UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുബ്രഹ്മണ്യന്‍ സ്വാമിയിലെ സംഘി രാഷ്ട്രീയക്കാരനു മനസിലാകാത്ത യേശുദാസിന്റെ മതം

ഇന്ദു

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വയലാര്‍ രാമവര്‍മ ക്ഷേത്രത്തിനു മുന്നില്‍ നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. രാമവര്‍മ അതു ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗം ഉണ്ടായിരുന്നില്ലെങ്കില്‍…

പിന്നെയും എത്രയോപേര്‍ യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ അത് നടന്നത് ഈയടുത്ത കാലത്ത് മാത്രമാണ്…അതുപക്ഷേ യേശുദാസ് ഹിന്ദുമതം സ്വീകരിച്ചതു കൊണ്ടല്ല. സംഗീതത്തിന് മതമില്ല, ഭാഷയില്ല എന്നൊക്കെ പറയുമെങ്കിലും സംഗീതജ്ഞന് മതവും ഭാഷയുമെല്ലാം കുറവുകളാണെന്നതിന്റെ നമുക്കറിയാവുന്ന ഉദാഹരണമാണ് യേശുദാസ്. ഹിന്ദിയില്‍ എന്തുകൊണ്ട് ദാസിന് അധികം ഗാനങ്ങള്‍ ആലപിക്കാന്‍ കഴിഞ്ഞില്ല എന്നതിന് ഒരു കാരണമേയുണ്ടായിരുന്നുള്ളൂ, അദ്ദേഹം ഒരു മദ്രാസി ആണ്. ഇത്രയേറെ ദൈവങ്ങള്‍ക്കുവേണ്ടി ഭക്തിഗാനങ്ങള്‍ പാടിയ ഒരാളായിട്ടും ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ അദ്ദേഹത്തിനു കയറാന്‍ കഴിയാതെ പോയതിനും ഒരു കാരണമേയുണ്ടായിരുന്നുള്ളു, അദ്ദേഹം ജനിച്ചത് ലത്തീന്‍ ക്രിസ്ത്യാനി ആയാണ്.

എന്നാല്‍ ഇതൊന്നും ഭാഷാവ്യത്യാസമില്ലാതെ മതഭേദമില്ലാതെ സംഗീതത്തെ ആസ്വദിച്ചിരുന്നവര്‍ക്ക് അദ്ദേഹത്തോടുള്ള ആരാധന കുറയാനുള്ള ചെറുകാരണം പോലുമായില്ല. യേശുദാസ് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ എന്നറിയാതെയാണ് നാം അദ്ദേഹത്തെ സ്‌നേഹിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ യേശുദാസിന്റെ മതം ചര്‍ച്ച ചെയ്യേണ്ടി വന്നിരിക്കുന്നു. യേശുദാസ് ഹിന്ദുമതം സ്വീകരിച്ചെന്ന വാര്‍ത്തയറിഞ്ഞ്, അതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സുബ്രഹ്മണ്യന്‍ സ്വാമിയെന്ന രാഷ്ട്രീയക്കാരന്‍. അയാള്‍ വിരാട് ഹിന്ദുവിന്റെ പ്രതിനിധിയാണ്. സ്വാമി യേശുദാസിനെ അദ്ദേഹത്തിന്റെ പൂര്‍വികരുടെ (ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുമതത്തില്‍പ്പെട്ടവരാണെന്നാണ് സ്വാമിയുടെ വിശ്വാസം) മതത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു.

താന്‍ വാര്‍ത്തകളാല്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് പിന്നീട് സ്വാമി തിരുത്തിയിട്ടുണ്ട്. പക്ഷേ സ്വാമിയുടെ ട്വീറ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. വളരെ ബോധപൂര്‍വം അവരത് കൊണ്ടാടുകയായിരുന്നു. യേശുദാസിനെ അവര്‍ ഘര്‍വാപ്പസിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിയിരുന്നു. മടങ്ങിവരവ് (ഹിന്ദുമതത്തിലേക്ക്) നിങ്ങളെ പൂര്‍ണസ്വതന്ത്ര്യരും സന്തോഷവാന്മാരുമാക്കുമെന്നാണ് ദാസിനെ മുന്‍നിര്‍ത്തിയുള്ള പരസ്യവചനം. ഇതിലൂടെ കുറെപ്പേറെ തെറ്റിദ്ധരിപ്പിക്കാനും ചിലരെ അസ്വസ്ഥരാക്കാനും സ്വാമിയുടെ ട്വീറ്റിന് കഴിഞ്ഞിട്ടുണ്ട്. യേശുദാസിനെ വിജാതീയ ക്രിസത്യാനിയെന്നും സ്വമതത്തെ അവഹേളിക്കുന്നവനെന്നും വിളിച്ചത് കുറെ ക്രിസ്ത്യാനികളാണ്. കഴിഞ്ഞ മാസം ബോളിവുഡ് ചലച്ചിത്രതാരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനിടയില്‍ സംവിധായകന്‍ രഞ്ജിത്ത് പങ്കുവച്ചൊരു ആശങ്കയുണ്ടായിരുന്നു; പാരമ്പര്യവും വിശ്വാസവും മുറുകെ പിടിക്കുന്ന ക്രൈസ്തവ സഭ യേശുദാസിന്റെ മരണശേഷം അദ്ദേഹത്തോട് ഏതുവിധത്തിലുള്ള നിലപാടായിരിക്കും സ്വീകരിക്കുക?

യേശുദാസ് മറ്റു മതങ്ങളുടെ ആചാര രീതികളെ ബഹുമാനിക്കുകയും പലതും പിന്തുടരുകയും മറ്റ് ആരാധനാലയങ്ങളില്‍ പോവുകയും ചെയ്യുന്നൊരാളാണ്. മൂകാംബികയിലും ശബരിമലയിലും നിത്യസന്ദര്‍ശകനാണ്. അങ്ങനെയൊരാളെ സഭയുടെ നിയമമനുസരിച്ച് മതാചാര ചടങ്ങുകളോടെ പള്ളിമണ്ണില്‍ അടക്കാന്‍ സാധ്യതയില്ലെന്നാണ് കരുതേണ്ടത്.

അതേസമയം ശബരിമലയിലും മൂകാംബികയിലും പോകുന്നൊരാള്‍ ഹിന്ദുവാണെന്നു പ്രചരിപ്പിക്കുകയാണ് മറ്റൊരു കൂട്ടര്‍. അവര്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ജാതിമതചിന്തകള്‍ക്കപ്പുറം ജീവിക്കുന്ന ഒരു മനുഷ്യനെ തങ്ങളുടെ പക്ഷത്ത് ഉറപ്പിക്കാന്‍ ശ്രമിക്കുന്നു.

സുബ്രഹ്മണ്യന്‍ സ്വാമിക്ക് അറിയണമെന്നില്ല യേശുദാസ് ആദ്യമായി ഒരു ചലച്ചിത്രത്തിനായി ആലപിച്ച വരികള്‍ ഏതെന്ന്. 1962 ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ ഉപയോഗിച്ച ശ്രീനാരായണഗുരുവിന്റെ ശ്ലോകമായ ‘ജാതിഭേദം മതദ്വേഷം/ ഏതുമില്ലാതെ സര്‍വരും/ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്…’ എന്ന വരികളാണ് യേശുദാസിന്റെ ആദ്യ ചലച്ചിത്രഗാനം. അവിടെ നിന്നാണ് അദ്ദേഹം ഭാഷാന്തരങ്ങള്‍ക്കപ്പുറത്തേക്ക് ഗാനഗന്ധര്‍വനായി വളര്‍ന്നത്. ആദ്യമായി പാടിയ വരികളുടെ സത്ത ജീവിതത്തില്‍ നിറച്ച ലോകത്തിലെ ഒരേയൊരു ഗായകനാണ് യേശുദാസ്. അങ്ങനെയുള്ളൊരാളെയാണ് വിരാട് ഹിന്ദുവാക്കി സ്വാമി മാറ്റിക്കളഞ്ഞത്.

സുബ്രഹ്മണ്യന്‍ സ്വാമിക്കും അദ്ദേഹം നിലവില്‍ അംഗമായ രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ വിവിധ ശാഖകള്‍ക്കും മതം അവരുടെ കൈയിലുള്ള മൂര്‍ച്ചയേറിയ ആയുധമാണ്. അനുയായികളെ അനുസരിപ്പിക്കാനും എതിരാളികളെ ഭീഷണിപ്പെടുത്താനും ആ ആയുധം ഉപയോഗിക്കുകയാണ്. അതുകൊണ്ടാണ് കാവിരാഷ്ട്രീയത്തിന്റെ ഭരണകാലത്ത് ഒരു കലാകാരന്‍ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ തളയ്ക്കപ്പെടുകയാണ്. കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് നടത്തിയ ഒരു രാഷ്ട്രീയപ്രസംഗത്തിന്റെ പേരില്‍ മലയാള ചലച്ചിത്ര സംവിധായകന്‍ കമലിനും ഹിന്ദുമതമൗലികവാദികളുടെ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകേണ്ടി വന്നിരുന്നു. കമലിനെ രാഷ്ട്രീയമായല്ല അവര്‍ എതിരിട്ടത്, മതത്തിന്റെ പേരിലാണ്. കമല്‍ എന്നാല്‍ കമാലുദ്ദീന്‍ എന്ന മുസ്ലിം ആണെന്നും പ്രധാനമന്ത്രിയോടുള്ള എതിര്‍പ്പ് ഒരു ഹിന്ദുവിനോടുള്ള മുസ്ലിമിന്റെ വിദ്വേഷമാണെന്നും പ്രചരിപ്പിച്ചു. അന്നേവരെ കമല്‍ എന്ന സംവിധായകന്റെ ജാതിയെക്കുറിച്ചോ മതത്തെ കുറിച്ചോ വ്യാകുലപ്പെടാതിരുന്നവര്‍ പോലും അയാളൊരു മുസ്ലിമാണല്ലേയെന്ന തരത്തില്‍ ചിന്തിക്കാന്‍ തുടങ്ങി. 

യേശുദാസ്, കമല്‍, ഗുലാം അലി…സംഘിരാഷ്ട്രീയക്കാരുടെ മതചിന്തകള്‍ക്ക് ഇരയാകേണ്ടി വരുന്ന കലാകാരന്മാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുകയാണ്. ആലോചിച്ചു നോക്കൂ, ഇന്നലെ വരെ നാം ഒരു ബലിത്തറയുടെയും മുകളില്‍ കണ്ടല്ലാതെ ആരാധിച്ചിരുന്ന നമ്മുടെ കലാകാരന്മാര്‍ മതങ്ങളുടെയും ജാതിയുടേയും ഇരുള്‍കെട്ടുകളിലേക്ക് കുടിയേറേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന്…

മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കുവച്ചു മനസ് പങ്കുവച്ചു…

ഇങ്ങനെ പാടിയ ഒരാള്‍ക്കു തന്നെ മതത്തിന്റെ പേരില്‍ താന്‍ മറ്റുള്ളവരാല്‍ പങ്കുവയ്ക്കപ്പെടുന്നതിന് ഇരയാകേണ്ടി വരുന്നത് എത്ര സങ്കടകരമാണ്…

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍