UPDATES

Avatar

കാഴ്ചപ്പാട്

എ എസ് അജിത്കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

യേശുദാസ് എന്ന മലയാളി- ഭാഗം 2

ലേഖനത്തിന്റെ ഒന്നാം ഭാഗം: യേശുദാസ് കേരളത്തെ പാടുമ്പോള്‍

 

ഭാഗം 2 യേശുദാസ് എന്ന മലയാളി
യേശുദാസ് എന്ന സംഗീത വ്യക്തിത്വവും ശബ്ദവും മലയാളിയുടെ നിര്‍മ്മിതിയുടെ ചരിത്രത്തോട് ഒത്തുനില്‍ക്കുന്നു. ഒരു പക്ഷേ ഇവ പരസ്പരം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. യേശുദാസ് സിനിമാ പാട്ട് രംഗത്തേക്ക് വരുന്നത് 1961-ലാണ്. കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം’ എന്ന ഗാനത്തോടെയാണ് പിന്നണിഗാനരംഗത്ത് തുടക്കം കുറിക്കുന്നത്. കേരള സംസ്ഥാന രൂപീകരണത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം; എന്നാല്‍ ഈ കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. മലയാളിത്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. കെ.പി.എ.സി ഗാനങ്ങളെക്കുറിച്ചുള്ള എന്റെ ഒരു ലേഖനത്തില്‍ ഈ കാലഘട്ടത്തിലെ സംഗീതത്തിലെ ‘മലയാളി’ത്തത്തിന് വേണ്ടിയുള്ള അന്വേഷണത്തെക്കുറിച്ച് പരിശോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്2.  തമിഴ് ഈണങ്ങളെ ഒഴിവാക്കികൊണ്ട് മലയാളിത്തത്തെ നിര്‍മ്മിക്കാനായി കെ.പി.എ.സി ഗാനങ്ങളും അക്കാലത്തെ സംഗീത സംവിധായകരും ശ്രമങ്ങള്‍ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. ”കെ.പി.എ.സി രൂപം കൊള്ളുന്ന കാലത്ത് മലയാളിയെ/മലയാളിത്തത്തെ മോചിപ്പിക്കുകയെന്നത് ഒരു സുപ്രധാന വിഷയമായിരുന്നു. പക്ഷേ സമസ്യ അത്തരത്തില്‍ മോചിപ്പിക്കാന്‍ തക്ക ഒരു ‘മലയാളിയോ’ ‘മലയാളിത്തമോ’ ഇല്ലായിരുന്നുവെന്നതാണ്. അങ്ങനെ രാഷ്ട്രീയം, സിനിമ, നാടകം, സംഗീതം, സാഹിത്യം എന്നിവയിലെല്ലാം തന്നെ മലയാളത്തനിമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയുണ്ടായി”. കെ.പി.എ.സി. ഗാനങ്ങളുള്‍പ്പെടെ അന്നത്തെകാലത്ത് മലയാളത്തിന്റെ സ്വന്തമായ ഈണങ്ങളും രീതിയും നിര്‍മ്മിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നു. ഗാനരചനയിലും ഈ ശ്രമങ്ങള്‍ സജീവമായിരുന്നു. ഈ ശ്രമത്തില്‍ തന്റെ ശബ്ദം കൊണ്ട് പങ്കാളിയാവുകയായിരുന്നു യേശുദാസ്. എ.എം.രാജു, പി.ബി. ശ്രീനിവാസ് തുടങ്ങിയവര്‍ പാടിയിരുന്നിടത്ത് ഒരു ‘മലയാളി’ സ്വരം നിര്‍മ്മിച്ചെടുക്കുകയായിരുന്നു യേശുദാസും അന്നത്തെ സംഗീത സംവിധായകരും.

‘മലയാള’ പുരുഷ ശബ്ദത്തിന്റെ ഒരു മാതൃകാരൂപമായി ഈ ആലാപന ശബ്ദം നിര്‍മ്മിക്കപ്പെട്ടു. പിന്നീട് വന്ന പല ഗായകര്‍ക്കും ഈ ശബ്ദത്തെ അനുകരിക്കേണ്ടി വന്നു. മലയാള ചലച്ചിത്ര സംഗീതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ ശബ്ദത്തിന്റേയും ആലാപന ശൈലിയുടേയും കടന്നുവരവ്. ഗാനമേളകളില്‍ യേശുദാസിന്റെ ശബ്ദം ശക്തമായി അനുകരിക്കപ്പെടുകയുണ്ടായി. കെ.ജി മാര്‍ക്കോസ്, സതീഷ് ബാബു, പന്തളം ബാലന്‍ അങ്ങനെ എത്രയോ ഗായകര്‍ ഈ ശബ്ദം/ആലാപനം എന്നിവയുടെ സ്വാധീനം പ്രകടിപ്പിച്ചു. ഈ ഒരു മാതൃക മലയാളത്തിലെ പുരുഷഗായകരുടെ ശബ്ദത്തേയും ആലാപന ശൈലിയേയും നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായി തീര്‍ന്നു.

ആധുനികതയുടെ നിര്‍മ്മിതിയിലെ ശബ്ദത്തിന്റെ ചരിത്രം അന്വേഷിക്കേണ്ടതിന്റെ ആവശ്യം ജോനാഥന്‍ സ്റ്റേണ്‍ പറയുന്നുണ്ട്. ആധുനികതയുടെ ചരിത്രത്തില്‍ ഇപ്പോഴും കാഴ്ചയ്ക്കാണ് കൂടുതല്‍ പ്രാമുഖ്യം. ശബ്ദത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടുന്നില്ല.  Enlightenment പോലെ ഒരു ensoniment കൂടിയുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു3

 

ഈ കാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ നിര്‍മ്മിതിയില്‍ ശബ്ദം വഹിച്ച പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ഈ അന്വേഷണത്തിന് വേണ്ടി കുറച്ചു നാളായി ഞാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ ലേഖനവും എഴുതാന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ശബ്ദ / സംഗീത ചരിത്രത്തില്‍ യേശുദാസിന്റെ സ്ഥാനം നിര്‍ണ്ണായകമാണ്. സംഗീതവും ടെക്‌നോളജിയും ഈ ഇടപാടില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

 

 

ശാസ്ത്രീയസംഗീതവും സിനിമാപ്പാട്ടും
യേശുദാസിന്റെ ശാസ്ത്രീയ സംഗീതാലാപനം ചില ധര്‍മ്മസങ്കടങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങള്‍ സാധാരണയായി പറഞ്ഞു കേള്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ച്  ‘ശാസ്ത്രീയസംഗീതത്തെ’ ജനകീയമാക്കിയ ഗായകനാണ്. അദ്ദേഹത്തിന്റെ ‘ശാസ്ത്രീയ’ സംഗീതച്ചുവയുള്ള ഗാനങ്ങള്‍ കേള്‍ക്കുന്നതിലൂടെ ധാരാളം ആസ്വാദകര്‍ കര്‍ണ്ണാടക സംഗീതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് അവര്‍ പറയും. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ യേശുദാസിനോടുള്ള ആരാധന കൊണ്ട് മാത്രം സംഗീത പഠനത്തിന് വന്നവര്‍ ഉണ്ട്. അവരുടെ പുസ്തകങ്ങളിലും മുറികളിലും യേശുദാസിന്റെ ചിത്രങ്ങള്‍ നിരത്തിയിരിക്കുന്നത് കാണാം. എന്നാല്‍ ‘പാരമ്പര്യ’വാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ ആലാപനത്തെ വിമര്‍ശിക്കാറുണ്ട്. സിനിമാപാട്ട് പോലെ ലളിതമാക്കുന്നു അല്ലെങ്കില്‍ ജനപ്രിയമാക്കുന്നു എന്നതാണ് വിമര്‍ശനം. അദ്ദേഹം ഒരേസമയം സിനിമാപ്പാട്ടും ‘ശാസ്ത്രീയ’സംഗീതവും പാടുന്നുവെന്നത് അവര്‍ക്ക് ധര്‍മ്മസങ്കടം ഉണ്ടാക്കുന്നു. യേശുദാസ് ഈ ധര്‍മ്മസങ്കടങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയിലാണ് ജനപ്രിയത കെട്ടിപ്പടുത്തത്. ‘ഉയര്‍ന്നതും’ ‘താഴ്ന്നതും’ ആയ സംഗീത വ്യവഹാരങ്ങള്‍ക്കിടയില്‍ ഒരു നീക്ക്‌പോക്ക് ആണ് അദ്ദേഹത്തിന്റെ സംഗീതം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ‘ശാസ്ത്രീയസംഗീത മഹിമയും ‘ശുദ്ധി’ സങ്കല്‍പ്പങ്ങളും നിറഞ്ഞു നില്‍ക്കുമ്പോള്‍ പിന്നണി ഗാനരംഗത്ത് ഇത്തരം കടുംപിടുത്തം കാണാറില്ല.

കര്‍ണ്ണാടകസംഗീത ആലാപന ശൈലിയോടൊപ്പം കേരളത്തിലെ ക്രൈസ്തവാരാധനാ ഗാനശാഖയുടെ ശൈലിയും അദ്ദേഹം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് ഒരു പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തിന്റെ ചില തലങ്ങള്‍ ആലാപനത്തിന് കൊടുക്കുന്നുണ്ട്. ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ശ്യാം തുടങ്ങിയവരുടെ സംഗീതവുമായുള്ള ഇടപെടല്‍ ഈ ഒരു ഘടകത്തെ എടുത്ത് കാണിക്കുന്നുണ്ട്. കെ.ജെ ജോയിയുടെപാശ്ചാത്യ, പോപ്പുലര്‍ സംഗീത സ്വാധീനവും ആലാപനത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുഹമ്മദ് റാഫിയും, ലതാ മങ്കേഷ്‌ക്കറുമാണ് തന്നെ ഏറ്റവും സ്വാധീനിച്ച ഗായകര്‍ എന്ന് ‘My life and My thouthts’ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്4. തന്റെ ആദ്യകാല ഗാനമേളകളില്‍ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ പാടാറുണ്ടായിരുന്നുവത്രേ. ലതയുടെ സ്വാധീനം തന്റെ ആലാപനത്തില്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. ഹിന്ദി ഗാനങ്ങള്‍ ഇന്ത്യയിലെ ചലച്ചിത്ര സംഗീത ആലാപനശൈലിയെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമായിരുന്നു. ലതയുടെ ആലാപനം ജാനകിയുടെ ശബ്ദത്തേയും നിര്‍ണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. 1957-ല്‍ ചെന്നെയിലെ എ.വി.എം സ്റ്റുഡിയോയിലേക്കുള്ള സ്റ്റാഫ് സിംഗര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ എസ്. ജാനകി പാടിയത് ലത മങ്കേഷ്‌ക്കറുടെ രസിക് ബല്‍മാ എന്ന ഗാനമായിരുന്നു. 1956-ല്‍ ഇറങ്ങിയ ചോരി ചോരി എന്ന ചിത്രത്തിലെ ഗാനം. ഒരു പക്ഷേ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പാടുന്നവര്‍ക്ക് മറ്റു ഭാഷകളില്‍ പാടാന്‍ കഴിയുന്നത് ചില പൊതുരീതികള്‍ ഇന്ത്യയിലെ സിനിമാ പാട്ടുകളില്‍ ഉണ്ട് എന്നത് കൊണ്ടാകാം. യേശുദാസിന്റെ ആലാപനശൈലി ആ നിലയ്ക്ക് ഈ പൊതുസ്വഭാവത്തിന്റെയും കൂടി ചേരുവയാണ്. ഒട്ടേറെ ഘടകങ്ങള്‍ അതിന്റെ നിര്‍മ്മിതിയില്‍ പങ്കുവഹിച്ചിട്ടുണ്ടാകാം. ആലാപനശൈലിയും ശബ്ദവും വേര്‍തിരിക്കാന്‍ പറ്റാത്ത ഒന്നാണ്. സംഗീത ഗണങ്ങള്‍ ഗായകരുടെ ശബ്ദത്തെക്കുറിച്ചുള്ള ധാരണകളും സൃഷ്ടിക്കുകയും അത് വഴി ഗായകരുടെ ശബ്ദത്തെ നിര്‍മ്മിക്കുകയും ചെയ്യുന്നു. റോക്ക് സംഗീതം പാടുന്നയാളുടെ ശബ്ദത്തിന്റെ സ്വഭാവം ആ ഗണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ശാസ്ത്രീയ’ സംഗീതവും ആ നിലയ്ക്ക് ഒരു ‘ശബ്ദം’ ഗായകരില്‍ നിന്നും ആവശ്യപ്പെടുന്നു.

ഗായകരുടെ ശബ്ദത്തെ ഒരു സംഗീത ഗണത്തിന്റെ വ്യവഹാരങ്ങള്‍ക്ക് പുറത്ത് മനസിലാക്കാന്‍ കഴിയില്ല. സിനിമാപാട്ടുകള്‍ വ്യത്യസ്തമായ ഗണങ്ങളുടെ ഒരു സമ്മിശ്രം കൂടിയാണെന്നത് കൊണ്ട് ഗായകരുടെ ശബ്ദത്തിന്റെ കാര്യത്തില്‍ ചില സംഘര്‍ഷങ്ങളും കൊണ്ടു വരാറുണ്ട്. പാശ്ചാത്യ പോപ്പുലര്‍ സംഗീത രംഗത്ത് നിന്നും വരുന്ന ജാസി ഗിഫ്റ്റിന്റെ ആലാപനം സൃഷ്ടിച്ച സംഘര്‍ഷം ഓര്‍ക്കാവുന്നതാണ്. റിയാലിറ്റി ഷോകളില്‍ ഒരു മാതൃകാ ആലാപന രീതി തിരിച്ചു പിടിക്കാന്‍ നടത്തുന്ന യത്‌നങ്ങളും കാണാം. ആ മാതൃക ഒരു പക്ഷേ ‘ശാസ്ത്രീയ സംഗീതത്തെ അടിസ്ഥാന സംഭാവനയായി കണക്കാക്കുന്ന ഒന്നാണ്. യേശുദാസ് അത്തരം ഒരു മാതൃക പലപ്പോഴും മുന്നോട്ട് വയ്ക്കാന്‍ ശ്രമിക്കാറുമുണ്ട്. സംഗീത പ്രാധാന്യമുള്ള സിനിമകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം തുടങ്ങിയ സിനിമകള്‍ മലയാളത്തില്‍ ഇടയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാതൃക തിരിച്ചു പിടിക്കാനും ‘ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധി ‘ ഉള്‍ക്കൊള്ളുന്ന ഒരു ‘ഉയര്‍ന്ന ശ്രേഷ്ഠം’ ധാരയെ പോപ്പുലര്‍ സംഗീതത്തില്‍ രക്ഷിച്ചെടുക്കാനും വേണ്ടിയാകണം ഇത്. ഇത് പോലെയുള്ള സംഘര്‍ഷങ്ങളും നീക്കു പോക്കുകളും നിറഞ്ഞതാണ് മലയാള സിനിമാഗാനങ്ങളും യേശുദാസിന്റെ ശബ്ദവും.

 

 

പാട്ട്, വ്യക്തിത്വം, മതേതരത്വം
യേശുദാസിന്റെ സാമൂഹിക വ്യക്തിത്വം, മതേതരത്വം, സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നത് വളരെ സങ്കീര്‍ണ്ണമായ തലത്തിലാണ്. കര്‍ണ്ണാടക സംഗീതം, പാശ്ചാത്യ സംഗീതം, സിനിമാപ്പാട്ട്, ഭക്തിഗാനം തുടങ്ങിയ ഒട്ടേറെ സംഗീത ഗണങ്ങളുടെ ഒരു കലര്‍പ്പിന്റെ ഇടത്തിലാണ് അദ്ദേഹം നില്‍ക്കുന്നതെങ്കിലും ശാസ്ത്രീയ സംഗീതത്തിന്റെ ‘ശുദ്ധി’, ‘ശ്രേഷ്ഠത’ എന്നിവയെ കുറിച്ചുള്ള വ്യവഹാരങ്ങളാണ് ആവര്‍ത്തിക്കാറുള്ളത്. ഇത് ഒരു പക്ഷേ കേരളത്തിന്റെ ചില സംഗീത ധാരണകളോടുള്ള ഇടപെടലില്‍ നിന്നും ഉണ്ടാകുന്നതാവാം. ‘ശാസ്ത്രീയ’ സംഗീതമാണ് ‘ അടിസ്ഥാനം, ‘ശ്രേഷ്ഠം’ എന്നു തുടങ്ങിയ ഒരു അധീശവ്യവഹാരത്തിന്റെ മണ്ഡലത്തില്‍ സാധൂകരണം നേടാന്‍ ആകണം ഈ ആവര്‍ത്തനം നടത്തുന്നത്. കേരളത്തിലെ ഒരു പ്രത്യേക സാഹചര്യത്തില്‍ ‘ശാസ്ത്രീയ സംഗീതം’ ആധികാരികമായി അഭ്യസിച്ചിട്ടില്ലാത്ത ഗായകരെ പൂര്‍ണ്ണമായും തുറന്ന് അംഗീകരിക്കാറില്ല. റിയാലിറ്റി ഷോകളില്‍ ‘സംഗീതം അഭ്യസിച്ചിട്ടുണ്ടോ’ എന്ന ചോദ്യം കൊണ്ട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നഒരു ധാരണ ഇതാണ്. ‘ശാസ്ത്രീയ സംഗീത പഠനം’ ഒരു അത്യാവശ്യ ഘടകമാണെന്ന ഒരു ധാരണ. ജാസി ഗിഫ്റ്റ്, എ.ടി. ഉമ്മര്‍ തുടങ്ങിയവരെക്കുറിച്ചുള്ള വ്യവഹാരങ്ങളില്‍ ‘ശാസ്ത്രീയ’ സംഗീത പഠനം ഇല്ലാതിരിക്കുന്നത് ഒരു അപാകതയായി വിലയിരുത്തപ്പെട്ടിരുന്നത് ഈ അധീശധാരണ കാരണമാകാം. ഓരോ ഗായകര്‍ക്കും സംഗീത സംവിധായകര്‍ക്കും ഈ ‘ശാസ്ത്രീയ’ സംഗീത അടിസ്ഥാനം ഒരു യോഗ്യതയായി തെളിയിക്കേണ്ട ഒരു ബാദ്ധ്യത സിനിമാപ്പാട്ടിന്റെ രംഗത്തും നിലനില്‍ക്കുന്നു. ഈ ഒരു സമ്മര്‍ദ്ദം കൂടിയാവണം യേശുദാസിന്റെ ‘ശാസ്ത്രീയ സംഗീത’ ശ്രേഷ്ഠതാ വ്യവഹാരങ്ങള്‍ പൊതു ചടങ്ങുകളില്‍ കേള്‍ക്കുന്നത്.

മറ്റൊന്ന് അദ്ദേഹത്തിന്റെ ‘മതേതര’ വ്യക്തിത്വത്തിനു വേണ്ടിയുള്ള യത്‌നങ്ങളാണ്. ഇതും ഒരു സമ്മര്‍ദ്ദമാകാനാണ് സാധ്യത. പ്രധാനമായും ഒരു ‘ഹിന്ദു’ ഇമേജ് ബോധപൂര്‍വം അദ്ദേഹം സൃഷ്ടിക്കുന്നുണ്ട്. ശബരിമലയില്‍ പോകുന്നതും വളരെ ജനപ്രിയമായ അയ്യപ്പ ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ നില്‍ക്കുന്നതും ഈ ഇമേജിനെ നിലനിര്‍ത്തുന്നുണ്ട്. തരംഗിണി കാസറ്റ്‌സ് തന്നെ ധാരാളം അയ്യപ്പഭക്തി ഗാനങ്ങളും ഇറക്കിയിരുന്നു. ‘ഹരിവരാസനം’ എന്ന ഗാനം യേശുദാസ് ശബരിമല ബന്ധത്തിന്റെ ഒരു പ്രതീകമായി നിലനില്‍ക്കുന്നു. ‘ഗംഗയാറ് പിറക്കുന്നു’ എന്ന ഗാനവും ശബരിമല തീര്‍ത്ഥാടനത്തെ ചുറ്റിപറ്റിയുള്ള പോപ്പുലര്‍ ഭാവനയില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അദ്ദേഹത്തിന് പ്രവേശനം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മറ്റൊരു രീതിയിലാണ്. ‘ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും’ എന്ന ഗാനം ഒരു ഇരയുടെ പ്രതീതി നല്‍കുന്നുണ്ട്. മതവും ജാതിയും സിനിമാപാട്ടിനെ സംബന്ധിച്ച ധാരണകളും കൂടി കുഴഞ്ഞ ഒരു വ്യവഹാരമാണത്. തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അവസരം നിഷേധിക്കപ്പെടുന്നത് നവരാത്രി മണ്ഡലത്തിന്റെ ഹിന്ദു അധീശത്വവുമായി ബന്ധപ്പെട്ടാണെങ്കിലും കാര്യമായി ചര്‍ച്ച ചെയ്യപ്പെടാറില്ല. ശബരിമലയിലെ അംഗീകാരവും ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രവേശനമില്ലായ്മയും തീവ്രമായ ഒരു ഹിന്ദുഭക്തന്റെ ഇമേജ് യേശുദാസിന് കൊടുക്കുന്നു.

 

ഇവയിലൂടെ എന്തായിരിക്കാം യേശുദാസ് പൊതുമണ്ഡലത്തില്‍ മുന്നോട്ട് വയ്ക്കുന്നത്? ഒരു കീഴാള ക്രൈസ്തവ സമുദായത്തില്‍ ജനിച്ച ഇദ്ദേഹം എന്ത് മതേതര സമ്മര്‍ദ്ദം ആയിരിക്കാം നേരിട്ടത്? ഹിന്ദു ക്ഷേത്രങ്ങളില്‍ നിരന്തരം പോകാന്‍ ശ്രമിക്കുകയും ‘കേരളീയമായ’ വേഷത്തെ സംബന്ധിച്ചുള്ള ഹൈന്ദവ പൊതുബോധത്തോട് ചേര്‍ന്ന് പോവുകയും ചെയ്യുന്ന ഇദ്ദേഹം എന്നാല്‍ ക്രൈസ്തവ ഗാനശാഖയിലും പങ്കാളിയാണ്. ഗായകര്‍ക്ക് വ്യത്യസ്ത ഗാനങ്ങള്‍ പാടേണ്ടി വരും പക്ഷേ യേശുദാസ് ഒരു ഹിന്ദു ഇമേജ് നിലനിര്‍ത്താന്‍ പാടു പെടുന്നുണ്ട്. കീഴാള ക്രൈസ്തവ അഭിജ്ഞാനത ചലചിത്ര സംഗീത ലോകത്ത് സ്വീകാര്യമല്ലാത്തത് കൊണ്ടാവുമോ ഇത്? സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയെക്കുറിച്ചുള്ള പൊതു വ്യവഹാരം ശ്രദ്ധിച്ചാല്‍ മലയാള സംഗീത രംഗത്തെ ഒരു ഹൈന്ദവ സ്വഭാവം കാണാന്‍ കഴിയും. അദ്ദേഹത്തിന്റെ സ്പഷ്ടമായ ഹിന്ദു ഇമേജ്, രുദ്രാക്ഷമാലയും നെറ്റിയിലുള്ള ചന്ദന/ഭസ്മ കുറികളും സ്വാമി എന്ന വിളിപ്പേരും വളരെ സ്വാഭാവികമായാണ് മലയാള ചലച്ചിത്ര സംഗീത പൊതു മണ്ഡലത്തില്‍ നില്‍ക്കുന്നത്. കര്‍ണ്ണാടക സംഗീതത്തിന്റെ അധികാരികതയെ ക്കുറിച്ചുള്ള ഒരു ഹൈന്ദവ ഇമേജും കൂടിയാണത്. യേശുദാസിന് പക്ഷേ ഈ മണ്ഡലത്തില്‍ തന്റെ കീഴാള അഭിജ്ഞാനത കാരണം ഒരു സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരിക്കണം. ‘ജാതിഭേദം മതദ്വേഷം’ എന്ന ശ്രീനാരായണ ഗുരുവിന്റെ കൃതി ആദ്യം പാടി എന്നത് രസകരമാണ്. എന്നാല്‍ ആ കാലഘട്ടം മുതല്‍ മലയാള ചലച്ചിത്ര സംഗീത രംഗത്തെ ജാതിപരവും മതപരവുമായ ഒട്ടേറെ സംഘര്‍ഷങ്ങളെ അഭിസംബോധന ചെയ്യേണ്ടി വന്നിട്ടുണ്ടായിരിക്കാം അദ്ദേഹത്തിന്. യേശുദാസിന്റെ സംഗീതം, വ്യക്തിത്വം, ആലാപനശൈലി, ശബ്ദം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള ചില ചിന്തകളാണ് ഇവിടെ പങ്ക് വച്ചത്. ഇതിലെ ഓരോ ഘടകവും ആഴത്തിലുള്ള പഠനം അര്‍ഹിക്കുന്നുണ്ട്. ഒരു തുടക്കമെന്ന നിലയില്‍ ഈ ലേഖനത്തെ കാണാവുന്നതാണ്.

 

കുറിപ്പുകള്‍
1. പീറ്റര്‍ മാന്വല്‍, ‘കാസറ്റ് കള്‍ച്ചര്‍’ (2001 ന്യൂഡല്‍ഹി)
2. ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞവര്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പ്
(2007 ജനുവരി7-13)
3. ജോനാഥന്‍ സ്റ്റേണ്‍, ‘ദി ഓഡിയബിള്‍ പാസ്റ്റ്; കള്‍ച്ചറല്‍ ഒറിജിന്‍സ് ഓഫ് സൗണ്ട് റീപ്രൊഡക്ഷന്‍’ (ദര്‍ഹം :2003)
4. കെ.ജെ യേശുദാസ് ‘മൈ ലൈഫ് ആന്റ് മൈ തോട്‌സ്’ (ചെന്നൈ :2010)

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍