായിരുന്നു ചുംബനസമരം. ഉമ്മ വയ്ക്കാനുള്ള സ്വാതന്ത്ര്യമെന്ന് പരിഹാസവും വിമര്‍ശനവും ഉണ്ടായപ്പോഴും കേരളത്തിന്റെ പൊതുവ്യവഹാരത്തില്‍ ഈ സമരമുണ്ടാക്കിയ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ഒപ്പം രാജ്യവ്യാപകമായി പടരുകയും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കും ഫാസിസത്തിനുമെതിരെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ചുംബനസമരം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ‘ഒന്നാം ചുംബനസമരം’ നടന്ന്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കും അനുഭാവികള്‍ക്കും എതിര്‍പ്പുള്ളവര്‍ക്കും ഒക്കെ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാനുള്ള ഒരിടം. 

എന്താണ് ശരിയെന്ന് ചിന്തിക്കുന്നതും അറിയുന്നതിനേക്കാള്‍ ശരിയായതും അതു ശരിതന്നെയല്ലാതെയാവുന്നതും ഒന്നുതന്നെയാണെന്ന് നമ്മോടു പറഞ്ഞത് ദെരീദയാണ്. പൊരുള്‍ ഒരു ഒളിച്ചുകളിക്കാരനാണെന്നും അറിയാമെന്നു നാം വിചാരിക്കുന്നത് നമുക്കറിയാത്തതാകാമെന്നും അറിയാത്തതും അറിയുന്നതും തമ്മിലെ വിവേചനം തന്നെ അസാധ്യമാണെന്നും ദെരീദ ഓര്‍മ്മിപ്പിച്ചു. ഓര്‍മ്മ തന്നെ ഒരു സാധ്യതയാണല്ലോ. ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന ചലചിത്രത്തില്‍ ഒടുവില്‍ ആ ബാലന്‍ ചെയ്യുന്ന പ്രവൃത്തി (ഇ എം എസ് ഗവണ്‍മെന്റിനെ പിരിച്ചുവിട്ട വാര്‍ത്തകേട്ട് ആഹ്ലാദിക്കുന്ന കോണ്‍ഗ്രസുകാരന്റെ മേല്‍ കറി കോരിയൊഴിക്കുന്നു) തന്നെ പ്രതികരണാത്മകമാണല്ലോ, അല്ലേ? സിനിമയോ കഥയോ നോവലോ ആളുകള്‍ പറയുന്ന ആശയങ്ങളോ ഒന്നും തന്നെ അതിന്റേതായ വൈകാരികപരിസരത്തില്‍ മാത്രമല്ല അതില്‍നിന്ന് വേറിട്ടും കാണേണ്ടതുണ്ട്. തെറ്റിദ്ധരിക്കുന്നതും ഒരു ശരിയായ ധാരണയാണെന്ന് ചുരുക്കം. ചെമ്മീന്‍ ഒരു പ്രണയകഥ മാത്രമായി കെ ഇ എന്‍ വായിക്കാഞ്ഞത് അതുകൊണ്ടാണ്. ഉണ്ണി ആര്‍ എഴുതിയ ആനയുടെ തുമ്പിക്കൈയില്‍ ചാരിനിന്ന് ഒരു പെണ്ണിനെ ഭോഗിക്കാനാഗ്രഹിക്കുന്നവന്റെ കഥ (ലീല) എനിക്കിഷ്ടപ്പെട്ടത് എന്തുകൊണ്ടെന്നോ? ഏറ്റവും വലിയ ആനപ്പേടിയെ ആനന്ദമാക്കി മാറ്റുന്നതുകൊണ്ടാണ്. ലൈംഗികതയെ മദം പൊട്ടലായിക്കാണുന്ന സമൂഹത്തില്‍ ആനയുടെ തുമ്പിക്കൈയില്‍ ചുറ്റിനിന്ന് കാമിക്കണമെന്നെഴുതുന്നയാള്‍ നിസ്സാരക്കാരനല്ല. അയാള്‍ ഒരു ഭയങ്കരകാമുകനാണ്. വാക്കുകളോ, പരിസരങ്ങളോ അയാളെ ഭയപ്പെടുത്തുന്നില്ല.

ചുംബനസമരത്തിനെക്കുറിച്ചാവുമ്പോള്‍ വായിനോട്ടത്തില്‍നിന്ന് വാക്കുനോട്ടത്തിലേക്കുള്ള പരിണാമവുമാണത്. ഇവിടെ വാക്കിന്റെ പ്രത്യക്ഷമായ അര്‍ത്ഥത്തില്‍നിന്ന് വേറിട്ടുകൊണ്ട് പുതിയൊരു പൊരുള്‍ തേടുകയാണൊരു വാക്ക്. ചുംബനം എന്ന വാക്ക് സമരം എന്ന അര്‍ത്ഥം കൈവരിക്കുന്നത് റാഡിക്കലായ ബധിരതകള്‍ക്കും അന്ധതകള്‍ക്കുമുള്ള മറുപടി നല്‍കിക്കൊണ്ടാണ്. ആഴത്തില്‍ വേരിറങ്ങിയ സാമൂഹികഘടനയുടെ അധികാരരൂപത്തിനുനേരെ സംവാദം കൊണ്ട് കലഹിക്കുകയാണ്. സംവാദമാണ് വിപ്ലവത്തിന്റെ കാതലെന്നും കലാപമല്ലെന്നും പറഞ്ഞ ബ്രസിലീയന്‍ ചിന്തകന്‍ പൌലോ ഫ്രെയറെ ഓര്‍ക്കുന്നു. പഴയ പ്രശ്‌നങ്ങള്‍ക്ക് പുതിയ പരിഹാരങ്ങള്‍ നിര്‍ദേശിക്കപ്പെടുകയാണിവിടെ. ഇതുവരെ രാഗം മാംസനിബദ്ധമല്ലായിരുന്നു. വാസവദത്തയ്ക്ക് മാനസാന്തരം ആവശ്യമായിരുന്ന പോസിറ്റിവിസം കൊണ്ടാടപ്പെട്ടു. പരസ്പരം പാപം വിധിക്കുന്ന സൈക്കോഫാന്റുകള്‍ മര്‍ദ്ദകരൂപരായി നിറഞ്ഞാടുകയായിരുന്നു. സ്ത്രീക്ക് സ്ത്രീയെത്തന്നെയും പുരുഷനെയും പുരുഷനു മറിച്ചും ലംഘിക്കാനുണ്ടായിരുന്നു. ഒരു തുടര്‍ച്ച ആവശ്യമുള്ള തുടക്കമായിരുന്നു. തുടക്കത്തിന്റെ തുടര്‍ച്ചയായിരുന്നു. ‘ചില കാലങ്ങളില്‍ ഈ / ഒറ്റ ഒറ്റ ഇലകള്‍ ഒരുമിച്ചു വരും / കാടിനുപുറത്ത് ‘ എന്ന് നീലിമ തന്റെ കവിതയില്‍ എഴുതിയതുപോലെ ചില ഇലകള്‍ കൊഴിഞ്ഞിളകിവന്നു കാടായി മാറുകയായിരുന്നു.

വരാനിരിക്കുന്ന ജനാധിപത്യത്തിനുവേണ്ടി ഭാഷയെയും അതില്‍ ജീവിക്കുന്ന സമൂഹത്തെയും പൊളിച്ചുകളയേണ്ടതുണ്ട്. പുതുക്കിപ്പണിയാന്‍ വേറേ ആളു വരും, വരാതിരിക്കും. അതിനുവേണ്ടി കാത്തിരിക്കേണ്ടതുണ്ട്. കാത്തിരിക്കേണ്ടതില്ല. ‘I think therefore I am’ എന്നല്ല ‘the animal therefore I am’ എന്നതാണു കൂടുതല്‍ ശരി. അത് കൂടുതല്‍ തെറ്റുമാകാം. എന്നാലോ അതുതന്നെ ശരിയുമാകാം. ഭാഷയിലെ എല്ലാത്തരം വിവേചനത്തെയും, അധീശത്വത്തെയും, തുറന്നെതിര്‍ക്കുന്നതും, എതിര്‍ക്കേണ്ടതില്ല എന്നതും അതുമൂലമാണ്. കാരണം ചുണ്ടുകള്‍ക്കോ ചുംബനത്തിനോ ഇത്രനാളും സമരവുമായി ഒരു പൊരുളും പൊരുത്തവും ഇല്ലായിരുന്നു. ഇന്നതല്ല. എന്റെ മകള്‍ ഒളിച്ചോടുകതന്നെ ചെയ്യും, അവളതു ചെയ്‌തോട്ടെ എന്നു വിചാരിക്കുന്ന ആ അച്ഛനില്ലേ, ആ അച്ഛനോടൊപ്പമാണ് (സുസ്‌മേഷ് ചന്ത്രോത്ത് – എന്റെ മകള്‍ ഒളിച്ചോടും മുമ്പ്) നമ്മള്‍ വായിച്ചവസാനിപ്പിക്കുക. അതുകൊണ്ടാണ് സ്ത്രീയുടെ ഏജന്‍സിയെ പുരുഷനില്‍നിന്ന് വേറിട്ടുതന്നെ വായിക്കാന്‍ കഴിയേണ്ടത്. പുരുഷ യുക്തിയുടെ പോസിറ്റിവിസവും (എല്ലാത്തിനേം നിയമം വഴി നേരിട്ടു പരിഹരിക്കാമെന്ന വ്യവസ്ഥിതിയിലുള്ള അചഞ്ചലമായ വിശ്വാസം) മിനിമലിസവും (മിനിമലിസം എന്നു പറയാന്‍ കാരണം അമ്മയും പെങ്ങളും എന്ന സ്ഥിരം യുക്തിവിചാരം മൂലമാണ്) എല്ലായ്‌പ്പോഴും പ്രതിലോമകരമായേ പ്രവര്‍ത്തിക്കൂ. അതുകൊണ്ട് സ്ത്രീകള്‍ പകുതി ആകാശത്തെ താങ്ങിനിര്‍ത്തുന്നു എന്ന് ആശ്വസിച്ചതുകൊണ്ട് എന്തു കാര്യം? അതുകൊണ്ടാണ് ചുംബനസമരം നടക്കുമ്പോള്‍ ഡി വൈ എഫ് ഐക്കു മനുഷ്യചങ്ങല വരെ മാത്രം ചിന്തിച്ച് അവസാനിക്കുവാന്‍ കഴിയുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ?

വിപ്ലവത്തെ എമ്പിരിക്കലായി മാത്രം വിലയിരുത്തുന്നവര്‍ പേരയ്ക്ക തിന്നാലേ അതിന്റെ രുചി അറിയാനാവൂ (fetishism തന്നെയാണിത്) എന്നു പറയുന്നവരാണ്. പക്ഷെ എല്ലാവര്‍ക്കും പേരയ്ക്ക കിട്ടുന്നില്ല എന്നതാണ് സത്യം. പേരയ്ക്ക കിട്ടുമെങ്കില്‍ എല്ലാവരും വിപ്ലവകാരികളാവുമോ? ചുംബനസമരത്തിന് സീന്‍ പിടിക്കാനുണ്ട് എന്ന രീതിയില്‍ ചിന്തിക്കുന്നത് തന്നെ അതുമൂലമല്ലേ? സ്വാതന്ത്ര്യത്തിലൂടെ വിപ്ലവം എന്നതും മനസിലാക്കാന്‍ പ്രയാസമുള്ള സംഗതിയാണ്. ഇത്ര നാളും നമുക്ക് വേണ്ടി മറ്റാരെങ്കിലും വിപ്ലവം നടത്തിത്തരും എന്നു കരുതിയിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് സംവാദത്തിലൂടെ വിപ്ലവം വരും എന്ന് പറഞ്ഞാല്‍ മനസിലാവുക? മുറിയടച്ചിരുന്ന് ചെയ്യുന്നതിനെക്കുറിച്ച് പറയുന്ന നേതാവുണ്ടായത് അങ്ങനെയാണ്. എല്ലാര്‍ക്കുമുള്ള പേരയ്ക്ക കാരണവന്മാര്‍ തരും. അതിപ്പോ കിട്ടുന്നത് പേരയ്ക്കയാണെന്ന് എല്ലാരുമങ്ങ് വിശ്വസിക്കയും വേണം. എല്ലാ സമരവും സി പി എം ഏറ്റെടുക്കണോ എന്ന് ചോദിക്കുന്നവരുമുണ്ട്. അതു തന്നെയാണ് നല്ലത്. അതാണു വേണ്ടതും. എമ്പിരിക്കലായി മാത്രം വികസനം വികസനം എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ വികസനം എന്നു മനസിലാക്കില്ല. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എല്ലാത്തരം വിവേചനങ്ങള്‍ക്കുമെതിരെ പോരാടാനും ഭാഷയെ പൊളിറ്റിക്കലി കറകട് ആക്കാനുമുള്ള സെന്‍സിബിലിറ്റി ഉണ്ടാവുകയുമാണ് വേണ്ടത്. അതാണ് ചുംബനസമരം. അല്ലാതെ പേരയ്ക്കയല്ല. സ്വത്വപരമായ ഏജന്‍സികള്‍ – ഒരു പക്ഷെ എല്‍ജിബിറ്റി സാന്നിധ്യം പരസ്യമായും പൊതുസമൂഹത്തിലും ദൃശ്യമായതും ഈ സമരത്തിലാണ്- ഇല്ല എന്ന് പറയുന്നത് ഉണ്ടാവുകയും ഉണ്ട് എന്ന് പറയുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നതാണത്. ചുംബനസമരം ഉണര്‍ത്തിയത് ഇത്തരം ജാഗ്രതകളെയാണ്. അത് തുടരുക തന്നെ ചെയ്യും.

സ്‌റ്റേറ്റല്ല അധികാരത്തിന്റെ സ്രോതസ്സ് എന്നു ഫൂക്കോ വിവരിച്ചിട്ടുണ്ട്. സ്‌റ്റേറ്റിന് അധികാരമില്ല എന്നല്ല. സമൂഹത്തില്‍ അധികാരം പ്രകടമാവുന്നത് മതത്തിലൂടെ, രാഷ്ട്രീയത്തിലൂടെ, ഭരണകൂടത്തിലൂടെ, പുരുഷനിലൂടെ എന്നിങ്ങനെ മാത്രം വിവരിക്കപ്പെട്ടിരുന്നു. അധികാരം ഭാഷയിലൂടെയുമാണ്. സമൂഹം ജീവിക്കുന്നത് ഭാഷയിലൂടെയാണ്. ആ ഭാഷ ആശയവിനിമയത്തില്‍ വളരെപ്രധാനമാണ്. കമ്മ്യൂണിക്കേഷന്‍ എന്നു പറഞ്ഞാല്‍ കോമണ്‍ ആക്കിമാറ്റുക എന്നാണല്ലോ. പൊതുവായത് എന്താണ് എന്നതാണ്. പൊതുവായതിനെ അധികാരം വരിഞ്ഞുമുറുക്കുന്നു എന്നതിനാല്‍, ചുംബനം അതിനെയും മറികടക്കുന്നു. ചുംബനം എല്ലാ ഭാഷയിലും ചുണ്ടുകള്‍കൊണ്ട് നിര്‍വ്വഹിക്കുന്ന ഒന്നാണ്. എല്ലാ അധികാരത്തിനുമെതിരെയുള്ള പ്രതിരോധവും പ്രതിഷേധവുമാണ്. ചുംബനം തുറന്നയിടത്ത് നിര്‍വ്വഹിക്കുമ്പോള്‍ അതൊരു തുറന്നുപറച്ചിലാണ്. ആ തുറന്നുപറച്ചില്‍ മതേതരമാണ്. ഭാഷയുടെ പരിമിതിയില്ല. ആ തുറന്നുപറച്ചില്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യപ്രഖ്യാപനമാണ്. ഏറ്റവും വലിയ മുദ്രാവാക്യമാണ്. ചുംബനം ഏറ്റവും വലിയ അറിവധികാരമാവുന്നത് (power-knowledge) അങ്ങനെയാണ്. അധികാരം ഉത്പാദിപ്പിക്കുന്ന അറിവുകളില്‍ സദാചാരബോധമുണ്ട്. ആ അറിവിനെ നിഷേധിക്കുന്നത് അധികാരത്തെ തന്നെ അട്ടിമറിക്കലാണ്. ഒന്നു ചുംബിച്ചാല്‍ തീരുന്ന കരച്ചിലേയുള്ളൂ കുഞ്ഞിനു എന്നാണ് ഏതമ്മയും കരുതുക. കരച്ചില്‍ കുഞ്ഞിന്റെ പരാതിയാണ്, കലഹമാണ്. കലഹിച്ചുകൊണ്ടാണ് ഓരോ കുഞ്ഞും പിറക്കുന്നത്. അതായത് കലഹം തന്നെ സത്തയിലുള്ളതാണ് Ontological ആണ്. ചുംബിച്ചാല്‍ തീരുന്നതേയുള്ളൂ ആ കലഹം എന്നത് എല്ലാ അമ്മമാരുടെയും പൊതുബോധമാണ്. അത് ‘മൃത്യുവിന്റെ മുലപ്പാലാ’ണ്. ചുംബിച്ചാല്‍ തീരാത്ത കലഹങ്ങളുണ്ടെന്ന് പോലീസിനറിയാം. അതാണ് ചുംബിച്ചവരെ അറസ്റ്റുചെയ്യാന്‍ പോലീസെത്തിയത്. ഇനിയും ചുംബിച്ചാല്‍ പോലീസെത്തുന്നത്. സദാചാര ആങ്ങളമാര്‍ എത്തുന്നത്. ചുംബിച്ചുകൊണ്ട് ഒരു കലഹത്തിനു തുടക്കം കുറിക്കുന്നത് അത്തരമൊരു പൊതുബോധത്തെ (ചുംബിച്ചാല്‍ സര്‍വ്വ പ്രശ്‌നങ്ങളും തീരുന്നു) തകിടം മറിക്കലാണ്. ചുംബനം പവിത്രമാണെന്നു വാദിക്കുന്നവര്‍ക്കും, അത് കിടപ്പറയില്‍ വെച്ചുമതി എന്നു പറയുന്നവര്‍ക്കും ഈ കലാപം സത്താപരമായി അവസാനിക്കില്ലെന്നറിയാം. അതാണവരുടെ ഭയവും. അതായത് ആണിനെയും പെണ്ണിനെയും തടവിലാക്കുകയും ഭിന്നലൈംഗികതയെ പൂഴ്ത്തിവെക്കുകയും ചെയ്ത ജൈവഫാസിസത്തിനെതിരെയുള്ള കലഹമാണ് തുടങ്ങിവെച്ചിരിക്കുന്നത്. അതായത്, ഇത് ബഹുഭൂരിപക്ഷത്തിനും വിഷയമല്ലെന്ന ഒരു മൈനര്‍ പൊളിറ്റിക്‌സില്‍നിന്ന് സ്വതന്ത്രമാക്കപ്പെട്ടിരിക്കുന്നു. നാളിതുവരെ നമ്മള്‍ പരിചയിച്ച വിമോചനരാഷ്ട്രീയത്തിനെ മറികടക്കുന്നു എന്നതും പ്രസക്തമാണ്.

 

ഒരില വേറിടുമ്പോള്‍ ഒരു കാട് വേറിട്ടു എന്ന കവിത വായിക്കാനാവുമോ? ഒരാള്‍ക്ക് ഒരാള്‍ക്കൂട്ടമായി പരിണമിക്കാനാവുമോ? ഭാഷ കൊണ്ടുള്ള സമൂഹത്തില്‍ ഭാഷ കൊണ്ട് തന്നെ രാഷ്ട്രീയലക്ഷ്യങ്ങള്‍ കൈവരിക്കാനാവുമോ? പുതിയ അന്വേഷണങ്ങള്‍ പുതിയ ജനാധിപത്യത്തിലേക്കാവും നയിക്കുക. ചരിത്രത്തിനുള്ളില്‍നിന്നുകൊണ്ട് ചരിത്രത്തിനുപുറത്താവുന്ന (പ്രോലിറ്റേറിയറ്റില്‍ നിന്ന് ലുമ്പന്‍ പ്രോലിറ്റേറിയറ്റിലേക്കുള്ള മാറ്റം) തരം രാഷ്ട്രീയം തിരിച്ചറിയപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യപ്പെടുന്നു. വിറകുവെട്ടികളും വെള്ളം കോരികളും പോസ്റ്റ് സ്റ്റാലിനിസ്റ്റ് ഫാസിസത്തിന്റെ ജനാധിപത്യരൂപങ്ങളെ ആക്രമിക്കുന്നതും, ഫേസ്ബുക്കില്‍ അടിപതറുന്ന രാഷ്ട്രീയവിഗ്രഹങ്ങളും ട്രോളുകളും അതിസ്വാഭാവികക്കാഴ്ച്ചയാവുന്നതും അതിനാലാണ്. സ്‌റ്റേറ്റ് സമയക്രമം പാലിച്ചോ അല്ലാതെയോ ഭരണയന്ത്രം മുന്നോട്ട് കൊണ്ടുപോകുമ്പോഴും സമരം ചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വേണമെന്ന് വാദിക്കേണ്ടുന്ന അലസമായ ഒരു ആള്‍ക്കൂട്ടരാഷ്ട്രീയം നമ്മെ തുറിച്ചുനോക്കുന്നതും അതുകൊണ്ടാണ്. അതായത്, എപ്പോള്‍ വേണമെങ്കിലും സമരം വേണ്ടി വന്നേക്കാം. അതിനാല്‍ പ്രതിപക്ഷത്താണ് നമ്മുടെ ഭാഷയും. അവിടെനിന്നാണ് കലഹങ്ങള്‍ തുടങ്ങുക. അവിടെയാണ് ഭരണകൂടം അമ്മവേഷം കെട്ടിവന്ന് രഹസ്യമായി ഓരോ കുഞ്ഞിനെയും ചുംബിക്കുന്നത്. അത് പരസ്യമായി തന്നെ ചെയ്താല്‍ നീതിയുടെയും നെറികേടിന്റെയും വിചാരണ തുടങ്ങാനാവും. അലസന്മാരായ സ്ലാക്ടിവിസ്റ്റ് പൊതുജനക്കഴുതകള്‍ക്ക് അത്രയെങ്കിലും കഴിയുന്നതിനാലാണ് പേരയ്ക്ക തിന്നാതെ അതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നത്. ചിലപ്പോള്‍ ചുംബിച്ച് പ്രകോപിപ്പിക്കാനാവുന്നത്.

ജനത്തിനെന്താണ് വേണ്ടതെന്ന് ജനം പറയാതിരിക്കുമ്പോഴാണ് രാഷ്ട്രീയക്കാരന്‍ വികസനം വികസനം എന്നു പറയുക. പക്ഷെ ഇവിടെ ജനങ്ങള്‍ സംസാരിക്കുന്നുണ്ടല്ലോ. അതായത് ജനങ്ങള്‍ അനാര്‍ക്കിയുടെ രക്തം കുടിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഉമ്മനും വിജയനും മോദിക്കും രക്ഷയില്ല. അനാര്‍ക്കിസം എന്തോ ഭൂതമോ ഡ്രാക്കുളയോ ആണെന്നല്ല. സ്‌റ്റേറ്റിനും അധികാരത്തിനും പുറമേ നില്‍ക്കുന്ന റാഡിക്കലായ ഒരു ആള്‍ക്കൂട്ട രാഷ്ട്രീയത്തെ അവര്‍ ഭയക്കും. അത് തീര്‍ച്ചയാണ്. പക്ഷെ നിയമവ്യവസ്ഥയെക്കൂടി ഉപയോഗപ്പെടുത്തുന്ന പോസ്റ്റ് അനാര്‍ക്കിസ്റ്റ് ബോധ്യമുള്ള ആള്‍ക്കൂട്ടമായി (ലുമ്പന്‍ പ്രോലിറ്റേറിയറ്റ് അതേ ചെയ്യൂ) ഇത് പരിണമിക്കാനാണ് സാധ്യത കൂടുതല്‍. അപ്പോഴും നീതിയും ന്യായവും ഭരണവും വേണമെന്ന് ആവശ്യപ്പെടേണ്ട വൈരുദ്ധ്യത്തിലാണ് ചരിത്രത്തിനുപുറത്തുനില്‍ക്കാന്‍ (കീഴാളത്തം) വിധിക്കപ്പെട്ടവരും. ഈയൊരു വൈരുദ്ധ്യത്തെ അഡ്രസ് ചെയ്യേണ്ടതുണ്ട്. അപ്പോള്‍ നമ്മളുദ്ദേശിച്ച വിപ്ലവം അടുത്തകാലത്തെങ്ങും വരില്ലെന്ന് അതും നമ്മോട് പറഞ്ഞുകഴിഞ്ഞു. (ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനും മര്‍ദ്ദകസ്വഭാവമില്ലാതാക്കാനാവില്ലെന്നതിനു ഉദാഹരണങ്ങള്‍ അനവധിയാണ്) ‘The large majortiy – me included – wants to be passive and rely on an efficient state apparatus to guarantee the smooth running of the entire social edifice, so that I can pursue my work in peace.’ എന്ന് സിസേക്ക് എഴുതിയത് (താച്ചറെക്കുറിച്ച് എഴുതിയതില്‍നിന്ന്, വാള്‍സ്ട്രീറ്റ് സമരത്തിനെ പിന്തുണച്ചശേഷം സിസേക് ഇത്തരത്തില്‍ തകിടം മറിയുന്നു.) കണ്ട് പകച്ചുപോവുന്നു നമ്മുടെ എല്ലാ സമരവും. പക്ഷെ ഇത്രത്തോളം യഹോവ സഹായിച്ചു എന്ന പ്രാര്‍ത്ഥന പോലെ, ഈ സമരങ്ങള്‍ നിര്‍മ്മിച്ച ആശയപരിസരം, സംവാദങ്ങള്‍ ഇവയെല്ലാം മറ്റെന്തിനാണ് കഴിയുക? യഥാര്‍ത്ഥത്തില്‍ ഇത് ആരുടെ അമ്മയുടെ സമരമാണ്. എല്ലാ സമരത്തിന്റെയും അമ്മയുമാണ്. അതുകൊണ്ടാണ് നിനക്കൊന്നും അമ്മേം പെങ്ങന്മാരുമില്ലേയെന്ന് അവര്‍ ശരിക്കും ആശങ്കപ്പെട്ടത്. ആ ആശങ്കയങ്ങ് ഇല്ലാതായാല്‍പ്പിന്നെ രക്ഷപ്പെട്ടു. കാരണം അധികാരം സ്‌റ്റേറ്റില്‍മാത്രമാണെന്ന് നമ്മളാരും വിശ്വസിക്കില്ലല്ലോ. സ്‌റ്റേറ്റിന്റെ മര്‍ദ്ദകസ്വഭാവം അതുകൊണ്ട് ഇല്ലാതാവുന്നുമില്ല. പക്ഷെ, അതു താനല്ലയോ ഇത് എന്ന് അധികാരം നമ്മോട് പറയുകയും ചെയ്യും. അത് അധികാരത്തിന്റെ ഒരു സ്വഭാവമാണ്. നമ്മുടെ സമ്മതത്തോടെ – consent – ആണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് എന്നതും ഇതിന്റെ ഒരു കാരണമാണ്. സമ്മതത്തില്‍ അടങ്ങിയിരിക്കുന്ന വയലന്‍സ്, അഥവാ അതിനോടുള്ള ഭീതി, ഇതുതന്നെയാണ് ഓരോ സമരവും ആള്‍ക്കൂട്ടത്തിലേക്ക് ചിതറിപ്പോവുന്നതിന്റെ കാരണം. ഇത് ഈ പോസ്റ്റ് ഹ്യൂമന്‍ കാലത്തിനുമുമ്പേ സംഭവിക്കുന്നതാണ്. പക്ഷെ എപ്പോഴും ആള്‍ക്കൂട്ടം തിരികെയെത്താം. ‘ And I, your uncle, am left by, you to wait in the rain for hours just feel- I am wet through.’ എന്ന് Thet rial- ല്‍ കാഫ്കയും, മരിച്ചിട്ടും എന്റെ മകനെ മഴയത്ത് നിര്‍ത്തുന്നവരെക്കുറിച്ച് ഈച്ചരവാരിയരും, കമ്മ്യൂണിസ്റ്റ് ഗാനം പാടിയതിന് ഇടതുപക്ഷസര്‍ക്കാര്‍ കവി സച്ചിദാനന്ദനെയടക്കം (1981) അറസ്റ്റുചെയ്തതും ഓര്‍ക്കേണ്ടതുണ്ട്. ഓരോ ഓര്‍മ്മയും മെരുക്കമുള്ള ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നു (docile bodies) എന്നു ഭരണകൂടം കരുതുമ്പോഴും എത്ര നാള്‍ നമുക്കിങ്ങനെ കലഹിക്കാനാവും? സന്ധിചെയ്തും സമരം ചെയ്തും മുന്നേറുന്നതിനിടയിലാണ് ഇനിയൊരിക്കലും അടിച്ചമര്‍ത്തപ്പെടാത്ത ഒരു തുറന്ന ജനാധിപത്യത്തിലേക്കുള്ള സഞ്ചാരം; അതാണ് ചുംബനസമരം നല്‍കുന്ന പ്രതീക്ഷ.

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍