UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭരിക്കേണ്ടതെങ്ങനെയെന്ന് കാട്ടിത്തരുന്ന വനിതാ മന്ത്രിമാരുടെ 100 ദിനങ്ങള്‍

Avatar

അന്ന എബ്രഹാം

മന്ത്രിസഭയിലെ സ്ത്രീപ്രാതിനിധ്യത്തില്‍ ചരിത്രമെഴുതിക്കൊണ്ടാണ് പിണറായി മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭാ ചരിത്രത്തില്‍ ആദ്യമായി രണ്ടു വനിതാമന്ത്രിമാര്‍. ജെ മേഴ്സിക്കുട്ടിയമ്മയും കെകെ ശൈലജയും. സര്‍ക്കാര്‍ 100 ദിനം പിന്നിടുമ്പോള്‍ കശുവണ്ടി വ്യവസായ – ഫീഷറീസ് വകുപ്പുകളും ആരോഗ്യവകുപ്പും ചെറുതല്ലാത്ത ശ്രദ്ധയാണ് നേടിയത്. 

സംസ്ഥാനത്ത് 1957ന് ശേഷം അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒന്‍പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നതേയില്ല. 12 മന്ത്രിസഭകളില്‍ ഓരോ സ്ത്രീകളുണ്ടായിരുന്നെങ്കിലും കേരളത്തില്‍ ആകെ മന്ത്രിമാരായ സ്ത്രീകളുടെ എണ്ണം ആറുമാത്രം. കെആര്‍ ഗൌരിയമ്മ, എം കമലം, എംടി പത്മ, സുശീലാ ഗോപാലന്‍, പികെ ശ്രീമതി, പികെ ജയലക്ഷ്മി എന്നിവരായിരുന്നു ആ വനിതാ മന്ത്രിമാര്‍. ഇവരില്‍ ആറു മന്ത്രിസഭകളില്‍ ശക്തമായ സ്ത്രീസാന്നിദ്ധ്യമായി ഗൌരിയമ്മ. എംടി പത്മം രണ്ടു മന്ത്രിസഭകളിലും. ചരിത്രം മാറ്റിയെഴുതി ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടു വനിതാ മന്ത്രിമാരെ ചുമതലയേല്‍പ്പിച്ചതില്‍ പരാജയപ്പെട്ടിട്ടില്ലെന്നതിന്‍റെ നേര്‍ചിത്രമാണ് കഴിഞ്ഞ 100 ദിനങ്ങള്‍.

ലക്ഷകണക്കിന് വരുന്ന കശുവണ്ടി തൊഴിലാളി കുടുംബങ്ങളുടെ ദുതിതങ്ങള്‍ക്ക് അറുതി വരുത്തി കൊണ്ട് സര്‍ക്കാര്‍ നേടിയത് നിറഞ്ഞ കയ്യടിയാണ്. അധികാരത്തിലെത്തി ചുരുങ്ങിയ ദിവസം കൊണ്ടാണ് പൊതുമേഖലയിലെ കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സ് ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കാലങ്ങളായുള്ള തൊഴിലാളികളുടെ കണ്ണീരിന് അറുതി വരുത്തുന്നതായിരുന്നു വകുപ്പ് മന്ത്രിയുടെ തീരുമാനം. മേഴ്സിക്കുട്ടിയമ്മയ്ക്ക് വന്‍ ജനസ്വീകാര്യതയാണ് ഈ തീരുമാനം നല്‍കിയത്. 320-ലധികം സ്വകാര്യഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ മേഖലയിലെ കടുത്ത പ്രതിസന്ധികള്‍ ഒന്നൊന്നായി ശരിയാകാന്‍ തുടങ്ങി. മത്സ്യബന്ധനമേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് തന്നെ തുടക്കംകുറിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 25 കോടി ചെലവില്‍ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പാക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ തീരുമാനം. വീടില്ലാത്ത ഒരു മത്സ്യത്തൊഴിലാളി പോലും ഉണ്ടാകരുത് എന്ന ഉദ്ദേശത്തില്‍ പദ്ധതി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓരോ വാര്‍ഡിലുമുള്ള ഭവന രഹിതരെ കണ്ടെത്തുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍വകുപ്പുമായി സഹകരിച്ച് പദ്ധതി ആവിഷ്ക്കരിക്കാനുള്ള തീരുമാനത്തിലാണ് വകുപ്പ്. തീരദേശ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗതാഗതക്കുരുക്കൊഴിവാക്കാന്‍ തീരദേശ റോഡുകള്‍ സഹായകരമാകും. വൈപ്പിനില്‍ ആരംഭിക്കുന്ന ഓഷ്യനേറിയം പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ കാലത്താണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വീണ്ടും പദ്ധതി പൊടി തട്ടിയെടുത്ത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. ഉള്‍നാടന്‍ മത്സ്യകൃഷി വികസിപ്പിച്ചുകൊണ്ട് ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികളും ഫിഷറീസ് വകുപ്പ് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്.

കെകെ ശൈലജയുടെ ആരോഗ്യവകുപ്പിലും മാറ്റങ്ങളുടെ കാലം തന്നെയാണ്. വിവിധ ഇന്‍ഷുറന്‍സ് പരിപാടികള്‍ക്കും ധനസഹായ പദ്ധതികളും സംയോജിപ്പിച്ച് സമഗ്ര ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികള്‍ക്ക് ഇതിനോടകം തുടക്കമിട്ടു കഴിഞ്ഞു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണം ഈ വര്‍ഷം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആവശ്യാനുസരണം ഡോക്ടറര്‍മാരെയും നേഴ്സുമാരെയും നിയോഗിച്ചു. സാമൂഹികക്ഷേമ പരിപാടികളും സേവനങ്ങളും എന്നും പരാതി ഉയരുന്ന ഇടങ്ങളാണ്. ഈ മേഖലയിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിക്കഴിഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാലങ്ങളായി അവഗണനയില്‍പ്പെട്ടവരാണ്. ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് നല്‍കി ഓണത്തിന് 1000 രൂപ വീതം അലവന്‍സ് നല്‍കാന്‍ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. കാരുണ്യഫാര്‍മസികളില്‍ പലതും അടഞ്ഞുകിടക്കുന്നത് പുനരാരംഭിച്ചത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ കൃത്യമായി സ്വീകരിച്ചുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. കേരളത്തില്‍ പടര്‍ന്നു പിടിച്ച ഡിഫ്ത്തീരിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ശക്തമായ ഇടപെടലുകളിലൂടെ ഡിഫ്ത്തീരിയ പ്രതിരോധിച്ചുവെന്നത് ആരോഗ്യവകുപ്പിന്‍റെ മറ്റൊരു നേട്ടമാണ്. വികലാംഗ ദുരിതാശ്വാസനിധിയിലൂടെ 18,70,250 രൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ശിശുമരണനിരക്കും മാതൃമരണ നിരക്കും കുറയ്ക്കാന്‍ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. മുടങ്ങിക്കിടന്ന ആശ്വസകിരണ്‍ പദ്ധതി പുന:സ്ഥാപിച്ചു. അങ്ങനെ ആരോഗ്യമേഖലയിലെ സമഗ്രമായ വികസനത്തിനുള്ള നിരവധി പദ്ധതികളാണ് ശൈലജടീച്ചറിന്‍റെ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. പല പദ്ധതികളും തുടങ്ങിവെയ്ക്കുകയും ചെയ്തു കഴിഞ്ഞു. മുടങ്ങി കിടന്ന പല നടപടികള്‍ക്കും ജീവന്‍വെപ്പിച്ചുവെന്നതും വകുപ്പിന് അഭിമാനിക്കാവുന്ന കാര്യമാണ്.

മന്ത്രിസഭയിലെ വനിതാമന്ത്രിമാര്‍ രണ്ടു പേരും വകുപ്പുകളിലെ സമഗ്രവികസനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ചുമതലകള്‍ അതിഗംഭീരമായി തന്നെ ഏറ്റെടുത്ത് നടപ്പിലാക്കുന്നതില്‍ ഇരുവരെയും തെരഞ്ഞെടുത്ത ജനകീയസംവിധാനത്തിന് തെറ്റിയിട്ടില്ലെന്ന് 100 ദിവസങ്ങള്‍ അടയാളപ്പെടുത്തുന്നു.

 

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് അന്ന)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍