UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സസ്‌പെന്‍സിലായ മലയോര മാര്‍ക്‌സിന്റെ രാജി

Avatar

കെ എ ആന്റണി

കാലാകാലം കരിംകോഴയ്ക്കല്‍ മാണിയെന്ന കെഎം മാണി ഒരു വലിയ പ്രസ്ഥാനമാണ്. സ്വന്തം തറവാട്ട് പേരില്‍ തന്നെ ഒരു കോഴ ചുവയുണ്ടെങ്കിലും പാലാക്കാരുടെ കുഞ്ഞുമാണിയായി രാഷ്ട്രീയത്തില്‍ വന്ന് പതുക്കെ പതുക്കെ പാലാക്കാരുടെ മാത്രമല്ല ഭരണ, പ്രതിപക്ഷ ഭേദമെന്യേ സകല നിയമസഭാ സാമാജികരുടേയും മാണി സാറായി മാറിയ ഇമ്മിണി വലിയ ആള്‍. വിശേഷണങ്ങള്‍ ഏറെയാണ് മാണിക്ക്. എന്നിട്ടും ഇപ്പോള്‍ ഒട്ടും നിനച്ചിരിക്കാതെ ഒരു കോഴക്കേസില്‍ കുടുങ്ങി വല്ലാത്തൊരു പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്നു മലയോര കര്‍ഷകരുടെ ഈ കാറല്‍ മാര്‍ക്‌സ്. ഇതിനെ കേരള രാഷ്ട്രീയത്തിലെ ഒരു വന്‍മരത്തിന്റെ പതനമായോ തന്ത്രശാലിയായ ഒരു പെരുംങ്കള്ളന്റെ അനിവാര്യമായ അന്ത്യമായോ ആളുകള്‍ വിലയിരുത്തിയേക്കാം. ആരൊക്കെ എങ്ങനെയൊക്കെ ഈ ദുരന്ത നാടകത്തെ വിലയിരുത്തിയാലും അടിസ്ഥാന വര്‍ഗ സിദ്ധാന്തത്തെ മലയോര നസ്രാണി കര്‍ഷകന് മനസിലാകുന്ന ഭാഷയില്‍ മാറ്റിയെഴുതിയ മാണി സ്വപ്‌നത്തില്‍പോലും ഇത്തരത്തില്‍ ഒരു ഊരാക്കുടുക്ക് പ്രതീക്ഷിച്ചിരിക്കാന്‍ ഇടയില്ല.

പാര്‍ട്ടിയെ ഏറെ പിളര്‍ത്തിയും വളര്‍ത്തിയും അഞ്ച് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ചു നിന്ന മാണി തന്നെയായിരുന്നു വളരുന്തോറും പിളരും പിളരുന്തോറും വളരും എന്ന ഏറെ പുതുമയാര്‍ന്ന രാഷ്ട്രീയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും. പൂര്‍ണമായി എന്ന് പറയാന്‍ ആയിട്ടില്ലെങ്കിലും ആദ്യമായി മാണി ഒരു അഴിമതി കേസില്‍ കുടുങ്ങിയിരിക്കുന്നു. മുമ്പും പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്തു നിന്നും അഴിമതി ആരോപണങ്ങള്‍ മാണിക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊക്കെ ഒതുക്കേണ്ടവരെ ഒതുക്കിയും പിടിക്കേണ്ടവരെ പിടിച്ചും മാണി പിടിച്ചു നിന്നു. പാര്‍ട്ടി പലതവണ പിളര്‍ന്നപ്പോഴും മാണി തലയുയര്‍ത്തി പിടിച്ച് നടന്നു. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഫണ്ട് റോഡിന്റേയും കുളങ്ങളുടേയും രൂപത്തില്‍ തങ്ങളുടെ വീടുകളിലേക്കും നാട്ടിലേക്കും ഒഴുകിയെത്തിയിരുന്നതിനാല്‍ ഓരോ പിളര്‍പ്പിലും മാണിക്കൊപ്പം ധാരാളം പേര്‍ നിന്നു.

പണ്ടൊക്കെ മാണിക്ക് എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ താരതമ്യേന ചെറുതായിരുന്നു. എന്നാല്‍ ഒട്ടുംനിനച്ചിരിക്കാതെ വന്ന് പെട്ട ബാര്‍ കോഴക്കേസ് ആകട്ടെ മാണിയെ മാത്രമല്ല, ഇത്രയും കാലം മാണിയെ സംരക്ഷിച്ചു നിര്‍ത്തിയ ഉമ്മന്‍ചാണ്ടിക്കും യുഡിഎഫ് സര്‍ക്കാരിനും തന്നെ വലിയ ഭീഷണി ആയിരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിന് കളമൊരുക്കിയത് ആകട്ടെ ബാര്‍ പ്രശ്‌നത്തില്‍ സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍ചാണ്ടി കാണിച്ച എടുത്തുചാട്ടവും കേരളത്തിലെ ബാറുകള്‍ പൂട്ടുന്നതിന്റെ ക്രഡിറ്റ് സുധീരന്‍ ഒറ്റയ്ക്ക് കൊണ്ടുപോകേണ്ട എന്ന ചിന്തയാണ് മുഴുവന്‍ ബാറുകളും ഒറ്റയടിക്ക് പൂട്ടാനുള്ള തീരുമാനം എടുക്കാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം ആകട്ടെ കുടുക്കിലാക്കിയത് മാണിയേയും.

ആദ്യഘട്ടത്തില്‍ പൂട്ടിപ്പോയ ബാറുകള്‍ തുറന്ന് കിട്ടുന്നതിന് വേണ്ടി മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശിന്റെ ആരോപണം തുടക്കത്തില്‍ അത്ര ക്ലച്ച് പിടിച്ചിരുന്നില്ല. എന്നാല്‍ മാണിക്കുവേണ്ടി വിജിലന്‍സ് അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണം സജ്ജീവമാകുകയും കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിടുകയും ചെയ്തതോടെ സംഗതി കൊഴുത്തു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് എതിരായി വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശം നീക്കി കിട്ടാന്‍ വിജിലന്‍സ് വകുപ്പ് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി തുടരന്വേഷണം അനുവദിക്കുകയും അന്വേഷണം നടക്കുമ്പോള്‍ നിയമകാര്യ മന്ത്രി കൂടിയായ മാണി തല്‍സ്ഥാനത്ത് തുടരുന്നതില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ യുഡിഎഫില്‍ നിന്ന് തന്നെ മാണിയുടെ രാജിക്കായുള്ള മുറവിളി ശക്തമാകുകയായിരുന്നു.

എന്നിട്ടും സാങ്കേതികത്വം പറഞ്ഞ് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് മാണി. താന്‍ രാജിവയ്ക്കുന്നുവെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്ന ആവശ്യമാണ് മാണി ഉന്നയിക്കുന്നത്. സത്യത്തില്‍ ഉമ്മന്‍ചാണ്ടിയെ ശരിക്കും സമ്മര്‍ദ്ദത്തില്‍ ആക്കിയിരിക്കുന്നു.

കെഎംമാണിയുടെ തൃപ്പൂണിത്തുറയിലുള്ള മകളുടെ വസതിക്ക് മുന്നില്‍ ഇന്നലെ ഹൈക്കോടതി വിധി വന്നശേഷം തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ചാനല്‍ ദൃശ്യങ്ങള്‍ പെട്ടെന്ന് മനസിലേക്ക് കൊണ്ടു വന്നത് പ്രശസ്തമായ രണ്ടു നാടകങ്ങളും ഒരു യഥാര്‍ത്ഥ രാഷ്ട്രീയ വേട്ടയാടലിനെ കുറിച്ചുള്ള ഓര്‍മ്മകളുമായിരുന്നു. നാടകങ്ങളിലൊന്ന് ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസറും മറ്റേത് ഇബ്സന്‍റെ ജനശത്രുവുമാണ്. യഥാര്‍ത്ഥ രാഷ്ട്രീയ വേട്ടയാടല്‍ ആകട്ടെ മേലേറ്റ് വീട്ടില്‍ രാഘവന്‍ എന്ന എംവിആറിന്റെ ജീവിതവുമായി ബന്ധപ്പെട്ടത്. ഷേക്‌സ്പിയറിന്റേയൊ ഇബ്‌സന്റേയോ പ്രത്യക്ഷപ്പെടുന്ന ആള്‍ക്കൂട്ടത്തിന്റെ ക്രോധവും ശൗര്യവുമൊന്നും ഇന്നലെ മാണിയുടെ രാജി ആവശ്യപ്പെട്ട് എത്തിയ ആള്‍ക്കാരില്‍ കണ്ടില്ല. കൂത്തുപറമ്പ് വെടിവയ്പ്പില്‍ അഞ്ച് ഡിവൈഎഫ്‌ഐക്കാര്‍ മരിച്ചതിന് തൊട്ടുപിന്നാലേയും അതിന്‌ ശേഷവും എംവിആറിനെ വേട്ടയാടിയ ജനക്കൂട്ടത്തിന്റെ കണ്ണിലെ പ്രതികാര ജ്വാലയും ഇന്നലെ കണ്ടവരുടെ കണ്ണുകളില്‍ ഉണ്ടായിരുന്നില്ല. ഇത് ഒരുപക്ഷേ തടിച്ചു കൂടിയവരില്‍ അധികവും സിപിഐഎംകാരോ സിപിഐഎം അനുകൂല സംഘടനകളില്‍പ്പെട്ടവരോ ആയിരുന്നതിനാലാകാം. അല്ലെങ്കില്‍ തന്നെ കുറച്ചുകാലം മാണി സിപിഐഎമ്മിന്റെ നല്ല പുസ്തകത്തില്‍ ആയിരുന്നുവല്ലോ. കഴിഞ്ഞ വര്‍ഷം പാലക്കാട്ട് നടന്ന സിപിഐഎം പാര്‍ട്ടി പ്ലീനത്തിലും മാണി പ്രത്യേക ക്ഷണിതാവായിരുന്നു.

ബാര്‍ കോഴ കേസ് പോലെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്ന് വരുന്ന വിമത ശബ്ദങ്ങളും മാണിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കന്നിയങ്കത്തില്‍ പരാജയം നുണഞ്ഞ ഓമനപുത്രന്റെ രാഷ്ട്രീയ ഭാവി കണക്കിലെടുത്താണ് പിജെ ജോസഫിനേയും പിസി ജോര്‍ജ്ജിനേയും ഒക്കെ കൂടെ കൂട്ടി പാര്‍ട്ടി വിപുലീകരിച്ചത്. ബാര്‍ കോഴ കേസില്‍ മാണിക്ക് എതിരെ തിരിഞ്ഞ പിസി ഒരു വഴിക്ക് ആയെങ്കിലും ജോസഫ് ഗ്രൂപ്പുകാരെ മാണി ഇപ്പോഴും വല്ലാതെ ഭയക്കുന്നുണ്ട്.

പെട്ടെന്നങ്ങ് രാജി വച്ച് ഒഴിഞ്ഞാല്‍ കേസിന്റെ വിധി പൂര്‍ണമായും തനിക്ക് എതിരാകുമെന്ന ഭയം മാത്രമല്ല കടിച്ചു തൂങ്ങാന്‍ മാണിയെ പ്രേരിപ്പിക്കുന്നത് തന്റേയും മകന്റേയും രാഷ്ട്രീയ ഭാവി തന്നെയാണ് മാണിയെ ഏറെ ഭയചകിതനാക്കുന്നത്.

രാഷ്ട്രീയ നൈതികതയില്‍ അല്‍പ്പമെങ്കിലും വിശ്വാസം ഉണ്ടായിരുന്നുവെങ്കില്‍ ബാര്‍ കോഴ കേസില്‍ നൂറ്റൊന്ന് വട്ടം അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് പറയുന്ന മാണി ഇതിന് അകം തന്നെ രാജിവയ്ക്കുമായിരുന്നു. അതുണ്ടാകില്ലെന്ന് മാണി തന്നെ ആവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോള്‍ രാജി ഇനിയെപ്പോള്‍ എന്ന ആ വലിയ ചോദ്യം അവശേഷിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍