UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജഡ്ജിമാര്‍ സീസറെപ്പോലെയാകരുത്

റഫറി ഗോളടിക്കരുത്. ഗോളടിക്കാനുള്ള അവസരവും ഒരുക്കരുത്. രണ്ടും ഫൗളാണ്. യാതൊരു നീതീകരണവുമില്ലാത്ത ഫൗള്‍. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും നടത്തിയത് റഫറിയുടെ ഗോളടിയാണ്. അല്ലെങ്കില്‍ ഗോളടിക്കാന്‍ പരുവത്തില്‍ ഗ്രൗണ്ട് ഒരുക്കുകയായിരുന്നു. അഴിമതി ആരോപണങ്ങളേക്കാള്‍ ഗുരുതരമായത് ഇത്തരം ഗോളടിക്കലുകളാണ്. കാരണം, അത് കുറുന്തോട്ടിക്ക് പിടിക്കപ്പെട്ട വാതമാണ്.

മാണിക്കെതിരെ തുടര്‍ അന്വേഷണം (ചില ടെലിവിഷന്‍ അവതാരകരും രാഷ്ട്രീയക്കാരും പറയുന്നതുപോലെ ‘പുനരന്വേഷണ’മല്ല. രണ്ടും രണ്ടാണ്. രണ്ടു വകുപ്പാണ്. ഒന്ന് ഒന്നിനു പകരമല്ല. രണ്ടും ഒന്നായി കാണുകയും അരുത്. അതും ഇതും ഒന്നാണെന്ന അദ്വൈതം സൂക്ഷ്മാനന്ദന് വിട്ടുകൊടുക്കൂ. നിയമത്തില്‍ അദ്വൈതമില്ല) പ്രഖ്യാപിച്ച വിജിലന്‍സ് കോടതി മറ്റു ചില നിരീക്ഷണങ്ങളും വിധിന്യായത്തില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലോ  അന്വേഷണ റിപ്പോര്‍ട്ടിലോ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അവകാശമില്ല.

തുടര്‍ അന്വേഷണ ഉത്തരവും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുള്ള പരാമര്‍ശവും മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി തുടര്‍ അന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ശരിവച്ചു. പക്ഷെ, അന്വേഷണസമയത്ത് തുടര്‍ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് ഇടപെടാന്‍ അധികാരമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അവകാശമുണ്ടെന്നും വിജിലന്‍സ് മാന്വല്‍ ഉദ്ധരിച്ചുകൊണ്ട് ഉത്തരവിട്ടു.

ഇതിനര്‍ത്ഥം എന്താണ്? ഇത്തരമൊരു അവകാശം വിജിലന്‍സ് ഡയറക്ടര്‍ക്ക് അല്ല എന്ന വിജിലന്‍സ് കോടതി വിധി തെറ്റായിരുന്നു എന്നല്ലേ? വിജിലന്‍സ് മാന്വല്‍ വായിക്കാത്തയാളും വായിച്ചാല്‍ മനസ്സിലാകാത്തയാളും മനസ്സിലായാല്‍ തെറ്റായി വ്യാഖ്യാനിക്കുന്നയാളുമാണ് വിജിലന്‍സ് ജഡ്ജി എന്നും ഇതിനര്‍ത്ഥമുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ വിജിലന്‍സ് ജഡ്ജിക്ക് ആരാണ് അധികാരം നല്‍കിയത്? ഇത്തരം ഗുരുതരമായ പിഴവുകള്‍ക്ക് എന്ത് പരിഹാരമാണുള്ളത്?

വിജിലന്‍സ് ജഡ്ജിയുടെ വിധിക്കനുസൃതമാണെങ്കില്‍, എന്തിനാണ് വിജിലന്‍സിന് ഒരു ഡയറക്ടര്‍? ഓരോ അന്വേഷണ ഉദ്യോഗസ്ഥനും സ്വന്തം നിലയില്‍ അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോരേ? വിജിലന്‍സ് എന്ന സ്ഥാപനത്തിന്റെ ഘടനയെത്തന്നെ തകര്‍ത്തു കളഞ്ഞ ഇത്തരം ഒരുത്തരവ് എന്തിനാണ് ഒരു ജഡ്ജി ഇറക്കിയത്?

വിന്‍സണ്‍ എം. പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണത്തെ അട്ടിമറിച്ചതു കൊണ്ടാണ് ഇങ്ങനെ ഒരുത്തരവ് ഇറക്കിയതെന്ന് കരുതുക. എന്നാല്‍, അങ്ങനെ ചെയ്ത ഡയറക്ടര്‍ക്കെതിരെ  നടപടി എടുക്കുന്നതിനു പകരം ആ തസ്തികയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തത് എന്തിന്? ഡയറക്ടറുടെ മേല്‍നോട്ടമില്ലാതെ അന്വേഷണം നടന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണം അട്ടിമറിക്കില്ല എന്ന് ഉറപ്പുണ്ടോ? ജഡ്ജിയുടെ ഉത്തരവ് പ്രായോഗികമാക്കിയാല്‍, അതുപോലെ പോലീസിലെയും തലവന്‍മാര്‍ക്ക് വേറെ പണിയൊന്നും ഇല്ലാതാകും. കൊലപാതകം വരെയുള്ള കേസുകള്‍ അന്വേഷിക്കുന്നത് സര്‍ക്കിള്‍ വരെയുള്ള റാങ്കിലുള്ളവരാണ്. കേസെല്ലാം അവര്‍ തന്നെ അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ പോരേ? എന്തിനാണ് അവര്‍ക്ക് മുകളില്‍ വലിയ പോലീസ് തലവന്‍മാര്‍? അപ്പോള്‍, വീണ്ടും ഒരു ചോദ്യം ഉയരാം. അന്വേഷണ ഉദ്യോഗസ്ഥന്റെ മേല്‍ മറ്റാര്‍ക്കും നിയന്ത്രണം ഇല്ലാതെ വരുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെല്ലാം സത്യസന്ധമായ അന്വേഷണമാണ് നടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ എന്ത് നടപടിക്രമമാണ് ഉണ്ടാവുക? ആ നടപടിക്രമങ്ങള്‍ കുറ്റമറ്റതാണെങ്കില്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കുറ്റത്തിന് ശിക്ഷ വിധിച്ചാല്‍ പോരേ? എന്തിനാണ് കോടതികള്‍? കീഴ്‌കോടതികളും മേല്‍കോടതികളും.

ഏതായാലും വിജിലന്‍സ് ജഡ്ജിയുടെ ഈ വിധി ഹൈക്കോടതി റദ്ദുചെയ്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് അന്വേഷണത്തില്‍ ഇടപെടാമെന്നും വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും അന്തിമമായ തീരുമാനമെടുക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് തിരുത്താന്‍ ഡയറക്ടര്‍ക്ക് അധികാരമില്ല. എന്നാല്‍, അന്വേഷണത്തിന്റെ ഏതു ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം കൊടുക്കാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

പക്ഷെ, തുടര്‍ന്ന് കോടതി മറ്റൊരു കാര്യം കൂടി ഉത്തരവില്‍ പറഞ്ഞു: ”ഡയറക്ടര്‍ വളരെ ‘മെക്കാനിക്കലാ’യി ആണ് പ്രവര്‍ത്തിച്ചത്.”

അതൊരു കുറ്റമാണോ? അങ്ങനെയല്ലേ വേണ്ടത്? അല്ലെങ്കില്‍ വൈകാരികമായിപ്പോകില്ലേ? വിജിലന്‍സ് ഡയറക്ടര്‍ വൈകാരികമായി തീരുമാനമെടുക്കണമെന്നാണോ ഹൈക്കോടതി ജഡ്ജി പറയുന്നത്? അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, ജഡ്ജിയും ‘മെക്കാനിക്കലാ’യാണ് പ്രവര്‍ത്തിക്കേണ്ടത്. വൈകാരികമായിട്ടല്ല. ((“Justice depends upon the personality of the judge’ എന്ന ആപ്തവാക്യം ഓര്‍ത്തുകൊണ്ടാണ് ഇതെഴുതുന്നത്.)

തുറന്ന കോടതിയില്‍ വച്ചാണ് ഹൈക്കോടതി ജഡ്ജി ഉത്തരവ് ഡിക്‌ടേറ്റ് ചെയ്തുകൊടുത്തത്. അതിനിടയിലാണ് മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന രീതിയിലുള്ള ഒരു വാചകം ജഡ്ജി പറഞ്ഞത്. അഡ്വക്കേറ്റ് ജനറലും കപില്‍ സിബലും ഇതിനെ എതിര്‍ത്തു. അപ്പോള്‍, ജഡ്ജി അത് പിന്‍വലിച്ചു. ഇങ്ങനെ ഒരു വാചകം വിധി ന്യായത്തില്‍ ഉണ്ടായാല്‍, അപ്പോള്‍ തന്നെ മണിക്ക് രാജിവയ്‌ക്കേണ്ടിവരുമായിരുന്നു. അതാണ് ഇരുവരും ചേര്‍ന്ന് തടഞ്ഞത്.

ഈ ഘട്ടത്തിലാണ് ജഡ്ജി സീസറിന്റെ ഭാര്യ പ്രയോഗം നടത്തിയത്: ഈ പരാമര്‍ശമാണ് മാണിയുടെ രാജിയില്‍ കലാശിച്ചത്. ‘Ceasar’s wife must be above suspicion’ എന്ന വാക്യത്തിന് കാരണമായ സംഭവം എന്താണെന്ന് ചരിത്രത്തില്‍ നിന്നു തന്നെ മനസ്സിലാക്കുന്നതാണ് നല്ലത്.

തന്റെ ആദ്യഭാര്യ മരിച്ചതിനെ തുടര്‍ന്ന് സീസര്‍ പോംപിയയെ (Pompeia) യെ വിവാഹം കഴിച്ചു. സീസറിനെ റോമാസാമ്രാജ്യത്തിന്റെ മുഖ്യപുരോഹിതനായി കൂടി തെരഞ്ഞെടുത്തതോടെ  ഔദ്യോഗിക ഭവനത്തില്‍ വച്ച് ഒരു ആഘോഷം നടത്തി. ആഘോഷത്തില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാതിരുന്നിട്ടും, സ്ത്രീയുടെ വേഷത്തില്‍ Cladius Pulcher എന്ന വിവാദ രാഷ്ട്രീയ നേതാവ് ആഘോഷത്തിനെത്തി. സ്ത്രീകളെ മയക്കുന്നതില്‍ അസാമാന്യവിരുതുണ്ടായിരുന്ന Cladius പുരോഗമനപരമായ ഒട്ടേറെ നിയമങ്ങള്‍ സെനറ്റില്‍ അവതരിപ്പിച്ചയാളും സീസറിന്റെ ശത്രുപക്ഷത്തുള്ളയാളുമായിരുന്നു. അയാള്‍ പിടിക്കപ്പെട്ടു. പക്ഷെ, അയാള്‍ക്കെതിരെ സീസര്‍ മൊഴി നല്‍കാത്തതുകൊണ്ടുമാത്രം അയാളെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍ ഇതിനെ തുടര്‍ന്ന് സീസര്‍ ഭാര്യ പോംപിയയെ മൊഴിചൊല്ലി. ‘”My wife ought not even to be under suspecion”, എന്നാണ് സീസര്‍ ഇതിനു കാരണമായി പറഞ്ഞത്. ഇതില്‍ നിന്നാണ് സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന വാക്യം ഉണ്ടാകുന്നത്.

ക്രിസ്തുവിന് 63 വര്‍ഷം മുമ്പുണ്ടായ ഒരു സംഭവത്തെയും അതിനോടുള്ള സീസറിന്റെ റിയാക്ഷനുമാണ് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതില്‍ സീസറിന്റെ ഭാര്യ എന്തു തെറ്റാണ് ചെയ്തത് എന്ന ചോദ്യം പ്രസക്തമാണ്. അവര്‍ നിരപരാധിയായിരുന്നില്ലേ? വാസ്തവത്തില്‍ അപരാധം ചെയ്ത (പ്രവേശനമില്ലാത്തയിടത്ത് ആള്‍ മാറാട്ടം നടത്തി കടന്ന Cladiusഉം കോടതിയില്‍ കണ്ടകാര്യം പറയാതിരുന്ന സീസറുമല്ലേ കുറ്റക്കാര്‍? പക്ഷെ ശിക്ഷ കിട്ടിയത് നിരപരാധിയ്ക്ക്.) ഈ അളിഞ്ഞ സംഭവത്തെയാണ് ഹൈക്കോടതി ജഡ്ജി വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നത്.

ഇത്തരം സംഭവങ്ങള്‍ വേറെയുമുണ്ട്. ഏറെക്കുറെ സമാനമായ കാര്യങ്ങള്‍ അല്ലേ രാമന്‍ സീതയെ കാട്ടില്‍ തള്ളിയത്? ഇവിടൊന്നും സീസറോ രാമനോ സംശയത്തിന് അതീതമായിരിക്കണമെന്ന്  ആരും പറയുന്നില്ല. മാണിക്കെതിരെയുള്ള സീസറിന്റെ ഭാര്യാ പ്രയോഗം നടത്തിയ ജഡ്ജിയുടെ വിധിന്യായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, യഥാര്‍ത്ഥ കുറ്റം ചെയ്ത സീസറേയും രാമനേയും കുറിച്ചുകൂടി ചിന്തിച്ചാല്‍ കാര്യങ്ങള്‍ കുറേകൂടി വ്യക്തമാകും.

രാഷ്ട്രീയമായി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളത് എന്നറിഞ്ഞുകൊണ്ട് എന്തിനാണ് ജഡ്ജി അത്തരമൊരു പ്രയോഗം നടത്തിയത്? ശിക്ഷിക്കപ്പെടുന്നതുവരെ ആരോപണവിധേയന്‍ നിരപരാധിയാണെന്ന നിയമവാഴ്ചയുടെ അടിസ്ഥാന പ്രമാണം ജഡ്ജിയ്ക്ക് അറിയില്ല എന്നുണ്ടോ? ഇത് സ്വാഭാവിക നീതിയുടെ നിഷേധമല്ലേ? മാണിയുടെ ഭാഗം കേള്‍ക്കാതെ മാണിക്കെതിരെ ഇത്തരം ഗുരുതരമായ സ്‌ഫോടകശക്തിയുള്ള പരാമര്‍ശം എന്തിനു നടത്തി? വിധ്യനായത്തില്‍, ഷാജി കൈലാസിന്റെ സിനിമയില്‍ കേള്‍ക്കാറുള്ള ഡയലോഗുകള്‍ എങ്ങനെ വന്നു? ആരെങ്കിലും അധികാരപരിധി തെറ്റിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടുന്ന കോടതിക്ക് സ്വന്തം അധികാരപരിധി ലംഘിക്കാന്‍ എങ്ങനെയാണ് കഴിയുക?

ഇത്തരം പരാമര്‍ശങ്ങളും അതുണ്ടാക്കുന്ന രാഷ്ട്രീയ പുകിലുകളും കേരളത്തില്‍ പുതിയതല്ല.  അവയൊന്നും മുഖ്യധാരാ സമൂഹം ചര്‍ച്ച ചെയ്യുന്നില്ല എന്നുമാത്രം. രണ്ട് ഉദാഹരണങ്ങള്‍ പറയാം.

ഉദാഹരണം ഒന്ന്. രാജന്‍പിള്ള എന്ന വ്യവസായി സിംഗപ്പൂരില്‍ വച്ച് വ്യവസായസംബന്ധിയായ ചില കുറ്റങ്ങള്‍ ചെയ്തു. സിംഗപ്പൂര്‍ കോടതി അയാളെ കുറ്റക്കാരനെന്നു കണ്ടെത്തി. ശിക്ഷ വിധിക്കും മുമ്പുതന്നെ രാജന്‍പിള്ള സിംഗപ്പൂരില്‍ നിന്ന് കടന്ന് സ്വന്തം നാടായ കേരളത്തില്‍ എത്തി. ഏതോ ഒളിസങ്കേതത്തില്‍ താമസിച്ചു. ഒരു ദിവസം മുന്‍കൂര്‍ ജാമ്യത്തിനായ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ കൊടുത്തു. കോടതി അത് അനുവദിച്ചു. എന്നാല്‍ തിരുവനന്തപുരം കോടതികളുടെ മേല്‍നോട്ട അധികാരമുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജിയും രാജന്‍പിള്ളയുടെ നാട്ടുകാരനുമായ (ഇവരെല്ലാം കൊല്ലത്തുള്ളവര്‍) ജസ്റ്റിസ് ശ്രീധരന്‍ കേസ് ഫയല്‍ മുഴുവന്‍ സ്വന്തം നിലയ്ക്ക് വിളിച്ചുവരുത്തി മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദുചെയ്തു. രാജന്‍പിള്ളയെ സി.ബി.ഐ. അറസ്റ്റ് ചെയ്തു തീഹാര്‍ ജയിലിലടച്ചു. ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. തുടര്‍ന്ന്, രാജന്‍പിള്ള  ജയിലില്‍ വച്ചുതന്നെ മരിച്ചു. ലിവര്‍ സിറോസിസ് ഉണ്ടായിരുന്ന രാജന്‍പിള്ളയെ ജയിലില്‍ വച്ച് കുനിച്ചുനിര്‍ത്തി ഇടിച്ചുകൊന്നു എന്നതാണ് വാസ്തവം.

ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്.

രാജന്‍പിള്ളയ്‌ക്കെതിരെ ഇന്ത്യയിലെ ഏതെങ്കിലും കോടതിയില്‍ ഏതെങ്കിലും കേസ് ഉണ്ടായിരുന്നോ?

ഉത്തരം: ഇല്ല.

രാജന്‍പിള്ളയെ പിടിച്ചുകൊടുക്കണമെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നോ?

ഉത്തരം: ഇല്ല.

ആവശ്യപ്പെട്ടാല്‍ തന്നെ രാജന്‍പിള്ളയെ സിംഗപ്പൂരിനു കൈമാറാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ?

ഉത്തരം: ഇല്ല. രണ്ടു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ പരസ്പരം കൈമാറുന്ന Extradition Treaty ഇല്ല.

പിന്നെന്തിനാണ് രാജന്‍പിള്ള മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യത്തിനു പോയത്?

ഉത്തരം: ആരോ രാജന്‍പിള്ളയ്ക്ക് നിയമോപദേശം നല്‍കി.

എന്തിനാണ് ജസ്റ്റിസ് ശ്രീധരന്‍ കേസ് ഫയല്‍ മുഴുവനും സ്വന്തം നിലയ്ക്ക് വിളിച്ചുവരുത്തി പരിശോധിച്ചത്?

ഉത്തരം: അറിയില്ല. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ആരും അപ്പീല്‍ ചെയ്തിട്ടുകൂടി ഉണ്ടായിരുന്നില്ല.

ആയിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍, ഇന്ത്യന്‍ നിയമമനുസരിച്ച് ഒരു തെറ്റും ചെയ്യാത്ത രാജന്‍പിള്ളയുടെ കേസ് suo motu വിളിച്ചുവരുത്തി കേട്ടതെന്തിനായിരുന്നു എന്ന് ശ്രീധരനു മാത്രമേ അറിയൂ. ജഡ്ജിമാരുടെ നടപടികളെ ചോദ്യംചെയ്തുകൂടാ.

ഉദാഹരണം രണ്ട്. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ അവസാനഘട്ടത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രമണ്‍ ശ്രീവാസ്തവയെ പ്രതിയാക്കണമെന്ന് ആശ്യപ്പെട്ട് എ.എക്‌സ്. വര്‍ഗ്ഗീസ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു. കേസന്വേഷണത്തിന്റെ ഇടയില്‍ ഇന്നയാളെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടാന്‍ കോടതിക്ക് അധികാരമില്ല എന്നുപറഞ്ഞ് കോടതി കേസ് തള്ളി. വര്‍ഗ്ഗീസ് അപ്പീല്‍ കൊടുത്തു. ഡിവിഷന്‍ ബഞ്ചും (ജസ്റ്റിസ് ശ്രീധരന്‍, ജസ്റ്റിസ് പട്‌നായിക്) കേസു തള്ളി. അവരും പറഞ്ഞത് അതേ കാര്യം തന്നെ. അന്വേഷണ വേളയില്‍ ഇന്നയാളെ പ്രതിയാക്കണമെന്നു പറയാന്‍ ഒരു കോടതിയ്ക്ക് അധികാരമില്ല. എന്നാല്‍, അതോടൊപ്പം ചില പരാമര്‍ശങ്ങളും എഴുതി ചേര്‍ത്തു. “The report of the Intelligence Beurau, which has its own investigating machinery, in unmistakable terms found the involovment of Raman Srivasthava in the case.”

ഈ പരാമര്‍ശം വന്ന അന്നുതന്നെ രമണ്‍ ശ്രീവാസ്തവയെ സസ്‌പെന്റ് ചെയ്തു. ഏറെ താമസിയാതെ ഈ പരാമര്‍ശം തന്നെയാണ് പ്രധാനമായും കരുണാകരന്റെ രാജിയിലുമെത്തിയത്. ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ ഈ പരാമര്‍ശത്തിലൂടെ കാട്ടിയത് ഗുരുതരമായ തെറ്റായിരുന്നു.

ഒന്ന്, ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇന്‍വെസ്റ്റിഗേഷന്‍ മെഷീനറി ഉണ്ടെന്നത് തെറ്റ്. ഐ.ബിക്ക് കേസ് ഇന്‍വെസ്റ്റിഗേറ്റ് ചെയ്യാന്‍ പാടില്ല. അതിന് അവര്‍ക്ക് അധികാരമില്ല. അപ്പോള്‍ ഐ.ബി കേസ് അന്വേഷിച്ചത് എങ്ങനെ? നിയമവിരുദ്ധമായ ഈ അന്വേഷണ റിപ്പോര്‍ട്ടിനെ കോടതി എന്തിന് തങ്ങളുടെ വിധിന്യായത്തില്‍ ഉള്‍പ്പെടുത്തി? ഐ.ബി.യുടെ റിപ്പോര്‍ട്ട് കാണണമെന്ന് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ.ദാമോദരന്‍ (ഇന്നത്തെ ദണ്ഡപാണിയെപ്പോലൊരാള്‍) സുപ്രീം കോടതിയില്‍ വാദിച്ചപ്പോള്‍, നിയമവിരുദ്ധമായി ഉണ്ടാക്കിയ റിപ്പോര്‍ട്ട് നിയമവാഴ്ച നടപ്പിലാക്കേണ്ട കോടതി എന്തിന് കാണണമെന്നായിരുന്നു ജഡ്ജിമാര്‍ ചോദിച്ചത്.

രണ്ട്, ചാരപ്രവര്‍ത്തിയിലൂടെ നഷ്ടമായി എന്നു പറയുന്ന Cryogenic system ഇന്ത്യയ്ക്ക് അന്ന് സ്വായത്തമായിരുന്നോ എന്ന അടിസ്ഥാന ചോദ്യം കോടതി എന്തുകൊണ്ട് ചോദിച്ചില്ല?

മൂന്ന്, അന്വേഷണഘട്ടത്തില്‍ ഒരാളെ പ്രതിയാക്കാന്‍ ആവശ്യപ്പെടാന്‍ ഇന്ത്യയിലെ ഒരു കോടതിക്കും കഴിയില്ല എന്ന ഉത്തരവിനോടൊപ്പം നിയമവിരുദ്ധമായി ഐ.ബി. തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ നിയമാനുസൃതമെന്ന മട്ടില്‍ കോടതി എന്തിന് ഉപയോഗിച്ചു?

നാല്, കേസന്വേഷിക്കാന്‍ നിയമപരമായി അവകാശമില്ലാത്ത ഐ.ബി എങ്ങനെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തത് എന്നും ആരാണ് അതിനവര്‍ക്ക് അവസരം ഒരുക്കിക്കൊടുത്തതും എന്നുമുള്ള വളരെ മര്‍മ്മപ്രധാനമായ ചോദ്യം എന്തുകൊണ്ട് ചോദിച്ചില്ല. (ഈ വിധിന്യായം അപ്പാടെ സുപ്രീം കോടതി തള്ളിക്കളഞ്ഞു.)

ചാരക്കേസ് കെട്ടിച്ചമച്ച നുണയായിരുന്നു എന്നും സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം ആരോപണവിധേയമായവരെ ചോദ്യം ചെയ്യാന്‍ നിയമവിരുദ്ധമായി ഐ.ബി.യെ അനുവദിച്ചെന്നും ഐ.ബി. എഴുതിക്കൊടുത്ത തിരക്കഥ അപ്പാടെ കേരള പോലീസ് സ്വന്തം റിപ്പോര്‍ട്ടാക്കി മാറ്റുകയായിരുന്നെന്നുമുള്ള സി.ബി.ഐയുടെ കണ്ടെത്തലുകള്‍ സുപ്രീം കോടതി ശരിവയ്ക്കുകയും സിബി മാത്യൂസിനും മറ്റുമെതിരെ നടപടിയെടുക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ വേണം ശ്രീവാസ്തവയ്‌ക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തേയും അതിനെത്തുടര്‍ന്നുണ്ടായ ഇന്നും നിലയ്ക്കാത്ത, രാഷ്ട്രീയ ഭൂചലനത്തേയും നോക്കിക്കാണാന്‍.

കെ.എം.മാണിയും കെ.കരുണാകരനും രാജിവച്ചത് കേരളത്തിന് നല്ലതുതന്നെ. പക്ഷെ, അവരുടെ രാജിയില്‍ കലാശിച്ച നീക്കങ്ങളില്‍ കോടതിയുടെ ഒഴിവാക്കപ്പെടേണ്ടിയിരുന്ന പരാമര്‍ശങ്ങള്‍ എന്തിനുണ്ടായി? രാജന്‍പിള്ളയുടെ മരണത്തിന് വഴിയൊരുക്കിയ കോടതിയുടെ ഇടപെടലിനെ എങ്ങനെ ന്യായീകരിക്കാം? രാജ്യത്തിനും വ്യക്തികള്‍ക്കും ഇത്രയേറെ നഷ്ടം ഉണ്ടാക്കിയ ഇത്തരം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച (ചാരക്കേസ് പോലെയുള്ളവ) ജഡ്ജിമാര്‍ക്കെതിരെ എന്തു നടപടിയാണുണ്ടായത്. പ്രത്യേകിച്ചും, ആ വിധിന്യായങ്ങളെ സുപ്രീംകോടതി റദ്ദുചെയ്ത പശ്ചാത്തലത്തില്‍.

മാണിയ്‌ക്കെതിരെ നടത്തിയ സീസറിന്റെ ഭാര്യാപ്രയോഗം നാളെ സുപ്രീംകോടതി റദ്ദു ചെയ്യുകയാണെങ്കില്‍ അത് ഈ വിധിന്യായമെഴുതിയ ജഡ്ജിയെ എങ്ങനെ ബാധിക്കും? വ്യക്തികളുടെ  അവകാശങ്ങളെ (പ്രത്യേകിച്ചും ഭരണഘടനയുടെ അനുച്ഛേദനം 14, 21) ലംഘിച്ചാല്‍, അത് കോടതിയാണെങ്കിലും, നഷ്ടപരിഹാരം നല്‍കാന്‍ സ്റ്റേറ്റിന് ബാധ്യതയുണ്ട്. കാരണം ജുഡീഷ്യറിയും സ്റ്റേറ്റിന്റെ ഭാഗമാണ്. (Maharaja Vs Attorny General of Trinidad and Tobago, 1978)

ഭരണാധികാരികള്‍ സീസറിന്റെ ഭാര്യയെപ്പോലെ സംശയത്തിന് അതീതരായിരിക്കണം. ന്യായാധിപന്‍മാര്‍, പക്ഷെ, സീസറിനെപ്പോലെ പെരുമാറരുത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍