UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കാന്‍ ഉറച്ച് മാണിസാറും കുട്ട്യോളും

Avatar

കെ എ ആന്റണി 

കോൺഗ്രസിനെ ഒരു പാഠം പഠിപ്പിച്ചിട്ടേ അടങ്ങുകയുള്ളൂ എന്ന കടുത്ത നിലപാടിൽ മാണി സാറും കുട്ട്യോളും ഉറച്ചു നിൽക്കുമ്പോൾ പിടക്കുന്നത് സുധീരന്‍റെയും ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മാത്രം മനസ്സല്ല. യുഡിഫിലെ ഘടക കക്ഷി  നേതാക്കളുടെ എല്ലാവരുടെയും മനസ്സാണ്. കഴിഞ്ഞ കുറച്ചു  ദിവസങ്ങളായി കുഞ്ഞാലിക്കുട്ടി നടത്തിവരുന്ന അനുരഞ്ജന ശ്രമങ്ങൾ സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്. എന്നാൽ ഈ ശ്രമങ്ങൾ ഇനിയും ഫലം കണ്ട മട്ടില്ല.

കോട്ടയത്ത് മകൻ ജോസ് കെ മാണിയുടെ വീട്ടിൽ ഇന്നലെ വിളിച്ചുചേർത്ത പാർട്ടി എം എല്‍ എമാരുടെ യോഗത്തിൽ മാണിസാറിന്റെ നിലപാട് എന്തുതന്നെയായാലും അതിനൊപ്പം  ഉറച്ചു നിൽക്കാനാണ് തീരുമാനമായത്. ഇനി എല്ലാ കാര്യങ്ങളും ഈ വാരാന്ത്യം ചരൽക്കുന്നിൽ നടക്കുന്ന നിർണായക ക്യാമ്പിൽ തീരുമാനിക്കും എന്നാണ് ഇന്നലെത്തെ യോഗത്തിനു ശേഷം മാണി അറിയിച്ചത്. കേരളം കോൺഗ്രസ് (എം) നിയമസഭയിൽ പ്രത്യേക ബ്ലോക്കായിരുക്കുമോ അതോ മുന്നണി തന്നെ വിടുമോ തുടങ്ങിയ കാര്യങ്ങള്‍ ക്യാമ്പിന് ശേഷം അറിയാം എന്നതിനാൽ ഇനി എല്ലാ കണ്ണുകളും ചരൽകുന്നിലേക്ക്. 

മാണിയും കൂട്ടരും യുഡിഫ് വിട്ടു തങ്ങൾക്കൊപ്പം വരുമെന്ന പ്രതീക്ഷയിലാണ് കുമ്മനവും കൂട്ടരും. മാണിയെ ചാടിക്കാൻ ജോസ് കെ മണിക്ക് കേന്ദ്ര മന്ത്രി സ്ഥാനം പോലും വാഗ്ദാനം നൽകി കാത്തിരിക്കുകയാണ് ബിജെപി നേതാക്കൾ. എന്നാൽ തങ്ങൾ  ഇനിയും പ്രതിക്ഷ വിട്ടിട്ടില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. 

തന്നെ ബാർ കോഴ കേസിൽ മനഃപൂർവം പെടുത്തിയതാണെന്നും  ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഇതിനുവേണ്ടി  ഗൂഢാലോചന നടത്തിയെന്നുമൊക്കെയാണ് മാണിയുടെ ആക്ഷേപം. ബാർ കോഴ കേസിൽ ഗൂഢാലോചന നടന്നാലും ഇല്ലെങ്കിലും മാണിയുടെ മേൽ കോൺഗ്രസ് നേതാക്കൾ വക ഒരു കണ്ണ് രണ്ടു   വര്‍ഷം മുൻപ് മുതൽ തന്നെയുണ്ടായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. സോളാർ വിവാദം കത്തി നിന്ന ഘട്ടത്തിൽ മാണിയെ ഉപയോഗിച്ച് സിപിഎം ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഒരു  സന്ദേഹം കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായിരുന്നു. രണ്ടു  വര്‍ഷം മുൻപ് പാലക്കാട്ടു നടന്ന സിപിഎം പ്ലീനത്തിൽ മാണി  പ്രത്യേക ക്ഷണിതാവായതോടെ ഈ സംശയം ബലപ്പെടുകയും ചെയ്തു.

തന്നെ ചതിച്ചവരെ ഇനി നമ്പാനാകില്ലെന്നു മാണി തറപ്പിച്ചു പറയുമ്പോൾ കോൺഗ്രസിനും യുഡിഫിനും പ്രതീക്ഷക്കു വകയില്ല എന്നാൽ ബിജെപിക്ക് ഒപ്പം പോകുന്നതിനോട് പി ജെ ജോസഫും കൂട്ടരും എത്രകണ്ട് യോജിക്കുമെന്നു മണിക്ക് ഇനിയും തിട്ടം പോരാ. കേരള കോൺഗ്രസിൽ വീണ്ടും ഒരു പിളർപ്പുണ്ടായാൽ അത് ബിജെപി വിരുദ്ധ ചേരിയിൽ നില്കുന്നവർക്കേ ഗുണം ചെയ്യാനിടയുള്ളൂ എന്ന ഭയം തന്നെയാണ് മുന്നണി മാറ്റം എടുത്തു ചാടി പ്രഖ്യാപിക്കുന്നതിൽ നിന്നും  മാണിയെ വിലക്കുന്നത്.

മാണി ബിജെപിക്കു ഒപ്പം പോയാലും ഇല്ലെങ്കിലും കേരളത്തിൽ  കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതത്ര നല്ല കാലമല്ല . തിരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടു പിന്നാലെ പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പിൽ സംപൂജ്യരായ ജെ ഡി യു, ആർ എസ് പി തുടങ്ങിയ ഘടക കക്ഷികളുടെ മുറുമുറുപ്പും കാണാതിരുന്നുകൂടാ. ചുരുക്കത്തിൽ പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന  അവസ്ഥയിലാണ് പാർട്ടി. ഇതിനിടയിൽ മാണിയും കൂട്ടരും എടുക്കുന്ന ഏതു കടുത്ത തീരുമാനവും കോൺഗ്രസിനെ കൂടുതൽ  പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍