UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോരാട്ടം സിപി ഐ എമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിനെതിരെ; കെ കെ രമ/അഭിമുഖം

Avatar

കെ കെ രമ/കെ എ ആന്റണി

മണ്ടോടി കണ്ണനടക്കം പതിനൊന്നു സഖാക്കള്‍ സ്വന്തം ചോരകൊണ്ട് വീരചരിതമെഴുതിയ നാടാണ് വടകരയ്ക്കടുത്തെ ഒഞ്ചിയം. ആ മണ്ണ് 2012 മേയ് 4 ന് മറ്റൊരാളുടെ ചോരവീണ് വീണ്ടും തുടുത്തു. സിപിഐഎം വിട്ട് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍എംപി) എന്ന പേരില്‍ ഒരു സംഘടനയുണ്ടാക്കി സിപിഐഎം നേതൃത്വത്തിനെതിരെ പടപൊരുതിയതിന്റെ പേരിലാണ് ടി പി ചന്ദ്രശേഖരന്‍ എന്ന ഊര്‍ജ്ജ്വസലനായ വിപ്ലവകാരി 51 മുറിവുകളുമായി രക്തസാക്ഷിത്വം വരിച്ചത്.

ഒഞ്ചിയത്തെ ടി പി എന്നു പേരിട്ട ചന്ദ്രശേഖരന്റെ വീട്ടിലേക്ക് തിരിയുന്ന റോഡരികില്‍ ചന്ദ്രശേഖരന്റെ രക്തസാക്ഷി മണ്ഡപം. ടി പി യുടെ ചിത്രത്തിനു ചുവട്ടില്‍ ഇങ്ങനെ ആലഖനം ചെയ്തിരിക്കുന്നു;

‘ഉയിരേകി നീ കാത്ത
രുധിരസ്വപ്‌നങ്ങളെ
ആത്മാവിലേറി
കുതിക്കുന്നു ഞങ്ങള്‍’

രക്തനക്ഷത്രങ്ങളാല്‍ അലംകൃതമായ ‘Tee.Pee’ എന്ന നാമം മുന്‍ചുവരില്‍ ആലേഖനം ചെയ്ത വീടിന്റെ ഓരത്ത് തന്നെയുണ്ട് സുസ്‌മേരവദനനായ സഖാവിന്റെ അര്‍ദ്ധകായ പ്രതിമ.

ടി പി യുടെ മരണം ഏല്‍പ്പിച്ച മുറിപ്പാടുകള്‍ ഭാര്യ കെ കെ രമയുടെയും ഏകമകന്‍ അഭിനന്ദിന്റെയും മനസില്‍ രക്തം കിനിഞ്ഞു നില്‍ക്കുന്നുണ്ട് (അഭിനന്ദ് ഇപ്പോള്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്). എങ്കിലും ധീരോദാത്താനായ ആ പോരാളിയുടെ രക്തസാക്ഷിത്വം ഒരു ജ്വാലയായി ഇന്നും അവര്‍ക്ക് കൂട്ടിനുണ്ട്. ചന്ദ്രശേഖരന്‍ സ്ഥാപിച്ച ആര്‍എംപിയുടെ അമരക്കാരില്‍ ഒരാളാണ് രമ ഇന്ന്. ചന്ദ്രശേഖരന്റെ മരണത്തെക്കുറിച്ചും മേയ് 16 ന് കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെക്കുറിച്ചും രമ സംസാരിക്കുന്നു.

കെ എ ആന്റണി: ടി പി യുടെ വധവുമായി ബന്ധപ്പെട്ട ഉന്നതതല ഗൂഢാലോചന സംബന്ധിച്ച സിബിഐ അന്വേഷണം എവിടെവരെ എത്തി?

കെ കെ രമ: വിഷയം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.

ആ: സത്യത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ?

ര: തീര്‍ച്ചയായും. സഖാവ് ടി പി യെ ഇല്ലാതാക്കേണ്ടത് സിപിഐഎം നേതൃത്വത്തിന്റെ ആവശ്യമായിരുന്നു. നേതൃത്വം അറിയാതെ ഒന്നും നടക്കില്ല. കേസില്‍ പ്രതികളായ കൊടി സുനി, കിര്‍മാണി മനോജ് എന്നിവരുടെ കുടുംബങ്ങളെ ഇപ്പോള്‍ പരിപാലിക്കുന്നത് സിപിഐഎം തന്നെയാണ്. നേതൃത്വത്തിനു പങ്കില്ലെങ്കില്‍ പിന്നെ അവരെന്തിന് ഇതു ചെയ്യണം.

ആ: ഗൂഢാലോചനക്കാര്‍ ആരൊക്കെയാണ്?

ര: പി ജയരാജന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍. കേസിന്റെ പോക്കും അതിന്റെ വേരുകളും വ്യക്തമാക്കുന്നത് അതാണ്. കതിരൂര്‍ മനോജ് വധം തന്നെയെടുക്കുക. ഏതു കൊച്ചുകുട്ടിക്കും അറിയാം ആ കൊലപാതകത്തിനു പിന്നിലും ജയരാജന്‍ ആണെന്ന്. കുറ്റക്കാരന്‍ അല്ലെങ്കില്‍ പിന്നെ എന്തിനു സിബിഐ യെ പേടിക്കണം. രാഷ്ട്രീയത്തില്‍ സജീവമായിരുന്നൊരാള്‍ പെട്ടെന്ന് ആശുപത്രിയില്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക.

ആ: ടി പി കേസില്‍ കേരള പൊലീസിന് പിഴവു പറ്റിയെന്നു കരുതുന്നുണ്ടോ?

ര: അന്വേഷണം ആദ്യം ശരിയായ ദിശയില്‍ ആയിരുന്നു. പിന്നീടത് അട്ടിമറിക്കപ്പെട്ടു. ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ആര്‍എംപി ഇതിനെ കാണുന്നത്. സിബിഐ അന്വേഷണം എന്ന ഞങ്ങളുടെ ആവശ്യം അന്നത്തെ യുപിഎ സര്‍ക്കാരും ചെവിക്കൊണ്ടില്ല.

ആ: ടി പി കേസില്‍ വി എസ് അച്യുതാനന്ദന്റെ നിലപാട് മാറ്റത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ര: സഖാവ് വി എസ് സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി ഔദ്യോഗിക നേതൃത്വവുമായി സന്ധി ചെയ്തിരിക്കുന്നു. ഞങ്ങള്‍ക്കതില്‍ അതിയായ ദുഃഖം ഉണ്ട്. സത്യത്തില്‍ വി എസ് ഉയര്‍ത്തിക്കൊണ്ടുവന്ന ബദല്‍ രാഷ്ട്രീയത്തിനുവേണ്ടിയാണ് സഖാവ് ടി പി നിലകൊണ്ടത്. അതിന്റെ പേരിലാണ് അദ്ദേഹം വധിക്കപ്പെട്ടത്.

ആ: പിണറായി വിജയന്‍ ധര്‍മടത്ത് മത്സരിക്കുന്നപക്ഷം രമ അവിടെ മത്സരിക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ?

ര: അങ്ങനെയൊരു അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നിരുന്നു. ടി പി യുടെ വധം ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ അത് ഉപകരിക്കുമെന്നാണ് പാര്‍ട്ടിക്കാരുടെ പൊതുവായ അഭിപ്രായം. എതിര്‍പ്പ് ഏതെങ്കിലും ഒരു വ്യക്തിയോടല്ല. കൊലപാതക രാഷ്ട്രീയത്തോടാണ്. എന്നാല്‍ പിണറായിക്കെതിരെ മത്സരിക്കുന്ന കാര്യം ഞാന്‍ തീരുമാനിച്ചിട്ടില്ല. തീര്‍ച്ചയായും പിണറായിക്കെതിരെ ആര്‍എംപി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും.

ആ: രമ ധര്‍മ്മടത്ത് മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നല്ലോ?

ര: ബിജെപിയുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമില്ല. അവരുടെ പിന്തുണ സ്വീകരിച്ചാല്‍ ആര്‍എംപി മുന്നോട്ടുവയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിനു പ്രസക്തി ഇല്ലാതാകും. സഖാവ് ടി പി മുന്നോട്ടുവച്ച ഒരു രാഷ്ട്രീയമുണ്ട്. അത് സാധാരണ മനുഷ്യരുടെയും അടിസ്ഥാനവര്‍ഗ ജനതയുടെയും ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. ആ മഹത്തായ ആശയത്തിനുവേണ്ടിയാണ് സഖാവ് ജീവന്‍ ബലിനല്‍കിയതും.

ആ: ഈ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കും?

ര: സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നു കാണിക്കുക എന്നതു തന്നെയാണ് മുഖ്യലക്ഷ്യം. വര്‍ഗീയ ഫാസിസം മാത്രമല്ല രാഷട്രീയ ഫാസിസവും ചര്‍ച്ച ചെയ്യപ്പെടണം. സിപിഐഎം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് വര്‍ഗീയ ഫാസിസം ചര്‍ച്ചാവിഷയമാക്കി അതിന്റെ മറവില്‍ തങ്ങളുടെ രാഷ്ട്രീയഫാസിസം നടപ്പാക്കുക എന്നതാണ്. ഇതിനെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടാകണം. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും തരാതരം പോലെ അധികാരതാല്‍പ്പര്യാര്‍ത്ഥം സി.പി.എം ഉപയോഗിക്കുകയാണ്. ആ അവസരവാദസമീപനം കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ന് ഒരു ഇടതുപക്ഷമില്ല. സിപിഐ-എം ഫാസിസവും ചങ്ങാത്ത മുതലാളിത്തവുമേയുള്ളൂ. ഇതിനെതിരെ പോരാടുന്ന ഒരു യഥാര്‍ത്ഥ ഇടതുപക്ഷ ബദല്‍ ആണ് ആര്‍എംപി വിഭാവനം ചെയ്യുന്നത്.

ആ: രമ വടകരയില്‍ മത്സരിക്കുന്നുണ്ടോ?

ര: തീരുമാനിച്ചിട്ടില്ല. ഞങ്ങളുടെ മുന്നണിയോഗം ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് കെ എ ആന്റണി)

 

തിരുത്ത്:  കെ.കെ രമയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗത്ത് നേരത്തെ പ്രസിദ്ധീകരിച്ച വാചകങ്ങള്‍ ഇങ്ങനെയായിരുന്നു: “ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്തുന്നത് സത്യത്തില്‍ സിപിഐഎം ആണ്. ഇതിനുവേണ്ടി അവര്‍ ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ന് ഒരു ഇടതുപക്ഷമില്ല. സിപിഐഎം ഫാസിസവും ചങ്ങാത്ത മുതലാളിത്തവുമേയുള്ളൂ. ഇതിനെതിരെ പോരാടുന്ന ഒരു യഥാര്‍ത്ഥ ഇടതുപക്ഷ ബദല്‍ ആണ് ആര്‍എംപി വിഭാവനം ചെയ്യുന്നത്.” എന്നാല്‍ താന്‍ പറഞ്ഞതു പ്രകാരമല്ല അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ അറിയിച്ച സാഹചര്യത്തില്‍ ആ ഭാഗത്ത് തിരുത്ത് വരുത്തിയിട്ടുണ്ട്. അത് ഇങ്ങനെയാണ്: “ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും തരാതരം പോലെ അധികാരതാല്‍പ്പര്യാര്‍ത്ഥം സി.പി.എം ഉപയോഗിക്കുകയാണ്. ആ അവസരവാദസമീപനം കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചു. യഥാര്‍ത്ഥത്തില്‍ ഇന്ന് ഒരു ഇടതുപക്ഷമില്ല. സിപിഐ-എം ഫാസിസവും ചങ്ങാത്ത മുതലാളിത്തവുമേയുള്ളൂ. ഇതിനെതിരെ പോരാടുന്ന ഒരു യഥാര്‍ത്ഥ ഇടതുപക്ഷ ബദല്‍ ആണ് ആര്‍എംപി വിഭാവനം ചെയ്യുന്നത്.”- തെറ്റിദ്ധാരണ ഉണ്ടാകും വിധത്തില്‍ ഇത്തരമൊരു കാര്യം പ്രസിദ്ധീകരിക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നു- എഡിറ്റര്‍. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍