UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിക്കിം മുതല്‍ അമേരിക്ക വരെ; കേരളത്തിലെ ഐപിഎസുകാരുടെ ടൂറിന് പിന്നിലെ ഗുട്ടന്‍സ്

Avatar

പി കെ ശ്യാം

ധനമന്ത്രി കെ.എം.മാണി ആരോപണ വിധേയനായ മുപ്പതുകോടിയിലേറെ രൂപയുടെ കോഴക്കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെത്തി നിൽക്കവേ കേസിന്റെ മേൽനോട്ട ചുമതലയുള്ള വിജിലൻസ് ഡയറക്‌ടർ വിൻസൺ എം പോൾ സിക്കിമിലേക്ക് വിനോദയാത്ര പോവാൻ അവധിയിൽ പ്രവേശിക്കുന്നത് സമ്മർദ്ദം താങ്ങാനാവാതെയാണ്. മന്ത്രിമാരുടെ ഓഫീസ്, ചീഫ് സെക്രട്ടറി, ഉന്നത രാഷ്ട്രീയക്കാർ തുടങ്ങി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുവരെ വിൻസൺ എം പോളിന്റെ ഫോണിലേക്ക് വിളികളെത്തുന്നു.

അടുത്തിടെ വിരമിച്ച ഒരു ഉദ്യോഗസ്ഥൻ കേന്ദ്രത്തിൽ ഭേദപ്പെട്ടൊരു തസ്‌തിക തരപ്പെടുത്തിയെടുക്കാൻ ഡൽഹിയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിൻസൺ പോളിനെ വിളിച്ചത്. നൂറുകണക്കിന് ശുപാർശാ ഫോൺ വിളികളാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിക്കുന്നത്. ഇതിൽ മനസുമടുത്താണ് വർഷാന്ത്യത്തിൽ ലഭിക്കുന്ന ലീവ്  ട്രാവൽ കൺസഷൻ അവധി നേരത്തേയെടുത്ത് ഫെബ്രുവരി 4 മുതൽ 16 വരെ വിൻസൺ പോൾ കേരളം വിടുന്നത്. പോളിന്റെ അവധി അപേക്ഷ പൊതുഭരണവകുപ്പ് കൈയ്യോടെ അംഗീകരിക്കുകയായിരുന്നു. കോഴയിടപാടിനെക്കുറിച്ച് ചർച്ചചെയ്യുന്ന ബാറുടമകളുടെ യോഗത്തിന്റെ ശബ്‌ദരേഖ ബാർഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജുരമേശ് പുറത്തുവിട്ടപ്പോൾ മുതലാണ് വിൻസൺ പോളിനുമേൽ കടുത്ത സമ്മർദ്ദം തുടങ്ങിയത്. ബാറുടമകളെ സ്വാധീനിച്ച് മൊഴി അനുകൂലമാക്കാനുള്ള ശ്രമം ഒരു ഘട്ടംവരെ വിജയിച്ചപ്പോഴായിരുന്നു ഓർക്കാപ്പുറത്തുള്ള ബിജുവിന്റെ അടി.

മാണിക്ക് പലപ്പോഴായി ആരാണ് പണം നൽകിയത്, എവിടെ വച്ചാണ് നൽകിയത് തുടങ്ങിയ വിശദവിവരങ്ങൾ അവരവർ തന്നെ സംസാരിക്കുന്ന വിധത്തിലുള്ള ശബ്‌ദരേഖ മാണിക്ക് കനത്തതിരിച്ചടിയായിരുന്നു. കോഴ കൊടുക്കാനല്ല, സഹായമഭ്യർത്ഥിച്ചാണ് മാണിയെ വീട്ടിൽപോയി കണ്ടതെന്ന് മൊഴികൊടുത്ത ബാറുടമകളെ വിജിലൻസ് വീണ്ടും വിളിച്ചുവരുത്താൻ തുടങ്ങിയപ്പോഴാണ് കളിമാറിയത്. രണ്ടാമത്തെ തെളിവെടുപ്പിൽ ബാറുടമകളുടെ ശബ്‌ദവും വീഡിയോയുമെല്ലാം വിജിലൻസ് രേഖപ്പെടുത്താൻ തുടങ്ങി. ബാറുടമകൾ പറയുന്നത് രേഖപ്പെടുത്തുകയെന്നതല്ലാതെ ഒരു ചോദ്യംചോദിക്കുക പോലും വിജിലൻസ് ചെയ്‌തിരുന്നില്ല. എന്നിട്ടും രണ്ട് പ്രമുഖ ബാറുടമകളുടെ മൊഴിയെടുപ്പ് കഴിഞ്ഞപ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിജിലൻസിന് കണക്കറ്റ ശകാരമാണ് കിട്ടിയത്. ബാറുടമകളെ ഏഴുമണിക്കൂർ ബുദ്ധിമുട്ടിച്ചെന്നും മാനസികമായി തകർത്തുവെന്നുമൊക്കെയായി കുറ്റപ്പെടുത്തലുകൾ. കോഴക്കണക്കുകളുടെ തെളിവുകൾ കിട്ടിയതോടെ ബാറുടമകളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുക്കാൻ വിജിലൻസ് ശ്രമിച്ചുവെങ്കിലും തടയപ്പെട്ടു. പിരിച്ചവരുടേയും പിരിവുനൽകിയവരുടേയും തുടങ്ങി കടംവാങ്ങിയവരുടെ വരെ വീടുകളിൽ ഉടനടി റെയ്ഡ് നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെങ്കിലും ഓവർസ്‌മാർട്ടാകേണ്ടെന്നായിരുന്നു മറുപടി. വിജിലൻസിന് നടത്താൻ കഴിയാതെ പോയ റെയ്‌ഡുകളാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി കേന്ദ്രആദായനികുതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

മന്ത്രി കെ.എം.മാണി, ഭാര്യ കുട്ടിയമ്മ, മക്കൾ, മരുമക്കൾ, ഉറ്റബന്ധുക്കൾ, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങൾ തുടങ്ങി ഇരുപതോളം പേരുടെ അക്കൗണ്ടുകളും ലോക്കറുകളും മരവിപ്പിക്കാനും ബാങ്കിടപാട് രേഖകൾ പരിശോധിക്കാനുമുള്ള വിജിലൻസിന്റെ ശ്രമവും തുടക്കത്തിലേ തടയപ്പെട്ടു. ചുരുക്കത്തിൽ ശാസ്ത്രീയമായി കേസന്വേഷിക്കാനും വിലപ്പെട്ട രേഖകൾ ശേഖരിക്കാനും വിൻസൺ പോളിന്റെ വിജിലൻസ് സംഘത്തിന് അവസരം നഷ്‌ടപ്പെട്ടു. ഇതിനെല്ലാം പുറമേയാണ് തലസ്ഥാനത്തെ വമ്പൻ ഫ്ലാറ്റ് തട്ടിപ്പുകേസിൽ ഒരു പ്രമുഖ ഉദ്യോഗസ്ഥനെ രക്ഷപെടുത്തിയെടുക്കാൻ ഭരണനേതൃത്വത്തിൽ നിന്ന് സമ്മർദ്ദമുണ്ടായത്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കുറ്റങ്ങൾ എണ്ണിപ്പറഞ്ഞ് അഡി.ഡയറക്ടർ ഡോ.ജേക്കബ്തോമസ് നൽകിയ റിപ്പോർട്ട് ലോകായുക്ത പൂർണമായി പരിഗണിക്കാതിരുന്നിട്ടും ഒരു എതിർവാക്കു പോലും പറയരുതെന്നായിരുന്നു വിജിലൻസ് മേധാവിക്ക് കിട്ടിയ നിർദ്ദേശം. ജനുവരി 31ന് ഉന്നത ഉദ്യോഗസ്ഥൻ വിരമിക്കുന്നതുവരെ അദ്ദേഹത്തിനെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ ചോദ്യംചെയ്യാൻ നോട്ടീസയയ്ക്കുകയോ ചെയ്യരുതെന്നായിരുന്നു മറ്റൊരു ശുപാർശ. ഇക്കാര്യം ഉറപ്പാക്കാനാണ് ഉന്നത ഉദ്യോഗസ്ഥൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിൻസൺ പോളിനെ വിളിച്ചത്. രാഷ്ട്രീയക്കാരുടേയും ഉന്നതഉദ്യോഗസ്ഥരുടേയും എല്ലാ സമ്മർദ്ദങ്ങൾക്കും വിൻസൺ പോൾ മനസില്ലാമനസോടെ തലകുനിച്ചുവെന്നുവേണം ബാർകോഴക്കേസിന്റെ അന്വേഷണ പുരോഗതി കാണുമ്പോൾ മനസിലാവുന്നത്. ബാറുടമകളുടെ മൊഴിരേഖപ്പെടുത്തുന്നത് പോലും ഇതുവരെ പൂർത്തിയായിട്ടില്ല. കോഴയിടപാടിന്റെ ശബ്‌ദരേഖ കൈയ്യിൽകിട്ടി മൂന്നാഴ്‌ചയോളമായിട്ടും ഒരിടത്തുപോലും റെയ്ഡ‌് നടത്താൻ വിജിലൻസിനായിട്ടില്ല. കോഴയിടപാടിന്റെ രേഖകളെല്ലാം ആദായനികുതി വകുപ്പിന് കൈമാറിയയുടനെയാണ് വിൻസൺ പോൾ അവധിയിൽ പോകുന്നത്. 

വിൻസൺ പോളിന് പകരക്കാരനായി ചുമതല നൽകേണ്ട മുതിർന്ന എ.ഡി.ജി.പി ജേക്കബ്തോമസും ഫെബ്രുവരി 14 മുതൽ അവധിയിൽ പോവുകയാണ്.  ജേക്കബ്തോമസ് അമേരിക്കയിലേക്കാണ് പോവുന്നത്. ബാർകോഴക്കേസിൽ ക്വിക്ക് വേരിഫിക്കേഷൻ നടത്തി മാണിക്കെതിരേ പ്രഥമദൃഷ്‌ട്യാ കേസെടുക്കാനാവുമെന്ന് കണ്ടെത്തിയത് ജേക്കബ് തോമസായിരുന്നു. വിജിലൻസ് ലീഗൽ അഡ്വൈസറുടെ നിയമോപദേശപ്രകാരം മാണിക്കെതിരെ കേസെടുക്കേണ്ടെന്ന സർക്കാർ നിലപാടിലേക്ക് വിൻസൺ പോൾ ഒതുങ്ങിയപ്പോഴും കേസെടുത്തേ മതിയാവൂ എന്ന് ശാഠ്യംപിടിച്ചത് ജേക്കബ് തോമസായിരുന്നു.  ബാർകോഴക്കേസിലും ഐ.എ.എസ് ഉന്നതർ പ്രതികളായ ഭൂമിയിടപാടിലും കേസന്വേഷണത്തിന്റെ ഏകോപനം വഹിക്കുന്ന അഡി.ഡി.ജി.പി ജേക്കബ് തോമസിനെ ഫയർഫോഴ്സ് മേധാവിയാക്കി വിജിലൻസിൽ നിന്ന് തെറിപ്പിക്കാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കം. നിലവിൽ ഫയർഫോഴ്സ് കമാൻഡന്റ് ജനറലായ പി.ചന്ദ്രശേഖരനെ പുതുതായി രൂപീകരിക്കുന്ന ദേവസ്വംബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനാക്കി ഡി.ജി.പി റാങ്കിൽ ഒഴിവുണ്ടാക്കുകയും ആ ഒഴിവിലേക്ക് ജേക്കബ് തോമസിനെ നിയമിക്കാനുമാണ് തീരുമാനം. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ നടപടികൾ ഉടനടി പൂർത്തിയാക്കാനാണ് ധാരണ. കമ്മ്യൂണിറ്റി പൊലീസ് ഡി.ജി.പി ഡോ.എം.എൻ.കൃഷ്‌ണമൂർത്തി ഫെബ്രുവരിയിൽ വിരമിക്കുമ്പോൾ ശുപാർശാപട്ടികയിലെ ആദ്യപേരുകാരനായ ജേക്കബ് തോമസിന് സ്ഥാനക്കയറ്റം ലഭിക്കും. രണ്ട് ഡി.ജി.പിമാരെ വിജിലൻസിൽ ഉൾപ്പെടുത്താനാവില്ലെന്ന പേരുപറഞ്ഞ് ജേക്കബ് തോമസിനെ തെറിപ്പിക്കാനാണ് ആലോചന. ജേക്കബ് തോമസിന് 2020വരെ കാലാവധിയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍