UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കടിച്ചു തൂങ്ങി മാണി, ഒടുവില്‍ പ്രതിരോധം തകര്‍ന്ന് പുറത്തേക്ക്‌

അഴിമുഖം പ്രതിനിധി

ബാര്‍കോഴ കേസില്‍ തുടരന്വേഷണം ആകാമെന്ന വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയും പ്രതി മന്ത്രി സ്ഥാനത്ത് തുടരുന്നുവെന്ന് കോടതി പരാമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണി രാജിവയ്ക്കണം എന്ന ആവശ്യം ശക്തമായിട്ടും മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ മാണി പരാമവധി ശ്രമിച്ചു. കോടതിയില്‍ നിന്ന് തനിക്കെതിരെ വ്യക്തിപരമായും പ്രതികൂലമായും പരാമര്‍ശങ്ങള്‍ ഇല്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ് മാണി പ്രതിരോധിച്ചത്. ഈ വിധി വന്നത് മുതല്‍ രാജി വയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റിയില്‍ സമ്മതിക്കുന്നത് വരെ 24 മണിക്കൂറോളം കേരളത്തെ ആകാംഷയുടെ മുള്‍മുനയില്‍ കെ എം മാണി നിര്‍ത്തുകയായിരുന്നു.

മാണി രാജിവച്ചാല്‍ കൂടെ സര്‍ക്കാരിനേയും വീഴ്ത്തുമെന്ന ഭീഷണിയും കേരള കോണ്‍ഗ്രസ് (എം) മാണി വിഭാഗം നേതാക്കന്‍മാര്‍ ഉയര്‍ത്തിയിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് പിസി ജോര്‍ജ് അടക്കം ഒമ്പത് എംഎല്‍എമാരാണുണ്ടായത്. ഇതില്‍ ഏറെക്കാലമായി ബാര്‍ കോഴ വിഷയത്തില്‍ മാണിയുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്തേക്കുള്ള വഴിയില്‍ നിന്നിരുന്ന പിസി ജോര്‍ജ്ജ് ഇന്ന് രാവിലെ രാജിവച്ചിരുന്നു. ബാക്കിയുള്ളതില്‍ എട്ട് പേരില്‍ മാണിയടക്കം അഞ്ചു പേര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്. പിജെ ജോസഫും മറ്റു രണ്ട് എംഎല്‍മാരും മാണി രാജി വയ്ക്കണമെന്നും എന്നാല്‍ തങ്ങള്‍ രാജിവയ്ക്കില്ലെന്നുമുള്ള നിലപാട് സ്വീകരിച്ചു. മോന്‍സ് ജോസഫും ടിയു കുരുവിളയുമാണ് ജോസഫിന് പിന്തുണയുമായി നിന്നത്. ഇത് കേരള കോണ്‍ഗ്രസിനെ മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കുമെന്ന അവസ്ഥയിലേക്കും നയിച്ചു.

അഞ്ച് എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും പിന്തുണ പിന്‍വലിക്കുമെന്നുമുള്ള ഭീഷണി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കോണ്‍ഗ്രസും മറ്റു ഘടകകക്ഷികളും മാണിയുടെ രാജിക്ക് വേണ്ടിയുള്ള ആവശ്യത്തില്‍ നിന്ന് പിന്‍മാറുമെന്നായിരുന്നു മാണി വിഭാഗം കരുതിയത്. രാജി വയ്ക്കില്ലെന്ന് മാണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കുകയും ചെയ്തു. താന്‍ രാജിവയ്ക്കുകയാണെങ്കില്‍ സര്‍ക്കാരും രാജി വയ്ക്കട്ടെ എന്ന നിലപാടാണ് മാണി സ്വീകരിച്ചത്. ഇതേതുടര്‍ന്ന് യുഡിഎഫിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഘടകകക്ഷി നേതാക്കളും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. സര്‍ക്കാര്‍ വീഴുന്നെങ്കില്‍ വീഴട്ടെ എന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്.

ഇന്ന് രാവിലെ യുഡിഎഫിന്റെ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ പങ്കെടുക്കാതെ മാറി നിന്നതിനാല്‍ യോഗം മുടങ്ങിയിരുന്നു. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം മാണിയുടെ ഔദ്യോഗിക വസതിയില്‍ ചേരുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയാണ് ഇവിടെ നടന്നത്. കോടതി വിധിയെ കുറിച്ച് നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയിട്ടാണ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടില്‍ മാണി എത്തിയിരുന്നത്. താന്‍ തെറ്റുകാരനല്ലെന്ന് അദ്ദേഹം വാദിച്ചു. സുപ്രീംകോടതിയ സമീപിക്കണമെന്നും അദ്ദേഹം പാര്‍ട്ടി നേതാക്കന്‍മാരോട് പറഞ്ഞിരുന്നു. യോഗത്തില്‍ സിഎഫ് തോമസ് മാണിയെ അനുകൂലിച്ചാണ് സംസാരിച്ചത്. എന്നാല്‍ മാണിക്ക് ശേഷം സംസാരിച്ച മോന്‍സ് ജോസഫ് മാണി രാജിവയ്ക്കണമെന്ന പിജെ ജോസഫ് ഗ്രൂപ്പിന്റെ അഭിപ്രായം യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയ്ക്കിടെ രാജി മാണിവയ്ക്കണമെന്ന യുഡിഎഫിന്റെ ആവശ്യം അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫോണ്‍ സന്ദേശവും എത്തിയിരുന്നു.

ബാര്‍ കോഴ വിഷയത്തില്‍ മാണി, ജോസഫ് ഗ്രൂപ്പുകള്‍ക്കിടയില്‍ നിലനിന്നിരുന്ന കനത്ത അഭിപ്രായ വ്യത്യാസം വെളിവാക്കുംവിധമായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചത്. പുറമേക്ക് പിജെ ജോസഫ് മാണിക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിച്ചിരുന്നത് എങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായ വ്യത്യാസം പറയാതെ പറയുന്ന രീതിയാണ് അവലംബിച്ചിരുന്നത്. തനിക്കൊപ്പം എല്ലാവരും രാജി വയ്ക്കണമെന്ന് മാണി യോഗത്തില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് പുറമേക്ക് കാണിക്കുന്നതിന് വേണ്ടിയാണ് എല്ലാവരും രാജി വയ്ക്കണമെന്ന തന്ത്രം മാണി സ്വീകരിച്ചത്. ജോസ് കെ മാണിയും ഈ ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍ തങ്ങള്‍ മന്ത്രിസ്ഥാനം അടക്കമുള്ളവ രാജിവയ്ക്കില്ലെന്ന് ജോസഫും കൂട്ടരും പറഞ്ഞു. ഇതേ തുടര്‍ന്ന് യോഗത്തില്‍ തര്‍ക്കം ഉണ്ടായി. സിഎഫ് തോമസ് തനിക്ക് പകരം പാര്‍ട്ടിയുടെ പ്രതിനിധിയായി ധന മന്ത്രിയാകണം എന്ന ആവശ്യവും മാണി മുന്നോട്ടു വച്ചിരുന്നു. ഒരു മന്ത്രി രാജിവച്ചാല്‍ പിന്നീട് ഒരു മന്ത്രി ചുമതലയേറ്റെടുക്കും വരെ ആ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. വകുപ്പ് ആരെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. ധന വകുപ്പ് കേരള കോണ്‍ഗ്രസിന് തിരികെ കിട്ടണമെന്നില്ല. അതിനാലാണ് സിഎഫ് തോമസിനെ ധനമന്ത്രിയാക്കണം എന്ന ആവശ്യം മാണി സ്വീകരിച്ചത്. എന്‍ ജയരാജിന്റെ പേരും പരിഗണനയിലുണ്ട്. സെക്യുലര്‍ പാര്‍ട്ടിയാണ് തങ്ങളുടേത് എന്ന് കാണിക്കാന്‍ ജയരാജിനെ മന്ത്രിയാക്കണം എന്ന് ചില കേരളാ കോണ്‍ഗ്രസ് എം നേതാക്കള്‍ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് വിപ്പ് സ്ഥാനം തോമസ് ഉണ്യാടന്‍ രാജിവയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഇതിനിടെ മാണിക്ക് അന്ത്യശാസനം നല്‍കി കൊണ്ട് യുഡിഎഫിന്റെ സന്ദേശവും എത്തി. സ്വമേധയാ രാജി വയ്ക്കാന്‍ ഒരു ദിവസം കൂടി നല്‍കുകയും രാജി ഉണ്ടായില്ലെങ്കില്‍ രാജി ആവശ്യപ്പെടാനും യുഡിഎഫ് തീരുമാനിച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും മാണി രാജി വയ്ക്കാന്‍ തയ്യാറാകാതെ ഇരുന്നതിനെ തുടര്‍ന്നാണ് അന്ത്യശാസനം നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനിടെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും മാണിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

കോടതി വിധി വന്നത് മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയ മാണിയുടെ രാജി ഇന്ന് മറ്റു ഘടകകക്ഷിയുടെ നേതാക്കളും ഉന്നയിച്ചു. മാണിയുടെ രാജിക്കാര്യത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് തയ്യാറായതുമില്ല. ഘടകകക്ഷികളെ പിണക്കാനാകില്ലെന്ന വികാരവും സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്നിരുന്നു.തിരുവനന്തപുരത്ത് നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മാണി രാജിവയ്ക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം കിട്ടിയത്. എന്നാല്‍ രാജിയില്ലെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നെങ്കിലും സ്ഥിതി ഗതികള്‍ പഴയതുപോലെ അല്ലെന്നും കോടതിയുടെ പരാമര്‍ശം ഗുരുതരമാണെന്നും നേതാക്കള്‍ മാണിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് രാജി എന്ന തീരുമാനത്തിലേക്ക് അദ്ദേഹം എത്തിയത്. ഔദ്യോഗിക പ്രഖ്യാപനം എപ്പോള്‍ എന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ.. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍