UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴ: ഒരു പ്രതിഷേധവുമില്ലാത്ത ജനതയായി മാറുന്ന മലയാളി

Avatar

ശരത് കുമാര്‍

കേരളം വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും രാഷ്ട്രീയ പ്രബുദ്ധതയിലുമൊക്കെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഉയരത്തിലാണെന്നാണ് വയ്പ്. ഈ പുച്ഛം മലയാളി എപ്പോഴും അന്യ സംസ്ഥാനക്കാരോട് കാണിക്കാറുമുണ്ട്. ഓ…അവരൊക്കെ വിവരമില്ലാത്തവര്‍, അവിടെ അതൊക്കെ സംഭവിക്കും, വിദ്യാഭ്യാസമില്ലാത്തവരല്ലെ തുടങ്ങിയ പ്രയോഗങ്ങള്‍ ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന ചില സംഭവങ്ങളെ വിശകലനം ചെയ്യുമ്പോള്‍ മലയാളി ചര്‍ച്ചയില്‍ കടന്ന് വരുന്നത് സര്‍വസാധാരണമാണ്.

മലയാളിയുടെ സാംസ്‌കാരിക നിലവാരം, ലിംഗപദവി, ജനാധിപത്യം തുടങ്ങിയവയെ കുറിച്ചുള്ള കര്‍ക്കശമായ വിമര്‍ശങ്ങള്‍ കുറച്ച് കാലമായി ഉണ്ടാവുന്നുണ്ട്. അപ്പോഴും രാഷ്ട്രീയ പ്രബുദ്ധതയുടെ പേരില്‍ ചില ഔദാര്യങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും സര്‍വ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തുകയും എവിടെ ചെളിവെള്ളം ഉണ്ടെങ്കിലും മറുവശത്ത് സര്‍ക്കാര്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു നില വന്നതോടെ മലയാളിയുടെ ഈ രാഷ്ട്രീയ പ്രബുദ്ധത ചോദ്യം ചെയ്യപ്പെടുകയാണ്. അല്ലെങ്കില്‍ തന്നെ, അടിയന്തിരാവസ്ഥ എന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനത്തിന് ശേഷം ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയെ ഒരു ഉളുപ്പുമില്ലാതെ ജയിപ്പിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം എന്ന നിലയില്‍ അത്ര വലിയ രാഷ്ട്രീയ പ്രബുദ്ധത മലയാളി അവകാശപ്പെടേണ്ടതുണ്ടോ എന്ന ചോദ്യം വേറെ. ഒരു പക്ഷെ വിമോചനസമര മാതൃകയിലുള്ള ഒരു സമരം നടന്ന ഏക സംസ്ഥാനവും കേരളമാണല്ലോ?

ഇത്തരത്തിലുള്ള ചില സൂചനകള്‍ നേരത്തെ തന്നെ നമ്മുടെ സമൂഹത്തില്‍ പ്രകടമായിരുന്നെങ്കിലും എവിടെയോ ചില ജാഗ്രതകള്‍ നിലനില്‍ക്കുന്ന എന്നൊരു വിശ്വാസം ചിലരുടെയെങ്കിലും പൊതുബോധത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ വിശ്വാസങ്ങളെയെല്ലാം നിഷ്‌കരുണം കാറ്റില്‍ പറത്തുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ചെയ്തികള്‍. ഒരു പക്ഷെ, 1996ലെ നായനാര്‍ സര്‍ക്കാരിന് ശേഷം ഇത്രയേറെ അഴിമതി ആരോപണങ്ങള്‍, പ്രത്യക്ഷ തെളിവുകളോടെ ഉയര്‍ന്നുവന്ന ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തന്നെ ഒരു സര്‍ക്കാരിനെ വീഴ്ത്താന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വിഴുപ്പലക്കുകള്‍ക്കും ശേഷം യാതൊരു ഉളുപ്പുമില്ലാതെ യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോഴും ഭരണത്തില്‍ തുടരുന്നു. നിരവധി പണതട്ടിപ്പുകളുടെ പേരില്‍ ജയിലിലായ പ്രതി, അവിടെ കിടന്നുകൊണ്ട് കോടിക്കണക്കിന് രൂപയുടെ ബാധ്യതകള്‍ തീര്‍ത്ത്, അഗ്നിശുദ്ധി വരുത്തി പൊതുജനമധ്യത്തില്‍ ഞെളിഞ്ഞ് നടക്കുന്നു. സാധാരണഗതിയില്‍ പ്രതിഷേധം, രോഷം ഒക്കെ പ്രകടിപ്പിക്കേണ്ട പ്രതിപക്ഷ കക്ഷികള്‍ കൂർക്കം വലിച്ചുറങ്ങുന്നു. സര്‍ക്കാര്‍ ചെയ്തതിനുള്ള പ്രത്യോപകാരമായി ജനം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ട് സീറ്റ് നല്‍കി ഭരണപക്ഷത്തിന് ശക്തി പകരുന്നു. ശരിക്കും രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാന തന്നെ കേരളം!.

വീണ്ടും അഴിമതി ആരോപണം ഉയരുന്നു. ഇത്തവണ കൊട്ടിഘോഷിക്കപ്പെടുകയും പലര്‍ക്കും ആദര്‍ശത്തിന്റെ രോമാവേശം പകര്‍ന്ന് നല്‍കുകയും ചെയ്ത മദ്യനയമാണ് വിഷയം. അടച്ച ബാറ് തുറക്കാനും തുറന്ന ബാറുകള്‍ നിലനിര്‍ത്താനും പൂട്ടിയവ തുറക്കാതിരിക്കാനുമൊക്കെയായി സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്നയാളും ധനം, നിയമം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ ഭരിക്കുന്ന ആളുമായ കെ എം മാണി മൂന്ന് കോടി പത്ത് ലക്ഷം രൂപ നേരിട്ട് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ആരോപണം മാത്രമല്ല, തെളിവുകളും ഒന്നൊന്നായി പുറത്ത് വരുന്നു. മുപ്പത്തിയഞ്ച് കോടി കൊടുക്കാനായിരുന്നു അത്ര തീരുമാനം. എന്നാല്‍ അത് നടന്നില്ല എന്ന് മാത്രം. ഈ ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമല്ല. കാശു കൊടുത്ത മദ്യ മുതലാളികളാണ്. ശേഷം പ്രതിപക്ഷം ആരോപണം നിയമസഭയില്‍ ഏറ്റെടുത്തെങ്കിലും അത് പതിവ് പോലെ ഒരു ചടങ്ങായി അവസാനിച്ചു. ഇനി എന്ത് സംഭവിക്കും എന്നറിയില്ല. എന്തിന് ഒരു കാലത്ത് സര്‍വവിധ പ്രശ്‌നങ്ങളിലും രോഷാകുലരായി പ്രതികരിച്ചിരുന്ന ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പോലുള്ള സംഘടനകളെയാരെയും തെരുവില്‍ കണ്ടുമില്ല. കരിങ്കൊടി, പന്തം കൊളുത്തി പ്രകടനങ്ങളൊക്കെ കേരളം കണ്ടിട്ട് നാളുകള്‍ കുറെയായിരിക്കുന്നു.

ഇപ്പോള്‍ ബാറുടമകള്‍ തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വിടുന്നു. ബിജു രമേശ് എന്ന തിരുവനന്തപുരത്തിന്റെ സ്വന്തം മദ്യക്കച്ചവടക്കാരന്‍ മാത്രമല്ല മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. യുഡിഎഫിന്റെ സ്ഥാപക നേതാവെന്ന് തരം കിട്ടുമ്പോഴെല്ലാം അവകാശപ്പെടുന്നുണ്ടെങ്കിലും, പണ്ടേ പോലെ പല്ലിന് ശൗര്യമില്ലാത്ത ആര്‍ ബാലകൃഷ്ണപിള്ളയും മാണിക്കെതിരെ ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ ആ ആരോപണം വെറും അഴിമതിയില്‍ ഒതുങ്ങുന്നില്ല. സംസ്ഥാന വാര്‍ഷിക ബജറ്റിലെ രഹസ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വ്യാപാരികളില്‍ നിന്നും കാശ് വാങ്ങുന്നു എന്ന ഗുരുതരമായ ആരോപണമാണ് സ്വന്തം മുന്നണിയിലെ മുതിര്‍ന്ന നേതാവ് ഉന്നയിച്ചിരിക്കുന്നത്. കടുത്ത ഭരണഘടന ലംഘനമാണ് ആരോപണത്തില്‍ അടങ്ങിയിരിക്കുന്നത്. മാത്രമല്ല, സംസ്ഥാനത്തിന്റെ ഭാവിയെ തന്നെ ഗുരുതരമായി ബാധിക്കുന്ന വിഷയവുമാണ്. പ്രത്യേകിച്ചും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഒരവസ്ഥയില്‍. കൂടാതെ മാണി സാറിനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ രംഗത്തിറങ്ങിയിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ സ്വന്തം ആളും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി സി ജോര്‍ജ്ജും ടെലിഫോണില്‍ പറയുന്നു. എന്തെങ്കിലും തെറ്റ് ചെയ്യാത്ത ഒരാളെ രക്ഷിക്കേണ്ട ആവശ്യം ഇല്ലല്ലോ. മാണി മാത്രം വിചാരിച്ചാല്‍ പരിഹരിക്കാവുന്ന വിഷയമല്ല ബാര്‍ എന്നതിനാല്‍ മുഖ്യമന്ത്രിയും എക്‌സൈസ് വകുപ്പ് മന്ത്രിയും മന്ത്രിസഭയിലെ മറ്റ് മുതിര്‍ന്ന അംഗങ്ങളും ആക്ഷേപത്തിന്റെ മുള്‍മുനയിലുമാണ്.

എന്നിട്ടും ന്യായീകരണങ്ങളുമായി ഭരണപക്ഷത്ത് നിന്നുള്ളവര്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയക്കാര്‍ക്ക് തൊലിക്കട്ടി കൂടുതലാണെന്നും ഉളുപ്പ് തീരെയില്ലെന്നും കേട്ടിട്ടുണ്ട്. എന്നാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, അജയ് തറയില്‍, ജോണി നെല്ലൂര്‍, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ പ്രതിഭകളെ പ്രത്യേകമായി പഠിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ, ബിജെപി പ്രതിനിധികളാകട്ടെ തങ്ങളുടെ പ്രതിഷേധം (അങ്ങനെയൊന്ന് ഉണ്ടെങ്കില്‍) അത് ചാനല്‍ ചര്‍ച്ചകളില്‍ ശര്‍ദ്ദിച്ച് തീര്‍ക്കുന്നു. സാധാരണ മലയാളി എന്ന വിഭാഗമാകട്ടെ ഉറങ്ങുന്നതിന് മുമ്പുള്ള ഒരു ഡോസ് എന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളെ കണ്ട് തങ്ങളുടെ രോഷം സ്വീകരണമുറികളില്‍ ഉപേക്ഷിക്കുന്നു. ഒന്നിലും ഒരു പ്രതിഷേധവുമില്ലാത്ത ജനതയായി മലയാളി മാറിയിരിക്കുന്നു.

ഇവിടെ കൗതുകകരമായ മറ്റൊരു വസ്തുത കൂടിയുണ്ട്. ഒരു മന്ത്രിക്ക് മുപ്പത്, മുപ്പത്തിയഞ്ച് കോടിയൊക്കെ കൈക്കൂലി കൊടുക്കുയും മറ്റ് മന്ത്രിമാര്‍ക്കും കൊടുത്തിട്ടുണ്ട് എന്ന ശക്തമായ സൂചനകള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഈ ബാര്‍ വ്യവസായത്തിലെ ലാഭത്തിന്റെ ശതമാനം എന്തായിരിക്കും? ഒരു ദിവസം മാത്രം പത്തും പന്ത്രണ്ടും ലക്ഷം വിറ്റുവരവുള്ള ബാറുകള്‍ ഉണ്ടെന്ന് ഇന്നലെ ബിജു രമേശ് തന്നെ പറയുന്നത് കേട്ടു. ഏതായാലും നേരായ കച്ചവടത്തിലൂടെ ആവില്ല ഇത് നേടുന്നത്. അപ്പോള്‍ നികുതി വെട്ടിപ്പ് തുടങ്ങിയ ലഘു കലാപരിപാടികള്‍ മുതല്‍ വ്യാജമദ്യ കച്ചവടം എന്ന ഒരു നാടിനോടും അതിന്റെ ഭാവിയോടും നടത്തുന്ന ഏറ്റവും വലിയ ക്രൂരത വരെ അരങ്ങേറുന്നുണ്ടെന്ന് വ്യക്തം. മന്ത്രിമാര്‍ക്ക് ഇത്രയും വലിയ കൈക്കൂലി നല്‍കി ബാറ് തുറപ്പിക്കുന്നത് ഏതായാലും പുണ്യപ്രവര്‍ത്തനത്തിന് ആവില്ലല്ലോ?

നമ്മുടെ ആദര്‍ശധീരന്മാര്‍ ദയവായി ഇക്കാര്യമെങ്കിലും ഒന്ന് പരിശോധിക്കണം. ഇപ്പോള്‍ ബിയര്‍, വൈന്‍ എന്നൊക്കെയുള്ള പേരുകളില്‍ എന്തൊക്കെയാണ് വിതരണം ചെയ്യപ്പെടുന്നതെന്നും. ചാരായ നിരോധനത്തോടെ കേരളത്തെ രക്ഷിച്ച് ഒരരുക്കാക്കിയ ശേഷം ഡല്‍ഹിയില്‍ സുഖവാസം നയിക്കുന്നവരായാലും ഇവിടെ സമ്പൂര്‍ണ മദ്യനിരോധനം നടത്തിയേ അടങ്ങൂ എന്ന് വാശി പിടിക്കുന്നവരായാലും. കേരളത്തിന്റെ സ്വന്തം പാനീയമായിരുന്ന കള്ള് എന്ന സാധാനം വിഷമില്ലാതെ ഈ നാട്ടില്‍ കിട്ടാതായിട്ട് കാലം എത്രയായി എന്നാലോചിക്കണം. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ലഭിച്ചിരുന്ന പദാര്‍ത്ഥങ്ങള്‍ മാത്രമിട്ട് വാറ്റിയ ചാരായം വ്യാജമാകുകയും, അങ്ങെവിടെയോ വിജയ് മല്യയെ പോലുള്ളവര്‍ കലക്കുന്ന സാധനം ഒറിജിനല്‍ ആവുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സും ഒന്ന് പഠിക്കാന്‍ ശ്രമിക്കണം. എന്തും പഠിച്ച് മാത്രം അഭിപ്രായം പറയുന്നവരാണല്ലോ? ഇതിലും പ്രധാനം ചാരായ നിരോധനത്തിന് ശേഷം ബാര്‍ മുതലാളിമാരുടെ ലാഭ വിഹിതത്തില്‍ ഉണ്ടായ വര്‍ദ്ധനയും അഴിമതിയുടെ നിരക്കില്‍ ഉണ്ടായ കുതിച്ചുകയറ്റവും കൂടി മനസിലാക്കണം. എന്നിട്ടും ആദര്‍ശധീരത എന്ന ആത്മവഞ്ചനയില്‍ അഭിരമിക്കുകയാണെങ്കില്‍ നല്ലത്.

സാധാരണ മലയാളി പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഒരു ചുക്കുമില്ല. എവിടെ നിന്ന് കിട്ടുന്ന എന്ത് വിഷവും മേടിച്ച് മോന്തിക്കോളും. കൈയില്‍ കാശില്ലെങ്കില്‍ കടം മേടിച്ചെങ്കില്‍ അവര്‍ അത് ചെയ്തുകൊള്ളും. അതുകൊണ്ട് തന്നെ ബാര്‍ മുതലാളിമാര്‍ക്ക് നഷ്ടം വരില്ല. ദൈനംദിന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് കിട്ടാനുള്ളത് കിട്ടുകയും ചെയ്യും. പക്ഷെ അത് നമ്മുടെ സമൂഹത്തെ, അതിന്റെ ഭാവിയെ എങ്ങനെ ബാധിക്കുന്നു എന്ന് ആലോചിക്കാനുള്ള ഔചിത്യം ആര്‍ക്കുണ്ടാകും? ഒരു പണമെണ്ണുന്ന യന്ത്രം പോലും വീട്ടിലില്ലാത്ത താന്‍ എന്ത് രാഷ്ട്രീയക്കാരാനാടോ എന്നതാവും നാളത്തെ മലയാളിയുടെ ചോദ്യം.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍