UPDATES

സിനിമ

ചാച്ചന്‍ യാത്ര പറയുമ്പോള്‍; കെ എല്‍ ആന്റണിയുടെ നാടകീയ ജീവിതം

നാടകം, കമ്യൂണിസം, സിനിമ- ആന്റണിയുടെ ജീവിതം അനുഭവങ്ങളുടെ രംഗവേദിയായിരുന്നു

രംഗം ഒന്ന്
പശ്ചാത്തലം: ഫോര്‍ട്ട് കൊച്ചി വെളിയിലുള്ള ഒരു വീട്
കാലം; 1940-കള്‍

രംഗത്ത് ചവിട്ടുനാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുകയാണ്. കാണികളായി കുറച്ചുപേരുണ്ട്. കൂട്ടത്തില്‍ ഏഴെട്ടു വയസുള്ള മൂന്നുനാലു പിള്ളേരും… റിഹേഴ്‌സല്‍ തുടങ്ങിയിട്ട് അല്‍പ്പകാലം പിന്നിട്ടെന്നു കുട്ടികളുടെ മുഖം കണ്ടാല്‍ അറിയാം. ഏകദേശം അഭിനേതാക്കളുടെ പ്രകടനങ്ങളൊക്കെ അവര്‍ക്ക് മനഃപാഠമായതുപോലെ… ഇനിയെന്താണ് ചെയ്യാന്‍ പോകുന്നതെന്നുപോലും തങ്ങള്‍ക്കറിയാമെന്ന ഭാവം…

രംഗം മാറുന്നു

നേരത്തെ റിഹേഴ്‌സല്‍ നടന്ന വീടിനോട് അധികം അകലെയല്ലാതെ മറ്റൊരു വീട്ടില്‍ ഒരു ചെറു നാടകത്തിന്റെ രൂപത്തില്‍ എന്തൊക്കെയോ നടക്കുന്നു. ചില രംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും അതു നേരത്തെ കണ്ട റിഹേഴ്‌സലിന്റെ പുുനരവതരണമാണ്. ആ കുട്ടികളാണ് അവതാരകര്‍…

കുട്ടികളുടെ കൂട്ടത്തിലെ പ്രധാനിയെന്നു തോന്നിപ്പിക്കുന്ന ഒരാണ്‍കുട്ടിയെ അവന്റെ വള്ളിക്കുപ്പായത്തിന്റെ പിറകില്‍ കയര്‍ കെട്ടി തൂക്കിയിട്ടിരിക്കുകയാണ്. പെട്ടെന്ന് ഒരു സ്ത്രീ കടന്നുവരുന്നു. തന്റെ കണ്‍മുന്നില്‍ കാണുന്ന കാഴ്ച്ച കണ്ട് ആ സ്ത്രീ ഭയചകിതയാകുന്നു. എന്റെ മകന്‍ പോയേ….എന്നവര്‍ അലറി വിളിക്കുന്നു…

കര്‍ട്ടന്‍ വീഴുന്നു

രംഗം രണ്ട്
പശ്ചാത്തലം: ചേര്‍ത്തല ഒളവയ്പ്പ് എന്ന ഗ്രാമത്തിലെ ഒരു ചെറിയ വീട്
കാലം: 2016

എഴുപതു കടന്നൊരു മനുഷ്യന്‍. അദ്ദേഹത്തിന്റെ മുഖത്ത് ഓര്‍മകള്‍ തട്ടിയുണര്‍ത്തിയ ചിരി…

തൊട്ടുമുമ്പു കണ്ട രംഗത്തില്‍ തൂങ്ങിയാടിക്കിടന്ന അതേ ചെക്കന്‍ തന്നെയാണ് തന്റെ അമ്മയുടെ അന്നത്തെ പ്രകടനത്തെക്കുറിച്ചോര്‍ത്ത് ചിരിക്കുന്നത്. അയാളുടെ പേര് കെ എല്‍ ആന്റണി. നാടക രചയിതാവ്, നടന്‍, സംവിധായകന്‍ എന്നീ വേഷങ്ങള്‍ ജീവിതത്തില്‍ കെട്ടിയിട്ടുണ്ട്. വളരെ വൈകി അയാളെ തേടി കുറച്ചുപേര്‍ വന്നു. അവര്‍ അദേഹത്തെ ഒരു സിനിമയില്‍ അഭിനയിപ്പിച്ചു… പത്തറുപതുവര്‍ഷം നാടകത്തിനുവേണ്ടി സ്വയം ഹോമിച്ചൊരാള്‍ ആയൊരൊറ്റ സിനിമകൊണ്ട് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും സുപരിചിതനായി. സിനിമയിലെന്നപോല അദ്ദേഹമിപ്പോള്‍ എല്ലാവര്‍ക്കും ചാച്ചനാണ്… മഹേഷിന്റെ സ്വന്തം ചാച്ചനെപ്പോലെ…

പക്ഷേ കെ എല്‍ ആന്റണിയെ ഒരു സിനിമയുടെ പേരില്‍ അറിയാന്‍ ശ്രമിക്കരുത്…ഒരു സിനിമയ്ക്കപ്പുറം തികച്ചും നാടകീയമായ ജീവിതാനുഭവമുണ്ട് ആ മനുഷ്യന്.

ജീവിതം ഒന്നാം ഘട്ടം
രംഗപ്രവേശം

ഫോര്‍ട്ടുകൊച്ചി, കലാകാരന്മാരുടെയും കപ്പല്‍ത്തൊഴിലാളികളുടെയും നാട്. ആ നാട്ടില്‍ അര്‍ത്ഥംകൊണ്ടും അംഗബലം കൊണ്ടും വലിപ്പമുള്ളൊരു വീട്ടില്‍ മൂന്നമ്മമാരുടെ മകനായാണ് ആന്റണി വളര്‍ന്നത്. അമ്മയുടെ നേരെ മൂത്തയാളും തൊട്ടിളയയാളും ഒപ്പത്തിനൊപ്പം ആന്റണിയെ തന്റെ മകനെന്നപോലെ പോറ്റി. ആന്റണിക്കൊരു ചേട്ടനുണ്ട്, കെഎല്‍ ജോസഫ്. അപ്പന്‍ നേരത്തെ മരിച്ചുപോയി. ചേട്ടന്‍ നാടകാവേശം ബാധിച്ചൊരാളായിരുന്നു, പോരാത്തതിന് കമ്യൂണിസ്റ്റും. ഫോര്‍ട്ട് കൊച്ചിയില്‍ പാട്ടുകാരും സംഗീതജ്ഞരും എഴുത്തുകാരും നടന്മാരുമൊക്കെയായി പറയനൊത്തിരി നാടക കലാകാരന്മാരുണ്ടെങ്കിലും എന്തുകൊണ്ടോ പ്രൊഫഷണല്‍ നാടകസമിതികളെയൊന്നും കാണുന്നില്ല. എല്ലാവരും അമേച്വര്‍ നാടകങ്ങളാണ് കളിക്കുന്നത്. പക്ഷേ പ്രൊഫഷണല്‍ നാടകങ്ങളില്‍ വെന്നിക്കൊടി പാറിച്ചവരും ആ കൂട്ടത്തിലുണ്ട്. ചവിട്ടു നാടകത്തിനും പേരുകേട്ട സ്ഥലമാണ് ഫോര്‍ട്ട് കൊച്ചി. ആന്റണിയുടെ തറവാടിനടുത്ത് തന്നെ ചവിട്ടു നാടക ക്യാമ്പ് ഉണ്ട്. അവിടുത്ത സ്ഥിരം സന്ദര്‍ശകരാണ് ആന്റണിയും കൂട്ടരും.

അങ്ങനയിരിക്കെ ആന്റണിയും ഒരു ദിവസം നാടകനടനായി. ബാലനടന്‍. ചേട്ടന്റെ നാടകമാണ്, തീരുമാനവും ചേട്ടന്റെ തന്നെ. പക്ഷേ ആന്റണി അഭിനയിച്ചു. അതുകൊണ്ട് പിന്നെയും വേഷം കെട്ടേണ്ടി വന്നു. എന്നിട്ട് ആന്റണി അഭിനയം തുടര്‍ന്നോ? ഇല്ല. പകരം എഴുതി. അതൊരു ചെറിയ വാശിയുടെ പുറത്തുണ്ടായ തീരുമാനമായിരുന്നു.

ഇഎംഎസും ആന്റണിയും തമ്മില്‍!
1957, കേരളത്തില്‍ സഖാവ് ഇ എം എസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. എന്തൊക്കെ മാറ്റങ്ങളാണ് ആ മന്ത്രിസഭ നാടിനുണ്ടാക്കിയെന്നതൊക്കെ ചരിത്രമറിയാവുന്നവര്‍ക്കെല്ലാം അറിയാം. പക്ഷേ, ഇ എം എസ് സര്‍ക്കാര്‍ ആന്റണിയുടെ ജീവിതത്തിലും ഒന്നിടപ്പെട്ടു. നേരിട്ടല്ല… മറ്റൊരു തരത്തില്‍.

കേരളത്തില്‍ ആദ്യമായി സ്‌കൂള്‍ യുവജനോത്സവം ആരംഭിക്കുന്നത് ആ സര്‍ക്കാരാണ്.

അതുകൊണ്ടാണ് ആന്റണിക്ക് സ്‌കൂളില്‍ ഒരു നാടകം കളിക്കണമെന്ന് തോന്നലുണ്ടാകുന്നത്. കൂട്ടുകാരോട് ഇതേക്കുറിച്ചു പറയുമ്പോള്‍ വല്ലാത്ത ധൈര്യമായിരുന്നു. ചേട്ടന്‍ നാടകമെഴുതി തരും. തനിക്കും അല്‍പ്പസ്വല്‍പ്പമൊക്കെ നാടകപരിചയമുണ്ടല്ലോ, സംഗതി കലക്കാം. പക്ഷേ ‘കലക്കി’യത് ചേട്ടനാണ്. നാടകമെന്ന ആവശ്യവുമായി ചെന്ന അനിയനെ, ആ പരിഗണനപോലുമില്ലാതെ പരിഹസിച്ചു തിരിച്ചയച്ചു.

എന്നാല്‍ ആന്റണി തോറ്റില്ല… സ്വയം ഒരെണ്ണം അങ്ങെഴുതി. മുറിയടച്ചിരുന്ന് ചിന്തിച്ചെഴുതിയതൊന്നുമല്ല. തറവാട്ടിലും ചുറ്റുപാടുമൊക്കെ കണ്ടത്. നാടകത്തിനിട്ടപേര്  ‘ജീവിതം ആരംഭിക്കുന്നു’.

നാടകം വായിച്ചവരൊക്കെ നല്ല അഭിപ്രായം പറഞ്ഞപ്പോഴൊന്നും തോന്നാതിരുന്ന ആത്മവിശ്വാസം ആന്റണിക്കുണ്ടാകുന്നത് തന്റെ നാടകം ജില്ലാതലത്തില്‍ ഒന്നാമതെത്തിയപ്പോഴാണ്. ആന്റണി പിന്നെയും നാടകമെഴുതി. ആദ്യമെഴുതിയ നാടകത്തിന്റെ പേര് നാടകകൃത്തിനെ സംബന്ധിച്ച് അന്വര്‍ത്ഥമാവുകയായിരുന്നു…

അക്കാലത്ത്, അല്ല ഇക്കാലത്തും, പുതുവത്സരമടുക്കാറാകുമ്പോഴേക്കും ഫോര്‍ട്ട്‌കൊച്ചി മുഴുവന്‍ പപ്പാഞ്ഞിമാരായിരിക്കും. പപ്പാഞ്ഞികെട്ടലും ഉണ്ടാക്കലുമൊക്കെയാണ് എല്ലാവരുടെയും തൊഴിലും വിനോദവും. അതിനിടയിലേക്കാണ് ആന്റണിയും കൂട്ടരും നാടകവുമായി ഇറങ്ങിയത്. വേണമെങ്കില്‍ സഞ്ചരിക്കുന്ന നാടകസംഘമെന്നൊക്കെ വിളിക്കാം. ഒരു വെള്ളത്തുണി, ചെറിയൊരു കര്‍ട്ടന്‍, നാലഞ്ചു വടികള്‍ ഇതൊക്കെയായി ഓരോരോ വീടുകള്‍ക്കു മുന്നിലും ചെന്ന് നാടകം കളിച്ചു… സംഗതി ക്ലിക്കായി. ആന്റണി നാട്ടില്‍ ചെറിയൊരു സ്റ്റാറായി. നാടകം കൊണ്ടുമാത്രമല്ല, പാട്ടുകൊണ്ടും. ലളിതസുന്ദരമായ വരികളാല്‍ നല്ല പാട്ടുകളും ആന്റണി എഴുതുമായിരുന്നു. ചിലതൊക്കെ നാടകത്തില്‍ ഉപയോഗിക്കും. ബാക്കിയുള്ളവ പുസ്തകത്താളില്‍ ആരും കേള്‍ക്കാനില്ലെന്ന സങ്കടത്തോടെ കിടക്കും. അങ്ങനെ ദുഃഖിച്ചു കിടന്നൊരു പാട്ട് ജോസഫിന്റെ കണ്ണില്‍പെട്ടു. സംഗതി ആദ്യവായനയില്‍ തന്നെ ജോസഫിന് ഇഷ്ടപ്പെട്ടു. അതുകൊണ്ടുകാര്യമില്ലല്ലോ. നാലാളു കേള്‍ക്കാനുള്ളതല്ലേ പാട്ട്! വരികുറിച്ചുവച്ചിരിക്കുന്ന കടലാസുമായി ജോസഫ് ചെന്നു ബെര്‍ലിയെ കണ്ടു. കൊച്ചിന്‍ ബെര്‍ലി അറിയപ്പെടുന്ന നാടകസംഗീതസംവിധായകനാണ്. ജോസഫിന്റെ കൈയില്‍ നിന്നും കടലാസ് വാങ്ങി ബെര്‍ലി അസ്സലൊരു ട്യൂണിട്ടു. പാട്ടുപാടി റെക്കോര്‍ഡും ചെയ്തുകൊടുത്തു. ഇതൊന്നും ആന്റണി അറിഞ്ഞില്ല. പിന്നൊരു ദിവസം നാട്ടിലൊരു കല്യാണവീട്ടിലിരിക്കുമ്പോള്‍ കോളാമ്പിയില്‍ നിന്നും ഒരു പാട്ട്… കേട്ടപ്പോള്‍ നല്ല പരിചയം. സംശയം സത്യമായിരുന്നു. ഓടി വീട്ടില്‍ ചെന്നു. ചേട്ടനുണ്ട്. കാര്യം പറഞ്ഞു. അപ്പോഴാണ് ബാക്കി കഥകളൊക്കെ അറിയുന്നത്. ആന്റണി പിന്നെയും പിന്നെയും നല്ല പാട്ടുകളെഴുതി…

ഒരു ദുരന്തരംഗം
ആന്റണിയുടെ ജീവിതത്തിലെ ചെറിയൊരു ട്വിസ്റ്റ്. പറയത്തക്ക പ്രൊഫഷണല്‍ നാടകസമിതികളില്ലെങ്കിലും പ്രൊഫഷണല്‍ കലാകാരന്മാര്‍ ഇവിടെയുണ്ടെന്നു പറഞ്ഞിരുന്നല്ലോ… അവരെല്ലാമായിട്ട് നല്ല ബന്ധമായിരുന്നു ജോസഫിന്. അതെങ്ങനെ ആന്റണിയെ ബാധിച്ചുവെന്ന് നോക്കാം. ‘കലാപം’ എന്നപേരിലൊരു നാടകം ആന്റണി എഴുതി. അമേച്വര്‍ രൂപത്തിലാണ് എഴുതിയതെങ്കിലും അരികും മൂലയുമൊക്കെ ഒന്നു നീട്ടിയെടുത്താല്‍ പ്രൊഫഷണല്‍ നാടകമായി തന്നെ രംഗത്തവതരിപ്പിക്കാം. അങ്ങനെ തോന്നിയതുകൊണ്ടാണ് ജോസഫ് ആ നാടകം തന്റെ പരിചയക്കാരെ കാണിക്കുന്നതും അവരത് കളിക്കാന്‍ തീരുമാനിക്കുന്നതും. അക്കാലത്ത പ്രമുഖരായവര്‍ തന്നെ അഭിനേതാക്കളായെത്തി.

പക്ഷേ ആന്റണിക്കെന്തോ ഒരു വല്ലായ്മ… പത്താംക്ലാസില്‍ പഠിക്കുന്നൊരു പയ്യനെഴുതിയ നാടകം പ്രൊഫഷണല്‍ നാടകക്കാര്‍ കളിക്കുന്നുവെന്നത് ആരെയായാലും സന്തോഷിപ്പിക്കുന്ന കാര്യമാണെങ്കിലും ആന്റണിക്കും കൂട്ടര്‍ക്കും വലിയ സന്തോഷമൊന്നും തോന്നിയില്ല. ഈ നാടകകലാകാരന്മാര്‍ക്ക് ഒരു തോന്നലുണ്ട്, അവര് വലിയ ആള്‍ക്കാരാണെന്നാണ് ഭാവം. തന്നോടൊഴിച്ച് എല്ലാവരോടും പുച്ഛം. എത്രവലിയവരാണെങ്കിലും അഹങ്കാരം ഉണ്ടായാല്‍ തീര്‍ന്നു. എനിക്ക് അതൊട്ടും പിടിച്ചില്ല; ആന്റണിയുടെതാണു വാക്കുകള്‍. ആദ്യനാടകം കൊണ്ടു തന്നെ പ്രൊഫഷണല്‍ നാടകവുമായി തനിക്കു ചേര്‍ന്നുപോകാന്‍ പറ്റില്ലെന്ന് ആന്റണിക്കു ബോധ്യം വന്നിരുന്നു. അതിനിടയില്‍ മറ്റൊന്നു കൂടി സംഭവിച്ചു.

എറണാകുളത്ത് നാടകം അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ഹാളില്‍ തീപിടുത്തമുണ്ടായി. നാടകം ആകെ അലങ്കോലമായി. ഒത്തിരികാശ്  ചെലവാക്കി ചെയ്യുന്ന നാടകമാണ്. ആ തീപിടുത്തത്തില്‍ ശരിക്കും ‘പൊള്ളി’യത് ആന്റണിക്കായിരുന്നു. വല്ലാത്തൊരു ദുശ്ശകുനം… ഇനിയിതുവേണ്ട… ഒരു പിന്മാറ്റം. (പിന്നീട് ‘കലാപം’ പുസ്‌കരൂപത്തിലാക്കിയപ്പോള്‍ ചൂടപ്പം പോലെ വിറ്റുപോയത് വിധിയുടെ മറ്റൊരു തീരുമാനം).

എന്നാല്‍ എത്രനാള്‍ ആന്റണിക്കു നാടകം വിട്ടു നില്‍ക്കാന്‍ പറ്റും! അപ്പോഴാണ് അമേച്വര്‍ നാടകമത്സരം വരുന്നത്. 1969-ലാണ്. ഒരെണ്ണം ആന്റണിയുമെഴുതി; ‘മനുഷ്യപുത്രന്‍.’

ഒന്നാം സമ്മാനം കിട്ടിയെന്നതല്ല കേരളം മുഴുവന്‍ ആ നാടകം ഏറ്റെടുത്തു എന്നതാണ് എടുത്തുപറയേണ്ടത്. ‘മനുഷ്യപുത്രന്‍’ എവിടെ കളിച്ചാലും ഒന്നാം സമ്മാനം ഉറപ്പാണ്. അതുകൊണ്ടാണ് വിഎംസി ഹനീഫ എന്ന സുഹൃത്ത് സഹികെട്ട് ചോദിച്ചത്, ആന്റണി നീയിവിടെം നിന്റെ നാടകോം കൊണ്ട് വന്നിട്ടുണ്ടോയെന്ന്. വിഎംസി ഹനീഫയെന്നാല്‍ കൊച്ചിന്‍ ഹനീഫ.

മനുഷ്യപുത്രന്‍ ആന്റണിയെ സാമാന്യം പ്രശ്‌സതനാക്കി. ആന്റണിയും കുറച്ചുകൂടി സീരിയസായി. ഒരു നാടകസംഘം രൂപീകരിച്ചു. അതുവരെ കൈയില്‍വരുന്നവരെ പിടിച്ചു അഭിനയിപ്പിക്കുകയായിരുന്നു. പിന്നീട് അല്‍പ്പം പേരും പ്രശസ്തിയുമുള്ളവരെയൊക്കെ കൊണ്ടുവരാന്‍ തുടങ്ങി. അഭിനേതാക്കളുടെ കാര്യത്തില്‍ മാത്രമല്ല, അണിയറ സജ്ജീകരണങ്ങളിലും ഏറ്റവും മികച്ചതുതന്നെ ഏര്‍പ്പാടാക്കി. ഓര്‍ക്കസ്‌ട്രേഷന്റെ കാര്യത്തിലൊക്കെ ഏറ്റവും നല്ല ഗ്രൂപ്പിനെ തന്നെ കൊണ്ടുവന്നു. അക്കാലത്ത് യേശുദാസ് തന്റെ ഗാനമേളയ്ക്ക് വിളിച്ചിരുന്നതും ആന്റണിയുടെ അതേ ഓര്‍ക്കസ്ട്രാക്കാരെ തന്നെയായിരുന്നു.

നാടകത്തെക്കാള്‍ വലുതല്ല ലിവറ്
ആദ്യം കൗതുകം, പിന്നെയൊരിഷ്ടം, അതുകഴിഞ്ഞ് ആവേശം, ഒടുവിലത് ഭ്രാന്തായി മാറി എന്നതാണ് ആന്റണിയുടെ നാടകപരിണാമം. നാടകം വിട്ടൊരു ജീവിതമില്ലെന്ന ഘട്ടം. മൂന്നു ജോലി ഇതിനിടയില്‍ വന്നു. തുറമുഖത്ത് അക്കൌണ്ടിംഗ് സെക്ഷനില്‍ നിന്നുള്‍പ്പെടെ. അന്ന് ആന്റണിക്ക് നാടകംപോലെ ഇഷ്ടമുള്ള മറ്റൊന്നു കൂടിയുണ്ടായിരുന്നു. ലിവര്‍ കറി… പക്ഷേ ഈ ഇഷ്ടം പലപ്പോഴും മനസില്‍ തന്നെ ഇരിക്കത്തെയുള്ളായിരുന്നു. നാല് പൊറോട്ടയ്ക്കും ഒരു ലിവറ് കറിക്കും കൂടി അമ്പത് പൈസയാണ് വില! നാടകം കൊണ്ട് അങ്ങോട്ട് കാശ് പോകുന്നുവെന്നല്ലാതെ ഇങ്ങോട്ട് വരവൊന്നും ഇല്ലായിരുന്നു. അമ്പത് പൈസ കൊടുത്ത് ലിവറ് കറി കഴിക്കാന്‍ പോലും പാങ്ങില്ലെങ്കിലും ദിവസക്കൂലിയായി 18 രൂപ കിട്ടുന്ന ജോലി കൈയില്‍ വന്നിട്ടും ആന്റണി പോയില്ല. പട്ടിണിയോടു കൂട്ടുകൂടാന്‍ പഠിച്ചുകഴിഞ്ഞ ആന്റണിക്കു നാടകത്തെ ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു.

കര്‍ഷകസമരം
കൊല്ലം 1972. കേരളത്തില്‍ കര്‍ഷകസമരം നടക്കുന്നു. അന്നത്തെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തില്‍ നിന്നൊരു നാടകം എഴുതി; ‘അഗ്നി’. നാടകം വലിയ വിജയമായി. കേരളത്തിലങ്ങോളമിങ്ങോളം നാടകം അവതരിപ്പിക്കപ്പെട്ടു. പിന്നാലെയെഴുതിയ ‘കുരുതി’യും ജനങ്ങള്‍ക്കിടയില്‍ മറ്റൊരഗ്നി പടര്‍ത്തി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുണ്ടായിരുന്നു. ആന്റണി പിന്നീടും പാര്‍ട്ടിക്കുവേണ്ടി നാടകമെഴുതി. പാര്‍ട്ടിപ്രവര്‍ത്തനവും നാടകപ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുനടന്നു. നാടകം ആന്റണിക്ക് ജന്മഗുണമായി കിട്ടിയതുപോലെ തന്നെയായിരുന്നു കമ്യൂണിസവും.

ഉണ്ണിയാര്‍ച്ച പ്രസീന
ഫോര്‍ട്ട് കൊച്ചി അന്ന് കമ്യൂണിസത്തിനുകൂടി വേരുള്ള മണ്ണാണ്. എന്നാല്‍ കമ്യൂണിസ്റ്റുകാരെ ഭയത്തോടെയും അറപ്പോടെയും കണ്ടിരുന്നകാലം. ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റായാല്‍ പിന്നെ അവന്‍ തെമ്മാടിക്കുഴിയില്‍പോലും അടക്കാന്‍ യോഗ്യനല്ല. ആന്റണിയുടെ തറവാട്ടില്‍ എല്ലാവരും കമ്യൂണിസ്റ്റുകാരായിരുന്നു. ചേട്ടന്‍ പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. പക്ഷേ ആന്റണിയുടെ ആവേശം മറ്റൊരാളായിരുന്നു. വല്യമ്മ പ്രസീന. ഉണ്ണിയാര്‍ച്ച പ്രസീന എന്നായിരുന്നു വല്യമ്മയെ നാട്ടില്‍ വിളിച്ചിരുന്നത്. എന്തിനുംപോന്നൊരു പെമ്പ്രന്നോത്തി. ആരാടീ എന്നു ചോദിച്ചാല്‍ എന്താടാ എന്നു തലയുയര്‍ത്തി നിന്നു ചോദിക്കാനുള്ള ധൈര്യം വല്യമ്മയ്ക്കുണ്ടായിരുന്നു. ആ വല്യമ്മയുടെ കമ്യൂണിസമായിരുന്നു ആന്റണിയെ ആവേശിച്ചത്.

വല്യമ്മയെക്കുറിച്ചൊരു കഥയുണ്ട്. ഒരു ദിവസം പാര്‍ട്ടിസെല്‍ വീട്ടില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ രഹസ്യയോഗം കൂടാറുണ്ടെന്നു മണത്തറിഞ്ഞ പൊലീസ് ചാരന്മാര്‍ തറവാട് നോട്ടമിട്ടിട്ടു കുറച്ചുനാളായിരുന്നു. അന്നു സെല്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ പൊലീസുകാര്‍ പാത്തുപതുങ്ങിയെത്തി. അവരിലൊരാളെ വല്യമ്മ കണ്ടു. വിവരം മറ്റുള്ളവരെയൊന്നും അറിയിക്കാന്‍ സമയമില്ല. പെട്ടെന്ന് വല്യമ്മ ഒച്ചയും ബഹളവുമായി ചാടിയെഴുന്നേറ്റു. വീട്ടുകാരോട് കലഹിക്കാന്‍ തുടങ്ങി. കാര്യമറിയാതെ മറ്റുള്ളവര്‍ അമ്പരന്നു നില്‍ക്കുമ്പോള്‍ തന്റെ സ്ത്രീധനപ്പെട്ടിയുമെടുത്ത് (അന്നത്തെ കാലത്ത് കെട്ടിക്കൊണ്ടുവരുന്ന പെണ്ണുങ്ങളുടെ കൈയില്‍ ഇതുപോലൊരു പെട്ടികാണും, അതിലാണവരുടെ സമ്പാദ്യം) വീടുവിട്ടിറങ്ങി. പതുങ്ങി നിന്ന പൊലീസുകാരുടെ മുന്നിലൂടെയാണ് പെയ്തു പെറുക്കി വല്യമ്മ കടന്നുപോയത്. പോയി കുറച്ചു കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ തറവാട്ടില്‍ കയറി. ചോദ്യം ചെയ്യലും വിരട്ടലുമൊക്കെയായി. അവിടെയുണ്ടായിരുന്നവര്‍ ഓരോകള്ളത്തരം പറഞ്ഞു പിടിച്ചു നിന്നു. അവസാനം പാര്‍ട്ടി രേഖകളെന്തെങ്കിലും ഉണ്ടോയെന്ന അന്വേഷണമായി. അതോടെ എല്ലാവരെയും ചെറിയൊരു വിറയല്‍ ബാധിക്കാന്‍ തുടങ്ങി. പക്ഷേ അരിച്ചു പെറുക്കിയിട്ടും ഒരു കടലാസുതരിപോലും കിട്ടിയില്ല. നിരാശരായി പൊലീസുകാര്‍ പോയി കുറച്ചു കഴിഞ്ഞപ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ വല്യമ്മ കയറിവന്നു. സ്ത്രീധനപ്പെട്ടി കൊണ്ടുചെന്നു ഭദ്രമായി വച്ചശേഷം കൂട്ടത്തില്‍ വന്നിരുന്നു. എന്താ സംഭവം? പാര്‍ട്ടിയുടെ രഹസ്യരേഖകളെല്ലാം ആ പെട്ടിയിലാക്കിയാണ് വല്യമ്മ വീട്ടുവിട്ടിറങ്ങിപ്പോയത്! അതായിരുന്നു ഉണ്ണിയാര്‍ച്ച പ്രസീന. ബുദ്ധിയും തന്റേടവുമുള്ള പെണ്ണ്…

പെറ്റതു മറ്റൊരാളാണെങ്കിലും വളര്‍ത്തിയത് പ്രസീനയായതുകൊണ്ട് വല്യമ്മയല്ല അമ്മ തന്നെയായിരുന്നു ആന്റണിക്കവര്‍. അതുകൊണ്ട് തന്നെയാണ് ആ സ്വഭാവവും കിട്ടിയത്. സംഘാടകനായും നേതാവായും ലോക്കല്‍/ ഏരിയ കമ്മറ്റികളുടെ സെക്രട്ടറിയുമൊക്കയായി ആന്റണി പാര്‍ട്ടിയുടെ കറതീര്‍ന്നപ്രവര്‍ത്തകനായി. അടിയും പിടിയും കൊലയുമൊക്കെയുള്ള കാലത്താണ് ആന്റണി പ്രദേശത്ത് പാര്‍ട്ടിയെ നയിച്ചുകൊണ്ടുപോന്നിരുന്നത്.

ജീവിതത്തിന്റെ രണ്ടാംഘട്ടം
അനാഥത്വം

നാടകവും പാര്‍ട്ടിയുമൊക്കെ ഉപേക്ഷിച്ച് ചേട്ടന്‍ ജോസഫ് മദിരാശിക്കു പോയി. ചേട്ടനങ്ങനെ വെറുതെ പോവുകയല്ലായിരുന്നു. വീടും സ്ഥലവുമൊക്കെ പണയപ്പെടുത്തി ആരുമറിയാതെ കുറെ പണം കടംവാങ്ങിയിരുന്നു. അതിലൊന്നും യാതൊരു തീരുമാനവുമാക്കാതെയായിരുന്നു മദിരാശി യാത്ര. അറിഞ്ഞുവന്നപ്പോഴേക്കും കടംവങ്ങിയ തുക കേറിയിരട്ടിച്ചു. അതിലും വലിയൊരു ദുരന്തം കൂടി ആന്റണിയെത്തേടിയെത്തി. അമ്മ മരിച്ചു. ചേട്ടനുമില്ല, അമ്മയുമില്ല, ബന്ധുക്കളെന്നു പറയാനാളുണ്ടെങ്കിലും ആന്റണി ജീവിതത്തിലെ അനാഥത്വം തിരിച്ചറിഞ്ഞ നാളുകള്‍. അതൊന്നും കടം കൊടുത്തയാള്‍ക്ക് അറിയണ്ടല്ലോ. വീട്ടണമെങ്കില്‍ വീടും സ്ഥലവും വില്‍ക്കണം. മറ്റു മാര്‍ഗമില്ലായിരുന്നു. മിച്ചം കുറച്ചു പണം കിട്ടി. അതുകൊണ്ട് വേറൊരു കൂരകെട്ടാനൊന്നും നോക്കിയില്ല. ഉള്ളതെല്ലാം നാടകത്തിനുവേണ്ടി തന്നെ ചെലവാക്കി. താമസം, എന്നു പറഞ്ഞാല്‍ അന്തിക്കൊന്നു തലചായ്ക്കാന്‍ പാര്‍ട്ടിയോഫീസ് കിട്ടി.

അടിയന്തരാവസ്ഥ
ഇന്ദിര ഗാന്ധിയുടെ നീക്കങ്ങളില്‍ എന്തോ വലിയൊരപകടം വരുന്നുണ്ടെന്ന സൂചന നാട്ടിലൊക്കെ കിട്ടിത്തുടങ്ങിയിരുന്നു. അതിന്റെ വിളിച്ചോതലായിരുന്നു ‘ചങ്ങല’ എന്ന നാടകം. ഇന്ദിരയുടെ കൈകള്‍ ജനാധിപത്യത്തിനുമേല്‍ ചങ്ങലക്കെട്ടുകള്‍ ബന്ധിക്കുന്നതിനു മുന്നെ ആന്റണിയിലെ കലാകാരന്‍ ആ ഭവിഷ്യത്തുകള്‍ കണ്ടെഴുതിയ നാടകം. കാത്തിരുപ്പ് വെറുതെയായില്ല. തട്ടിന്‍പുറത്തെ പാര്‍ട്ടിയോഫീസില്‍ യോഗം കൂടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു താഴെ പൊലീസുകാര്‍ മൈക്കു കെട്ടി അടിയന്തരവാസ്ഥയുടെ വരവറിയിച്ചുകൊണ്ട് കടന്നുപോയത്.

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ അടിയന്തരാവസ്ഥയോട് എങ്ങനെയാണ് പ്രതികരിച്ചതെന്നതിനെക്കുറിച്ചുള്ള ചോദ്യം ചെയ്യല്‍ നടക്കട്ടെ. പക്ഷേ കെ എല്‍ ആന്റണി എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന് ഇന്ദിരയുടെ മുഷ്‌കിനെ ചോദ്യം ചെയ്യാനുള്ള കരുത്തുണ്ടായിരുന്നു. പക്ഷേ മറ്റൊരു സത്യം ആന്റണി ആ ചുരുങ്ങിയ സമയംകൊണ്ട് തിരിച്ചറിഞ്ഞു; ധീരരെന്നും താന്‍ കരുതിയ പല സഖാക്കളും അതല്ല…

പ്രവര്‍ത്തനമെല്ലാം പകലാണ്. രാത്രി കിടക്കാന്‍ പാര്‍ട്ടിയോഫീസില്‍ തന്നെ വരും. റേഷന്‍ കടയുടെ തട്ടിന്‍പുറത്താണ് ഓഫീസ്. ആന്റണി അകത്തു കയറി കഴിഞ്ഞാല്‍ താഴത്തെ റേഷന്‍കടക്കാരന്‍ പുറത്തുനിന്നും ഓഫീസ് പൂട്ടും. ചെറിയൊരു വിടവുള്ളതില്‍ക്കൂടി താക്കോല്‍ ആന്റണിക്കു തന്നെ കൊടുക്കും. രാവിലെ ഇയാള്‍ വന്നു മുട്ടുമ്പോള്‍ അതേ വിടവില്‍ക്കൂടി ആന്റണി താക്കോല്‍ തിരിച്ചു കൊടുക്കും. ആന്റണിയെ തിരക്കിനടന്ന പൊലീസ് ഒരുദിവസം പാര്‍ട്ടിയോഫീസില്‍ വന്നുമുട്ടി. അകത്താളുണ്ടെന്നു മനസിലാക്കിയ പൊലീസ് ഏതുവിധേനയും വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയ റേഷന്‍ കടക്കാരന്‍ തഞ്ചത്തില്‍ പൊലീസിനെ അവിടെ നിന്നും പറഞ്ഞയച്ചു. പൊലീസ് പോയയുടനെ വാതില്‍ തുറന്ന് ആന്റണി രക്ഷപ്പെട്ടു.

മദിരാശിയിലേക്ക്
ഇനിയുമിവിടെ നിന്നാല്‍ പന്തിയല്ലെന്നു തോന്നിയതുകൊണ്ട് മദിരാശിക്കു കടക്കാന്‍ തീരുമാനിച്ചു. അവിടെ ചേട്ടനുണ്ടല്ലോ. അവിടെവച്ചു സിലോണ്‍ റേഡിയോയിലുണ്ടായിരുന്ന ജെ എം രാജുവിനെ പരിചയപ്പെട്ടു. അങ്ങനെയാണ് സിനിമയില്‍ ചെറിയ ശ്രമം നടത്തി നോക്കാന്‍ തയ്യാറാകുന്നത്. എഴുതാനായിരുന്നു താത്പര്യം. ഒന്നു രണ്ടു നിര്‍മാതാക്കളെയും സംവിധായകരെയും കാണാന്‍ പോയി. ഒന്നിരിക്കാന്‍ പറയാനുള്ള മര്യാദപോലും കാണിക്കാത്ത സിനിമാക്കാരുടെ അഹങ്കാരം ആന്റണിക്കു സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. പിന്നെയാവഴിക്കു പോയില്ല. എന്നാല്‍ നാടകമെഴുതാന്‍ രാജു പറഞ്ഞു. പക്ഷേ അവിടെ അതിലും വലിയ പ്രശ്‌നം. കമ്യൂണിസ്റ്റ് വിരുദ്ധ നാടകങ്ങള്‍ എഴുതണമത്രേ… രണ്ടാമതൊന്നാലോചിക്കാതെ സലാം പറഞ്ഞു. തിരിച്ചു കേരളത്തിലേക്ക്.

പി ജെ ആന്റണിയും കാളരാത്രിയും
രാജന്റെ തിരോധാനം കൊടുമ്പിരികൊണ്ടിരിക്കുന്നു. പിജെ ആന്റണിയുടെ വക ‘കാളരാത്രി’ തട്ടുകളില്‍ പ്രകമ്പനങ്ങളായി മുഴങ്ങുന്ന സമയത്ത് തന്നെ ‘ഇരുട്ടറ’ എന്നപേരില്‍ ആന്റണിയും ഒരെണ്ണം എഴുതി. രണ്ടിന്റെയും പ്രമേയം ഒന്നു തന്നെ. ഇരുട്ടറ ശരിക്കും കത്തിക്കയറി. കാളരാത്രി ബുക്ക് ചെയ്യാന്‍ വരുന്നവരോട് തന്റെ നാടകത്തെക്കാള്‍ നല്ലത് ആന്റണി എന്ന പയ്യനെഴുതിയ ‘ഇരുട്ടറ’യാണെന്നു സാക്ഷാല്‍ പി ജെ ആന്റണി തന്നെ പറഞ്ഞു. പി ജെയ്ക്ക് അതിനു മുന്നേ ആന്റണിയെ അറിയാം. പിജെയുടെ ട്രൂപ്പില്‍പ്പെട്ടയാളെയാണ്  ലൈറ്റിംഗിനായി ആന്റണിയും വിളിച്ചുകൊണ്ടിരുന്നത്. മറ്റേ ആന്റണി അറിയാതെയായിരുന്നു ഈയിടപാട്. അറിഞ്ഞാല്‍ നല്ലൊന്നാന്തരം തെറി കേള്‍ക്കണം. ഒരു ദിവസം ആന്റണി ലൈറ്റ് സെറ്റുകാരനെ കണ്ടു തിരിച്ചുപോകുമ്പോള്‍ പിജെ വന്നു. ആന്റണി പിടികൊടുക്കാതെ കടന്നെങ്കിലും തന്റെ ജോലിക്കാരനെ പിജെ ചോദ്യം ചെയ്തു. അയാള്‍ പല നുണയും പറയാന്‍ നോക്കി. അപ്പോള്‍ ആ ഗൗരവം കലര്‍ന്ന ശബ്ദത്തോടെ പി ജെ പറഞ്ഞു, എനിക്കറിയാമെടാ അവനെ. ആന്റണിയെന്നല്ലെ പേര്, അവന്‍ നല്ലോണം നാടകമെഴുതാറുണ്ടെന്നും കേട്ടിട്ടുണ്ട്. സ്‌നേഹമുള്ളവരെയും ദേഷ്യമുള്ളവരെയും തെറിയോടെ അഭിസംബോധന ചെയ്തിരുന്ന പി ജെ ആന്റണി കെ എല്‍ ആന്റണിയെ കണ്ടപ്പോഴൊന്നും അത്തരമൊരുപദവും ഉപയോഗിച്ചില്ല. ആ മനസില്‍ ആന്റണിക്ക് ഒരു സ്ഥാനം കൊടുത്തിരുന്നു.

സാഹസികത
അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിര ഗാന്ധി കേരളം സന്ദര്‍ശിക്കാനെത്തുന്ന സമയം. ഇന്ദിരയെ കരിങ്കൊടി കാണിക്കാന്‍ ആന്റണിയും കൂട്ടരും തീരുമാനിച്ചു. ഷിപ്പ് യാര്‍ഡിന്റെ മുന്നില്‍വച്ച് ഇന്ദിരയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. പക്ഷേ പൊലീസിന്റെ കൈയില്‍ നിന്നും നല്ല തല്ലുകിട്ടി. കൂട്ടത്തിലുണ്ടായിരുന്ന കാലുവയ്യാത്തൊരു സഖാവിനെ പോലീസ് പൊതിരെ തല്ലി. എല്ലാരും ചിതറിയോടിയിട്ടും ആന്റണി തന്റെ സഹപ്രവര്‍ത്തകനെ പൊലീസിന്റെ ലാത്തിയില്‍ നിന്നും രക്ഷപ്പെടുത്തി. കുറെ ദൂരം അയാളെ താങ്ങിയെടുത്ത് ഓടി. പിന്നെ കിട്ടിയ ബസില്‍ കയറി. ഒടുവില്‍ തേവരയിലെത്തിയാണ് ആവശ്യമായ ചികിത്സ തരപ്പെടുത്തി കൊടുക്കാനായത്.

മറ്റൊരിക്കല്‍ ഇതുപോലെ കാണിച്ച ആവേശം മരണത്തിന് അടുത്തുവരെ ആന്റണിയെ കൊണ്ടു ചെന്നു. സര്‍ക്കാരിനെതിരെയുള്ള സമരമാണ്. കളക്‌ട്രേറ്റ് വളയല്‍. പരസ്പരം കൈകള്‍കോര്‍ത്തു നിലത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. പൊലീസ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. ഒടുവില്‍ എസ് ഐ ആന്റണിയുടെ പള്ളയ്ക്ക് കൈകുത്തിയിറക്കി. വേദനകൊണ്ടു പുളഞ്ഞുപോയി ആന്റണി. ആ തക്കം പൊലീസ് വിനിയോഗിച്ചു. ആന്റണിയെ കൈയ്ക്കും കാലിനും പിടിച്ചു വാനിലേക്ക് എറിഞ്ഞു. വാതില്‍ തട്ടി താഴെ വീണു. അങ്ങനെ മൂന്നുവട്ടം ആന്റണിയെ അവര്‍ തൂക്കിയെറിഞ്ഞു. നാലാംവട്ടമാണ് വാനിനകത്ത് ചെന്നുവീണത്. അതിനകത്തു തന്നെ പിടിച്ചുയര്‍ത്തിയ പൊലീസുകാരനിട്ട് എല്ലാ ദേഷ്യവും തീര്‍ത്ത് ഒരെണ്ണം പൊട്ടിച്ചു. അതോടെ പൊലീസുകാരിളകി. പൊരിഞ്ഞയടിയായി. ആ സമയത്ത് എം എം ലോറന്‍സ് അവിടെയെത്തി. അതോടെ പൊലീസുകാര്‍ക്കും തിരിച്ചടികിട്ടി. അവിടെ നിന്നും ഒരുവിധത്തില്‍ ആന്റണിയെ അവര്‍ രക്ഷപെടുത്തി. പാര്‍ട്ടിയോഫീസിലാണ് എത്തിയത്. മുതുകത്ത് മുഴുവന്‍ അടിയുടെ പാടുകളാണ്. പക്ഷേ ആശുപത്രിയിലൊന്നും പോയില്ല. ഒടുവില്‍ ശരീരത്തിലേക്ക് നീരിറങ്ങി. പിന്നെ എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ. നല്ല ചുമ. ന്യുമോണിയ ആണോയെന്നു സംശയം. കിടന്ന കിടപ്പാണ്. എന്തു ചെയ്യുമെന്നറിയാതെ പാര്‍ട്ടിക്കാര്‍. പെട്ടെന്നാണ് കുറച്ചുമാറി താമസിക്കുന്ന ഒരു ഡോക്ടറെക്കുറിച്ച് ഓര്‍മവന്നത്. ഉടനെ അങ്ങോട്ടോടി. വിവരമെല്ലാം പറഞ്ഞു. ഡോക്ടര്‍ എങ്ങനെ പെരുമാറുമെന്നൊന്നും അറിയാതെയാണ്. ഒന്നിരിട്ടി കഴിയുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നോളാമെന്നു ഡോക്ടര്‍. അതു കേട്ടപ്പോള്‍ ആശ്വാസമായി. പറഞ്ഞപോലെ ഡോക്ടര്‍ വന്നു. ന്യൂമോണിയ തന്നെ. നില ഗുരുതരമാണ്. പക്ഷേ ഡോക്ടര്‍ ആന്റണിയെ രക്ഷിച്ചെടുത്തു. നന്ദി പറയുമ്പോഴും ആന്റണിക്കൊരു സംശയമുണ്ടായിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനെ എന്തുകൊണ്ട് രക്ഷിച്ചു. ആ ഡോക്ടര്‍ ഒട്ടും ഗൗരവും ചോരാതെ പറഞ്ഞു, ഇം എം എസും, എ കെ ജി യുമൊക്കെ എന്റെ വീട്ടിലും ഒളിച്ചുതാമസിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ മൂന്നാംഘട്ടം
ചില തിരിച്ചറിവുകള്‍

അനുഭവങ്ങള്‍ പലതും നമ്മളെ പഠിപ്പിക്കും. ആന്റണിയും ചിലതൊക്കെ തിരിച്ചറിയുന്നു. മനുഷ്യന്റെ പ്രശ്‌നം തീരാന്‍ കമ്യൂണിസം കൊണ്ടു മാത്രം കഴിയില്ല. അവന്റെ പ്രശ്‌നം അവനായിട്ടു തന്നെ ഉണ്ടാക്കുന്നതാണ്. സ്വയം നന്നാകാന്‍ മനുഷ്യന്‍ ശീലിക്കുന്നിടത്ത് പാര്‍ട്ടികളും നേതാക്കന്മാരുമൊക്കെ ആവശ്യമില്ലാതെ വരും. ജനങ്ങളുടെ ആന്തരിക വികാരങ്ങളെ സ്വാധീനിക്കാന്‍ പക്ഷേ നമുക്ക് കഴിയണം. നമ്മുടെ നാടകങ്ങള്‍ക്ക് അതിനു കഴിയുന്നുണ്ടോ? ആന്റണി ചിന്തിച്ചു. ഇല്ല. ഉപരിപ്ലവങ്ങളാണ് നമ്മുടെ നാടകങ്ങള്‍. പാശ്ചാത്യനാടകങ്ങളുടെ മാറ്റിയെഴുതലാണ് ഇവിടെ നടക്കുന്നത്. അവയ്ക്ക് നമ്മുടെ നാട്ടിലെ ജനങ്ങളെ സ്വാധീനിക്കാന്‍ പറ്റുമോ? നമ്മുടെ നാടകങ്ങള്‍ക്കും നാടകപ്രവര്‍ത്തകര്‍ക്കും ഉള്‍ക്കാഴ്ച്ചയില്ലായിരുന്നു. നാടകം ഉപരിപ്ലവമായ ഒന്നല്ല. അതു വൈകാരികമായ ഇടപെടലാണ്. വൈകാരികമായ ചിന്തകള്‍ നമ്മളില്‍ ഉണര്‍ത്തുന്ന ആന്തരികാനുഭൂതിയാകണം നാടകങ്ങള്‍. മനുഷ്യന്റെ മാനസികാവസ്ഥയുടെ പ്രതിഫലനങ്ങളാകണം രംഗത്ത് അവതരിപ്പിക്കേണ്ടത്; ആന്റണിയുടെ ചിന്തകള്‍ ഇങ്ങനെപോയി. ‘മരണത്തിന്റെ തിയറി’ എന്ന നാടകം അതുവരെയുള്ള പാതയില്‍ നിന്നും ആന്റണി മാറിയെഴുതിയ ഒന്നായിരുന്നു. ഇന്നും ആ നാടകം വായിക്കുമ്പോള്‍ ആന്റണിയുടെ ചിന്തകള്‍ എത്രമേല്‍ ശരിയാണെന്നു മനസിലാകും.

ഒരു പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്
ആന്റണിയുടെ നീണ്ടനാളത്തെ അനാഥത്വം തീരുന്നതാണ് ഇനി പറയുന്നത്. അക്കാലത്ത് ഏറെ പ്രശസ്തയായ നാടകനടി ശാന്തകുമാരി ആന്റണിയുടെ നാടകത്തിലും കളിക്കുന്നുണ്ട്. അഞ്ചു നാടകങ്ങളിലേക്ക് നേരത്തെ തന്നെ കരാറാക്കിയിട്ടുമുണ്ട്. ആ സമയത്താണ് ശാന്തകുമാരി തന്നെ അഭിനിയച്ച ‘ചുവന്ന വിത്തുകള്‍’ പി എ ബക്കര്‍ സിനിമയാക്കുന്നത്. സിനിമയിലേക്ക് ശാന്തകുമാരിക്കും ക്ഷണം വന്നു. പക്ഷേ പോണമെങ്കില്‍ ആന്റണിയുടെ അനുമതി വേണം. ആന്റണി തടഞ്ഞില്ല. നാടകം കഷ്ടപ്പാടിന്റെ മാത്രം ലോകമാണ്. അവിടെ നിന്നും സിനിമയെന്ന രക്ഷയിലേക്ക്  ഒരാള്‍ക്കെങ്കിലും പോകാന്‍ വഴി തെളിഞ്ഞെങ്കില്‍ താനെന്തിനത് മുടക്കണമെന്നായിരുന്നു ആന്റണിയുടെ ചോദ്യം. ശാന്തകുമാരി പോയി. ഇനി മറ്റൊരു നടിയെ വേണമല്ലോ? അതിനുള്ള അന്വേഷണം ചേര്‍ത്തലയില്‍ വരെ വന്നു. ചേര്‍ത്തല പൂച്ചാക്കലില്‍ ലീന എന്നൊരു പെണ്‍കുട്ടിയുണ്ട്. കാളിദാസ കലാകേന്ദ്രയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. നല്ല അഭിനയമാണ്. വന്നു, കണ്ടു, ഇഷ്ടപ്പെട്ടു, അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പോരാത്തതിന് ലീനയും ഒരു കമ്യൂണിസ്റ്റ്.

പകരക്കാരിയായി വന്ന ലീന പക്ഷേ ആന്റണിയുടെ പാതിയായി തീര്‍ന്നു. പ്രണയമാണോയെന്നു ചോദിച്ചാല്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. രണ്ടുപേര്‍ക്കും ഇഷ്ടമായി. കല്യാണം കഴിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ റിസ്‌ക് എടുക്കേണ്ടിയിരുന്നത് ലീനയ്ക്കായിരുന്നു. ഒറ്റത്തടിയായൊരുത്തന്‍, കേറിക്കിടക്കാന്‍ ഒരു വീടുപോലുമില്ല. പക്ഷേ ലീനയ്ക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഇയാള്‍ തന്നെ ചതിക്കില്ല. കുറഞ്ഞസമയം കൊണ്ടുതന്നെ ലീനയ്ക്കതു മനസിലായി.

അങ്ങനെ കല്യാണം കഴിഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടില്‍ കുറച്ചുദിവസം കഴിഞ്ഞു. പിന്നെ പാര്‍ട്ടിയോഫീസ് ശരണമാക്കി. പഴയപോലെയല്ല. കൂടെയൊരു പെണ്ണുണ്ട്. അങ്ങനെയാണ് കുറച്ചു പുറമ്പോക്ക് ഭൂമി ചെറിയ വിലയക്കു വാങ്ങുന്നത്. കണ്‍മണി ബാബുവിന്റെതാണ് സ്ഥലം. പണമായിട്ട് കൈയിലൊന്നുമില്ല. ഒരു സുഹൃത്ത് സഹായിച്ചു. അവന്റെ ഭാര്യയുടെ കുറച്ചു പണ്ടം പണയംവച്ചു. അവിടെയൊരു കൂരവച്ച് താമസം തുടങ്ങി.

കുട്ടിക്കാലത്ത് നാട്ടിലെ ആരാധകരുടെ നിര്‍ബന്ധത്തിനു വഴങ്ങി കുടി തുടങ്ങി. പിന്നീട് ഭക്ഷണം കഴിക്കാനുള്ള കൊതികൊണ്ട് ആരു വിളിച്ചാലും ഷാപ്പില്‍ പോയി. ഒടുവില്‍ ഭക്ഷണം വേണ്ട, കള്ളും ചാരായവും മാത്രം മതിയെന്ന നിലയിലേക്ക് എത്തിയൊരു ഹ്രസ്വമായ ഭൂതകാലം ആന്റണിക്കുണ്ടായിരുന്നു. പക്ഷേ ജീവിക്കാന്‍ പണം ഇല്ലായിരുന്നു. ഒരു കുട്ടികൂടിയായതോടെ എന്തു ചെയ്യണമെന്നറിയാത്ത അനിശ്ചിതാവസ്ഥ ജീവിതത്തെ പൊതിഞ്ഞു.



ചെറുകാടും പുസ്തകവില്‍പ്പനയും
സാഹിത്യകാരന്‍ ചെറുകാട് കൊച്ചിയില്‍ വരുമ്പോഴോക്കെ ആന്റണിയായിരുന്നു തുണ. ആ ബന്ധമുണ്ട്. ഇത്തവണ ചെറുകാട് വന്നപ്പോള്‍ ആന്റണി കാണാന്‍ പോയി. സംസാരത്തിനിടയില്‍ ജീവിതാവസ്ഥ മുഴുവന്‍ പറഞ്ഞു. ചെറുകാടാണ് അപ്പോള്‍ ചോദിച്ചത്, നിന്റെ നാടകങ്ങളൊക്കെ എത്ര നല്ലതാ. നിനക്കതിലെതെങ്കിലും പുസ്തകരൂപത്തിലാക്കി വില്‍ക്കാന്‍ മേലേ? കാര്യമുള്ള കാര്യമാണ്. എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ആദ്യമായി ഒരു നാടകം പ്രസിദ്ധീകരിച്ചു. പിന്നെ നാടുമുഴുവന്‍ അതു കൊണ്ടുനടന്നു. ചിലര്‍ വാങ്ങി, ചിലര്‍ അകറ്റി. ഒരിടത്തു ചെന്നപ്പോള്‍ പട്ടി ചാടി മേല്‍ വീണു. മണ്ണില്‍ കിടന്നുരുണ്ടു, ഉടുമുണ്ട് കടിച്ചുകീറി. അവിടെ നിന്നെഴുന്നേറ്റ് എങ്ങനെ തിരിച്ചുപോകുമെന്നറിയാതെ വിഷമിച്ചു. നടന്നു നടന്നു കാലിന്റെ ഉപ്പൂറ്റികള്‍ വിണ്ടുകീറി പഴുത്തു… മീന്‍നെയ്യ് പുരട്ടി ഒന്നു കിടക്കും. പക്ഷേ കാലു വയ്യാ എന്നു പറഞ്ഞു പുസ്തകം വില്‍ക്കാന്‍ ഇറങ്ങാതിരുന്നില്ല. ഭാര്യയും കുഞ്ഞുമുണ്ട്. അവരെ പട്ടിണിക്കിടാന്‍ വയ്യാ… അലഞ്ഞു… ഒരുപാട് അലഞ്ഞു… കണ്ണും കരളും ഒരുപോലെ കരഞ്ഞു…

ഫോര്‍ട്ട് കൊച്ചിയോട് വിട പറയുന്നു
സ്ഥലം വാങ്ങാന്‍ പണം കടം വാങ്ങിയ കൂട്ടുകാരന് അതു തിരിച്ചുകൊടുക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോള്‍ സ്ഥലം വില്‍ക്കേണ്ടിവന്നു. പിന്നെ ലീനയുടെ നാടായ ചേര്‍ത്തലയിലേക്ക് പോന്നു. പൂച്ചാക്കലില്‍ നിന്നും മൂന്നുനാലു കിലോമീറ്റര്‍ ഉള്ളിലേക്കു മാറി ഒളവയ്പ്പ് എന്ന സ്ഥലത്ത് ചെറിയൊരു വീടുവച്ചു. ഒരു സുഹൃത്താണ് സഹായിച്ചത്. അവിടെയിരുന്ന് നാടകമെഴുതി. കളിച്ചു. ആ വീട്ടില്‍ വച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ ലീന ഗര്‍ഭം ധരിക്കുന്നത്. എറണാകുളത്തെ ഒരു ആശുപത്രിയിലാണ് ലീനയെ കാണിക്കുന്നത്. ഇതിനിടയില്‍ തുറമുഖത്ത് തൊഴിലാളി യൂണിയന്‍ പിളര്‍ന്നു. ഒരു സംഘം പുതിയ സംഘടന ഉണ്ടാക്കി. അന്ന് അവിടുത്തെ ചുമതല ആന്റണിക്കാണ്. രണ്ടു സംഘടനകളും തമ്മില്‍ എന്നും വഴക്കാണ്. ഒരു ദിവസം സി ഐ ടിയുവിന്റെ കൊടി കാണാനില്ല. എതിരാളികള്‍ മോഷ്ടിച്ചതാണെന്ന് ആരോപണം. വാക്കുതര്‍ക്കം അടിപിടിയിലേക്കെത്തി. ഒടുവിലത് കൊലപാതകത്തിലേക്കും. എതിര്‍ സംഘടനയിലൊരാളാണ് മരിച്ചത്. ഇതൊക്കെ നടക്കുമ്പോള്‍ ആന്റണി സ്ഥലത്തില്ല. പക്ഷേ പ്രശ്‌നം ഗുരുതരമായിരുന്നു. ലീനയെ കാണിക്കാന്‍ എറണാകുളത്തെത്തുമ്പോള്‍ സംഭവത്തിന്റെ ഗുരുതരാവസ്ഥ ആന്റണിക്ക് അറിയില്ലായിരുന്നു. ആശുപത്രിയില്‍വച്ച്  ചില എതിര്‍ സംഘടനക്കാരെ കണ്ടപ്പോഴും ആന്റണിക്ക് അപകടം മനസിലായില്ല. പക്ഷേ പെട്ടെന്ന് ആശുപത്രി ജീവനക്കാരനായ സുഹൃത്ത് ആന്റണിയെയും ലീനയെയും പിടിച്ചുവലിച്ചു ഒരു മുറിയിലേക്കു കൊണ്ടുപോയി. അയാളാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. ആശുപത്രിയില്‍വച്ച് ആന്റണിയെ കണ്ട എതിരാളികള്‍ കൂടുതല്‍ ആളുകളെ വിളിച്ചിരിക്കുകയാണ്. പകരത്തിനു പകരം ആന്റണിയെ അക്രമിക്കുകയാണ് ലക്ഷ്യം. ഇതു മനസിലാക്കിയ സുഹൃത്താണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. പെട്ടെന്നു തന്നെ മറ്റൊരു വഴിയിലൂടെ ആന്റണിയും ലീനയും പുറത്തെത്തി. അവിടെ നിന്നും ഒരുവിധം രക്ഷപെട്ടു വീട്ടിലെത്തി.

ഒളവയ്പ്പ് വെള്ളത്താല്‍ ചുറ്റികിടക്കുന്നൊരു സ്ഥലമാണ്. ഇന്ന് റോഡുകളൊക്കെയുണ്ടെങ്കിലും ആന്റണിയെത്തുമ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വീടിനു പിറകില്‍ തന്നെ ഒരു കായലുണ്ട്. ആ കായലിലൂടെ ആന്റണിയുടെ നാടകവള്ളം പലകുറി കടന്നുപോയി. അപ്പോഴെല്ലാം അതിനകത്ത് സ്വന്തം കുടുംബവുമുണ്ടായിരുന്നു. ആന്റണിയുടെ രണ്ടാമത്തെ മകന് കൂടെപ്പോണമെന്നത് നിര്‍ബന്ധമായിരുന്നു. അയാള്‍ ചില്ലറ പൊല്ലാപ്പല്ലായിരുന്നു ആന്റണിക്കും ലീനയ്ക്കും ഉണ്ടാക്കിയിരുന്നത്. ഒരു ദിവസം എവിടെ നിന്നോ ഒപ്പിച്ചുവച്ച തബലയില്‍ തല്ലി തകര്‍ത്തു. നാടകത്തിനു പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴായിരുന്നു ആ വേല. അങ്ങനെ പലതും. പക്ഷേ ആ മകനെ കുറിച്ച് ഇന്നും വല്ലാത്തൊരു ആത്മസന്തോഷത്തോടെയാണ് ആന്റണിയും ലീനയും പറയുന്നത്. വളര്‍ന്നപ്പോള്‍ പലതവണ തന്റെ ചാച്ചനെക്കുറിച്ച് ആ മകന്‍ എഴുതി. തങ്ങളെ വളര്‍ത്താന്‍ വേണ്ടി നടന്നു വീണ്ടുകീറിയ ചാച്ചന്റെ കാലുകളെ കുറിച്ച്, ഒളവയ്പ്പു കായലിലൂടെ പതുക്കെ നീങ്ങിയ നാടകകുടുംബത്തെക്കുറിച്ചൊക്കെ അയാള്‍ എഴുതിയതെല്ലാം വലിയൊരു നിധിപോലെ ചാച്ചന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഒടുവില്‍ ആ മകന്റെ കൂട്ടുകാര്‍ തന്നെ ചാച്ചനെയും അമ്മച്ചിയേയും സിനിമാതാരങ്ങളാക്കി. ഞങ്ങളിപ്പോള്‍ സിനിമാക്കാരായെങ്കിലും ലാസര്‍ ഷൈന്റെ ചാച്ചനും അമ്മച്ചിയുമെന്നു പറഞ്ഞാ പലരും പരിചയപ്പെടുത്തുന്നേ. അതു തന്നെയാ ഞങ്ങളുടെ സന്തോഷമെന്നും അവര്‍ പറയുന്നു…

തിരുമ്പി വന്ന ലീന
കുറച്ചു നാടകവിശേഷങ്ങള്‍ കൂടി പറയാനുണ്ട്. സോഷ്യല്‍ നാടകങ്ങളെഴുതി കൈകള്‍ക്ക് ഒന്നാന്തരം ഹാസ്യവും വഴങ്ങുമെന്ന് ആന്റണി തെളിയിച്ചിരുന്നു. അതിലെടുത്തു പറയേണ്ടൊരു നാടകമാണ് ‘ഞാന്‍ തിരുമ്പി വരും’. ഒരു നാടകം അവതരിപ്പിക്കാന്‍ വേണ്ടി നാടകകൃത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ നര്‍മ്മാവിഷ്‌കാരമാണ്. പക്ഷേ കഥ ജീവിതത്തില്‍ സംഭവിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. സിനിമയില്‍ ചാന്‍സ് കിട്ടിയ നായിക ആരോടും പറയാതെ ഒരു കത്തുമാത്രം എഴുതിവച്ച് മദ്രാസിനു പോകുന്നതാണ് നാടകത്തിന്റെ ക്ലൈമാക്‌സ്. പക്ഷേ ആ ക്ലൈമാക്‌സ് ശരിക്കും നടന്നു. ആന്റണിയുടെ നാടകത്തിലെ നായികയും അപ്രതീക്ഷിതമായി മുങ്ങി. ഇനിയെന്തു ചെയ്യുമെന്ന് നാലുപാടും കണ്ണോടിക്കുമ്പോഴാണ് ആന്റണിയുടെ രണ്ടു കണ്ണുകളും ലീനയുടെ മേല്‍ പതിക്കുന്നത്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി നാടകവും വിട്ട് വര്‍ഷങ്ങളായി കുടുംബിനിയായി കഴിയുകയാണ്. ആന്റണി ഒടുവില്‍ ലീനയെ തന്നെ ശരണം പ്രാപിച്ചു. അങ്ങനെ വലിയൊരു ഇടവേളയ്ക്കുശേഷം ലീന അഭിനയ രംഗത്തേക്കു തിരിച്ചുവന്നു. നാടകം വലിയ വിജയവുമായി.

പിന്നെ കുറേനാള്‍ ഇടവേള… ആ ഇടവേള തീരുന്നത് അന്താരാഷ്ട്ര നാടകദിനത്തില്‍ ഫോര്‍ട്ട്‌കൊച്ചിയിലെ നാടകവേദിയില്‍ അവതരിപ്പിക്കാന്‍ ആന്റണി ഒരു നാടകമെഴുതുന്നതോടെയാണ്. ‘അമ്മയും തൊമ്മനും’. ഹാസ്യമാണ്. രണ്ടു കഥാപാത്രങ്ങളാണുള്ളത്. ഫോര്‍ട്ടുകൊച്ചിക്കാരന്‍ സുഹൃത്തിനെ അഭിനയിപ്പിക്കാനായിരുന്നു തീരുമാനം. അയാള്‍ സമ്മതവും മൂളി. റിഹേഴ്‌സലൊക്കെ തുടങ്ങികഴിഞ്ഞപ്പോള്‍ സുഹൃത്തിനൊരു സംശയം. ഇതു തന്റെ കൈയിലൊതുങ്ങുമോ? കഴിയില്ലെന്നു ബോധ്യമായതോടെ സുഹൃത്ത് രംഗം വിട്ടു. വീണ്ടും ആന്റണിയും ലീനയും തട്ടില്‍ കയറി. അമ്മയും തൊമ്മനും സൂപ്പര്‍ ഹിറ്റായി. നാടകദിനത്തില്‍ വന്നവരെല്ലാം സ്റ്റേജില്‍ കയറിവന്നാണ് രണ്ടുപേരെയും അഭിനന്ദിച്ചത്. പ്രായം കുറച്ചൊക്കെയായെങ്കിലും ആന്റണിയിലെ നാടകക്കാരന്‍ ഒട്ടും തളര്‍ന്നിട്ടില്ലെന്നും ലീനയിലെ അഭിനേത്രിയുടെ മിടുക്ക് തരിമ്പും തുരുമ്പെടുത്തില്ലെന്നും അമ്മയും തൊമ്മനും ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.

കഥയിങ്ങനെ ഒത്തിരി പറയാനുണ്ട് ആന്റണിയെക്കുറിച്ച്. ഒരു നാടകകലാകാരന്റെ എല്ലാ ദു:ഖങ്ങളും കഷ്ടപ്പാടുകളും സഹിച്ചും തന്റെ കുടുംബത്തെ സ്‌നേഹിച്ചു, രണ്ടു പെണ്‍മക്കളെയും നല്ലനിലയില്‍ വിവാഹം ചെയ്തയച്ചു. ഇല്ലായ്മകള്‍ ഉണ്ടെങ്കിലും ഉള്ളതിലൊക്കെ സംതൃപ്തിയടഞ്ഞു. ജീവിതമങ്ങനെ ശാന്തമായൊരു കായല്‍തിര പോലെ പോവുകയായിരുന്നു… അങ്ങനെയിരക്കുമ്പോഴാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമൊക്കെ ചേര്‍ന്ന് ചാച്ചനെയും അമ്മച്ചിയേയും ഇടുക്കിയിലെ മലമുകളിലേക്ക് കൈപിടിച്ചു കൊണ്ടുപോയത്… അവരുപോലും അറിയാതെ അവര് സിനിമാക്കാരായി… അവരെല്ലാവരുടെയും ചാച്ചനും അമ്മച്ചിയുമായി…

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍