UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ: നെല്ലും പതിരും

മദ്യം വിഷമാണ്; മദ്യപിക്കുന്നവര്‍ക്ക്. മദ്യം വിഷയമാണ്; മദ്യം വില്‍ക്കുന്നവര്‍ക്ക്. മദ്യപണം ആസക്തിയാണ്; രാഷ്ട്രീയക്കാര്‍ക്ക്.

മദ്യം ബോധം കെടുത്തുന്നത് മദ്യപാനിയെയാണ്. വില്‍ക്കുന്നവനേയും വില്‍പ്പന നിയന്ത്രിക്കുന്നവനേയും അല്ല. അവര്‍ ജാഗരൂകരാണ്. ഒരമ്മ പെറ്റ മക്കളെപ്പോലെയാണവര്‍.

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് വാങ്ങുന്ന മദ്യം വില്‍ക്കുന്നതിലൂടെയല്ല മദ്യകച്ചവടക്കാരന്റെ യഥാര്‍ത്ഥ ലാഭം വരുന്നത്. അത് സെക്കന്റ്‌സ് കച്ചവടത്തിലൂടെയാണ്. സെക്കന്റ്‌സ് കച്ചവടത്തിലൂടെയുള്ള നിയമവിരുദ്ധമായ കൊള്ളലാഭത്തിലൂടെയാണ് മദ്യമുതലാളിമാര്‍ രാഷ്ട്രീയക്കാരിലൂടെ സംസ്ഥാനം ഭരിയ്ക്കുന്നത്.

ബിവറേജസിലൂടെയല്ലാതെ മദ്യകമ്പനികള്‍ നേരിട്ട് ബാറുകള്‍ക്ക് നല്‍കുന്ന മദ്യമാണ് സെക്കന്റ്‌സ്. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇത് സെക്കന്റ് അല്ല. എന്നാല്‍ ബിവറേജസില്‍  നിന്നു വാങ്ങുന്ന മദ്യത്തിന്റെയും സെക്കന്റ്‌സിന്റെയും വിലകള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന ലാഭത്തിന്റെ എത്രയോ ഇരട്ടിയാണ് സെക്കന്റ്‌സ് വില്‍പ്പനയിലൂടെ ബാറുടമകള്‍ക്ക് ലഭിക്കുന്ന ലാഭം. ഇത് കള്ളപ്പണമാണ്. രാഷ്ട്രീയക്കാരും മദ്യക്കച്ചവടക്കാരും മദ്യ ഉല്‍പ്പാദകരും വീതിച്ചെടുക്കുന്നത് ഈ കള്ളപ്പണമാണ്.

അതുകൊണ്ടുതന്നെ, സെക്കന്റ്‌സ് കച്ചവടം ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ഏജന്‍സികളും, സെക്കന്റ്‌സ് ഇല്ലെങ്കില്‍ പിന്നെന്തു കച്ചവടം എന്നുചോദിക്കുന്ന മദ്യക്കച്ചവടക്കാരും ഇരുവരേയും പ്രീണിപ്പിച്ചു നിര്‍ത്തുന്ന മദ്യമുതലാളിമാരും ഒരുമിച്ച് ചേര്‍ന്ന് സെക്കന്റ്‌സ് മദ്യപന്‍മാര്‍ക്ക് വില്‍ക്കും.

 

 

കൂട്ടുകച്ചവടക്കാര്‍ പരസ്പരം സഹായിച്ചു മുന്നേറിയ കഥയായിരുന്നു നാളിതുവരെ മദ്യചരിതം. എന്നാല്‍, ഇന്നവര്‍ തമ്മില്‍ ക്രോസ് ബ്ലാക്ക് മെയിലിംഗ് നടത്തുന്നു. തികഞ്ഞ പ്രൊഫഷണലിസത്തോടെ നടത്തുന്ന ഈ ബ്ലാക്ക്‌മെയിലിംഗ് ആയുധം ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും ഘടകകക്ഷികള്‍ തമ്മിലും ചില പാര്‍ട്ടികള്‍ക്കുള്ളിലും വിദഗ്ധമായി ഉപയോഗിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.

അതങ്ങനെയാണ്. മദ്യം നാവിലൂടെയും അന്നനാളത്തിലൂടെയും കടന്ന് പിറന്ന ശരീരത്തിന്റെ ഓരോ കോശത്തിലും എത്തുന്നു. അപ്പോഴാണ് ശരീരം തളരുന്നത്, നാവ് കുഴയുന്നത്. പിന്നെ പുലഭ്യം പറച്ചിലും വെല്ലുവിളിയുമായി. പിന്നെ ശര്‍ദ്ദിയ്ക്കും. ആ ശര്‍ദ്ദിലില്‍ തന്നെ തലവച്ചുറങ്ങും. അടുത്ത ദിവസം ഫ്രഷ് ആയി പുറത്തിറങ്ങും. തലേനാളത്തെ ചെയ്തികളെല്ലാം മറക്കും. ഇന്നലെ കുറച്ച് ഓവര്‍ ആയി. അത്ര തന്നെ. ഓവര്‍ ആകുമ്പോള്‍ ആരെയും കണ്ണടച്ച് പുലഭ്യം പറയാനുള്ള ലൈസന്‍സ് എല്ലാ മദ്യപാനികള്‍ക്കും സമൂഹം പണ്ടുപണ്ടേ നല്‍കിയിട്ടുണ്ട്.

ഇതേ അവസ്ഥയിലാണ് ഇന്ന് കേരള സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മദ്യകച്ചവടക്കാരും. നാവു കുഴങ്ങിത്തുടങ്ങി. തെറിവിളിയും തുടങ്ങി. ഇനി ശര്‍ദ്ദിയ്ക്കും. പിന്നെ, ബോധം കെട്ട് ഉറങ്ങും. ഉണരുമ്പോള്‍ ഫ്രഷ് ആയിരിക്കും. എല്ലാം പഴയതുപോലെ. സുഗമമായി.

കെ.പി.സി.സി. പ്രസിഡന്റായി സുധീരന്‍ വന്നതോടെയാണ് സുഗമമായി ഒഴുകിക്കൊണ്ടിരുന്ന  മദ്യസംസ്‌കാരത്തില്‍ തടയിണകള്‍ ഉയര്‍ന്നത്. ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ വളര്‍ന്ന സുധീരന്‍ ഗ്രൂപ്പിനതീതനായ് വളര്‍ന്നു. എല്ലാ ഗ്രൂപ്പുകള്‍ക്കും അനഭിമതനായിട്ടും സുധീരനെ കെ.പി.സി.സി. പ്രസിഡന്റാക്കാനാണ് ഹൈക്കമാന്റ് തീരുമാനിച്ചത്. കേരളത്തില്‍ ഇനി ഗ്രൂപ്പില്ല എന്ന്‘മദാമ്മ’ നേരിട്ടു വന്നു പറഞ്ഞതോടെ സുധീരന്റെ ശബ്ദം ഹൈക്കമാന്‍ഡിന്റെ ശബ്ദമായി മാറി. അല്ലെങ്കില്‍, അങ്ങനെയാണെന്ന് പലരും കരുതി.

നിലവാരമില്ലാത്ത 418 ബാറുകള്‍ തുറക്കേണ്ട എന്ന സുധീരന്റെ നിലപാട് ഉമ്മന്‍ചാണ്ടിക്ക് അംഗീകരിക്കേണ്ടി വന്നു. അത് സുധീര വിജയം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നിലംപരിശായില്ലായിരുന്നെങ്കില്‍ സുധീരന് കരുത്തേറിയേനെ. സുധീരന്‍ ഉമ്മന്‍ചാണ്ടിയേനെ വെട്ടിവീഴ്ത്തിയേനെ. വിഷയങ്ങള്‍ ധാരാളം വേറെയും ഉണ്ട്. മദ്യവിരുദ്ധ നിലപാട് പൊതുവേ കേരള സമൂഹം അംഗീകരിയ്ക്കുമെന്ന് സുധീരന് അറിയാവുന്നതുകൊണ്ട്  അത് ആദ്യം എടുത്തെന്നേയുള്ളു.

പള്ളിയും പട്ടക്കാരും മുസലിയാന്‍മാരും സുധീരനു ജയ് വിളിച്ചു.  ബാറുകളില്‍ സിംഹഭാഗവും ക്രിസ്ത്യന്‍ ബ്രദേഴ്‌സാണ് നടത്തുന്നതെന്ന വസ്തുത നിലനില്‍ക്കെയാണ് പള്ളിയും  കേരള കോണ്‍ഗ്രസും മദ്യവിരുദ്ധ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. അതോടെ മദ്യത്തെ അനുകൂലിച്ച് എന്തെങ്കിലും പറയുന്നവരൊക്കെ മദ്യമുതലാളിമാരുടെ ശിങ്കിടികളാണെന്ന് വരുത്തിതീര്‍ത്തു.

പ്രതിശീര്‍ഷം 8.3 ലിറ്റര്‍ മദ്യം അകത്താക്കുന്ന, ഇക്കാര്യത്തില്‍ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും മുന്നില്‍ ‘ആണത്തത്തോടെ’ നില്‍ക്കുന്ന മലയാളിയാണ് ഇരുട്ടിവെളുക്കുന്നതിനു മുമ്പേ മദ്യവിരുദ്ധ കാഹളം മുഴക്കിയത്.

സുധീരനേയും പള്ളിയേയും കേരള കോണ്‍ഗ്രസിനേയും മുസ്ലീം ലീഗിനേയും ഒറ്റവെട്ടിന് നിരപ്പാക്കിക്കൊണ്ടാണ് ഉമ്മന്‍ചാണ്ടി പുതിയ മദ്യനയം പ്രഖ്യാപിച്ചത്. അടഞ്ഞുകിടക്കുന്ന 418 ബാറുകള്‍ക്ക് പുറമെ, സംസ്ഥാനത്താകെയുള്ള 753 ബാറുകളില്‍ ഫൈവ്സ്റ്റാര്‍ പദവിയുള്ള 21 ബാറുകള്‍ ഒഴിച്ച് ബാക്കിയെല്ലാം അടച്ചുപൂട്ടാന്‍ തീരുമാനമായി.

പുതിയ മദ്യനയം ഹൈക്കോടതിയുടെ സിംഗിള്‍ബഞ്ച് ശരിവച്ചുവെങ്കിലും ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കോടതിവിധി അറിഞ്ഞപ്പോള്‍ ബാര്‍ മുതലാളിമാരും സര്‍ക്കാരും സന്തോഷിച്ചെങ്കിലും മദ്യമന്ത്രി വികാരാധീനനായി. എല്ലാ ബാറുകളും പൂട്ടിയ മദ്യമുക്തകേരളമാണത്രേ, മദ്യപിക്കാത്ത, എന്നാല്‍ ബാര്‍ഹോട്ടലുകള്‍ സ്വന്തമായുള്ള, മന്ത്രി ഇക്കാലമത്രയുംകണ്ടിരുന്ന സുന്ദരസ്വപ്നം.

സുധീരന്റെ ചിറകുകള്‍ ഒടിയുന്നതാണ് പിന്നെ കണ്ടത്. ബാര്‍മുതലാളിമാരുടെ വര്‍ക്കിംഗ്  പ്രസിഡന്റ് അടച്ച ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു കോടിരൂപ കോഴ കൊടുത്തുവെന്ന് ആരോപിച്ചു. അത് കോഴയുടെ ആദ്യഗഡുവായിരുന്നു. ബാക്കി നാലുകോടി ഇറക്കുന്നതിന് മുമ്പ് പുതിയ മദ്യനയം വന്നു.അതുകൊണ്ടു കൊടുത്തില്ല. കൊടുത്തതുക പാഴായി.

 

 

മാത്രമല്ല, പല മന്ത്രിമാരും പണം കൈപ്പറ്റിയിട്ടുണ്ടെന്നും അവര്‍ ഗുണ്ടാപിരിവു നടത്തുകയാണെന്നും വര്‍ക്കിംഗ് പ്രസിഡന്റ് ചാനലായചാനലുകളിലൊക്കെ നടന്നു പറഞ്ഞു. ഗതികെട്ടാണ് മദ്യമുതലാളി മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞതെന്നാണ് ജനം കരുതിയത്. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍  താന്‍ പൊതുജനസമക്ഷം ആത്മാഹുതി ചെയ്യും എന്നുകൂടി മുതലാളി പറഞ്ഞപ്പോള്‍ ഒറ്റ രാത്രി  കൊണ്ട് ടിയാന്‍ ഉദയനായി. താരമായി. 

പക്ഷെ, കളി മറ്റൊന്നായിരുന്നു. അത് വ്യക്തമായത് നവംബര്‍ 6 ന് ബാര്‍ മുതലാളിമാരുടെ മീറ്റിംഗില്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താനുള്ള സൗകര്യം ബാര്‍ മുതലാളിമാര്‍ തന്നെ ഒരു ടി.വി.ചാനലിന് ചെയ്തുകൊടുത്തതോടെയാണ്.  തങ്ങളുടെ കൈവശം ഡൈനാമിറ്റ് ഉണ്ടെന്നും  വേണ്ടിവന്നാല്‍ മന്ത്രിസഭ ഞൊടിയിടകൊണ്ട് തെറിപ്പിക്കുമെന്നും തല്‍ക്കാലം ഒടിയ്ക്കണ്ട, വളച്ചാല്‍ മതിയെന്നും സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് മീറ്റിംഗില്‍ പറഞ്ഞത് ചാനല്‍ വാര്‍ത്തയായി പുറത്തുവന്നു. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 20 കോടിയിലേറെ മന്ത്രിമാര്‍ക്കായി കൊടുത്തിട്ടുണ്ടെന്നും ഗതികേട് കൊണ്ടാണ് തങ്ങള്‍ ഇതൊക്കെ പറയുന്നതെന്നും വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞു. അംഗങ്ങള്‍ പ്രസംഗം കൈയ്യടിച്ച് സ്വീകരിച്ചു. എന്നാല്‍, മീറ്റിംഗിന് മുമ്പുതന്നെ സര്‍ക്കാരിന്റെ  പ്രതിനിധികളും ബാര്‍ മുതലാളിമാരുടെ സംഘടനാ നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. ബാര്‍മുതലാളിമാര്‍ ഡൈനാമിറ്റ് പൊട്ടിയ്ക്കരുത്. അടച്ച ബാറുകളും – 418 ഉള്‍പ്പെടെ – എല്ലാം തുറക്കാനുള്ള സത്വരനടപടികള്‍ എടുക്കാം. ഡൈനാമിറ്റ് പൊട്ടിക്കാനുള്ളതല്ലെന്നും പേടിപ്പിയ്ക്കാനുള്ളതാണെന്നും പൊട്ടിയാല്‍ തങ്ങളും  ഇല്ലാതാകില്ലെയെന്നും മുതലാളിമാര്‍ തിരിച്ചു ചോദിച്ചു. ഇരുവരും കൈകൊടുത്ത്, ചിരിച്ചു, പിരിഞ്ഞു.

രണ്ടു പേരും പരസ്പരം ഒടിയ്ക്കില്ല. വളയ്ക്കും. അതുകൊണ്ട്  ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കി. അതിവേഗം ബഹുദൂരം പോകുന്ന സര്‍ക്കാരാണ് നിന്നിടത്ത് നിന്നുതന്നെ ഒന്നുതിരിയാന്‍ മൂന്നുമാസം എടുക്കുന്നത്. ഇതിനിടയ്ക്ക് പ്രശ്‌നം തീരും. അല്ലെങ്കില്‍, തീര്‍ന്നു കഴിഞ്ഞു.

കുരുക്ഷേത്ര യുദ്ധത്തിനു ശേഷമുള്ള അശ്വത്ഥാമാവിന്റെ അവസ്ഥയാണ് കെ.എം.മാണിക്ക്. അപമാനിതനായി, പ്രതികരിയ്ക്കാന്‍ പോലും കഴിയാതെ, മുഖത്തും ഉടുപ്പിലും മാറാത്ത കറപേറി, ഏവരാലും പരിഹസിയ്ക്കപ്പെട്ട്, ഉറ്റവരും  ഉടയവരും ഇല്ലാതെ, വ്രണിതനായി, മരണമില്ലാതെ…

84 വയസ്സായ, 50 കൊല്ലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള തനിയ്ക്കിതിന്റെ കാര്യമുണ്ടോ എന്ന് കുഞ്ഞുമാണി ഇടയ്ക്കിടെ ആരോടെന്നില്ലാതെ ചോദിയ്ക്കുന്നുണ്ട്. മരങ്ങാട്ടുപള്ളിയിലെ കപ്യാരുടെ മകനായ കുഞ്ഞുമാണി മാണിവക്കീലായി, രാഷ്ട്രീയക്കാരനായി, രാഷ്ട്രീയ ഭീഷ്മാചാര്യനായി മാറിയ കഥ മുഴുവന്‍ ജനങ്ങള്‍ക്ക് അറിയാവുന്നതുകൊണ്ടാകാം എങ്ങുനിന്നും ഒരു മറുപടിയും കേള്‍ക്കുന്നില്ല.

മാണിയ്‌ക്കൊരു അടി കൊടുത്തതോടെ പകുതി ആശ്വാസമായി എന്നാണ് ബാര്‍ മുതലാളിമാരോട് സംഘടനയുടെ വര്‍ക്കിംഗ് പ്രസിഡന്റ് പറഞ്ഞത്. അതുപക്ഷെ, ഉമ്മന്‍ചാണ്ടിയുടെ ആത്മഗതമായിരുന്നു. ബാര്‍ മുതലാളി ഉറക്കെ പറഞ്ഞുപോയി എന്നേയുള്ളു.

യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് പോകാന്‍ മാണി കുറേ നാളായി പയറ്റുന്നു. പല സന്ദര്‍ഭങ്ങള്‍ വന്നെങ്കിലും മാണി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് വിജയന്‍ സഖാവിനും കേരള കോണ്‍ഗ്രസിനും മറ്റും അഭിപ്രായമുണ്ട്. ഒടുവില്‍, മലയോര കര്‍ഷകര്‍ എന്ന ഓമനപ്പേരില്‍  അറിയപ്പെടുന്ന വനം കയ്യേറികള്‍ക്ക് പട്ടയം നല്‍കുന്ന വിഷയത്തിലെ അമാന്തം ചൂണ്ടിക്കാണിച്ച് യു.ഡി.എഫ്. വിടാന്‍ തയ്യാറെടുത്തിരിക്കെയാണ് ബാര്‍ മുതലാളി വഴി ഉമ്മന്‍ചാണ്ടി ഒരടി കൊടുത്തത്. അത് മര്‍മ്മത്തില്‍ തന്നെ കൊണ്ടു. അഴിമതിക്കാരനായ മാണിയെ ഇനിയെങ്ങനെ ഇടതുപക്ഷം സ്വീകരിക്കും. ആരെങ്കിലും എവിടെയെങ്കിലും ഒരു രൂപയുടെ  അഴിമതി കാണിച്ചാല്‍ മതി, ഇടതുപക്ഷം അയാള്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കും. വെടക്കാക്കി തനിയ്ക്കാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു.  കുഞ്ഞുമാണിയെക്കാള്‍ എത്രയോ ഓണം കൂടുതല്‍ ഉണ്ടതാണ് പ്രായത്തില്‍ പത്തുവയസ്സു കുറവുള്ള കുഞ്ഞൂഞ്ഞ്.

 

 

ഇനിയെങ്ങാനും മാണി വന്നാലോ? സി.പി.ഐ.യ്ക്ക് അത് ആലോചിക്കാന്‍ കൂടി കഴിയില്ല. ആളൊഴിഞ്ഞ കൂടാരം പോലെയായ ഇടതുപക്ഷത്തില്‍ രണ്ടാംസ്ഥാനം സി.പി.ഐ.യ്ക്കാണ്. മൂന്നുംനാലും സ്ഥാനത്ത് ആളില്ല എന്നത് വേറെ കാര്യം. മാണിവന്നാല്‍, മാണിയെ മുഖ്യമന്ത്രിയാക്കി (തല്‍ക്കാലത്തേക്കെങ്കിലും) ഇടതുസര്‍ക്കാര്‍ തട്ടിക്കൂട്ടിയാല്‍ പിന്നെ കേരളത്തില്‍ ഒരിടത്തും വേരോട്ടമില്ലാത്ത സി.പി.ഐയ്ക്ക്  എന്തു സംഭവിക്കും. തന്റെ മുടിപോലെ താന്‍ നയിക്കുന്ന പാര്‍ട്ടിയും താഴോട്ടാണല്ലോ വളരുന്നത്. പോരാത്തതിന് തിരുവനന്തപുരത്തെ പേയ്‌മെന്റ് സീറ്റ് വിവാദത്തോടെ ആകെയുണ്ടായിരുന്ന മേല്‍വിലാസം പോലും പോയി. എം.എന്‍.സ്മാരകത്തിലേക്ക് ലോകായുക്ത കണക്കെടുപ്പ് സംഘം ഏതു നിമിഷവും കടന്നുവരാം. കാത്തിരിയ്ക്കാന്‍ നേരമില്ല. മാണി വരുന്നതുതടഞ്ഞേ പറ്റു. പന്ന്യന്‍ ഉറഞ്ഞുതുള്ളാന്‍ കാരണം അതാണ്.

വെടക്കായ സാധനമാണെങ്കിലും തരക്കേടില്ല എന്ന ചിന്തയിലാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി. ജനങ്ങളുടെ പ്രശ്‌നം മനസ്സിലാക്കാന്‍ സര്‍വ്വെ നടത്തുന്ന, ജനങ്ങളോട് സംസാരിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആധുനികോത്തര പൈങ്കിളിയായി വിപ്ലവ പാര്‍ട്ടി മാറിയിട്ട് നാളേറെയായി. വെടക്കായ മാണിയെ അഴിയ്ക്കുള്ളിലാക്കാതിരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തിരിച്ചറിഞ്ഞു. പാര്‍ട്ടി തീരുമാനം വിജയന്‍ അറിയിച്ചു. വിജിലന്‍സ് വേണ്ട. സി.ബി.ഐ. വേണ്ട. ജുഡീഷ്യല്‍ വേണ്ട. കോടതിയുടെ മേല്‍നോട്ടത്തില്‍ കേരള പോലീസ് മതി. അതാകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിരട്ടാം. ഭീഷണിപ്പെടുത്താം. കേസ് അട്ടിമറിയ്ക്കാം. അട്ടിമറിക്കൂലിയും നോക്കുകൂലിയും മാണിയുടെ കൈയ്യില്‍ നിന്നും തന്നെ വാങ്ങാം.

പക്ഷെ, പാര്‍ട്ടി പറഞ്ഞാല്‍ കോടതി അനുസരിയ്ക്കാന്‍ ഇതു മധുരമനോഹര മനോജ്ഞ ചൈനയല്ല എന്ന കാര്യം വിജയന്‍ മറന്നു. ഇഴജന്തുക്കളേക്കാള്‍ ഏറെ ബുദ്ധിജീവികള്‍ ഉള്ള പാര്‍ട്ടിയില്‍ ആരും അത് വിജയന് ഓതിക്കൊടുത്തില്ല.

ഒരു വെടിയ്ക്ക് മാണിയെ സംരക്ഷിക്കാനും മാണിയെ നിഗ്രഹിക്കാന്‍ തുനിഞ്ഞിറങ്ങിയ അച്ചുതാനന്ദനെ കൊച്ചാക്കി ഇല്ലാതാക്കാനും സെക്രട്ടേറിയറ്റിന്റെ സമയോചിതമായ തീരുമാനത്തിലൂടെ കഴിഞ്ഞു. തുടര്‍കലാപരിപാടികള്‍ കാണാന്‍ ഇരിക്കുന്നതേയുള്ളു.

സുധീരന്‍ താന്‍ ജനപക്ഷത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യാത്ര നടത്തുകയാണ്. കാസര്‍ഗോഡ് നിന്നും തിരിച്ച യാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ യാത്രികന്‍ കറുത്തു കരുവാളിച്ചിരിക്കും. ചൂടു കൊണ്ടല്ല. രാഷ്ട്രീയ കാലാവസ്ഥയിലെ ഹോട്ട് ഫ്‌ളഷ് കൊണ്ടാണ്.

പണ്ട് വിജയന്‍ ഇതുപോലൊരു യാത്ര നടത്തി. തിരുവനന്തപുരത്തെത്തിയപ്പോള്‍ ലാവ്‌ലിന്‍ കേസന്വേഷിക്കാന്‍ സി.ബി.ഐ. വേണമെന്ന് കോടതി പറഞ്ഞു. രമേശ് ചെന്നിത്തല കാസര്‍ഗോട്ട് നിന്ന് തിരുവനന്തപുരത്തെത്തിയപ്പോള്‍ വഴിവക്കിലെ ചെണ്ടയായി മാറിയത് ഈയടുത്തകാലത്താണ്. വളയത്തിലൂടെ ചാടിപ്പഠിച്ച സുധീരന്‍ ഇനി വളയമില്ലാതെ ചാടാനുള്ള തയ്യാറെടുപ്പിലാണ്. ബാര്‍കോഴ പ്രശ്‌നത്തിനു പിന്നില്‍ അന്തര്‍ദേശീയ ഗൂഢാലോചനയുണ്ടെന്നും മറ്റും പറയുന്നത് അതുകൊണ്ടാണ്.പഥികന് ഇനി വേണ്ടത് പാഥേയമല്ല, നെല്ലിക്കാത്തളമാണ്.

സുധീരന്‍ അനാഥനാണ്. ആരോടും ഒന്നും ഉണര്‍ത്തിയ്ക്കാനില്ല. ഹൈക്കമാന്‍ഡ് അന്യം നിന്നുപോയി. ഗതികിട്ടാതെ ചില പിതൃക്കള്‍ ദില്ലിയില്‍ ഇപ്പോഴും തങ്ങുന്നു എന്നു മാത്രം.

അടച്ച ബാറുകളും അടക്കാന്‍ തുടങ്ങിയ ബാറുകളും തന്നെ പ്രവര്‍ത്തിയ്ക്കുന്ന സുദിനം വരവായി. വാസ്തവത്തില്‍ അതാണ് കേരളപ്പിറവി ദിനമായി ആഘോഷിക്കേണ്ടത്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം, യഥാര്‍ത്ഥത്തില്‍ മദ്യപന്‍മാരല്ലേ?  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍