UPDATES

സാജു കൊമ്പന്‍

കാഴ്ചപ്പാട്

സാജു കൊമ്പന്‍

ന്യൂസ് അപ്ഡേറ്റ്സ്

നിയമസഭയുടെ അധികാരം പോലീസിന് അടിയറ വെക്കുമ്പോള്‍

നിയമസഭകളും പാര്‍ലമെന്റും കുറച്ചുകാലമായിട്ട് വമ്പന്‍ അഴിമതികളുടെ ചര്‍ച്ചകളുടെ വേദികളായി മാറുകയാണ്. ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നത് ഇന്ത്യന്‍ ജാനാധിപത്യ സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ജനാധിപത്യ വേദികള്‍ പണാധിപത്യത്തിന്റെയും അഴിമതിയുടെയും കേന്ദ്രങ്ങളായി മാറുമ്പോള്‍ അവിടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ലെങ്കിലാണ് ജനങ്ങളില്‍ നിന്ന് ചോദ്യം ഉയരുക. കഴിഞ്ഞ മാര്‍ച്ച് 13നു അത്തരമൊരു ചോദ്യം ചെയ്യലിന് കേരള നിയമസഭയും സാക്ഷ്യം വഹിച്ചു.

കേരളത്തിന്റെ ധനകാര്യ മന്ത്രി ശ്രീ കെ എം മാണി അടച്ചിട്ട ബാറുകള്‍ തുറക്കുന്നതിന് വേണ്ടി ബാര്‍ ഉടമകളില്‍ നിന്നും 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതില്‍ ഒരു കോടി രൂപ മൂന്നു ഘട്ടങ്ങളിലായി നല്കി എന്ന് ബാര്‍ ഉടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ മാധ്യമങ്ങളിലൂടെ പുറത്തു പറയുകയും തുടറ്ന്ന് സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് കേസെടുത്ത് 42 ദിവസത്തെ ക്വിക്ക് വേരിഫിക്കേഷന് ശേഷം സാഹചര്യ തെളിവുകളുടെയും രേഖാപരമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ മാണി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ചെയ്തു. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ കെ എം മാണിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് വിജിലന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിധേയമാകാന്‍ പോവുകയാണ്. അതോടൊപ്പം തന്നെ 2014-15 ബഡ്ജറ്റിന് മുന്നോടിയായി സ്വര്‍ണ്ണ വ്യാപാരികള്‍, ബേക്കറി ഉടമകള്‍, ക്വാറി ഉടമകള്‍ വസ്ത്ര വ്യാപാരികള്‍, കോഴി കച്ചവടക്കാര്‍  എന്നിവരെ വിളിച്ച് വരുത്തി നികുതി ഇളവ് കൊടുക്കുന്നതിന് അവരില്‍ നിന്നു കൊടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങി എന്ന് യു ഡി എഫിലെ കക്ഷി നേതാവായിരുന്ന ബാലകൃഷ്ണ പിള്ള പരസ്യമായി പറയുകയുണ്ടായി. അതിനര്‍ത്ഥം ബഡ്ജറ്റ് തന്നെ വിറ്റു കാശാക്കി എന്നാണ്. മൂന്നരക്കോടി മലയാളികളെയും വില്‍ക്കുന്നതിന് തുല്യമാണ് ഇത്. ഈ രണ്ട് ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മാണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നത്. പ്രതിപക്ഷം മാത്രമല്ല ചില യു ഡി എഫ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്നുള്ള ആവശ്യം ഉയര്‍ത്തുകയുണ്ടായി.

ഈ സാഹചര്യത്തിലാണ് ഇടതുപക്ഷ മുന്നണി യോഗം ചേര്‍ന്ന് കെ എം മാണി ഒരു കാരണവശാലും ബജറ്റ് അവതരിപ്പിക്കരുത് എന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് സമരവും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചത്. അതോടൊപ്പം തന്നെ ഗവര്‍ണ്ണറെ കണ്ട് മാണി ബജറ്റ് അവതരിപ്പിക്കുകുന്നതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 6നു ഗവര്‍ണ്ണര്‍ നിയമസഭയില്‍  നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് വേണ്ടി എത്തിയപ്പോള്‍ അഴിമതിക്കാരനായ മാണിയെ പുറത്താക്കണമെന്നും മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പാടില്ലെന്നും പ്രതിപക്ഷം ഗവര്‍ണറോട് ആവശ്യപ്പെടുകയുണ്ടായി. അതിനോട് ഗവര്‍ണ്ണര്‍ പ്രതികരിച്ചത് ‘I will consider your objection’ എന്നാണ്. മാണി അഴിമതിക്കാരനാണ് എന്നു ഒരു പരിധിവരെ ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടു എന്നാണ് ഈ മറുപടിയിലൂടെ നാം തിരിച്ചറിയേണ്ടത്. പിന്നീടുള്ള ദിവസങ്ങളിലും മാണിയുടെ രാജി, ബഡ്ജറ്റ് അവതരിപ്പിക്കാന്‍ പാടില്ല എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷം നിരന്തരം പ്രതിഷേധം നടത്തിക്കൊണ്ടിരുന്നു.

ഇത്തരം ഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുകയും മാണി തന്നെ ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് വെല്ലുവിളിക്കുകയുമാണ് ഭരണപക്ഷം ചെയ്തത്. ഇത്രയധികം അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന ഒരു മന്ത്രിയെക്കൊണ്ടുതന്നെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഗവണ്‍മെന്‍റ് തയ്യാറായതാണ് മാര്‍ച്ച് 13നു നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം. 12-ആം തീയതി തന്നെ നിയമസഭയില്‍ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. രാത്രിയിലും സമരം തുടര്‍ന്നു. ഈ സന്ദര്‍ഭത്തിലൊന്നും സമരം അവസാനിപ്പിക്കണോ സമവായം ഉണ്ടാക്കാനോ ഉള്ള ശ്രമങ്ങള്‍ ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല.

13-ആം തീയതി പ്രതിപക്ഷത്തെ വെല്ലുവിളിച്ചുകൊണ്ട് വലിയ രീതിയില്‍ വാച്ച് ആന്ഡ് വാര്‍ഡിനെ (പോലീസിനെ) വിന്യസിച്ചുകൊണ്ട് കെ എം മാണിയെ പ്രധാന കവാടത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നു വന്നത്. അതുകൊണ്ടുതന്നെ പ്രധാന കവാടത്തിലൂടെ മാണിക്ക് കയറിവരാന്‍ കഴിഞ്ഞില്ല. തിക്കിലും തിരക്കിലും പെട്ട് പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍ വീഴുകയും ചെറിയ പരിക്കുകള്‍ പറ്റുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് സ്പീക്കറുടെ ഡയസിലേക്ക് കയറാന്‍ പ്രതിപക്ഷത്തെ ചില അംഗങ്ങള്‍ നിര്‍ബന്ധിതരായത്. ഇത് സ്പീക്കര്‍ക്ക് ഡയസിലേക്ക് കടന്നു വരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കി. സാധാരണ വരാറുള്ള വഴിവിട്ട് സഭയിലൂടെ സ്പീക്കര്‍ ഡയസിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ അവിടെയും ചെറുത്തുനില്‍പ്പുണ്ടായി. സ്പീക്കര്‍ക്ക് വരാന്‍ പറ്റാത്ത സാഹചര്യം ഉണ്ടെന്ന് മനസിലാക്കി കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ സഭ നിര്‍ത്തി വെച്ച് സമവായത്തിന് ശ്രമിക്കേണ്ടതാണ്.

ഇതിനിടയിലാണ് വനിതാ എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആക്രമിക്കപ്പെടുന്നതും ഉന്തിലും തള്ളിലും പെട്ട് വീഴുന്നതും. ഇതോടെ സഭയിലെ അന്തരീക്ഷം ആകെ മാറുകയായിരുന്നു.  തോമസ് ഐസക്, എം എ ബേബി, സി ദിവാകരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തള്ളലില്‍പ്പെട്ട് നിലത്തു വീഴുന്ന സാഹചര്യം ഉണ്ടായി. 

ജനാധിപത്യ സംവിധാനങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് നാം സഭയില്‍ കണ്ടത്. അതിന് സ്പീക്കര്‍ കൂട്ടുനിന്നു എന്ന് സംശയിക്കത്തക്ക കാരണങ്ങള്‍ നിരവധിയാണ്. കെ എം മാണിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ സീറ്റ് മാറ്റിക്കൊടുക്കുക,കോളര്‍ മൈക്ക് ഉപയോഗിക്കാനുള്ള അനുമതി കൊടുക്കുക, സീറ്റ് മാറ്റുന്നത് പ്രതിപക്ഷ നേതാവിനെപ്പോലും അറിയിക്കാതിരിക്കുക. അവിടെയാണ് സ്പീക്കര്‍ ഭരണപക്ഷത്തിന്റെ നടത്തിപ്പുകാരനായി എന്ന് പ്രതിപക്ഷത്തിന് ആരോപിക്കേണ്ടി വന്നത്.

ബഹുഭൂരിപക്ഷം അംഗങ്ങളും അവരുടെ സീറ്റില്‍ അല്ലായിരുന്നു. അതുകൊണ്ട് ക്വാറം തികയാതെയാണ് സഭ നടത്തിയത് എന്ന് പറയുന്നതില്‍ ശരിയുണ്ട്. നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടില്ല. ആംഗ്യ ഭാഷയില്‍ ഇന്ന് വരെ ഒരുസഭയിലും ബഡ്ജറ്റ് അവതരിപ്പിച്ചതായി ചരിത്രം ഇല്ല. ഭക്ഷണ സാധങ്ങള്‍ വിതരണം ചെയ്യാനോ കഴിക്കാനോ പാടില്ല. മാത്രമല്ല ആദരണീയനായ മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മരിച്ചതിലുള്ള ദുഖാചരണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അട്ടഹാസവും ആഹ്ലാദവും ലഡുവിതരണവും നടത്തിയത് ശരിയാണോ?

അതുപോലെ തന്നെ സഭയില്‍ നടന്ന സംഭവങ്ങളുടെപേരില്‍ പ്രതിപക്ഷ എം എല്‍ എമാരുടെ പേരില്‍ മാത്രം തികച്ചും എകപക്ഷീയമായി നടപടി എടുക്കുകയാണ് സ്പീക്കര്‍ ചെയ്തത്. മുന്പ് ഒരു സന്ദര്‍ഭത്തില്‍ വാച്ച് ആന്ഡ് വാര്‍ഡിനെ തള്ളിയിട്ടു എന്നാരോപിച്ചിട്ടാണ് ടി വി രാജേഷ്, ജയിംസ് മാത്യു എന്നിവരെ സഭയില്‍ നിന്നു സസ്പന്‍ഡ് ചെയ്തത്. ഇത്തവണ തങ്ങള്‍ ആക്രമിക്കപ്പെട്ടു എന്ന് വനിതാ എം എല്‍ എ മാര്‍ പരാതി നല്‍കിയിട്ടും അത് പരിഗണിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. സഭയിലെ അംഗങ്ങളെ ശിക്ഷിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണ്. അതാണ് സ്പീക്കര്‍ പോലീസിന് അടിയറ വെച്ചത്. ജുഡീഷ്യറിയുടെയോ, എക്സിക്യൂട്ടീവിന്‍റെയോ മുന്‍പില്‍ ലെജിസ്ലേച്ചറിന്റെ അധികാരം അടിയറ വെക്കുന്നത് ലെജിസ്ലേച്ചറിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.

ഇപ്പോഴിതാ 29 ദിവസം ചേരാന്‍ തീരുമാനിച്ച സഭ വെറും 8 ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഇത് ഗവണ്‍മെന്‍റിന്റെ പിടിവാശി മൂലമാണ്. ഏറ്റവുമൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവെക്കില്ല എന്ന നിലപാടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാണിക്കിങ്ങനെ പറയാന്‍ ധൈര്യം ലഭിക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം മന്ത്രിസഭയിലെ പല അംഗങ്ങളും സമാനമായ ആരോപണങ്ങളുടെ നിഴലിലാണ് എന്നതാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. 

നിയമസഭയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണര്‍ എടുത്ത നിലപാടാണ് ഏറ്റവും ശ്രദ്ധേയം. ആര്‍ട്ടിക്കിള്‍ 356 ക്വോട്ട് ചെയ്യുന്ന നിലയിലേക്ക് സംസ്ഥാനത്തെ ഭരണം എത്തി എന്നുള്ളതാണ് ഗവര്‍ണ്ണറുടെ നിലപാടിന്‍റെ കാതല്‍. ഇത് പ്രതിപക്ഷത്തിനുള്ള വിമര്‍ശനമല്ല. ഭരണപക്ഷത്തിനേറ്റ അടിയാണ്. അതേ സമയം സഭയുടെ അധികാരത്തില്‍ കൈകടത്താതിരിക്കാനും ഗവര്‍ണ്ണര്‍ ശ്രദ്ധിച്ചു. ലെജിസ്ലേച്ചറില്‍ ഇടപെട്ടു എന്ന പെരുദോഷം ഉണ്ടാവാതിരിക്കാന്‍ ഗവര്‍ണ്ണര്‍ നിലപാട് സ്വീകരിച്ചു എന്നു വേണം  കരുതാന്‍. ഗവര്‍ണ്ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ ഈ സര്‍ക്കാരിന്റെ ധാര്‍മ്മികമായ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍