UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

എം ബി സന്തോഷ്

ന്യൂസ് അപ്ഡേറ്റ്സ്

പാലായിലും അപ്രസക്തമാവുന്ന മാണിസാര്‍ എന്ന പ്രതിഭാസം

പാലാ എന്നത് കുറേ വര്‍ഷങ്ങളായി കെ.എം.മാണി എന്ന നിലയിലേക്ക് ചുരുങ്ങിവരികയായിരുന്നു.എന്നാല്‍, അടുത്തിടെ അതിന് വ്യത്യാസം വന്നു എന്നത് കാണാതിരിക്കാനാവില്ല. മെഡിക്കല്‍, എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയുടെ പരിശീലന കോഴ്‌സുകളുടെ തലസ്ഥാനമായി കോട്ടയം ജില്ലയിലെ ഈ കേരളാകോണ്‍ഗ്രസ് പ്രദേശം മാറി.  തൃശൂരും തോമസുമാഷും വര്‍ഷങ്ങളായി കൊണ്ടാടിക്കൊണ്ടിരുന്ന പെരുന്നാള്‍ പാലായിലോട്ടുപോന്നു എന്നാണ് ചുരുക്കം.

രാമപുരത്തു വാര്യര്‍ മുതല്‍ ലളിതാംബികാ അന്തര്‍ജനം, എന്‍.മോഹനന്‍, വെട്ടൂര്‍ രാമന്‍ നായര്‍, കട്ടക്കയം ചെറിയാന്‍മാപ്പിള എന്നിവര്‍ മാത്രമല്ല മഹാകവി പാലാ നാരായണന്‍ നായരും പാലാ കെ.എം.മാത്യുവും ഉള്‍പ്പെടെ പേരില്‍ പാലായെ കൊണ്ടുനടന്നവര്‍ ഉള്‍പ്പെടെ മലയാള സാഹിത്യലോകത്ത് പാലായുടെ പെരുമ പരത്തിയവര്‍ ഏറെയാണ്. ഉരുളികുന്നത്തിന്റെ പ്രിയപുത്രന്‍ സക്കറിയ മുതല്‍ ബി.സന്ധ്യവരെ പാലാക്കാരാണ്. ഉഴവൂര്‍ പാലാക്കടുത്താണ് എന്ന ന്യായത്തില്‍ ആദ്യമായി രാഷ്ട്രപതിയായ മലയാളി കെ.ആര്‍.നാരായണനെ പാലാക്കാരനാക്കാനുള്ള ചിലരുടെ താല്പര്യം മാണിസാറിനുണ്ടാവണമെന്നില്ല. മലയാളിയുടെ യാത്ര എന്ന താല്പര്യം കണക്കിലെടുത്ത് ദീര്‍ഘകാല നേട്ടം ലക്ഷ്യമിട്ട് ‘സഫാരി’ ചാനല്‍ തുടങ്ങിയ സന്തോഷ് ജോര്‍ജ് കുളങ്ങരയും ഇന്നാട്ടുകാരനാണ്. പത്രവായനയ്ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും അപ്പുറം എഴുത്തും വായനയുമൊന്നും കേരളീയരില്‍ ബഹുഭൂരിപക്ഷത്തിനും ഒരു കാലത്തും ഗൗരവമുള്ള കാര്യമായിരുന്നില്ലല്ലോ. അതുകൊണ്ട് പാലാ എന്നാല്‍ കെ.എം.മാണിയുടെ പര്യായപദമായി വിശേഷിപ്പിക്കാവുന്ന അവസ്ഥവരെ എത്തിയിരുന്നു. അവിടേക്കാണ് പ്രവേശനപരീക്ഷാ കോച്ചിംഗുകാര്‍ എത്തിയതും മാണിസാര്‍ എന്ന് കെ.എം.മാണിതന്നെ സ്വയം വിശേഷിപ്പിക്കുന്ന പ്രതിഭാസം പാലായില്‍പോലും അപ്രസക്തമാവുന്ന സ്ഥിതിയിലേക്ക് എത്തുന്നതും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണിസാറിനെ കോണ്‍ഗ്രസുകാര്‍ പാലായില്‍ പാലം വലിക്കാന്‍ നോക്കിയ കഥ പഴകിയതാണ്. കഷ്ടിച്ച് കരകയറിയ മാണിസാര്‍ പിന്നീടൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിച്ചില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ.സി.ജോസഫും നേതൃത്വം നല്‍കുന്ന കോട്ടയം കോണ്‍ഗ്രസ് കമ്പനി തനിക്ക് പണി തരാന്‍ കാത്തിരിക്കുകയാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടായിരുന്നതുകൊണ്ട് അപ്പുറത്തെ വഞ്ചിയില്‍ കയറാന്‍ ഒരു കാല്‍ മാണി സാര്‍ എപ്പോഴും ഉയര്‍ത്തിത്തന്നെ വച്ചിരിക്കുകയായിരുന്നു. മീനിച്ചിലാറിന്റെ തീരത്തുള്ള പാലാക്കാരനെ നീന്തല്‍ തപാലിലൂടെ പഠിപ്പിക്കേണ്ടതില്ലല്ലോ.

ഈ മന്ത്രിസഭയില്‍ അഴിമതി ഇല്ല എന്ന് ഉമ്മന്‍ചാണ്ടി മുതല്‍  ജയലക്ഷ്മിവരെയുള്ള മന്ത്രിമാരില്‍ ആരും പറയാനിടയില്ല. ഏതെങ്കിലും ഒരു വകുപ്പില്‍ അഴിമതി ഇല്ലെന്ന് മേനി നടിക്കാനും ആരും തയ്യാറാവുമെന്ന് തോന്നുന്നില്ല. അഴിമതി ഇത്രമാത്രം ജനകീയവത്കരിക്കുകയും പൊതുതാല്പര്യമായി അംഗീകരിക്കുകയും ചെയ്ത സര്‍ക്കാര്‍ എന്ന ഖ്യാതി ഈ സര്‍ക്കാരിനുള്ളതാണ്! അഴിമതി ജന്‍മാവകാശമാണ് എന്ന് പ്രഖ്യാപിച്ചതുപോലെ ‘ഒത്തൊരുമയോടെ’പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാരിനെയും ചൂണ്ടിക്കാട്ടാനുമാവില്ല. ഇതിനുമുമ്പുള്ള സര്‍ക്കാരുകളില്‍ അഴിമതിയില്ലാത്ത ഒരു ഡസന്‍മന്ത്രിമാരെ കണ്ണുമടച്ച് പറയാന്‍ കഴിയുമായിരുന്നു. ഒടുവിലത്തെ കരുണാകരന്‍ സര്‍ക്കാരില്‍പോലും അത്രയേറെ അഴിമതിരഹിതരുണ്ടായിരുന്നു!

കെ.എം.മാണി കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഇതിനകം മുഖ്യമന്ത്രിയാവുമായിരുന്നുവെന്ന് കോണ്‍ഗ്രസുകാരുള്‍പ്പെടെ പല പ്രമുഖരും ചാനല്‍ ചര്‍ച്ചകളില്‍ വച്ചുകാച്ചി. മാണി കേരളാ കോണ്‍ഗ്രസിന്റെ ആഗോള വൈസ്പ്രസിഡന്റ് പി.സി.ജോര്‍ജ് അതില്‍ ചാടിപ്പിടിച്ചു.എല്ലാവരും പറഞ്ഞുപറഞ്ഞ് കെ.എം.മാണി മാണിസാറായി എന്ന് സാക്ഷാല്‍ ധനമന്ത്രിപോലും വിശ്വസിച്ചപോലെ തനിക്കെന്താ മുഖ്യമന്ത്രിയാവാന്‍ യോഗ്യതയില്ലേ എന്ന്  മാണിസാറും വിശ്വസിക്കുന്നതുവരെ പ്രശ്‌നമില്ലായിരുന്നു.

ഇപ്പുറത്ത് എല്‍.ഡി.എഫില്‍ വി.എസ്. അച്യുതാനന്ദനല്ല മറ്റാര് പ്രതിപക്ഷനേതാവായിരുന്നുവെങ്കിലും എന്നേ മുഖ്യമന്ത്രിയാവുമായിരുന്നു. നാല്പതിലും താഴെ സീറ്റില്‍ പ്രതിപക്ഷത്തിന്റെ അംഗസംഖ്യ കുറയ്ക്കാന്‍ സ്വന്തം പാര്‍ട്ടി പെടാപ്പാടുപെടുമ്പോഴായിരുന്നല്ലോ പിന്നീട് കേന്ദ്രനേതൃത്വം വിശദീകരിച്ചപോലെ വി.എസ്സിന്റെ നേതൃത്വത്തിലുള്ള ടീമിന്  ‘ജയത്തോടടുത്ത തോല്‍വി’ ഏറ്റുവാങ്ങേണ്ടിവന്നത്. അച്യുതാനന്ദനൊഴികെ 139 എം.എല്‍.എമാരില്‍ ആരെയും മുഖ്യമന്ത്രിയാക്കാന്‍ സന്നദ്ധതയുള്ള വിപ്‌ളവപ്പാര്‍ട്ടിക്കുമുമ്പില്‍ കട്ടമീശയുമായി കെ.എം.മാണി എത്തിയാല്‍ മുഖ്യമന്ത്രിസ്ഥാനം  ചെങ്കൊടിയില്‍ പൊതിഞ്ഞ് നല്‍കാതിരിക്കാനാവുമോ?അതും ‘അദ്ധ്വാനവര്‍ഗസിദ്ധാന്ത’മുള്‍പ്പെടെ കൈവശമുള്ള ഉശിരന്‍. കാള്‍ മാര്‍ക്സ് താടി ഇല്ലെന്നുള്ള ഒറ്റ കുറവേ ഉണ്ടായിരുന്നുള്ളൂ.

അവിടെയാണ് പാലാക്കാര്‍ പുതുപ്പള്ളിക്കാരെ ‘വില’കുറച്ച് കണ്ടത്. പാലായുടെ പാരമ്പര്യമൊന്നും പുതുപ്പള്ളിക്ക് കാണില്ല. പക്ഷേ, ലീഡര്‍ കെ.കരുണാകരന്‍ മുതല്‍ സാക്ഷാല്‍ എ.കെ.ആന്റണിവരെ അധികാരവും ചെങ്കോലും ഇട്ടെറിഞ്ഞ് പോവേണ്ടിവന്നത് പുതുപ്പള്ളിക്കാരന്റെ (കു)തന്ത്രങ്ങളില്‍ കുടുങ്ങിയാണെന്ന് മാണിസാറെങ്കിലും ഓര്‍ക്കേണ്ടതായിരുന്നില്ലേ?

രണ്ടുമാസം മുമ്പുവരെ നിയമസഭയില്‍ ഇടത്തുനിന്നും വലത്തുനിന്നും മാത്രമല്ല, അവിടെ അക്കൗണ്ട് തുറക്കുന്ന പണി സുരേഷ്‌ഗോപിക്ക് വിട്ടുകൊടുത്ത ബി.ജെ.പിക്കാര്‍ക്കും മാണിസാറിനെ പുകഴ്ത്താനേ സമയമുണ്ടായിരുന്നുള്ളൂ. ഇന്നോ? തെരുവുപട്ടികള്‍ പെടുക്കുന്ന മൈല്‍ക്കുറ്റിയുടെ വിലപോലുമില്ലാത്ത ദുസ്ഥിതിയില്‍ കെ.എം.മാണി എന്ന രാഷ്ട്രീയഭീമന്‍ എങ്ങനെ എത്തി? രാഷ്ട്രീയവിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപുസ്തകമായി ഇത് മാറേണ്ടതുണ്ട്.

കെ.എം.മാണി ഒരു കാലത്ത് പാലായുടെ അഭിമാനമോ അഹങ്കാരമോ ആയിരുന്നു. ഇപ്പോള്‍ പാലാ എന്താണെന്ന് ആദ്യമേ പറഞ്ഞല്ലോ. റബറിന്റെ വിലത്തകര്‍ച്ചയില്‍ നട്ടംതരിയുന്ന പാലായിലേതുള്‍പ്പെടുന്ന കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതൊക്കെ വെറുതെയായിരുന്നുവെന്ന് പാലാക്കാര്‍ മാത്രമല്ല പുതുപ്പള്ളിക്കാരും തിരിച്ചറിയുന്നുണ്ട്. ആ പ്രഖ്യാപനങ്ങള്‍ അട്ടിമറിക്കാന്‍ ടയര്‍ കമ്പനി മുതലാളിമാര്‍ ആരുടെയൊക്കെ വീട്ടിലെ നോട്ടെണ്ണല്‍ മെഷീനുകള്‍ക്കുമുമ്പില്‍ പണം അട്ടിയിട്ടു എന്നാണിപ്പോള്‍ റബര്‍ കര്‍ഷകര്‍ അന്വേഷിക്കുന്നത്. ആ ദുരിതം പേറുന്ന പാലാക്കാര്‍ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത് സ്വന്തം പാര്‍പ്പ് ചായ്പിലേക്കും തൊഴുത്തിലേക്കും മാറ്റി വീട് പ്രവേശനപരീക്ഷാ പരിശീലനത്തിന് വന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്ക് വിട്ടുകൊടുത്തതിലൂടെ കിട്ടുന്ന വരുമാനം കൊണ്ടാണ്. അവിടേക്കാണ് മാണിസാറിന്റെ പേരില്‍ അടുപ്പിച്ച് മൂന്ന് ഹര്‍ത്താലുകള്‍ വരുന്നത്.

റബറിന് വിലയുണ്ടായിരുന്ന കാലത്ത് ഏത് ഹര്‍ത്താലും പാലാക്ക് ആഘോഷമായിരുന്നു. തലേന്ന് ബിവറേജസില്‍നിന്നോ ബാറില്‍നിന്നോ ആവശ്യത്തിന് കുപ്പി. ചിക്കന്‍,മട്ടന്‍,പോര്‍ക്ക്…പിന്നെ സിഡിയും. അക്കാര്യത്തില്‍ കേരളത്തിന്റെ ചെറുപതിപ്പുതന്നെയായിരുന്നു പാലായും. ഇന്ന് പ്രവേശനപരീക്ഷാ പരിശീലനത്തിനെത്തുന്ന കുട്ടികളാണ് പാലായിലെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. അവര്‍ക്ക് ആഹാരവും വസ്ത്രവും ഒരുക്കി ജീവിക്കുന്നവരെ ഈ മേഖലയിലെവിടെയും കാണാം.ഒരു ദിവസം യു.ഡി.എഫ് ഹര്‍ത്താല്‍, ഒരു ദിവസം എല്‍.ഡി.എഫ് ഹര്‍ത്താല്‍, ഒരു ദിവസം ബി.ജെ.പി ഹര്‍ത്താല്‍. ഇതിനിടയില്‍ രണ്ട് പൊതു അവധി. ഫലത്തില്‍, ഒരാഴ്ച ഈ കുട്ടികള്‍ അവരവരുടെ വീടുകളിലേക്ക് പോവും. അതോടെ ഇവരിലൂടെ അന്നന്നത്തെ വരുമാനം കണ്ടെത്തുന്ന പാലായിലെ പാവങ്ങള്‍ ആ ആഴ്ച പട്ടിണിയില്‍… പിഞ്ഞിത്തുടങ്ങിയ മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്ത് അവര്‍ പട്ടിണി പുറത്താരുമറിയാതെ ചിരിച്ചുനടക്കും. മാണി സാറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ജാഥകളിലും പ്രകടനങ്ങളിലും അവര്‍ പിന്നിലുണ്ടാവും. എന്നും അവരുടെ സ്ഥാനം പിന്നില്‍ തന്നെയാണല്ലോ. എന്നിരുന്നാലും മന്ത്രി കോഴവാങ്ങിയതിന്റെ പേരില്‍ ഭരണമുന്നണി ഹര്‍ത്താല്‍ നടത്തി ജനത്തെ പീഡിപ്പിക്കുന്നത് ആദ്യമാണ്. ആ രീതിയിലും പാലാ ചരിത്രമെഴുതുമ്പോള്‍ ഹര്‍ത്താലിനെതിരേ ഉണ്ണാവ്രതം നടത്തിയ കെ.പി.സി.സി നേതാവ് ഇന്ദിരാഭവനിലുണ്ടോ എന്ന് ആരെങ്കിലുമൊന്നന്വേഷിക്കണേ…!

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍