UPDATES

k c arun

കാഴ്ചപ്പാട്

k c arun

സിനിമ

ഉന്മാദവും ഉന്മാദകലയും

k c arun

ലോകസിനിമയിൽ അഭിനയത്തിനെ മുൻ നിർത്തി ഒരു ചർച്ചയുണ്ടായാൽ അതിന്റെ കേന്ദ്രം ജർമ്മൻ അഭിനേതാവായ ക്ലോസ് കിൻസ്കിയായിരിക്കും.

സംവിധായകൻ പറയുന്നത് മാത്രമാണ് അഭിനയം എന്നത് നിരാകരിച്ച് ഉൾക്കാമ്പിൽ നിന്നും പുറത്തെടുക്കുന്ന കാഴ്ചകൾ Aguirre, the Wrath of God എന്ന സിനിമയിലെ ഓരോ രംഗത്തിലും കാണാം. ജർമ്മനിയിലെ ന്യൂ വേവ് സിനിമകളുടെ തുടക്കമായ വെർണർ ഹെർസോഗ് സംവിധാനം ചെയ്ത ഈ സിനിമ 11 ആം നൂറ്റാണ്ടിൽ കാടുകൾക്കുള്ളിലെ സ്വർണ്ണനിധി തേടിപ്പോകുന്ന സംഘത്തിന്റെ കഥയാണ്. സംഘത്തലവനെ കൊന്ന് സ്വയം ആ ചുമതലയേറ്റ് വെറിയേറിയ അധികാരത്തിനെ തന്റെ ശരീരം മുഴുവനും പൂശിക്കൊണ്ട് അസൂർ എന്ന കഥാപാത്രത്തിൽ അദ്ദേഹം പ്രദർശിപ്പിക്കുന്ന ശരീരഭാഷ അഭിനയകലയുടെ ഉച്ചസ്ഥായിയാണെന്ന് തന്നെ പറയാം.

അദ്ദേഹത്തിന്റെയൊപ്പം നിധി തേടി വന്നവരെല്ലാം മരിച്ച്, മുന്നോട്ട് പോകാനാകാതെ,  ഒറ്റയ്ക്ക്  ആകാശം നോക്കി അലറുന്ന അവസാന രംഗത്തിന്റെ ആക്രോശവും, കൈയ്യടക്കവും ഉന്മാദവും മാറിമാറി പ്രദർശിപ്പിക്കുന്ന  അഭിനേതാവിനെ നമ്മുടെ കണ്മുന്നിൽ നിർത്തുന്നു.

കിൻസ്കിയ്ക്ക്  കൊടുക്കപ്പെട്ടതെല്ലാം ഇരുണ്ട കഥാപാത്രങ്ങളെയാണ്. ക്രൂരതയും വിദ്വേഷവും നിറഞ്ഞ ഇരുണ്ട മനുഷ്യരുടെ ഉള്ളിലേയ്ക്ക് നോക്കിക്കൊണ്ടുള്ള യാത്രയായിട്ടാണ് അവ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മാനസികവൈകല്യമുള്ള, ബുദ്ധിമാന്ദ്യമുള്ള, മനുഷ്യ ബന്ധങ്ങൾക്ക് വിലയൊന്നുമില്ലാത്ത ഭ്രാന്തിൽ അലഞ്ഞു കൊണ്ടിരിക്കുന്ന ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങൾ. ഇവർക്ക് ജീവൻ കൊടുക്കാനായി താനും യഥാർഥജീവിതത്തിൽ അതുപോലെ മാറിപ്പോയി അഭിനയം ഏത് യാഥാർഥ്യം ഏതെന്ന് അറിയാതെ അദ്ദേഹം കുഴഞ്ഞു പോകുന്നു.

‘ദൈവം പാതി മൃഗം പാതി’ എന്ന നില അദ്ദേഹത്തിന്റെയുള്ളിൽ നിലയുറച്ചപ്പോൾ കലയും ജീവിതവും ഒരേ പാളത്തിൽ നിർത്തികാണിച്ച് ഒരു പുതിയ അഭിനയചാതുരി അദ്ദേഹം സൃഷ്ടിച്ചു. (ഈ അവസ്ഥയുടെ വാർത്തകൾ തമിഴ് നടൻ കമലഹാസന് ഇഷ്ടപ്പെട്ട് ആ വാർത്തകൾ വച്ച് കിൻസ്കിയെ ആളവന്താനാക്കാൻ ശ്രമം നടത്തിയിരുന്നു കമൽ).

അദ്ദേഹത്തിന്റെ അപാരമായ അഭിനയത്തിന് വേണ്ടി മാത്രം ഹെർസോഗ് സിനിമകൾ ചെയ്തെന്നെല്ലാം സിനിമാ വിമർശകർ പറയുന്നു. ഇതുപോലുള്ള മാനസിക പ്രശ്നങ്ങളും കിറുക്കുകളും ഉള്ളയാളാണ് ഹെർസോഗ്. അദ്ദേഹത്തിനെപ്പറ്റിയുള്ള വാർത്തകൾ തമിഴിൽ ധാരാളം വന്നിട്ടുണ്ട്. ‘തോക്കുകൾ കടത്തിയയാൾ’ ക്യാമറ മോഷ്ടിച്ച് സിനിമ പിടിച്ചയാൾ’ പന്തയത്തിനായി തന്റെ ഷൂ ചുട്ട് തിന്നയാൾ…’

അതുപോലെ കിൻസ്കിയെപ്പറ്റിയും ‘സിനിമയെടുക്കുമ്പോൾ തോക്ക് ചൂണ്ടി വിരട്ടിയലേ അഭിനയിപ്പിക്കാൻ പറ്റൂ’, സിനിമയെടുക്കുമ്പോൾ ക്യാമറ തല്ലിപ്പൊട്ടിച്ചയാൾ, തന്റെ അഭിനയം ജനങ്ങൾക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് തിയേറ്ററിന് തീ കൊടുത്തയാൾ, ഔട്ട് ഡോർ ഷൂട്ടിങ്ങിനിടയിൽ ഉറക്കം കെടുത്തിയെന്ന് പറഞ്ഞ് സഹനടനെ വെടി വച്ചയാൾ, ഡ്രാക്കുളയായി അഭിനയിക്കുമ്പോൾ നടിയുടെ കഴുത്തിൽ കടിച്ചയാൾ… എന്നിങ്ങനെയുള്ള പുറം  വാർത്തകൾ  ഉപേക്ഷിച്ച് കലയുടെ ഉൾമുഖം തേടിപ്പൊകേണ്ടിയിരിക്കുന്നു.

കിൻസ്കിയുടെ ഭ്രാന്തൻ മനസ്സ് ഉള്ളിൽ നിന്നും പുറപ്പെട്ട് പൊതുബിംബത്തിൽ പൊട്ടിച്ചിതറുന്നു; ഹെർസോഗിന്റെ മനോനിലയാകട്ടെ ഉള്ളിലേയ്ക്ക് നോക്കിയുള്ള തിരമാല. അവർ ഇരുവരും ഒന്നിക്കുമ്പോഴാണ് അകവും പുറവും കലർന്ന് അപൂർവ്വ ദർശനമായി പൂക്കുന്നത്.

വിഡ്ഡിത്തത്തിന്റെ അധികാരവും അധികാര മൌഢ്യത്തിന്റെ തീവ്രതയും ഹെർസോഗ് സൃഷ്ടിക്കുമ്പോൾ അതിന് രൂപം കൊടുക്കുന്നത് കിൻസ്കിയുടെ ശരീരഭാഷയാകുന്നു. ഇങ്ങനെ അകവും പുറവും ചേർന്ന ഒരു സംഗമത്തിൽ അഭിനയത്തിന്റെ ഉച്ചസ്ഥായിയിലെത്താൻ രണ്ട് മുനമ്പുകൾ ആവശ്യമാകുന്നു.

അത് മനസ്സിലാക്കിയതു കൊണ്ടാണ് കിൻസ്കിയും  ഹെർസോഗും  വളരെ മോശമായ തരത്തിൽ അടിപിടികൾ, വിരോധങ്ങൾ, വഴക്കുകൾ, പഴികൾ എന്നിങ്ങനെയെല്ലാമാണെങ്കിലും വീണ്ടും വീണ്ടും അവർ ഒന്നു ചേരുന്നത്. ‘കിൻസ്കി മുന്നിൽ നിന്നാൽ പുതിയ പുതിയ കാഴ്ചകൾ തോന്നിക്കൊണ്ടേയിരിക്കും’ എന്ന് ഹെര്‍സോഗും ‘എന്റെയുള്ളിലുള്ള കലയുടെ ഉറവയെ ഉണർത്തുന്നയാൾ’ എന്ന് കിൻസ്കിയും പ്രശംസിച്ച അവസരങ്ങളും ഉണ്ട്.

കിൻസ്കിയെപ്പറ്റി My Best Fiend: Klaus Kinski എന്ന തലക്കെട്ടിൽ ഒരു ഡോക്യുമെന്ററി എടുത്തിട്ടുണ്ട് ഹെർസോഗ്. ഉടനേ തന്നെ necesito amor എന്ന തന്റെ സൈറ്റിൽ ഹെർസോഗിനെ  ശകാരിച്ചുകൊണ്ട് കിൻസ്കിയും എഴുതി.

എന്നാലും കുട്ടികളുടെ വഴക്ക് പോലെ അടുത്ത ക്ഷണം തന്നെ അവർ ഒന്നിച്ച് കലയായി മാറുകയും ചെയ്യും. അതുകൊണ്ടാണ് ലോകപ്രശസ്തനായ സംവിധായകൻ കപ്പോള സൃഷ്ടിച്ചതിനേക്കാൾ പതിന്മടങ്ങ് വീര്യമുള്ള ഡ്രാക്കുളയെ ഹെര്‍സോഗിന് സൃഷ്ടിക്കാൻ കഴിഞ്ഞത്.

ഇവർ രണ്ടുപേരേയും ഒരുമിച്ച് കാണുമ്പോൾ ഒരേ രൂപത്തിലുള്ള ഇരട്ടകൾ (doppelganger: ജർമ്മൻ ഭാഷയിൽ ഗോഥേ പോലുള്ള കവികളാല്‍ സൃഷ്ടിക്കപ്പെട്ട സാഹിത്യ വിഭാഗം) എന്നേ പറയേണ്ടതുള്ളൂ. ഈ ഇരട്ടകളെപ്പറ്റിയുള്ള ആരോപണങ്ങളും കലഹങ്ങളും ആധുനിക ലോക സാഹിത്യത്തിൽ പ്രസിദ്ധമാണ്. ‘സ്വയം ആ മറ്റൊരു രൂപമായി മാറി നിൽക്കുന്ന’ ഇരട്ട (തമിഴ് സിനിമകളിൽ കാണിക്കുന്ന മോശം ഇരട്ടവേഷങ്ങളല്ല) എന്ന സാഹിത്യരൂപം ദസ്തേവിസ്കിയുടെ (The Double: A Petersburg Poem) നോവലിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. എഡ്ഗാർ അലൻ പോയുടെ ‘വില്യം വിത്സൺ’ ബോർ ഹേസിന്റെ ‘അപരൻ’ എന്നിങ്ങനെയുള്ള ചെറുകഥകളിലും വ്ലാദിമീർ നബക്കോവിന്റെ ‘Despair’ പോലുള്ള നോവലുകളിലും ഈ രൂപങ്ങൾ മനോഹരമായി വന്നിട്ടുണ്ട്. ഈ നോവലിനെ പ്രശസ്ത ജർമ്മൻ ന്യൂ വേവ് സംവിധായകനായ ഫാസ്ബൈണ്ടർ സിനിമയാക്കിയിട്ടുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

ആഗോള ‘കാര്‍ബണ്‍ ട്രേഡിങ്ങില്‍’ ആദിവാസികളുടെ മൂല്യമെത്ര?
മഞ്ജു എന്ന സൂപ്പര്‍സ്റ്റാറും സ്മിത എന്ന അശ്ലീല നടിയും
അപ്പോള്‍ പ്രായമാകുക എന്നാല്‍ എന്താണ്?
അല്ല, ആരാ ഈ ബോബ് മാര്‍ലി?
ഷുഗര്‍മാന്‍ – കെട്ടുകഥ പോലൊരു ജീവിതം

ഈ അപൂർവ്വമായ ഭ്രാന്തൻ അഭിനയത്തിനെ ജർമ്മൻ നാടക രംഗത്ത് നിന്നുള്ള ഇസ്ത്വാൻ സാബോ  എന്ന സംവിധായകൻ വളരെ മനോഹരമായി കൈയ്യാളുന്നുണ്ട്. 1981 ഇൽ ‘മെഫിസ്റ്റോ’ എന്ന സിനിമയിൽ ഹെണ്ട്രിക് എന്ന നടനായി അഭിനയിച്ച ക്ലോസ് ബ്രണ്ടായറുടെ വരവ് ക്ലോസ് കിൻസ്കിയെ ഓർമ്മപ്പെടുത്തുന്നുണ്ട്.

പ്രശസ്തനായ ജെർമ്മൻ കവി ഗോഥേയുടെ ലോകപ്രശസ്തമായ കാവ്യമായ ‘ഫാസ്റ്റ്’ മെഫിസ്റ്റോ ഫിലിസ് എന്ന സാത്താനും ദൈവത്തിനും ഇടയിൽ നല്ലവനെ ചീത്തയാക്കാൻ പറ്റില്ലെന്ന തർക്കം ഉണ്ടാകുന്നു. ദൈവം ശപഥം ചെയ്തതനുസരിച്ച് ഭൂമിയിലുള്ള ഡോക്ടർ ഫാസ്റ്റിനെ ചീത്തയാക്കാൻ വരുകയാണ് മെഫിസ്റ്റോ. ഫാസ്റ്റിനെ കണ്ട് നീ എന്നെ അംഗീകരിച്ചാൽ ഞാൻ നിന്നെ ലോകം മുഴുവൻ പ്രശസ്തനാക്കിത്തരാമെന്ന് പറയുന്നു. കുറച്ച് തർക്കങ്ങൾക്കു ശേഷം മെഫിസ്റ്റോ എന്ന സാത്താനെ ഡോക്ടർ ഫാസ്റ്റ് അംഗീകരിക്കുന്നു, അദ്ദേഹത്തിന്റെ കീർത്തി ലോകമെങ്ങും പരക്കുന്നു. എന്നാൽ പ്രധാനപ്പെട്ട ഒരവസരത്തിൽ മെഫിസ്റ്റോവിനെ ഫാസ്റ്റ് നിരാകരിക്കുന്നു.. മെഫിസ്റ്റോ പരാജയപ്പെടുന്നു. ഇത് ജർമ്മൻ മിത്ത്.

സിനിമയിൽ വരുന്ന  ഹെണ്ട്രിക് എന്ന നടൻ തന്റെ അഭിനയമികവ് ലോകമെങ്ങും പരക്കണമെന്നതിനായി മെഫിസ്റ്റോ എന്ന കഥാപാത്രത്തിനെ ഏറ്റെടുക്കുന്നു. ആ അപാരമായ അഭിനയത്തിൽ ലോകം മയങ്ങിപ്പോകുന്നു. കുറച്ച് കുറച്ചായി പ്രശസ്തിയുടെ പാരമ്മ്യത്തിലെത്തുന്നു. നാസിപ്പടയുടെ ആദ്യത്തെ നേതാവ് അവനെ പ്രകീർത്തിക്കുന്നു. അവന്റെ സുഹൃത്തായതിൽ അഭിമാനിക്കുന്നു. നാസികളുടെ പിടിയിൽ ജർമ്മനി കുടുങ്ങിക്കൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്.  ചോദ്യങ്ങളൊന്നുമില്ലാതെ അവന്റെ കണ്മുന്നിൽ വച്ച് കലാകാരന്മാരേയും അവന്റെ സുഹൃത്തുക്കളേയും പീഢനാലയത്തിലേയ്ക്ക് കൊണ്ടു പോകുമ്പോൾ അല്പം പോലും എതിർപ്പ് കാണിക്കാതെ കണ്ടെന്ന് നടിക്കാൻ കഴിയാത്ത വിഷമഘട്ടം അവനിൽ ഉണരുന്നു. എതിർപ്പും പ്രതിഷേധവും വിഴുങ്ങി എല്ലാം മറന്ന് മെഫിസ്റ്റോ എന്ന ബിംബത്തിനെ വീണ്ടും വീണ്ടും പ്രശസ്തിയുടെ ശൃംഗത്തിലെത്തിക്കുന്നു. താൻ മെഫിസ്റ്റോ എന്ന ബിംബമായി മാറിയതായും, താൻ തന്നെയാണ് മെഫിസ്റ്റോ എന്നും അയാൾ ആത്മാർഥമായി കരുതുന്നു. പെട്ടെന്ന് ഒരു അവസരത്തിൽ ഇരുട്ടിന്റെ വഴിയിൽ വീഴുന്ന വെളിച്ചത്തിൽ അയാൾ എത്തിപ്പെടുന്നു. അധികാരവും രാഷ്ട്രീയവും ഒരു കലാകാരനെ എങ്ങിനെയെല്ലാം മയക്കുന്നെന്ന് കവിത പോലെ പറഞ്ഞു പോകുന്നു ആ സിനിമ.

അതിനുശേഷം, ഇത്തരം ചങ്ങാത്തത്തിന്റെ ശരീരഭാഷയെ ഹൊളിവുഡ് മലിനമാക്കി. എല്ലാ അത്ഭുതകരമായ കലകളേയും തനിക്കുള്ളിൽ ഭസ്മമാക്കി നീണ്ട അധോവായു വിടുന്ന ഹോളിവുഡിന്റെ കാഴ്ചയിൽ ജിം കാരി ഇതിനെ ഒരു ഭയങ്കരമായ കിറുക്ക് നിറഞ്ഞ മൂന്നാന്തരം തനിമയോടെ കൈയ്യിലെടുക്കുന്നു. ബാഡ് മാൻ, ജോക്കർ തുടങ്ങിയ ഈ അപൂർവ്വമായ ചിത്തഭ്രമത്തിനെ അദ്ദേഹം ചുട്ട് തള്ളി.

2

ഈ ഉന്മാദത്തിനെ പുതിയ ഒറിജിനാലിറ്റിയായി രൂപം കൊടുത്തവരായി ഹെർസൊഗിനെയും കിൻസ്കിയേയും പരാമർശിച്ചപ്പോൾ അവർക്കും ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഉന്മാദം പൂണ്ട വേറൊരു വിഭാഗം (Genre) അനുഭവിക്കാൻ കഴിഞ്ഞവരായി ജാപ്പനീസ് സിനിമാക്കാരായ ടൊഷിറോ മിഫുനേയും കുറസോവയും ചേർന്ന് നിർമ്മിച്ച അഭിനയത്തിന്റെ ഉദാഹരണവും പരിശോധനയ്ക്കെടുക്കേണ്ടതുണ്ട്.

സെവൻ സമുറായ് എന്ന് കേള്‍ക്കുമ്പോള്‍ കുറസോവയെ ഓർമ്മ വരുന്നത് പോലെ, ലോകസിനിമാ പ്രേക്ഷകന് മിഫുനേയും ഓർമ്മ വരും. ജാപ്പനീസ് സംസ്കാരത്തിൽ നിന്നും വേർപെടുത്താൻ കഴിയാത്ത സമുറായ് എന്ന വിഭാഗത്തിന്റെ അടയാളങ്ങളെ അതിന്റെ അകവും പുറവും പിരിച്ചെടുക്കുകയായിരുന്നു കുറസോവ എന്ന് പറഞ്ഞാൽ, സമുറായുടെ വേഗം, കോപം, ഗരിമ, ഭാവന, കുലമഹിമ എന്നിങ്ങനെ പല തരം മനോനിലകൾ ശരീരഭാഷയിലൂടേ കാണിച്ചയാളാണ് മിഫുനേ.

‘തന്റെ കത്തിയുടെ നീളത്തിനേക്കാൾ കത്തിയ്ക്കും എതിരാളിയുടെ നെഞ്ചിനും ഇടയ്ക്കുള്ള അകലം മനസ്സിലാക്കുന്നവനാണ് യഥാർഥ സമുറായ്’ എന്ന് സെൻ ബുദ്ധിസം പറയുന്നു. ഇത് തന്റെ ഇടുങ്ങിയ കണ്ണുകൾ കൊണ്ടും, കാൽച്ചുവടുകൾ കൊണ്ടും ചടുലമായ ശരീരചലനങ്ങൾ കൊണ്ടും കാണിക്കുന്നു മിഫുനേ.

അദ്ദേഹത്തിന്റെ അഭിനയത്തിൽ ആഴ്ന്നു പോയി അദ്ദേഹത്തിന്റെ അഭിനയത്തിനായി കഥാപാത്രങ്ങൾ സൃഷ്ടിക്കുകയായിരുന്നു കുറസോവ എന്നും പറയാറുണ്ട്.

മിന്നൽ പോലെ മിഫുനേയിലുള്ള അപാരമായ വേഗം അദ്ദേഹത്തിന്റെ അഭിനയത്തിൽ വലിയ പങ്ക് വഹിക്കുന്നെന്നത് ചടുലമായ ചലനങ്ങളിൽ വെളിപ്പെടുന്നത് കാണാം. (തമിഴിൽ രജനീകാന്തിന് അഭിനയം കാര്യമായി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ വേഗം അഭിനയത്തിന്റെ ഗുണം പെരുപ്പിക്കുന്നു)

ഷേക്സിപിയറിന്റെ ‘മാക് ബത്ത്’ നാടകം ആധാരമാക്കി എടുത്ത കുറസോവയുടെ ‘ത്രോൺ ഓഫ് ബ്ലഡ്’ എന്ന സിനിമയുടെ കാതലായി നിന്ന് പുതിയ ഭാവം കൊടുക്കുന്നു മിഫുനേ. ഷേക്സ്പിയർ നാടക അരങ്ങുകൾ നൂറ്റാണ്ടുകളായി പലതരം പരിണാമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ അവർ കൊണ്ടുവന്ന വിധത്തിൽ പകയും, ആശയക്കുഴപ്പവും, അബോധവെളിപാടുകളും മിഫുനേ കൊണ്ടുവരുമ്പോൾ ഉന്മാദത്തിന്റെ ശിഖരം തൊടുന്നു.

മിഫുനേ ഹോളിവുഡ് സിനിമകൾ ഉൾപ്പടെ 182 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാലും കുറസോവ സിനിമകളിൽ അഭിനയിച്ചത് മാത്രമേ ഇന്നും ചർച്ച ചെയ്യെപ്പെടുന്നതെന്നത് പോലെ കിൻസ്കിയും ഹോളിവുഡ് സിനികൾ ഉൾപ്പടെ 130 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഹെർസൊഗിന്റെ സിനിമകളിലെ അഭിനയത്തിലൂടെ മാത്രമാണ്.

മൊഴിമാറ്റം: എസ് ജയേഷ്

 

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍