UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരെ നമ്പണം? മാണിയും കുഞ്ഞാലിക്കുട്ടിയും കളി തുടങ്ങി

Avatar

കെ എ ആന്റണി

മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലി കുട്ടി ഒന്ന് കോട്ടയത്തേക്ക് എത്തിക്കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു മാണി സാറെന്ന് വേണം കരുതാന്‍. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയും അദ്ദേഹം നയിക്കുന്ന കേരള യാത്രയും ഇന്നലെ അക്ഷര നഗരിയിലെത്തി. ജാഥയ്ക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കാന്‍ മാണി സാര്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സ്വീകരണ യോഗത്തില്‍ വച്ച് ആവേശവും സങ്കടവും ഒരുമിച്ച് മൂര്‍ച്ഛിച്ചപ്പോള്‍ മാണി സാര്‍ തന്റെ വിചാര ലോകം മലര്‍ക്കെ തുറന്നു.

രാഷ്ട്രീയത്തില്‍ ആരേയും നമ്പാന്‍ കൊള്ളൂല. കാണാന്‍ കെട്ടിപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ അവസരം കിട്ടുമ്പോള്‍ കുതികാലില്‍ ചവിട്ടുകയും പിന്നില്‍ നിന്ന് കുത്തുകയും ചെയ്യും. എന്നാല്‍ കുഞ്ഞാലിക്കുട്ടി അക്കൂട്ടത്തില്‍പ്പെട്ടയാളല്ല. നമ്പാന്‍ കൊള്ളുന്ന പരമയോഗ്യനായ രാഷ്ട്രീയ നേതാവാണ് ഇങ്ങനെയൊക്കെ പോയി മാണി സാറിന്റെ വാക്കുകള്‍.

കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്ക് പണ്ട് പാര പണിത ആളായിരുന്നു താനെന്ന കാര്യം എന്തുകൊണ്ടോ മാണി സാറ് മറച്ചു വച്ചു. ഒരു പക്ഷേ മറന്നു പോയതുമാകാം. കുഞ്ഞാലിക്കുട്ടിയുടെ പഴയ കാല നേതാവ് സി എച്ച് മുഹമ്മദ് കോയ പണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോഴായിരുന്നു ആ പാരവയ്പ്പ്. 1979-ല്‍ ഗത്യന്തരമില്ലാതെ നിന്ന ഗത്യന്തരമില്ലാത്ത അവസ്ഥയിലായിരുന്നു കേരള കോണ്‍ഗ്രസിന്റെ അന്നത്തെ പിന്‍മാറ്റം എന്നത് മറ്റൊരു കാര്യം. കുഞ്ഞാലിക്കുട്ടിയും ഈ കഥ മറന്നതാണോ എന്നറിയില്ല. എന്തായാലും ഇങ്ങോട്ടു പ്രശംസ ചൊരിയുമ്പോള്‍ അങ്ങോട്ടു വേണ്ടേ. പോരെങ്കില്‍ മലബാര്‍ മുസ്ലിങ്ങളുടെ പൊതു സ്വഭാവവും അതാകുമ്പോള്‍. കുഞ്ഞാലിക്കുട്ടി ബാര്‍ കോഴ കേസില്‍ നടന്നത് കടുത്ത ഗൂഢാലോചനയാണെന്ന് പറഞ്ഞു. രണ്ടാള്‍ക്കും പരമ സംതൃപ്തി.

രണ്ടുപേരുടേയും പ്രസംഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ വന്നു കെ പി സി സി പ്രസിഡന്റ് മഹാത്മാ സുധീര്‍ജിയുടെ വിധിയെഴുത്ത്. മാണിസാറും കുഞ്ഞാലിക്കുട്ടിയും കോട്ടയത്തു പറഞ്ഞ കാര്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഘടകകക്ഷികള്‍ തമ്മിലെ ബന്ധം പഴയതിലും മെച്ചപ്പെട്ടിട്ടുണ്ടെന്നും പറയാന്‍ മറന്നില്ല. വളരെ ശരിയാണ്. കോട്ടയത്തു വച്ചു പറഞ്ഞതും രണ്ടു ഘടകക്ഷികള്‍ തമ്മിലുള്ള പരസ്പരാലിംഗനമാണല്ലോ. പക്ഷേ അവര്‍ രണ്ടു പേരും തൊടുത്ത അസ്ത്രങ്ങള്‍ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കു നേരെയാണെന്ന് നമ്മുടെ അഭിനവ മഹാത്മജി അറിയാഞ്ഞിട്ടാണോയെന്ന് അറിയില്ല.

കോട്ടയത്തു വച്ച് കേരള കോണ്‍ഗ്രസും മുസ്ലിംലീഗും ഉന്നയിച്ച ആരോപണം ബാര്‍ കോഴ കേസില്‍ മാണി സാറിന് നീതി ലഭിച്ചില്ലെന്നതാണ്. അതിന് അപ്പുറം ഒന്നു കൂടി അവര്‍ പറഞ്ഞുവച്ചു. പിന്നില്‍ നിന്ന് കുത്തിയവരെ കുറിച്ചും ഇരട്ടനീതിയെ കുറിച്ചും ഒക്കെ.

ഇനിയിപ്പോള്‍ മാണി സാറിന് പിന്നില്‍ നിന്ന് കുത്തിയത് ആരാണെന്ന് പരിശോധിക്കാം. ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും പ്രതികള്‍ ചാണ്ടി സാറും പൊലീസ് മന്ത്രി രമേശ്ജിയുമാണെന്ന് ആര്‍ക്കും മനസ്സിലാകും. പോരെങ്കില്‍ ചില കേരള കോണ്‍ഗ്രസുകാരും ഇതൊക്കെ തന്നെ പാടിയും പറഞ്ഞും നടക്കുന്നുമുണ്ട്.


ആരൊക്കെ എന്തൊക്കെ പാടിയാലും പറഞ്ഞാലും ആകെ മൊത്തത്തില്‍ ഒരു വശക്കേടിലായിരിക്കുന്നു നമ്മുടെ ചാണ്ടി സാറും കൂട്ടരും. നുണകള്‍ പല ആവര്‍ത്തി പറഞ്ഞ് ശരിയാക്കി മാറ്റുന്ന ആ പഴയ ഗീബല്‍സിയന്‍ തന്ത്രത്തിനൊന്നും ഇനിയിപ്പോള്‍ ഇവരെ രക്ഷിക്കാന്‍ ആകുമെന്ന് തോന്നുന്നില്ല. സരിതയും ബിജുവും ബിജു രാധാകൃഷ്ണനും മാത്രമല്ല ഇ പി ജയരാജനും ജേക്കബ് തോമസുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു.

ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്നും ദേശാഭിമാനി പത്രം രണ്ടു കോടി രൂപയോ മറ്റോ വാങ്ങിയതിന്റെ പേരില്‍ പ്രതി സ്ഥാനത്തു നില്‍ക്കേണ്ടി വന്നയാളാണ് കണ്ണൂര്‍ സിപിഐഎമ്മിലെ ജയരാജ ത്രയത്തിലൊരാളായ ഇപി സഖാവ്. തങ്ങളുടെ സര്‍ക്കാരിനെ മറിച്ചിടാന്‍ സരിതാമ്മയ്ക്ക് പത്തുകോടി വാഗ്ദാനം ചെയ്തയാള്‍ ഈ സഖാവാണെന്ന് അവരെ കൊണ്ട് മൊഴി നല്‍കിച്ചത് നമ്മുടെ മുഖ്യമന്ത്രി തന്നെയായിരുന്നുവെന്നാണ് ഇപ്പോള്‍ ആ മാഡത്തിന്റെ വെളിപ്പെടുത്തല്‍. അയ്യോ ഇപി സഖാവിനെ കണ്ടിട്ടു പോലുമില്ല. ഉമ്മന്‍ ചാണ്ടി സാറും തമ്പാനൂര്‍ രവി സാറുമൊക്കെ പറഞ്ഞിട്ട് പറഞ്ഞു പോയതാണ് എന്നൊക്കെ കേട്ട് പാവം ഇപി സഖാവും മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഇപി സഖാവിനെ നേരില്‍ അറിയുന്ന ആരും പറയും ഇത്തരം ഏടാകൂടങ്ങളിലൊന്നും ചെന്ന് ചാടാന്‍ ഇടയില്ലാത്ത ആളാണെന്ന്.

ഇക്കാര്യത്തില്‍ ഇപ്പോള്‍ ചാണ്ടി സാറും കൂട്ടരും പറയുന്നത് സരിത പെരുങ്കള്ളിയാണെന്നാണ്. സോളാറിന്റെ ആരംഭകാലത്ത് വിശ്വാസത്തിലെടുത്തതല്ലേ, ഇനിയിപ്പോള്‍ പറഞ്ഞിട്ടെന്തു കാര്യം.

ഡിജിപി ജേക്കബ് തോമസും വിടുന്ന മട്ടില്ല. അദ്ദേഹം ഉയര്‍ത്തുന്നത് ഇരട്ടനീതിപ്രശ്‌നമാണ്. വിജിലന്‍സ് എസ് പി സുകേശനെ ഗൂഢാലോചന കേസില്‍പ്പെടുത്തി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

ഡിജിപിയും സുകേശനും തമ്മിലെ ബന്ധം ഇതോടെ പരസ്യമായിരിക്കുന്നുവെന്ന ആന്റണി രാജു വക്കീലിന്‍റെ വാദത്തിന് മറുപടി പറയേണ്ടി വരുന്നത് അദ്ദേഹവും പാര്‍ട്ടിയും മുന്നണിയും ഉള്‍പ്പെട്ട സംവിധാനമാണ്. ജേക്കബ് തോമസിന് ബാര്‍ കോഴ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരുഘട്ടത്തിലും ബന്ധമുണ്ടായിരുന്നില്ലെന്ന് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞകാര്യങ്ങള്‍ സഭാ രേഖകളില്‍ കിടക്കുന്നു. അപ്പോള്‍ പിന്നെ ഇങ്ങനെയൊരു പാഴ് വാദത്തിന് എന്ത് പ്രസക്തി.

തെറ്റുണ്ടെങ്കില്‍ ദയവായി തിരുത്തുക. ഇത് എഴുതുന്നയാള്‍ നല്ല വക്കീലോ പാറ വക്കീലോ അല്ല. എങ്കിലും നിയമസഭാ രേഖകകള്‍ക്ക് നീതി ന്യായ കോടതികള്‍ കല്‍പിച്ച് അരുളുന്ന വലിയ പരിഗണന അത്യാവശ്യം പത്രക്കാര്‍ക്കും അറിയാം. എല്ലില്ലാത്ത വാദങ്ങള്‍ക്കും ഇവിടെ പ്രസക്തി നഷ്ടപ്പെടുന്നില്ലേയെന്ന് നമ്മുടെ രാജു വക്കീല്‍ ഒരിക്കല്‍ കൂടി നിയമമന്ത്രിയായിരുന്ന മാണി സാറിനോട് തന്നെ ചോദിച്ചു മനസിലാക്കണം. അല്ലെങ്കില്‍ പിജെ ജോസഫിന്റെ ആളായി നടന്നിരുന്ന ഒരാള്‍ പിന്നീട് പാലം വലിച്ചതായി മാണിസാറ് തെറ്റിദ്ധരിക്കില്ലേ. ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന ഈ പാഴ് വേലയ്ക്ക് വെറുതെയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ഇനിയെങ്കിലും മനസിലാക്കി പിന്നില്‍ നിന്ന് കുത്തിയവരില്‍ ആരൊക്കെയുണ്ടെന്ന് വ്യക്തമാക്കുന്നതല്ലേ നല്ല ബുദ്ധി.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍