UPDATES

പി സുജാതന്‍

കാഴ്ചപ്പാട്

പി സുജാതന്‍

ന്യൂസ് അപ്ഡേറ്റ്സ്

മാണി മറച്ചുപിടിക്കുന്ന രഹസ്യങ്ങള്‍

നോവലിസ്റ്റ് കോവിലന്റെ ഇഷ്ടവിഷയങ്ങള്‍ ചരിത്രവും രാഷ്ട്രീയവും ആയിരുന്നു. ”എ മൈനസ് ബി” എന്ന് തന്റെ ഒരു കൃതിക്ക് പേരിട്ടെങ്കിലും ഗണിതശാസ്ത്രത്തോട് അദ്ദേഹത്തിന് തീരെ പ്രതിപത്തി ഉണ്ടായിരുന്നില്ല. കണക്കുപിഴച്ച ചരിത്രത്തിന്റെ രാഷ്ട്രീയമാണ് കോവിലന്റെ തട്ടകം. എ കോണ്‍ഗ്രസ്സുകാരനായ ഉമ്മന്‍ചാണ്ടിയോട് പിണങ്ങി ബി കേരള കോണ്‍ഗ്രസ്സുകാരന്‍ ബാലകൃഷ്ണപിള്ള മറുകണ്ടം ചാടിയത് കോവിലന്റെ നോവല്‍ വായിച്ചിട്ടൊന്നുമല്ല. എങ്കിലും യു.ഡി.എഫ്. രാഷ്ട്രീയത്തിലെ ‘എ മൈനസ് ബി’ പുതിയ സമവാക്യങ്ങളുടെ തുടക്കമാണ്.

അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പും പഞ്ചായത്ത് – നഗരസഭാ തെരഞ്ഞെടുപ്പുകളും നേരിടാന്‍ ഒരുങ്ങുന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ കണക്കുകൂട്ടലും കിഴിക്കലും നടക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അന്തമില്ലാത്ത അഴിമതി വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പ്രതിപക്ഷം ഏറ്റവും പ്രധാനപ്പെട്ട പ്രചരണായുധമാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കോഴ നേരിട്ടു വാങ്ങിയെന്ന് ആരോപണവും അന്വേഷണവും നേരിടുന്ന ധനമന്ത്രി കെ.എം. മാണിയെ ചുമലിലേറ്റി നടക്കുന്നത് ആപത്താണെന്ന വിചാരം കോണ്‍ഗ്രസ്സ് നേതൃത്വനിരയില്‍ പലര്‍ക്കുമുണ്ട്. കെ.പി.സി.സി. നിര്‍വാഹകസമിതി യോഗത്തില്‍ കോട്ടയം ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ടോമി കല്ലാനി ധനമന്ത്രിക്കെതിരെ തുറന്നടിച്ചത് വ്യക്തിവിരോധം കൊണ്ടൊന്നുമല്ല. കല്ലാനിയുടേത് ഒറ്റപ്പെട്ട ശബ്ദവുമായിരുന്നില്ല. വൈകുന്നേരങ്ങളിലെ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ ചെന്നിരുന്നു ചോദ്യങ്ങള്‍ക്കു മുന്നില്‍ അടിക്കടി ചൂളേണ്ടിവന്ന കോണ്‍ഗ്രസ്സ് വക്താവ് അജയ് തറയില്‍ കോഴക്കേസില്‍പ്പെട്ട മാണിയെ ന്യായീകരിക്കാന്‍ കഴിയാതെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് മുങ്ങിയത് ഒരു മാസം മുമ്പാണ്.

മന്ത്രി മാണിയുടെ ഐതിഹാസികമായ 13-ാം ബജറ്റ് അവതരണം കാണാന്‍ കോണ്‍ഗ്രസ്സ് എം.എല്‍.എ. പ്രതാപന്‍ നിയമസഭയില്‍ എത്തിയതുപോലുമില്ല. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ മാര്‍ച്ച് പതിമൂന്നാം തീയതി നിയമസഭയില്‍ നടന്ന കോലാഹലങ്ങളില്‍ നിന്നെല്ലാം മനഃപൂര്‍വ്വം മാറിനിന്നു. മാണിക്ക് രക്ഷാവലയം തീര്‍ക്കാന്‍ സാമാജികരുടെ ഭരണഘടനാ ബാധ്യതപോലും മറന്ന് ചില ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ അതിരുവിട്ട് പ്രവര്‍ത്തിച്ചപ്പോള്‍ ഇതിന്റെ ആവശ്യമെന്ത് എന്ന് സ്വയം ചോദിച്ച് പ്രത്യക്ഷപ്പെടാതിരുന്ന കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ വേറെയുമുണ്ട്. മുന്‍ മന്ത്രി പന്തളം സുധാകരന്‍ ഇപ്പോള്‍ സഭയില്‍ അംഗമല്ല. കെ.പി.സി.സിയുടെ വക്താക്കളില്‍ ഒരാളായ പന്തളം സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ എഴുതി തന്റെ അഭിപ്രായം പങ്കുവച്ചു. കെ.എം. മാണി ഇനി കുറച്ചുകാലം വിശ്രമിക്കണമെന്നും ധനവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും സുധാകരന്‍ നിര്‍ദ്ദേശിക്കുന്നു.

പ്രതിപക്ഷ നേതാക്കളായ അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും സി. ദിവാകരനും മറ്റും പറയുംപോലെ ”രാജിവച്ച് ഇറങ്ങിപ്പോകൂ മാണി” എന്ന് ഒരു കോണ്‍ഗ്രസ്സുകാരന് പറയാനാകില്ലല്ലോ. പക്ഷേ ധനവകുപ്പ് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചിട്ട് ഇനി കുറച്ചുകാലം വീട്ടില്‍പ്പോയി വിശ്രമിക്കൂ എന്ന് ഉപദേശിക്കുന്നതും പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെടുന്നതും ഫലത്തില്‍ ഒന്നുതന്നെയാണ്. കെ.എം. മാണി ഇനി അധികാരത്തില്‍ തുടരരുതെന്നാണ് രണ്ടിന്റെയും അര്‍ത്ഥം. യു.ഡി.എഫ്. നേതൃത്വത്തില്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ നിരവധി പേരുണ്ട്. കെ.എം. മാണിയുടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മൂന്ന് എം.എല്‍.എമാരെങ്കിലും കോഴക്കേസ് അന്വേഷണം കഴിയുംവരെ മാണി അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ മാണി ഒഴിയില്ല. ഇപ്പോള്‍ രാജിവച്ചിറങ്ങിയാല്‍ മാണിക്ക് പിന്നൊരു മടങ്ങിവരവുണ്ടാകില്ല. അക്കാര്യം മറ്റാരേക്കാളും നന്നായി കെ.എം. മാണിക്ക് അറിയാം. ഒരുകോടി രൂപയുടെ കോഴക്കേസില്‍ ഒന്നാം പ്രതിയായി എഫ്.ഐ.ആര്‍. ഉണ്ടായിട്ടും ധനമന്ത്രി എല്ലാ രാഷ്ട്രീയ ധര്‍മ്മങ്ങളും മറന്ന് ഹാസ്യനാടകം ആടുന്നത് അതുകൊണ്ടാണ്. കേരളത്തിന്റെ ധാര്‍മ്മിക മനഃസാക്ഷി കെ.എം. മാണിയോട് സഹതപിക്കുന്നുണ്ടാകണം. അര നൂറ്റാണ്ട് നീണ്ട പൊതുപ്രവര്‍ത്തന പാരമ്പര്യത്തിന്റെ മഹിമ മുഴുവന്‍ കളഞ്ഞുകുളിക്കാന്‍ എന്തെളുപ്പം! അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിച്ച ബാലകൃഷ്ണപിള്ളയുടെ പിന്‍ഗാമിയാകാന്‍ പോലും കെ.എം. മാണിക്ക് കഴിയാതെ വരുമെന്ന് അദ്ദേഹത്തോട് പറയാന്‍ ഒരു നല്ല സുഹൃത്തുപോലുമില്ലെന്നോ?

നിയമസഭയില്‍ ഒരുദിവസം നേരത്തെ എത്തി, രാത്രി അവിടെത്തന്നെ ഉറങ്ങി, വളരെ സാഹസപ്പെട്ടാണ് ധനമന്ത്രി തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിക്കാന്‍ തുനിഞ്ഞത്. സഭയില്‍ മധുരമുള്ള ലഡു അവതരിപ്പിച്ചശേഷം കൈപ്പുനിറഞ്ഞ വാര്‍ഷിക ബജറ്റ് മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വായിക്കുകയായിരുന്നു മന്ത്രി. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്ന ആഭാസങ്ങള്‍ നിയമസഭയില്‍ കണ്ടു. തലയില്‍ കൊഴുപ്പുമുറ്റിയ ഇത്തരം കോമാളികളെയാണല്ലോ ജനങ്ങള്‍ സ്വന്തം പ്രതിനിധികളായി തെരഞ്ഞെടുക്കുന്നത്. നമ്മുടെ ജനാധിപത്യ രാഷ്ട്രീയം നാള്‍ക്കുനാള്‍ നിലവാരത്തകര്‍ച്ച നേരിടുകയാണ്. രാഷ്ട്രീയം നിത്യ തൊഴിലാക്കിയവരാണ് കേരളത്തിലെ മന്ത്രിമാരും നിയമസഭാംഗങ്ങളും. ആ തൊഴിലിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. തെരുവ് ഗുണ്ടകളെപ്പോലെ സഭയില്‍ നിരവധി ക്യാമറയ്ക്കു മുന്നില്‍ തല്ലുകൂടാന്‍ മടിയില്ലാത്തവര്‍ക്ക് ജനങ്ങളെ തരുമ്പും ഭയമില്ല. ജനങ്ങളോട് ഉത്തരം പറയേണ്ടവരാണ് തങ്ങളെന്ന വിനയംപോലും പുലര്‍ത്താത്ത ദുഷ്പ്രഭുക്കളായി മാറിയ എം.എല്‍.എ. ഏതു പാര്‍ട്ടിയുടെ പ്രതിനിധിയായാലും വീണ്ടും നിയമസഭയില്‍ എത്താന്‍ ഇടവരരുത്. ജനങ്ങള്‍ അങ്ങനെ കര്‍ശനമായ ഒരു നിലപാട് എടുത്താല്‍ നിലവിലെ നിയമസഭയിലുള്ള രണ്ടു ഡസന്‍ അംഗങ്ങള്‍ വീണ്ടും നിയമസഭയുടെ അകത്തളം കാണാന്‍ സന്ദര്‍ശക പാസ് എടുക്കേണ്ടിവരും. പക്ഷേ നമ്മുടെ ജനങ്ങള്‍ രാഷ്ട്രീയമായി അത്രത്തോളം പക്വത കൈവരിച്ചിട്ടുണ്ടോ? സംശയമാണ്. മാവോസേതൂങ്ങ് പറഞ്ഞിട്ടുണ്ട്, ജനങ്ങള്‍ ശിശുക്കളെപ്പോലെ പാവങ്ങളാണെന്ന്. അവരുടെ നിഷ്‌ക്കളങ്കത കൗശലപൂര്‍വ്വം മുതലെടുക്കാന്‍ രാഷ്ട്രീയ തൊഴിലാളികള്‍ പഠിച്ചിരിക്കുന്നു.

സത്യവും ധര്‍മ്മവും വെടിഞ്ഞ മനുഷ്യനെ ക്രൂരസര്‍പ്പത്തെപ്പോലെ വെറുക്കണമെന്ന് എഴുത്തച്ഛന്‍ പറഞ്ഞത് പച്ചമലയാളത്തിലാണ്. ഭാഷയുടെ വളര്‍ത്തച്ഛന്റെ ആ വരികള്‍ പലതവണ പാരായണം ചെയ്തു ശീലമുള്ളവരാണ് നമ്മള്‍. എന്നിട്ടും സത്യധര്‍മ്മാദികള്‍ വെടിഞ്ഞവര്‍ ജനപ്രതിനിധികളും ഭരണാധികളും ആകുന്നതെന്തുകൊണ്ട്? നേതാക്കന്മാരുടെ മാറ്റുരച്ചു നോക്കി നല്ലവരെയും കൊള്ളരുതാത്തവരെയും വേര്‍തിരിച്ചെടുക്കുന്നതില്‍ കേരളത്തിലെ വോട്ടര്‍മാര്‍ പരാജയപ്പെട്ടുപോകുന്നു. അതുകൊണ്ട് നിരവധി കള്ളനാണയങ്ങള്‍ നമ്മുടെ മുന്നിലൂടെ നേതാക്കന്മാരായി വേഷംകെട്ടി നടക്കുന്നു. പാര്‍ട്ടിയുടെ കുറ്റിച്ചൂലും സംഘടിത ജാതിമത വിഭാഗങ്ങളുടെ ഏജന്റും സാമാന്യം നിരക്ഷരനും ആയാല്‍ ഒരു നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത തികഞ്ഞു എന്നാണ് പല കഥാപാത്രങ്ങളുടെയും വിചാരം. കക്ഷിരാഷ്ട്രീയത്തിലെ ഏതെങ്കിലും അറിയപ്പെടുന്ന ഒരു പ്രഭുവിന്റെ ഉത്തരീയം ആകാന്‍കൂടിക്കഴിഞ്ഞാല്‍ പിന്നെ അധികാരപ്പടവില്‍ ഈ കഥാപാത്രത്തിന് ഓടിക്കയറാം. ജനങ്ങള്‍ മാവോ പറഞ്ഞതുപോലെ ശിശുക്കളായിരിക്കുന്നിടത്തോളം ഇത്തരം ഏഴാംകൂലികളെ മാത്രമേ അവര്‍ക്ക് ഭരണാധികാരികളായി ലഭിക്കൂ. അതിനാല്‍ നേതാക്കന്മാരെ വിലയിരുത്താന്‍ ജനങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ താല്‍പ്പര്യങ്ങള്‍ വെടിഞ്ഞ് ജനങ്ങളെ അതിന് കൂടുതല്‍ പ്രാപ്തരാക്കേണ്ടിയിരിക്കുന്നു. ദുഷിച്ച നാവും വ്യാജ അധരങ്ങളും കറുത്ത കൈകളും നമ്മുടെ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്.

ഗുരുതരമായ കോഴവിവാദം നേരിടുന്ന മന്ത്രി കെ.എം. മാണിതന്നെ ഇക്കൊല്ലം വാര്‍ഷിക ധനകാര്യ ബജറ്റ് അവതരിപ്പിക്കണമെന്നത് വിലകുറഞ്ഞ രാഷ്ട്രീയവാശിയും ദുരഭിമാനവും ആയിരുന്നു. ആരോപണവിധേയനായ മന്ത്രി അധികാരത്തില്‍ നിന്ന് തല്‍ക്കാലം മാറി നിന്നാല്‍ കേരളത്തിന് ഒന്നും സംഭവിക്കില്ല. എന്നാല്‍ ദുരാരോപണം ശരിവയ്ക്കുന്നതുപോലാകും ആ നടപടിയെന്ന് ചിലര്‍ക്കു തോന്നാം. ആര്‍ക്കും ആര്‍ക്കെതിരെയും അഴിമതി ആരോപണം ഉന്നയിക്കാം. രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ക്ക് വഴങ്ങിയാല്‍ ഒരാള്‍ക്കും ഇവിടെ അധികാരത്തിലിരിക്കാന്‍ കഴിയാതെ വരുമെന്നും വാദിക്കാം. പക്ഷേ മന്ത്രി മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴവിവാദം യുക്തിസഹവും വിശ്വാസയോഗ്യവുമാണ്. അത് ഉന്നയിച്ച അബ്ക്കാരി കോണ്‍ട്രാക്ടര്‍ ഒരു രാഷ്ട്രീയ ഗൂഢാലോചനയില്‍ പങ്കാളിയല്ല. ബിജു രമേശിന് പ്രത്യക്ഷ രാഷ്ട്രീയമില്ല. ഒരു ബിസിനസ്സുകാരന്‍ ഭരണാധികാരിക്ക് കോഴ കോടുത്തെന്ന് പറയുന്നത് അസാധാരണ സംഭവമാണ്. കോഴ വാങ്ങുന്നതുപോലെ കുറ്റകരമാണ് കോഴ നല്‍കുന്നതും. ആരോപണം തെളിഞ്ഞാല്‍ ബിജു രമേശും പ്രതിയാകും. അത് അറിയാത്ത ഒരു മണ്ടനല്ല ബിജു രമേശ്. ആരോപണം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്കുപോലും സന്നദ്ധനായി വെല്ലുവിളിച്ച ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ തള്ളിക്കളയാനാകാത്തതുകൊണ്ടാണ് കെ.എം. മാണിക്കെതിരെ വിജിലന്‍സ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.

കെ.എം. മാണിയെപ്പോലെ കോഴ ആരോപണ വിധേയരായി വേറെയും മന്ത്രിമാരുണ്ട്. എന്നാല്‍ അവരുടെ പേരുകളൊന്നും ആധികാരികമായി ആരും വിളിച്ചുപറയുന്നില്ല. കോഴ നല്‍കിയവരും വാങ്ങിയവരും മിണ്ടുന്നില്ല.  അതിനാല്‍ മാണിക്കെതിരായ ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കേരള കോണ്‍ഗ്രസ്സ് (എം) നേതൃത്വം കരുതുന്നു. അതേപ്പറ്റി സി.എഫ്. തോമസ് കമ്മിറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ആ നിഗൂഢ വ്യക്തിയെ മാണിക്കും മറ്റുള്ളവര്‍ക്കും അറിയാമെന്നാണ് സൂചന. അപമാനം സഹിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാതെ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തിക്കൊണ്ട് ജനമധ്യത്ത് ഇറങ്ങുകയല്ലേ സമുന്നത നേതാവായ മാണി ചെയ്യേണ്ടത്. ജനാധിപത്യ വ്യവസ്ഥയുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അസുലഭമായ ഒരു അവസരമായി ഈ സന്ദര്‍ഭത്തെ അദ്ദേഹത്തിന് മാറ്റിയെടുക്കാം. വീഴ്ചകള്‍പോലും അവസരമാക്കുന്ന കലയാണ് രാഷ്ട്രീയം. ആ കലയില്‍ മികവുറ്റ ഒരു പ്രതിഭയാണ് കെ.എം. മാണിയെന്ന് എന്നെപ്പോലുള്ളവര്‍ കരുതിയിരുന്നു. ഒരു കോണ്‍ഗ്രസ്സ് നേതാവിന്റെ മുന്നില്‍ തോറ്റുകൊടുക്കുകയും ഒരു അബ്കാരിയുടെ മുന്നില്‍ നാണം കെടുകയും ചെയ്യുന്ന ദയനീയാവസ്ഥയില്‍ നിന്ന് മാണിക്ക് സ്വയം രക്ഷിക്കാനാവും. രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തിക്കൊണ്ട് ജനങ്ങളോട് അദ്ദേഹം തുറന്നു സംസാരിക്കട്ടെ. അദ്ദേഹത്തിന്റെ വീഴ്ചകള്‍ അപ്പോള്‍ ജനം പൊറുത്തെന്നു വരും. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുകയും ചെയ്യും.

പി സുജാതന്‍

പി സുജാതന്‍

കേരള പത്രപ്രവര്ത്തലന രംഗത്തെ പ്രമുഖ വ്യക്തിത്വമായ പി സുജാതന്‍ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനും കാര്ട്ടൂ ണിസ്റ്റുമാണ്. കേരള കൌമുദി, കലാകൌമുദി, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. കലാകൌമുദിയില്‍ എഴുതിയ രാഷ്ട്രീയ ലേഖനങ്ങള്‍ ഏറെ ശ്രദ്ധേയം.

More Posts

Follow Author:
TwitterFacebookLinkedInGoogle PlusYouTube

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍