കെ എ ആന്റണി
കാലക്കേട് വരുമ്പോള്‍ കൂട്ടത്തോടെ എന്നു പറഞ്ഞ അവസ്ഥയിലാണ് നമ്മുടെ മാണി സാറും ബാബു സാറും. ഒരാള്‍ മുന്‍ ധനമന്ത്രി, മറ്റേയാള്‍ മുന്‍ കള്ളു മന്ത്രി. ഇരുവര്‍ക്കുമെതിരെയുള്ള ബാര്‍ കോഴക്കേസ് പുനരന്വേഷിച്ച് രണ്ടാളെയും തുറങ്കിലടച്ചേ അടങ്ങൂ എന്ന വാശിയിലാണ് കീശയില്‍ മഞ്ഞക്കാര്‍ഡും ചുവപ്പു കാര്‍ഡുമായി ഇറങ്ങിയിരിക്കുന്ന നമ്മുടെ പുതിയ വിജിലന്‍സ് ഡയറക്ടര്‍.
പൂട്ടിയ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിലേക്കായി ബാറുടമകളില്‍ നിന്നും മുകളില്‍ പറഞ്ഞ രണ്ടുപേരും കോഴവാങ്ങിയെന്ന ആരോപണം വീണ്ടും അന്വേഷിക്കാനുള്ള പഴുതു തേടിനടക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍. ഇതു സംബന്ധിയായി നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ പുനരന്വേഷണം ആരംഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കോഴക്കേസില്‍ കോടതിയില്‍ നിന്നുണ്ടായ പ്രതികൂല പരാമര്‍ശത്തില്‍ മനംനൊന്ത് മന്ത്രിപദം ഒഴിഞ്ഞ് പാലായിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയ ആളാണ് മാണി സാര്‍ എന്ന പാലക്കാരുടെ കുഞ്ഞുമാണി. തൃപ്പൂണിത്തുറക്കാരുടെ കണ്ണിലുണ്ണിയായിരുന്ന ബാബുസാറാകട്ടെ രാജിക്കത്ത് നല്‍കിയെങ്കിലും അന്നത്തെ മുഖ്യമന്ത്രി കുഞ്ഞൂഞ്ഞ് സാറിന്റെ കൃപകൊണ്ട് വീണ്ടും അതേ മന്ത്രിക്കസേരയില്‍ ഞെളിഞ്ഞമര്‍ന്നു. രണ്ടുപേരുടെയും പേരിലുള്ള ആരോപണത്തില്‍ കഴമ്പുണ്ടോ ഇല്ലയോ എന്നും പൊതുജനത്തിന് നല്ല തിട്ടമുണ്ടായിരുന്നില്ലെങ്കിലും രാജിക്കാര്യത്തിലെ ഇരട്ടി നീതി അവര്‍ക്ക് അത്രയങ്ങ് പിടിച്ചില്ല. കുഞ്ഞുമാണി പാലായില്‍ നിന്നും വീണ്ടും ജയിച്ചപ്പോള്‍ തൃപ്പൂണിത്തുറയില്‍ ബാബുസാറിനെ ജനം തോല്‍പ്പിച്ചതും ഈയൊരൊറ്റ കാരണംകൊണ്ടു തന്നെ.
ഭൂരിപക്ഷം കുറഞ്ഞെങ്കിലും പാലായിലെ ജനങ്ങള്‍ കൈവിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മാണി സാറിനും സന്തോഷമുണ്ട്. എങ്കിലും ബാര്‍ക്കോഴ കേസില്‍ തന്നോട് കാട്ടിയ ഇരട്ട നീതിയെ ചൊല്ലിയുള്ള രോഷം ഇപ്പോഴും തിളച്ചു മറിയുകയാണ്. അതിന്റെ ബഹിര്‍സ്ഫുരണമാണ് ഇക്കഴിഞ്ഞ ദിവസം ചാനലുകളിലൂടെ കണ്ടതും കേട്ടതും. തന്നെ യുഡിഎഫില്‍ തളച്ചിടാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. ഗൂഡാലോചനക്കാര്‍ ആരൊക്കെയാണെന്നു മാണിസാര്‍ പറഞ്ഞില്ലെങ്കിലും കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയ്ക്ക് പ്രതികളെക്കുറിച്ച് തര്‍ക്കം ലവലേശമില്ല. അതുകൊണ്ടാണല്ലോ ഗൂഡാലോചനക്കാര്‍ മുന്‍മുഖ്യനും ആഭ്യന്തരനുമാണെന്ന് അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്തവിധം അവര്‍ വെട്ടിത്തുറന്നു പറഞ്ഞത്.
തുടക്കം മുതല്‍ ഗൂഡാലോചനയെക്കുറിച്ചു പരാതി പറഞ്ഞ മാണിസാര്‍ ഇപ്പോള്‍ ഗൂഡാലോചനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നു തറപ്പിച്ചു പറഞ്ഞതിന്റെ പിന്നിലെ ചേതോവികാരവുമായി ബന്ധപ്പെട്ട് ഉള്ള അന്വേഷണങ്ങള്‍ കൊണ്ടുചെന്നെത്തിക്കുന്നത് അടുത്തിടെ നടന്ന ഒരു വിവാഹനിശ്ചയ ചടങ്ങിലേക്കാണ്. വിവാഹ നിശ്ചയം മുന്‍ റവന്യു മന്ത്രി അടൂര്‍ക്കാരന്‍ പ്രകാശന്‍ സാറിന്റെ മകനും ബാര്‍ക്കോഴക്കേസ് എന്ന ഇമ്മിണി വല്യ അമിട്ടിന് തിരികൊളുത്തിയ ബിജു രമേശന്‍ മുതലാളിയുടെ മകളും തമ്മിലുള്ളതായിരുന്നു. യുഡിഎഫ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ആളാണ് പഴയ രമേശന്‍ കണ്ട്രാക്ടറുടെ ഈ പുത്രനെന്നു മുന്‍ മുഖ്യനും ആഭ്യന്തരനും അറിയായ്കയല്ലല്ലോ,അപ്പോള്‍ പിന്നെ കെപിസിസി അധ്യക്ഷന്‍ സുധീര ഗാന്ധി പറഞ്ഞതിനോട് എങ്ങനെ പാലാക്കാരുടെ കുഞ്ഞുമാണിക്ക് യോജിക്കാതിരിക്കാന്‍ ആകും?
ആ യോജിപ്പാണ് പ്രതിഷേധരൂപത്തില്‍ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇത് പൊട്ടിത്തെറിക്കാന്‍ പോകുന്ന അഗ്നിപര്‍വതത്തില്‍ നിന്നുള്ള ആദ്യ പുകയായി ചിലരൊക്കെ നിരീക്ഷിച്ചു കാണുന്നുണ്ട്. ചെന്നിത്തലക്കാരന്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്നും കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്നുമൊക്കെയുള്ള ആവശ്യം ശക്തമാവുകയാണെന്ന സൂചനയുമുണ്ട്.
‘കല്യാണ’ ബാബു എന്നു തൃപ്പൂണിത്തുറക്കാര്‍ അടുത്തകാലം വരെ സ്‌നേഹത്തോടെ വിളിച്ചിരുന്നൊരാള്‍ എത്ര മസില്‍ പെരുപ്പിച്ചിട്ടും തോറ്റു തുന്നംപാടി ഒടുവില്‍ സുധീര ഗാന്ധിയെ പഴിച്ച് കാലം കഴിച്ചു കൂട്ടുകയാണ്. ഇനിയിപ്പോള്‍ തുറുങ്കെങ്കില്‍ തുറങ്കെന്ന ചങ്കുറപ്പോളം എത്തിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. എന്തായാലും കൂട്ടിന് ചിലരൊക്കെ ഉണ്ടാകുമെന്ന ആശ്വാസവും കണ്ടേക്കാം. പാറ്റൂര്‍ ഫഌറ്റ് മുതല്‍ അടൂര്‍ കോന്നിയിലെ വിവാദഭൂമിയിടപാടുവരെയുള്ള ഒട്ടേറെ കേസുകെട്ടുകള്‍ പൊടിതട്ടി എടുത്തുകൊണ്ടിരിക്കുകയല്ലേ. ടിയാന്‍ മഞ്ഞക്കാര്‍ഡ് വീശിയാലും ചുവപ്പുകാര്‍ഡ് വീശിയാലും നീതിന്യായ കോടതിയാകുന്ന റഫിയുടെ കാര്‍ഡല്ലേ ഏറ്റവും വലിയ കാര്‍ഡ്. അതുവരെ കാത്തിരിക്കുക എന്ന തീരുമാനത്തിലാണ് നമ്മുടെ മുന്‍മന്ത്രിമാര്‍…
(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)