UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ന്യൂജെന്നിനെ ആര്‍ക്കാണ് പേടി?

Avatar

വി.എന്‍ സദാനന്ദന്‍

 
ചീത്തയെല്ലാം പുതുതും നല്ലതെല്ലാം പഴയതുമാണെന്നാണ് വയ്പ്. അതുകൊണ്ട് ഒരു പഴയ കഥ; അഴിമതി പുതിയ സംഭവമാണെന്നും പണ്ടെല്ലാവരും നല്ലതായിരുന്നുവെന്നുമാണല്ലോ പറച്ചില്‍. അങ്ങനെ അല്ലാത്ത ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നത്രേ, ഏതോ രാജാവ് ഭരിക്കുന്ന സമയത്ത്. ഏതു വകുപ്പിലേയ്ക്ക് സ്ഥലം മാറ്റിയിട്ടും ഇയ്യാള് കൈക്കൂലി വാങ്ങുന്നു. അവസാനം രാജാവ് നേരിട്ട് ഇടപെട്ട് ഇയാളെ കടല്‍ത്തീരത്ത് ഡ്യൂട്ടിക്കിട്ടു. തിരയെണ്ണി വൈകുന്നേരം കണക്ക് വച്ചാല്‍ മതി. പക്ഷേ പിന്നേം പരാതി ഇയാള് കൈക്കൂലി വാങ്ങുന്നുവെന്ന്. അതെങ്ങനെയെന്ന് അന്വേഷണമായി. കടലില്‍ മീന്‍പിടുത്തക്കാരെ മുതല്‍ കുളിക്കാന്‍ ഇറങ്ങുന്നവരെ വരെ ഇയാള് തടയും. തിരയെണ്ണലില്‍ തടസം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ്. അഥവാ ഇയാള്‍ക്ക് കൈക്കൂലി കൊടുക്കാതെ മീന്‍പിടിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയായി. ഇതോടെ രാജാവും തോറ്റുവെന്നാണ് കഥ. അയാള്‍ക്ക് അടുത്ത ജന്മത്തിലേതിലോ കേരളത്തിലെ മുഖ്യമന്ത്രിയാകാന്‍ യോഗമുണ്ടായോ എന്ന് കഥയില്‍ നിന്ന് വ്യക്തമല്ല.
 
നാലാം തൂണിന്റെ സെന്‍സേഷണല്‍ സങ്കടങ്ങള്‍
തിരയെണ്ണുന്ന തൊഴിലില്‍ വരെ അഴിമതി കണ്ടെത്തിയ നാടായതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കേരളത്തിലെ മാധ്യമ ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. വാര്‍ത്തകള്‍ അവരെ തേടി വരും. വാര്‍ത്തകള്‍ വിറ്റാണ് മാധ്യമങ്ങള്‍ ജീവിക്കുന്നത്. മറ്റേതു കച്ചവടവും പോലെ ഒരു കച്ചവടമാണ് മാധ്യമപ്രവര്‍ത്തനവും. മര്യാദയോടെ കച്ചവടം നടത്തുന്നവരുമുണ്ട്. ആളുകളെ കൊന്ന് കച്ചവടം നടത്തുന്നവരുമുണ്ട്. മാധ്യമവ്യവസായത്തിലും അതുതന്നെ. കേരളത്തിലെ വ്യവസായലോബി എല്ലാക്കാലത്തും കോണ്‍ഗ്രസാദി വലതുപക്ഷത്തിന്റെ ഒപ്പമാണ്. ഇടത്പക്ഷത്തെ കുറിച്ചുള്ള പഴയ തെറ്റിദ്ധാരണകള്‍ വ്യവസായികള്‍ക്ക് മാറിയിട്ടില്ല. അവര്‍ സംഘടനകളുണ്ടാക്കും, കുഴപ്പമുണ്ടാക്കും, ഒരുമിച്ച് നിന്ന് വാദിക്കും തുടങ്ങിയ തെറ്റിദ്ധാരണകള്‍ ഇവര്‍ക്കുണ്ട്. സ്വാഭാവികമായും കഴിഞ്ഞ നാലുകൊല്ലമായും ഉമ്മനാദി മാണിയാദി പിള്ളയാദി തിരുവഞ്ചിയൂരാദി കുഞ്ഞാലിയാദി മാന്യദേഹങ്ങള്‍ക്കൊപ്പമാണ് ഇവര്‍ നിലയുറപ്പിക്കേണ്ടത്. അങ്ങനെ തന്നെയാണ് ചെയ്യുന്നതും. 
 
 
പക്ഷേ ഈ വ്യവസായത്തിന്റെ പ്രൊഡക്റ്റ് വാര്‍ത്തയാണ്. വാര്‍ത്തകള്‍ക്ക് സെന്‍സേഷണലിസം കൂടി വേണം. അതുകൊണ്ട് അഴിമതികള്‍ വാര്‍ത്തയാക്കേണ്ടി വരും. വാര്‍ത്തകള്‍ അങ്ങനെ തകര്‍ത്ത് പോകുമ്പോള്‍ വ്യവസായികള്‍ക്ക് മനസിലാകും; ഇത് ക്ഷീണമാണ്, ലോകത്തിന്റെ ശ്രദ്ധമാറിയേ തീരൂ, എന്ന്. അങ്ങനെ എല്ലാ കച്ചവടക്കാരും ചേര്‍ന്ന് പുതിയ വാര്‍ത്തകള്‍ സൃഷ്ടിക്കും. അങ്ങനെയാണ് സോളാര്‍ അഴിമതി സരിത നായരിലേയ്ക്ക് ചുരുങ്ങുന്നത്. നിങ്ങളുടെ സ്റ്റാഫ് മുഴുവന്‍ അഴിമതിക്കാരായതില്‍ നിങ്ങള്‍ക്കൊരു ഉത്തരവാദിത്തവുമില്ലേ മുഖ്യാ എന്ന് ചോദിക്കാന്‍ മാധ്യമജീവനക്കാര്‍ക്ക് ധൈര്യമില്ലാതാകുന്നത്. ആരും ബാലകൃഷ്ണപിള്ളയുടെ ഇരുമ്പ് രോഗത്തിന് എന്തു സംഭവിച്ചു എന്നന്വേഷിക്കില്ല. ക്രൂരപീഢനങ്ങള്‍ നടത്തിയ പോലീസുകാര്‍ക്കെതിരെ എന്തു നടപടിയെടുത്തുവെന്ന് ചോദിക്കില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ അഴിമതി ആരും കാണില്ല. കോടാനുകോടി രൂപയ്ക്ക് ഇലക്ട്രിക് സാധനങ്ങള്‍ വാടകയ്‌ക്കെടുത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ മോഹല്‍ലാല്‍ നായരെ ഇങ്ങനെ അപമാനിക്കരുത് എന്ന് തിരുവഞ്ചിയൂര്‍ നായര് പറയുന്നത്. 
 
അപ്പോ പറഞ്ഞു വന്നത് മാധ്യമങ്ങളെ കുറിച്ച് തന്നെയാണ്. വ്യവസ്ഥാപിത-തടിയനങ്ങാ- മാധ്യമജോലിക്കാര്‍ക്ക് വാര്‍ത്ത എത്തിച്ച് കൊടുക്കുന്നത് ഭരണകൂടം മര്‍ദ്ദനത്തിനും തലോടലിനും ചന്തികഴുകലിനും വിഴുപ്പലക്കലിനും എല്ലാം ഉപയോഗിക്കുന്ന പോലീസ് എന്ന വലം കൈകൊണ്ടാണ്. ഹാരിപോട്ടറിലെ ഡെമെന്റേഴ്‌സിനെ പോല ലോകത്തിന്റെ പ്രത്യാശകളെ ഊറ്റിയെടുത്ത് വറ്റിക്കാനിവര്‍ക്കാകും. ആത്മാവിനെ വലിച്ചു കുടിച്ച് മനുഷ്യരെ ചണ്ടിപണ്ടാരമാക്കി ഇവര്‍ മാറ്റും. അതുപോലെ രക്ഷകരുടെ വേഷവും കെട്ടും. സ്വാഭാവികമായും ഭരണകൂടത്തിന്റേയും നാലാം തൂണിന്റേയും ഇടക്ക് ഇവര്‍ക്കാടിത്തീര്‍ക്കാന്‍ കോമഡി വേഷങ്ങള്‍ ധാരാളമുണ്ട്. 
 
പ്രതിസന്ധിയുടെ കാലങ്ങളില്‍ മാവോവാദികളെ ഇറക്കി വിടലാണ് കേരളത്തിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. എല്ലാവര്‍ക്കുമറിയാം ഇത് തമാശയാണെന്ന്. പക്ഷേ എങ്ങാനും ചിക്കന്‍ ബിരിയാണി കിട്ടിയാലോ എന്ന യുക്തിയാണ് മാധ്യമതൊഴിലാളിയുടെ യുക്തിയെന്നുള്ളത് കൊണ്ട് അത് വാര്‍ത്തയാകും. ചര്‍ച്ചയാകും. കണ്ടവരുണ്ട്. കാണാത്തവരുണ്ട്. മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്ന സാഹചര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളുണ്ട്. പരമ്പരകളുണ്ട്. പക്ഷേ, ഭൂരിപക്ഷം പേരും ചിരിച്ചു തള്ളുന്ന ഈ വാര്‍ത്തകള്‍ കൊണ്ട് സംസ്ഥാന ഖജനാവിലേയ്ക്ക് വരുന്നത് കോടികളാണ്. മാവോവേട്ടയ്ക്കുള്ള കോടികള്‍, അതിന്റെ വിതരണത്തിലൂടെ നിറയുന്ന പോക്കറ്റുകള്‍, ധാരാളം. ഉദ്ദിഷ്ടകാര്യത്തിനുപകാര സ്മരണയായി മാധ്യമ വ്യവസായികള്‍ക്ക് പരസ്യ ദാനങ്ങള്‍. (തൊഴിലാളികള്‍ക്ക് ഈ വിഹിതമൊന്നും കിട്ടില്ലാട്ടൊ. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന സുസ്‌നേഹമൂര്‍ത്തികളാണ് മാധ്യമത്തൊഴിലാളികള്‍) 
 
 
ചുംബനക്കാരും മറ്റ് സാമൂഹ്യദ്രോഹികളും
പക്ഷേ ഈ പ്രത്യക്ഷ ഉപകാരത്തിനപ്പുറത്തേയ്ക്കാണ് ഭരണകൂടത്തിലും അവരുടെ ഡെമെന്റര്‍ കയ്യിനും ഇതുകൊണ്ടുള്ള നേട്ടം. അത് സമൂഹത്തില്‍ ഈ ഭരണകൂട-മാധ്യമവ്യവസായ-ജാതി,മത ഐക്യ സ്വസ്ഥതകളെ അസ്വസ്ഥതപ്പെടുത്തുന്നവര്‍ക്കെതിരായ നീക്കത്തിന് ഇത് ഉപകാരപ്പെടും എന്നതാണ്. 
 
കുറച്ച് കാലമായി സ്വസ്ഥമായി ഒഴുകിക്കൊണ്ടിരുന്ന കേരളത്തിലെ ഈ സ്വസ്ഥതാ നദിക്ക് ഭംഗം വരുത്തിയത് കുറച്ച് ചെറുപ്പക്കാരാണ്. ആണും പെണ്ണും തമ്മില്‍ ഉമ്മവയ്ക്കും എന്ന വിപ്ലവകരമായ ആശയം അവര്‍ സമൂഹത്തില്‍ പരത്തി. ഇതുവരെ കേരളസമൂഹം അത് കേട്ടിട്ടില്ല. ചെറുശ്ശേരി ലോവര്‍ പ്രൈമറി സ്‌ക്കൂളില്‍ പഠിപ്പിക്കണ നാടാണേ, അച്ചി ചരിതങ്ങളും സന്ദേശകാവ്യങ്ങളും ബഷീറും ചങ്ങമ്പുഴയും ഉള്ള നാടാണേ. മനുഷ്യരുടെ രൂപത്തില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു മടുത്തപ്പോള്‍ ആനകളായി രൂപം പ്രാപിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ദൈവങ്ങളെ പൂജിക്കുന്ന നാടാ. പക്ഷേ കേരളം ചുംബനത്തെ കുറിച്ച് കേട്ടിരുന്നില്ല. ആണുങ്ങള് മാത്രമല്ല, പെണ്ണുങ്ങളും ഉമ്മ വയ്ക്കുന്നു. ഉമ്മവച്ചവര് വച്ചവര് ഫോട്ടോയെടുത്ത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. ഈ അധ:പതനം തടയാന്‍ പോലീസ്, ഭരണകൂടം, മത സംഘടനകള്‍ എന്നിവര്‍ ഒരുമിച്ചിറങ്ങി. മുസ്ലീം സംഘടനകളുടെ ഭയം പെട്ടന്ന് മാറിയെന്ന് തോന്നി. പിന്നീട് അതിഹൈന്ദവര്‍ക്ക് മാത്രമേ പോലീസിനൊപ്പം ചേര്‍ന്ന് സാമൂഹികാധ:പതനം തടയാന്‍ താത്പര്യം കണ്ടുള്ളൂ. 
 
പക്ഷേ ഇത് പെട്ടന്ന് സംഭവിച്ചതൊന്നുമല്ല. ചെറുപ്പക്കാര്‍ എന്ന വര്‍ഗ്ഗത്തിനെ വൃദ്ധമനസ്‌കര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ചെറുപ്പക്കാര്‍ക്ക് സംഘടിക്കണമെങ്കില്‍ ഒന്നുകില്‍ ഡി.വൈ.എഫ്.ഐ ആകണം, അല്ലേല്‍ യൂത്തനാകണം, ചുരുങ്ങിയ പക്ഷം കാവിക്കൊടിക്കാരെങ്കിലും. അല്ലേല്‍ ദളിത് സംഘടകള്‍ ഒഴികെയുള്ള ഏതെങ്കിലും ജാതി, മത സംഘടനകളില്‍ അംഗങ്ങളാകണം. അതല്ലാത്ത ചെറുപ്പക്കാര്‍ കൂട്ടം കൂടി നടക്കുന്നത് ഈ ഭരണകൂട-മാധ്യമ-പോലീസ് സദാചാര വൃദ്ധര്‍ക്ക് പണ്ടേ ഇഷ്ടമല്ല. ഏറ്റവും വലിയ പ്രശ്‌നം ഇതിലെ സ്ത്രീകളാണ്. ജോലിയെടുക്കുന്നതും അല്ലാത്തവരുമായ പെണ്ണുങ്ങള്‍ ചുമ്മാ കൂളായി ഇങ്ങനെ നടക്കുന്നു. തലതാഴ്ത്തുന്നില്ല, എന്തടീ എന്ന് ചോദിച്ചാ ഭയക്കുന്നില്ല, ആണുങ്ങക്ക് മാത്രം പ്രവേശനമുണ്ടെന്ന് കരുതിയിരുന്ന ഇടങ്ങളിലേയ്‌ക്കൊക്കെ കടന്നു ചെല്ലുന്നു. രാത്രികളില്‍ സഞ്ചരിക്കുന്നു. തൃശൂരില്‍ നിന്ന് തുടങ്ങിയതാ ഇവരെ വേട്ടയാടാന്‍. സദാചാരം പറഞ്ഞ് ഇവരെ പിടിക്കാന്‍ പറ്റില്ല എന്ന് കണ്ടപ്പോ അപ്പ വഴി കണ്ടെത്തി-മയക്ക് മരുന്ന്. താടിയും മുടിയും നീട്ടിയ ആണുങ്ങള്‍, മുടി വെട്ടിയ പെണ്ണുങ്ങള്‍, മുഷിഞ്ഞ ജീന്‍സിട്ടവര്‍, റ്റി-ഷര്‍ട്ട് ഇട്ടവര്‍, രാത്രി സഞ്ചരിക്കുന്നവര്‍, നാടകം, സിനിമ തുടങ്ങിയവയുമായി ബന്ധമുള്ളവര്‍ ഇവരെല്ലാം കൂടി കേരളത്തില്‍ മയക്കുമരുന്ന് വിതരണം ചെയ്ത് തകര്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞത് മാധ്യമ വ്യവസായികളുടെ കൂലിയെഴുത്തുകാര്‍ തകര്‍ത്തെഴുതി.
 
അവരേയും പറഞ്ഞിട്ട് കാര്യമില്ല. രാവിലെ തുടങ്ങിയാല്‍ അവസാനിക്കാത്തതാണ് ഈ മാധ്യമമേഖല തൊഴില്‍. ഈ തൊഴില്‍ ചെയ്യുന്നവരും രാഷ്ട്രീയക്കാരുമൊഴികെ മറ്റ് മനുഷ്യരായൊന്നും ബന്ധം കാണില്ല. പൊതുവേ സിനിമ-നാടകം ഇതൊക്കെയായി നടക്കുന്നവരോട് കടുത്ത അസൂയയും കാണും. ആണും പെണ്ണുങ്ങളൊക്കെ ഇങ്ങനെ ആനന്ദത്തോടെ നടക്കുന്നത് ആനന്ദമെന്നത് കേട്ടറിവ് മാത്രമായ മാധ്യമത്തൊഴിലാളികളേയും വിഷമിപ്പിക്കുന്ന കാര്യമാണ്. എന്നാ പിന്നെ പരമ്പരകള്‍ എഴുതുകയല്ലേ? അതുതന്നെ. ബോബ് മാര്‍ളിയെ വരെ പ്രതിയാക്കി ഏമാന്മാരും ഇവരും കൂടി കേസെടുത്തു. കുറച്ചുകാലം അങ്ങനെപോയി. കഞ്ചാവ് എന്നു പറയുന്ന സാധനം ഒരു കിലോ ആണ് ഈ രാജ്യത്തെ നിയമം അനുസരിച്ച് സ്മാള്‍ എമൗണ്ട്. ഒരു കിലോ പിടിച്ചെടുത്താ പരമാവധി ശിക്ഷ ആറുമാസം തടവും പതിനായിരം രൂപ പിഴയുമാണ്. കോടതിയലക്ഷ്യത്തിലുള്ള അതേ ശിക്ഷ. ആ നിയമം ഉള്ള രാജ്യത്താണ് കഞ്ചാവിലയുടെ ഡിസൈന്‍ ഉള്ള റ്റി ഷര്‍ട്ട് ഇട്ട ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്. ആരു ചോദിക്കും? ആഭ്യന്തരനോ മുഖ്യമന്ത്രിയോ പത്രസമ്മേളനം നടത്തുമ്പോ ഒരു ചോദ്യം വരുമോ? ഇല്ല- കാരണം സ്വതന്ത്രരായ ചെറുപ്പക്കാര്‍ കുറ്റവാളികളാകാന്‍ സാധ്യതയുണ്ട്. അവരെ പ്രൊഫഷണല്‍ കോഴ്‌സിനയച്ച് സാമൂഹ്യദ്രോഹികളും ജാതിസംഘടന ഭാരവാഹികളുമാക്കി പുറത്തിറക്കാനുള്ളതാണ്. 
  
 
ന്യൂജെന്‍ സിനിമക്കാര്‍
 ഈ സഖ്യത്തിന് ഏറ്റവും വലിയ കലിപ്പുള്ള ഒരു വര്‍ഗ്ഗമാണ് ന്യൂജെന്‍ സിനിമക്കാര്‍. അപവാദകഥകള്‍ പടച്ചുണ്ടാക്കി പറഞ്ഞ് രസിക്കലായിരുന്നു പഴയ വിനോദം. പക്ഷേ, ഈ ന്യൂജെന്നുകാരുടെ അടുത്ത് അത് നടക്കില്ല. അവര് മറ്റാര്‍ക്കും മുമ്പ് ഫേസ് ബുക്കിലിടും. മാത്രമല്ല, ഇവര്‍ക്ക് പലവിഷയത്തിലും സ്വതന്ത്ര നിലപാടുകളുമുണ്ട്. ഇടതുപക്ഷത്തിനനുകൂലമായി നിലപാടെടുത്ത ആഷിഖ് അബു, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച അമല്‍ നീരദ്, നില്‍പ്പുസമരത്തിന് പിന്തുണയുമായി എത്തിയ രാജീവ് രവി എല്ലാവരും അപകടകാരികള്‍. നടീനടന്മാരും ആ ടൈപ്പ് തന്നെ. പഴയ ആളുകളെ ബഹുമാനം പോര. മമ്മുക്ക ഉള്ളത് കൊണ്ടാണ്, ലാലേട്ടന്‍ സഹായിച്ചില്ലായിരുന്നേല്‍, ദിലീപേട്ടനാണ് എന്റെ ഒരു ശക്തി എന്നാരും ഇപ്പോ പറയുന്നില്ല. ഷാജി കൈലാസ്, പ്രിയദര്‍ശന്‍, രഞ്ജിത്ത് മുതലിങ്ങോട്ടും അങ്ങോട്ടുമുള്ള ഇന്‍ഡസ്ട്രി മുതലാളിമാര്‍ക്ക് പഴയ മതിപ്പ് വിലയില്ല. ആന്റോ മുതല്‍ ആന്റണി പെരുമ്പാവൂര്‍ വരെയുള്ള പ്രൊഡ്യൂസര്‍മാരുടെ താളത്തിനനുസരിച്ചല്ല പുതിയ നടീനടന്മാര്‍ പെരുമാറുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളുമായി ഇറങ്ങിയിട്ടുള്ള ഈ ചെറുപ്പക്കാര്‍ സംഘത്തിനുള്ള ഡേറ്റുകള്‍ കഴിഞ്ഞിട്ടേ മറ്റുള്ളവര്‍ക്ക്, ഫഹദാണേലും ദുല്‍ഖറാണേലും നിവിനാണേലും റീമയാണേലും നസ്രിയയാണേലും നിത്യയാണേലും ഡേറ്റ് കൊടുക്കുന്നുള്ളൂ. പഴയതു പോലെ ഈ നടികളൊന്നും അച്ഛന്റേയും അമ്മേടേം കൂടെ സെറ്റില്‍ വന്ന് വിനയപൂര്‍വ്വം ഇരിക്കുന്നവരല്ല. പലര്‍ക്കും വലിയ കുടുംബങ്ങളുടെ പിന്തുണയുമില്ല. ഇവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കും. ഉപദേശക സംഘങ്ങള്‍ക്കും ചേട്ടന്മാര്‍ക്കും ആങ്ങളമാക്കും പോറ്റച്ഛന്മാര്‍ക്കും വല്യ ഡിമാന്റില്ല. 
 
മാധ്യമങ്ങള്‍ക്കും ഇവരെ വലിയ പിടുത്തമില്ല. മാതൃഭൂമിയുടെ ഏറ്റവും വലിയ ന്യൂജെനറേഷന്‍ ഇപ്പോഴും രഞ്ജിത്താണ്. ഇവരൊന്നും പഴയത് പോലെ ഇന്റര്‍വ്യൂകളും ചര്‍ച്ചകളുമൊന്നും നടത്താന്‍ വരുന്നില്ല. പഴയ ആള്‍ക്കാരെ വച്ചാണ് അതൊക്കെ അഡ്ജസ്റ്റ് ചെയ്യുന്നത്. മിക്കവാറും പേര്‍ അവരുടെ സിനിമകളുടെ ലൊകേഷനില്‍ പോലും ഒരു പത്രക്കാരേയും കേറ്റുന്നില്ല. പോരാത്തതിന് രാജീവ് രവിയുടെ ഇന്റര്‍വ്യൂ. ശ്രീനിവാസനനെന്ന സിനിമ ബുദ്ധിജീവിക്കെതിരെ വരെ രാജീവ് സംസാരിച്ചു. പാടുള്ളതാണോ? അല്ല. ശ്രീനിവാസന്റെ സദാചാര ഉപദേശം ഉടനടി വന്നു. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ട് ന്യൂജെന്നിനെ മൊത്തത്തില്‍ പൂശി. കഞ്ചാവടിച്ചാല്‍ കഥയെഴുതാന്‍ പറ്റില്ല എന്ന് പ്രഖ്യാപിച്ചു. മാണിക്കോഴ, ആഷിഖ് അബു സൂപ്പര്‍ ഹിറ്റാക്കിയതോടെ ഈ സംഘം മൊത്തമിറങ്ങി. 
 
മഞ്ഞമാലിന്യം വഴിഞ്ഞൊഴുകുന്ന സംഘങ്ങളെല്ലാം ഷൈന്‍ ടോമിന്റെ അറസ്റ്റ് ആഘോഷിച്ചു. ഷൈന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നില്ല എന്നും ഇത് കേരളത്തിലെത്തിച്ചതില്‍ ഷൈനിന് പങ്കില്ല എന്നുമുള്ള വാര്‍ത്തകള്‍ പോലും ഒരു മാധ്യമവീരന്മാരും ശ്രദ്ധിച്ചില്ല. ന്യൂജെന്‍ സിനിമക്കാര്‍ മയക്കുമരുന്നുകാരാണ് എന്ന വാദവുമായി ഇറങ്ങി. എല്ലാവരുമേ! ഇതിന് മുമ്പ് മയക്ക് മരുന്നില്ലാത്ത വിശുദ്ധ സ്ഥലമായിരുന്നു കേരളം. കൊക്കെയ്ന്‍ ഉപയോഗിക്കാത്ത ഷൈന്‍ പറഞ്ഞുവെന്ന പേരില്‍ ആഷിഖിന്റേയും റീമയുടെയും പേരുകള്‍ വരെ മഞ്ഞ കളറടിച്ചാനന്ദിച്ചു. മാതൃഭൂമി പരമ്പര ആരംഭിച്ചു. വായിച്ചു നോക്കേണ്ടതാണ്. ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌കാരം കൊടുക്കാന്‍ തൊന്നും. അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും! കുറച്ചു കാലം വിദേശത്തൊക്കെ ജീവിച്ചിട്ടുള്ള മാതൃഭൂമി പത്രാധിപരെങ്കിലും വായിച്ചുനോക്കേണ്ടതാണ് കൊക്കെയ്ന്‍ പിടിച്ചത് മണത്തറിഞ്ഞ് പരമ്പര ആരംഭിച്ച സ്‌പെഷ്യലിസ്റ്റിന്റെ ജ്ഞാനവും ഭാവനാദാരിദ്ര്യവും. 
 
കേരളത്തിലാണെന്നോര്‍ക്കണം; ഇടപ്പള്ളിയില്‍ നിന്ന് ബോട്ട് ജെട്ടിവരെയുള്ള നടത്തത്തില്‍ കഞ്ചാവിന് മയം വരാന്‍ ചെരുപ്പിനുള്ളില്‍ കഞ്ചാവ് തിരുകി നടന്നയാളാണ് നമ്മുടെ മഹാകവി ചങ്ങമ്പുഴ. ഏതു കാലത്ത്? ആരുമന്ന് ചങ്ങമ്പുഴയെ അതിന്റെ പേരില്‍ ചോദ്യം ചെയ്തില്ല. ഗുണേറിയ രോഗം വന്നിട്ടുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും ചങ്ങമ്പുഴയെ ആരാധിക്കുന്നതിന് തടസമായിട്ടില്ല. കള്ളും കഞ്ചാവും അവൈലബ്ള്‍ മയക്കുമരുന്നുകളും പണത്തിന്റെ ലഭ്യതക്കൊത്ത് ഏതുസമൂഹത്തിലും എത്തിച്ചേരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനെ എങ്ങനെ ഒരു നിലപാടുകളുള്ള ഒരു യുവ ജനതയ്‌ക്കെതിരെ ഉപയോഗിക്കണം എന്നതില്‍ ഗവേഷണം നടത്തുന്ന മാധ്യമങ്ങളും ഭരണകൂടവും കൂടി സമ്മേളിച്ചാലുണ്ടല്ലോ, ഇതിനപ്പുറം സംഭവിക്കും. എന്തായാലും കോമണ്‍വെല്‍ത്ത് അഴിമതിയെ വെല്ലുന്ന ദേശീയ ഗെയിംസ് അഴിമതിയെ ലാലിസം കൊണ്ടും മറ്റ് അഴിമതികളെ ന്യൂജെന്നിനെതിരായ മയക്ക് മരുന്ന് വേട്ടകൊണ്ടും ഈ ഭരണകൂട-പോലീസ്-മാധ്യമ കൂട്ടുകെട്ട് നേരിടും. നമ്മള്‍ പിന്നെ പണ്ടേ തോറ്റ ജനതയാണല്ലോ!
 
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
 
*Views are personal 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍