UPDATES

‘അച്യുതാനന്ദാ..എന്നെയോര്‍ത്തല്ല സ്വന്തം മകനെയോര്‍ത്തു കരയൂ’; പാലായില്‍ ആവേശമുയര്‍ത്തി മാണി

അഴിമുഖം പ്രതിനിധി

ചിലതൊക്കെ തുറന്നടിച്ചും മറ്റു ചിലത് പൊതിഞ്ഞു പറഞ്ഞും പാലയില്‍ കെ എം മാണിയുടെ നന്ദി പ്രകടനം. മന്ത്രി സ്ഥാനം രാജിവച്ച ശേഷം ഔദ്യോഗിക വസതിയൊഴിഞ്ഞ് പാലയിലേക്ക് എത്തിയ മാണി തനിക്ക് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഇതുവരെ നടന്ന കാര്യങ്ങളില്‍ വിവാദപരമായി ഒന്നും പറയാതെയും എന്നാല്‍ എതിരാളികള്‍ക്കെല്ലാം കൊട്ടുകൊടുത്തും വാക്കുകള്‍ പ്രയോഗിച്ചത്. തിരുവനന്തപുരത്ത് പട്ടത്തു നിന്ന് തുടങ്ങി വഴി നീളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പാലയിലെത്തിയ മാണിയില്‍ നിന്ന് കേരളം കാതോര്‍ത്തിരിക്കുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മാണി അവിടെ ബുദ്ധിപൂര്‍വം നാവടക്കി. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും എതിരെ ഒന്നും തന്നെ പറയാതെയിരുന്നുമില്ല. പി സി ജോര്‍ജിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു; 

അയോഗ്യത കല്‍പിച്ചിരിക്കുന്നു, പറയാനുള്ളതെല്ലാം സ്പീക്കര്‍ പറഞ്ഞുകഴിഞ്ഞു. എം.എല്‍.എക്കും നിയമസഭയ്ക്കും ഒക്കെ ഒരു നിലവാരമുണ്ട്. ആ നിലവാരം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നാണക്കേടുണ്ടാകും. തനിക്കാരോടും പകയില്ല. ജോര്‍ജിന് നന്മവരട്ടെ. 

നമ്മുടെ ഒരു പയ്യനുണ്ടല്ലോ, അവന് ഒരു വിവരവുമില്ല. നമ്മുടെ ഔദാര്യമാണ് പദവികളായി കൊടുത്തത്. ഇപ്പോള്‍ നമ്മളെ തെറിപറയുകയാണെന്നായിരുന്നു ബാബുവിനെതിരെയുള്ള ഒളിയമ്പ്. പാലയ്ക്കപ്പുറം രാജ്യമുള്ള കാര്യം തന്നെയാരും പഠിപ്പിക്കേണ്ടെന്ന മുന്നറയിപ്പ് ടി എന്‍ പ്രതാപനുള്ളതായിരുന്നു. പാലായേക്കാള്‍ വലിയൊരു ലോകമില്ല. എവിടെ ചെന്നാലും പാല എന്ന ഒരു ചിന്തയേ ഉള്ളു . മറ്റുള്ളവര്‍ പരിഭവിക്കരുത്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും നല്‍കും. പാലായ്ക്കുള്ളത് പാലായ്ക്കും കേരളത്തിനുള്ളത് കേരളത്തിലും നല്‍കി. പാലാക്കാരെ ആവേശത്തിലാക്കിയും തന്നെ പരിഹസിച്ചവരെ വെല്ലുവിളിച്ചും മാണിയുടെ വാക്പ്രയോഗം.

വി എസ് അച്യുതാനന്ദനെ പേരെടുത്തു പറയാന്‍ മാണി ബുദ്ധിമുട്ട് കാണിച്ചില്ല. തന്റെ കാര്യമോര്‍ത്ത് അച്യുതാനന്ദന്‍ കരയണ്ട, മകന്റെ കാര്യമോര്‍ത്ത് കരഞ്ഞാല്‍ മതിയെന്നായിരുന്നു പരിഹാസം.

സാന്റിയാഗോ മാര്‍ട്ടിന്റെ പണം കൊണ്ടു തിന്നു കൊഴുത്തവരാണ് ദേശാഭിമാനിക്കാരെന്നും ആ സാന്റിയാഗോ മാര്‍ട്ടിനെ നാടുകടത്തിയവനാണ് തനെന്നും ശബ്ദമുയര്‍ത്തി സിപിഎമ്മിനെയും മാണി പൊള്ളിച്ചു.

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ധാരാളം ആളുകള്‍ ഉണ്ട്. കരയുമ്പോള്‍ കൂടെ കരയാന്‍ ആളില്ല. എന്നാല്‍ തനിക്ക് കരച്ചില്‍ വരുന്നില്ല. മന്ത്രിസ്ഥാനം രാജിവെച്ച് പോന്നു. പക്ഷേ നിങ്ങള്‍ക്ക് കരച്ചിലുണ്ട്. സ്ഥാനമില്ലാതെ വരുന്ന സമയത്ത് ജനം നല്‍കുന്ന പിന്തുണയാണ് ഏറ്റവും വലുത്. അല്പസമയത്തേക്ക് ഞാന്‍ ഉപേക്ഷിച്ചാലും വീണ്ടും നിന്നെ ഞാന്‍ ശക്തനാക്കും എന്ന ബൈബിള്‍ വാക്യവും മാണി എല്ലാവരെയും ഓര്‍പ്പിച്ചു. 

ഏറ്റവും ഒടുവിലായി, നദീസംരക്ഷണമുള്‍പ്പടെയുള്ള പിജെ ജോസഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവുകങ്ങളും പറഞ്ഞാണ് പാലയുടെ മാണി സാര്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലേക്ക് പോയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍