UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതേതരത്വം ആരുടെ ആവശ്യമാണ്‌? ശിവസേന നല്കുന്ന ദുരന്തസൂചന

Avatar

കെ.ജെ ജേക്കബ് 
 
തലക്കെട്ടിലുള്ള ചോദ്യം ഭരണഘടനാ ശിൽപ്പികളുടെ മനസ്സിൽ  ഉയർന്നുവന്നിരിക്കാൻ സാധ്യതയില്ല. നമ്മുടെ ഭരണഘടനയുടെ ആദ്യ ആമുഖത്തിൽ മതേതരത്വം എന്ന വാക്കില്ല താനും. കാരണം, നിയമവാഴ്ചയിൽ ഉറച്ചു നിൽക്കാനും വൈവിധ്യത്തെ മാനിക്കാനും തീരുമാനിച്ചിരുന്ന  ഈ നാട്ടിലെ ജനങ്ങൾക്ക്‌ ഇക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതോ പറയേണ്ടതോ ആയ  ആവശ്യമില്ലായിരുന്നു. കാരണം അതവരുടെ സ്വത്വത്തിന്റെ ഭാഗമാണ്. 
 
മതേതര രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഒന്ന് ഓരോ പൗരനും അയാൾക്ക്‌ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ആ മതത്തിന്റെ രീതികൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യമാണ്. ഇതെഴുതുന്ന ആളെ സംബന്ധിച്ചിടത്തോളം അത് ഓരോ വ്യക്തിയ്ക്കും ലഭിക്കുന്ന പരമമായ സ്വാതന്ത്ര്യമാണ്. അത് മതവിശ്വാസത്തിനു മാത്രമല്ല, സമൂഹത്തിന്റെ പൊതു നിയമ സംവിധാനത്തിനു വിധേയമായിരിക്കുന്നിടത്തോളം കാലം എന്തുകാര്യത്തിലും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യമാണ്. അതിനുള്ള ഏതു തടസ്സവും ആ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.  
 
എന്തുകൊണ്ടാണ് മതേതരത്വം നമ്മുടെ ഭരണ ഘടനയുടെ ഭാഗമായത് എന്നു നാം വല്ലപ്പോഴുമെങ്കിലും ആലോചിക്കണം. ലോകത്തിലെ ഒട്ടു മിക്കവാറും മതവിശ്വാസങ്ങൾ സജീവമായി പിന്തുടരുന്ന ആളുകൾ ഈ രാജ്യത്തുണ്ട്. ഭാഷയിലും ആചാരങ്ങളിലും വലിയ വൈരുധ്യങ്ങൾ ഇവിടുണ്ട്; ചിലപ്പോഴെങ്കിലും അവ പരസ്പര വിരുദ്ധവുമാണ്. ചിലരുടെ ആചാരങ്ങൾ മറ്റു ചിലർക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ചിലരുടെ ഇഷ്ട ഭക്ഷണം മറ്റു ചിലർക്ക് നിരോധിക്കപ്പെട്ടതാണ്. ഈ വ്യത്യസ്തകളെ അംഗീകരിക്കുഅ മാത്രമേ സ്വൈര്യ ജീവിതത്തിനു ഉതകൂ. ഓരോരുത്തരും തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളുമാണ് കേമം, മറ്റുള്ളവ മ്ലേച്ചം എന്ന രീതിയിൽ കാണാൻ തുടങ്ങിയാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ ഈ നാട്ടിലും വരും. സ്വൈര്യ ജിവിതം കിട്ടാക്കനിയാകും. അത് മനസ്സിലാക്കിയാണ് പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ യാതൊരു നീക്കുപോക്കിനും സാധ്യതയില്ലാത്തവിധം ഭരണഘടന നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 
 
 
അതുകൊണ്ട് തന്നെയായിരിക്കണം  മതേതരത്വം എന്നത് ഓരോ പൗരന്റെയും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനപ്രമാണമായിരിക്കണം എന്ന് നമ്മുടെ ഭരണ ഘടന നിശ്ചയിച്ചത്. അത് സ്വൈര്യ ജീവിതം ഉറപ്പു വരുത്തുന്ന സമൂഹത്തോട് അയാളുടെ നന്ദിയാണ്, അയാളുടെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ അയാൾക്ക്‌ സാധിക്കും എന്ന് സമൂഹം നല്കുന്ന ഉറപ്പിനു അയാൾ കൊടുക്കുന്ന വിലയാണ്. അല്ലാതെ അയാൾ മറ്റുള്ളവരോട് കാണിക്കുന്ന ഔദാര്യമല്ല.  
 
എന്നുവച്ചാൽ മതേതരത്വം എന്നത് ഓരോ പൗരന്റെയും ബാധ്യതയാണ്. അതിനെതിരെയുള്ള ഓരോ വെല്ലുവിളിയും ചെറുക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. അതിനെതിരെ സംഘടിത ശക്തികൾ നടത്തുന്ന പ്രവർത്തനത്തെ അപലപിക്കേണ്ടതും, എതിർത്തു തോൽപ്പിക്കേണ്ടതും അയാളുടെ കടമയാണ്. മതേതരത്വം ഏതെങ്കിലും മതവിശ്വാസിയുടെയോ അവിശ്വാസിയുടെയോ യുക്തിവാദിയുടെയോ കാര്യമല്ല. മതത്തിന്റെ പേരിൽ ഇറാഖില്‍ ഫാഷിസം നടപ്പാക്കാനിറങ്ങിയവർ തങ്ങളുടെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ സ്ത്രീകൾ അവരുടെ തന്നെ വർഗ്ഗത്തിലും വംശത്തിലും മതത്തിലും പെട്ടവരാണെന്നോർക്കുക.

ബെസ്റ്റ് ഓഫ് അഴിമുഖം 

മതമൌലികതയ്ക്കെതിരെയുള്ള ഉറച്ച ശബ്ദം
മൂന്നു ഖണ്ഡികയില്‍ തീരുമോ അദ്വാനി?
നരേന്ദ്ര മോഡി: ദി മാന്‍, ദി ടൈംസ് – നീലാഞ്ജന്‍ മുഖോപാധ്യായ
നിങ്ങള്‍ നിരീക്ഷണത്തിലാണ് – എപ്പോഴും
പ്രതിസന്ധിയിലാകുന്ന മുസ്ളീം സ്വത്വം

 
ഈ അടിസ്ഥാനത്തിൽ വേണം ചില ശിവസേന അംഗങ്ങൾ മഹാരാഷ്ട്ര സദനിൽ ഭക്ഷണം വിളംബാൻ ചെന്ന ഒരു ജോലിക്കാരന്റെ വായിൽ ഭക്ഷണം തിരുകി വയ്ക്കാൻ ശ്രമിച്ചതിനെ കാണേണ്ടത്. ആ ജോലിക്കാരൻ അയാളുടെ വിശ്വാസത്തിന്റെ ഭാഗമായി നോമ്പ് എടുക്കുകയാണ്, അയാൾ പകൽ ഭക്ഷണം കഴിക്കില്ല. അയാളോടൊപ്പം നോമ്പ് എടുക്കുന്ന കോടിക്കണക്കിനു മനുഷ്യർ ഈ രാജ്യത്തുണ്ട്. അതൊരു രഹസ്യമായ കാര്യവുമല്ല. അയാളുടെ നെഞ്ചിൽ കുത്തിയ നെയിം പ്ലേറ്റിൽ നോക്കിയാൽ അറിയാം അയാൾ എന്തുകൊണ്ട് വായിൽ തിരുകാൻ ശ്രമിക്കുന്ന ഭക്ഷണം ഒഴിവാക്കാൻ ശ്രമിക്കുന്നു എന്ന്.    
 
 
ഇക്കാര്യങ്ങളൊക്കെ ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരു വ്യക്തിയ്ക്ക് അറിയാൻ വയ്യ എന്ന് വിശ്വസിക്കാനാവുന്നില്ല. അയാൾ അത് മനപൂർവ്വം ചെയ്ത ഒരു കാര്യമാണെന്ന് വേണം അനുമാനിക്കാൻ. അയാൾ ആക്രമിക്കുന്ന ആ മനുഷ്യൻ അയാളുടെ മതാചാരപ്രകാരം ചെയ്യുന്ന ഒരു കാര്യം തടസ്സപ്പെടുത്തുക വഴി അയാളുടെ മത സ്വാതന്ത്ര്യത്തെ, മൗലികാവകാശങ്ങളെ ഹനിക്കുന്നു. ഒരു പൗരനെ  അയാൾക്കിഷ്ടമില്ലാത്ത കാര്യം ചെയ്യാൻ അയാൾ നിർബന്ധിക്കുന്നു എന്നതിനാൽ അയാളുടെ വ്യക്തി സ്വാതന്ത്ര്യത്തെയും അയാൾ ഇല്ലാതാക്കുന്നു.
 
അങ്ങിനെ വരുമ്പോൾ ഈ സംഭവം ആ മതത്തിൽപ്പെട്ട ആളുകളുടെ മാത്രം പ്രശ്നമല്ല. മത വിശ്വാസികളുടെ പോലും മാത്രം പ്രശ്നമല്ല. നാടിന്റെ നാനാത്വം അംഗീകരിക്കാൻ നിശ്ചയിച്ച ഒരു സമൂഹം തങ്ങൾക്കു സ്വൈര്യമായി ജീവിക്കാൻ തയ്യാറാക്കി നിർമ്മിച്ചു, അംഗീകരിച്ചു, തങ്ങൾക്കുതന്നെ  സ്വയം സമർപ്പിച്ച അടിസ്ഥാന നയരേഖയുടെ ലംഘനത്തിന്റെ പ്രശ്നമാണ്. 
  
നോമ്പുകാരന്റെ വായിൽ ഭക്ഷണം തിരുകുന്ന പാർലമെന്റംഗം ഒരു ദുരന്ത സൂചനയാണ്. ചിലപ്പോൾ പാതിരാത്രിയിൽ നിങ്ങളുടെ വാതിലിൽ മുട്ടാൻ ക്ഷണിക്കപ്പെടാതെ വരുന്നവനാണവൻ. അയാളെ തിരിച്ചയക്കാൻ നിങ്ങൾക്കുള്ള ഒരേയൊരു ആയുധമാണ് മതേതരത്വം. 
 
തീരുമാനം നിങ്ങളുടെതാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍