UPDATES

വായിച്ചോ‌

സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ അടുക്കളയും പലചരക്ക് കടയും

മദ്ധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയില്‍ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കക്കൂസുകളില്‍ അടുക്കളയും പലചരക്ക് കടയും. സ്വച്ഛ് ഭാരത് അഭിയാനെ കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെ പരിഹാസ്യമാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഛത്തര്‍പൂര്‍ ജില്ലയിലെ കോഡന്‍ ഗ്രാമത്തിലാണ് ദിനേഷ് യാദവ് എന്നയാള്‍ കക്കൂസുകള്‍ അടുക്കളയാക്കിയിരിക്കുന്നത്. സെപ്റ്റിക് ടാങ്ക് ഇല്ലാത്തത് കൊണ്ടാണ് കക്കൂസ് ഉപയോഗിക്കാത്തത്. കക്കൂസ് നിര്‍മ്മിക്കാനുള്ള പണം അക്കൗണ്ടില്‍ വന്നെങ്കിലും ഗ്രാമത്തലവനാണ് അത് നിര്‍മ്മിച്ച് നല്‍കിയത്. എന്നാല്‍ സെപ്റ്റിക് ടാങ്ക് ഉണ്ടാക്കിയില്ലെന്നും ദിനേഷ് യാദവിന്റെ ഭാര്യ സുശീല പറയുന്നു. കക്കൂസ് ഉണ്ടായിട്ടും പുറത്ത് മലവിസര്‍ജ്ജനം നടത്തേണ്ട ഗതികേടിലാണ് ഇവര്‍.

ഛത്തര്‍പൂര്‍ നഗരത്തിലെ ദേരി റോഡില്‍ ലക്ഷ്മണ്‍ കുശ്വാഹ എന്നയാള്‍ സ്വച്ഛ് ഭാരത് കക്കൂസിനെ പലചരക്ക് കടയാക്കി. സെപ്റ്റിക് ടാങ്ക് ഇല്ലാത്തത് തന്നെ പ്രശ്‌നം. അധികാരികളോട് പരാതിപ്പെട്ടിട്ട് യാതൊരു ഫലവുമുണ്ടായില്ലെന്ന് ലക്ഷ്മണ്‍ കുശ്വാഹയുടെ മകള്‍ പറയുന്നു. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 1.96 ലക്ഷം ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 55,000 ടോയ്‌ലെറ്റുകള്‍ ഇതിനകം നിര്‍മ്മിച്ചതായി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഡികെ മൗര്യ പറഞ്ഞു. ചില പ്രശ്‌നങ്ങളുണ്ട്. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്നും മൗര്യ പറഞ്ഞു. ഛത്തര്‍പൂര്‍ നഗരത്തില്‍ 2822 ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചതില്‍ 1600 കക്കൂസുകള്‍ നിര്‍മ്മിച്ചു. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികദിനമായ 2019 ഒക്ടോബര്‍ രണ്ടിനകം രാജ്യത്ത് തുറസായ സ്ഥലത്തെ മലവിസര്‍ജ്ജനം പൂര്‍ണമായും അവസാനിപ്പിക്കാനാണ് സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രകാരമുള്ള കക്കൂസ് നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒ ആരോപിക്കുന്നു. ഛത്തര്‍പൂര്‍ ജില്ലയില്‍ 39.3 ശതമാനം വീടുകളിലാണ് കക്കൂസുള്ളത്. സംസ്ഥാനത്ത് മൊത്തത്തില്‍ എടുത്താല്‍ ഇത് 53.39 ശതമാനമാണ്. സര്‍പാഞ്ച് എന്നറിയപ്പെടുന്ന ഗ്രാമത്തലവന്മാരും സെക്രട്ടറിമാരുമൊക്കെയാണ് പലയിടങ്ങളിലും കോണ്‍ട്രാക്ടര്‍മാരായി രംഗത്ത് വരുന്നത്. അക്കൗണ്ടില്‍ വരുന്ന പണം ഉപയോഗിച്ച് ഓരോരുത്തരും കക്കൂസ് പണി നടത്താന്‍ തുടങ്ങിയാല്‍ അതിന് ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞ് സര്‍പാഞ്ചുമാര്‍ ഗ്രാമീണരെ കബളിപ്പിക്കുന്നുണ്ട്.

വായിച്ചോ: https://goo.gl/NgxgQD

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍