UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സോളാര്‍ വഴിയേ ബാറും; ഇവരുടെ ഒത്തുതീര്‍പ്പുകള്‍ക്ക് നമ്മള്‍ നല്‍കുന്ന വില

Avatar

ശരത്കുമാര്‍

സോളാര്‍ അഴിമതിയുടെ അതേ വിധി തന്നെയാണ് ബാര്‍ കോഴ വിവാദത്തിനും സംഭവിക്കാന്‍ പോകുന്നതെന്ന സൂചനകളാണ് ഇന്നലത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ കളികളില്‍ എളുപ്പം പരിഹരിക്കപ്പെടാവുന്ന പ്രശ്‌നങ്ങളായി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകള്‍ മാറുമ്പോള്‍, സമാനതകളില്ലാത്ത വിധത്തിലുള്ള മൂല്യച്യൂതിയാണ് നമ്മുടെ ദൈനംദിന, പ്രായോഗിക രാഷ്ട്രീയത്തെ ബാധിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നത് ആദ്യമായല്ല. പക്ഷെ നേരിട്ടുള്ള അഴിമതി ആരോപണത്തെ പോലും അതിവിദഗ്ധമായി മറികടക്കുന്ന രാഷ്ട്രീയ, ഭരണ ഗൂഢാലോചനകളുടെ ഇന്നത്തെ പോലൊരു കാലം നമ്മുടെ രാഷ്ട്രീയത്തില്‍ ഇതിന് മുമ്പ് ചൂണ്ടിക്കാണിക്കാന്‍ ആവില്ല. ഒരു തരം ധാര്‍മികതയും സാമാന്യമര്യാദയും ഇല്ലാത്ത വിധത്തില്‍, കാര്യങ്ങളെ പരസ്യമായി ഒതുക്കി തീര്‍ക്കുന്ന ഈ രാഷ്ട്രീയ ബുദ്ധികേന്ദ്രങ്ങള്‍ അത്ഭുതകരമായ അരാഷ്ട്രീയതയാണ് ഈ സമൂഹത്തില്‍ സൃഷ്ടിക്കുന്നതെന്ന് നമ്മള്‍ ജനങ്ങളെങ്കിലും വിസ്മരിക്കരുത്. ഇരുളടഞ്ഞ ഒരു ഭാവികാലത്തിന്റെ ചുട്ടികുത്തലിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും.

ഇരുളടഞ്ഞ ഈ യാഥാര്‍ത്ഥ്യത്തിലേക്ക് ആദ്യം നമ്മുടെ കണ്ണ് തുറപ്പിച്ചത് സോളാര്‍ കാല വിവാദങ്ങളായിരുന്നു. എന്നാല്‍ നിരവധി കോടതികളുടെ കടുത്ത വിമര്‍ശനങ്ങളെ പോലും ഗൗനിക്കാതെ, ഇടനിലക്കാര്‍ വഴി നടത്തിയ ഇടപെടലുകളിലൂടെ സര്‍ക്കാരിനെ ഒരു കോട്ടവുമില്ലാതെ സംരക്ഷിക്കാന്‍ ഈ കുബുദ്ധികേന്ദ്രങ്ങള്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെ കടം കയറി കുത്തുപാളയെടുത്ത്, നിരവധി കേസുകളില്‍ പെട്ടുഴറി ജയിലില്‍ കിടന്ന ഒരു പ്രതിക്ക് മിക്ക കടങ്ങളും മടക്കി കൊടുത്ത് ഭൂരിപക്ഷം കേസുകളില്‍ നിന്നും മോചനം നേടാനായി. ഈ കാശ് എവിടെ നിന്നും വന്നുവെന്നോ, അല്ലെങ്കില്‍ ഇതിന്റെ ഉറവിടം എവിടെയാണെന്നോ ആരും അന്വേഷിച്ചില്ല. ഒരു പ്രതിപക്ഷവും അത്തരം ഒരാവശ്യം ഉന്നയിച്ചില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചും അന്നത്തെ ആഭ്യന്തരമന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇടപെടലിനെ കുറിച്ചും മുന്‍ കേന്ദ്രമന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കമ്മീഷന്‍ ഇന്നലെ ഉത്തരവിട്ടത് ഒരു പക്ഷെ കേസിനെ കൂടുതല്‍ സുതാര്യമാക്കാന്‍ സഹായിച്ചേക്കും എന്നത് മാത്രമാണ് ഒരു ആശ്വാസം. 

 

ഇത് പോലെ ഒരു കോടതി വിധിയുണ്ടായില്ലെങ്കില്‍ ബാര്‍ അഴിമതിയും എങ്ങുമെത്താതെ പോകുമെന്ന് നിലയാണ് ഇന്നലത്തെ ബാര്‍ ഉടമകളുടെ നിലപാടോടെ പുറത്ത് വന്നിരിക്കുന്നത്. ഒരു സമ്മര്‍ദതന്ത്രത്തിലൂടെ തങ്ങളുടെ കാര്യം നടത്തുക എന്ന ലക്ഷ്യം ബാര്‍ ഉടമകള്‍ക്ക് ഉണ്ടാവേണ്ട കാര്യമില്ല. അതേ സമയം കോഴ കഥകള്‍ പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ, ആ സമ്മര്‍ദതന്ത്രത്തില്‍ പെട്ട മന്ത്രിസഭാംഗങ്ങള്‍ക്ക് രക്ഷപ്പെടുകയും വേണം. സ്വഭാവികമായും ഒത്തുതീര്‍പ്പുകള്‍ സംഭവിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. ആ ഒത്തുതീര്‍പ്പുകള്‍ക്ക് ഒരു ജനസമൂഹം നല്‍കുന്ന വിലയെന്താണെന്നറിയാന്‍ കുറച്ചു നാള്‍ കാത്തിരിക്കേണ്ടി വരും. ഏതായാലും ഒരു കാര്യമെങ്കിലും സമൂഹമധ്യത്തില്‍ വ്യക്തമാക്കാന്‍ ഈ വിവാദം സഹായിച്ചിട്ടുണ്ട്. ഒട്ടും ആദര്‍ശപൂരിതമായിരുന്നില്ല മദ്യ നിരോധനം എന്ന തീരുമാനമെന്നും വൃത്തികെട്ട ഗ്രൂപ്പ് കളികളും താന്‍പോരിമയും മാത്രമല്ല, അഴിമതിയ്ക്കുള്ള പഴുതുകള്‍ കണ്ടെത്താനുള്ള രാഷ്ട്രീയ കുബുദ്ധിയും ഇതിന്റെ പിന്നിലുണ്ടായിരുന്നു എന്ന് ഇപ്പോഴത്തെ വിവാദങ്ങള്‍ വ്യക്തമാക്കുന്നു. ഒരു ജനതയുടെ മൊത്തം ആരോഗ്യത്തെയും ഭാവി തലമുറകളുടെ ജീവിതരീതികളെയും ആഴത്തില്‍ ബാധിക്കുന്ന ഒരു തീരുമാനമാണ് തങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഓര്‍ക്കാനുള്ള ചരിത്രബോധമോ സാമാന്യ ബുദ്ധിയോ നമ്മുടെ നേതാക്കള്‍ക്ക് ഇല്ലാതെ പോകുന്നത് എന്താണ്? അല്ലെങ്കിലും ഇത് രണ്ടും ഉണ്ടായിരുന്നെങ്കില്‍ ഇവര്‍ ഈ നായ്‌ക്കോലം കെട്ടി ആടില്ലായിരുന്നല്ലോ? ‘യഥാ പ്രജാ തഥാ രാജ’ എന്ന കണക്കില്‍ ആലോചിച്ചാല്‍ മലയാളികള്‍ ഇവരെക്കാള്‍ നല്ല നേതാക്കളെ അര്‍ഹിക്കുന്നില്ല. അടിയന്തിരാവസ്ഥയുടെ സകല ദൂഷ്യങ്ങളും അനുഭവിച്ചതിന് ശേഷവും ഇന്ദിര ഗാന്ധിയുടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ചെടുത്ത ‘പ്രബുദ്ധരായ’ വോട്ടര്‍മാരാണ് നമ്മള്‍!

ഭരണപക്ഷത്തിനെ മാത്രമായി കുറ്റം പറയുന്നതിലും അര്‍ത്ഥമില്ല. സോളാര്‍ കേസു മുതല്‍ ഇങ്ങോട്ട് ഈ സര്‍ക്കാരിനെയും മുമ്പെങ്ങുമില്ലാത്ത വിധം അഴിമതിയുടെ കറപുരണ്ട അതിന്റെ മന്ത്രിമാരെയും എങ്ങനെ രക്ഷിച്ചെടുക്കാം എന്ന് മാത്രമാണ് അവര്‍ ആലോചിക്കുന്നത്. അല്ലെങ്കില്‍ സിപിഎം പോലെ ഒരു പാര്‍ട്ടി മുഖ്യമന്ത്രി രാജി വയ്ക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയുന്ന ഒരു സമര പരിപാടി ആലോചിക്കുമോ? ഇത്രയും ആരോപണങ്ങള്‍ നേരിട്ട ഒരു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ബെന്നറ്റ് പി എബ്രഹാം തുടങ്ങിയ സര്‍വസമ്മതരും ജനപ്രിയരുമായ പ്രതിഭകളെ സ്ഥാനാര്‍ത്ഥികളാക്കി രംഗത്തിറക്കുമോ? സെക്രട്ടേറിയേറ്റ് സമരം ഒത്തുതീര്‍പ്പാക്കിയതിന്റെ ഫോര്‍മുലകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങള്‍ സിപിഐയിലെ പടലപ്പിണക്കങ്ങള്‍ കാരണം പുറത്ത് വന്നു. അതിലും ഗംഭീരമാണ് ബാര്‍ കോഴ വിവാദത്തെ പ്രതിപക്ഷം നേരിടുന്ന രീതി. ഭരണപക്ഷത്തെ വെട്ടിലാക്കാന്‍ തളികയിലെന്ന പോലെ വച്ച് നീട്ടപ്പെട്ട അവസരം കണ്ട ഭാവം നടിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല.

ആദ്യം വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് എഴുതി നല്‍കുന്നു. സര്‍ക്കാരിന് പരമ സന്തോഷം. നമ്മുടെ വിജിലന്‍സ്, നമുക്കെതിരെയുള്ള ആരോപണം, വെട്ടെടാ തടി എന്ന നിലയില്‍ അപ്പോള്‍ തന്നെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ സിബിഐ വരട്ടെ എന്നായി പ്രതിപക്ഷ നേതാവ്. പക്ഷെ അതിനെ പാര്‍ട്ടി സെക്രട്ടറി നേരിട്ട് എതിര്‍ത്തു. എന്നിട്ട് ഇന്ത്യയില്‍ കേട്ടുകേള്‍വി ഇല്ലാത്ത ഒരു അന്വേഷണ ആവശ്യം മുന്നോട്ട് വച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം പോലും. എം വി ജയരാജന്‍ ഉള്‍പ്പെടുന്ന സംസ്ഥാന കമ്മിറ്റിക്ക് കോടതിയോട് പെട്ടെന്നൊരു ബഹുമാനം എന്ന തമാശ മാത്രമല്ല ഇതില്‍. ഒരു അഴിമതി ആരോപണം അങ്ങനെ അന്വേഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയിലെ ഏത് നിയമമാണ് അനുശാസിക്കുന്നതെന്ന് അറിയില്ല. ചില കേസുകള്‍ കോടതി സ്വമേധയ ഏറ്റെടുത്ത് അന്വേഷണ സംഘത്തെ നിയമിച്ചതായി അറിയാം. ഉദാഹരണത്തിന് വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ളത്. അതും സര്‍ക്കാരിന്റെ കീഴില്‍ അന്വേഷണം നീതിപരമായല്ല നടക്കുന്നത് എന്ന് ബോധ്യം വന്നതിന് ശേഷം. അല്ലാതെ ഒരു ആരോപണം ഉയരുമ്പോള്‍ സര്‍ക്കാരിന് കോടതിയോട് ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ച് അതിന് മേല്‍നോട്ടം നല്‍കാന്‍ ആവശ്യപ്പെടാന്‍ വകുപ്പുണ്ടോ എന്ന ചോദ്യം ആരെയും അലട്ടുന്നില്ല.

ഏതായാലും പേയ്‌മെന്റ് സീറ്റ് വിവാദത്തില്‍ ഒന്നുലഞ്ഞ് നിന്ന സിപിഐ മാത്രം ഏകകണ്ഠമായ ആവശ്യം ഉന്നയിച്ചു. ജുഡീഷ്യല്‍ അന്വേഷണം. അതാവുമ്പോള്‍ ജഡ്ജിയെ കിട്ടില്ല. പ്രത്യേകിച്ചും സിറ്റിംഗ് ജഡ്ജിയെ. പിന്നെ വല്ല റിട്ടേര്‍ഡ് ജഡ്ജി വന്ന് എന്തെങ്കിലും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയാലും അത് വേണമെങ്കില്‍, സൗകര്യം പോലെ ഒക്കെ അംഗീകരിച്ചാല്‍ മതി. പത്ര സമ്മേളനത്തില്‍ ചില്ലറ പാരയല്ല പന്ന്യന്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന് വച്ചു കൊടുത്തത്. മാണിയും ഒരു കോണിയും ഇടത് മുന്നണിക്ക് വേണ്ട എന്ന കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. കാരണം, മാണി ഇടതു മുന്നണിയിലേക്ക് വരികയും ഒരു കൊല്ലത്തേക്ക് മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ വിഎസിന്റെ ചീട്ടിനൊപ്പം കീറുന്നത് സിപിഐയുടെ മുന്നണിയിലെ രണ്ടാം സ്ഥാനകുത്തകയാണല്ലോ. അപ്പോള്‍ ഒരു കരുതല്‍ നേരത്തെ എടുക്കുന്നത് നല്ലതാണ്.

മന്ത്രിസഭ മറിച്ചിടും എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നു. വിഎസ് പ്രതിപക്ഷ നേതാവായിരിക്കുന്നിടത്തോളം അങ്ങനെ ഒരു സ്വപ്നം ഇടത് മുന്നണി എന്ന മലര്‍പ്പൊടിക്കാരന്‍ പോലും നെയ്യില്ല. പിന്നയല്ലെ എങ്ങിനെയെങ്കിലും പൂട്ടിയ ബാര്‍ ഒന്ന് തുറപ്പിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ബാര്‍ ഉടമകള്‍. അപ്പോള്‍ അങ്ങനെ ഒരു പ്രതിസന്ധി തല്‍ക്കാലം ഉദിക്കുന്നില്ല. അതുകൊണ്ട് തന്നെ പത്ത് പുത്തനുണ്ടാക്കാനുള്ള പുതിയ വാതായനങ്ങള്‍ അടയുന്നുമില്ല. കേരളം പോലെ ജനസാന്ദ്രമായ ഒരു സംസ്ഥാനത്ത് ദേശീയ പാത 45 മീറ്റര്‍ ആക്കാനുള്ള സുവര്‍ണ അവസരമാണ് വന്നിരിക്കുന്നത്. ചില്ലറ സാധ്യതകളാണോ അതുമൂലം തുറക്കുന്നത്? അതൊന്നും പറഞ്ഞാല്‍ ജനത്തിന് മനസിലാവില്ല.

ഇനി ആകെ ഒരു സാധ്യത ബിജെപിക്കാണ്. ഇതുവരെ ശര്‍ക്കര കുടത്തില്‍ കൈയിട്ടുവരാന്‍ അവരെ കേരള ജനത അനുവദിച്ചിട്ടില്ല. പക്ഷെ, ഈ ഇടത്, വലത് മുന്നണികള്‍ ചേര്‍ന്ന് ജനത്തെ കൊണ്ട് ആ കടുംകൈ ചെയ്യിക്കുമെന്നാണ് ഇരു മുന്നണിയിലെയും ഇപ്പോഴത്തെ പ്രതിഭാധനരായ നേതാക്കളുടെ ചെയ്തികള്‍ നല്‍കുന്ന സൂചന. ഇത് വരെ വോട്ട് കച്ചവടത്തിന്റെ ചില്ലറ സാധ്യതകളില്‍ മാത്രമായിരുന്നു അവരുടെ പ്രതീക്ഷകള്‍. ഇനി തുറന്ന ആകാശത്തിന്റെ മേഘപടലങ്ങളിലേക്ക് അവര്‍ക്കും പറക്കാന്‍ സാധിച്ചാല്‍ കേരള ജനതയുടെ ‘ഭാവി’ ധന്യമാവും. ഏതായാലും യദ്യൂരപ്പയെ പോലുള്ള പ്രതിഭശാലികള്‍ ഇവിടുത്തെ ബിജെപിയില്‍ ഉണ്ടോ എന്ന് മാത്രമേ അറിയാനുള്ളൂ.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍