UPDATES

കോഴക്കേസ് പ്രതിഛായ തകര്‍ക്കുന്നു; മാണിയുടെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ എം മാണിക്ക് മേല്‍ രാജി സമ്മര്‍ദം ഏറുന്നു. യുഡിഎഫില്‍ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട ശബ്ദങ്ങളായി പുറത്ത് വന്ന രാജി ആവശ്യം കൂടുതല്‍ നേതാക്കളുടെ അഭിപ്രായമായി മാറുന്നതും സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദം ഏറുന്നതും മാണിയെ വെട്ടിലാക്കുന്നുണ്ട്. മുന്നണിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ ക്ഷീണമുണ്ടാക്കുന്നതിന് മുമ്പ് മാണി രാജി വെക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസിലും ശക്തമാവുകയാണ്. 

ഇന്നലെ മാണിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളിലെ ഗൂഢാലോചനക്കെതിരെ പാല നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വലിയ ജനപിന്തുണ നേടാതിരുന്നതും ഇന്ന് മാണി രാജി വെക്കണം എന്നാവശ്യപ്പെട്ട് അതേ മണ്ഡലത്തില്‍ ഇടതുമുന്നണി നടന്നു ഹര്‍ത്താല്‍ പൂര്‍ണമായതും പാര്‍ട്ടി നേതാക്കളെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. 

പാര്‍ട്ടിയെ ഇപ്പോഴത്തെ ദുരവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ മാണി മന്ത്രിസ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന അഭിപ്രായം ഇന്നലെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിന്റെ ചില നേതാക്കള്‍ പങ്കുവച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പിന്തുടര്‍ച്ചാവകാശ തര്‍ക്കം ഉന്നയിച്ച് വൈസ് പ്രസിഡന്റ് പി സി ജോര്‍ജ് പരസ്യമായി രംഗത്ത് വന്നതും. താന്‍ രാജി വച്ച് പകരം മകന്‍ ജോസ് കെ മാണി എംപിയെ മന്ത്രിയാക്കാമെന്ന നിര്‍ദ്ദേശം മാണി തന്നെ കുടുംബത്തില്‍ അവതരിപ്പിച്ചിരുന്നതായി സ്ഥിതീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ കുടുംബ വാഴ്ച ഇല്ലെന്നും മാണി രാജി വച്ചാല്‍ മുതിര്‍ന്ന നേതാവ് സി എഫ് തോമസ് മന്ത്രിയാകണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ് രംഗത്തെത്തുകയും പാര്‍ട്ടിയുടെ രണ്ടാം നിര നേതാക്കളെല്ലാം ഇതേ അഭിപ്രായം പങ്കുവയ്്ക്കുകയും ചെയ്തതോടെ ഈ നീക്കം പാളുകയായിരുന്നു. 

ഇന്നലത്തെ തന്റെ പ്രസ്താവനയില്‍ ഉറച്ച് പി സി ജോര്‍ജ് ഇന്നും നിലപാടെടുത്തു. മാണിയെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ശക്തമായി രംഗത്ത് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആരോപണം ഉയര്‍ന്നത് മുതല്‍ മാണിയെ പിന്തുണയ്ക്കാനുള്ളത് ജോസഫ് എം പുതുശേരിയും ആന്റണി രാജുവും മാത്രമാണ്. പഴയ ജോസഫ് ഗ്രൂപ്പിലെ ആരും ഇതുവരെയും ഇക്കാര്യത്തില്‍ മാണിയെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. 

മാണിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ മുന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ തിരിച്ചു വിടാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സോളാര്‍ അഴിമതി ആരോപണങ്ങളെക്കാള്‍ വലുതല്ല ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് ആന്റണി രാജു ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരം മുട്ടുന്നതിനാല്‍ ചാനല്‍ ചര്‍ച്ചകളില്‍ കവല പ്രസംഗം നടത്തേണ്ടി വരുന്ന അവസ്ഥയിലേക്ക് മാണിയെ പിന്തുണയ്ക്കുന്നവരെല്ലാം മാറുകയും ചെയ്യുന്നു. ഏതായാലും പാര്‍ട്ടിയും അതിന്റെ ചെയര്‍മാനും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഏക മാര്‍ഗ്ഗം മാണിയുടെ രാജിയാണെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ മുന്‍തൂക്കം ലഭിക്കുന്നു. എന്നാല്‍ സ്വന്തം കുടുംബത്തില്‍ തന്നെ ഉരുണ്ടുകൂടുന്ന ചില പ്രശ്‌നങ്ങളാണ് മാണിയെ രാജിയില്‍ നിന്നും പിന്‍വലിക്കുന്നതെന്നും സൂചനകളുണ്ട്. 

മാണിയെ പിന്തുണച്ച് ഇന്നലെ പാല മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ ഹര്‍ത്താല്‍ പാല ടൗണിലൊഴികെ വലിയ ചലനങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ലെന്നത് കേരള കോണ്‍ഗ്രസ് നേതാക്കളില്‍ വലിയ അങ്കലാപ്പുണ്ടാക്കുന്നുണ്ട്. അതേ സമയം മാണിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാല മണ്ഡത്തിലും സമീപ പഞ്ചായത്തുകളായ ഉഴവൂര്‍, വെളിയന്നൂര്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലും പൂര്‍ണമാണ്. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള മറ്റ് പ്രതിഷേധങ്ങള്‍ ഇന്നും ശക്തമാണ്. ഈ ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍