UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഴയ സഖാവ്; ഇപ്പോള്‍ ട്വന്‍റി-20 യുടെ പഞ്ചായത്ത് പ്രസിഡന്‍റ്

Avatar

രാകേഷ് നായര്‍

ഇത്തവണത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ പഞ്ചായത്തായിരുന്നു എറണാകുളം ജില്ലയിലെ കിഴക്കമ്പലം. പരാമ്പരാഗതമായി യുഡിഎഫിന് വളറക്കൂറുള്ള കിഴക്കമ്പലത്തിന്റെ മണ്ണില്‍ ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മത്സരത്തില്‍ ഇറങ്ങിയ ട്വന്റി-20 എന്ന പേരിലെ ജനകീയ മുന്നണി പ്രഖ്യാപിത രാഷ്ട്രീയ പാര്‍ട്ടികളെ പരാജയപ്പെടുത്തി അവരുടെ ഉദ്ദേശ്യം സാക്ഷാത്കരിച്ചപ്പോള്‍ അത് കേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്കുകൂടി വഴിതെളിച്ചു. കിഴക്കമ്പലത്ത് ആകെയുള്ള പത്തൊമ്പതു വാര്‍ഡുകളില്‍ പതിനേഴിടത്തും വിജയിച്ചാണ് ട്വന്റി-20 അധികാരമേറിയിരിക്കുന്നത്. പരമ്പരാഗത മുന്നണി രാഷ്ട്രീയങ്ങള്‍ക്ക് ജനകീയ ബദല്‍ എന്ന പരിവേഷമാണ് ട്വന്റി-20 മുന്നോട്ടുവയ്ക്കുന്നതെങ്കിലും ജനാധിപത്യവ്യവസ്ഥയില്‍ ആശങ്കജനകമായ കടന്നുകയറ്റം എന്ന വിമര്‍ശനമാണ് ട്വന്റി-20ക്കെതിരെ ഉയരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയല്ല, പ്രവര്‍ത്തിയിലൂടെ തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന ഉത്തരവാദിത്വത്തെ ഫലപ്രാപ്തിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നു കിഴക്കമ്പലം ഗ്രാപഞ്ചായത്തിന്റെ പുതിയ സാരഥിയായി ചുമതലയേറ്റ കെ വി ജേക്കബ് വ്യക്തമാക്കുന്നു.

‘ട്വന്റി-20 ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയിലുമുള്ളവര്‍ ഈ സംഘടനയിലുണ്ട്. നിലവിലെ രാഷ്ട്രീയവ്യവസ്ഥയില്‍ നില്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജനകീയപ്രശ്‌നങ്ങള്‍ക്ക് പര്യപ്തമായ പരിഹാരങ്ങള്‍ കാണാനാകാതെ വരുമ്പോഴാണ് ജനങ്ങള്‍ക്ക് മറ്റൊരു ഓപ്ഷനിലേക്കു മാറി ചിന്തിക്കുന്നത്. അത്തരമൊരു മാറ്റമാണ് ഇപ്പോള്‍ കിഴക്കമ്പലത്ത് ദൃശ്യമായിരിക്കുന്നത്. ഈ മാറ്റത്തിന്റെ ശരിയായ അര്‍ത്ഥം ഇനിവരുന്ന നാളുകളില്‍ കേരളത്തിന് കാണിച്ചുകൊടുക്കയെന്ന ഉത്തരവാദിത്വമാണ് ട്വന്റി-20 ഏറ്റെടുത്തിരിക്കുന്നതെന്നു ജേക്കബ് പറയുന്നു. 2020 ഓടുകൂടി ഇന്ത്യയിലെ 2,72,000 പഞ്ചായത്തുകളില്‍വച്ച് ഏറ്റവും നല്ല മാതൃക പഞ്ചായത്താക്കി കിഴക്കമ്പലത്തെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യം. അതിനായി എല്ലാ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെ ശാസ്ത്രീയമായ രീതിയില്‍ ചിട്ടയായ ഒരു വികസനമാണ് ട്വന്റി-20 ലക്ഷ്യമിടുന്നത്’,  ജേക്കബ് പറയുന്നു.

ട്വന്റി-20 കിറ്റെക്‌സ് എന്ന കോര്‍പ്പറേറ്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സംഘടനയെന്ന വിമര്‍ശനത്തെ ജേക്കബ് പാടെ നിരാകരിക്കുന്നു. ജനങ്ങളുടെ പിന്തുണ അവരെ മണ്ടന്മാരാക്കികൊണ്ട് ഈയൊരു കാലത്ത് നേടിയെടുക്കുക എന്നത് എളുപ്പമാണോ? കിഴക്കമ്പലത്ത് തൊണ്ണൂറ്റെട്ടുശതമാനം ജനങ്ങളും ഈ ജനകീയ സംഘടനയെ പിന്തുണയ്ക്കുകയാണ്. ഇത്രയധികം ജനങ്ങളെ ഒരു കോര്‍പ്പറേറ്റ് കമ്പനിക്ക് എന്തു മായാജാലം കാണിച്ചാലും ഒപ്പം നിര്‍ത്താന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടരവര്‍ഷക്കാലം ഇവിടെ നടത്തിയ ജനകീയ ഇടപെടലുകളും വികസനപ്രവര്‍ത്തനങ്ങളും മനസ്സിലാക്കിയ, അതിന്റെ ഗുണഫലങ്ങള്‍ നേരിട്ടറിഞ്ഞ നാട്ടുകാര്‍ സ്വമേധയ ഈ പ്രസ്ഥാനത്തോടു ചേര്‍ന്നു നില്‍ക്കുക വഴിയാണ് മഹത്തരമായൊരു വിജയത്തിനു ട്വന്റി-20 ക്കു സാധിച്ചത്. ഇതില്‍ കിറ്റെക്‌സ് കമ്പനിയുടെ നിസ്വാര്‍ത്ഥ സഹകരണം ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ഇവിടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പഞ്ചായത്ത് മുന്‍ഭരണസമതിക്കും ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വ്യക്തമായ രാഷ്ട്രീയം ഉള്ള കിഴക്കമ്പലത്തെ ജനങ്ങളെ അവരില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ സാധിക്കില്ലായിരുന്നു; ജേക്കബ് തന്റെ നിലപാട് വ്യക്തമാക്കുന്നു.

കിഴക്കമ്പലത്തിന്റെ മാറ്റം എവിടെ നിന്നു തുടങ്ങുന്നു എന്നും ജേക്കബ് പറയുന്നു. ആ മാറ്റം നിങ്ങള്‍ക്ക് പ്രഥമദൃഷ്ട്യ ദൃശ്യമാകുന്നത് പഞ്ചായത്ത് ഓഫിസില്‍ നിന്നുതന്നെയാണ്. ഇവിടെ വരുന്ന ഓരോരുത്തര്‍ക്കും അതിന്റെ ദൃഷ്ടാന്തം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പഞ്ചായത്ത് ജനങ്ങളുടെതാണ്. അവര്‍ക്ക് ഇവിടെ ഒരുതരത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുതെന്നു കര്‍ശനമായ നിര്‍ബന്ധം ഞങ്ങള്‍ക്ക് ഉണ്ട്. കിട്ടേണ്ടുന്ന സേവനം എത്രയും വേഗം ലഭ്യമാക്കുക; അതിനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ഉടനടി ചെയ്യാനാഗ്രിക്കുന്ന പ്രവൃത്തികള്‍- കുടിവെള്ളം പ്രശ്‌നപരിഹാരം, എല്ലാവര്‍ക്കും വീട്, വൈദ്യുതി, കക്കൂസ്, ഭക്ഷ്യസുരക്ഷ, പോഷകാഹാര പദ്ധതി, നിര്‍ദ്ധനര്‍ക്ക് സൗജന്യ പോഷകാഹാരം, മരുന്ന്, ആരോഗ്യസുരക്ഷാപദ്ധതി, വിദ്യാഭ്യാസപദ്ധതികള്‍, സാങ്കേതിക പരിജ്ഞാനത്തിലേക്ക് പഞ്ചായത്ത് നിവാസികളെ ഉയര്‍ത്തുക, വികസനസ്ഥാപനങ്ങള്‍ കൊണ്ടുവരിക, കളിസ്ഥലങ്ങള്‍ ഉണ്ടാക്കുക, പഞ്ചായത്ത് മുഴുവന്‍ സൗജന്യ വൈ-ഫൈ തുടങ്ങിയവയാണ്. ഞങ്ങളുടെ പ്രകടനപത്രികയില്‍ പ്രധാനമായും മുന്‍ഗണന കൊടുക്കേണ്ടുന്ന 20 മേഖലകളെ കുറിച്ചു പറയുന്നുണ്ട്. പ്രകടനപത്രികയിലൂടെ എന്താണോ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ അവ വിട്ടുവീഴ്ച്ചകളില്ലാതെ പൂര്‍ത്തിയാക്കുക എന്നതാണ് പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്വം.

എല്ലാ വാര്‍ഡ് മെംബര്‍മാരും മുഴുവന്‍ സമയവും അവരുടെ വാര്‍ഡുകളില്‍ സജീവമായിരിക്കണം എന്നത് നിര്‍ബന്ധമാണ്. അതോടൊപ്പം ജനപ്രതിനിധികള്‍ അഴിമതി മുക്തരായിക്കണം. ഓരോ മെംബര്‍ക്കും മാസം പതിനയ്യായിരം രൂപ വീതം ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത് ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ്.

ചുമതലേയറ്റെടുത്ത ശേഷം എന്നെതേടി വരുന്നത് നിരവധിപേരാണ്. പല പഞ്ചായത്തുകളിലെയും ഭരണാധികരികളോ അവരുടെ പ്രതിനിധികളോ കാണാന്‍ എത്താറുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ട്വന്റി-20യുടെ വികസന മാതൃകകളാണ്. ഞങ്ങള്‍ക്ക് എങ്ങനെ വികസനമുന്നേറ്റം സാധ്യമാകുന്നു, അതേ രീതിയില്‍ അവരവരുടെ പഞ്ചായത്തുകളില്‍ അവ പ്രാവര്‍ത്തികമാക്കാന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നത് നമ്മുടെ ജനാധിപത്യവ്യവസ്ഥയെ സംബന്ധിച്ച് ഏറെ ആശ്വാസ്യകരമായ മാറ്റമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. അവര്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് ജനങ്ങള്‍ക്കും അവര്‍ക്കും ഇടയിലുള്ള അകലം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കാന്‍ കാരണം. ജനങ്ങള്‍ മാത്രമല്ല, പ്രവര്‍ത്തകരും പാര്‍ട്ടികളെ ഉപേക്ഷിക്കുന്നത് ഈ നിശ്ചലാവസ്ഥകാരണമാണ്. ഉപജാപങ്ങളും സ്വാര്‍ത്ഥനേട്ടങ്ങളുമല്ല രാഷ്ട്രീയപ്രസ്ഥനങ്ങള്‍ പിന്തുടരേണ്ടത്. സിപിഐഎമ്മിലും സിപിഐയിലും വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചൊരു കമ്യൂണിസ്റ്റുകാരനാണ് ഞാന്‍. ഇപ്പോഴും ഒരു കമ്യൂണിസ്റ്റ് എന്നു പറയാന്‍ തന്നെയാണ് എനിക്ക് അഭിമാനം. പക്ഷേ ഇതേ ആശയം പേറുന്നുവെന്നു പറയുന്ന പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെയും അതിനാഗ്രഹിക്കുന്നവരെ തടയുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നും മാറിനടക്കാന്‍ എന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാവുകയാണ്. പക്ഷേ ഒന്ന് ഉറപ്പിച്ചു പറയുകയാണ്; ട്വന്റി-2-ക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയമായ എതിര്‍പ്പുകളുമില്ല, യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ വികസനമാണ് ലക്ഷ്യം. എല്ലാവരുടെയും പിന്തുണ അതിനായി അഭ്യര്‍ത്ഥിക്കുന്നു. ജേക്കബ് പറഞ്ഞു നിര്‍ത്തുന്നു. 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍