UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണിശതയുള്ള കാര്‍ന്നോര്‍; സഖാവ് കെകെ മാമകുട്ടിയെ പഴയൊരു എസഎഫ്ഐക്കാരന്‍ ഓര്‍ക്കുമ്പോള്‍

Avatar

കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം തൃശൂര്‍ മുന്‍ ജില്ല സെക്രട്ടറിയും (35 വര്‍ഷം ഈ സ്ഥാനത്തു പ്രവര്‍ത്തിച്ചു) 40 വര്‍ഷക്കാലം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പഴയകാല കമ്യൂണിസ്റ്റ് നേതാവ് കെ കെ മാമക്കുട്ടിയെക്കുറിച്ച് എസ്എഫ്‌ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗമായ ജോഷി ജോസ് എഴുതുന്നു.

മാമുട്ടിയേട്ടനുമായുള്ള ഓര്‍മ്മകള്‍, പാര്‍ട്ടി ഓഫിസ് ജീവിതകാലവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കാമ്പസ് രാഷ്ട്രീയത്തിന്റെ ഏതോ ഉന്മാദാവസ്ഥയിലാണ് വീട്ടില്‍ നിന്നു പതുക്കെ ആപ്പീസിലേക്ക് ചേക്കേറുന്നത്. ആദ്യം ഒരു ദിവസം. പിന്നീട് പല ദിവസങ്ങളിലുമായി. പിന്നെ സ്ഥിരമായി. അങ്ങനെയാണതിന്റെ വളര്‍ച്ച. ആപ്പീസില്‍ അക്കാലത്തെ പ്രധാന അന്തേവാസികളായി ഓഫിസ് സെക്രട്ടറി ശിവദാസേട്ടന്‍, െ്രെഡവര്‍ സത്യേട്ടന്‍, പിന്നെ എസ്എഫ്‌ഐ ഭാരവാഹികളായിരുന്ന സിംഗും സാബാനുമുണ്ടായിരുന്നു. ആദ്യകാലങ്ങളിലെ ‘ഇടക്കിടക്ക് ‘മാറി, പിന്നീട് ഞാനും ശങ്കരനാരായണനും ജില്ലാ സെന്ററിന്റെ ഭാഗമായി. പകല്‍ സമയങ്ങളില്‍ മാമുട്ടിയേട്ടന്‍ താഴെയും മുകളിലുമായുള്ള ഇരിപ്പിടത്തില്‍ ഉണ്ടാകും. ആപ്പീസില്‍ വരുന്നവര്‍, പോകുന്നവര്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നു വേണ്ട ഒരില അനങ്ങുന്നതു പോലും മാമുട്ടിയേട്ടന്‍ അറിയും. വേണ്ടി വന്നാല്‍ ഇടപെടും. അതു കൊണ്ട് അദ്ദേഹമുള്ളപ്പോള്‍ ഞങ്ങളേപ്പോലുള്ളവരുടെ സ്വാതന്ത്രം ‘ഇരുട്ടുമുറി’ എന്ന പേരില്‍ അറിയപെടുന്ന ശിവദാസേട്ടന്റെ മേശക്കു ചുറ്റുമാണ്. 

രാത്രിയായാല്‍ കഥ മാറി. പിന്നെ ആപ്പീസ് എസ് എഫ് ഐക്കാരുടെ കസ്റ്റഡിയില്‍ ആണ്. അരിവെച്ച്, കൂട്ടാന്‍ വെച്ച്, കഴിയുന്ന ഒരു കമ്മ്യൂണ്‍ കാലം. ആ കാലത്താണ് മാമുട്ടിയേട്ടന്‍ എന്ന പ്രഹേളികയെ അടുത്തറിയുന്നത്.

കണ്ടാല്‍ ചിരിക്കാറില്ല. തലയുയര്‍ത്തി നോക്കും…എന്തെങ്കിലും പറഞ്ഞാല്‍ എല്ലാം കേള്‍ക്കും. കഷ്ടിച്ചൊരുവാക്കില്‍ മറുപടി. ചിലപ്പോള്‍ അതുമില്ല.!

ഇതാണ് മാമുട്ടിയേട്ടന്‍!. ആദ്യ കാലങ്ങളില്‍ ആര്‍ക്കും ഇങ്ങനെയായിരിക്കും അനുഭവം. എന്നാല്‍ മാമുട്ടിയേട്ടന്‍ എന്ന ആദ്യ കാല കമ്മ്യൂണിസ്റ്റിന്റെ പുറംചട്ടമാത്രമായിരുന്നു അത്. അനുഭവത്തിന്റെ ഓരോ പേജുകള്‍ മറിക്കുമ്പോള്‍ അവിടെ നാം മിഴിവാര്‍ന്ന വര്‍ണ്ണചിത്രങ്ങള്‍ കാണാം. കുട്ടികളെ നേര്‍വഴിക്ക് നയിക്കുന്ന അദ്ധ്യാപകനേയും നിര്‍ണ്ണായ ഘട്ടങ്ങളില്‍ വിശ്വസിക്കാനാവാത്ത ചങ്കൂറ്റവും കണ്ടിട്ടുണ്ട്. അതിലൊന്ന് സെന്തോമസ് സമരമാണ്. മാനേജ്‌മെന്റ് രാഷ്ട്രീയം നിരോധിച്ച്, ഒമ്പതു പേരെ പുറത്താക്കി, സമരപന്തലും കെട്ടിയിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. കൂനിന്‍മേല്‍ കുരുവെന്ന പോലെ കോളേജിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പ്രകടനമോ കൂട്ടംകൂടലോപാടില്ലെന്നു ഹൈക്കോടതിയുടെ വിധി. ഈ സന്ദര്‍ഭത്തിലാണ് മാമുട്ടിയേട്ടനെ കാണുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചതിനു ശേഷം ഞങ്ങളെ നോക്കി പറഞ്ഞു.

‘എന്തെങ്കിലും ജഗപൊഗയുണ്ടാക്കി കാര്യങ്ങള്‍ തീര്‍ക്കാന്‍ നോക്കണം ‘.

ആ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണ് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലായത്. ഞങ്ങള്‍ കോളേജിനകത്തും പുറത്തുമായി തകര്‍ത്താടി. ഒട്ടും വെജിറ്റേറിയനല്ലാത്ത ചില പുതിയ മുറകള്‍. കാമ്പസ് ബഹിഷ്‌ക്കരണ സമരമെന്ന പേരില്‍ ഒരു പുതിയ സമരം ഞങ്ങള്‍ ഉണ്ടാക്കിയെടുത്തു. കുട്ടികള്‍ വീട്ടിലിരുന്ന് കാമ്പസ് ബഹിഷ്‌ക്കരിക്കുന്നുവെന്നാണ് വെപ്പ്. സംഭവം ഊഹിക്കാമല്ലോ? ആപ്പീസിലേക്ക് പരാതി പ്രവാഹം. ഇപ്പോള്‍ വിളിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. ഹൈക്കോടതി വിധിയുണ്ടായിട്ടും പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തില്ല. ഓരോ ദിവസത്തെ പരിപാടിയും മാമുട്ടിയേട്ടന്‍ ചോദിച്ചറിഞ്ഞു. ഞങ്ങള്‍ തകര്‍ത്താടിക്കഴിയുമ്പോള്‍ മാത്രം പോലീസെത്തും. പോലീസുമായുള്ള ആ കള്ളനും പോലീസും കളിയുടെ യഥാര്‍ത്ഥ സൂത്രധാരന്‍ മാമുട്ടിയേട്ടനായിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്.

ഒരിക്കല്‍ ഒരു തിരുവോണ നാളില്‍ ഞാനും ശങ്കരനാരായണനുമായിരുന്നു ആപ്പീസ് കാവല്‍ക്കാര്‍. മറ്റ് അന്തേവാസികളൊക്കെ വീട്ടില്‍ പോയിരിക്കുകയാണ്. മാമുട്ടിയേട്ടന്‍ പതിവുപോലെ അന്നുമെത്തി. ഉച്ചയായപ്പോള്‍ ‘എസ്.എഫ്.ഐക്കാരാ ഉള്ളേ ‘ എന്ന വിളി കേട്ട് ഞങ്ങള്‍ ചെന്നു. എവിടെ നിന്നോ ചുരുട്ടി വെച്ച നൂറ് രൂപ ഞങ്ങള്‍ക്ക് നേരെ നീണ്ടു. ഭക്ഷണം കഴിച്ചു വരാന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ വന്നതിനു ശേഷം മാമുട്ടിയേട്ടന്‍ ഭക്ഷണം കഴിക്കാന്‍ പോയി. ഇതിപ്പോള്‍ ഇങ്ങനെ പറയുമ്പോള്‍ അതിലെന്തിരിക്കുന്നുവെന്നായിരിക്കും നിങ്ങള്‍ക്ക് തോന്നുക. പക്ഷേ ഞങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ മാമുട്ടിയേട്ടന്‍ നേരിട്ട് പണം തന്നു എന്ന് മറ്റുള്ളവരോട് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ഞങ്ങള്‍പെട്ട പാട് ചില്ലറയായിരുന്നില്ല. അതുവെറും കഥയായിരുന്നുവെന്നു ധരിച്ചവരായിരുന്നു അധികം. മാമുട്ടിയേട്ടന്റെ ചിത്രം അക്കാലത്ത് അങ്ങനെയായിരുന്നു. ഇതിനോടനുബന്ധിച്ച് ഒരു കാര്യം കൂടി പറഞ്ഞ് നിര്‍ത്താം. സാമ്പത്തിക കാര്യങ്ങളില്‍ അദ്ദേഹം കണിശക്കാരനായിരുന്നു. യാതൊരു തരത്തിലുള്ള അരാജകത്വവും വച്ചു പൊറുപ്പിച്ചിരുന്നില്ല. അല്പം പിശുക്കുമുണ്ടായിരുന്നു. ഒരിക്കല്‍ ഓഫീസ് സെക്രട്ടറി ഇല്ലാത്ത ഒരു ദിവസം ചായക്കുള്ള ബില്ല് മാമുട്ടിയേട്ടനാണ് നേരിട്ട് കൊടുത്തത്. ആപ്പീസിനടുത്തുള്ള വുഡ്‌ലാന്‍സ് ഹോട്ടലില്‍ നിന്ന് തമിഴ് പയ്യന്‍മാര്‍ ചായകൊണ്ടുവരും. പോകുമ്പോള്‍ ബില്‍ തുകയും കൊടുക്കും. അതാണ് കീഴ്വഴക്കം.

അന്ന് ശിവദാസേട്ടന്‍ വന്നപ്പോള്‍ ബില്‍ കൊടുത്ത വകയില്‍ ബാക്കി കിട്ടിയില്ല എന്ന് മാമുട്ടിയേട്ടന്‍ അറിയിച്ചു. ശിവദാസേട്ടന്‍ ആ ചൂടോടെ ഹോട്ടലില്‍ വിളിച്ച് കാര്യം പറഞ്ഞു. രണ്ടു മിനിറ്റിനുള്ളില്‍ പയ്യന്‍സ് ഓടിക്കിതച്ചെത്തി. എത്തിയ പാടേ ശിവദാസേട്ടന്‍ ചീത്ത തുടങ്ങി. അവന്‍ കാര്യമറിയാതെ നിന്ന് വിയര്‍ക്കുകയാണ്. ബാക്കി നല്‍കാത്തതാണ് കാരണമെന്ന് മനസ്സിലായ ഉടന്‍ തന്നെ, അവന്‍ കീശയില്‍ കയ്യിട്ട് ബാക്കി മേശപ്പുറത്തു വെച്ചു. രണ്ടു രൂപയായിരുന്നു അത്. എല്ലാവരുടെയും മുഖത്ത് ചിരി വിരിഞ്ഞു. ഒരഞ്ചു രൂപ കൂടി കൊടുത്താണ് ശിവദാസേട്ടന്‍ അവനെ തിരിച്ചയച്ചത്. പഴയ കാല കാര്‍ന്നോര്‍മാരെല്ലാം അങ്ങനെയായിരുന്നു. എല്ലാത്തിനും കണക്കുണ്ടായിരുന്നു.

എല്ലാത്തിനും !

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍