UPDATES

ട്രെന്‍ഡിങ്ങ്

ചുംബനം മനോഹരം; പക്ഷേ, സമരം ദുര്‍ബലം

ചുംബന സമരരീതിയോടു വിയോജിപ്പ് രേഖപ്പെടുത്തിഎന്നതുകൊണ്ട് സിപിഎം പുരോഗമന വിരുദ്ധമാകില്ല

ചുംബിക്കുമ്പോള്‍ മാത്രം ദൈവം നമുക്ക് ചിറകുകള്‍ തരുന്നു എന്ന് ഖലീല്‍ ജിബ്രാന്‍ പറയുന്നു.
ചുംബനം സമരമായി മാറിയപ്പോള്‍ അനുകൂലിച്ചും എതിര്‍ത്തുമുള്ള സംവാദങ്ങള്‍ തുടരുകയാണ്. ചുംബനം ഒരു സമരരീതി എന്ന നിലയില്‍ അംഗീകരിക്കുമോ, ജനങ്ങള്‍ ഏറ്റെടുക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷപാര്‍ട്ടിയായ സിപിഎമ്മിന്റെ ചുംബനസമരത്തോടുള്ള നിലപാട് നവമാധ്യമങ്ങളില്‍ വിമര്‍ശന വിധേയമാകുമ്പോള്‍ എന്തുകൊണ്ട് ഒരു സമരരീതി എന്ന നിലയില്‍ ചുംബന സമരത്തോടു സിപിഎം വിയോജിക്കുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്.

ചുംബന സമരത്തെ കുറിച്ച് പിണറായി വിജയന്റെ വാചകങ്ങളും ഇപ്പോള്‍ കോടിയേരി പറഞ്ഞതും വിവാദങ്ങളായി മാറി. പാര്‍ട്ടി നിലപാടിലെ പൊതുവായ ഘടകം ജനപിന്തുണയാര്‍ജജിക്കാന്‍ കഴിയുന്നതാകണം സമരരീതി എന്ന നിലപാടാണ്. ‘ മുറിക്കുള്ളില്‍ ചെയ്യേണ്ട കാര്യങ്ങള്‍’, ‘വീട്ടുകാരുടെ എങ്കിലും പിന്തുണ’ എന്നീ വാചകങ്ങളാണു വിവാദങ്ങള്‍ക്ക് കാരണമായത്. ചുംബന സമരം എന്ന സമരരീതി അതേപടി പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ല എന്ന നിലപാടു ശരിയാണ്. പക്ഷേ പറഞ്ഞവതരിപ്പിക്കുമ്പോള്‍ കുറച്ചുകൂടി ജാഗ്രത ഉണ്ടാവേണ്ടതായിരുന്നു.

ചുംബനസമരം അതേപടി ഏറ്റെടുക്കേണ്ടതില്ല എന്ന് മാതൃഭൂമി ആഴ്ചപതിപ്പിനു നല്‍കിയ അഭിമുഖത്തില്‍ സുഭാഷിണി അലിയും വ്യക്തമാക്കുകയുണ്ടായി . ചുംബന സമരകൂട്ടായ്മയേക്കാള്‍ സാമൂഹികമായ ഉത്തരവാദിത്തവും ദിശാബോധവുമുള്ള പ്രസ്ഥാനം എന്ന നിലയില്‍ പാര്‍ട്ടിക്ക് സുചിന്തിതമായ നിലപാടുകള്‍ സ്വീകരിക്കാനേ കഴിയൂ.

സമൂഹത്തില്‍ ആഴത്തില്‍ സ്വാധീനമുള്ളതും വിപുലമായ ബഹുജന അടിത്തറയുള്ളതുമായ പാര്‍ട്ടിയാണു കേരളത്തിലേത്. പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് പാര്‍ട്ടിനേതാക്കളും കമ്മിറ്റികളും മാത്രമല്ല പടിപടിയായി പാര്‍ട്ടിയുടെ വിപുലമായ ബഹുജന സ്വാധീനത്തെക്കൂടി ലക്ഷ്യത്തിലെത്തിക്കുമ്പോഴാണ് സാമുഹികമാറ്റമുണ്ടാകുന്നതും പാര്‍ട്ടിപ്രവര്‍ത്തനം വിജയം കാണുന്നതും. ചുംബനസമരവും, സ്വതന്ത്രലൈംഗികതയും, പുരോഗമനപരം തന്നെയാണ്. പക്ഷേ ഇതെല്ലാം സൂക്ഷ്മ ന്യൂനപക്ഷമായി തന്നെ നിലനില്‍ക്കുന്നു.

കുടുംബമടക്കമുള്ള സാമൂഹികസ്ഥാപനങ്ങളും മൂല്യസങ്കല്‍പങ്ങളും സദാചാരബോധവും നവീകരിക്കേണ്ടതുണ്ട് എന്നുതന്നെയാണ് പാര്‍ട്ടി നിലപാട്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന പൊതുസമ്മേളനത്തില്‍ എംഎ ബേബി നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടിനിലപാടു വ്യക്തമാണ്.

‘നാം വീട്ടിലേക്ക് കയറുമ്പോള്‍ ചെരുപ്പ് പുറത്തുവെയ്ക്കുന്നതുപോലെ പുരോഗമന ചിന്തകള്‍ പുറത്തുവച്ചാണ് അകത്തുകയറുന്നത്’. കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഉദാരമാകേണ്ടതുണ്ട്. കുടുംബത്തിലും സമൂഹത്തിലും ഇനിയും ഏറെ പുരോഗതി കൈവരിക്കാനുണ്ട്. ഇത് ലക്ഷ്യമാക്കി പ്രവര്‍ത്തനം രൂപപ്പെടുത്തിയാലേ സാമൂഹികമാറ്റം ഉണ്ടാവൂ എന്നായിരുന്നു പ്രസംഗത്തിന്റെ ചുരുക്കം.

പക്ഷേ ചുംബന സമരക്കാരെപ്പോലെ ഒരതിസാഹസിക സമരരീതി സിപിഎമ്മിന് സ്വീകാര്യമല്ല. ഓരോ സാഹചര്യത്തിലും പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍, ബഹുജനങ്ങളുടെ ഇടയില്‍ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും. പ്രവര്‍ത്തകരിലും പൊതുസമൂഹത്തിലും ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ ഊതിപ്പെരുപ്പിക്കാനും മുതലെടുപ്പ് നടത്താനും എതിര്‍കക്ഷികളും മാധ്യമങ്ങളും സ്വതന്ത്രബുദ്ധിജീവികളുമടക്കം പ്രതിയോഗികളുടെ ഒരക്ഷൗഹിണി തന്നെ ചക്രവ്യൂഹം ചമച്ച് കാത്തിരിക്കുന്നുണ്ട്. അതിനാല്‍ തന്നെ നിലപാടുകള്‍ അതീവ ജാഗ്രതയോടുകൂടിയാകണം .

യുക്തിവാദികളുടെ നിലപാടും പാര്‍ട്ടി നിലപാടും തമ്മില്‍ അന്തരം ഉള്ളതുപോലെ തന്നെയാണു മറ്റു പല നിലപാടുകളും സ്വീകരിക്കുന്നത്. ദൈവസങ്കല്‍പത്തെ യുക്തിവാദികള്‍ പാടെ നിരാകരിക്കുമ്പോള്‍ ഭൗതികവാദത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി ദൈവം എന്ന സാമൂഹിക യാഥാര്‍ത്യത്തെ അംഗീകരിക്കുന്നു. ദൈവം, മതവിശ്വാസങ്ങള്‍, മതാധിഷ്ഠിതജീവിതം എന്നിവ സമൂഹത്തില്‍ ശക്തമാണ്. നമ്മുടെ സമൂഹത്തില്‍ ഏതൊരു രാഷ്ട്രീയപാര്‍ട്ടിയെക്കാളും കൂടുതല്‍ സ്വാധീനം മതങ്ങള്‍ക്കുണ്ട് . ദൈവ മതസങ്കല്‍പത്തിനെ ആകെ നിരാകരിക്കുകയോ തള്ളിക്കയുകയോ ചെയ്തുകൊണ്ട് ദൈവവിശ്വാസികള്‍ അല്ലാത്തവരെമാത്രം സംഘടിപ്പിച്ചു മുന്നോട്ടുപോകല്‍ സാധ്യമല്ല. ദൈവമത വിശ്വാസികളോടും മതത്തോടും സമരം ചെയ്തശേഷം വര്‍ഗ്ഗസമരം നടത്താം എന്ന നിലപാടു പ്രായോഗികമല്ല.

മനുഷ്യനന്മ ലക്ഷ്യംവെയ്ക്കുന്ന ഏതാശയവും സ്വീകാര്യമാണ്. എന്നാല്‍ മതത്തിന്റെ പേരിലുള്ള ചൂഷണവും അസമത്വങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. ദൈവവിശ്വാസികളെയും അല്ലാത്തവരെയും ഒരുകുടക്കീഴില്‍ നിര്‍ത്തി പ്രഖാപിത ലക്ഷ്യങ്ങള്‍ക്കായി പൊരുതാനുള്ള സമര മുന്നണി ശക്തിപ്പെടുത്തുക, അതേസമയം തന്നെ മതനവീകരണത്തിനുള്ള അന്തരീക്ഷമൊരുക്കുക എന്ന നിലപാടാണ് ശരിയായത്.

സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതും നിലപാടുകള്‍ സ്വീകരിക്കുന്നതും യുക്തിചിന്തയും ശാസ്ത്രബോധവും മുന്‍നിര്‍ത്തിയാണ്. അല്ലാതെ ക്ഷേത്രവഴിപാടുകള്‍ നടത്തിയോ കവടി നിരത്തിയോ അല്ല. ഈ നിലപാടുകള്‍ ദൈവവിശ്വാസികളും അല്ലാത്തവരും ഒരുപോലെ അംഗീകരിക്കുന്നു. പട്ടിണിയും ജാതീയതയും ദൈവഹിതം അല്ല എന്ന തിരിച്ചറിവ് എല്ലാവരെകൊണ്ടും അംഗീകരിപ്പിക്കുന്നു.

സിപിഎം വിവിധ മതങ്ങളുടെ ഉത്സവങ്ങള്‍ നടത്തുന്നതുമായി സഹകരിക്കുമ്പോള്‍ വിമര്‍ശനശരമാരിയുമായി പ്രത്യക്ഷപ്പെടുന്നവര്‍ക്ക് മുന്നുംപിന്നും നോക്കാനില്ല . എന്നാല്‍ അമ്പലങ്ങളും പള്ളികളും ആയുധപ്പുരകളാകുന്നതും അവിടം വിഭാഗീയ ചിന്തകളുടെ വിളനിലമാകുന്നതും, അതുവഴി സമൂഹത്തില്‍ സ്ഥാനമുറപ്പിക്കുന്നവരെ കണ്ടില്ലെന്നു നടിക്കാനും പാര്‍ട്ടിക്ക് കഴിയില്ല. വിശ്വാസകേന്ദ്രങ്ങളില്‍ നിന്നും വര്‍ഗ്ഗീയവാദികളെ പ്രതിരോധിക്കേണ്ടതും. മനുഷ്യനന്മയുടെയും സാഹോദര്യത്തിന്റെയും പ്രഖ്യാപനങ്ങളാക്കി ഉത്സവങ്ങള്‍ നിലനിര്‍ത്തേണ്ടതും പരിഷ്‌കരിക്കേണ്ടതും അനിവാര്യമാണ്.

ചുംബനസമരത്തിന്റെ കാര്യത്തിലും ഇത്തരത്തിലൊരു പ്രയോഗിക നിലപാട് സ്വീകരിക്കല്‍ മാത്രമാണ് സംഗതമായ കാര്യം. ചുംബനസമരക്കാര്‍ക്കും, സ്വതന്ത്രബുദ്ധിജീവികള്‍ക്കും, അരാജകവാദികള്‍ക്കും സാഹസികമായ ഏതു സമരമാര്‍ഗവും സ്വീകരിക്കാം. സമൂഹത്തിലെ ഭൂരിപക്ഷം ജനത്തെ എല്ലാ വിഭാഗീയചിന്തകള്‍ക്കും അതീതമായി കൂടെ നടത്തുക എന്നത് അവരുടെ ലക്ഷ്യവുമല്ല. സ്വതന്ത്രമായി അഭിപ്രായം പറയുക പലപ്പോഴും ജീവിച്ചു കാണിക്കുക എന്നതിനപ്പുറത്ത് ആശയ പ്രചരണത്തിനോ സാമൂഹികമാറ്റത്തിനോ സംഘടനാപ്രവര്‍ത്തനമോ നിരന്തരമായ മറ്റെന്തെങ്കിലും കര്‍മ്മപരിപാടിയോ അവര്‍ മുന്നോട്ടുവെക്കുന്നില്ല. തങ്ങളുടെ ശരികള്‍ക്കുവേണ്ടി സംഘടനകളെയും പലപ്പോഴും സമൂഹത്തെ അപ്പാടെയും തള്ളിക്കളഞ്ഞ് ആത്മനിഷ്ഠമായ ശരികളില്‍ കേന്ദ്രീകരിക്കുന്നവരാണ് ഇക്കൂട്ടര്‍.

എന്നാല്‍ ഇത് നിഷേധാത്മക സമീപനമാണ് എന്നാണ് സിപിഎം നിലപാട്. സംഘടനാശരീരത്തെയും വിപുലമായ ബഹുജനസഞ്ചയത്തെയും ആശയപരമായും ആള്‍ക്കൂട്ടമായും മുന്നോട്ടു നയിക്കുക എന്നതു പാര്‍ട്ടിയുടെ ലക്ഷ്യവും മാര്‍ഗവുമാണ്.

ചുംബനസമരം പോലൊരു സമരബോംബുവഴി സ്‌ഫോടനം സൃഷ്ടിച്ച് ഉടനടി മാറ്റമുണ്ടാക്കാം എന്നു സിപിഎം കരുതുന്നില്ല. അനുഭാവികളിലും പ്രവര്‍ത്തകരിലും മുതല്‍ നേതാക്കളില്‍വരെ ശക്തമായി നിലനില്‍ക്കുന്ന മൂല്യബോധവും സദാചാരബോധവും ഒരൊറ്റ പ്രസംഗംകൊണ്ട് ഒരൊറ്റ സമരംകൊണ്ട് തിരുത്തിയെഴുതാനാവില്ല.

സാവധാനത്തിലുള്ള പരിണാമമാണു വേണ്ടത്. എന്നിരിക്കെ, സ്വാധീന മേഖലയിലെ സ്‌ഫോടനത്തില്‍ രൂപപ്പെടുന്ന വിള്ളലുകള്‍ വഴി വളര്‍ന്നുവരാന്‍ പോകുന്നത് പുരോഗമനവാദികളോ സ്വതന്ത്രചിന്തകരോ അല്ല. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാത്ത മതവര്‍ഗ്ഗീയതയും വിഭാഗീയ ചിന്തകളുമാണ് എന്ന വസ്തുത അവഗണിക്കാവുന്നതല്ല.
സമര രൂപത്തോടു വിയോജിക്കുമ്പോള്‍ തന്നെയും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി അംഗീകരിക്കുന്നുണ്ട്. പിണറായി വിജയന്റെ പ്രസ്ഥാവനയിലും ഇതുകാണാം. ചുംബന സമരക്കാരെ തല്ലിയൊതുക്കും എന്ന സംഘപരിവാര്‍ നിലപാട് അംഗീകരിക്കാനാവില്ല എന്ന നിലപാട് നാം വേണ്ടത്ര ചര്‍ച്ച ചെയ്തതുമില്ല.

ചുംബന സമരക്കാരെ എതിര്‍ക്കാന്‍ വന്ന വിവിധ സേനകളുടെയും യുവമോര്‍ച്ചയുടെയും തോളുരുമ്മി കെഎസ്‌യു വും ഉണ്ടായിരുന്നു എന്നു നാം മറക്കരുത്. ഒരു ബല്‍റാം മാത്രം അനുകൂല പോസ്റ്റ് എഴുതിയതുകൊണ്ട് അത് കോണ്‍ഗ്രസിന്റെ മുഴുവന്‍ പിന്തുണയല്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കെഎസ്‌യു പതാകകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക എതിര്‍പ്പ് .
തല്ലിയൊതുക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ എസ്എഫ്ഐയോ ഡിവൈഎഫ്‌ഐയോ ഇല്ലായിരുന്നു എന്നും തിരിച്ചറിയണം. ജെഎന്‍യുവിലും ഹൈദരാബാദിലുമടക്കം സജീവ ചര്‍ച്ചകള്‍ നയിച്ചതും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതും എസ്എഫ്‌ഐ ആയിരുന്നു . തുടര്‍ന്ന് മഹാരാജാസ് കോളേജില്‍ നടന്ന ആലിംഗന സമരം തല്ലിയൊതുക്കാന്‍ വന്ന എബിവിപിയില്‍ നിന്നും സംരക്ഷണം തീര്‍ത്തത് എസ്എഫ്ഐ ആയിരുന്നു.

പരസ്യമായി ചുംബിക്കാനും, കെട്ടിപ്പിടിക്കാനും സ്വതന്ത്ര ലൈംഗികബന്ധങ്ങള്‍ക്കും പാകമായ പക്വമായ സമൂഹം വളര്‍ന്നു വരണം. ഇന്നു നിലനില്‍ക്കുന്ന സാമൂഹികസ്ഥാപനങ്ങളും, ആധിപത്യബന്ധങ്ങളും ജനാധിപത്യവത്കരിക്കണം എന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. അതിനായി ഒരെടുത്തുചാട്ടത്തിനോ സമൂഹത്തെ ആകെ നിരാകരിച്ചുകൊണ്ടുള്ള ഒരു എകകോശസമരത്തിനോ മുതിരേണ്ടതില്ല. കാരണം സമൂഹത്തെ മുഴുവനായി സ്വാധീനിക്കുകയും കൂടെ നിര്‍ത്തി സാവധാനം പാകപ്പെടുത്തിയെടുക്കുകയും വേണം എന്ന നിലപാടാണ് ശരി. അതേസമയം തന്നെ ചുംബനസമരം നടത്താനുള്ള സ്വാതന്ത്ര്യം അംഗീകരിക്കുകയും അവരെ തല്ലിയോടിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് നിലപാട് പുരോഗമനപരമാകുന്നത്. സദാചാര പോലീസ് മത്രമല്ല ഫാസിസം, ചുംബന സമരം മാത്രമല്ല ഫാസിസത്തെ പ്രതിരോധിക്കാനുള്ള ഏകമാര്‍ഗ്ഗം. ഭരണത്തിലേറിയ ഫാസിസം കൂടുതല്‍ അപകടകാരിയാണ് അതിനെ പ്രതിരോധിക്കാനും താഴെയിറക്കാനും വിശാലമായ ജനാധിപത്യമതേതരസഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട് .

അനുദിനം ജനജീവിതം ദു:സഹമാക്കുന്ന കോര്‍പ്പറേറ്റ് അനുകൂലസാമ്പത്തികക്രമത്തിനെതിരെയും, ജാതിവിവേചനവും ലിംഗനീതിയുമടക്കം രൂക്ഷമായ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെയും സന്ധിയില്ലാത്ത സമരവുമാണ് പാര്‍ട്ടിയുടെ പ്രഖ്യാപിതലക്ഷ്യം. ഇതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല. ഈ സമരങ്ങളാകട്ടെ ബഹുജന സഞ്ചയത്തെ അണിനിരത്തുന്ന സമരവുമാണ്. ഈ സമരങ്ങളുടെ അനന്തരഫലം കൂടുതല്‍ മെച്ചപ്പെട്ട സമൂഹവും സാമൂഹികബന്ധങ്ങളുമാണ്.

ഒരു സമരരീതി എന്ന നിലയില്‍ ചുംബനം ബഹുജനത്തിന് സ്വീകാര്യമല്ലാതാകുന്നതു സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരബോധം മൂലമാണ്. ഈ സദാചാരബോധത്തെ പാടെ നിരാകരിക്കുമ്പോള്‍ സമൂഹത്തിലെ ഭൂരിപക്ഷത്തെ നിരാകരിക്കേണ്ടിവരുന്നു. പകരം കൂടെനടന്ന് സാവധാനത്തിലുള്ള പരിഷ്‌കരണം വഴി ഭൂരിപക്ഷത്തെ കൂടെനിര്‍ത്താനും സാമൂഹികമാറ്റത്തിന്റെ നിര്‍ണായക ചാലകശക്തിയായി അവരെ ഉപയോഗിക്കാനും കഴിയും.

വീട്ടിനകത്ത് ജീവിതപങ്കാളികള്‍ക്കുപോലും പരസ്യമായി സ്‌നേഹപ്രകടനത്തിനുവേണ്ടി ചുംബിക്കാന്‍ കഴിയില്ല എന്നതാണ് ഭൂരിപക്ഷം കുടുംബങ്ങളുടെയും അവസ്ഥ. ഇത്രയും വെല്ലുവിളികള്‍ നേരിടുന്ന ഈസമരരൂപം പൊതുസമൂഹത്തെകൊണ്ടു പെട്ടന്ന് അംഗീകരിപ്പിച്ചെടുക്കാനാകില്ല എന്നതു തന്നെയാണ് ഈ സമരരൂപത്തിന്റെ പരിമിതി.

ചുംബനസമരത്തെ ഫേസ്ബുക്കില്‍ പിന്തുണയ്ക്കുന്നവര്‍ക്ക്, അവരില്‍ മഹാഭൂരിപക്ഷത്തിനു പ്രത്യക്ഷമായി ഈ സമരത്തില്‍ പങ്കെടുക്കാനാവില്ല. ആദ്യമായി ചുംബന സമരം നടന്നപ്പോള്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തില്‍ സമരത്തെ അനുകൂലിക്കുന്നവര്‍ വളരെ ചുരുക്കമായിരുന്നു. എതിര്‍ക്കാന്‍വന്നവരും സമരം ‘ആസ്വദിക്കാന്‍’ വന്നവരുമായിരുന്നു ഭൂരിപക്ഷം. ചുംബന സമരത്തെ ആഘോഷമാക്കി മാറ്റുന്ന ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ കുറിച്ചും ചാനലുകളുടെ ധാര്‍മ്മികതയില്ലാത്ത അവതരണരീതിയും വിമര്‍ശിച്ചുകൊണ്ട് അരുന്ധതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ഈ സമര രീതി സ്വീകരിച്ചതുകൊണ്ടുമാത്രം സമൂഹത്തിന്റെ സദാചാരബോധം പരിഷ്‌കരിക്കാനാവില്ല. ഒരു സമരരീതി എന്ന നിലയില്‍ ഏറെ പരിമിതികള്‍ പേറുന്ന ഈ സമരം ഇപ്പോള്‍ ഏറ്റെടുക്കേണ്ടതില്ല. സമരരീതിയോടു വിയോജിപ്പ് രേഖപ്പെടുത്തി എന്നതിനാല്‍ സിപിഎം പുരോഗമന വിരുദ്ധമാകുന്നുമില്ല. ജനകീയജനാധിപത്യ വിപ്ലവം ലക്ഷ്യമാക്കിക്കൊണ്ടുള്ള ബഹുജനസമരങ്ങള്‍ തന്നെയാണ് ചുംബനസമരത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്…

 

സ്റ്റാലിന്‍ കുന്നത്ത്

സ്റ്റാലിന്‍ കുന്നത്ത്

കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മലയാളം എംഫില്‍ വിദ്യാര്‍ത്ഥിയാണ്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍