UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാര്‍ കോഴക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന, പിന്നില്‍ ആരൊക്കെയാണെന്നും അറിയാം; കെ എം മാണി

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ വിഷയത്തില്‍ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ധനമന്ത്രി കെ എം മാണി. അതിനു പിന്നില്‍ ആരാണെന്നും അറിയാം. ശരിയായ സമയത്ത് ഇക്കാര്യങ്ങള്‍ വെളുപ്പെടുത്തുമെന്നും മാണി ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്നെ തുടര്‍ച്ചയായി ചിലര്‍ വൈരാഗ്യത്തോടെ വേട്ടയാടുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് എന്നെ അറിയാം. എന്റെ ജീവിതമൊരു തുറന്ന പുസ്തകമാണ്. ആരെങ്കിലും അഴിമതിക്കാരനാണെന്നു പറഞ്ഞാല്‍ അഴിമതിക്കാരനാകുന്ന ആളല്ല ഞാന്‍. ബാര്‍ കോഴക്കേസില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ കൃത്രിമമാണ്. പ്രതിപക്ഷം നടത്തുന്നത് ബ്ലാക് മെയില്‍ കച്ചവടമാണ്. ഇതിനവര്‍ കനത്ത വില നല്‍കേണ്ടി വരും. മാധ്യമങ്ങള്‍ ഇതിന് കൂട്ടുനില്‍ക്കരുതെന്നും മാണി പറഞ്ഞു.

ധനമന്ത്രി താനാണെങ്കില്‍ ബഡ്ജ്റ്റ് അവതരിപ്പിച്ചിരിക്കും. ബഡ്ജ്റ്റ് അവതരിപ്പിക്കില്ലെന്നു പറയുന്നത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്. ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നിയമസമഭയില്‍ എന്തെങ്കിലുമൊക്കെ കോപ്രായങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതെല്ലാം ജനങ്ങള്‍ കാണുമെന്നുമോര്‍ക്കണം. താന്‍ ബഡ്ജറ്റ് വില്‍ക്കുന്നവനാണെന്നു പറയുന്നതൊക്കെ എന്തു മര്യാദകേടാണ്. നികുതി കുറച്ചു കൊടുത്ത് കാശുവാങ്ങുന്നുവെന്നാണ് പറയുന്നത്. ഏതെങ്കിലും വ്യക്തിക്കുവേണ്ടിയല്ല നികുതിയിളവുകള്‍ നല്‍കുന്നത്, ഓരോ വിഭാഗങ്ങള്‍ക്കാണ്. നികുതി കുറയ്ക്കുന്നത് കാശുവാങ്ങാനാണെന്നു പറഞ്ഞാല്‍ കേരളത്തിലെ എല്ലാ ധനമന്ത്രിമാരും കാശുവാങ്ങിയിട്ടുണ്ടെന്നല്ലെ അര്‍ത്ഥം. പിന്നെയുള്ള ആരോപണം മദ്യനിരോധനം തന്റെ തീരുമാനമെന്നായിരുന്നു. മദ്യനയം ഉണ്ടാക്കിയത് യുഡിഎഫ് ഒറ്റക്കെട്ടയാണ്. ഒരു ബാര്‍ അടച്ചുപൂട്ടിയാല്‍ അത്രയും നല്ലതെന്ന് കേരള കോണ്‍ഗ്രസ് പറഞ്ഞുപോയി,അതാണ് ബാറുകളെല്ലാം അടച്ചുപൂട്ടുന്നതിനു പിന്നില്‍ മാണിയാണെന്നു പറയുന്നതിനു കാരണം. കേസുകൊടുത്ത് പകരം വീട്ടാന്‍ താനില്ല. ആരെയും പ്രകോപിപ്പിക്കണ്ടയെന്ന് പറഞ്ഞത് ഭയപ്പെട്ടിട്ടല്ല. ആരോപണങ്ങളെ സഹിഷ്ണുതയോടെ കാണുന്നൊരളാണ്. ശത്രുക്കളെ പോലും സ്‌നേഹിക്കാനാണ് ശ്രമിക്കുന്നത്. പാലായില്‍ താന്‍ അറിയപ്പെടുന്നത് ശത്രു സ്‌നേഹി എന്നാണ്. ചിലര്‍ പറയുന്നു എന്റെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്നു. എന്റെ വീട്ടില്‍ എത്രയോ ജനങ്ങള്‍ കയറിയിറങ്ങുന്നതാണ്.അവരാരും ഇന്നേവരെ അങ്ങനെയൊരു യന്ത്രം കണ്ടിട്ടില്ലല്ലോ എന്നും മാണി ചോദിച്ചു.

തന്റെ രാജി ചര്‍ച്ചയാക്കിയ പി സി ജോര്‍ജിനെതിരെയും മാണിയുടെ പരാമര്‍ശം ഉണ്ടായി. ജോര്‍ജിന്റെ പ്രസ്താവനകള്‍ ആവശ്യമില്ലാത്തതായിരുന്നു. ഒരുവെടിക്ക് മൂന്നുപക്ഷിയാണ് ജോര്‍ജ് ഉന്നംവച്ചത്. തന്റെ രാജി, പിന്‍ഗാമിയാര്, ജോസ് കെ മാണിയെ കൊണ്ടുവരില്ല. ജോര്‍ജിനെ കുറിച്ച് കൂടുതല്‍ സംസാരിച്ചാല്‍ വാര്‍ത്താസമ്മേളനത്തിന്റെ ഗൗരവം പോകുമെന്നും മാണി പറഞ്ഞു. കേരള കോണ്‍ഗ്രസില്‍ മക്കള്‍ രാഷ്ട്രീയം ഉണ്ടാകില്ല. താനൊരു വിഢിയല്ല. ജോസ് കെ മാണിയെക്കാള്‍ പ്രായം കൂടിയവരും അനുഭവമുള്ളവരും പാര്‍ട്ടിയിലുണ്ട്. ഞാന്‍ കെട്ടിപ്പൊക്കിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എം. ജോസ് കെ മാണി വരേണ്ട സമയത്ത് വരേണ്ട സ്ഥാനത്ത് വരുമെന്നും മാണി പറഞ്ഞു. ബാലകൃഷ്ണ പിള്ളയെക്കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹത്തെ എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ബഹുമാന്യനായ വ്യക്തിയാണ് ബാലകൃഷ്ണ പിള്ളയെന്നുമായിരുന്നു മാണിയുടെ പ്രതികരണം. തനിക്കു വരുന്ന മണിയോഡറുകള്‍ നിരാകരിക്കില്ലെന്നും മാണി പറഞ്ഞു. ആ തുക കാരുണ്യ നിധിയിലേക്ക് കൈമാറും. അമേരിക്കയില്‍ ചികിത്സയ്ക്കുപോകുമോ എന്ന ചോദ്യത്തോട് മാണി പ്രതികരിച്ചത്, തനിക്കിപ്പോള്‍ ചെറിയ മുട്ടുവേദനയുണ്ട്. അതു മാറാന്‍ കുഴമ്പു പുരട്ടിയാല്‍ പോരെ അമേരിക്ക വരെ പോകണോ എന്നായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍