UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തോട് ചെയ്ത മൂന്നു തെറ്റുകള്‍

Avatar

രാകേഷ് സനല്‍

2015 നവംബര്‍ 5, കേരളത്തിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളെയും മുന്നണികളെയും മാറ്റി നിര്‍ത്തി, ഒരു ബദല്‍ സംവിധാനം എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ അധികാരത്തില്‍ വന്നു. ട്വന്റി-20 എന്ന ജനകീയ മുന്നണി, പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളില്‍ പതിനേഴിടത്തും വിജയിച്ചാണ് അവര്‍ ഭരണം സ്വന്തമാക്കിയത്.

ട്വന്റി-20യുടെ വിജയം മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്നു. കേരളത്തിലെ രാഷ്ട്രീയമാറ്റത്തിന്റെ പതാകവാഹകരായി ട്വന്റി-20 യെ കണ്ടവരും ജനാധിപത്യത്തിലെ കോര്‍പ്പറേറ്റ് അധിനിവേശമായി ഈ വിജയത്തെ വിമര്‍ശിച്ചവരും ചര്‍ച്ചകളില്‍ സജീവമായി. അധികാര രാഷ്ട്രീയത്തില്‍ പാര്‍ട്ടികളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്ന തരത്തിലും ജനകീയ കൂട്ടായ്മയ്ക്ക് മുഖ്യധാര രാഷ്ട്രീയത്തെ വെല്ലുവിളിക്കാനും പരാജയപ്പെടുത്താന്‍ സാധിക്കും എന്ന തരത്തിലും കിഴക്കമ്പലത്തെ വിജയം കണ്ടവരേറെയാണ്. അതേസമയം ജനാധിപത്യത്തില്‍ പണത്തിന് എത്രമേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന്  കിഴക്കമ്പലത്തെ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരടക്കമുള്ളവരും പരിഭവം പറഞ്ഞു.

അത്ഭുതം എന്നു പറയട്ടെ, ഈ വിഷയം വളരെ പെട്ടെന്നു തന്നെ നാം ചര്‍ച്ചപ്പുറത്തു നിന്നു മാറ്റി വയ്ക്കുകയാണുണ്ടായത്. അങ്ങനെ നിസാരവത്കരിക്കേണ്ട ഒന്നായിരുന്നില്ല കിഴക്കമ്പലത്തെ തെരഞ്ഞെടുപ്പ് ഫലം എന്നു ജനാധിപത്യത്തിന്റെ മൂല്യം കുറച്ചെങ്കിലും മനസിലാക്കുന്നവര്‍ ചിന്തിക്കേണ്ടതായിരുന്നു. 

കിഴക്കമ്പലം ഇന്ത്യന്‍ ജനാധിപത്യത്തിനോട് ചെയ്തിരിക്കുന്നത് മൂന്നു തെറ്റുകളാണ്. ഈ തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാനുള്ള അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നു എന്നതിനാല്‍ നാം കിഴക്കമ്പലത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്‌തേ മതിയാകൂ.

എന്തുകൊണ്ട് കിഴക്കമ്പലത്ത് ട്വന്റി-20 വിജയിച്ചു?
രാഷ്ട്രീയമായി യുഡിഎഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് വളക്കൂറുള്ള പഞ്ചായത്താണ് കിഴക്കമ്പലം. ഇടയ്ക്ക് എല്‍ഡിഎഫിനെയും പിന്തുണച്ചിട്ടുള്ള കിഴക്കമ്പലത്തെ ജനങ്ങളില്‍ ഇത്തവണ ഏതാണ്ട് അറുപത്തിയഞ്ചുശതമാനവും ട്വന്റി-20 ക്കൊപ്പം നിന്നു. പത്തൊമ്പത് വാര്‍ഡുകളില്‍ പതിനേഴിടത്തും ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. സിപിഐഎമ്മിന് ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നാണക്കേടുണ്ടായിരിക്കുന്നത് കിഴക്കമ്പലത്തായിരിക്കും. കേവലം 20 വോട്ടുകള്‍കൊണ്ട് പല വാര്‍ഡുകളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നാണംകെടേണ്ടി വന്നു. അതിലും വലിയ തിരിച്ചടി കോണ്‍ഗ്രസിനു തന്നെയായിരുന്നു. പഞ്ചായത്ത് ഭരിച്ചിരുന്ന പാര്‍ട്ടിക്ക് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയും ലീഗ് സ്വതന്ത്രനുമാണ് ട്വന്റി-20 യെ പ്രതിരോധിച്ച് വിജയം നേടിയവര്‍.

കിഴക്കമ്പലവും രാഷ്ട്രീയകേരളത്തിന്റെ പരിച്ഛേദം തന്നെയായിരുന്നു ഈയടുത്തകാലം വരെ. എല്‍ഡിഎഫ്, യുഡിഎഫ് എന്ന രണ്ടു പൊളിറ്റിക്കല്‍ ഓപ്ഷന്‍സ് മാത്രം മുന്നിലുണ്ടായിരുന്നവര്‍. മുന്നണികളെ സംബന്ധിച്ച് ജനങ്ങളുടെ ഈ നിസഹായതയാണ് അവരുടെ വിജയം. അമ്മ തല്ലിയാലും അത്താഴപഷ്ണി കിടത്താറില്ലെന്നു പറയുമ്പോലെ, തങ്ങളൊന്നും ചെയ്തില്ലെങ്കിലും ജനം വോട്ട് ചെയ്‌തോളും എന്ന മുഖ്യധാര പാര്‍ട്ടികളുടെ വിശ്വാസം കിഴക്കമ്പലത്തുകാര്‍ തകര്‍ത്തു. വാഗ്ദാനങ്ങള്‍ കൊടുക്കുക എന്നതാണ് ജനാധിപത്യത്തിലെ ചൂണ്ടയിടല്‍, കുരുക്കാണെന്നറിഞ്ഞിട്ടും കൊത്തേണ്ടിവരുന്നവരാണ് ജനം. ഇവിടെയാണ് ട്വന്റി-20 മാറി കളിച്ചത്. അവര്‍ വാഗ്ദാനങ്ങള്‍ കൊടുക്കുക മാത്രമല്ല, കഴിഞ്ഞ രണ്ടര വര്‍ഷമായി പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലും ട്വന്റി-20 പ്രവര്‍ത്തകര്‍ കയറിയിറങ്ങി പ്രവര്‍ത്തിച്ചു. ജനങ്ങളുടെ ജീവിതനിലവാരത്തെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും മനസിലാക്കി ബുദ്ധിപൂര്‍വം കളിച്ചു. 

ട്വന്റി-20 സാരഥിയും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ സാബു എം ജേക്കബ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളെയും  ലക്ഷ്യങ്ങളെയും കുറിച്ച് പറയുന്നത് കേള്‍ക്കാം; 

ജനാധിപത്യത്തില്‍ നിന്നു ജനങ്ങളുടെ പ്രാധാന്യം ഇല്ലാതായിപ്പോകുന്ന കാലത്താണ് ട്വന്റി-20 എന്ന ജനകീയ കൂട്ടായ്മ കിഴക്കമ്പലത്ത് വിജയം നേടുന്നുവെന്നതു നാം ശ്രദ്ധിക്കണം. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും വിമര്‍ശിക്കുന്നവരും മനസിലാക്കണം, ജനങ്ങളെ തൃപ്തരാക്കാക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ മുന്നണികള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ അവര്‍ മൂന്നാമതൊരു ഓപ്ഷനിലേക്ക് തിരിയില്ലായിരുന്നു എന്ന്. കിഴക്കമ്പലത്ത് ജനകീയാവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ മാറിമാറി ഭരിച്ചവര്‍ക്ക് സാധിക്കാതെ വന്നിടത്താണ് അവര്‍ തങ്ങളുടേതായ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നത്.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി കിഴക്കമ്പലത്തിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി നിരവധി പദ്ധതികളാണ് ട്വന്റി-20 നടപ്പിലാക്കിയത്. ചുരുങ്ങിയകാലം കൊണ്ടു തന്നെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിച്ചു. കുടിവെള്ളം, പാര്‍പ്പിടം, ഭക്ഷ്യലഭ്യത, ഗതാഗതം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ നല്‍കിയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന കോളനികളുള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ 19 കുടിവെള്ള പദ്ധതികള്‍ സ്ഥാാപിച്ചു. 487 പേര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കി, 225 പേര്‍ക്ക് കക്കൂസുകള്‍ നല്‍കി, വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടില്‍ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെ നിത്യോപയോഗസാധനങ്ങള്‍ പകുതി വിലയ്ക്ക് ലഭ്യമാക്കി. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനും കാര്‍ഷികോപകരണങ്ങള്‍ വാങ്ങുന്നതിനും കാര്‍ഷിക വിളകള്‍ ലഭ്യമാക്കുന്നതിനും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. ആരോഗ്യരംഗത്ത്, ജനോപകാരപ്രദമായ പല പദ്ധതികളും ആവിഷ്‌കരിക്കുകയും നിര്‍ദ്ധനരായ രോഗികള്‍ക്ക് ആവശ്യമായ ചികിത്സാസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ പുതുക്കിനിര്‍മിച്ചു… ഇത്തരത്തില്‍ വളരെ കാര്യക്ഷമമവും സമഗ്രവുമായ ഇടപെടലുകളാണ് ട്വന്റി-20 ജനങ്ങള്‍ക്കിടയില്‍ നടത്തി വന്നത്.

ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് അതിന്റെ ലാഭം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതുമാത്രമായിരിക്കും പ്രധാനലക്ഷ്യം. എന്നാല്‍ എന്റെ പിതാവ് തുടങ്ങിവച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി ജനങ്ങളിലേക്ക് എത്തിക്കണമെന്നുള്ള ആഗ്രഹത്തോടെ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതോടെയാണ് പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും ജീവിതോപാധികളുടെയും അപര്യാപ്തതയില്‍ നീറി കഴിയുന്ന അനേകായിരങ്ങള്‍ ഉണ്ടെന്നും അവര്‍ക്ക് ഉടനടി ലഭ്യമാകേണ്ട നിരവധി ആവശ്യങ്ങളുണ്ടെന്നും ഞങ്ങള്‍ക്കു വ്യക്തമാകുന്നത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഇവിടെവരെ എത്തി നില്‍ക്കുന്നത്.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അധികാരം വേണോ എന്നതാണ് ചോദ്യം. ജനങ്ങള്‍ക്കു നന്മ ചെയ്യുന്നത് മുടക്കാന്‍ അധികാരകേന്ദ്രങ്ങള്‍ ശ്രമിക്കുമ്പോള്‍ അവരെ പരാജയപ്പെടുത്തേണ്ടത് ജനകീയ ആവശ്യമാണ്. ട്വന്റി-20 നടത്തുന്ന സേവനങ്ങളില്‍ കിറ്റെക്‌സ് കമ്പനിയോടുള്ള വൈരാഗ്യം മുന്‍നിര്‍ത്തി പഞ്ചായത്ത് ഭരണസമതി ഇടങ്കോലിടുകയായിരുന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം. ഇതുമൂലം ജനങ്ങള്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും കിട്ടാതെയായി. ഇത്തരമൊരു സന്നിഗ്ധഘട്ടത്തില്‍ ജനകീയപോരാട്ടത്തിലൂടെ അധികാരം ജനങ്ങളുടെ കൈകളിലേക്ക് തന്നെ എത്തിക്കേണ്ടതായുണ്ടായിരുന്നു, തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത് അങ്ങനെയാണ്.

2020 ഓടുകൂടി ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. എല്ലാവര്‍ക്കും വീട്, കുടിവെള്ളം, ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, വിദ്യാഭ്യാസപുരോഗതി, തുല്യനീതി, അഴിമതി നിര്‍മാര്‍ജ്ജനം, ഗതാഗതസൗകര്യം, കാര്‍ഷികോന്നമനം, വിവരസാങ്കേതിക രംഗത്ത് പുരോഗതി, മാലിന്യസംസ്‌കരണം തുടങ്ങി പ്രഥമ പരിഗണനയിലുള്ള 20 ലക്ഷ്യങ്ങള്‍ ത്വരിതവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ട്വന്റ-20യും പഞ്ചായത്തും.

ട്വന്റി-20 എങ്ങനെ പഞ്ചായത്തില്‍ വേരുപിടിച്ചു
ട്വന്റി-20 എന്ന ജനകീയ കൂട്ടായ്മ പഞ്ചായത്തില്‍ വേരിറക്കുന്നത് രാഷ്ട്രീയ-മത-സാമുദായിക സംഘടനകളുടെ പിന്തുണയോടെയായിരുന്നു എന്നതാണ് വാസ്തവം. ജനകീയസേവനത്തിന് ഒരു കൂട്ടായ്മ എന്നതായിരുന്നു ഇത്തരമൊരു ഓര്‍ഗനൈസേഷനു രൂപം കൊടുക്കുമ്പോള്‍ കിറ്റെക്‌സ് മുന്നോട്ടുവച്ച ആശയം. ഇടതുപക്ഷവും ബിജെപിയും രാഷ്ട്രീയ പിന്തുണ കൊടുക്കുയും ചെയ്തു. കേവലം രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവന്നതുപോലുള്ള പ്രവര്‍ത്തനമായിരുന്നില്ല കിറ്റെക്‌സ് നടത്തിയതെന്നിടത്താണ് അവരുടെ ഓര്‍ഗനൈസേഷന്റെ വിജയം. കമ്പനി സ്റ്റാഫുകളായ സോഷ്യല്‍ വര്‍ക്കര്‍മാരെ പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലും പ്രവര്‍ത്തനത്തിനിറക്കി. ഇവര്‍ ഓരോ വീടുകളും കയറിയിറങ്ങി. ഓരോ കുടംബത്തിന്റെയും ജീവിതനിലവാരവും അവരുടെ ആവശ്യങ്ങളും രേഖപ്പെടുത്തി. ഈ കണക്കുകള്‍ കമ്പനിക്കു കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ മൂന്നു തട്ടുകളായി തിരിച്ചു. താഴെ തട്ടിലുള്ളവര്‍, മധ്യവര്‍ഗക്കാര്‍, അതിനും മുകളില്‍ നില്‍ക്കുന്നവര്‍. ഈ മൂന്നുതട്ടുകാര്‍ക്കും ഓരോ വിഭാഗത്തിന്റെതായ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഈ കാര്‍ഡുള്ളവര്‍ക്ക് പച്ചക്കറി-പലചരക്ക് സാധനങ്ങള്‍ തൊട്ടു ഗൃഹോപകരണ ഉത്പന്നങ്ങള്‍ വരെ പകുതി വിലയ്ക്കു ലഭിച്ചു. പൊതുവിപണിയില്‍ ഒരു കിലോ മാങ്ങയ്ക്ക് 100 രൂപയാണെങ്കില്‍ ട്വന്റി-20 യുടെ സ്റ്റാളില്‍ നിന്നും 50 രൂപയ്ക്ക് കിട്ടും, 3000 രൂപയുടെ മിക്‌സി 1500 രൂപയ്ക്ക് കിട്ടും. കാര്‍ഷിക വിളകള്‍, ഉപകരണങ്ങള്‍ എന്നിവയും പകുതി വിലയ്ക്ക് ലഭ്യമാക്കി, കൃഷിനിലങ്ങള്‍ ട്വന്റി-20 യുടെ നേതൃത്വത്തില്‍ സൗജന്യമായി ഉഴുതു കൊടുത്തു, ആറുലക്ഷം രൂപവരെ മുടക്കി വീടുകള്‍ പുനര്‍നിര്‍മിച്ചു, ലക്ഷംവീടു കോളനികളില്‍ ഉള്‍പ്പെടെ സൗജന്യ കുടിവെള്ള ടാപ്പുകള്‍ ഓരോ വീടുകളിലും നല്‍കി. റോഡുകള്‍ സഞ്ചാരയോഗ്യമാക്കി, ബാക്കിയുള്ള ലക്ഷ്യങ്ങള്‍ക്കൂടി പൂര്‍ത്തിയാക്കണമെങ്കില്‍ പഞ്ചായത്തില്‍ അധികാരത്തില്‍ എത്തണം എന്നൊരാവശ്യം ട്വന്റി-20 മുന്നോട്ടുവച്ചപ്പോള്‍ അതു തള്ളിക്കളയാന്‍ ജനങ്ങള്‍ക്ക് കഴിയില്ലായിരുന്നു. അതുവരെ ട്വന്റി-20യെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയി മാത്രം കണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപകടം മനസിലാകുന്നത് വൈകിയാണ്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തോട് ചെയ്ത തെറ്റ്
കൃത്യമായ രാഷ്ട്രീയബോധമുള്ള ജനതയായിരുന്നു കിഴക്കമ്പലത്തുള്ളതെങ്കിലും സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. ട്വന്റി-20യുടെ കൂടെ തുടക്കകാലത്ത് ഉണ്ടായിരുന്നവരില്‍ ഏറെയും ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരായിരുന്നു. പഞ്ചായത്ത്- കിറ്റെക്‌സ് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് നേതൃത്വം ട്വന്റി-20യുമായി നേരിട്ട് ബന്ധമൊന്നും ഉണ്ടാക്കിയിരുന്നില്ലെങ്കിലും അണികളില്‍ ഏറെപ്പേര്‍ അവര്‍ക്കൊപ്പം പോയി. ട്വന്റി-20 സാരഥികളായി ഇപ്പോള്‍ പഞ്ചായത്തിലുള്ളവരില്‍ ഭൂരിഭാഗവും മറ്റു പാര്‍ട്ടികളിലുണ്ടായിരുന്നവരാണ്. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് സിപിഎമ്മിലും സിപിഐയിലും പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. 

ട്വന്റി-20 ക്ക് പിന്തുണ നല്‍കിയത് ജനകീയപ്രവര്‍ത്തനങ്ങളോടു സഹകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ആ സംഘടനയ്ക്ക് രാഷ്ട്രീയലക്ഷ്യം ഉണ്ടെന്നു മനസ്സിലാക്കിയിരുന്നില്ല. കിറ്റെക്‌സ് സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഒപ്പം നില്‍ക്കുക എന്നത് ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കടമ ആയാണ് കണ്ടത്. പിന്നീടാണ് അവരുടെ ലക്ഷ്യം അധികാരം ആണെന്നു തിരിച്ചറിയുന്നത്. അതോടെ ട്വന്റി-20യുമായുള്ള ബന്ധം അവസാനിപ്പിച്ചു; രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദീകരണമിതാണ്. എന്നാല്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ എന്തുകൊണ്ട് ട്വന്റി-20ക്ക് പിന്തുണ നല്‍കിയെന്നതിന് അണികള്‍ പറയുന്ന കാരണം വേറെയാണ്; നേതാക്കന്മാരെ കാശുകൊടുത്തു കൂടെ നിര്‍ത്തുകയായിരുന്നു കിറ്റെക്‌സ്. രൂക്ഷമായ മാലിന്യപ്രശ്‌നം കമ്പനിയുടെ നിലനില്‍പ്പിന് ഭീഷണിയായ കാലംതൊട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതന്മാരെ കൂടെ നിര്‍ത്താന്‍ കിറ്റെക്‌സ് മുതലാളി ശ്രമിച്ചിട്ടുണ്ട്. ഏതാനും നേതാക്കന്മാര്‍ ഒഴിച്ചാല്‍ എല്ലാ പാര്‍ട്ടികളുടെയും ഉയര്‍ന്ന നേതാക്കള്‍ കമ്പനിക്കൊപ്പമാണ് എന്നും നിലകൊണ്ടിരുന്നത്. ട്വന്റി-20 എന്ന സംഘടന കിറ്റെക്‌സ് രൂപീകരിച്ചപ്പോള്‍ തന്നെ അതിന്റെ ഉദ്ദേശ്യം എന്താണെന്നു എല്ലാവര്‍ക്കും മനസ്സിലായതാണ്. ഒന്നും അറിഞ്ഞില്ലെന്നു നേതാക്കന്മാര്‍ പറഞ്ഞാല്‍ അതു മുഖവിലയ്ക്ക് എടുക്കാന്‍ പറ്റില്ല; പേരു വെളിപ്പെടുത്തേണ്ട എന്ന ആവിശ്യത്തോടെ ഒരു സിപിഐഎം അംഗം പറഞ്ഞു.

ഇവിടെ പാര്‍ട്ടി ഓഫിസുകള്‍ നിര്‍മിക്കുന്നതിനു പോലും കിറ്റെക്‌സിന്റെ ധനസഹായം കിട്ടിയിട്ടുണ്ട്. നേതാക്കന്മാര്‍ക്ക് സ്വകാര്യമായും കാശ് കിട്ടിയിട്ടുണ്ട്. എല്ലാ സൗഭാഗ്യങ്ങളും കിറ്റെക്‌സില്‍ നിന്നു നേതാക്കന്മാര്‍ സ്വന്തമാക്കുമ്പോള്‍, ഇക്കാലമത്രയും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ട സാധാരണ പ്രവര്‍ത്തകര്‍ക്ക് എന്തുനേട്ടമാണ് ഉണ്ടായിരിക്കുന്നത്. അവിടെയാണ്, ഞങ്ങള്‍ക്ക് പകുതി വിലയ്ക്ക് സാധനങ്ങള്‍ തന്നും, വീടും വെള്ളവും തന്നു ഒരു സംഘടന രംഗത്തു വരുന്നത്. അന്നന്നത്തെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുന്നവനെ സംബന്ധിച്ച് അവരോടൊപ്പം നില്‍ക്കുന്നത് ലാഭമാണ്. എല്ലാവരും അവരവരുടെ ലാഭമല്ലേ നോക്കുന്നത്. പാര്‍ട്ടിയും നേതാക്കന്മാരും ലാഭമല്ലേ നോക്കുന്നത്. പാവപ്പെട്ട ജനങ്ങള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്? ഓട്ടോറിക്ഷ ഡ്രൈവറായ ഒരു ചെറുപ്പക്കാരന്റെ ചോദ്യമാണ്.

കിറ്റെക്‌സ് ജനാധിപത്യത്തോട് ചെയ്ത തെറ്റ്
ട്വന്റി-20 നടത്തിയ ജനസേവനങ്ങള്‍ പുറമെ നിന്നുനോക്കുന്ന ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. മലയാളിയുടെ സ്വപ്‌നങ്ങളില്‍ നിന്നുപോലും നഷ്ടമായ മാവേലിനാട് എന്ന സങ്കല്‍പ്പത്തിന്റെ പൂര്‍ത്തീകരണമാണോ കിഴക്കമ്പലത്തു നടക്കുന്നതെന്നു തോന്നും. പക്ഷേ ഇതിനെല്ലാം പുറകില്‍ കിറ്റെക്‌സ് എന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ സ്വാര്‍ത്ഥ്യലക്ഷ്യങ്ങള്‍ ഇല്ലേ എന്ന ചോദ്യം ഗൗരവമുള്ളതുമാണ്. കിറ്റെക്‌സിന് അവരുടെ വ്യവസായം സംരക്ഷിക്കേണ്ടതായുണ്ട്. അവര്‍ ഉയര്‍ത്തുന്ന മാലിന്യപ്രശ്‌നം വളരെ രൂക്ഷമായ ഒന്നാണെന്നു വിദഗ്ധ സമിതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. നിലവിലെ പഞ്ചായത്തു ഭരണസമിതിയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്നതിലേക്കും ഒരിക്കല്‍ എല്ലാം പൂട്ടിക്കെട്ടി മറ്റേതെങ്കിലും രാജ്യത്തേക്കു പോകുമെന്നു ഭീഷണി മുഴക്കിയതിന്റെയുമെല്ലാം പിന്നില്‍ മാലിന്യപ്രശ്‌നം തന്നെയായിരുന്നു. ഒരു കമ്പനി പ്രവര്‍ത്തിക്കാന്‍ വേണ്ട 36 ലൈസന്‍സുകളില്‍ 35 ഉം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരേയൊരെണ്ണം മാത്രമാണ് ഇനി ലഭിക്കേണ്ടതായിട്ടുള്ളൂ എന്നു കമ്പനി എം ഡി പറയുന്നു. എതാണ് ആ ഒരേയൊരെണ്ണം? പഞ്ചായത്ത് നല്‍കുന്ന പ്രവര്‍ത്തനാനുമതി. പഞ്ചായത്ത് എന്തുകൊണ്ട് ആ അനുമതി നല്‍കുന്നില്ല എന്നു ചോദിച്ചാല്‍ കമ്പനി പറയുന്നതുപോലെ പഞ്ചായത്തിന്റെ പിടിവാശി കൊണ്ടാണോ, അല്ല. കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന മാലിന്യപ്രശ്‌നത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതുകൊണ്ടാണ്. 

നല്ലൊരു വിഭാഗം ജനങ്ങളും കിറ്റെക്‌സ് ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നത്തില്‍ അസ്വസ്ഥരാണെന്ന് നിലവിലെ സാഹചര്യത്തില്‍പോലും കിഴക്കമ്പലത്ത് അന്വേഷിച്ചാല്‍ മനസ്സിലാകുന്ന കാര്യമാണ്. എന്നിട്ടും എന്തുകൊണ്ട് പത്തൊമ്പതില്‍ പതിനേഴിടത്തും കിറ്റെക്‌സ് നേതൃത്വം വഹിക്കുന്ന ട്വന്റി-20ക്ക് തെരഞ്ഞെടുപ്പ് വിജയം നേടാനായി എന്നു ചോദിക്കുന്നവര്‍ അന്വഷിക്കേണ്ട മറ്റൊരു സംഗതിയുണ്ട്, ട്വന്റി-20 ക്ക് നഷ്ടമായ ആ രണ്ടു വാര്‍ഡുകള്‍ ഏതൊക്കെയാണ്? ചേലക്കുളവും കാവുങ്ങപ്പറമ്പും. ഇതില്‍ ചേലക്കുളം വാര്‍ഡിലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് സ്ഥിതി ചെയ്യുന്നത്, അതായത് മാലിന്യപ്രശ്‌നം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വാര്‍ഡ്, ഇതിനോട് തൊട്ടുകിടക്കുന്നതാണ് കാവുങ്ങപ്പറമ്പ് വാര്‍ഡ്. ഈ രണ്ടു വാര്‍ഡുകളിലും ട്വന്റി-20 പരാജയപ്പെട്ടത് ചെറിയ ഭൂരിപക്ഷത്തിനാണ്. അതായത് സാബു ജേക്കബ് പറയുന്നതുപോലെ ഇവിടെ വര്‍ഗീയതയുടെ വിജയമാണ് സംഭവിച്ചതെന്നും (ചേലക്കുളത്ത് ലീഗ് സ്വതന്ത്രനും കാവുങ്ങപ്പറമ്പില്‍ എസ്ഡിപി ഐ സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്) ട്വന്റി-20യുടെ പ്രവര്‍ത്തകരെ ഇങ്ങോട്ടു കയറ്റാനോ, ഒരുു ഫ്‌ളെക്‌സ് ബോര്‍ഡ് വയ്ക്കാനോ സമ്മതിച്ചില്ല എന്നുമൊക്കെയുള്ള ന്യായം യഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടുള്ളതാണെന്ന് പ്രദേശവാസികളോട് സംസാരിച്ചാല്‍ മനസിലാകും.

ഇവിടെയുള്ളവര്‍ക്കും ട്വന്റി-20യുടെ കാര്‍ഡുകള്‍ കിട്ടിയിരുന്നതാണ്. എന്നാല്‍ അവരുടെ സ്ഥാനാര്‍ത്ഥി തോറ്റതോടെ പലരുടെയും കാര്‍ഡുകള്‍ റദ്ദാക്കി, വോട്ട് ചെയ്തില്ല എന്നതായിരുന്നു കുറ്റം; തൈക്കാവ് ജംഗ്ഷനിലെ ബേക്കറി ഉടമ പറയുന്നതില്‍ നിന്നു തന്നെ ട്വന്റി-20യുടെ കാരുണ്യപ്രവര്‍ത്തനത്തിന് ഒരു ലക്ഷ്യം മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. ചേലക്കുളത്തും കാവുങ്ങപ്പറമ്പിലുമുള്ള നിരവധി ട്വന്റി-20 കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോള്‍ അവയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്നത് അന്വേഷണത്തില്‍ മനസിലായ കാര്യമാണ്. കമ്പനിയുടെ സ്റ്റാഫുകള്‍ (സോഷ്യല്‍ വര്‍ക്കര്‍മാര്‍) ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ് ഒരാളുടെ ആനുകൂല്യം നിശ്ചയിക്കുന്നതും ഇല്ലാതാക്കുന്നതും. ചേലക്കുളത്തും കാവുങ്ങപ്പറമ്പിലും ഈ സ്റ്റാഫുകള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മറുപാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തു എന്നു സംശയിക്കുന്നവരുടെ കാര്‍ഡുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്താണ്? കമ്പനിയുടെ ലക്ഷ്യം ക്ഷേമമോ അധികാരമോ!

കാവുങ്ങപ്പറമ്പില്‍ നിന്നും വിജയിച്ച എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അബ്ദുള്‍ റഹ്മാന്‍ ചൂണ്ടിക്കാണിക്കുന്നതും ഇതേ കാര്യങ്ങളാണ്. അദ്ദേഹത്തിനു കൂടുതല്‍ പറയാനുണ്ട്; 

കിഴക്കമ്പലത്ത് കിറ്റെക്‌സ് ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നം വളരെ ഗുരുതരമാണ്. ഇത് മറച്ചുവയ്ക്കാനും അവരുടെ വ്യവസായം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും പഞ്ചായത്ത് പ്രതിബന്ധം ആകരുതെന്നു കണ്ടു നടത്തിയ ആസൂത്രിതമായ നീക്കമായിരുന്നു ട്വന്റി-20യുടെ രൂപീകരണവും ഇപ്പോള്‍ അധികാരം പിടിച്ചെടുത്തിരിക്കുന്നതിലും എത്തിയത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള മുരുകംപാളയത്തു നിന്നു ജനകീയപ്രക്ഷോഭങ്ങളെയും സുപ്രീം കോടതി വിധിയെയും തുടര്‍ന്നു പൂട്ടിക്കെട്ടി പോരേണ്ടി വന്ന ബ്ലീച്ചിംഗ്, ഡൈനിംഗ് യൂണിറ്റുകളാണ് കിഴക്കമ്പലം പോലെ ജനനിബിഢമായൊരു സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ മറ്റൊരു തുണിമില്ലിലും ഇത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു ശ്രദ്ധിക്കണം. നമ്മുടെ പാരിസ്ഥിതിക സാഹചര്യം അതിന് അനുവദിക്കുന്നില്ല.

ഈ പ്ലാന്റുകളില്‍ നിന്നുള്ള മാലിന്യം കമ്പനി ഒഴുക്കിവിടുന്ന് തുറസായ സ്ഥലങ്ങളിലേക്കാണ്. കിറ്റെക്‌സ് പ്ലാന്റുകള്‍ വന്നശേഷം വ്യാപകമായ മലീനികരണമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. ഗാര്‍മെന്റ്‌സിലെ പ്ലാന്റില്‍ നിന്നുള്ള മാലിന്യം താഴത്തുപീടിക തോടുവഴി വിലങ്ങ്, കിഴക്കമ്പലം, ചൂരക്കോട് ഭാഗങ്ങളിലൂടെയൊഴുകി ശുദ്ധജല സ്രോതസ്സായ കടമ്പ്രയാറിലേക്കാണ് എത്തുന്നത്. പത്തുപതിനയ്യായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന ഗാര്‍മെന്റിസിലെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതാകട്ടെ പഞ്ചായത്തിന്റെ പൊതുകുളത്തിലേക്ക്, ഇവിടെ നിന്നു ചേലക്കുളം, കാവുങ്ങപ്പറമ്പ്, ചൂരക്കോട് പാടങ്ങളിലേക്കാണ് ഇവ ഒഴുകിയെത്തുന്നത്. പ്രദേശത്തെ ശുദ്ധജലസ്രോതസ്സുകളും പാടങ്ങളും മലിനമാക്കുന്നതരത്തില്‍  മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ ജനകീയപ്രക്ഷോഭം കാലങ്ങളായി നിലനില്‍ക്കുകയാണ്. ഇതേ തുടര്‍ന്ന് കിറ്റെക്‌സിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും പ്രക്ഷോഭം ശക്തമാക്കുകയും ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും മാലിന്യപ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നു മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലും കമ്പനിക്കു പ്രതികൂലമായ റിപ്പോര്‍ട്ടാണ് കിട്ടിയത്. എന്നാല്‍ യാതൊരു അനക്കവും കമ്പനിയുടെ ഭാഗത്തു നിന്നുണ്ടാകാതിരുന്നതിനെ തുടര്‍ന്നു സമരം ശക്തമാക്കുകയും ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലം എംഎല്‍എ, ജില്ല കളക്ടര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, കമ്പനി പ്രതിനിധികള്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട ചര്‍ച്ചകള്‍ നടന്നു. ഇത്തരത്തില്‍ അഞ്ചോളം ചര്‍ച്ചകള്‍ നടക്കുകയും ഒടുവില്‍ കമ്പനി പുറംതള്ളുന്ന മലിനജലം അവരുടെ കോമ്പൗണ്ടില്‍ തന്നെ ഏകദേശം പത്തുലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വലിപ്പത്തില്‍ ഒരു കുളം സ്ഥാപിക്കുകയും, അതിലേക്ക് ഈ മലിനജലം ശേഖരി ച്ച ശേഷം ശുദ്ധീകരിച്ച് കാര്‍ഷികാവിശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള തീരുമാനത്തില്‍ എത്തുകയുണ്ടായി. ഇതിനെല്ലാം രേഖകളുള്ളതാണ്. നടപ്പിലാക്കാം എന്നു പറയുന്നതല്ലാതെ, ഇതുവരെ കമ്പനിയുടെ ഭാഗത്തു നിന്നു യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. അവരിപ്പോള്‍ ഏതാണ്ട് 50 കോടി രൂപ മുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ പോവുകയാണ്. ഇത്തരമൊരു പ്ലാന്റ് കൂടി വന്നാലത്തെ സ്ഥിതി എന്തായിരിക്കും.

ഡൈനിംഗ് പ്ലാന്റിലേക്ക് അവര്‍ക്ക് ദിവസേന അനവധി ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഈ വെള്ളമെല്ലാം ഊറ്റിയെടുക്കുന്നത് സമീപത്തെ ജലസ്രോതസ്സുകളില്‍ നിന്നാണ്. വേനല്‍ കാലമാകുമ്പോള്‍ ചേലക്കുളം കാവുങ്ങപ്പറമ്പ് വാര്‍ഡുകളിലെ കിണറുകളിലെ വെള്ളം വറ്റി ജനങ്ങളുടെ കുടിവെള്ള മാര്‍ഗം അടയുകയാണ്. ഈ പ്ലാന്റിനു പുറകുവശത്തായി ലോവര്‍ പെരിയാര്‍ ശുദ്ധജലപദ്ധതിയില്‍ നിന്നും ഒഴുകി വരുന്ന കൈത്തോട്ടിലെ വെള്ളം ഒരു കുളംപോലെ കുഴിച്ചിരിക്കുന്നതിലേക്ക് ഒഴുകിവരുന്നതിനുള്ള മാര്‍ഗം ഉണ്ടാക്കിയിട്ട് അവിടെ നിന്നു വലിയ മോട്ടോറുകള്‍ ഉപയോഗിച്ചു കമ്പനിയിലേക്കു പമ്പു ചെയ്യുകയാണ്. ശുദ്ധ ജലം കമ്പനി കൈക്കലാക്കിയിട്ടു കമ്പനിയില്‍ നിന്നു പുറംതള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞ അഴുക്കുവെള്ളം മറ്റൊരു മാര്‍ഗത്തിലൂടെ ഈ കൈത്തോടിലേക്കു തന്നെ ഒഴുക്കിവിടുന്നു. ഈ വെള്ളമാണ് പ്രദേശവാസികള്‍ക്ക് കിട്ടുന്നത്. ഈ കാര്യങ്ങളൊക്കെ ഇവിടെ വന്നു പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണ്.


ഇതൊക്കെ മറച്ചുവയ്ക്കാനും തങ്ങളുടെ കൊള്ളരുതായ്മകള്‍ക്ക് അധികാരത്തിന്റെ മറവേണമെന്നതും കൊണ്ടാണ് അവരിപ്പോള്‍ പണമെറിഞ്ഞ് ജനാധിപത്യസംവിധാനത്തെ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാവരെയും അത്തരത്തില്‍ പണമെറിഞ്ഞു വീഴ്ത്താന്‍ കമ്പനിക്കു കഴിഞ്ഞില്ല എന്നതിനു തെളിവാണ് കാവുങ്ങപ്പറമ്പും ചേലക്കുളവും. ഇവിടെയുള്ള ജനങ്ങളെ അവര്‍ ഒറ്റപ്പെടുത്തി ശിക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കിറ്റെക്‌സ് കമ്പനി നടത്തുന്ന മാലിന്യപ്രശ്‌നത്തില്‍ പരിഹാരം ഉണ്ടാകുന്നതുവരെ ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.

കിഴക്കമ്പലത്തെ ചേരിതിരിവ്
കിഴക്കമ്പലം തൈക്കാവ് ജംഗ്ഷനില്‍ ചെന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലേക്ക് പോകാന്‍ വഴി തിരക്കിയെന്നിരിക്കട്ടെ, ഒരുപക്ഷേ നിങ്ങളുടെ ചോദ്യം ആരും ശ്രദ്ധിച്ചെന്നു വരില്ല, അല്ലെങ്കില്‍ തെറ്റായ വഴിയായിരിക്കും പറഞ്ഞു തരിക.(ഈ ലേഖകന് ഉണ്ടായ അനുഭവമാണിത്). നാട്ടുകാര്‍ക്കിടയില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ വന്നുപെട്ടിരിക്കുന്ന  സ്പര്‍ദ്ധ ആരുടെ സംഭാവനയാണ്. ഇരു ഭാഗത്തിനും അവരുടെതായ ന്യായങ്ങള്‍ പറയാനുണ്ട്.

ശാരീരികമായുള്ള ആക്രമണങ്ങള്‍ വരെ കിറ്റെക്‌സിലെ ജീവനക്കാര്‍ക്കു നേരെ ഉണ്ടായിട്ടുണ്ട്. കമ്പനിയിലേക്കു വരുന്നവരെ കിലോമീറ്ററുകള്‍ ചുറ്റിച്ചുവിടുകയാണ്. ഇവിടെ നിന്നും പോകുന്ന ലോഡുകള്‍ പോലും തൈക്കാവ് വഴി പോകാന്‍ ഒരു വിഭാഗം സമ്മതിക്കുന്നില്ല. ജീവനക്കാര്‍ വിളിച്ചാല്‍ വരാന്‍ ജംഗ്ഷനിലുള്ള ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തയ്യാറാകില്ല. കിറ്റെക്‌സ് കമ്പനി സന്ദര്‍ശിക്കാന്‍ വരുന്നവരോട് പോലും അപമര്യദയായി പെരുമാറുന്നു. വൈദികരോടുപോലും മോശമായി പെരുമാറുമായിരുന്നു. ഞങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്? ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ശ്രമിച്ചതോ? കിറ്റെക്‌സ് കമ്പനി അധികൃതര്‍ ചോദിക്കുന്നു.

എന്നാല്‍   എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കമ്പനിയാണെന്ന വാദമാണ് ജനങ്ങളില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നത്. മതപരമായിവരെ സ്പര്‍ദ്ധ ഉണ്ടാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. പാര്‍ത്രിയാര്‍ക്കീസ് ബാവ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇവിടയെത്തിയ ക്രൈസ്തവ പുരോഹിതരെ മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നു നോട്ടീസ് അടിച്ചിറക്കിയ ആളാണ് സാബു ജേക്കബ്. അങ്ങനെയൊന്നും സംഭവിച്ചിട്ടുപോലുമില്ലെന്നിരിക്കെ അവരുടെ ഉദ്ദേശം എന്തായിരുന്നു? ജനങ്ങളെ തമ്മിലടിപ്പിക്കാനോ? ജംഗ്ഷനില്‍ കിടക്കുന്ന ഓട്ടോകളില്‍ കയറരുതെന്നു കമ്പനിയിലെ ജോലിക്കാരോട് മാനേജ്‌മെന്റ് കട്ടായം പറഞ്ഞിരിക്കുകയാണ്. പകരം അവര്‍ക്കു വേണ്ടി സൗജന്യ ഓട്ടോ സര്‍വീസുകള്‍ നടത്തി. ഇതിനെ ചോദ്യം ചെയ്തു മറ്റു ഓട്ടോ തൊഴിലാളികള്‍ രംഗത്തുവന്നതോടെ സൗജന്യം എന്നത് വളരെ ചെറിയൊരു തുകയിലേക്കാക്കി. അങ്ങനെ വരുമ്പോഴും ജോലിക്കാര്‍ ആരുടെ ഓട്ടോയില്‍ കയറും. ഈ സമീപനം ഇവിടുത്തെ പാവപ്പെട്ട ഓട്ടോത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയല്ലേ? ജേക്കബ് എന്ന ഓട്ടോ ഡ്രൈവര്‍ ചോദിക്കുന്നു. 

ഇന്നിപ്പോള്‍ ഒരു വീട്ടില്‍ താമസിക്കുന്ന സഹോദരങ്ങള്‍ പോലും പരസ്പരം മിണ്ടാത്ത അവസ്ഥയാണ്. ഒരാള്‍ ട്വന്റി-20യുടെ ഭാഗമായിരിക്കും മറ്റേയാള്‍ മറ്റൊരു രാഷ്ട്രീയവിശ്വാസം ഉള്ളയാളും. എതിരാളികളോട് അടുപ്പം കാണിക്കരുതെന്നാണ് കമ്പനിയുടെ ആജ്ഞ. കമ്പനിയെ ധിക്കരിച്ചാല്‍ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകുല്യങ്ങളും റദ്ദാക്കും; ജേക്കബ് പറയുന്നു.

കിഴക്കമ്പലത്ത് നടന്നത് പണാധിപത്യം
ജനാധിപത്യത്തിന്റെ കൊലപാതകമാണ് കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനി നടത്തിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ഏലിയാസ് കാരിപ്രം പറയുന്നത്. കിറ്റെക്‌സ് പണം കൊണ്ടു ജനങ്ങളെ വിലയ്‌ക്കെടുത്തിരിക്കുകയാണ്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതി ഒന്നും ചെയ്തില്ലെന്നാണ് അവര്‍ പറയുന്നത്. പഞ്ചായത്ത് ഇന്ത്യന്‍ നിയമത്തില്‍ നിലനിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട ഒരു ജനാധിപത്യസ്ഥാപനമാണ്, അല്ലാതെ കോര്‍പ്പറേറ്റ് സ്ഥാപനമല്ല. കിറ്റെക്‌സിന്റെ മുതലാളിക്ക് അയാളുടെ ഇഷ്ടംപോലെ കാശ് ചെലവഴിക്കാം. പഞ്ചായത്തിന് അത് സാധ്യമല്ല. വീടില്ലാത്തവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കുന്നു, വെള്ളമില്ലാത്തിടത്ത് വെള്ളം കൊടുക്കുന്നു, റോഡ് ശരിയാക്കുന്നു എന്നൊക്കെയാണ് ട്വന്റി-20യുടെ അവകാശവാദം.  ഒരു നിസാര സംശയം; പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഇതൊക്കെ ചെയ്യാന്‍ ഒരു സ്വകാര്യവ്യക്തിക്കു കഴിയുമോ? ഇല്ല, നല്ലകാര്യങ്ങള്‍ ആരു ചെയ്താലും അതിനൊപ്പം നിന്ന ഭരണസമതിയായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ജനസേവനത്തിന്റെ മറവില്‍ സ്വാര്‍ത്ഥ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു തടയും. അര്‍ഹതപ്പെട്ടവര്‍ക്ക് വീടും വെള്ളവും നല്‍കാന്‍ യുഡിഎഫ് ഭരണസമിതി പ്രതിജ്ഞാബദ്ധമായിരുന്നു. അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് അനര്‍ഹര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങളുടെ ജാഗ്രത ഇത്രമേല്‍ ശക്തമായൊരു കാലത്ത് സാധിക്കുമോ? സ്വന്തമായി പട്ടയമോ, ഭൂമിയോ ഇല്ലാത്ത, അല്ലെങ്കില്‍ ആവശ്യമായ മറ്റുരേഖകള്‍ ഇല്ലാത്തൊരാള്‍ക്ക് വീടു നല്‍കാന്‍ പഞ്ചായത്തിന് ചില ബുദ്ധിമുട്ടുകളുണ്ട്. എന്നാല്‍ ഇതെല്ലാം ഭരണസമിതിയുടെ വീഴ്ച്ചയായി പൊക്കിപ്പിടിച്ച് അവിടെയൊക്കെ ഞങ്ങളിതാ ഇടപെടുന്നൂ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കമ്പനി ശ്രമിച്ചത് ജനങ്ങളെ പ്രലോഭനങ്ങളില്‍ വീഴ്ത്തി സ്വന്തം ഭാഗത്തു നിര്‍ത്താനാണ്. കല്യാണം നടത്തി കൊടുക്കുക, ലാപ്‌ടോപ്പ് വാങ്ങിക്കൊടുക്കുക, കുടിവെള്ള ടാപ്പ് ഓരോ വീടിനും നല്‍കുക എന്നതൊക്കെ ഒരു മുതലാളിക്ക് നിഷ്പ്രയാസം നടക്കുന്ന കാര്യമാണ്. എന്നാല്‍ പഞ്ചായത്തിന് ഇതൊക്കെ ചെയ്യണമെങ്കില്‍ ചട്ടങ്ങള്‍ നോക്കണം. ഒരു വാട്ടര്‍ കണക്ഷന്‍ കൊടുക്കുമ്പോള്‍ അതിന്റെ ചെലവിന്റെ ചെറിയൊരു ഭാഗം ജനങ്ങളില്‍ നിന്നു വാങ്ങേണ്ടി വരും. വിലങ്ങ്, ഞാറള്ളൂര്‍ കോളനികളിലെ ലക്ഷംവീടുകള്‍ ഒറ്റവീടുകളാക്കി നിര്‍മ്മിക്കുമെന്നാണ് അവരുടെ മറ്റൊരു വാഗ്ദാനം. ഒരു പഞ്ചായത്ത് ഭരണസമതിക്കു ഇതൊക്കെ എടുത്തോപിടിച്ചോ എന്നു പറഞ്ഞു ചെയ്യാന്‍ പറ്റുമോ?

ഞാറള്ളൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളത്തിനായി ആശ്രയിക്കാന്‍ പഞ്ചായത്ത് കിണര്‍ ഉണ്ടായിരിക്കെയാണ് അവിടെ വാട്ടര്‍ ടാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവുമായി ട്വന്റി-20 പഞ്ചായത്തിനെ സമീപിക്കുന്നത്. ജനങ്ങള്‍ക്ക് പ്രയോജനകരമായ പദ്ധതിയെന്ന നിലയില്‍ ഭരണസമിതി അനുമതിയും നല്‍കി. അതോടെ രായ്ക്കുരാമാനം അവിടെയുണ്ടായിരുന്ന കിണര്‍ ഇടിച്ചു നിരത്തി ടാങ്ക് പണിയാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് പഞ്ചായത്ത് തടഞ്ഞപ്പോള്‍ ഞങ്ങളെ ജനവിരുദ്ധരാക്കി. എല്ലാം ഫ്രീയായി കിട്ടാന്‍ കൊതിക്കുന്നവര്‍ക്ക് പഞ്ചായത്ത് ശത്രുക്കളും ട്വന്റി-20ക്കാര്‍ മാലാഖമാരുമായി. ഇതൊരു നല്ല സമീപനമാണോ? പണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അവരുടെ ആധിപത്യം നേടിയെടുത്തത് എങ്ങനെയായിരുന്നു. ആദ്യം അവര്‍ നമ്മളെ പ്രലോഭനങ്ങളില്‍ വീഴ്ത്തി, പിന്നീടവര്‍ നമ്മളെ അടിമകളാക്കി. കിഴക്കമ്പലത്ത് നടക്കുന്നതും ഇതൊക്കെ തന്നെയാണ്.

കിറ്റെക്‌സ് ഉണ്ടാക്കുന്ന മാലിന്യപ്രശ്‌നത്തില്‍ ശക്തമായ നടപടിയെടുത്തൂ എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയോട് ഉള്ള എതിര്‍പ്പിനു കാരണം. ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന സാഹചര്യം കമ്പനി സൃഷ്ടിച്ചാല്‍ അതു കാണാതെ മാറിനില്‍ക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന അന്ന അലുമിനിയം ഫാക്ടറിയില്‍ നിന്നുള്ള മാലിന്യം പൊതു ഓടവഴിയാണ് ഒഴുക്കിവിടുന്നത്. പഞ്ചായത്ത് അനുമതിയില്ലാതെ അലുമിനിയം ഫാക്ടറി പുതുക്കി നിര്‍മിക്കാന്‍ ശ്രമിച്ചത് പഞ്ചായത്ത് തടഞ്ഞു. അവര്‍ ഇതിനെതിരെ കോടതിയില്‍ പോയി. കോടതി പഞ്ചായത്ത് നടപടി സ്റ്റേ ചെയ്തു. ആ സ്റ്റേ നീക്കി കിട്ടാനെടുത്ത കാലതാമസത്തിനുള്ളില്‍ ഫാക്ടറി പുതുക്കു നിര്‍മിച്ചു. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ഒന്നുപോലും പാലിക്കാതെയായിരുന്നു ആ നിര്‍മാണ പ്രവര്‍ത്തി. ഇതെല്ലാം ചോദ്യം ചെയ്തതാണു കോണ്‍ഗ്രസ് പാര്‍ട്ടിയും യുഡിഎഫ് ഭരണസമിതിയും അവരോട് ചെയ്ത തെറ്റ്! ഇപ്പോള്‍ ഭരണം അവര്‍ക്ക് കിട്ടി. ഇനി കമ്പനിയുടെ തന്നിഷ്ടത്തിന് പഞ്ചായത്ത് പ്രവര്‍ത്തിക്കും.


പുതിയ ഭരണ സമിതിയുടെ ആദ്യ കമ്മിറ്റി പോലും ചേരാതെയാണ് സാബു ജേക്കബിന്റെ തീരുമാനപ്രകാരം ഓരോന്നും ചെയ്തു തുടങ്ങിയിരിക്കുന്നത്. കിഴക്കമ്പലം പഞ്ചായത്തിന്റെ അധികാരം കിറ്റെക്‌സ് കമ്പനി മുതലാളിയുടെ കൈകളിലാണ്. അയാള്‍ പറയുന്നത് അനുസരിക്കുകയാണ് ഭരണസമതിക്കാരുടെ ജോലി. ഓരോ കാര്യങ്ങളും അപ്പപ്പോള്‍ മുതലാളിയെ വിളിച്ചറിയിക്കണം. ഇതാണോ ജനാധിപത്യം. ഇത് പണാധിപത്യമല്ലേ, ഏകാധിപത്യം അല്ലേ…

കിറ്റെക്‌സ് നടത്തുന്നത് സിഎസ്ആര്‍ ഫണ്ട് വിനിയോഗമോ? 
വാര്‍ഷികവരുമാനം 1000 കോടി കവിയുന്നതോ അറ്റാദായം അഞ്ചുകോടി കടക്കുന്നതോ ആയ കമ്പനികള്‍ക്കാണ് സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിളിറ്റി) ഫണ്ട് വ്യവസ്ഥ ബാധകം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ രണ്ടുശതമാനം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കണമെന്നാണ് വ്യവസ്ഥ. ഈ തുക അതാത് കമ്പനികളുടെ പ്രവര്‍ത്തനം മൂലം സാമൂഹികവും പാരിസ്ഥിതികവുമായി ഉണ്ടാകുന്ന നഷ്ടങ്ങള്‍ പരിഹരിക്കാനും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുമായാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനകം കിറ്റെക്‌സ് ട്വന്റി-20യുടെ പ്രവര്‍ത്തനങ്ങള്‍ക്കായെന്ന പേരില്‍ ചെലവഴിച്ചത് 36 കോടിയോളം രൂപയാണ്. സിഎസ്ആര്‍ ഫണ്ട് വിനിയോഗം കമ്പനി നിലനില്‍ക്കുന്ന പ്രദേശങ്ങളിലാണ് ചെലവഴിക്കേണ്ടതെന്നിരിക്കെ ചേലക്കുളത്തോ കാവുങ്ങപ്പറമ്പിലോ ഒന്നും ചെയ്യാതെ കമ്പനിയില്‍ നിന്ന് ഏറെ മാറിയുള്ള അമ്പുനാട്, മലയിടംതുരുത്ത് പോലുള്ള സ്ഥലങ്ങളില്‍ ഫണ്ട് വിനിയോഗം നടത്തിയതിന്റെ ന്യായം എന്താണ്? സിഎസ്ആര്‍ ഫണ്ട് അല്ല ചെലവഴിക്കുന്നതെന്നാണു ന്യായമെങ്കില്‍ ഈ രണ്ടരവര്‍ഷവും കിറ്റെക്‌സ് ചെലവഴിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടായി കാണേണ്ടി വരും. ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ എന്നാണ് ട്വന്റി-20യെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വിശേഷിപ്പക്കുന്നതെങ്കിലും വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ സംഘടന മത്സരിക്കുമെന്ന കാര്യം എല്ലവാര്‍ക്കും അറിയാമായിരുന്നുവെന്നു സംഘടനയുടെ പ്രവര്‍ത്തകര്‍ തന്നെ പറയുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഓഫീസ് കെട്ടിടം നിര്‍മിച്ചു നല്‍കുക, ആരാധനാലയങ്ങള്‍ നിര്‍മിക്കാനും പുതുക്കി പണിയാനും പണം നല്‍കുക, ജാതി സംഘടനകള്‍ക്ക് പണം നല്‍കുക, കുറഞ്ഞ ചെലവില്‍ നിത്യോപയോഗ/ഗൃഹോപകരണസാധനങ്ങള്‍ നല്‍കുക എന്നതൊക്കെ ബോധപൂര്‍വമായി തന്നെ സംഘടിപ്പിച്ചതാണെന്ന ആരോപണത്തെ വെറുതെ തള്ളിക്കളയാന്‍ കഴിയില്ല. കിഴക്കമ്പലത്തെ ഓട്ടോറിക്ഷകളില്‍ ട്വന്റി-20യുടെ സ്റ്റിക്കര്‍ പതിച്ചാല്‍ ഓരോ ഡ്രൈവര്‍ക്കും വര്‍ഷാവര്‍ഷം വണ്ടി ടെസ്റ്റിനു കയറ്റുമ്പോള്‍ ഉണ്ടാകുന്ന ചെലവിന്റെ ഭൂരിഭാഗവും കമ്പനി വഹിക്കുമത്രേ! തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞുപോലും പകുതിവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുന്ന ഷോപ്പുകള്‍ ട്വന്റി-20യുടെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ടായിരുന്നു. പരാതിയെ തുടര്‍ന്നാണ് താത്കാലികമായി ഇതു നിര്‍ത്തലാക്കിയത്. എന്നാല്‍ ഇതും വോട്ടു കിട്ടാനുള്ള തന്ത്രമായി കമ്പനി മാറ്റിയെടുത്തുവെന്നാണ് ആക്ഷേപം. ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമായിരുന്ന കേന്ദ്രങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൂട്ടിച്ചെന്നായിരുന്നു കമ്പനി പ്രചരിപ്പിച്ചത്.

പഞ്ചായത്തംഗത്തിന് പതിനയ്യായിരം ഓണറേറിയം, നാനോ കാര്‍
പഞ്ചായത്ത് അംഗങ്ങള്‍ക്ക് ഓണറേറിയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും കിഴക്കമ്പലത്തെ ജനപ്രതിനിധികളാണ് ഏറ്റവും വലിയ ഭാഗ്യവാന്മാര്‍. മാസം പതിനയ്യായിരം രൂപയാണ് വാര്‍ഡ് മെംബര്‍ക്ക് ട്വന്റി-20 നിശ്ചയിച്ചിരിക്കുന്ന ഓണറേറിയം. നിലവില്‍ കിട്ടുന്നതു കൂടാതെയാണ്. ഇതിനു പുറമെ അംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ നാനോ കാറും. ഓരോ വാര്‍ഡ് അംഗങ്ങളും അതാത് വാര്‍ഡുകളില്‍ മുഴുവന്‍ സമയപ്രവര്‍ത്തനം നടത്താനും അഴിമതി നടത്താത്തിരിക്കാനുമാണ് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്നാണ് വാദം. ഇത് പഞ്ചായത്ത് പ്രഖ്യാപിച്ച ആനുകൂല്യമല്ലെന്നോര്‍ക്കണം, ട്വന്റി-20 എന്നാല്‍ കിറ്റെക്‌സ് കമ്പനിയുടെ സംരംഭമാണ്. ഈ പണമെല്ലാം മുടക്കുന്നത് സ്വഭാവികമായും സാബു ജേക്കബ് എന്ന കമ്പനി മാനേജിംഗ് ഡയറക്ടര്‍ ആകും. ഇതെങ്ങനെയാണ് ജനാധിപത്യമാകുന്നത്? ഒരു സ്വകാര്യവ്യക്തി തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ അംഗങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് ജനാധിപത്യത്തിലെ കോര്‍പ്പറേറ്റ് ഇടപെടല്‍ തന്നെയാണെന്നു പറയേണ്ടി വരും.

ജനാധിപത്യത്തിനോട് തെറ്റു ചെയ്ത ജനങ്ങള്‍
കിഴക്കമ്പലം ജനാധിപത്യത്തിന്റെ ശരികേടായി മാറിയെങ്കില്‍ ഇവിടെയതിനു പ്രധാന ഉത്തരവാദികള്‍ ജനങ്ങള്‍ തന്നെയാണ്. എന്തും ഏതും വെറുതെ കിട്ടണമെന്നു വാശിപിടിക്കുന്ന ജനത്തെ വരുതിയില്‍ നിര്‍ത്താന്‍ കൈയില്‍ പണമുള്ള ഏതൊരാള്‍ക്കും സാധിക്കും. ട്വന്റി-20 എന്ന ഓര്‍ഗനൈസേഷന്‍ മുന്നോട്ടുവച്ച കൊതിപ്പിക്കുന്ന ഓഫറുകള്‍ക്കു മുന്നില്‍ കീഴടങ്ങിയ കിഴക്കമ്പലം നിവാസികള്‍ അപരാധം ചെയ്തിരിക്കുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യ വിശ്വാസത്തോടാണ്. തങ്ങളെ അനുസരിക്കുന്നവര്‍ക്കാണ് ആനുകൂല്യങ്ങള്‍, അല്ലാത്തവര്‍ക്ക് ഒന്നും കിട്ടില്ല എന്ന കമ്പനി നിയമം കിഴക്കമ്പലത്ത് നടപ്പിലായി കഴിഞ്ഞിരിക്കുന്നു. എതിര്‍ക്കുന്നവന് ഒന്നും കിട്ടില്ലെങ്കില്‍ അതിനു ശ്രമിക്കാതിരിക്കാനായിരിക്കും നമ്മുടെ വിധേയത്വ മനസ് തീരുമാനം എടുക്കുക. അങ്ങനെ വരുമ്പോള്‍ കിഴക്കമ്പലത്തിന്റെ മണ്ണില്‍ ഒരു നിയമം മാത്രം നടപ്പിലാകും. പ്രലോഭനങ്ങള്‍ ഇനിയുമുണ്ടാകും. അവയൊക്കെ തനിക്കും ലഭിക്കണമെന്നാഗ്രഹിക്കുന്നവര്‍ കമ്പനിയുടെ വിധേയന്മാരായി ജീവിക്കണം. അറുപതോളം എംഎസ്ഡബ്ല്യുക്കാര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡിലും കയറിയിറങ്ങി നടക്കുന്നുണ്ട്. അവര്‍ ജനങ്ങളുടെ ഓരോ നീക്കവും ശ്രദ്ധിക്കുന്നുണ്ട്. പഞ്ചായത്ത് മുഴുവന്‍ നിരീക്ഷണ കാമറകള്‍വയ്ക്കാന്‍ പോവുകയാണ്. ഇവിടെ നിരീക്ഷപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതും ആരൊക്കെയാണെന്നും എന്തൊക്കെയാണെന്നും ആര്‍ക്കറിയാം.

പക്ഷേ ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്, ഇന്ന് കിറ്റെക്‌സിന് സാധിച്ചത് നാളെ ഇവിടുത്തെ ഓരോ കോര്‍പ്പറേറ്റ് സ്ഥാപനത്തിനും നിഷ്പ്രയാസം കഴിയും…പിന്നെ നമുക്കെങ്ങനെ ജനാധിപത്യത്തെ കുറിച്ച് പറയാന്‍ കഴിയും???

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍