UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നരക’ത്തിലെ ഈ ‘പുഴു’വിനെ കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്തുചെയ്യും?

Avatar

അന്ന എബ്രഹാം

34 വര്‍ഷത്തെ കൂട്ടുകെട്ട് പൊളിച്ചെഴുതി മാണി യുഡിഎഫില്‍ നിന്ന് പടിയിറങ്ങി. മാണിയുടെ മുന്നണി വിടലിന്‍റെ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ നഷ്ടങ്ങള്‍ ചെറുതല്ല. അനുനയ ശ്രമങ്ങള്‍പരാജയപ്പെട്ട സ്ഥിതിക്ക് ആക്രമണത്തിന് പ്രത്യാക്രമണ ശൈലിയിലേക്ക് കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു. കേരളകോണ്‍ഗ്രസും മാണിയും എന്ന സമവാക്യത്തെ നേരിടാനുള്ള കരുക്കളാകും ഇനി പാര്‍ട്ടി ഒരുക്കുക. അനുനയ ശ്രമത്തിന് പ്രതികരിക്കാതെ മാണി ഒഴിഞ്ഞു മാറിയത് കോണ്‍ഗ്രസിനെ അത്രകണ്ട് പ്രതിരോധത്തിലാക്കുകയും ചെയ്തു. മാണിയുടെ പുതിയ സമ്മര്‍ദ്ദതന്ത്രത്തോടെ കേരള കോണ്‍ഗ്രസിനോടുള്ള മൃദുസമീപനം പാര്‍ട്ടി കൈയ്യൊഴിയാനാകണം തീരുമാനം.

യുഡിഎഫ് വിടാനുള്ള തീരുമാനത്തിന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ ഒറ്റയ്ക്ക് നിന്നുള്ള അങ്കത്തിന് കളമൊരുങ്ങി. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നെന്ന മാണിയുടെ ആരോപണത്തോടെ മുന്നണി വിടലിന്‍റെ പദ്ധതികള്‍ ചരല്‍ക്കുന്നില്‍ തുടങ്ങിയതല്ലെന്ന് വ്യക്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫിന് നല്‍കിയിരിക്കുന്ന പിന്തുണ പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസിനും യുഡിഎഫിനും ആത്മപരിശോധയ്ക്കുള്ള അവസരം നല്‍കുകയാണെന്നാണ് മാണിയുടെ നിലപാട്. ടിഎന്‍പ്രതാപനും പിപി തങ്കച്ചനും കടുത്ത ഭാഷയില്‍ മാണിക്കെതിരെ തിരിയുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ സമീപനത്തിലെ മൃദുത്വം വിട്ടൊഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനു നേരെ മാത്രമാണ് മാണിയുടെ വിമര്‍ശനങ്ങള്‍. യുഡിഎഫ് വിട്ടതായി മാണി സമദൂര പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഒറ്റ ബ്ലോക്ക് ആയി ഇരിക്കാനുള്ള തീരുമാനത്തോടെ മാണി വിട്ടുപോയെന്ന് തന്നെ നേതാക്കള്‍ ഉറപ്പിച്ചിരുന്നു. തദ്ദേശസ്വയംഭരണത്തിലെ പിന്തുണ പിന്‍വലിക്കാതെ വാതില്‍ പരിപൂര്‍ണമായി അടച്ചിടാതിരിക്കുന്നതിലും മാണി കൌശലം പുലര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തി ഇനി ഒരു അനുനയ ചര്‍ച്ചയുമുണ്ടാവില്ല. ഇങ്ങോട്ട് കുത്തിയാല്‍ മാത്രം തിരിച്ച് കുത്തെന്ന നയം സ്വീകരിക്കാന്‍പാര്‍ട്ടി നി‍ര്‍ബന്ധിതരാകുന്നതും ഇവിടെയാണ്. രണ്ടിടത്തും പ്രതിഛായ തന്നെയാണ് പ്രശ്നം. കോണ്‍ഗ്രസിനും മാണിക്കും നഷ്ടപ്പെട്ടത് വീണ്ടെടുക്കാനുള്ള കാലാവധി 2019 വരെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ആ വിധി നിര്‍ണയിക്കപ്പെടുകയും ചെയ്യും.

മാണിയുടെ രാഷ്ട്രീയ ഗ്രാഫില്‍ എല്‍ഡിഎഫും യുഡിഎഫും രേഖപ്പെടുത്തിയത്, അവസരവാദ രാഷ്ട്രീയത്തിന്‍റെ കളിക്കളം തന്നെയാണ്. 1982ല്‍ നായനാര്‍ മന്ത്രിസഭയില്‍ നിന്നുള്ള ഇറങ്ങിവരവും ഇത്തരത്തിലുള്ള ഒരു തീരുമാനമായിരുന്നു. കഴിഞ്ഞ 34 വര്‍ഷമായി യുഡിഎഫിന്‍റെ ഭാഗമായി തന്നെയായിരുന്നു കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം.1980ല്‍ എ കെ ആന്‍റണി പക്ഷം ഇടതുപക്ഷത്തോടൊപ്പം നീങ്ങിയപ്പോള്‍ കേരള കോണ്‍ഗ്രസും ഒപ്പം ചേര്‍ന്നു. പക്ഷെ, 1982ല്‍ നായനാരെയും ഇടതുപക്ഷത്തെയും ഞെട്ടിച്ച് മാണി ഇറങ്ങിപ്പോരുകയും ചെയ്തു. പിന്നീട് പിജെ ജോസഫ് ഇടതുപക്ഷത്തേക്ക് മടങ്ങിയപ്പോളും മാണി കോണ്‍ഗ്രസില്‍ അടിയുറച്ചു നിന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ മാണി ആഭ്യന്തരമന്ത്രിയായി. തുടര്‍ന്ന് ആന്‍റണി മന്ത്രിസഭയിലും. പിന്നീട് 2010ല്‍ പരസ്പരം ലയിക്കുന്നതുവരെ മാണിയും ജോസഫും രണ്ടു തട്ടില്‍ തന്നെയായിരുന്നു. വീണ്ടും 2013ല്‍പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലെ സെമിനാറില്‍പങ്കെടുത്തതോടെ മാണി ഇടത്തോട്ട് ചായുമെന്ന് ചര്‍ച്ച തുടങ്ങി. മാണി മറ്റേത് മുന്നണിയോടൊപ്പം ചേര്‍ന്നാലും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആക്ഷേപം അവസര രാഷ്ട്രീയം തന്നെയാകും. പാര്‍ട്ടിയുടെ അധികാരം നഷ്ടപ്പെട്ടിടത്താണ് മാണിയുടെ ഇറങ്ങിവരവ്. ഇവിടെയൊക്കെ മുസ്ലിം ലീഗ് എന്ത് നിലപാടെടുക്കുമെന്നുള്ളതാണ് ശ്രദ്ധേയം. എക്കാലത്തും മാണിയോടുള്ള ലീഗിന്‍റെ മൃദുസമീപനം ഇത്തവണ എങ്ങനെ മാറുമെന്ന് കാണണം. ഇടതുപക്ഷത്ത് നിന്ന് വിട്ടപ്പോഴും വിശാല ഐക്യമുന്നണിയുമായി മാണി സഹകരിച്ചപ്പോഴും ലീഗും പാര്‍ട്ടിയെ തള്ളിക്കളഞ്ഞിട്ടില്ല.

മധ്യകേരളത്തിലെ രണ്ടിലയുടെ പച്ചപ്പ് കോണ്‍ഗ്രസിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. കോട്ടയത്തെയും പത്തനംതിട്ടയിലെയും കോണ്‍ഗ്രസിന്‍റെ അടിത്തറയിളക്കുന്നതാണ് മാണിയുടെ തീരുമാനം. ഇടുക്കിയിലേത് വന്‍തകര്‍ച്ചയുമാകും. മൂന്നാമത്തെ കക്ഷിയുടെ പിരിഞ്ഞ് പോക്ക് അത്രവേഗം കോണ്‍ഗ്രസിന് നികത്താനുമാവില്ല. കേരളകോണ്‍ഗ്രസ് വെറുമൊരു ഘടകകക്ഷിയല്ലെന്ന് കോണ്‍ഗ്രസിന് വ്യക്തതമായറിയാം. ക്രിസ്ത്യന്‍ സഭകളുടെ വോട്ട് പാലമാണ് മാണിസാറും പാര്‍ട്ടിയും. അവസാനമണിക്കൂറുകളിലും ചര്‍ച്ച നടത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തിയതും അതുകൊണ്ടു തന്നെ. മുന്നണി വിട്ടെന്ന് ഔദ്യോഗികമായി മാണി സ്ഥിരീകരിച്ച സ്ഥിതിക്ക് ലോകസഭ തെരഞ്ഞെടുപ്പിലെ കാറ്റ് വീശുന്ന ദിശയില്‍ ചരടുവലിക്കാന്‍ തന്നെയാകണം മാണിയുടെ തീരുമാനം. ബാര്‍ കോഴക്കേസ് വന്നതോടെ എല്‍ഡിഎഫിലേക്കുള്ള വഴി പ്രത്യക്ഷത്തില്‍ അടഞ്ഞെങ്കിലും അന്നും ഇന്നും വിഎസിന് മാത്രമേ മാണി നരകത്തിലെ പുഴു ആയിട്ടുള്ളു. പാര്‍ട്ടി മൃദുസമീപനം വിട്ടൊരു കളിയും മാണിയ്ക്കെതിരെ എടുത്തിട്ടില്ല.

പിളരും തോറും വളരുന്ന പാര്‍ട്ടി ഇനിയൊരു പിളര്‍പ്പിലെത്തിയാല്‍ മോന്‍സ് ജോസഫിന്‍റെയും പിജെ ജോസഫിന്‍റെയും രാഷ്ട്രീയ ഭാവി കൂറുമാറ്റത്തില്‍ വഴിമുട്ടുകയും ചെയ്യും. ഇടുക്കിയിലെ മലയോരകര്‍ഷക-കുടിയേറ്റ വോട്ടുകള്‍ മുന്‍നിര്‍ത്തി ജോസഫിനെ തൊടാന്‍ മാണി ഒന്നു മടിക്കുകയും ചെയ്യും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് 50 ശതമാനം സീറ്റ് ആവശ്യപ്പെട്ട മാണിയോട് അവസാനം കോണ്‍ഗ്രസ് വഴങ്ങിക്കൊടുത്തത് മാണി വോട്ടുകള്‍ കനത്തതായതുകൊണ്ടുതന്നെയാണ്. മധ്യകേരളത്തിലെ പ്രധാന ഘടകകക്ഷി മുന്നണി വിടുന്നത് കൃത്യമായി ഉപയോഗിക്കാന്‍ പോകുന്നത് ഉമ്മന്‍ചാണ്ടിയാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാണിയോളം കഴിഞ്ഞിട്ടില്ലെന്ന ആരോപണത്തെ അതിജീവിക്കാനുള്ള കാലയളവാണ് ഉമ്മന്‍ചാണ്ടിക്ക് സമദൂരം. അധികാരത്തിന്‍റെ ഭാഗമല്ലാതെ നിന്നുകൊണ്ട് അഞ്ച് വര്‍ഷഭരണ കാലയളവിലെ കറകള്‍ തേച്ചുവെളുപ്പിക്കാനുള്ള അവസരമായി പുതുപ്പള്ളിക്കാരന്‍ കളത്തിലിറങ്ങും.

ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സ്ഥാനം എന്ന വാതിലു കണ്ട് മാണി നടന്നാലും എന്‍ഡിഎയിലേക്ക് ഒരു കാലുമാറ്റത്തിന് കേരളകോണ്‍ഗ്രസ് അണികള്‍ തയ്യാറായേക്കില്ല. എന്നാല്‍ സമദൂരം യുഡിഎഫിനോടും എല്‍ഡിഎഫിനോടുമെന്ന് പറഞ്ഞെങ്കിലും എന്‍ഡിഎയെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയായിരുന്നു മാണിയുടെ സമദൂരപ്രഖ്യാപനം. സാധ്യതകളെ തള്ളിക്കളയാതെയുള്ള സമ്മര്‍ദ്ദതന്ത്രം. എ ഗ്രൂപ്പിനോടോ ലീഗിനോടോ വിദ്വേഷമേതും വ്യക്തമാക്കാതെയാണ് മാണിയുടെ നീക്കങ്ങള്‍. ഇവിടെ പ്രതിക്കൂട്ടില്‍ രമേശ് ചെന്നിത്തല തന്നെ. പൂഞ്ഞാറില്‍ പിസി ജോര്‍ജിന് ചെന്നിത്തല സഹായമെത്തിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നിടത്ത് സാധ്യത തള്ളാനാവില്ല. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ തീരുമാനിച്ചതും കേരളകോണ്‍ഗ്രസിന്‍റെനോട് അഭിപ്രായം ചോദിക്കാതെയാണെന്നുള്ളതും പാര്‍ട്ടിക്ക് അമര്‍ഷമുള്ള കാര്യമാണ്. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോളാണ് ബാര്‍ കോഴക്കേസില്‍ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ് വരുന്നത്. എഫ്ഐആര്‍ എടുത്തതും എസ് പി സുകേശന്‍ അന്വേഷിച്ചതും മാണിയെ സമ്മര്‍ദ്ദത്തിലാക്കിയത് ചില്ലറയല്ല.

സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരമില്ലാത്ത സാഹചര്യത്തില്‍ ക്രിസ്ത്യന്‍ സഭകളും കോണ്‍ഗ്രസിനോട് എത്രത്തോളം സഹകരിക്കുമെന്ന് കണ്ടറിയണം. ഈ വെല്ലുവിളി ഉമ്മന്‍ചാണ്ടി എങ്ങനെ നേരിടുന്നു എന്നുള്ളിടത്താണ് കോണ്‍ഗ്രസിന്‍റെ പ്രതിരോധം. പാര്‍ട്ടി സ്ഥിരത നേരിടുന്നതോടെ യുഡിഎഫിലേക്ക് തന്നെ കേരളകോണ്‍ഗ്രസ് തിരിച്ചെത്തുന്നതും സാധ്യത തന്നെയാണ്. ലോകസഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും നീളുന്നത് തന്നെയാകും കോണ്‍ഗ്രസ്-കേരളകോണ്‍ഗ്രസ് ആക്രമണ പ്രത്യാക്രമണങ്ങള്‍.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍