UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചുംബനസമരം: കേരളത്തെ ഇളക്കിമറിച്ച രണ്ടുവര്‍ഷങ്ങള്‍

Avatar

[കേരളത്തിന്റെ പൊതുസദാചാര ബോധത്തിനു മേല്‍ വീണ വലിയൊരടിയായിരുന്നു 2014 നവംബര്‍ രണ്ടിന് കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരം. തുടര്‍ന്ന്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ മാത്രമല്ല, ഇന്ത്യ ഒട്ടാകെ ചുംബനസമര പ്രക്ഷോഭം പടര്‍ന്നുപിടിച്ചു. ഒരുഭാഗത്ത് വലതുപക്ഷ യാഥാസ്ഥിതിക, രാഷ്ട്രീയ സംഘടനകളും മറുഭാഗത്ത് മോറല്‍ പോലീസിംഗിനും സമൂഹത്തിലെ പാട്രിയാര്‍ക്കല്‍ തീട്ടൂരങ്ങള്‍ക്കുമെതിരെ നിലകൊണ്ട യുവാക്കളും നേര്‍ക്കുനിന്ന കാഴ്ചയ്ക്കായിരുന്നു ഇന്ത്യന്‍ പൊതുസമൂഹം സാക്ഷ്യം വഹിച്ചത്. ഒപ്പം പുതിയതായി അധികാരത്തില്‍ വന്ന കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കും ഫാസിസത്തിനുമെതിരെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ചുംബനസമരം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ചുംബനസമരത്തില്‍ പങ്കെടുത്തവരെയും നേതൃത്വം കൊടുത്തവരെയും സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മേഖലകളില്‍ ഉള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഉണ്ണി ആര്‍ എഡിറ്റ് ചെയ്ത് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ചുംബിക്കുന്ന മനുഷ്യരും ചുംബിക്കാത്ത മനുഷ്യരും എന്ന പുസ്തകത്തില്‍ ഓപ്പണ്‍ മാസികയുടെ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്റര്‍ ഷാഹിന കെ.കെ എഴുതിയ കുറിപ്പ് ചുംബനസമരത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു.]  

 

“Love is not sex. Kiss is not love” – നവംബര്‍ 2-ന് കൊച്ചി മറൈന്‍ ഡ്രൈവില്‍ കണ്ട ഒരു ബാനറിലെ എഴുത്താണിത്. ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടനയുടേതായിരുന്നു ബാനര്‍. ചുംബന സമരത്തിനെതിരെ മറൈന്‍ ഡ്രൈവിലും ടെലിവിഷന്‍ ഫ്ലോറുകളിലും സോഷ്യല്‍ മീഡിയയിലും അലയടിച്ചു കണ്ട അരക്ഷിതത്വവും അങ്കലാപ്പും ആശയക്കുഴപ്പവും ഇതിലും നന്നായി ആവിഷ്‌കരിക്കുക ബുദ്ധിമുട്ടാണ്. സ്‌നേഹം ലൈംഗികമല്ലെന്നും ഉമ്മ സ്നേഹമല്ലെന്നും ക്യാമ്പസ് ഫ്രണ്ട് പറയുന്നു. ലൈംഗികതയോടും അതിന്റെ പ്രകാശനത്തോടും (പ്രത്യേകിച്ചും സ്ത്രൈണ ലൈംഗികതയുടെ) മലയാളി ആണ്‍സമൂഹത്തിനുള്ള അസഹിഷ്ണുതയുടെയും ഭയത്തിന്റെയും ഹൈക്കുവാണ് ഈ ബാനര്‍.

മറൈന്‍ ഡ്രൈവില്‍ അന്ന് ശിവസേനയായും യുവമോര്‍ച്ചയായും സമസ്തകേരള സുന്നി സ്ടുഡന്റ്‌സ് ഫെഡറേഷനായും, ഇവരെയൊക്കെ എണ്ണം കൊണ്ട് കടത്തി വെട്ടിയ വോയറിസ്റ്റ് കാഴ്ചക്കാരായും അണിനിരന്നവരുടെ പൊതുവായ ഒരു മുദ്രാവാക്യം തന്നെയായി ഈ ഒറ്റവരി ബാനറിനെ കാണാവുന്നതാണ്. എന്തല്ല സ്‌നേഹം എന്ന് തിട്ടൂരമിറക്കുന്ന ഇക്കൂട്ടര്‍, കടുത്ത ഹിംസയുടെ ഭാഷയിലാണല്ലോ സ്‌നേഹ സമരം നടത്താന്‍ വന്നവരെ നേരിട്ടത്. അതുകൊണ്ട് തന്നെ സ്‌നേഹം, ലൈംഗികത, സ്‌നേഹരാഹിത്യം, ചുംബനം തുടങ്ങിയ പദാവലികള്‍ നിര്‍വഹിക്കുന്ന സംവേദനം
എന്താണെന്ന്‍ ഇവരോട് സംവാദത്തിനു മുതിരുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല.

 


മറൈന്‍ ഡ്രൈവ്

 

ചുംബന സമരത്തെ പിന്തുണയ്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ മാത്രമല്ല ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്ക് കൂടിയാണ് നവംബര്‍ 2-ന് മറൈന്‍ ഡ്രൈവില്‍ പോയത്. എട്ടു വയസ്സുകാരനായ മകനെയും കൂട്ടിയിരുന്നു. ഇന്ത്യാ വിഷനിലെ റിപ്പോര്‍ട്ടര്‍മാരായ രണ്ടു പെണ്‍കുട്ടികളടക്കം ഞങ്ങള്‍ അഞ്ചോ ആറോ സ്ത്രീകളും, സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പുരുഷന്മാരും അടങ്ങുന്ന ഒരു ചെറു സംഘത്തിനു ചുറ്റും പൊടുന്നനെ ഒരു വന്‍ ആണ്‍കൂട്ടം രൂപപ്പെട്ടു. വൈകിട്ട് ഏകദേശം നാലര മണിയോടെയാണ് ഇത് നടക്കുന്നത്. ചുംബന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചവരാരും അപ്പോള്‍ മറൈന്‍ ഡ്രൈവിലേക്ക് എത്തിയിട്ടുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് ആണ്‍കൂട്ടം ഭയാനകമാംവിധം വലുതായി. കനത്ത കൂവലും ബഹളവും; നൂറു കണക്കിന് മൊബൈല്‍ ക്യാമറകളുടെ ഫ്ലാഷുകള്‍ മിന്നുന്നു. ആദ്യം എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലായില്ല. ‘ഉമ്മ താടീ’ എന്നും മറ്റുമുള്ള ആക്രോശങ്ങള്‍ ഉയര്‍ന്നതോടെയാണ് ഞങ്ങള്‍ക്ക് കാര്യം മനസ്സിലായത്. ഞങ്ങള്‍ ഉമ്മ വെക്കുന്നത് കാണാനും പടമെടുക്കാനുമാണ് അക്രമാസക്തരായ ഒരുകൂട്ടം ആണുങ്ങള്‍ അക്ഷമയോടെ കാത്തു നില്‍ക്കുന്നത്. ഇരുചെവികളും പൊത്തി എന്നെ ഇറുകെ കെട്ടിപ്പിടിച്ച് പേടിച്ചു കരയുന്ന ഒരു എട്ടു വയസ്സുകാരനെ ആ വോയറിസ്റ്റ് ആണ്‍കൂട്ടം ഗൌനിച്ചതേയില്ല. ഒരു വിധത്തില്‍ അവിടെ നിന്ന് പുറത്തു കടന്നപ്പോള്‍ കണ്ടത് ഇതെല്ലാം വീക്ഷിച്ചു അറ്റന്‍ഷനായി നില്‍ക്കുന്ന പോലീസുകാരെയാണ്. അവരോടു പരാതിപ്പെട്ടപ്പോള്‍, നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല എന്നായിരുന്നു മറുപടി.

 

രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറുമോയെന്ന പരീക്ഷണം ലോകത്ത് പലയിടത്തും ഇതിനു മുന്‍പ് നടന്നിട്ടുണ്ട്. 2011 ഏപ്രിലില്‍ ലണ്ടനിലെ ഒരു പബ്ബിന് മുന്‍പില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്ത ഒരു ചുംബനസമരം നടന്നു. സ്വവര്‍ഗാനുരാഗികളായ രണ്ടു പേരെ പരസ്യചുംബനത്തിന്റെ പേരില്‍ പബ്ബില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മാധ്യമപ്രവര്‍ത്തകനായ ജോനാഥാന്‍ വില്ല്യംസും അദ്ദേഹത്തിന്റെ പങ്കാളിയും പബ്ബില്‍ വെച്ച് നടത്തിയ സ്‌നേഹപ്രകടനം
അശ്ലീലമാണെന്ന് ആരോപിച്ചായിരുന്നു പുറത്താക്കല്‍. സംഭവം നടന്ന്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഫേസ്ബുക്കില്‍ പ്രതിഷേധം അലയടിച്ചു. അന്ന് വൈകുന്നരം തന്നെ പബ്ബിന് മുന്നില്‍ ചുംബനക്കൂട്ടായ്മ അരങ്ങേറി. അവിടെയും വിഷയം മോറല്‍ പോലീസിംഗ് തന്നെയായിരുന്നെങ്കിലും സദാചാരവാദികളോ മതമൂല്യ സംരക്ഷകരോ വടിവാളും ചൂരലുമായി അവരെ ആക്രമിക്കാന്‍ മുതിര്‍ന്നില്ല. മാത്രമല്ല, കേസ് എടുത്തിരുന്നെങ്കില്‍ പബ്ബുടമ കുടുങ്ങിയേനെ. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന നിയമം ലംഘിച്ചതിന്റെ പേരില്‍.

 

അതേവര്‍ഷം ചിലിയിലെ സാന്റിയാഗോയില്‍ രണ്ടു തവണ വിദ്യാര്‍ഥികള്‍ ചുംബനം ആയുധമാക്കി തെരുവിലിറങ്ങി. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ സ്‌നേഹ ചുംബനത്തെ സമരായുധമാക്കിയത് വ്യത്യസ്തമായ മറ്റൊരു അവകാശത്തിനു വേണ്ടിയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവ് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ ചുംബനപ്പോരാട്ടം. 2011 സെപ്റ്റംബറില്‍ നടന്ന ചുംബന സമരത്തെ അടിച്ചൊതുക്കുന്ന പോലീസുകാരുടെ നടുവില്‍ റോഡില്‍ വീണു കിടന്നു ചുംബിക്കുന്ന യുവതിയുടെയും യുവാവിന്റെയും ചിത്രം ഇന്ത്യയില്‍ അലയടിച്ച ചുംബന സമരത്തിന്റെ കവര്‍ ചിത്രമായി മാറി. ബ്രിട്ടനിലെ സസക്‌സ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ‘ഉഭയസമ്മത ചുംബനസമര’വും ഹോമോഫോബിയക്കെതിരായ പോരാട്ടമായിരുന്നു. പരസ്യമായി ഉമ്മ വെച്ചതിന് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ രണ്ടു പെണ്‍കുട്ടികളെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ആ ഉമ്മപ്പോരാട്ടം. ടര്‍ക്കിയിലെ അങ്കാറയില്‍ സബ് വേകളില്‍ പരസ്യചുംബനം നിരോധിച്ചതില്‍ പ്രതിഷേധിച്ച് യുവതീയുവാക്കള്‍ സബ് വേകള്‍ ഉമ്മകള്‍ കൊണ്ട് നിറച്ചത് കഴിഞ്ഞ വര്‍ഷമാണ്. അവിടെയും ഇസ്ലാമികവാദികള്‍ എതിര്‍പ്പുമായി എത്തിയിരുന്നു. പക്ഷെ സമരക്കാരെ അപേക്ഷിച്ച് അവരുടെ എണ്ണം വളരെ കുറവായിരുന്നു എന്ന് മാത്രം. നൂറു കണക്കിന് പേര്‍ ഉമ്മ വെക്കാന്‍ എത്തിയപ്പോള്‍ എതിര്‍പ്പുമായി എത്തിയവര്‍ വെറും 20-ല്‍ താഴെയെന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

മറൈന്‍ ഡ്രൈവില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് രാജ്യമൊട്ടാകെ കത്തിപ്പടര്‍ന്ന നമ്മുടെ ചുംബനസമരത്തിന് രാജ്യാന്തര തലത്തിലുള്ള ഈ സമരങ്ങളുമായി സാദൃശ്യം ഉണ്ടെങ്കിലും വേരുകള്‍ തികച്ചും കേരളീയമാണെന്നു പറയേണ്ടി വരും. കോഴിക്കോട്ടെ ഡൌണ്‍ ടൌണ്‍ റസ്റ്റോറന്റിനു നേരെ യുവമോര്‍ച്ച നടത്തിയ അക്രമത്തെ തുടര്‍ന്ന് കോഴിക്കോട്ടുകാരനായ ഫാര്‍മിസ് ഹാഷിം എന്ന യുവ എന്‍ജിനീയര്‍ (അതെ, കര്‍തൃത്വശേഷിയുള്ള ഒരു മുസ്ലീം തന്നെ!) ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ചുംബന സമരത്തിനാധാരം.

 

‘കോഴിക്കോട് കടപ്പുറത്ത് വെച്ച് ഒരു ‘ചുംബനക്കൂട്ടായ്മ’ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ചുംബിക്കുന്നത് എങ്ങനെ എന്നറിയാത്ത, ചുംബിച്ചാല്‍ സദാചാരം ഇടിഞ്ഞു വീഴുമെന്ന് ഭയപ്പെടുന്ന സകല സദാചാരവാദികളേയും ക്ഷണിക്കുന്നു. ചുംബനം എന്നത് ഹോമോ സാപിയന്‍സ് എന്ന സ്പീഷീസില്‍പ്പെട്ട, പരസ്പരം സ്‌നേഹിക്കുന്ന ജീവികള്‍ കൈമാറുന്ന ഒരു സംവേദനമാര്‍ഗം ആണെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, കുളിമുറിയില്‍ ഒളിഞ്ഞു നോക്കുക, ബസില്‍ ജാക്കി വെച്ച് ലൈംഗിക തൃപ്തി നേടുക, മറ്റുള്ളവര്‍ പ്രണയിക്കുന്നത് കാണുമ്പോള്‍ കാലിന്നടിയില്‍ തരിപ്പുണ്ടാകുക തുടങ്ങിയ മാനസിക രോഗങ്ങളില്‍ നിന്ന് മുക്തി നേടാനായി പ്രശസ്ത മന:ശാസ്ത്രജ്ഞരുടെ ക്ലാസുകളും ഉണ്ടായിരിക്കുന്നതാണ്. എക്‌സ്‌ക്ലൂസീവ് കവറേജിനായി ജയ് ഹിന്ദ് ചാനലിനേയും ക്ഷണിക്കുന്നു. നിന്റെയൊക്കെ മരത്തലയില്‍ ഇത്തിരി വെളിച്ചം വീഴുമോ എന്നറിയാനുള്ള ഒരവസാന ശ്രമമായി കണ്ടാല്‍ മതി’. ഇതായിരുന്നു പ്രകോപനപരമായ ആ പോസ്റ്റ്.

 

ടര്‍ക്കിയിലും മറ്റും നടന്ന ഉമ്മസമരങ്ങള്‍ ശ്രദ്ധിചിട്ടുണ്ടെങ്കിലും ചുംബന സമരം എന്ന ആശയത്തിന് ഫാര്‍മിസ് ജയ് ഹിന്ദ് ടിവിയോടാണ് ‘നന്ദി’പറയുന്നത്. ഒളിഞ്ഞു നോട്ടത്തിന്റെ അശ്ലീലമായ ആര്‍ത്തിയോടെ ജയ് ഹിന്ദിന്റെ ഒളി ക്യാമറ ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് ഫാര്‍മിസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ഫാര്‍മിസിന്റെ സുഹൃത്തുക്കളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും കൊച്ചിയില്‍ ഇങ്ങനെയൊരു സമരം നടത്താന്‍ പ്ലാന്‍ ചെയ്യുന്നത്. കിസ്സ് ഓഫ് ലവ് ഒരു ഫേസ് ബുക്ക് കാമ്പൈന്‍ ആയിരുന്നെങ്കിലും ഏകദേശം എണ്‍പതോളം പേര്‍ നേരില്‍ കണ്ടും ഫോണില്‍ ബന്ധപ്പെട്ടുമാണ് സമരം അതിന്റെ മൂര്‍ത്ത രൂപത്തില്‍ ആസൂത്രണം ചെയ്തതെന്ന് രാഹുലും ഫാര്‍മിസും പറയുന്നു. വിര്‍ച്വല്‍ ലോകത്ത് തുടങ്ങി ‘യഥാര്‍ത്ഥ’ ലോകത്തേക്ക് പടര്‍ന്ന കേരളത്തിലെ രണ്ടാമത്തെ സമരമായിരുന്നു ഇതെന്ന് പറയാം. മറ്റൊരു രൂപത്തിലാണെങ്കിലും കേരളമൊട്ടാകെ കത്തിപ്പടര്‍ന്ന്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഇന്ത്യക്ക് പുറത്തേക്കും വ്യാപിച്ച നഴ്‌സുമാരുടെ സമരമാണ് ആദ്യത്തേത്. പക്ഷെ അതൊരു സംഘടനയുടെ നിയന്ത്രണത്തില്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

 

സമൂഹത്തെ പൊതുവായി അഭിസംബോധന ചെയ്തുകൊണ്ട്, പങ്കാളികളുടെ പശ്ചാത്തലത്തെക്കുറിച്ചോ എണ്ണത്തെകുറിച്ചോ ഒരു മുന്‍ധാരണയുമില്ലാതെ, വൈറലായി പടര്‍ന്ന ഒരു ഫേസ്ബുക്ക് കാമ്പൈന്‍ തെരുവില്‍ ഇറങ്ങുന്നത് കേരളത്തില്‍ ഇതാദ്യം. ഭരണകൂടവും പോലീസും സാമ്പ്രദായികമായ സമരരൂപങ്ങള്‍ മാത്രം കണ്ടു ശീലിച്ചവരും സംഘാടകരുടെ പാളിച്ചയായി കാണുന്ന ഘടകങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഈ സമരത്തെ ഒരു വന്‍ വിജയമാക്കി തീര്‍ത്തത് എന്നതാണ് സത്യം. കേരളത്തിനു മുന്‍പരിചയമില്ലാത്ത ഈ സമര രൂപത്തെ ഭരണകൂടവും മാധ്യമങ്ങളും നേരിട്ടതെങ്ങനെ എന്നത് പരിശോധിക്കാനാണ് ഈ എഴുത്തിലൂടെ ശ്രമിക്കുന്നത്. ഒപ്പം സംഘപരിവാറിന്റെ മുസ്ലിം വിരുദ്ധ അജണ്ടയോടൊപ്പം സദാചാര സംരക്ഷകരായി തെരുവില്‍ ഇറങ്ങേണ്ടി വന്ന മുസ്ലീം സംഘടനകള്‍ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ചുള്ള ചില വിചാരങ്ങളും.

 


മറൈന്‍ ഡ്രൈവ്

 

ചുംബനത്തെ ഭയക്കുന്ന ഭരണകൂടം
നവംബര്‍ രണ്ടിന്റെ ഏറ്റവും ഹിംസാത്മകമായ കാഴ്ച, ഉമ്മ വെക്കുന്നവരെ അടിച്ചോടിക്കാന്‍ ചൂരലുമായി എത്തിയ പരിവാര്‍ സംഘടനകളോ നാല്‍ക്കാലികളെയും കൊണ്ട് ഉമ്മ സമരക്കാരെ പരിഹസിക്കാനെത്തിയ മുസ്ലീം സംഘടനകളോ ആയിരുന്നില്ല. (ഹിംസാത്മകമാകാത്തിടത്തോളം ഇവര്‍ക്കൊക്കെയും മറൈന്‍ ഡ്രൈവില്‍ ഇടമുണ്ട്. ഹിംസയില്ലാത്ത സംഘപരിവാര്‍ എന്നത് ഒരു ‘ഒക്‌സിമൊറോണ്‍’ ആണെങ്കിലും ഭാവനാത്മകമായി ആലോചിച്ചു എന്നേ ഉള്ളൂ) മറിച്ച്, ഒരാളു പോലും ഉമ്മ വെക്കാതിരിക്കാന്‍ കഠിനമായും സമര്‍ത്ഥമായും പണിയെടുത്ത പൊലീസായിരുന്നു അന്നത്തെ ഏറ്റവും അശ്ലീമായ കാഴ്ച. പല തലങ്ങളിലുള്ള ബലതന്ത്രമാണ് പോലീസ് പ്രയോഗിച്ചത്. സമരത്തില്‍ പലഘട്ടങ്ങളിലായി പങ്കെടുത്തവരോടും മാധ്യമപ്രവര്‍ത്തകരോടും പോലീസിനോടും സംസാരിച്ചതില്‍ നിന്നും എനിക്ക് മനസ്സിലായത് ഒരു കാരണവശാലും ഈ സമരം നടക്കരുത് എന്ന നിര്‍ബന്ധബുദ്ധി ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് യുവമോര്‍ച്ചക്കോ ശിവസേനക്കോ അല്ല, മറിച്ച് പോലീസിനാണ് എന്നാണ്. ലോ കോളേജു പരിസരത്ത് നിന്നും സമാധാനപരമായി പ്രകടനം നടത്തി മറൈന്‍ഡ്രൈവ് വരെ എത്താന്‍ സംരക്ഷണം തരാം എന്ന് സമരക്കാരോട് പറയുകയും അതേസമയം ‘തുടങ്ങുമ്പോഴേ അവന്മാരെയും അവളുമാരെയും പൊക്കിയെടുത്ത് അകത്തിട്ടേക്കണം’ എന്ന് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയും ചെയ്യുന്ന പോലീസിന്റെ ഡബിള്‍ ഗെയിം സംഘാടകര്‍ക്ക് പിന്നീടു മനസ്സിലായിട്ടുണ്ടാകണം. പോലീസിന്റെ കുതന്ത്രങ്ങള്‍ പരിചയമില്ലാത്ത സംഘാടകരെ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ വിളിച്ചു വരുത്തി, തങ്ങള്‍ അവരെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും വരുംവരായ്കകളെക്കുറിച്ച് പൊലിപ്പിച്ചു പറഞ്ഞ് ഭയപ്പെടുത്തുകയും ആ സംഭാഷണങ്ങള്‍ അവരറിയാതെ റെക്കോര്‍ഡ് ചെയ്യുകയും അതൊക്കെ രഹസ്യമായി മാധ്യമങ്ങളെ അറിയിക്കുകയും അതുവഴി സംഘാടകരെ ഇകഴ്ത്തിക്കാട്ടുകയും ചെയ്യുക തുടങ്ങിയ തന്ത്രങ്ങളും പോലീസ് പയറ്റി.

മൌലികാവകാശങ്ങള്‍ ലംഘിക്കപ്പെടാതെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യതയുള്ള പോലീസ് തന്നെ അത് ചവിട്ടിയരയ്ക്കുന്നതാണ് അന്ന് മറൈന്‍ ഡ്രൈവില്‍ കണ്ടത്. ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ വന്നവരേയും അവര്‍ക്ക് പിന്തുണയുമായി എത്തിയവരെയും പ്രിവന്റീവ് കസ്റ്റഡി എന്ന പേരില്‍ അറസ്റ്റു ചെയ്തു മാറ്റുകയും വടിവാളും ചൂരലുമായി വന്ന അക്രമാസക്തരായ ആണ്‍കൂട്ടത്തിന് മറൈന്‍ ഡ്രൈവ് അക്ഷരാര്‍ത്ഥത്തില്‍ വിട്ടു കൊടുക്കുകയുമാണ് പോലീസ് ചെയ്തത്. ഫേസ്ബുക്ക് സമരമായത് കൊണ്ട് സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തെ കുറിച്ചോ പശ്ചാത്തലത്തെക്കുറിച്ചോ പോലീസിന് ഒരൂഹവും ഇല്ലാതെ പോയി എന്നതാണ് പോലീസിന്റെ തന്ത്രങ്ങളെ ദുര്‍ബലമാക്കിയത്. അതുകൊണ്ട് തന്നെ, പോലീസ് ഭീഷണിപ്പെടുത്തിയിട്ടും മര്‍ദ്ദിച്ചിട്ടും പോലീസ് വാഹനത്തിലും പോലീസ് സ്റ്റേഷനിലും ഇരുന്ന്‍ വാശിയോടെ ചുംബിക്കുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി. അന്നേദിവസം നഗരത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഉമ്മസമരക്കാര്‍ക്ക് മാത്രമായുള്ള ഇടങ്ങളായിരുന്നു. ചൂരലും പട്ടികയും കയ്യിലേന്തി കണ്ണില്‍ കണ്ടവരെയൊക്കെ തല്ലിയോടിച്ച യുവമോര്‍ച്ചക്കാരോ ശിവസേനക്കാരോ അന്ന് പോലീസ് സ്‌റ്റേഷന്‍ കണ്ടില്ല. സ്ത്രീകളെ പരസ്യമായി പുലഭ്യം പറഞ്ഞ ആക്രമാണോത്സുകരായ കാഴ്ച്ചക്കാരില്‍ ഒരാളെപ്പോലും അറസ്റ്റു ചെയ്തില്ല.

 


മറൈന്‍ ഡ്രൈവ്

 

പോലീസിന് അറിയാവുന്നത് സംഘാടകരെ മാത്രമായിരുന്നു. അതുകൊണ്ട് തന്നെ, ലോകോളേജിനു മുന്നില്‍ നിന്ന് പ്രകടനം തുടങ്ങുമ്പോള്‍ തന്നെ, ഒരടി പോലും വെക്കാന്‍ അനുവദിക്കാതെ അവരെ അറസ്റ്റു ചെയ്തു നീക്കി. ഭരണഘടന അക്കമിട്ടു പറയുന്ന മൌലികാവകാശങ്ങളില്‍ ഒന്നാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യം പൂര്‍ണമായും ലംഘിക്കപ്പെട്ടു. ചുംബനസമരത്തില്‍ പങ്കെടുക്കാനും പിന്തുണ അറിയിക്കാനുമായി പിന്നീട് മറൈന്‍ ഡ്രൈവില്‍ എത്തിച്ചേര്‍ന്നവരെ തരംതിരിച്ചാണ് പോലീസ് നേരിട്ടത്. കവി വിഎം ഗിരിജ, മകള്‍ ആര്‍ദ്ര, പരിസ്ഥിതിപ്രവര്‍ത്തകനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ തുടങ്ങിയവരെ അറസ്റ്റു ചെയ്ത് മറൈന്‍ ഡ്രൈവില്‍ നിന്നും പുറത്തെത്തിച്ച് നിര്‍ബന്ധമായി ബസ് കയറ്റി വിട്ടു. അതേസമയം, നിയമ ഗവേഷണ വിദ്യാര്‍ത്ഥിയായ ദിവ്യ, ഡൂള്‍ ന്യൂസ് എഡിറ്റര്‍ ഷഫീക്, എറണാകുളത്തെ സ്ത്രീകൂട്ടായ്മാ
പ്രവര്‍ത്തകരായ ജോളി, ജെന്നി, അഡ്വക്കേറ്റ് നന്ദിനി, ജനകീയ മനുഷ്യാവകാശപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ തുഷാര്‍ നിര്‍മല്‍ സാരഥി, ജയ്സണ്‍ സി കൂപ്പര്‍, സുജാ ഭാരതി തുടങ്ങിയവരെയും ഫേസ്ബുക്കിലെ ഫ്രീതിങ്കെഴ്‌സ് ഗ്രൂപ്പിന്റെ ഭാഗമായി സമരത്തിനെത്തിയ നിരവധി പേരെയും അറസ്റ്റു ചെയ്ത് ഏകദേശം അഞ്ചു മണിക്കൂറോളം തേവര സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്തിനി പുറത്തു പറയാന്‍ കൊള്ളാത്ത ഭാഷയിലാണ് തങ്ങളോടു സംസാരിച്ചതെന്നും കൂട്ടത്തിലൊരാള്‍ കുഴഞ്ഞു വീണിട്ട് വെള്ളം കൊടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും അറസ്റ്റു ചെയ്യപ്പെട്ടവര്‍ പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി സ്‌റ്റേഷനിലേക്ക് പ്രകടനമായി എത്തിയവര്‍ക്ക് സ്റ്റേഷനുള്ളില്‍ ഇരുന്ന് സമരക്കാര്‍ എറിഞ്ഞുകൊടുത്ത കാറ്റുമ്മകള്‍ക്കിടയിലേക്ക് (Flying Kiss) വെപ്രാളത്തോടെ ചാടി വീണ് ജനലുകളും വാതിലുകളും അടച്ചു പൂട്ടിയ പോലീസാണ് ഈ ചുംബനസമര കാലത്തെ ഏറ്റവും അപഹാസ്യമായ ദൃശ്യം. സ്‌നേഹം സമരായുധമാകുമ്പോള്‍ അത് ബോംബിനെക്കാള്‍ പ്രഹരശേഷി കൈവരിക്കുന്നു.

 

ഏതൊരു സമരത്തെയും ദുര്‍ബലപ്പെടുത്താന്‍ പോലീസ് പ്രയോഗിക്കുന്ന സ്ഥിരം തന്ത്രങ്ങള്‍ ഇക്കുറിയും പയറ്റി. മാവോയിസ്റ്റുകളും നക്‌സലൈറ്റുകളും സമരത്തില്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അതുകൊണ്ട് വിട്ടുനില്‍ക്കുന്നതാണ് ബുദ്ധിയെന്നും സംഘാടകരില്‍ ചിലരെ വിളിച്ച് പോലീസ് ‘സ്‌നേഹപൂര്‍വ്വം’ ഉപദേശിച്ചു. സമരം ‘മാവോയിസ്റ്റുകള്‍ ഹൈജാക്ക് ചെയ്‌തെ’ന്ന്‍ മാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നടത്തുകയും ചെയ്തു. അത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ സമരക്കാര്‍ക്കിടയില്‍
സൃഷ്ടിക്കുന്നതില്‍ പോലീസ് ആദ്യഘട്ടത്തില്‍ വിജയിക്കുകയും ചെയ്തു. ഏറ്റവും ഹിംസാത്മകമായി സദാചാര പോലീസിംഗ് നടത്തുന്നത് സ്റ്റേറ്റ് തന്നെയാണ് എന്ന് ചുംബന സമരം അടിവരയിടുന്നു.

 


ഹൈദരാബാദ്
 

ഉമ്മകളിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകള്‍
കേരളത്തിലും പുറത്തും മാധ്യമങ്ങള്‍ ചുംബനസമരത്തെ കൈകാര്യം ചെയ്തത് ഏറെക്കുറെ സമാനമായ രീതിയിലാണ്. മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍ പ്രത്യക്ഷത്തില്‍ ചുംബനസമരത്തെ എതിര്‍ക്കുന്നതായി ഭാവിച്ചില്ലെങ്കിലും വാര്‍ത്തകളുടെ ഉള്ളടക്കത്തിലും അവതരണ ശൈലിയിലും ആശയക്കുഴപ്പവും അസഹിഷ്ണുതയും പരിഹാസവും മുഴച്ചു നിന്നു. രണ്ടു പേര്‍ ചുംബിച്ചാല്‍ ലോകം മാറിപ്പോകുമോ എന്ന പൊതുസമൂഹത്തിന്റെ അരക്ഷിതബോധവും ആശങ്കയും തന്നെയാണ് പൊതുവില്‍ മാധ്യമങ്ങളിലും പ്രകടമായത്. പ്രൈംടൈം ചര്‍ച്ചകള്‍ നയിക്കുന്ന അവതാരകരില്‍ ചിലരെങ്കിലും ചുംബന സമരത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്നവരും അതിനെ പിന്തുണയ്ക്കുന്നവരുമായിരുന്നു. പക്ഷെ ടെലിവിഷന്‍ ചര്‍ച്ചകളുടെ അനിവാര്യസ്വഭാവമായ ‘മീഡിയോക്രിറ്റി’ അവരുടെ നിലപാടുകളെ പലപ്പോഴും നിര്‍വീര്യമാക്കി. ചുംബനസമരം വിഷയമാക്കി മനോരമയില്‍ ഷാനി നയിച്ച കൌണ്ടര്‍ പോയിന്റ് ഒരുദാഹരണം. അനുകൂലം, പ്രതികൂലം എന്നീ ദ്വന്ദവൈരുധ്യങ്ങളിലേക്ക് എല്ലാ വിഷയങ്ങളെയും ചുരുക്കുകയും ഇതരസാധ്യതകളെ അദൃശ്യമാക്കുകയും ചെയ്യുക എന്നതാണല്ലോ വാര്‍ത്തയുടെ വിപണനതന്ത്രം. ഇത്തരം ചര്‍ച്ചകളിലേക്ക് ക്ഷണിക്കപ്പെടുന്നവര്‍ (പലപ്പോഴും എതിര്‍ക്കാനായി) സംവാദത്തിന്റെ സാധ്യതകള്‍ അടച്ചു കളയുകയും ചര്‍ച്ചകളെ വെറും കോലാഹലങ്ങളായി മാറ്റുകയും ചെയ്യും. മാധ്യമങ്ങള്‍ക്ക് വേണ്ടതും കാമ്പുള്ള ചര്‍ച്ചകളല്ല, മറിച്ചു ‘പഞ്ച് ഡയലോഗുകളാണ്. 

 

കൊച്ചിയില്‍ നിന്നും തുടങ്ങി വിവിധ നഗരങ്ങളിലെ ക്യാമ്പസ്സുകളും തെരുവുകളും ഏറ്റെടുത്ത ഉമ്മസമരത്തില്‍ മാധ്യമങ്ങള്‍ തേടിയത് ചുണ്ടുകളുടെ ക്ലോസപ്പ് ദൃശ്യങ്ങളാണ്. മാതൃഭുമി ചാനലില്‍ രാഹുലിനോടും രശ്മിയോടും ചുംബിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ട അവതാരക നടത്തിയതും മോറല്‍ പോലീസിംഗാണ്. മലയാളി പൊതുസമൂഹത്തില്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍ സ്വയം കൈയാളുന്ന അധീശത്വ മനോഭാവവും ഔദ്ധത്യവുമാണ് അതില്‍ പ്രകടമാവുന്നത്. മാധ്യമങ്ങള്‍ സ്വയം ഖാപ് പഞ്ചായത്താവുന്നത് കേരളത്തില്‍ പുതിയതല്ല. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരെ ക്യാമറക്ക് മുന്നിലിരുത്തി അവരുടെ സ്വകാര്യതയിലേക്ക് ഒരു മര്യാദയുമില്ലാതെ കടന്നുകയറി അവര്‍ക്ക് മേല്‍ വിധി നിര്‍ണയിക്കുന്ന പരിപാടികള്‍ക്ക് ടാം റേറ്റിങ്ങും കുറവല്ല.

 

ഹൈദരാബാദിലും ചെന്നൈ ഐഐറ്റിയിലും സമരം ചെയ്തവര്‍ സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. അവിടെയെല്ലാം ക്യാമറയുമായി എത്തിയ മാധ്യമങ്ങള്‍ക്ക് വേണ്ടത് ചുംബന ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ലൈംഗികത, പ്രണയം, സദാചാരം തുടങ്ങിയവയെക്കുറിച്ച് തങ്ങള്‍ നടത്തിയ അവതരണങ്ങള്‍ ഒറ്റ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും മറിച്ച് കെട്ടിപ്പിടിക്കുന്നതിന്റെയും ഉമ്മ വെക്കുന്നതിന്റെയും ദൃശ്യങ്ങളും അതിനെതിരെ എബിവിപി നടത്തിയ അക്രമാസക്തമായ പ്രതിഷേധവുമാണ് മാധ്യമങ്ങള്‍ക്ക് വിഷയമായതെന്നും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായ അനു കെ ആന്റണിയും വൈഖരി ആര്യാട്ടും എഴുതിയ കുറിപ്പില്‍ പറയുന്നു (ഞങ്ങളുടെ ചുണ്ടുകള്‍ ആരെയാണ് മുറിപ്പെടുത്തുന്നത്?). വൈകിയെത്തിയ ചില ഫോട്ടോഗ്രാഫര്‍മാര്‍ സമരത്തില്‍ പങ്കെടുത്തവരെ സമീപിച്ച് ക്യാമറക്ക് മുന്‍പില്‍ ചുംബിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. ചുംബനസമരം സംവേദനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പരസ്യപ്രകാശനമല്ല, മറിച്ച് രണ്ടു ചുണ്ടുകള്‍ തമ്മില്‍ ചേരുന്നതിന്റെ ദര്‍ശനസുഖം മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ടതെന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

 


തിരുവനന്തപുരം

 

അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന പേരില്‍ ജയ് ഹിന്ദ് ടിവി നടത്തിയ അപഹാസ്യമായ വോയറിസ്റ്റ് ജേര്‍ണലിസമാണ് ചുംബന സമരത്തിന്റെ പെട്ടെന്നുള്ള പ്രകോപനമെങ്കിലും കുറെ നാളുകളായി കേരളത്തില്‍ അടിക്കടി നടക്കുന്ന സദാചാരവേട്ടകളില്‍ സഹികെട്ട ഒരു പൊട്ടിത്തെറിയായിരുന്നു ആ സമരം എന്ന് പറയാം. പങ്കെടുത്തവരും പിന്തുണച്ചവരുമൊക്കെ ഇങ്ങനെ ഒന്ന് സംഭവിക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്നാണ് വ്യത്യസ്ത തലങ്ങളില്‍ ഉള്ള പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ അച്ചടി മാധ്യമങ്ങള്‍ പ്രത്യക്ഷമായി തന്നെ സദാചാര പോലീസിങ്ങിനെ അനുകൂലിക്കുന്ന നിലപാടാണ് എക്കാലവും എടുത്തിട്ടുള്ളത്. ‘വാടകവീട്ടില്‍ അനാശാസ്യം നടത്തിയവരെ നാട്ടുകാര്‍ പിടികൂടി’ എന്ന മട്ടിലുള്ള വാര്‍ത്തകള്‍ സമൂഹ്യവിരുദ്ധവും നിയമവിരുദ്ധവുമായ ഒരു പ്രവര്‍ത്തിയെ ‘ലെജിറ്റിമൈസ്’ ചെയ്യുന്നു. ഉഭയസമ്മതപ്രകാരം ഒരു സ്വകാര്യ സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന, അല്ലെങ്കില്‍ ഒരു പൊതുസ്ഥലത്ത് ഒരുമിച്ചു വരുന്ന ഒരു സ്ത്രീയെയും പുരുഷനെയും ചോദ്യം ചെയ്യുകയും അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന കുറ്റകൃത്യത്തെ, നാട്ടുകാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചു എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തു പോരുന്നത്. നിയമം കയ്യിലെടുക്കുന്ന ക്രിമിനല്‍ വാസനയുള്ള ഒരു ആണ്‍കൂട്ടത്തെ നാട്ടുകാര്‍ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ മോറല്‍ പോലീസിംഗ് നടത്തുന്നവരുടെ പക്ഷം ചേരുകയാണ് മാധ്യമങ്ങള്‍.

 

തൃശ്ശൂരിലെ ചാവക്കാട്ട് ലോവേസ്റ്റ് ജീന്‍സിട്ട യുവാക്കളെ കൈകാര്യം ചെയ്ത എസ്ഐയെ, സ്വന്തം ജോലി ധീരമായി നിര്‍വഹിച്ച ഒരു പോലീസ് ഓഫീസര്‍ എന്ന മട്ടില്‍ അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മോറല്‍ പോലീസിങ്ങിലെ ഹിംസയെ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുകയാണ് പതിവും. കഴിഞ്ഞ വര്‍ഷം പെരുമ്പാവൂരില്‍ പോക്കറ്റടിച്ചതായി സംശയിച്ച് ഒരു നിരപരാധിയെ മര്‍ദിച്ചു കൊന്ന സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മറ്റൊരുദാഹരണമാണ്. പോക്കറ്റടിച്ച യുവാവിനെ തല്ലിക്കൊന്നു എന്ന് തലക്കെട്ട്, സമാനതകളില്ലാത്ത ഹിംസയെ പരോക്ഷമായി ന്യായീകരിക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നു.(പോക്കറ്റടിച്ചവന്‍ കൊല്ലപ്പെടാന്‍ യോഗ്യനാണ് എന്ന മട്ടില്‍). പോക്കറ്റടി അയാളുടെ മേല്‍ ആരോപിക്കപ്പെട്ടതാവാം എന്ന് സംശയിക്കുക പോലും ചെയ്യാതിരുന്ന പത്രങ്ങള്‍ക്ക് പിറ്റേന്ന് തങ്ങളുടെ നിലപാട് തിരുത്തേണ്ടി വന്നു. മോറല്‍ പോലീസിങ്ങിന് ഇരയാവുന്നവര്‍ അതര്‍ഹിക്കുന്നു എന്ന് പറയാതെ പറയുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന ചെറുപ്പക്കാരന്‍ മോറല്‍ പോലീസിങ്ങിനിരയായി കൊല്ലപ്പെട്ടപ്പോള്‍ പോലും ഉണ്ടായിട്ടില്ലാത്ത പ്രതികരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ചുംബന സമരത്തിന് കഴിഞ്ഞു എന്നത് വിജയം തന്നെയാണ്. ‘ചുംബിക്കാന്‍ വെമ്പി കൊച്ചി’ എന്ന മട്ടിലുള്ള ഇക്കിളി തലക്കെട്ടുകള്‍ എഴുതിയ അതേ പത്രങ്ങള്‍ തന്നെ, ചുംബിക്കാനും പ്രണയിക്കാനും ചുംബിച്ചും സ്‌നേഹിച്ചും സമരം ചെയ്യാനുമുള്ള അവകാശത്തിന് വേണ്ടി പിന്നീട് എഡിറ്റോറിയല്‍ എഴുതി എന്നത് ശുഭ സൂചനയാണ്.

 

 

ഉമ്മരാഷ്ട്രീയവും കേരള മുസ്ലീങ്ങളും
ചുംബനസമരവും അതുയര്‍ത്തി വിട്ട ചര്‍ച്ചകളും ഒരു പക്ഷെ ഏറ്റവും പ്രതിസന്ധിയിലാക്കിയത് കേരളത്തിലെ മുസ്ലീം സംഘടനകളെയാണ്.ഡൌണ്‍ ടൌണ്‍ ആക്രമണത്തോടും ചുംബനസമരത്തോടും വിവിധ മുസ്ലീം സംഘടനകള്‍ക്ക് വ്യത്യസ്ത നിലപാടുകളാണുള്ളത്. മറൈന്‍ഡ്രൈവില്‍ ശിവസേനക്കും യുവമോര്‍ച്ചയ്ക്കും ഒപ്പം ചുംബനസമരക്കാരെ നേരിടാനെത്തിയ എസ്ഡിപിഐക്കും എസ്കെഎസ്എസ്എഫിനും ക്യാമ്പസ് ഫ്രെണ്ടിനും തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ പാട് പെടേണ്ടി വന്നു. മത, സാമുദായിക, വലതുപക്ഷശക്തികളുടെ സ്വഭാവികമായ ഐക്യപ്പെടല്‍ എങ്ങനെ സംഭവിക്കുമെന്ന്‍ അനായാസമായി ചുംബനസമരം കാട്ടിത്തന്നു. മറൈന്‍ഡ്രൈവില്‍ യഥാര്‍ത്ഥത്തില്‍ ചുംബിച്ചത് ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വവാദികളും വലതുപക്ഷ രാഷ്ട്രീയ സംഘടനകളും തമ്മിലായിരുന്നു എന്ന വിമര്‍ശനം പ്രസക്തമാണ്.

കോഴിക്കോട്ടെ ഒരു സംഘം മുസ്ലിം ചെറുപ്പക്കാര്‍ നടത്തുന്ന റസ്റ്റോറന്‍റില്‍ അനാശാസ്യം നടക്കുന്നു എന്നാരോപിച്ച് യുവമോര്‍ച്ച നടത്തിയ അക്രമത്തിലെ വര്‍ഗീയ അജണ്ടയെ തുറന്നു കാട്ടാനല്ല, മറിച്ച് ചുംബനസമരത്തെ എതിര്‍ക്കാനാണ് അവര്‍ കൂടുതല്‍ അധ്വാനിച്ചത്. എസ്കെഎസ്എസ്എഫിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളോട് സംസാരിക്കുമ്പോള്‍ അവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പൊതുവായ ഒരു കാര്യം മറൈന്‍ഡ്രൈവിലെ തങ്ങളുടെ സാന്നിധ്യം സംഘരിവാറിനോപ്പം ആയിരുന്നില്ല എന്നും തങ്ങളുടേത്
വ്യത്യസ്തമായ പ്രതിഷേധമായിരുന്നു എന്നുമാണ്. എന്നാല്‍ മറൈന്‍ ഡ്രൈവിലെ ഒരു ഏരിയല്‍ ദൃശ്യത്തില്‍ അടുത്തും അകന്നും ചിലപ്പോള്‍ ഇടകലര്‍ന്നും പരസ്പരം അതിരുകള്‍ നഷ്ടപ്പെട്ട് ഒരൊറ്റ ആള്‍ക്കൂട്ടമായി രൂപപ്പെട്ട മുസ്ലിം സംഘടനകളും സംഘപരിവാറും ഒരേ രാഷ്ട്രീയമാണ് പ്രകടിപ്പിച്ചത്. മാത്രമല്ല, ചുംബന കൂട്ടായ്മക്കെതിരായ തങ്ങളുടെ സമരം സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് ഫലപ്രദമായി വിശദീകരിക്കാന്‍
ഇവര്‍ക്കൊന്നും കഴിഞ്ഞിട്ടുമില്ല. ചുംബനസമരം നടത്തിയവര്‍ നാല്‍ക്കാലികളാണ് എന്നര്‍ത്ഥത്തില്‍
പോത്തുകളെയും തെളിച്ചു കൊണ്ടു വന്ന്‍ പ്രതിഷേധിച്ച എസ്ഡിപിഐ അവരുടെ ജനാധിപത്യവിരുദ്ധതയും അസഹിഷ്ണുതയും തുറന്നു കാട്ടി. രാഷ്ട്രീയ എതിരാളികളെ മനുഷ്യരായി കണക്കാക്കാന്‍ പോലും തയാറല്ല എന്ന പ്രഖ്യാപനത്തിലൂടെ തങ്ങള്‍ ഏതു ചേരിയിലാണ് എന്ന് അവര്‍ വെളിപ്പെടുത്തി.

 

അതേസമയം, ചുംബനസമരത്തെ എതിര്‍ത്ത എല്ലാ മുസ്ലീംസംഘടനകള്‍ക്കും ഒരേ സ്വരമല്ല എന്നത് കാണാതിരുന്നുകൂടാ. ചുംബനസമരത്തെ എതിര്‍ക്കാന്‍ പോത്തുകളെയും കൊണ്ടുവന്നത് അപഹാസ്യമാണെന്ന് സമസ്ത കേരള സുന്നി വിഭാഗത്തിന്റെ നേതാക്കളില്‍ ഒരാളായ നാസര്‍ ഫൈസി കൂടത്തായി അഭിപ്രായപ്പെടുന്നു. ഇനി നടക്കാനിരിക്കുന്ന സമാന സമരങ്ങളില്‍ സൂക്ഷിച്ച് അവധാനതയോടെ മാത്രമേ പ്രതികരിക്കൂ എന്ന് ക്യാമ്പസ് ഫ്രണ്ടിന്റെ നേതൃത്വവും വ്യക്തമാക്കുന്നു. എന്തായാലും സംഘപരിവാറിനോപ്പം അണിചേര്‍ന്നു എന്ന വിമര്‍ശനത്തിന് ഇനി ഇട കൊടുക്കരുത് എന്ന്‍ ഈ സംഘടനകളെല്ലാം കരുതുന്നുണ്ട് എന്നാണ് അവരുടെ നേതൃത്വത്തോട് സംസാരിക്കുമ്പോള്‍ മനസ്സിലാവുന്നത്. അന്ന് നടന്നത് സംഘടനാതലത്തില്‍ ആലോചിച്ചെടുത്ത തീരുമാനമൊന്നും ആയിരുന്നില്ലെന്നും പ്രാദേശിക ഘടകം അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ആശയപരം എനതിനെക്കാളേറെ കുറച്ചൊക്കെ വൈകാരികമായിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും കൂടത്തായി പറയുന്നു. അനിസ്ലാമികം എന്നതിനെക്കാളേറെ, കേരള സംസ്‌കാരത്തിന് ചേരാത്തത് എന്ന നിലയ്ക്കാണ് തങ്ങള്‍ ചുംബനസമരത്തെ എതിര്‍ക്കുന്നത് എന്ന്‍ അദ്ദേഹം പറയുമ്പോള്‍ ആശയപരമായി സ്വയമൊരു പ്രതിസന്ധിയിലേക്കാണ് അദ്ദേഹം എത്തുന്നത്.

 

കേരള സംസ്‌കാരം എന്ന കീഴാളവിരുദ്ധ സവര്‍ണഹിന്ദുത്വ പരികല്പനയുടെ സാര്‍ത്ഥവാഹക സംഘമായാണോ അപ്പോള്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നത്? ചുംബനസമരം അടിസ്ഥാനപരമായി ജനാധിപത്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു എന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം മുസ്ലീം സംഘടനകള്‍ക്കുണ്ട്. കാരണം അത് പ്രധാനമായും തുടങ്ങിയതും വികസിച്ചതും ഹൈന്ദവഫാസിസത്തിനെതിരായ ഒരു ചെറുത്തു നില്‍പ്പ് എന്ന നിലയിലാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തുന്ന പബ്ബുകളും റസ്റ്റോറന്‍റുകളും ആക്രമിക്കുക എന്നത് പരിവാര്‍ സംഘടനകളുടെ ഒരു സ്ഥിരം ശൈലിയാണ്. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെ പച്ചയില്‍ കേരളത്തിലും പ്രസ്തുത ശൈലി ഒന്ന് പ്രയോഗിച്ചു നോക്കിയതാണ് സംഘികള്‍ എന്ന കാര്യത്തില്‍ സംശയമില്ല. അതിനോട് യുവതലമുറ നടത്തിയ ഭാവനാത്മകമായ ചെറുത്തുനില്പായിരുന്നു കൊച്ചിയിലും പിന്നീട് രാജ്യത്തിന്റെ പല ഭാഗത്തും നമ്മള്‍ കണ്ടത്. ഡല്‍ഹിയില്‍ ആര്‍എസ്എസ്
ആസ്ഥാനത്ത് പോയി ഉമ്മ വെച്ച് പ്രതിഷേധിക്കാന്‍ തയ്യാറായവര്‍ ഉറപ്പായും നിലകൊള്ളുന്നത് ഫാസിസ്റ്റ് വിരുദ്ധ ചേരിയിലാണെന്ന് മുസ്ലിം സംഘടനകള്‍ മനസ്സിലാക്കേണ്ടതുണ്ട്.

 


ഡല്‍ഹി

 

കുറെക്കൂടി തന്ത്രപരമായ നിലപാടാണ് സോളിഡാരിറ്റി സ്വീകരിച്ചത്. അവര്‍ മറൈന്‍ഡ്രൈവില്‍ നിന്നും വിട്ടു നിന്നു. അതെ സമയം തങ്ങള്‍ ചുംബന സമരത്തിന് എതിരാണെന്ന് അസന്ദിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. പരസ്യമായി ചുംബിക്കുന്നത് തങ്ങളുടെ മൂല്യങ്ങള്‍ക്ക് എതിരാണ് എന്നത് കൊണ്ട് മാത്രമല്ല അവര്‍ സമരത്തോട് വിയോജിക്കുന്നത്. ഡൌണ്‍ ടൌണ്‍ റസ്റ്റോറന്‍റ് ആക്രമിച്ച യുവമോര്‍ച്ചയുടെ വര്‍ഗീയ അജണ്ടയെ ചുംബനസമരം അദൃശ്യമാക്കി എന്ന വിമര്‍ശനവും
അവര്‍ മുന്നോട്ടു വെക്കുന്നു. ഇത് വിചിത്രമായ വാദമാണ്. യുവമോര്‍ച്ചയുടെ വര്‍ഗീയ അജണ്ടയെ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം കിസ്സ് ഓഫ് ലൗവിന്റെ സംഘാടകര്‍ക്കാണ് എന്നത് ചുംബനസമരത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ഒരു തന്ത്രമായി മാത്രമേ കാണാന്‍ കഴിയൂ. യഥാര്‍ത്ഥത്തില്‍ ആ അജണ്ട തുറന്നു കാട്ടാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടിയിരുന്ന മുസ്ലീം സംഘടനകള്‍ സംഘികള്‍ക്കൊപ്പം മറൈന്‍ ഡ്രൈവില്‍ അണിനിരക്കുകയാണല്ലോ ചെയ്തത്. മുസ്ലീങ്ങള്‍ നടത്തുന്ന ഒരു ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവമോര്‍ച്ചയുടെ വര്‍ഗീയപദ്ധതിയെ
എതിര്‍ക്കാനുള്ള ഉത്തരവാദിത്തം മുസ്ലീം സംഘടനകള്‍ക്ക് മാത്രമാണെന്ന് ഇവിടെ ഉദ്ദേശിക്കുന്നെയില്ല. അതേസമയം ഫാസിസത്തിന്റെ എതിര്‍ ചേരിയില്‍ നിലയുറപ്പിക്കേണ്ട ഒരു നിര്‍ണായക ഘട്ടത്തില്‍ മുസ്ലീം സംഘടനകള്‍ ആ ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന് മാത്രമേ അര്‍ത്ഥമാക്കുന്നുള്ളൂ. ചുംബന സമരത്തിനു തിരി കൊളുത്തിയത് മുതല്‍ അതിന്റെ ഓരോ ഘട്ടത്തിലും നേതൃത്വപരമായ പങ്കു വഹിച്ചവരില്‍ ധാരാളം മുസ്ലീങ്ങള്‍ ഉണ്ട് എന്നത് ബോധപൂര്‍വം തമസ്‌കരിച്ച്, ചുംബനസമരം മുസ്ലീങ്ങള്‍ക്കെതിരായ ഒന്നാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അവര്‍ എന്തായാലും മുസ്ലീങ്ങളുടെ മിത്രങ്ങളല്ല എന്നത് വ്യക്തം.

 

പ്രണയം, ലൈംഗികത, സ്ത്രീകളുടെ ലൈംഗികമായ സ്വയംനിര്‍ണയാവകാശം, മതസദാചാരം, സംസ്‌കാരം, ആവിഷ്‌കാര സ്വാതന്ത്ര്യം തുടങ്ങിയ നിരവധി വിഷയങ്ങളിലേക്ക് വാതില്‍ തുറക്കുന്നു ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ചുംബനസമരത്തിന്റെ അലയൊലികള്‍. ലോകം മാറിപ്പോയേക്കുമോ എന്ന കടുത്ത അരക്ഷിതത്വബോധത്തില്‍ നിന്നുണ്ടായ ഷോക്കില്‍ നിന്നും മലയാളി സമൂഹം കുറച്ചൊക്കെ മോചനം നേടിയിട്ടുണ്ടാവണം. പിന്നീടുണ്ടായ ചുംബനക്കൂട്ടയ്മകളോട് മറൈന്‍ ഡ്രൈവില്‍ കാണിച്ചത്ര അസഹിഷ്ണുത ഉണ്ടാകാതിരുന്നത് അതുകൊണ്ടാകാം. ഉമ്മ വെക്കുന്നവര്‍ സംസാരിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഷയാണെന്നും അവര്‍ നിലകൊള്ളുന്നത് ഫാസിസ്റ്റ് വിരുദ്ധ ചേരിയിലാണെന്നും അവര്‍ വാദിക്കുന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണെന്നും മനസിലാക്കുകയാണ് കാര്യം.
ന്യൂനപക്ഷങ്ങളുടെ അവകാശം എന്നാല്‍ മുസ്ലിം പുരുഷന്റെ അവകാശം എന്നു മാത്രമല്ലെന്നും സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ഭാഷാ ന്യൂനപക്ഷങ്ങളുടെയും അതീവ ന്യൂനപക്ഷമായ മതരഹിതരുടെയും അവകാശങ്ങളാണെന്നും തിരിച്ചറിയുകയാണ് കാര്യം.

 

(ചുംബനസമരത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രസിദ്ധീകരിച്ച വൈഖരി ആര്യാട്ടിന്റെ ലേഖനം: ചുംബനസമരത്തിന്റെ ഒരു വര്‍ഷം: ചുവന്ന ചുണ്ടുകളാല്‍ മുറിവേറ്റവര്‍ക്ക്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍