UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാലായിലെ ശരിദൂരങ്ങൾ അഥവാ അളമുട്ടിയ മാണി

Avatar

ഡി. ധനസുമോദ് 

കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ മൂന്നാം വർഷം ആണ് സംഭവം നടക്കുന്നത്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകൻ സംസ്ഥാന ഇന്റലിജൻസിലെ ഉയർന്ന ഉദ്യോഗസ്ഥന് ഒരു രഹസ്യ വിവരം കൈമാറി. സിപിഎമ്മിലെ മുതിർന്ന നേതാവിന്റെ മകൻ പാലായിലെ വസതിയിലെത്തി കെ എം മാണിയെ സന്ദർശിച്ചു എന്നതായിരുന്നു വിവരം. സന്ദർശന ഉദ്ദേശം മാണിയെ ഇടതു ക്യാംപിൽ എത്തിക്കുക എന്നതായിരുന്നു എന്നും വ്യക്തമാക്കി. ഇങ്ങനെ ഒരു വിവരം ഇന്റലിജൻസിന് ലഭിച്ചിട്ടില്ലെന്നും 20 മിനിറ്റ് കഴിഞ്ഞു തിരിച്ചു വിളിക്കാമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ മറുപടി എത്തി. സംഭവം അക്ഷരം പ്രതി ശരിയാണ്. ഈ വിവരം എവിടെ നിന്നും കിട്ടിയെന്നു ചോദിക്കാൻ മറന്നില്ല. “സംസ്ഥാനത്തെ ഇന്റലിജെൻസിനേക്കാൾ സ്ട്രോങ്ങ് ഇൻഫോർമേഷൻ ആണ് പ്രതിപക്ഷ നേതാവിന് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നതിൽ അഭിമാനമുണ്ട്”എന്ന് അഭിഭാഷകൻ മറുപടി നല്‍കി. കഴിഞ്ഞ കുറേ കാലമായി യുഡിഎഫ് എന്നാൽ മൂന്ന് നേതാക്കന്മാരാണ്. ഉമ്മൻചാണ്ടി, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി. ഈ സൂത്രവാക്യം തെറ്റിപ്പോയതിന്റെ ദോഷങ്ങൾ ആണ് ഇപ്പോൾ മാണിയുടെ സമദൂരത്തിൽ ഇപ്പോൾ എത്തി നിൽക്കുന്നത്. 

ഉമ്മൻചാണ്ടിയെ മറിച്ചിട്ടു മുഖ്യമന്ത്രി ആകാൻ ശ്രമിച്ചതാണ് കെ എം മാണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പിഴവ്. അദ്ദേഹം ധരിച്ചതിനും അപ്പുറമായിരുന്നു ആ പുതുപ്പള്ളിക്കാരൻ. അത് മാണി തിരിച്ചറിയാൻ കേസും പുക്കാറുമൊക്കെ വേണ്ടി വന്നു. ആ പേടി ഇപ്പോഴും തീർന്നിട്ടില്ല. രമേശ് ചെന്നിത്തലയെ കുറ്റം പറയുമ്പോഴും ഉമ്മൻചാണ്ടിയെ തൊടാൻ ഭയക്കുന്നത് ശ്രദ്ധിക്കുക. രമേശ് ചെന്നിത്തല ഒന്നാം പ്രതിയല്ല എന്ന് മുൻ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞതിന്റെ അർഥം മറ്റൊന്നല്ല. മാണി ‘ചാകാത്ത പുഴുക്കൾ ഉള്ള നരകത്തീയിൽ വീഴും’ എന്നൊക്കെ പ്രസംഗിച്ചപ്പോൾ വി സ് അച്യുതാനന്ദന് മൈലേജ് കൂടുകയും മാണിക്ക് കുറയുകയും ചെയ്തു. പ്രതിച്ഛായ നഷ്ടപ്പെട്ട കെ എം മാണിയെ ആണ് പിന്നീട് കാണുന്നത്. അഴിമതി നടത്താതിരിക്കാൻ അഞ്ഞൂറ് രൂപ മണി ഓര്‍ഡര്‍ കാംപൈയിൻ അടക്കം ആരംഭിച്ചതോടെ മുഖ്യമന്ത്രി കസേരയിലേക്ക് ഇരിക്കാൻ തയാറായ മാണിക്ക് സ്വന്തം വീട്ടിലെ കസേരയിൽ പോലും ഇരിക്കാൻ കഴിയില്ലെന്നായി. നോട്ട് എണ്ണുന്ന മെഷീന് വേണ്ടി മാത്രമല്ല മാണിയുടെ ഭാര്യ കുട്ടിയമ്മയെ ചോദ്യം ചെയ്താൽ തെളിവ് ലഭിക്കുമെന്ന വിഎസിന്റെ പ്രസ്താവനയും മാണിയെ കൂടുതൽ ഭയചകിതനാക്കി.

2014 വരെ മാണിയെ പുകഴ്‌ത്താൻ മത്സരിച്ച നേതാക്കൾക്കും പാര്‍ട്ടികള്‍ക്കും മാണി തൊട്ടു കൂടാത്തവനായി. നോബിൾ മാത്യു നൽകിയ കേസിൽ മാണിക്കെതിരെ അന്വഷണത്തിനുള്ള അനുമതിയും കിട്ടിക്കഴിഞ്ഞതോടെ ഇനി മുഖ്യമന്ത്രി പിണറായി വിജയനെ പ്രീണിപ്പിക്കാതെ വയ്യ എന്ന അവസ്ഥയിലേക്ക് മാണി എത്തിച്ചേർന്നു. എന്നാൽ ഈ പ്രീണിപ്പിക്കൽ കോൺഗ്രസിനെ പൂർണമായി പിണക്കിക്കൊണ്ട് ആകാനും പാടില്ല. കാരണം മാണിയുടെ പല രഹസ്യങ്ങളും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അറിയാം. മർമ്മത്തടിയുടെ ആശാനായ വി എം സുധീരനെ കോൺഗ്രസിലെ ആൺകുട്ടി എന്ന് പറഞ്ഞു പാർട്ടി മാസികയിൽ സുഖിപ്പിച്ചു നിർത്താനും കേരളാ കോൺഗ്രസ് ശ്രദ്ധിച്ചു.

സമദൂരം മാണി ഉദ്ദേശിച്ചത് ഇടതു -വലതു മുന്നണികളുമായിട്ടാണ്. പക്ഷെ തങ്ങളെ കൂടി ഉദ്ദേശിക്കുന്നുണ്ടെന്നാണ് ബിജെപി കരുതുന്നത്. ബിജെപി കേരള കോൺഗ്രസിന്റെ പിന്നാലെ നടക്കുമ്പോൾ നേരത്തെ ബാലകൃഷ്ണപിള്ള പറഞ്ഞ കുറുക്കന്റെ കഥയാണ് ഓര്‍മ്മ വരുന്നത്. മുട്ടനാടിന്റെ വൃഷണം ഇപ്പോൾ താഴെ വീഴും എന്ന് കരുതി കുറെ നാൾ കുറുക്കൻ ആടിന്റെ പിന്നാലെ നടന്നത്രെ. അഴിമതി കേസിൽ കുരുങ്ങി നിൽക്കുന്ന മാണിക്ക് സ്തുതി പാടുന്നതോടെ നിലവിലുള്ള പിന്തുണ കൂടി ബിജെപിക്കു ഇല്ലാതാകും. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായെ ജോസ് കെ മാണി കണ്ടു എന്നതാണ് പിന്നാലെ നടക്കാൻ കാരണം എങ്കിൽ ഒരു കാര്യം കൂടി അറിയണം, കഴിഞ്ഞ ആഴ്ച പിണറായിയുടെ ഒരു ഉപദേശകനെയും മാണിപുത്രൻ കണ്ടിരുന്നു.

ബിഡിജെഎസുമായുള്ള ബന്ധം ലക്ഷ്യം കാണാത്തതിനെ തുടർന്നാണ് മാണിയുമായി ചങ്ങാത്തം കൂടാൻ കുമ്മനം ശ്രമിക്കുന്നത്. ആരെയും നിരാശനാക്കാതെ എല്ലാവരെയും തന്റെ വഴിയേ നയിക്കാനുള്ള കുശാഗ്ര ബുദ്ധി ആണ് സമദൂര രാഷ്ട്രീയത്തിലൂടെ വ്യക്തമാക്കുന്നത്. മന്ത്രിസഭയിൽ മുഖ്യവകുപ്പിൽ നിന്നും അപ്രധാന വകുപ്പിലേക്കു തഴയപ്പെട്ടപ്പോൾ രാജി വയ്ക്കാതെ പിടിച്ചു നിന്നയാളാണ് കെ എം മാണി. രാജി വയ്ക്കാതിരിക്കാൻ പരമാവധി നോക്കിയെങ്കിലും കഴിഞ്ഞ സർക്കാരിന്റെ കാലത്തു പിടിച്ചു നിൽക്കാനാവാതെ രാജിക്കത്ത് കൊടുത്തപ്പോഴും ഒരുമിച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോഴും ഉണ്ടാകാത്ത ‘നിന്ദ’യാണ് ഇപ്പോൾ മാണിയെ പിടികൂടിയിരിക്കുന്നത്.

മാണി പോകുന്നെങ്കിൽ പോട്ടെ എന്ന് പറയാൻ ഇപ്പോൾ ഒരു സി ആർ മഹേഷ് മാത്രമേയുള്ളു. ഇനിയും ഈ അവസ്ഥ തുടർന്നാൽ നിരവധി മഹേഷ്‌കുമാർ ഉണ്ടാകും എന്ന് കെ എം മാണിക്ക് നന്നായി അറിയാം. കേസുകളൊക്കെ ഒതുങ്ങി ലോകസഭാ തെരെഞ്ഞെടുപ്പ് എത്തുമ്പോൾ സമദൂരത്തിന്റെ ദൂരം കുറഞ്ഞു കുറഞ്ഞു വരും.

Avatar

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍