UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കൈ’ത്താങ്ങ് നഷ്ടമായി ബാറില്‍ നില തെറ്റിവീണ മാണി

Avatar

അഴിമുഖം പ്രതിനിധി

അമ്പതുവര്‍ഷത്തെ സംശുദ്ധരാഷ്ട്രീയത്തിന്റെ അവകാശവാദമുയര്‍ത്തിപ്പിടിച്ച കെ എം മാണിക്ക് ഇത്തരമൊരു പതനം അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും കരുതിയതാവില്ല. എത്രയോവട്ടം ആരോപണങ്ങളുടെ മുനകള്‍ നേര്‍ക്കുവന്നിട്ടും അവയെല്ലാം കടന്നെത്തിയ കരിങ്കോഴക്കല്‍ മാണി മാണിക്ക് പക്ഷെ ബാറില്‍ നിലതെറ്റി. പൂട്ടിയ ബാറുകള്‍ തുറക്കാനായി ബാറുടമകളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്ന നാള്‍ തൊട്ട് മാണിയുടെ ശനിദശ തുടങ്ങുകയായിരുന്നു. തുടക്കത്തില്‍ ഈ ആരോപണം ഉയര്‍ന്നു താഴുന്നൊരു പതിവു രാഷ്ട്രീയ തിര മാത്രമാണെന്നു കരുതിയെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലായിരുന്നു.

ഇക്കൊല്ലം ഫെബ്രുവരിയിലാണ് ബാര്‍ കോഴയുടെ തുടക്കമെന്ന് കരുതാവുന്ന സംഭവങ്ങള്‍ ഉടലെടുത്തത്. ഏപ്രിലിലാണ് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കാനുള്ളത്. ഇതിനായി ഫെബ്രുവരി മുതല്‍ തന്നെ അപേക്ഷകളെത്തി തുടങ്ങി. ധനവകുപ്പിന് കീഴിലുള്ള നികുതിവിഭാഗത്തിന്റെ അനുമതിയും കൂടിയുണ്ടെങ്കിലേ ലൈസന്‍സ് പുതുക്കാനാവൂ. ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകളെത്തി തുടങ്ങിയപ്പോഴേ കോഴയ്ക്കുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിരുന്നു. നിലവാരമില്ലാത്ത ബാറുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കിയും കോഴയ്ക്ക് ഗൂഢാലോചന നടന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയക്കളിയില്‍ എല്ലാ ബാറുകളും പൂട്ടിയതോടെ മാണി വെട്ടിലായി. ഇതോടെ ബാറുടമകള്‍ പ്രകോപിതരായി. ഇവര്‍ തങ്ങള്‍ നല്‍കിയ കാശ് തിരികെ ചോദിച്ചു. എന്നാല്‍ തന്നത് കള്ളനോട്ടുകളാണെന്നതുള്‍പ്പെടെയുള്ള ഭീഷണികളോടെ ബാറുകാരെ ഭയപ്പെടുത്താന്‍ രാഷ്ട്രീയക്കാര്‍ക്ക് കഴിഞ്ഞതോടെ പ്രശ്‌നം അവസാനിച്ചെന്നായിരുന്നു വിചാരിച്ചത്. അവിടെയാണ് മാണിയെന്ന ഗോലിയാത്തിനെതിരെ തെളിവുകളുടെ കവണയുമായി ബിജു രമേശ് എന്ന ദാവീദ് രംഗത്തെത്തുന്നത്. കരിങ്കോഴക്കല്‍ തറവാടുവരെ ആരോപണങ്ങളുടെ മുനയില്‍ നിന്നതോടെ മാണിക്കു അടിതെറ്റി തുടങ്ങി. സംസാരിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് മാണിയെ വെല്ലുവിളിച്ചുകൊണ്ട് ബിജു രമേശ് ചാനല്‍ കാമറകള്‍ക്കു മുന്നില്‍ വന്നതോടെ കേരളം സമീപചരിത്രത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു അഴിമതിക്കഥയുടെ തിരശ്ശീല ഉയര്‍ന്നു.

ബാറുകള്‍ അടച്ചു പൂട്ടാതിരിക്കുന്നതിന് മന്ത്രിസഭയില്‍ അനുകൂലമായ തീരുമാനമുണ്ടാക്കുന്നതിന് അഞ്ചു കോടി രൂപയാണ് കെ.എം മാണി ആവശ്യപ്പെട്ടിരുന്നതെന്നാണ് ബിജു രമേശ് വിളിച്ചു പറഞ്ഞത്. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവും മന്ത്രി കെ.എം. മാണിയെ ഏല്‍പ്പിക്കുകയായിരുന്നു. മാണിയുമായി അടുപ്പമുള്ളവരും അസോസിയേഷനില്‍പ്പെട്ട കോട്ടയം ജില്ലയിലെ ചിലരുമായിട്ടാണ് കെ.എം മാണിയെ കണ്ട് പണം കൈമാറിയത്. 418 ബാറുകള്‍ പൂട്ടാനുള്ള തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പായിരുന്നു ഇത്. എന്നാല്‍ കാബിനറ്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ നിയമവശം പഠിക്കാനുണ്ടെന്നു പറഞ്ഞ് മന്ത്രി മാണി തന്നെ ഇടപെട്ട് മാറ്റിവയ്ക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ ആര്‍ക്കും പണം നല്‍കരുതെന്നായിരുന്നു ലഭിച്ച മറുപടി. ഇതിനിടയില്‍ വി.എം സുധീരന്‍ 418 ബാറുകള്‍ തുറക്കുന്നതിനെതിരെ രംഗത്തെത്തിയതോടെയാണ് പണം നല്‍കിയിട്ടും പ്രയോജമില്ലെന്ന് മനസിലായത്. അതുകൊണ്ടാണ് ബാക്കി നാലു കോടി രൂപ നല്‍കേണ്ടതില്ലെന്ന് അസോസിയേഷന്‍ തീരുമാനിച്ചതെന്നും ബിജു രമേശ് പുറത്തു പറഞ്ഞതോടെ വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ തന്നെ മാണിക്കെതിരെ കളത്തിലിറങ്ങിയതോടെ മാണിയെ സംരക്ഷിച്ചു നിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിയുടെതു കൂടിയായി. കാരണം ബാറുകാരില്‍ നിന്ന് പണം വാങ്ങിക്കൊണ്ടിരുന്നത് മാണി മത്രമല്ലായിരുന്നു. കുരുക്കു മുറുകിയാല്‍ അതില്‍ പിടയുന്നത് പലതലകളായിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് മനസ്സിലായി. പോകേണ്ടി വന്നാല്‍ ഒറ്റയ്ക്കു പോകില്ലെന്നു മാണിയും ഭീഷണി മുഴക്കിയതോടെ ധനമന്ത്രിയെ സംരക്ഷിക്കുകയെന്നത് യുഡിഎഫിന്റെ തന്നെ രാഷ്ട്രീയാവിശ്യമായി.

മാണിക്കെതിരെ ഉണ്ടായിരുന്ന തെളിവുകള്‍ ശക്തമായവയായിരുന്നു. മാണി കാശുവാങ്ങുന്നതിന്റെ ഒളി കാമറ ദൃശ്യങ്ങള്‍ ബാറുടമകള്‍ പകര്‍ത്തിയിരുന്നു. മാണിയുടെ വീട്ടില്‍ വച്ച് കാശു കൈമാറിയെന്നും മാണിയുടെ ഭാര്യയാണ് കാശടങ്ങുന്ന പെട്ടി അകത്തുകൊണ്ടുപോയി വച്ചതെന്നും മാണിയുടെ വീട്ടില്‍ നോട്ട് എണ്ണുന്ന യന്ത്രമുണ്ടെന്നൊക്കെയുള്ള ആരോപണണങ്ങള്‍ ബാറുടമകളില്‍ നിന്ന് കേരളം ഏറ്റെടുത്തതോടെ ബാര്‍ കോഴ പുതിയ ദിശയിലേക്കുയര്‍ന്നു.

ബാര്‍ കോഴയില്‍ അന്വേഷണം നടത്താത്തെ രക്ഷയില്ലെന്ന അവസ്ഥയില്‍ കാര്യങ്ങളെത്തി. അവിടെയും സാമാന്യജനം പ്രതീക്ഷിച്ചത് പതിവ് അന്വേഷണ പ്രഹസനങ്ങളായിരുന്നു. എന്നാല്‍ വിജലന്‍സിന്റെ പ്രത്യേക അന്വേഷണസംഘം ഒന്നാം യൂണിറ്റ് എസ് പി സുകേശന്‍ ബാര്‍ക്കോഴയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ മാണിയെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തുള്ളതായിരുന്നു.കോഴ വാങ്ങല്‍, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കെ.എം.മാണിയെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം പ്രഥമദൃഷ്ട്യാ തെളിഞ്ഞെതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുറിച്ചു. ബിജു രമേശ് ഉള്‍പ്പടെ നാലു ബാര്‍ ഉടമകളുടെയും ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി എന്നിവരുടെ മൊഴികളും മാണിക്കെതിരെ നിര്‍ണായകമായി.

ഇതോടെ തനിക്കെതിരെ നടക്കുന്നത് മുന്നണിയില്‍ നിന്നു തന്നെയുള്ള കരുനീക്കങ്ങളാണെന്ന ആരോപണവുമായി മാണി രംഗത്തെത്തി. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ശാസന തന്നെ മാണി മുഖ്യമന്ത്രിക്കു മുന്നില്‍വച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി സമര്‍പ്പിച്ച ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുള്ള മാണിയുടെ ആവശ്യം അംഗീകരിക്കാതെ മുഖ്യമന്ത്രിക്ക് തരമില്ലായിരുന്നു. അഴിമതിക്ക് ആരും പിന്നിലല്ലാത്തൊരു മന്ത്രിസഭയുടെ അന്ത്യകൂദായ ചൊല്ലാന്‍ കെ എം മാണിക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. എന്നാല്‍ താന്‍ തന്നെ മുറിക്കിയ കുരുക്ക് മാണിയുടെ കഴുത്തില്‍ നിന്ന് അഴിക്കുക അത്ര എളുപ്പമല്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. ഇതിനിടയില്‍ വന്ന അരുവിക്കര തെരഞ്ഞെടുപ്പ് വിജയം മാണിയുടെ സംശുദ്ധിക്കു കൂടിയുള്ള വിധിയെഴുത്താണെന്നൊക്കെ പറഞ്ഞുനോക്കിയെങ്കിലും അത് തനിക്കു തന്നെയുള്ള കുഴി കുഴിക്കലായിരുന്നുവെന്ന് അതിബുദ്ധിമാനായ രാഷ്ട്രീയക്കാരന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് മനസ്സിലായതെന്നു തോന്നുന്നു. പിന്നെ കളി നടത്തിനോക്കിയത് ബാറുടമകളില്‍ ഒരുവിഭാഗത്തെ കൂടെ നിര്‍ത്തിയായിരുന്നു. അതൊക്കെ ജനത്തെ അത്രകണ്ട് വിലകുറച്ചു കണ്ടുകൊണ്ടുള്ള തന്ത്രങ്ങളായിരുന്നു. പിന്നെയുള്ള ചുവടുനീക്കം നിയമത്തിന്റെ കൈയില്‍ നിന്ന് മാണിയെ രക്ഷിച്ചെടുക്കുക എന്ന ഉത്തരവാദിത്വം മുഖ്യമന്ത്രി തന്റെ വിശ്വസ്തനായ വിന്‍സണ്‍ എം പോളിനെയാണ് ഏല്‍പ്പിക്കലായിരുന്നു. വിജലന്‍സില്‍ ഉണ്ടായിരുന്നു ‘കരട്’ ജേക്കബ് തോമസിനെ ആദ്യം അവിടെ നിന്ന് എടുത്തു മാറ്റി. പിന്നീട് വിന്‍സണ്‍ എം പോള്‍ നേരിട്ട് ഇടപെടലുകള്‍ നടത്തി. സുകേശന്റെ റിപ്പോര്‍ട്ടില്‍ പിശകുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ പറയുന്നതും തിരിത്തുയെഴുതിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതയില്‍ സമര്‍പ്പിക്കുന്നതും മാണിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അവിടെയാണ് കോടതി കൂട്ടയടി കൊടുത്തത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വിജിലന്‍സ് കോടതി ബാര്‍കോഴയില്‍ മാണിക്കു പങ്കുണ്ടെന്നു പരാമര്‍ശിച്ചുകൊണ്ട് കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. ഇതോടെ ഒട്ടൊന്ന് അടങ്ങിയെന്നു കരുതിയ ബാര്‍കോഴവിവാദം പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവന്നു. ഒരുവര്‍ഷത്തോളമായി പലതും പറഞ്ഞു തങ്ങളെ വിഡ്ഢികളാക്കിയവര്‍ക്ക് ജനം മറുപടി കൊടുത്തത് തങ്ങളുടെ പരമാധികാരം പുറത്തെടുത്തായിരുന്നു. അവിടെയും മാണി കൂസിയില്ല. യുഡിഎഫ് കേരളത്തിലാകമാനം തകര്‍ന്നപ്പോള്‍ പാലായില്‍ തന്റെ കേരള കോണ്‍ഗ്രസിനുണ്ടായ വിജയം ബാര്‍ കോഴയെ ജനം തള്ളിക്കളഞ്ഞതിന്റെ തെളിവാണെന്നു പറഞ്ഞ് ലഡു തിന്നു ആഘോഷിക്കാനായിരുന്നു മാണി ശ്രമിച്ചത്. എന്നാല്‍ ആ ആഘോഷത്തിന് വെറും രണ്ടുദിവസത്തെ ആയുസേ കാണൂ എന്ന് മാണി കരുതിക്കാണില്ല. 

ഇനിയിപ്പോള്‍ കെ എം മാണിക്ക് ഒരുദിവസത്തിനപ്പുറമൊന്നും മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ സാധിക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ കൈയില്‍ നിന്നൊക്കെ കളി വിട്ടുകഴിഞ്ഞു. സ്വന്തം കസേര സംരക്ഷിക്കാന്‍ കഴിയുമോ എന്നുമാത്രമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ചിന്തിക്കുന്നത്. ധാര്‍മികത എന്നൊന്ന് ഉണ്ടെങ്കില്‍ നാളെ ധനമന്ത്രിക്കൊപ്പം ഇറങ്ങിപ്പോകേണ്ടയാളാണ് മുഖ്യമന്ത്രിയും. പക്ഷെ പേര് ഉമ്മന്‍ ചാണ്ടി എന്നായതുകൊണ്ട് അതു സംഭവിക്കുമെന്നു തോന്നുന്നില്ല. പക്ഷേ മാണിയെ ഉമ്മന്‍ ചാണ്ടി ഭയന്നേ പറ്റൂ. ഇന്നൊരു രാത്രികൂടി മാണി മന്ത്രിയായി ഇരിക്കുന്നതും നാളെ പാര്‍ട്ടിയോഗത്തിനുശേഷം ബാക്കി കാര്യത്തില്‍ തീരുമാനം എന്നും പറയുമ്പോള്‍ ആ മനസ്സില്‍ പലതും ഉണ്ടെന്നു വ്യക്തം. കരിങ്കോഴിക്കല്‍ മാണി മാണി ചുമ്മാതങ്ങ് ഇറങ്ങിപ്പോകില്ല…മടിയില്‍ കനമുള്ളവരൊക്കെ പേടിക്കണം.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍