UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിശാഖ് ശങ്കര്‍

ന്യൂസ് അപ്ഡേറ്റ്സ്

നേതാവ് കേസിൽ കുടുങ്ങിയാൽ സമരത്തിന്റെ വായ് നാറുമോ?

ഒന്നാം വാർഷികം കഴിഞ്ഞ് ഒരുപാടൊന്നുമായില്ല, ചുംബന സമരം ഇതാ വീണ്ടും മാധ്യമങ്ങളിൽ വന്ന് നിറയുകയാണ്. ഇക്കുറി അത് ആരും പ്രതീക്ഷിക്കാത്ത ഒരു കാരണത്താലായിപ്പോയി എന്ന് മാത്രം. 

പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രാഹുൽ പശുപാലനും രശ്മി നായരും അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാർത്ത വന്നതു മുതൽ നവ, മുഖ്യധാരാ മാധ്യമ ചർച്ചകളിലാകെ വിഷയമാകുന്നത് കുറ്റാരോപിതരിലുപരി അവർ കൂടി മുൻനിരയിൽ നിന്ന് സംഘടിപ്പിച്ച ചുംബനസമരവും അതിന്റെ പ്രസക്തിയുമാണ്. പോലീസ് എന്ന് കേട്ടാൽ ഉടൻ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മെനഞ്ഞെടുക്കുന്ന മലയാളി പൊതുബോധത്തിന് ഈ അറസ്റ്റിൽ മാത്രം പരിപൂർണ്ണ വിശ്വാസമാണ് എന്നതിലെ വൈരുദ്ധ്യം തൽക്കാലം വിടാം. കാരണം അതിലും പ്രസക്തമായ ചോദ്യം കുറ്റാരോപിതരായ ദമ്പതികൾ കുറ്റക്കാരാണ് എന്ന് അഥവാ തെളിഞ്ഞാൽ തന്നെ അത് അവർ കൂടി ചേർന്ന് നയിച്ച സമരത്തിന്റെ പ്രസക്തി നഷ്ടമാക്കുമോ എന്നതാണ്.

മൾടിറ്റ്യൂഡിന്റെ സമരം 
ഏതാണ്ട് ഒരു വർഷം മാത്രം പഴക്കമുള്ളതും  നിരവധി മുഴുനീളൻ ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടതുമായ ഒരു സമരമാണ് കിസ്സ്‌ ഓഫ് ലൗ എന്നിരിക്കെ അതിന്റെ ഉള്ളടക്കത്തെയും സ്വഭാവത്തെയും നാൾവഴികളെയും കുറിച്ച് ഒരോർമ്മയും ബാക്കിയില്ലാത്ത മട്ടിലാണ് പല മാദ്ധ്യമങ്ങളും മേൽപറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിഷയം കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാഹുൽ പശുപാലനും ഭാര്യയും ഇത്തരം ഒരു കേസിൽ കുറ്റാരോപിതരായതോടെ ചുംബന സമരത്തിന്റെ മുഖം തന്നെ നഷ്ടമായില്ലേ എന്ന മട്ടിലുള്ള ചോദ്യങ്ങളും സംശയങ്ങളും നിഷ്കളങ്കമാണെന്ന് കരുതാനാവില്ല.

സാമ്പ്രദായിക സമരങ്ങളുടെ, സംഘടനകളുടെ, രാഷ്ട്രീയത്തിന്റെ തന്നെ ചരമ പ്രഖ്യാപനമായി ‘മൾടിറ്റ്യൂ’ഡിന്റെ സമരങ്ങളെ വാഴ്ത്തിയ മാധ്യമങ്ങൾ തന്നെയാണ് അതിന്റെ സംഘാടകരിൽ ഒരാൾ കുറ്റാരോപിതനായി എന്നതുകൊണ്ട് മാത്രം അതിന് മുഖം നഷ്ടമായില്ലേ എന്ന് ആശങ്കപ്പെടുന്നത്. രാഷ്ട്രീയമോ മതപരമോ വർഗ്ഗീയമോ വംശീയമോ ലിംഗപരമോ ആയ ഒരു തരം പൊതുസ്വത്വവും പങ്കുവയ്ക്കാത്ത കുറേ മനുഷ്യർ തങ്ങളെ ബാധിക്കുന്നതെന്ന് അവർ കരുതുന്ന ഒരു പൊതുപ്രശ്നം മുൻനിർത്തി തെരുവിൽ ഒത്തുകൂടി സംഭാവ്യമാക്കുന്ന പ്രതിഷേധത്തെയാണ് ‘മൾടിറ്റ്യൂഡി’ന്റെ സമരമെന്ന് വിളിക്കുന്നത് എന്ന കാര്യം ഇവർക്ക് അജ്ഞാതമാണെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെ അത്തരം ഒരു സമരത്തിന് ഒരു നേതാവോ അയാളുടെ മുഖമോ നേതൃത്വമോ ആജ്ഞാനുവർത്തനത്തിന്റെ രീതിശാസ്ത്രമോ അല്ല ഉള്ളത് എന്നും അവർക്ക് അറിവുണ്ടാകേണ്ടതാണ്.

കോഴിക്കോട്ടെ ‘ഡൗൺ ടൗൺ’ ഹോട്ടലിൽ അനാശാസ്യം നടക്കുന്നു എന്ന് ആരോപിച്ച് ഒരു കൂട്ടം യുവമോർച്ച പ്രവർത്തകർ സ്ഥാപനം അടിച്ച് തകർത്ത സംഭവത്തെ തുടർന്ന് ഫാർമിസ് ഹാഷിം എന്ന വ്യക്തി ഫെയ്സ് ബുക്കിൽ നടത്തിയ ഒരു ആഹ്വാനത്തിൽ നിന്നാണ് പരസ്യ ചുംബനം ഒരു  സമരാശയം എന്ന നിലയിൽ  ഉടലെടുക്കുന്നത് എന്നതും  ഫ്രീ തിങ്കേഴ്സ് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയാണ് അതിനെ തെരുവിൽ ഏകോപിപ്പിക്കുവാനുള്ള ഒരു സൈബർ പ്ലാറ്റ്ഫോമായി പ്രവർത്തിച്ചത് എന്നതുമൊന്നും പുത്തൻ വെളിപ്പെടുത്തലുകളല്ല. സ്വാഭാവികമായും കൃത്യമായ ഒരു സംഘടനാരൂപമോ നേതൃനിരയോ ഇല്ലാത്ത ഒരു സമരത്തെ ലഭ്യമായ പ്രതിനിധികളെ വച്ചേ മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാനാവു. അങ്ങനെ ചുംബനസമരത്തെ പ്രതിനിധീകരിച്ച് ദൃശ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടവരാണ് രാഹുൽ പശുപാലനും അരുന്ധതിയും തൊട്ട് മാദ്ധ്യമലോകത്തിനും കാഴ്ചക്കാർക്കും പണ്ടേ പരിചിതയായ  ഷാഹിന വരെയുള്ളവർ.

ചുംബന സമരത്തിന്റെ ഏജൻസി 
ചുംബന സമരത്തിന്റെ ഏജൻസി എന്നത് വ്യക്തികളിലേക്കോ സംഘടനകളിലേക്കോ ചുരുങ്ങുന്ന ഒന്നല്ല എന്നതായിരുന്നു ആ സമരത്തിന്റെ നൂതനത്വം തന്നെ. മറ്റൊരു രാജ്യത്തിൽ ജീവിച്ചുകൊണ്ട് ഈ ലേഖകൻ പോലും ലഭ്യമായ പരിമിത  മാധ്യമസ്ഥലം ഉപയോഗിച്ച് ഈ സമരത്തിനെ പിന്തുണച്ച് സാധ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. കേരള യുക്തിവാദി സംഘം ചുംബന സമരം പ്രമേയമാക്കി ഇറക്കിയ യുക്തിയുഗം വാരികയുടെ പതിപ്പിൽ പത്ത് പതിനൊന്ന് പേജുള്ള ഒരു ‘നെടുങ്കൻ’ ലേഖനം എഴുതിയിരുന്നു. അത് സമരത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൈബർ പ്രസിദ്ധീകരണമായ അഴിമുഖത്തിൽ പുനപ്രസിദ്ധീകരിക്കുകയും ചെയ്തു. (ചുംബന സമരത്തിന്റെ ഒരു വര്‍ഷം: ഉമ്മകളില്‍ ഉയിരിടുന്ന സാമൂഹ്യപരിണാമംചുംബന സമരം പ്രശ്‌നവത്ക്കരിക്കുന്ന സദാചാര അധിനിവേശങ്ങള്‍) എന്നെ പോലെയുള്ള നിരവധി മനുഷ്യർ കായികമായി പങ്കെടുക്കാതെ തന്നെ ഉപാധികളോടും നിരുപാധികമായും പിന്തുണച്ച് വികസിപ്പിച്ച ഒരു ‘പലമ’യുടെ സാംസ്കാരിക  ഉള്ളടക്കമാണ് ചുംബന സമരത്തിനുള്ളത്. അതിനെ പലയിടങ്ങളിലായി  കായികമായി പങ്കെടുത്ത് അടിയും തൊഴിയും പോലീസ് നടപടിയും നേരിട്ട് പ്രതിനിധാനം ചെയ്ത മനുഷ്യരുടെ വ്യക്തിഗത ദാർഢ്യവും മേധാശക്തിയും ദൃഡനിശ്ചയവും ആണ് ഒരു ഭൗതീക ശക്തിയായി തെരുവിൽ ആവിഷ്കരിച്ചതും, യാഥാസ്ഥിതിക പൊതുബോധത്തിന്റെ സാംസ്കാരിക ഹെഗമണിയെ കുലുക്കുക എന്ന ആത്യന്തിക  ലക്ഷ്യത്തെ തല്ലുകൊണ്ടും, തെറി കേട്ടും സാക്ഷാത്കരിച്ചതും.

മാനവികമായ ഈ കൂട്ടായ്മയുടെ വിശാല ഏജൻസിയാണ് സമരത്തിന്റെ നായകത്വം ആർക്കായിരുന്നു എന്ന തരം വ്യക്തികേന്ദ്രീകൃത വിവാദങ്ങളിലൂടെ പിന്നീട് മുറിവേൽപ്പിക്കപ്പെട്ടത്. അതായത് ലാത്തിയും കുറുവടിയുമല്ല, സമരത്തിന്റെ അന്തസ്സത്തയെ നോവിച്ചത് അതിന്റെ ഏജൻസിയെ ചൊല്ലി പിന്നീട് ഉണ്ടായ തർക്കങ്ങൾ ആയിരുന്നു. അത് മുഖ്യധാരാ ദൃശ്യമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ടാവില്ല. പക്ഷേ ചുംബന സമരം ഉരുവം കൊണ്ട സൈബർ മാധ്യമ ലോകത്തെങ്കിലും അത് പരക്കെ പ്രശ്നവൽക്കരിക്കപ്പെട്ട ഒരു വിവാദമായിരുന്നു.

രാഹുൽ പശുപാലൻ എന്ന വ്യക്തി ഈ  സമരത്തിനായി ഒഴുക്കിയ വിയർപ്പ് ഈ കേസ് കൊണ്ടൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല. പക്ഷേ ചോദ്യം രാഹുലിനെ ചുംബന സമരത്തിന്റെ ‘മുഖ’മായി ഉയർത്തുകയും അതിലൂടെ അയാളുടെ മുഖത്ത് ഈ ആരോപണം ഉണ്ടാക്കിയ നിഴൽ ഉപയോഗിച്ച് ആ സമരത്തെ മുഴുവനായി ചോദ്യം ചെയ്യുകയും സാദ്ധ്യമാക്കുന്ന യുക്തിയുടെ ഭദ്രതയാണ്.

സമരത്തിന്റെ മുഖം 
എന്താണ് ഒരു സമരത്തിന്റെ മുഖം? നായക സ്ഥാനത്ത് വരുന്ന വ്യക്തിയുടെതാണോ? അണ്ണാ ഹസാരെ നയിക്കുകയും ഇന്ത്യൻ മദ്ധ്യവർഗ്ഗം ഉപാധികളില്ലാതെ ഏറ്റെടുക്കുകയും ചെയ്ത അഴിമതി വിരുദ്ധ സമരത്തിന്റെ മുഖം ഹസാരെയ്ക്ക് എതിരേ ഒരു അഴിമതി ആരോപണം ഉണ്ടായാൽ തകരുമോ? അത് പോട്ടെ, നമ്മുടെ സ്വാതന്ത്ര്യ സമരം നയിച്ചവരിൽ ചിലരെ ബ്രിട്ടീഷ് സർക്കാർ തടവിലാക്കുകയും അവർ ആ സമരത്തെ തള്ളിപ്പറഞ്ഞ് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. അത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖം നഷ്ടമാക്കിയോ? ചുംബനസമരം സ്വാതന്ത്ര്യ സമരത്തിന്റെ മാനത്തോളം വളർന്ന ഒരു സമരമായിരുന്നു എന്ന അവകാശവാദമൊന്നുമല്ല. പക്ഷേ സമരത്തിന്റെ മൂല്യത്തിൽ നിന്ന് അതിന്റെ ഒരു നേതാവ്, ഒരു മുഖം പിന്തിരിഞ്ഞാൽ ആ സമരത്തിന്റെ മുഖം നഷ്ടമാകുമോ എന്നതാണ്.

ഒരു സമരത്തിന്റെയും മുഖം അത് നയിക്കുന്ന വ്യക്തിയുടെതല്ല, സാദ്ധ്യമാക്കിയ ആശയത്തിന്റേതാണ്. വ്യക്തികൾ ആശയത്തിൽ നിന്ന് മാറിയേക്കാം. അല്ലെങ്കിൽ ആശയത്തിന് പുറത്തുള്ള വ്യക്തിഗത പരിഗണനകൾ ആവാം അവരെ സമരത്തിലേക്ക് ആകർഷിക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും ഒരു സമരവും അത് നയിച്ച ആളിന്റെ, ആളുകളുടെ  മുഖത്തേക്കോ വ്യക്തിജീവിതത്തിലേക്കോ ചുരുങ്ങുന്നില്ല. ആശയം പ്രസക്തമാകുന്നിടത്തോളം അതിന് വേണ്ടിയുള്ള സമരവും പ്രസക്തമാണ്. രാഹുൽ പശുപാലൻ ചുംബന സമരത്തിന്റെ ഒറ്റ മുഖമായിരുന്നില്ല. പരമാവധി നീട്ടി പറഞ്ഞാൽ കൊച്ചിയിലെ സമരത്തിന്റെ മുഖമായിരുന്നു എന്ന് പറയാം. കൊച്ചിയിൽ ഈ സമരം നടക്കുമ്പോൾ തന്നെ അങ്ങ് ഹൈദരാബാദിലും സമരം നടക്കുന്നുണ്ട്. അതിന് വിയർപ്പൊഴുക്കിയത് അരുന്ധതിയെയും വൈഖരിയെയും പോലെയുള്ള പലരാണ്.

കേവലം ചുംബിക്കുവാനുള്ള സ്വാതന്ത്ര്യമല്ല, ഏകശിലോന്മുഖ സദാചാരമെന്ന ഫാസിസ്റ്റ് അജണ്ടയ്ക്ക് എതിരേ ഉള്ള വിശാലമായ പോരാട്ടമാണ് ചുംബന സമരമെന്ന നിലയ്ക്ക് ആ സമരത്തിന്റെ ഉള്ളടക്കം പിന്നീട് വികസിക്കുകയും ദില്ലിയിലെ ആർ എസ് എസ് കാര്യാലയത്തിന്റെ മുമ്പിലേയ്ക്ക് വരെ പ്രതിഷേധങ്ങളുടെ വഴി നീളുകയും ചെയ്തു. ഇതിൽ പശുപാലനില്ല. ഇല്ല എന്നതുകൊണ്ട് അയാൾ കേരളത്തിൽ ആ സമരത്തിനായി ചിലവഴിച്ച അദ്ധ്വാനം ഇല്ലാതെയാകുന്നുമില്ല. പ്രശ്നം ഇതൊന്നുമല്ല എന്ന് കേൾക്കുന്നവർക്ക് ഒരുപക്ഷേ അറിയില്ലെങ്കിലും ഉന്നയിക്കുന്നവർക്ക് വ്യക്തമായി അറിയാം.

അന്തിമ ആവിഷ്കാരം 
പെൺവാണിഭം എന്ന കൃത്യത്തിൽ സ്ത്രീശരീരത്തിന്റെ വസ്തുവൽക്കരണത്തിന്റെയും വിപണനത്തിന്റെയും ആയ ഒരു കമ്പോള ഉള്ളടക്കമുണ്ട്. പക്ഷേ അതല്ല അതിനെതിരായ സദാചാര ബോധത്തെ നിർണ്ണയിക്കുന്നത്. ആ സദാചാരം ഭയക്കുന്നത് സ്ത്രീക്ക് സ്വന്തം ശരീരത്തിൽ കൈവരുന്ന അവകാശത്തെ, അഥവാ ഏജൻസിയെ ആണ്.

ഞാൻ ഒരു പുരുഷൻ എന്ന നിലയിൽ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത സ്ത്രീ ആയിരുന്നില്ല, അവളുടെ ഭൗതികസ്വത്ത് ഉൾപ്പെടെയുള്ള മറ്റേതെങ്കിലും കാരണമായിരുന്നു എന്നെ അവളിലേക്ക് പ്രലോഭിപ്പിച്ചത് എന്നത് ഒരു സാദ്ധ്യതയാണ്. അങ്ങനെയെങ്കിൽ പ്രലോഭിപ്പിക്കപ്പെടാനും അതിലൂടെ വഴി തെറ്റാനും സാധ്യതയുള്ള എനിക്ക് പരിരക്ഷ നല്കാനായി പുരുഷൻ എന്ന നിലയിൽ ഞാൻ ഇന്ന് ആസ്വദിക്കുന്ന നിർണയാവകാശം ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര്യങ്ങളിൽ വിലക്കുകൾ ഏർപ്പെടുത്താൻ വ്യവസ്ഥ തയ്യാറാവാത്തത് എന്തുകൊണ്ടാവാം? കാരണം വ്യക്തമാണ്. പുരുഷന് ഏജൻസിയുണ്ട്. സ്ത്രീയ്ക്ക് ഇല്ല. അതാണ് വ്യവസ്ഥ. അതിനെ ചോദ്യം ചെയ്തു ചുംബന സമരം. അതുണ്ടാക്കിയ ആഘാതത്തിൽ ഒന്നുലഞ്ഞ പേട്രിയാർക്കിക് സാംസ്കാരിക ഹെഗമണിക്ക്  തുലനം വീണ്ടെടുക്കാൻ ചില മുട്ടാപ്പോക്കുകൾ നല്കി രാഹുൽ പശുപാലനിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം എന്ന് മാത്രം.

ആഖ്യാനം ലളിതമാണ്. അത്  ആവർത്തിച്ച് ആവർത്തിച്ച്  ആവിഷ്കരിക്കുന്നത് സ്ത്രീയ്ക്ക് ഏജൻസിയില്ല എന്നത് മാത്രമാണ്. വീണാൽ ഉടയുന്ന ഒരു പളുങ്ക് പാത്രമാണ് സ്ത്രീ. അതിനാൽ തന്നെ അവളെ പുരുഷനായി ഉടയാതെ കാത്തുവയ്ക്കാൻ വ്യവസ്ഥയ്ക്ക് ഉത്തരവാദിത്തമുണ്ട്. അതിനായി അത് നിർമ്മിച്ച നിയമാവലിയാണ് സദാചാരം. അത് തകരാൻ പാടില്ല. അതാണ് ബലാൽസംഗമായാലും, പെൺവാണിഭമായാലും മുഖ്യ പ്രമേയം. ബാക്കിയൊക്കെ വെറും ചമയങ്ങൾ മാത്രം!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍