UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലി അല്പം കൂടിപ്പോയോ മാണി സാറേ?

Avatar

അഴിമുഖം പ്രതിനിധി

ഒടുവിൽ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. രണ്ടില മുറിഞ്ഞു. മാണിസാറും കുട്ട്യോളും കോൺഗ്രസിനോടും യുഡിഎഫിനോടും വിടചൊല്ലി. മാണി സാറിന്റെ വാക്കുകൾ കടമെടുത്താൽ ആരെയും ശപിക്കാതെ. യുഡിഎഫിനും കോൺഗ്രസിനും നന്മ നേർന്നുകൊണ്ട്. ഇപ്പറഞ്ഞതിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചിലതുണ്ട്. പിന്നിൽ നിന്നും കുത്തിയെന്നു പറയുന്നവരെ എങ്ങനെ ശപിക്കാതിരിക്കാൻ കഴിയുന്നു എന്നതാണ് അതിൽ പ്രധാനം. ഈ നന്മ നേരൽ പ്രയോഗത്തിൽ ഒരു പൈങ്കിളി ചുവയുണ്ട്. പിരിയുന്ന കാമുകിക്ക് കാമുകൻ മംഗളം നേരുന്നത് പോലെ ഒന്ന്.

എന്തായാലും ഒടുവിൽ അതു സംഭവിച്ചു. ക്ഷീണം കോൺഗ്രസിനും യുഡിഎഫിനും തന്നെ. മാണി പോയതോടെ മധ്യ തിരുവിതാംകൂറിൽ   യുഡിഎഫ് തീർത്തും ശോഷിച്ചു. നിയമസഭയിൽ ഇനി ഇപ്പോൾ കോൺഗ്രസ്സും മുസ്ലിംലീഗും മാത്രം. ജെഡിയു , ആർ എസ് പി, സി എം പി തുടങ്ങിയ ഘടകകക്ഷികൾ മുന്നണിയിൽ ഉണ്ടങ്കിലും നിയമസഭ കാണാൻ അവർക്കു ഇക്കുറി ഭാഗ്യമുണ്ടായില്ല.

ഇന്നലെ ചരൽക്കുന്നിൽ വച്ച് മാണി സാർ മുന്നണി വിടുന്ന കാര്യം അസന്ദിഗ്ദമായി പ്രഖ്യാപിച്ചതോടെ 34 വര്‍ഷം നീണ്ട ഒരു ബാന്ധവത്തിനാണ് അവസാനമായത്. 

മാണി പോയതിൽ കോൺഗ്രസിൽ ഏറെ ഖേദമുള്ളതു കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനാണ്. അക്കാര്യം ഇന്നലെ തന്നെ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ഇത് വല്ലാത്തൊരു ചെയ്ത്തായി പോയി എന്നായിരുന്നു പറഞ്ഞതിന്റെ ശരിയായ അർത്ഥമെങ്കിലും സുധീരൻ പറഞ്ഞത് ഇങ്ങനെ: “ഇത് രാഷ്ട്രീയ തറവാടിത്തത്തിനു ചേർന്നതല്ല. ആദ്യം മുന്നണി വിടാൻ തീരുമാനിക്കുക. പിന്നീട് അതിനു കാരണങ്ങൾ കണ്ടെത്തുക. ഇത് തികഞ്ഞ രാഷ്ട്രീയ അവസരവാദ നയവും ഭാഗ്യാന്വേഷണവും ആണ്”.

സുധീരൻ ശരിയാണ് പറയുന്നത്. പക്ഷെ ഇത് കോൺഗ്രസുകാർക്കും ബാധകമല്ലേ? എങ്കിലും ഈ ബുദ്ധി മാണിക്ക് മുൻപേ തോന്നിയിരുന്നുവെങ്കിൽ യുഡിഎഫ് ഇത്ര കനത്ത പരാജയം രുചിക്കേണ്ടിവരില്ലായിരുന്നു എന്ന് ചിന്തിക്കുന്നവരും കോൺഗ്രസിലും യുഡിഎഫിലും സുലഭം.

മാണിസാർ പോയതുകൊണ്ട് കോൺഗ്രസ്സിനോ മുന്നണിക്കോ ഒരു ചുക്കും സംഭവിക്കില്ല എന്ന് ചില കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ലളിതമല്ല. കോൺഗ്രസിലെ ടി എൻ പ്രതാപനെപ്പോലുള്ള ചില പുത്തൻ കൂറ്റുകാർ പറയുന്നതുപോലെ മാണി പോയ യുഡിഫ് മധ്യകേരളത്തിൽ ഒരു പ്രബല ശക്തിയൊന്നും ആകാൻ പോകുന്നില്ല. മാണിയുടെ തീരുമാനത്തോട് നസ്രാണി സഭ  ഇനിയും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദി ഭരണത്തോടു അത്ര കടുത്ത എതിർപ്പ് ഒന്നും ഇല്ലാത്ത മെത്രാന്മാർ മാണി ഇനി ബിജെപിക്ക് ഒപ്പം പോയാലും കണ്ണടക്കാനേ തരമുള്ളു. എന്ന് കരുതി കാര്യങ്ങൾ അത്ര ലളിതമല്ല. ബിഷപ്പ് പോയിട്ട്  പോപ്പ് തന്നെ നേരിൽ വന്നു പറഞ്ഞാൽ കേൾക്കാത്തവരാണ് നസ്രാണികൾ. അവർക്കിടയിൽ മാണി കോൺഗ്രസ് മാത്രമല്ല കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും ഒക്കെ ഉണ്ട് . അതുകൊണ്ട് തന്നെ മാണിയുടെ പാർട്ടിയുടെ ഭാവി അത്ര എളുപ്പം തീർപ്പു കല്പിക്കുക വിഷമം തന്നെ.

പോകാൻ മാണിക്കു മടിയുണ്ടായിട്ടല്ല. എടുക്കാൻ സിപിഎമ്മിനും ബിജെപിക്കും ചില്ലറ പ്രശ്നം ഉണ്ടെന്നതാണ് വസ്തുത. മാണിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തിയവർ ഇനിയിപ്പോൾ എങ്ങനെ പെട്ടന്ന് കേറി കോഴക്കാരനെ എതിരേൽക്കും എന്നതാണ് അവരുടെ പ്രശ്നം. ആരും ഒരു കൈത്താങ്ങ് നൽകിയില്ലെങ്കിൽ മാണിയുടെ രാഷ്ട്രീയം കൂമ്പടയും. പി ജെ ജോസഫും കൂട്ടരും കാത്തിരിക്കുന്നത് അതുതന്നെയാണ്.

ഗതി കെട്ടാൽ പുലി പുല്ലും തിന്നും. ഗതി ഇല്ലാതെ വന്നാൽ വീണ്ടും യുഡിഫിലേക്ക് തന്നെ മടക്കം എന്നതാണ് മാണിയുടെ സൂത്രവാക്യം . പക്ഷെ ഇത്തവണത്തെ കലി അൽപ്പം കൂടിപ്പോയോ എന്ന സംശയം ബാക്കി നിൽക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍