UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിനെപ്പോലൊരു വലിയ നേതാവ് ഇങ്ങനെ മിണ്ടാതിരിക്കരുത്- കെ കെ രമ സംസാരിക്കുന്നു

Avatar

“അഴിമതിയും ബാര്‍കോഴയും പെണ്‍വാണിഭങ്ങളും സ്വജനപക്ഷപാതവും നടമാടുന്ന രാഷ്ട്രീയ കേരളത്തില്‍ ജനം ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നത് സഖാവ് വിഎസ്.അച്യുതാനന്ദനിലാണ്. വിഎസ് മൗനം വെടിയണം. പുറത്തേക്കിറങ്ങി ജനകീയ ഇടതുപക്ഷ ബദലിന് നേതൃത്വം നല്‍കണം. രാഷ്ട്രീയ കേരളം അങ്ങിനെ ശുദ്ധമാവട്ടെ…” ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ.രമ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. 

“ഇത് വല്ലാത്തൊരവസ്ഥയാണ്. വിഎസിനെപ്പോലൊരു വലിയ നേതാവ്, സിപിഎമ്മിന്റേതല്ല, കേരളത്തിന്റെ തന്നെ നേതാവ് ഇങ്ങനെ മിണ്ടാതിരുന്നാല്‍ എങ്ങനെയാണ്. സിപിഎം എന്ന പാര്‍ട്ടി ഉണ്ടാക്കിയവരില്‍ ജീവിച്ചരിക്കുന്നവരില്‍ ഏറ്റവും മുമ്പിലാണ് വിഎസ്. എന്നിട്ടും ചില ഏറാന്‍മൂളികള്‍ക്ക് മുമ്പില്‍ അദ്ദേഹം എന്തിനാണ് പകച്ച് നില്‍ക്കുന്നത്. സിപിഎമ്മിന്റെ ഒരു കമ്മറ്റിയും വിഎസ് എന്ന നേതാവിന് മുകളില്‍ വരികില്ല. അപ്പോള്‍ പിന്നെ എന്തിനാണ് കേന്ദ്രകമ്മറ്റിയുടെ വിശദീകരണം കാത്തിരിക്കുന്നത്. സഖാവ് പുറത്തിറങ്ങണം. എന്നിട്ട് ഇടതുപക്ഷ ജനകീയ ബദല്‍ ഉണ്ടാക്കണം. കേരളം മുഴുവന്‍ സഖാവിന് പിറകില്‍ അണിനിരക്കും. ഉറപ്പാണ്.”രമ തുടരുന്നു. (കെ പി എസ് കല്ലേരി നടത്തിയ അഭിമുഖത്തില്‍ നിന്ന്)

ചോ: പ്രായം 90 പിന്നിട്ട വിഎസില്‍ ഇത്രയും പ്രതീക്ഷയോ…?
കെ കെ രമ: വിഎസിന് 90ന്റെ ചെറുപ്പമാണ്. പ്രായം ഒരിക്കലും ആ ശരീരത്തെ തളര്‍ത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ സിപിഎം പണ്ടേ അദ്ദേഹത്തെ പുറത്താക്കേണ്ടതല്ലേ. പിണറായി വിജയന്‍ പുറത്തിറക്കിയ കുറ്റപത്രം വെച്ചുനോക്കിയാല്‍ ഒരു നിമിഷം വിഎസിന് ആ പാര്‍ട്ടിയില്‍ തുടരാനാവുമോ. ഇത്രയും വലിയ പാര്‍ട്ടി വിരുദ്ധനെ പണ്ടേ പുറത്താക്കേണ്ടതല്ലേ. സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇത്രയും വലിയൊരു പാര്‍ട്ടി വിരുദ്ധന്‍ ഉണ്ടായിട്ടുണ്ടാവുമോ. എന്നിട്ടും അവര്‍ വിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെങ്കില്‍ അതിന് ഉത്തരം ഒന്നേ ഉള്ളൂ. സിപിഎമ്മില്‍ ശരി വിഎസ് മാത്രമേ ഉള്ളൂ. അദ്ദേഹത്തെ പുറത്താക്കിയാല്‍ പിന്നെ ആ പാര്‍ട്ടി ഇല്ല. 

വിഎസ് ഇക്കാലമത്രയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയാണ്. ജനകീയമാണ്. അത് പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു. അത് അവരും തിരിച്ചറിഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ വന്ധ്യവയോധികനായൊരു നേതാവിനെ പുറത്ത് ചാടിക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും എത്ര സമയം വേണം..!

ചോ: എന്തുകൊണ്ട് വിഎസ് പുറത്തുപോകുന്നില്ല…?
രമ
: അത് ശരിയായ ചോദ്യമാണ്. ഞങ്ങള്‍ക്കും ചോദിക്കാനുള്ളത് അതാണ്. വിഎസ് പുറത്തിറങ്ങാത്ത് എന്തുകൊണ്ടാണ്. സിപഎമ്മിന്റെ ചരിത്രത്തിലില്ലാത്തവിധമുള്ള കുറ്റപത്രമാണ് വിഎസിനെതിരേ ചാര്‍ത്തിയത്. ഇപ്പഴും പിണറായി അത് തുടരുന്നു. പാര്‍ട്ടി വിരുദ്ധന്‍ എന്ന് പരസ്യമായി വിളിച്ചത് കൊണ്ടാണ് വിഎസ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാത്തതെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു. അങ്ങനെയെങ്കില്‍ ആദ്യം അദ്ദേഹം ചെയ്യേണ്ടത് പാര്‍ട്ടിക്ക് പുറത്ത് കടക്കുകയല്ലേ. തന്നെ ഇത്രയും അപഹസിച്ചൊരു പാര്‍ട്ടിയുടെ ഭാഗമായി എന്തിനാണ് അദ്ദേഹം ഇപ്പോഴും തുടരുന്നത്..?

ചോ: ആര്‍ എം പിയുടെ നേതാവ് വിഎസ് ആണോ?
രമ:
 ആര്‍എംപിയുടേതല്ല, കേരളത്തില്‍ ഇടതുപക്ഷ ബദലില്‍ വിശ്വസിക്കുന്ന എല്ലാവരുടേയും നേതാവാണ് വിഎസ്. കോണ്‍ഗ്രസിനും സിപിഎമ്മിനും ബദലാണ് വിഎസ്. അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും പെണ്‍വാണിഭവും നടക്കുന്ന കേരള രാഷ്ട്രീയം വിഎസ് നയിക്കുന്നൊരു ജനകീയ ബദലിന് കാതോര്‍ക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ആര്‍എംപിയും വി.എസിന്റെ ഭാഗമാവും.

ചോ: വിഎസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ അനഭിമതനായതും ആര്‍എംപി നിലപാടിന്റെ പേരിലാണ്…?
രമ: ധീരനായ കമ്യൂണിസ്റ്റ് എന്നാണ് ചന്ദ്രശേഖരനെ വിഎസ് എക്കാലവും വിശേഷിപ്പിച്ചത്. ചന്ദ്രശേഖരനെ കൊന്നത് സിപിഎം ആണെന്ന് ആര്‍എംപി വിശ്വസിക്കുന്നതുപോലെ വിഎസും വിശ്വസിക്കുന്നു. സിപിഎം കൊലയാളികളുടെ പാര്‍ട്ടിയാണ്. ചന്ദ്രശേഖരന്റെ രക്തത്തില്‍ നേരിട്ട് പങ്കുള്ള പി.മോഹനനെ ജില്ലാ സെക്രട്ടറിയാക്കിയതും ഇപ്പോള്‍ സംസ്ഥാന സമിതിയിലെടുത്തതും ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തനേയും മനോജിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതും വിഎസിന് ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ചന്ദ്രശേഖരനെ കൊന്നതിലുള്ള പാരിതോഷികമായിട്ടാണ് മോഹനന് ജില്ലാ സെക്രട്ടറി സ്ഥാനവും സംസ്ഥാനകമ്മറ്റി അംഗത്വ നല്‍കിയതെന്ന് ഞങ്ങള്‍ പരസ്യമായി പറഞ്ഞു. അതുതന്നെയാണ് വിഎസും വിശ്വസിക്കുന്നത്. ചന്ദ്രശേഖരന്‍ വധക്കേസില്‍ മോഹനനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയെ അംഗീകരിക്കുമ്പോള്‍ തന്നെ കുഞ്ഞനന്തനെ കുറ്റക്കാരനായി കണ്ടത് സിപിഎം അംഗീകരിക്കുന്നുമില്ല. ഇത് എങ്ങിനെയാണ് ജനം വിശ്വസിക്കുക. ജനം വിശ്വസിക്കാത്തത് വിശ്വസിക്കുക വിഎസിനെപ്പോലൊരു നേതാവിനും കഴിയില്ല.

ചോ: എന്തുകൊണ്ട് ആര്‍എംപി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല…?
രമ: 
ഡല്‍ഹിയില്‍ ഒരു സുപ്രഭാതത്തില്‍ ആംആദ്മി ഉണ്ടാക്കിയ വിജയവുമായി ആര്‍എംപിയുടെ വളര്‍ച്ചയെ താരതമ്യം ചെയ്യരുത്. ആര്‍എംപി എന്നാല്‍ സിപിഎമ്മിനെതിരെ മാത്രം സമരം ചെയ്യുന്ന സംഘടന എന്ന് അര്‍ഥമില്ല. അഴിമതിയും സ്വജനപക്ഷപാതവുമടക്കമുള്ള നാനാവിധം പ്രശ്‌നങ്ങളില്‍ ഇതിനകം ആര്‍എംപി ഇടപെട്ടുകഴിഞ്ഞു. ഇനിയും അത് തുടരും. വിഎസിനെപ്പോലൊരു നേതാവ് രൂപം നല്‍കുന്ന ഏതൊരു ജനകീയ ബദലിനൊപ്പവും ആര്‍എംപി ഉണ്ടാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍