UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ മാണി യു ഡി എഫ് വിട്ടു

അഴിമുഖം പ്രതിനിധി

ഒടുവില്‍ നിയമസഭയില്‍ ഒറ്റയ്ക്ക് നില്ക്കാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘യു ഡി എഫിലെ പ്രധാന ഘടകകക്ഷി എന്ന നിലയില്‍ കേരള കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യത്തോടെ പാര്‍ട്ടിയെ പ്രത്യേകിച്ചും പാര്‍ട്ടി ലീഡറെ കടന്നാക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനും കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തിയിട്ടുള്ള ശ്രമങ്ങളെ പാര്‍ട്ടി ഗൌരവത്തില്‍ കാണുന്നു. പാര്‍ട്ടിയുടെ ആത്മാഭിമാനവും അധ്വാനവര്‍ഗ്ഗ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനും സ്വതന്ത്ര വീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നതിനും സഹായകമായ നിലയില്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മുന്നണി ബന്ധങ്ങളില്‍ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകള്‍ക്കും നീതി ബോധത്തിനും വിരുദ്ധമായ സമീപനം മൂലം മുന്നണി ദുര്‍ബലപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയ്ക്കും മറ്റ് ഘടകകക്ഷികള്‍ക്കും ആത്മപരിശോധനയ്ക്കുള്ള ഒരു അവസരമാണിത്’. ചരല്‍ക്കുന്നില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ നേതൃ ക്യാമ്പെടുത്ത തീരുമാനം മാധ്യമങ്ങളുടെ മുന്‍പി‌ല്‍ പ്രഖ്യാപിക്കുകയായിരുന്നു കെ എം മാണി. പത്രസമ്മേളനത്തില്‍ പി ജെ ജോസഫ് അടക്കമുള്ള ഉയര്‍ന്ന നേതാക്കള്‍ പങ്കെടുത്തു. 

‘അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ള സഹകരണം തുടരും. പാര്‍ലമെന്റില്‍ വിഷയാധിഷ്ടിതമായ നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളെയാരെയും പേരെടുത്ത് കുറ്റം പറയാന്‍ ഞങ്ങളില്ല. പക്ഷേ താന്‍ പറയുന്നത് കൊള്ളേണ്ടവര്‍ക്ക് കൊള്ളും. ക്ഷമയുടെ നെല്ലിപ്പലക കണ്ടാണ് ഒടുവില്‍ ഈ തീരുമാനത്തില്‍ എത്തേണ്ടി വന്നത്’, കെ എം മാണി പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫിലേക്കൊ എന്‍ ഡി എയിലേക്കൊ പോകാന്‍ ഞങ്ങളില്ല. സുന്ദരിയായ പെണ്‍കുട്ടിയെ കാണുമ്പോള്‍ എല്ലാവര്‍ക്കും താത്പര്യം തോന്നുക സ്വാഭാവികം. സ്വതസിദ്ധമായ ചിരിയോടെ മാണി കൂട്ടിച്ചേര്‍ത്തു. തന്നെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വേണ്ടി പണപ്പിരിവ് നടത്തിയെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഘടിതമായ പ്രവര്‍ത്തനം നടത്തിയെന്നും മാണി ആരോപിച്ചു.  

അതേസമയം മാണിയുടെ തീരുമാനം തെറ്റിദ്ധാരണ മൂലമാണെന്നും ദൌര്‍ഭാഗ്യകരമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് പറഞ്ഞു. എന്നാല്‍ കെ എം മാണിയും കൂട്ടരും രാജിവെക്കുകയായിരുന്നു വേണ്ടത് എന്നായിരുന്നു യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പ്രതികരിച്ചത്. 30 വര്‍ഷക്കാലത്തോളമായി യു ഡി എഫ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ച ഒരു പാര്‍ട്ടിയും നേതാവുമാണ് ചതിച്ചു എന്നു പറഞ്ഞു ഇറങ്ങിപ്പോയിരിക്കുന്നത്. അതോടെ യു ഡി എഫ് എന്ന സംവിധാനം തന്നെ ഇല്ലാതായിരിക്കുന്നതായി എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.    കെ എം മാണി പോയതോടെ യു ഡി എഫിന്റെ ശുക്രദശ ആരംഭിച്ചു എന്ന് ടി എന്‍ പ്രതാപന്‍ അഭിപ്രായപ്പെട്ടു. പേടിച്ചിട്ടാണ് മാണി യു ഡി എഫ് വിട്ടതെന്ന് വി ഡി സതീശന്‍ പറഞ്ഞു. 

ഇന്നലെ നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ തന്നെ എല്ലാ പാര്‍ട്ടികളോടും സമദൂരമെന്ന നിലപാട് കെ എം മാണി പ്രഖ്യാപിച്ചിരുന്നു.  ആരോടും അയിത്തമില്ലെന്നും ആരും തങ്ങളെ വിരട്ടാന്‍ വരേണ്ടെന്നും മാണി തുറന്നടിച്ചിരുന്നു. വിഷയാധിഷ്ടിതമായിരിക്കും ഇനിയുള്ള നിലപാടുകളെന്നും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍