UPDATES

രവിചന്ദ്രന്‍

കാഴ്ചപ്പാട്

രവിചന്ദ്രന്‍

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കടത്ത്, ആയുര്‍വേദ ഉത്പ്പന്ന നികുതിയിളവ്: മാണിയെ പൂട്ടാനുറച്ച് വിജിലന്‍സ്

കെ.എം.മാണിയെ മുഖ്യമന്ത്രിയാക്കി ഒരു ഭരണസംവിധാനം കേരളത്തിലുണ്ടാകുമെന്ന്‌ ചില കിംവദന്തികള്‍ അടുത്തിടെ കേരള രാഷ്‌ട്രീയ ചര്‍ച്ചകളില്‍ സജീവമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ ഇങ്ങനെയൊരു ചര്‍ച്ച ചാനലുകളിലുള്‍പ്പെടെ ചൂടുപിടിച്ചത്‌. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ ധനമന്ത്രിയായിരുന്ന കെ. എം മാണി ചിലപ്പോഴൊക്കെ ‘മുഖ്യമന്ത്രിയായും സേവനം അനുഷ്‌ഠിച്ചു’വെന്നാണ്‌ കഴിഞ്ഞ ദിവസം വിജിലന്‍സ്‌ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്‌.

 

തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിനു കീഴിലുള്ള ആറു കോഴിക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പു കണ്ടുപിടിച്ച്‌ വാണിജ്യ നികുതി വകുപ്പിന്റെ പ്രത്യേക സംഘം 64.96 കോടി രൂപ പിഴ ചുമത്തിയ സംഭവത്തിലെ റവന്യു റിക്കവറി നടപടികള്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി സ്റ്റേ ചെയ്യാന്‍ ഉത്തരവിട്ടു. അഞ്ചു ലക്ഷത്തിനു മുകളില്‍ പിഴത്തുകയുണ്ടെങ്കില്‍ റവന്യു റിക്കവറി നടപടികളില്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അധികാരമെന്നിരിക്കെ കെ. എം. മാണി സ്റ്റേ ഉത്തരവിട്ടത്‌ ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്നും വിജിലന്‍സ്‌ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഈ കേസില്‍ തന്റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത വാണിജ്യ നികുതി വകുപ്പിലെ രണ്ട്‌ ഡെപ്യൂട്ടി കമ്മിഷണര്‍മാരെ തല്‍സ്‌ഥാനത്തു നിന്ന്‌ പറപ്പിച്ചും മാണി കരുത്തു തെളിയിച്ചു. കോഴിക്കച്ചവടക്കാരുടെ നികുതിവെട്ടിപ്പു കേസിലും ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുടെ നികുതിയിളവിലും കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതെന്ന്‌ വിജിലന്‍സ്‌ വസ്‌തുതകള്‍ നിരത്തി വിശദീകരിച്ചിട്ടുണ്ട്‌.

കോഴിക്കച്ചവടത്തിലെ നികുതി വെട്ടിപ്പ്‌ കേസ്‌ 
തൃശൂരിലെ ആറ്‌ കോഴിക്കച്ചവടക്കാര്‍ക്ക്‌ 64.96 കോടി രൂപയുടെ പിഴയാണ്‌ വാണിജ്യ നികുതി വകുപ്പ്‌ ചുമത്തിയത്‌. ഇതിനെതിരെ കച്ചവടക്കാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും നിയമപരമായ അപ്പീല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഹര്‍ജികള്‍ നിരസിച്ചു. ഇതിനിടെയാണ്‌ ആശ്രിതവത്സലനായ മാണിക്ക്‌ കോഴിക്കച്ചവടക്കാര്‍ നിവേദനം നല്‍കിയത്‌. 2012 ഡിസംബര്‍ 20-ന്‌ നല്‍കിയ നിവേദനത്തില്‍ അന്നേ ദിവസം തന്നെ കെ.എം മാണി സ്റ്റേ ഉത്തരവു നല്‍കി. 2013 ജനുവരി 20-നുള്ളില്‍ 1.2 കോടി രൂപ കോഴിക്കച്ചവടക്കാര്‍ കെട്ടിവെക്കുന്ന പക്ഷം ഇതിന്മേലുള്ള അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ റവന്യു റിക്കവറി നടപടികള്‍ തടഞ്ഞുവെക്കാം എന്നായിരുന്നു ഉത്തരവിന്റെ ഉള്ളടക്കം.

 

എന്നാല്‍ 1.2 കോടി രൂപയെങ്കിലും കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചല്ലോ, പൊതുഖജനാവിന്‌ ആ തുകയെങ്കിലും കിട്ടിയല്ലോ എന്നൊക്കെ ആശ്വസിക്കാന്‍ വരട്ടെ. കഥ ഇവിടെ അവസാനിക്കുന്നില്ല. തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം തഹസീല്‍ദാര്‍ റവന്യു റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കോഴിക്കച്ചവടക്കാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. 2013 ജനുവരി 21-ന് കോഴിക്കച്ചവടക്കാര്‍ ധനമന്ത്രിയുടെ ഉത്തരവില്‍ പറയുന്നതുപോലെ ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്‌റ്റ്‌ മുകുന്ദപുരം തഹസീല്‍ദാര്‍ക്ക്‌ കൈമാറി. എന്നാല്‍ ടിയാന്‍ ഇതു ബാങ്കില്‍ സമര്‍പ്പിച്ചില്ല. മാത്രമല്ല, റവന്യുമന്ത്രിയുടെ ഓഫീസില്‍ നിന്ന്‌ സ്റ്റേ രണ്ടാഴ്‌ച കൂടി നീട്ടാന്‍ ഫോണില്‍ സന്ദേശം ലഭിച്ചിട്ടുണ്ടെന്ന്‌ വാണിജ്യ നികുതി വകുപ്പ്‌ അധികൃതരെ അറിയിച്ചു. തുടര്‍ന്ന്‌ സ്റ്റേ ഉത്തരവിന്റെ പകര്‍പ്പ്‌ ലഭിച്ചപ്പോള്‍ ഡിമാന്റ്‌ ഡ്രാഫ്‌റ്റ്‌ കോഴിക്കച്ചവടക്കാര്‍ക്ക്‌ തന്നെ തിരികെ നല്‍കി. ഈ ‘മഹനീയ സേവന’ത്തിന്‌ തഹസീല്‍ദാര്‍ക്കുള്ള ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിജിലന്‍സ്‌ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

 

 

കോഴിക്കടത്തു കേസിലും ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ നികുതിയിളവു കേസിലും തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ കെഎം മാണി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്‌. ധനമന്ത്രിയെന്ന നിലയില്‍ റവന്യു റിക്കവറി നടപടികളിലിടപെടാന്‍ തനിക്കുള്ള അധികാരം വിനിയോഗിക്കുക മാത്രമാണ്‌ ചെയ്തതെന്നും ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റവന്യു റിക്കവറി നടപടികള്‍ സ്റ്റേ ചെയ്യുന്നതിന്‌ ധനമന്ത്രിയ്‌ക്ക്‌ അധികാരമില്ലെന്ന്‌ വ്യക്തമാക്കി 2012 മേയ്‌ 29-ന്‌ സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കിയെന്ന്‌ വിജിലന്‍സ്‌ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഇങ്ങനെ ഓരോ വസ്‌തുതകളും എടുത്തുപറഞ്ഞാണ്‌ വിജിലന്‍സ്‌ അന്വേഷണ സംഘം ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുള്ളത്‌. അഞ്ചുലക്ഷം രൂപയ്‌ക്കു മുകളിലുള്ള റവന്യു റിക്കവറി നടപടികളില്‍ മുഖ്യമന്ത്രിക്കു മാത്രമാണ്‌ ഇടപെടാന്‍ അധികാരമെന്നും അതുതന്നെ വസ്‌തുതാപരമായ കേസുകളില്‍ പിഴത്തുക തവണകളാക്കി അടയ്‌ക്കാന്‍ സൗകര്യമൊരുക്കുക മാത്രമാണ്‌ ചെയ്യേണ്ടതെന്നും നിയമം പറയുമ്പോഴാണ്‌ കെഎം മാണി സ്വന്തം നിലയ്‌ക്ക്‌ റവന്യു റിക്കവറി നടപടികള്‍ സ്റ്റേ ചെയ്തതെന്ന്‍ വിജിലന്‍സ്‌ ഡിവൈഎസ്‌പി ഫിറോസ്‌. എം. ഷെഫീഖ്‌ നല്‍കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

ആയുര്‍വേദത്തിന്‌ നികുതിയിളവ്‌
2009 നവംബര്‍ 12-ന്‌ കൊമേഴ്‌സ്യല്‍ ടാക്‌സ്‌ കമ്മിഷണര്‍ ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ക്ക്‌ പന്ത്രണ്ടര ശതമാനം നികുതി ചുമത്തിയത് വിശദീകരിച്ച്‌ ഉത്തരവു നല്‍കിയത്‌ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നാല്‍ ആയുര്‍വേദ മരുന്നു നിര്‍മ്മാതാക്കള്‍ കെഎം മാണിയുമായി നടത്തിയ ഗൂഢാലോചനയെത്തുടര്‍ന്ന്‌ 2014-ലെ ബജറ്റില്‍ നികുതി നാലു ശതമാനമായി വെട്ടിക്കുറച്ചെന്ന്‌ വിജിലന്‍സ്‌ ആരോപിക്കുന്നു. നികുതി വെട്ടിക്കുറച്ചതിനു പുറമേ 2009 മുതല്‍ ഇതിനു മുന്‍കാലപ്രാബല്യവും നല്‍കി. ഇതു പൊതുഖജനാവിന്‌ വന്‍തുകയുടെ നഷ്‌ടം ഉണ്ടാക്കിയെന്നാണ്‌ വിജിലന്‍സിന്റെ കണ്ടെത്തല്‍. ആയുര്‍വേദ മരുന്നുകളുടെ നികുതി വര്‍ദ്ധന സബ്‌ജക്‌ട്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്കു വിടണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ മരുന്നു നിര്‍മ്മാതാക്കള്‍ നിവേദനം നല്‍കിയതോടെ സബ്‌ജക്‌ട്‌ കമ്മിറ്റിയാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്ന്‌ കെഎം. മാണി ഹര്‍ജിയില്‍ പറയുന്നുണ്ട്‌. എന്നാല്‍ ഇതേ സബ്‌ജക്‌ട്‌ കമ്മിറ്റിയുടെ അധ്യക്ഷന്‍
ധനമന്ത്രിയായിരുന്ന മാണിയാണെന്നതു കൂടി വിജിലന്‍സ്‌ ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു. ആയുര്‍വേദ ഉത്പ്പന്നങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന്‌ നികുതിയിനത്തില്‍ നിര്‍മ്മാതാക്കള്‍ പിരിച്ച ലക്ഷങ്ങള്‍ ഖജനാവിന് നല്‍കാതെ തിരികെ നിര്‍മ്മാതാക്കള്‍ക്ക്‌ തന്നെ ലഭ്യമാക്കുന്ന നിയമവിരുദ്ധമായ നടപടിക്കാണ്‌ കെഎം. മാണി കൂട്ടു നിന്നതെന്നും വിജിലന്‍സ്‌ ആരോപിക്കുന്നുണ്ട്. രണ്ടു കേസുകളിലും വസ്‌തുതകളും തെളിവുകളും നിരത്തിയാണ്‌ വിജിലന്‍സ്‌ ഹൈക്കോടതിയില്‍ സ്റ്റേറ്റ്മെന്‍റ് നല്‍കിയിട്ടുള്ളത്. അതായത്‌ ഉമിത്തീ പോലെ നീറ്റാന്‍ കഴിയുന്ന വസ്‌തുതകളാണ്‌ കേസിലുള്ളതെന്ന്‌ വ്യക്തം.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍