UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

ചുംബന സമരത്തിന്റെ ഒരു വര്‍ഷം: ഉമ്മകളില്‍ ഉയിരിടുന്ന സാമൂഹ്യപരിണാമം

കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക പരിസരം കാലങ്ങളായി മുന്നോട്ടു വച്ചിരുന്ന സദാചാര സംഹിതകള്‍ക്ക് മേല്‍ കുറുകെയുണ്ടായ ഒരു കീറലായിരുന്നു ചുംബനസമരം. ഉമ്മ വയ്ക്കാനുള്ള സ്വാതന്ത്ര്യമെന്ന് പരിഹാസവും വിമര്‍ശനവും ഉണ്ടായപ്പോഴും കേരളത്തിന്റെ പൊതുവ്യവഹാരത്തില്‍ ഈ സമരമുണ്ടാക്കിയ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. ഒപ്പം രാജ്യവ്യാപകമായി പടരുകയും കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കും ഫാസിസത്തിനുമെതിരെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പുതിയ കൂട്ടായ്മകള്‍ രൂപീകരിക്കുന്നതിനും ചുംബനസമരം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങള്‍ ഏറെ പ്രധാനമായിരുന്നു. ‘ഒന്നാം ചുംബനസമരം’ നടന്ന്‍ ഒരു വര്‍ഷം തികയുമ്പോള്‍ അതിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കും അനുഭാവികള്‍ക്കും എതിര്‍പ്പുള്ളവര്‍ക്കും ഒക്കെ തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാനുള്ള ഒരിടം. ഈ സാഹചര്യത്തില്‍, വിശാഖ് ശങ്കര്‍ കഴിഞ്ഞ ഡിസംബറില്‍ യുക്തിയുഗം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു. 

 

ഭാഗം-1 

ഉമ്മകളില്‍ ഉയിരിടുന്ന സാമൂഹ്യപരിണാമം
കിസ്സ് ഓഫ് ലൗ എന്ന ബഹുജനകൂട്ടായ്മ ആഹ്വാനം ചെയ്ത ചുംബനസമരം കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ സാക്ഷാത്കരിക്കപ്പെട്ടിട്ട് നാളുകള്‍ കഴിഞ്ഞിട്ടും അതുണര്‍ത്തിയ അലകള്‍, കൊളുത്തിയ തീ അണയാതെ നില്ക്കുന്നു. ‘ഒന്നാം ചുംബനസമരം’ എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സമരത്തിനും അത് തുടങ്ങിവച്ച സാംസ്‌കാരിക വ്യവഹാരങ്ങള്‍ക്കും നിരവധി തുടര്‍ച്ചകളുണ്ടായി. പ്രശ്‌നാധിഷ്ഠിതവും ഒട്ടൊക്കെ വൈകാരികം തന്നെയുമായ ഒരു പ്രതികരണത്തിന്റെ പരിമിതികളില്‍ നിന്ന് അതിന്റെ ചരിത്രം സമഗ്രവും വിശാലവുമായ പുതിയ പരിപ്രേക്ഷ്യങ്ങളിലേക്ക് വികസിക്കുന്നത് നാം കണ്ടു. ജനകീയമായ എറ്റെടുക്കലുകളിലൂടെ നിരന്തരം ധനാത്മകമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഈ വര്‍ത്തമാനചരിത്രം തന്നെയാണ് ചുംബനസമരത്തിനെ അതിന്റെ സമീപകാല ആള്‍ക്കൂട്ട സമരമാതൃകകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും.

കോഴിക്കോട് പി ടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ ഹോട്ടലിന്റെ പാര്‍ക്കിങ്ങ് ഏരിയില്‍ വിദ്യാര്‍ത്ഥി, വിദ്യാര്‍ഥിനികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ചാനല്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്ന് സദാചാരം മൂത്ത കുറെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തത്സമയം സംഘം കൂടി പ്രസ്തുത ഹോട്ടലില്‍ ചെന്ന് കര്‍സേവ നടത്തിയത് ഒക്ടോബര്‍ 2014 ഇരുപത്തിമൂന്നാം തിയതിയാണ്. സംഭവത്തെ തുടര്‍ന്ന് സൈബര്‍മീഡിയയില്‍ രൂപപ്പെട്ട വ്യാപക പ്രതിഷേധത്തില്‍നിന്ന് ഉരുത്തിരിഞ്ഞ ഒരു ആശയമായിരുന്നു ചുംബനസമരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരിലെ ഒരു പബ്ബില്‍നിന്ന് ഇതേ കാരണങ്ങള്‍ പറഞ്ഞ് ശ്രീരാമ സേന എന്ന വാനരസൈന്യം യുവതീയുവാക്കളെ തല്ലിയോടിച്ച സംഭവം ഇനിയും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞിട്ടില്ലാത്തതിനാലാവണം മോദി മോഡല്‍ വികസനസങ്കല്‍പ്പങ്ങളോട് ചായ്വുള്ള അര്‍ബന്‍ യുവത്വത്തിന്റെ പുത്തന്‍ തലമുറയില്‍ നിന്ന് പോലും ഭാഗികമായ പിന്തുണ ഈ സമരത്തിന് ലഭിച്ചു.

ചുംബനസമരത്തിന്റെ ചരിത്രദൗത്യം
ചുംബനസമരം തുടങ്ങും മുമ്പേതന്നെ അതില്‍ ചരിത്രം അര്‍പ്പിച്ച പല ദൗത്യങ്ങളും നിറവേറാന്‍ തുടങ്ങി കഴിഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സോളിഡാരിറ്റിയും എസ് ഡി പി ഐയും വനിതാ കമ്മീഷനും തലമുതിര്‍ന്ന ആക്റ്റിവിസ്റ്റുകളിലും സാംസ്‌കാരിക നായകരിലും നിയമപണ്ഡിതരിലും പെട്ട പലരും, വോയറിസ്റ്റുകളുടേതായ പൊതുസമൂഹവും ഒരുപോലെ സദാചാരത്തിന്റെ പേരില്‍ മഴവില്‍ സഖ്യം തീര്‍ക്കുന്ന കേരളീയ സമൂഹത്തിന്റെ സാംസ്‌കാരികപുരോഗതിയുടെ പുതിയ ചിത്രം ക്ലോസപ്പില്‍ എടുത്ത് വാര്‍ത്തകളില്‍ പതിക്കുക എന്നതായിരുന്നു ആ ദൌത്യങ്ങളില്‍ ഒന്ന്. സ്ത്രീകളെയും ദളിതരെയും ജാതി, മത, ലൈംഗീക ന്യൂനപക്ഷങ്ങളെയും ഒക്കെ ഉള്‍ക്കൊള്ളുന്ന പാര്‍ശ്വവല്‍കൃതരുടെ രാഷ്ട്രീയ സ്വത്വത്തിന്റെ പ്രതിനിധാനം അട്ടിപ്പേറെടുത്ത ചില സ്വത്വവാദി ബുദ്ധിജീവികളുടെ രാഷ്ട്രീയ മലക്കംമറിച്ചിലുകളെയും വ്യാജസൈദ്ധാന്തിക കസര്‍ത്തുകളെയും തുറന്നുകാട്ടുകയായിരുന്നു മറ്റൊന്ന്.

നവംബര്‍ രണ്ടാം തിയതി കൊച്ചിയില്‍ അരങ്ങേറിയ സമരത്തിന് എതിരെ രൂപപ്പെട്ട പ്രതിഷേധങ്ങള്‍ മേല്പറഞ്ഞ വെളിച്ചപ്പെടുത്തലുകളെ അടിവരയിടുന്നതായിരുന്നു. സദാചാര പോലീസിങ്ങും മതമൗലീകവാദവും ഒരുമിക്കുന്ന ഒരു സ്വത്വാധിഷ്ഠിത പ്ലാറ്റ്‌ഫോം ഉണ്ടെന്നും അതിന് അതിന്റേതായ പ്രത്യക്ഷരും പരോക്ഷരുമായ ബുദ്ധിജീവികള്‍ വരെ ഉണ്ടെന്നുമുള്ള വസ്തുത അവഗണിക്കാനാവാത്ത വണ്ണം പ്രകടമാക്കി കാണിച്ചുതന്നുകൊണ്ടായിരുന്നു ഒന്നാം ചുംബനസമരം കഴിഞ്ഞുപോയത്. ഒരു ശരാശരി സമരമോ, പിക്കറ്റിങ്ങോ ഒക്കെ നടക്കുന്നിടത്ത് ആയിരക്കണക്കിന് സമരക്കാരും നൂറുകണക്കിന് പോലീസുകാരും ഒക്കെയേ കാണൂ പത്രഭാഷയില്‍ പോലും. ഒഴിവാക്കാന്‍ പറ്റാത്ത ആവശ്യങ്ങള്‍ പ്രമാണിച്ച് മാത്രം അതിന്റെ ഇടയിലേയ്ക്ക് ചെന്ന് കയറിക്കൊടുക്കാന്‍ വിധിക്കപ്പെട്ട ‘പൊതു’ജനത്തില്‍ ചിലരും. എന്നാല്‍ ഇവിടെ സമരക്കാരും, സമരപ്രതിഷേധക്കാരും, പോലിസുകാരും എല്ലാം ചേര്‍ന്നാല്‍ കിട്ടുന്ന സംഖ്യയുടെ ഇരട്ടിയിലധികം വരുന്ന വേറൊരു വിഭാഗമാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. അവര്‍ സമരത്തിന്റെ കാണികളാണ്. അടിയെന്ന് എഴുതി കാണിച്ചാല്‍ അപ്പോള്‍ ഗ്രൗണ്ട് വിടുന്ന മലയാളി അപകടസാധ്യതകള്‍ തൃണവല്‍ഗണിച്ച് മരത്തിന്റെ മുകളില്‍ വരെ നിലയുറപ്പിച്ച് മണിക്കൂറുകളോളം കാത്തുനിന്നു. എന്തു കാണാന്‍?

 

 

മതേതരരാഷ്ട്രീയസംഘടനകള്‍ക്ക് തകര്‍ച്ചയും, മതരാഷ്ട്രീയസംഘടനകള്‍ക്ക് സ്വീകാര്യതയും ഏറിവരുന്ന ഒരു കാലഘട്ടത്തില്‍ ഞങ്ങള്‍ക്ക് ‘രാഷ്ട്രീയമില്ല’ എന്ന് അഭിമാനിക്കുന്ന മധ്യവര്‍ഗ്ഗ ആള്‍ക്കൂട്ടത്തെ എല്ലാറ്റിനും രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ഈ സമരത്തിനും അനുബന്ധസംഭവങ്ങള്‍ക്കും കഴിഞ്ഞു. സദാ ആചരിക്കേണ്ടവ എന്ന നിലയില്‍ യുക്തിയുടെ, അതിന്റെ എമ്പെരിക്കല്‍ രീതിശാസ്ത്രത്തിന്റെ ചോദ്യങ്ങള്‍ക്ക് പുറത്ത് കൂടി ഒളിച്ചുകടത്തപ്പെടുന്ന ഈ’സദാചാര’ത്തിന്റെ വേരുകള്‍ അധികാരത്തിലാണെന്നും ആ അധികാരമാണ് സദാചാരത്തിന്റെ മറ്റൊരു നിര്‍വചനമായ നല്ലാചാരത്തിലെ നന്മയെ നിര്‍ണ്ണയിക്കുന്നതെന്നും ഉള്ള വെളിപ്പെടലില്‍ നിന്നാണ് ആ തിരിച്ചറിവ് ഉണ്ടാകുന്നത്.

 

മാറുന്ന പരിപ്രേക്ഷ്യം
ചുംബിക്കാനുള്ള, സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു ഒന്നാം ചുംബന സമരകാലത്ത് മുഖ്യമായും ഉയര്‍ന്നുകേട്ട അതിന്റെ ഉള്ളടക്കം. സമരത്തില്‍ പങ്കെടുത്ത് ചുംബിക്കുക കാമുകീകാമുകന്മാര്‍ മാത്രമല്ല, അച്ഛനും അമ്മയും, സഹോദരനും സഹോദരിയും, മകനും മകളുമൊക്കെ ഉണ്ടാവും എന്ന വാദത്തെ കേവലമായ പരസ്യചുംബന സ്വാതന്ത്ര്യത്തിലേയ്ക്ക് സമരത്തെ ചുരുക്കുന്ന ഒന്നായി വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്. എന്നിട്ട് പോലും പ്രതിഷേധക്കാര്‍ക്ക് അത് അനുവദിക്കാനായില്ല. പ്രശ്‌നം പരസ്യമായ ചുംബനമല്ല, ചുംബനത്തിന്റെ സ്വഭാവമാണെന്ന് വ്യക്തം. ഭാര്യയും ഭര്‍ത്താവും, അച്ഛനമ്മമാരും മക്കളും, സഹോദരിയും സഹോദരനും ഒക്കെ പരസ്പരം ആലിംഗനം ചെയ്യുന്നതും, ചുംബിക്കുന്നതും അന്തര്‍ദേശീയ വിമാനത്താവളങ്ങളിലെയും, ദീര്‍ഘദൂരതീവണ്ടികള്‍ നിര്‍ത്തുന്ന റെയില്‍വേ സ്‌റ്റേഷനുകളിലെയും ഒക്കെ പതിവ് കാഴ്ചയാണ്. അവിടെയൊന്നും ഒരു മോര്‍ച്ചകളും അടിച്ച് തകര്‍ക്കാന്‍ എത്തുന്നില്ല. അതായത് പരസ്യചുംബനം എതിര്‍ക്കപ്പെടുന്നത് ചുംബനത്തെ അതിന്റെ കേവല അര്‍ത്ഥത്തില്‍ എടുത്തുകൊണ്ടല്ല. എതിര്‍പ്പ് അവര്‍ ഉദാത്തം എന്ന് കരുതുന്ന സ്‌നേഹം എന്ന വികാരത്തിന്റെ പരസ്യപ്രകടനം എന്ന നിലയില്‍ അടയാളപ്പെടുന്ന ചുംബനമെന്ന ക്രിയയോടല്ല മറിച്ച് അവര്‍ അശ്ലീലം എന്ന് കരുതുന്ന അനിവാര്യമായ തിന്മയായ ലൈംഗീകതയുടെ പരസ്യ ആവിഷ്‌കാരമായ ചുംബനങ്ങളോടാണ് എന്ന് വ്യക്തം.

ഒന്നാം ചുംബനസമരം പ്രകടമാക്കാന്‍ മടിച്ച ഈ ഘടകത്തെയും തലസ്ഥാനത്തേയ്ക്ക് വ്യാപിക്കുമ്പോഴേയ്ക്കും സന്ദിഗ്ദ്ധതകള്‍ക്ക് ഇടമില്ലാത്തവണ്ണം അത് അഭിസംബോധന ചെയ്യാന്‍ തുടങ്ങുന്നു. വിചിത്രമായ ഏതോ സംസ്‌കാരത്തിന്റെയും, സദാചാരത്തിന്റെയും പേര് പറഞ്ഞുകൊണ്ട് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം പാര്‍ക്കുകളും, പബ്ബുകളും, കഫേകളും, കടല്‍തീരങ്ങളും ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളിലൊക്കെ പ്രണയം നിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയ കാവി സ്വയംസേവകസംഘത്തിനെതിരേ ഡല്‍ഹിയില്‍, അവരുടെ ആസ്ഥാനമന്ദിരത്തിന് മുമ്പില്‍ പോയി പ്രതിഷേധിച്ച കുറേ മനുഷ്യരിലൂടെ സമരം അതിന്റെ പുതിയ ഒരു ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുകയായിരുന്നു. സമരക്കാരെ ആര്‍ എസ് എസ് ആസ്ഥാനത്തിനു മുമ്പിലെത്താന്‍ പൊലീസ് അനുവദിച്ചില്ല എന്നതോ, അന്‍പതോളം പേര്‍ മാത്രമേ പ്രതിഷേധിക്കാനെത്തിയുള്ളു എന്നതോ (പത്രങ്ങള്‍ അങ്ങനെ പറയുന്നു) അതിന്റെ തിളക്കം കുറയ്ക്കുന്നില്ല. എന്ന് മാത്രമല്ല, ഈ ഘട്ടമെത്തുമ്പൊഴേയ്ക്കും തങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്ന് ആവര്‍ത്തിച്ച് ആണയിട്ടിരുന്ന സമരക്കാരുടെ ആദ്യത്തെ കൂട്ടത്തില്‍നിന്ന് രാജ്യത്താകമാനം നിലനില്ക്കുന്ന വലത് ചൂഷണങ്ങള്‍ക്കെതിരേ, സദാചാര ഫാസിസത്തിനെതിരെ പ്രതിഷേധത്തെ വ്യാപിപ്പിക്കുന്ന പുതിയൊരു വിശാലകൂട്ടായ്മ രൂപപ്പെടുന്നു. അതിന്റെ പരിഗണനാ പരിധിയില്‍ ജാതീയവും, മതപരവും, ലൈംഗീക താല്പര്യബന്ധിയുമായ യാഥാസ്ഥിതിക തിട്ടൂരങ്ങളെ നിഷേധിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന മുഴുവന്‍ മനുഷ്യരും വരുന്നു. ഉഭയസമ്മതപ്രകാരമുള്ള ഏത് പ്രണയവും ലൈംഗികതയും വ്യക്തിയുടെ സ്വാതന്ത്ര്യമായി നിസ്സംശയം പ്രഖ്യാപിക്കപ്പെടുന്നു. ഉടലിനുമേല്‍ വ്യക്തിയുടെ സ്വാതന്ത്ര്യം അടിവരയിടപ്പെടുന്നു. ആ അവകാശത്തിന് വേണ്ടിയുള്ള സമരത്തിന് സമഗ്രമാനവികതയില്‍ ഊന്നുന്ന ഒരു പ്രത്യയശാസ്ത്രമുഖം തെളിഞ്ഞ് വരുന്നത് സ്വാഭാവികം. എണ്ണമല്ല അതിന്റെ ശക്തി, ഉള്ളടക്കമാണ്. മതഫാസിസത്തിന്റെ അവിശുദ്ധ കൂട്ടായ്മയ്‌ക്കെതിരേ ചെറുകൂട്ടങ്ങളിലൂടെ പടര്‍ന്ന ഈ പ്രതിഷേധം, അതിന്റെ വികസിക്കുന്ന പരിപ്രേക്ഷ്യം മുന്നോട്ട് വയ്ക്കുന്ന സാധ്യതകള്‍ ചെറുതാവുന്നില്ല എന്ന് ഉറപ്പ്.

 

ചുംബനസമരം: വിമര്‍ശനങ്ങള്‍
ചുംബനസമരത്തിന്റെ സാംസ്‌കാരികപ്രസക്തി പ്രകടവും സുതാര്യവും ആയിരിക്കുമ്പൊഴും അതിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉണ്ടായി. കുറുവടിയും, തെറിവിളിയുമായി അരങ്ങേറിയ മതയാഥാസ്ഥിതികരുടെ പ്രവചനീയമായ കായിക പ്രതിരോധങ്ങളെക്കാള്‍ സ്വാഭാവികമായും ഗൗരവമുള്ളവയാണ് പുരോഗമനപക്ഷമെന്ന് പൊതുസമൂഹം എണ്ണുന്ന കേന്ദ്രങ്ങളില്‍നിന്നുണ്ടായ ‘സാംസ്‌കാരിക’ വിമര്‍ശനങ്ങള്‍. മുഖ്യമായും അര്‍ബന്‍ മദ്ധ്യവര്‍ഗ്ഗയുവത്വത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഒരു സമരം എന്ന നിലയില്‍ ചുംബനസമരത്തിന്റെ വര്‍ഗ്ഗപരവും, ദേശീയവുമായ ഉള്ളടക്കത്തെ സംശയത്തോടെ വീക്ഷിക്കുന്നവരില്‍നിന്ന് ഉണ്ടായ വിമര്‍ശനങ്ങള്‍ ആണ് ഇതില്‍ ആദ്യം പരിഗണിക്കേണ്ടത്. അവ ചുംബനസമരത്തെ എന്നതിലുപരി പ്രാഥമികമായി ആള്‍ക്കൂട്ട സമരങ്ങളെ, അവയുടെ സാധ്യതകളെ പ്രശ്‌നവല്‍ക്കരിക്കുന്ന ഒന്നാണ്.

 

 

ഉത്തരാധുനിക സമരങ്ങളുടെ നിഘണ്ടുവിലെ ഏറ്റവും ജനപ്രിയമായ ഒരു വാക്കാണ് ‘മള്‍ട്ടിറ്റ്യൂഡ്’ എന്നത്. ഒരുമിച്ച് ജീവിച്ചിരിക്കുന്നു എന്നതില്‍ കവിഞ്ഞ് വര്‍ഗപരമോ, വംശീയമോ, ലിംഗപരമോ, മതപരമോ, ജാതീയമോ ആയ ഒരു വര്‍ഗ്ഗീകരണത്തിലും പെടാത്ത മനുഷ്യരുടെ സ്വാഭാവികമായ കൂട്ടായ്മ എന്ന അര്‍ത്ഥത്തിലാണ് ഇത് രാഷ്ട്രീയ ചരിത്രത്തില്‍ മാക്യവെല്ലിയാല്‍ മുന്നോട്ട് വയ്ക്കപ്പെടുന്നതും പിന്നീട് സ്പിനോസയാല്‍ അടിവരയിടപ്പെടുന്നതും. അധികാരത്തിന്റെ ആഗോളവ്യാപനവുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംഘടനാരൂപങ്ങളൊക്കെ അതിന്റെ യുദ്ധയന്ത്രങ്ങളാല്‍ അധിനിവേശിക്കപ്പെടുന്ന സാഹചര്യത്തില്‍ ചെറുത്തുനില്‍പ്പുകള്‍ അവയുടെ സാക്ഷാത്കാരത്തിനായി ആള്‍കൂട്ടങ്ങളിലേയ്ക്ക് തിരിയുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള നെഗ്രിയന്‍ ചിന്തകളിലൂടെയാണ് സ്പിനോസയ്ക്ക് ശേഷം രണ്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ‘മള്‍ടിറ്റ്യൂഡ്’ എന്ന കല്പന വീണ്ടും രാഷ്ട്രീയ സൈദ്ധാന്തിക വ്യവഹാരങ്ങളിലേയ്ക്ക് മടങ്ങിയെത്തുന്നത്. അധികാരവുമായി സന്ധി ചെയ്യാത്ത ആള്‍ക്കൂട്ടത്തെ മാക്യവെല്ലിയില്‍നിന്നും സ്പിനോസയില്‍ നിന്നുപോലും വ്യത്യസ്തമായി നെഗ്രി കാണുന്നത് മാനവികമായ ജൈവോര്‍ജ്ജത്തിന്റെ, ചെറുത്തുനില്‍പ്പിന്റെ രൂപകമായാണ്. അതുകൊണ്ട് തന്നെ മുല്ലപ്പൂ വിപ്ലവത്തിന്റെയും, വാള്‍സ്ട്രീറ്റ് സമരത്തിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ അത് ആഘോഷിക്കപ്പെടുകയും പിന്നീട് ഡല്‍ഹി കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് ഫെയ്‌സ് ബുക്ക് വഴി രൂപപ്പെട്ട വന്‍ ജനകീയപ്രതിഷേധത്തെയും, ആം ആദ്മി പാര്‍ട്ടി ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പില്‍ എറ്റവും വലിയ ഒറ്റ കക്ഷി ആവുക വഴി നടത്തിയ രാഷ്ട്രീയ അട്ടിമറിയെയും ഒക്കെ കൂട്ടിവായിച്ചുകൊണ്ട് ആ ആഘോഷത്തിന്റെ ഇന്ത്യന്‍ അലകള്‍ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആള്‍ക്കൂട്ട ഇന്ദ്രജാലങ്ങള്‍ മാസങ്ങള്‍ക്കുള്ളില്‍ മാറിമറിയുന്നതാണ് പിന്നീട് നാം കണ്ടത്.

 

അറബ് മേഖലയില്‍ ഇതേതുടര്‍ന്നു കണ്ടത് സാമ്രാജ്യത്വദാസ്യം പുലര്‍ത്തുന്ന ജി സി സി രാജ്യങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ വ്യവസ്ഥയെ അങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ട് ഒത്തുതീരുന്നതും, മറ്റിടങ്ങള്‍ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിന് കീഴടങ്ങുന്നതുമാണ്. ഡല്‍ഹി കൂട്ടബലാത്സംഗ കേസിനോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മകളിലൂടെ വികസിച്ച ആള്‍ക്കൂട്ട സമരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുത്ത കവിത കൃഷ്ണനെപ്പോലെയുള്ളവര്‍ ഇതിന് ഒരു തുടര്‍ച്ച പ്രതീക്ഷിക്കുകയും ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരേ ഇന്ത്യന്‍ പട്ടാളം നടത്തുന്ന നിഷ്ഠൂരമായ അതിക്രമത്തിനെതിരെ സുപ്രീം കോടതിക്ക് മുമ്പില്‍ ഇതുപോലെ സംഘടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാല്‍ ആ സമരത്തെ അന്ന് കണ്ടതുപോലെ ഒരാള്‍ക്കൂട്ടവും ഏറ്റെടുക്കാന്‍ എത്തിയില്ല. ഈ വര്‍ത്തമാനയാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ചുംബനസമരത്തെ ആശയപരമായി പിന്തുണയ്ക്കുകയും രാഷ്ട്രീയമായി സംശയിക്കുകയും ചെയ്യുന്നവര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ, അവയിലെ സിനിസിസത്തെ വിമര്‍ശിച്ചുകൊണ്ട് തന്നെ, ചുംബന സമരത്തിന് ഒരു ധനാത്മക വെല്ലുവിളിയായി ഏറ്റെടുക്കാവുന്നതാണ്.

‘പുത്തന്‍ കൂറ്റ് ‘ സാംസ്‌കാരിക വിമര്‍ശനങ്ങള്‍
ഉത്തരാധുനികതയുടെ വക്താക്കള്‍ എന്ന നിലയില്‍ ‘മള്‍ടിറ്റ്യൂഡ്’ എന്ന ആശയത്തെ, അതിന്റെ സാധ്യതകളെ നിരന്തരം താര്‍ക്കികമായി ഉപയോഗപ്പെടുത്തുകയും എന്നാല്‍ നിര്‍ണ്ണായകമായ പ്രായോഗിക ചരിത്രഘട്ടങ്ങളില്‍ നിന്ന നില്‍പ്പില്‍ മലക്കം മറിയുകയും ചെയ്യുന്നവരുടെ സാംസ്‌കാരിക വിമര്‍ശനങ്ങളുടെ സ്വഭാവം ഇതല്ല. സ്വത്വരാഷ്ട്രീയത്തിന്റെ ജൈവബുദ്ധിജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഈ സമരത്തിനെതിരേ ഉന്നയിക്കുന്ന വാദങ്ങളില്‍ മിക്കവാറും എല്ലാത്തിലും ശബ്ദവും ഘോഷവുമല്ലാതെ ഉള്ളടക്കം ശൂന്യമാണ്. അപരത്തെ സൃഷ്ടിക്കുന്നു എന്നതാണ് ഒരു പരാതി. പരസ്യമായി ചുംബിക്കാന്‍ വിമുഖതയുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാനാവില്ലത്രെ! ഗേ, ലെസ്ബിയന്‍ സമരങ്ങള്‍ വിപരീത ലൈംഗീകശീലമുള്ള മനുഷ്യരെയൊക്കെ അപരര്‍ ആക്കുന്നു എന്ന് വാദിച്ചാല്‍ എങ്ങനെയിരിക്കും? പോട്ടെ, മൃഗബലി മതാചാരമായി അനുഷ്ഠിക്കുന്നവര്‍ ജീവബലി അനാചാരമായി കാണുന്നവരെ, മിശ്രഭുക്കുകള്‍ സസ്യമാത്രഭുക്കുകളെ അപരരായി കാണുന്നു എന്ന നിലയ്ക്ക് ഉയരുന്ന ‘സാംസ്‌കാരിക’വിമര്‍ശനങ്ങളുടെ ഉള്ളടക്കമെന്താണ്?

ചുംബിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതുപോലെ ഒരു സാംസ്‌കാരിക ഫാസിസമാണ് ചുംബിക്കാത്തവരുടെ അപരവല്‍ക്കരണവും എന്നൊക്കെയാണ് വാദം. ഇത്, അയിത്തത്തിനെതിരായ സമരം സവര്‍ണ്ണനെ അപരവല്ക്കരിക്കുന്നു എന്ന് പറയുമ്പോലെ ഉള്ളൊരു വാദമാണ്. ദളിതന് സവര്‍ണ്ണനെ ഓടിച്ചിട്ട് പിടിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നില്ല ആ സമരം, മറിച്ച് സവര്‍ണ്ണന്‍ വരുന്നു എന്നതുകൊണ്ട് അവര്‍ണ്ണന്‍ ഓടി മാറിക്കൊള്ളണം ഇല്ലെങ്കില്‍ തലയില്ലാതെ ജീവിച്ചുകൊള്ളണം എന്ന നിയമത്തിനെതിരേ ആയിരുന്നു. ചുംബിക്കാത്തവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് തല്ലിയോടിക്കാനല്ല ചുംബന സമരം ആഹ്വാനം ചെയ്തത്, ചുംബിക്കുന്നവരെ ഓടിക്കും എന്ന സദാചാര ഫാസിസത്തെ ചെറുക്കാനാണ്. അതിനെ നിനക്ക് എന്റെ അമ്മയെ വിവാഹം കഴിക്കാമെങ്കില്‍ എനിക്ക് നിന്റെ അമ്മയെ വിവാഹം കഴിച്ചുകൂടെ എന്ന് അപ്പനോട് ചോദിക്കുന്ന മകന്റെ യുക്തിപോലെ (മകളുടെ യുക്തി പോലെ) പരിഹാസ്യമായി നേരിടാനാണ് അവര്‍ ശ്രമിക്കുന്നത്.

മറ്റൊന്ന് ഭൂരിപക്ഷത്തെ മാറ്റിനിര്‍ത്തുന്നു എന്ന ആക്ഷേപമാണ്. പ്രതിഷേധങ്ങളുടെ സാംസ്‌കാരിക ഉള്ളടക്കത്തെ എണ്ണം മുന്‍നിര്‍ത്തി റദ്ദ് ചെയ്യുന്ന രീതിശാസ്ത്രം സ്വത്വരാഷ്ട്രീയം അവലംബിച്ചത് എന്നുമുതലാണ്? അധികാരം പൊതുബോധത്തെ നിര്‍മ്മിക്കുന്നതും, അതിനെ അവലംബിച്ച് ചൂഷണമെന്ന അതിന്റെ അജണ്ട നടപ്പിലാക്കുന്നതും എന്നും ഭൂരിപക്ഷത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു. ആചാരം എന്ന നിലയില്‍ വിശ്വാസവുമായി ബന്ധപ്പെടുത്തി അത് നടപ്പിലാക്കിവന്നിരുന്ന എല്ലാറ്റിനും പൊതുസമ്മതി നേടിയെടുക്കാന്‍ അധികാരം എന്നും ശ്രദ്ധിച്ചിരുന്നു. അതിന്റെ തെളിവാണ് ബ്രാഹ്മണര്‍ ഉണ്ടെറിഞ്ഞ എച്ചിലിലയില്‍ കിടന്നുരുണ്ടാല്‍ രോഗശാന്തിയുണ്ടാകും എന്ന പ്രാകൃതവിശ്വാസം മുന്‍നിര്‍ത്തി നടക്കുന്ന ‘മഡസ്‌നാന’ എന്ന ആചാരം കോടതിയിടപെട്ട് നിരോധിച്ചപ്പോള്‍ അത് തങ്ങളുടെ അവകാശമാണെന്ന് വാദിച്ചുകൊണ്ട് അപ്പീല്‍ പോയ കര്‍ണ്ണാടകത്തിലെ ദളിത് സംഘടനകള്‍!

എല്ലാത്തരം പുരോഗമനപ്രവര്‍ത്തികളും ന്യൂനപക്ഷത്തില്‍ നിന്ന് തുടങ്ങി വര്‍ഗ്ഗ, ലിംഗ, സ്വത്വ ഭേദമെന്യേ ഭൂരിപക്ഷ പൊതുബോധത്തിന്റെ എതിര്‍പ്പുകളെ നേരിട്ട് അവയെ അതിലംഘിച്ച ചരിത്രത്തിലൂടെ കടന്ന് പോയവയാണ്. എന്നാല്‍ അവ വിരിച്ചിട്ട കംബളത്തില്‍ ഇരുന്നുകൊണ്ട് സ്വന്തം പ്ലാറ്റ്‌ഫോമുകളെ എങ്ങനെ ഉറപ്പിക്കാം എന്ന് മാത്രം ചിന്തിക്കുന്ന ‘പുത്തന്‍ കൂറ്റ്’ ബുദ്ധിജീവികള്‍ക്ക് അത് മനസിലായിക്കൊള്ളണമെന്നില്ല താനും.

 

(തുടരും)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍