UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണിക്കും മകനും ഇത് അവസാന അങ്കമോ?

Avatar

കെ. എ. ആന്റണി

എല്ലാ കണ്ണുകളും ഇപ്പോള്‍ ചരല്‍കുന്നിലേക്കാണ്. മലയോര മാര്‍ക്‌സ് എന്നറിയപ്പെടുന്ന കരിങ്ങോഴക്കല്‍ മാണി മാണി എന്ന കെ. എം. മാണിയുടെ പാര്‍ട്ടിയുടെ വലിയൊരു ക്യാമ്പ് അവിടെ നടക്കുമ്പോള്‍ എങ്ങനെ ചരല്‍കുന്നിലേക്കു കണ്ണുകള്‍ നീളാതിരിക്കും. ക്യാമ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം പാര്‍ട്ടി യുഡിഫില്‍ തുടരണമോ വേണ്ടയോ എന്നതു കൂടിയാകുമ്പോള്‍ ചരക്കുന്നില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൈവന്നില്ലെങ്കിലല്ലേ അത്ഭുതത്തിനു വകയുള്ളു !

ചരല്‍കുന്നില്‍ എന്തൊക്കെയോ നടക്കുമെന്നാണ് ചിലരൊക്കെ പറയുന്നത്. ഒരു കോപ്പും നടക്കില്ലെന്നു പൂഞ്ഞാര്‍ പുലി പി സി ജോര്‍ജ് കട്ടായം പറയുന്നുണ്ടെങ്കിലും എന്തെക്കിലുമൊക്കെ നടക്കാതെ വയ്യെന്നതാണ് യാഥാര്‍ഥ്യം. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ മാണിസാര്‍ ഭക്തര്‍ പറയുന്നത് മാണിസാര്‍ കലിപ്പിലാന്നെന്നാണ് (സണ്ണി വെയ്‌നും ബേബി സാറയും അഭിനയിച്ച ‘ആന്‍ മേരിയുടെ കലിപ്പ്’ അല്ല കേട്ടോ). എന്നുവച്ചാല്‍ രണ്ടും കല്‍പിച്ചുള്ള നിലനില്‍പാണെന്നു സാരം. മാണി കോണ്‍ഗ്രസിനെ മൊഴി ചൊല്ലുമെന്നും അവരില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. നടക്കാന്‍ പോകുന്നത് ട്രിപ്പിള്‍ തലാഖ് ആണോ അതോ, അനുരഞ്ജനമാണോ എന്നൊക്കെ നാളെ രാത്രിയോടുകൂടിയോ മറ്റന്നാള്‍ പകലോ അറിയാമെന്നതിനാല്‍ അധികം തല പുണ്ണാക്കുന്നത് അത്ര ഉചിതമല്ല. വരാന്‍ ഉള്ളത് വഴിയില്‍ താങ്ങില്ലല്ലോ!

പക്ഷെ എന്തൊക്കെയായാലും റിയോ ഒളിംപിക്‌സ് ദീപശിഖ ആരു കൊളുത്തുമെന്നു സംഘടകര്‍ കാത്തുവെച്ചത് പോലെ ഒരു സസ്‌പെന്‍സ് ചരല്‍കുന്നിലും ബാക്കി നില്‍ക്കുന്നുണ്ട്.

ചരല്‍കുന്ന് ഒരു ഗംഭീര സംഭവമാണ്. മണല്‍ ഇല്ലാത്തതിനാല്‍ ചരല്‍ നിറഞ്ഞ  ഒരു കുന്നിന്‍പുറം. 1972 ല്‍ ക്രിസ്ത്യന്‍ എജ്യുക്കേഷന്‍ എന്ന പേരില്‍ മാര്‍ത്തോമ ക്രിസ്ത്യനികള്‍ തുടങ്ങിയ ഒരു സംവിധാനം. കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരുപാട് ഗുസ്തി വൈരാഗ്യങ്ങള്‍ അരങ്ങേറിയ വേദി. തിരുവല്ലയില്‍ നിന്നും 20 കിലോമീറ്ററും കോഴഞ്ചേരിയില്‍ നിന്നും ആറു കിലോമീറ്ററും അകലെയുള്ള ഈ കുന്നിന്‍പുറം ഇന്നും കോണ്‍ഗ്രസുകാര്‍ക്കും കേരള കോണ്‍ഗ്രസുകാര്‍ക്കും സംയോജിതരാകാനും അടിച്ചുപിരിയാനും വേദിയാകുന്നത് തികച്ചും സ്വഭാവികം. കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും പോരാട്ടവേദിയായി തീരുമാനിക്കുന്ന ചരല്‍കുന്ന് മൗണ്ട് എന്നു പറയുന്നത് പത്തനംതിട്ട ജില്ലയിലെ ഒരു ഹില്‍ടോപ്പ് ആണ്. മാര്‍ത്തോമ നസ്രാണികള്‍ വക സണ്‍ഡേ സ്‌കൂള്‍ സമാജത്തിന്റെതാണ് ആ സംവിധാനം. 

ധ്യാനം കഴിഞ്ഞുവന്ന മാണി സാര്‍ പോകുന്നത് മറ്റൊരു ധ്യാനകേന്ദ്രത്തിലേക്കായിരിക്കുമോ എന്നു ചിലര്‍ക്കെങ്കിലും സംശയം ഉദിച്ചേക്കാം. എന്നാല്‍ ഈ റിട്രീറ്റ് സെന്റര്‍ ധ്യാനത്തിനായിരുന്നില്ല, ഇടിപ്പുറപ്പാടുകള്‍ക്കായിരുന്നു ഉപകരിച്ചതെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പി ജെ ജോസഫും കെ എം മാണിയും വേര്‍പിരിയുന്നതടക്കമുള്ള ഗുസ്തികള്‍ക്ക് സാക്ഷ്യം പിടിച്ച ചരല്‍കുന്നിന് കോണ്‍ഗ്രസിന്റെ വക ചില ഉഡായിപ്പ് കോണ്‍ട്രിബ്യൂഷന്‍ കൂടിയുണ്ട്. കുശുമ്പും കുന്നായ്മയും പുറത്തേക്ക് പോകാതിരിക്കാനുള്ള ഏകജാല പദ്ധതി എന്നൊക്കെ വി എം സുധീരനെ പോലുള്ളവര്‍ക്ക് സ്വപ്‌നം കാണാം. കേരള മാര്‍ക്‌സിനും ഇത്തരം സ്വപ്‌നങ്ങള്‍ ആവാം.

മാണിയുടെ പ്രശ്‌നങ്ങള്‍ അവിടെ നില്‍ക്കട്ടെ. മാണിയെ നന്നാക്കി നല്ലനടപ്പിന് വിധിച്ച് സ്വന്തക്കാരാക്കാന്‍ ചില യുഡിഎഫ് നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. പ്രധാനികള്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ. തറവാട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാത്തവരാണ് ഇപ്പോള്‍ എല്ലാം റെഡിയാക്കി തരും എന്നു പറഞ്ഞു വാചാലരാകുന്നത്. ഇക്കൂട്ടത്തില്‍ ഉമ്മന്‍ ചാണ്ടി മുതല്‍ കണ്ണൂരിലെ ഗര്‍ജ്ജിക്കുന്ന സിംഹം കെ സുധാകരന്‍വരെയുണ്ട്. തറവാടിന്റെ അസ്തിവാരം കോടിപ്പോകുന്നത് അറിയാത്ത മന്ദബുദ്ധികളെക്കൊണ്ട് സ്വൈര്യം കെട്ടുപോയ സോണിയാജി ഇപ്പോള്‍ ആശുപത്രിയിലാണ്. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കാള്‍ പ്രധാനപ്പെട്ടതാണ് കേരളത്തിലെ സുധീരവധം എന്നു ചിന്തിച്ച് സ്വപ്‌നലോകത്തിലെ ബാലഭാസ്‌കരന്‍മാരായി ചമയുന്നവര്‍ക്ക് അറിയേണ്ടത് ഇനിയങ്ങോട്ട് ഒരുപക്ഷേ പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഉണ്ടാവില്ല എന്നതു തന്നെയാണ്. ഇനി യുദ്ധം നേരിട്ടാവുമ്പോള്‍ കേരളമടക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന കമ്യൂണിസ്റ്റുകളും സംഘികളും തമ്മിലുള്ള യുദ്ധത്തില്‍ ആരു ജയിക്കും ആരു തോല്‍ക്കും എന്നു പറയാനാവില്ല. സംഘബലം കൊണ്ട് സംഘികള്‍ ശക്തരാണ്. അവര്‍ക്ക് എന്തും ചെയ്യാനാവും എന്നാണ് കുട്ടനാട്ടിലുള്ള കുസാറ്റിന്റെ പുളിങ്കുന്ന് സെന്ററില്‍ എബിവിപി ആദ്യമായി നേടിയ അപ്രതീക്ഷിത വിജയം. കാലം മാറുകയാണ്. ചുവരെഴുത്തുകള്‍ വായിക്കാത്ത ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്കു കൊണ്ടുവരുന്നത് പുതിയൊരു രാഷ്ട്രീയ വിപ്ലവമാണെന്ന് ആലോചിച്ച് കാത്തിരിക്കുന്നത് അത്ര നന്നാണെന്നു തോന്നുന്നില്ല.

മാണിയുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി ഇറങ്ങിയവരുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടി സാഹിബും ഉണ്ട്. സാഹിബിന് അത്ര താത്പര്യം പോര. യുഡിഎഫ് ഒന്നു പണ്ടാരം അടങ്ങിയിട്ടു വേണം. എല്‍ഡിഎഫിലേക്കെന്ന നിലപാട് തുടങ്ങിയിട്ട് ഏറെക്കാലമായി. അതിനിടയിലാണ് വീണ്ടും കുറെ ഐസ്‌ക്രിം വിതച്ച് പുരട്ടി ചില കേസുകളുമായി ഒരു അഭിനവ കാസ്‌ട്രോയുടെ ആഗമനം. സ്വൈര്യം തരൂ എന്ന ഇത്തരം വിലാപങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ എങ്ങനെ എത്രകണ്ട് ചെവികൊടുക്കുമെന്ന് അറിയില്ല.

ചരല്‍ക്കുന്നില്‍ നിന്നും വെളുത്ത പുക വന്നാലും കറുത്ത പുക വന്നാലും മാണിയെ കൂട്ടത്തില്‍ കൂട്ടില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. കാനത്തിന് പിഴയ്ക്കാന്‍ ഇടയില്ല. സിപിഎമ്മിനും. ഇനിയിപ്പോള്‍ മാണിയെ കൊണ്ട് പ്രത്യേകിച്ചൊരു ഉപകാരവും ഉണ്ടാകാന്‍ ഇടയില്ല. ആകെ ജാഗ്രവത്താകുന്നു എന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് മാണി ബിജെപിയില്‍ ചേര്‍ന്നാല്‍ തെക്കന്‍ തിരുവിതാംകൂറിലെ രാഷ്ട്രീയം അട്ടിമറിക്കപ്പെടുമെന്നാണ്. ഉത്തരേന്ത്യയില്‍ ഒട്ടേറെ സ്ഥാപനങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളും നടത്തുന്ന ക്രൈസ്തവ മിഷണിമാരെയും അവരുടെ തലവന്‍മാരെയും ഉദ്ദേശിച്ചുള്ള ബിജെപി അജണ്ട ഏറെക്കാലമായി കേരളത്തിലും ഓടുന്നുണ്ട്. ഇടതു സഹയാത്രികന്‍ ചമഞ്ഞ അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നാലും കേരളത്തിലെ നസ്രാണി സമൂഹം ഒറ്റക്കെട്ടായി ബിജെപിയെ തുണയ്ക്കില്ല എന്ന തിരിച്ചറിവു തന്നെയാണ് മാണി സാറിനെ വലയ്ക്കുന്നത്. മൂന്നുദിവസം നീണ്ട ധ്യാനത്തിനുശേഷം കണ്ടെത്തിയ തീരുമാനങ്ങള്‍ എന്താണെന്ന് അദ്ദേഹം തന്നെ പറയട്ടെ. പിളര്‍ത്തി പിളര്‍ത്തി പാര്‍ട്ടി വളര്‍ത്തിയ മാണി സാറിന്റെ പാര്‍ട്ടിയുടെ ജാതകം തിരുത്തിയെഴുതപ്പെടുമോ എന്ന് കാത്തിരുന്നു കാണാം. ഒരുപക്ഷേ ഇതു മാണിയുടെയും പുത്രന്റെയും അവസാന രാഷ്ട്രീയ അങ്കം കൂടിയാകാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍