UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒച്ചയും അരിശവും നിറഞ്ഞ ഒരു കഥ; മാണിയുടെ അധികാര ജീവിതത്തെപ്പറ്റി ഒരു ഉപാഖ്യാനം

Avatar

കെ ഗോവിന്ദൻ കുട്ടി 

പ്രസംഗത്തിലായിരുന്നു കുട്ടിക്കാലം മുതലേ കെ എം മാണിക്കു കമ്പം. മരങ്ങാട്ടുപള്ളിയിലെ വീട്ടുമുറ്റത്തെ കൽക്കഷണങ്ങളും കുറ്റിച്ചെടികളും കേൾവിക്കാരായി. മാവിന്റെ കവരം പ്രസംഗപീഠമായി. മാക്ബത്തിന്റെ ദാരുണമായ വാക്കുകൾ മാണിയുടെ ഉറച്ചുവരുന്ന തൊണ്ടയിലൂടെ മുഴങ്ങി.

“നീങ്ങുന്ന നിഴലല്ലോ ജീവിതം. നേരമാവുമ്പോൾ ആട്ടക്കാരൻ അരങ്ങിൽ ഉലാത്തുകയും പ്രലപിക്കുകയും ചെയ്യുന്നു. പിന്നെയൊന്നും കേൾപ്പീല. ഒച്ചയും അരിശവും നിറഞ്ഞ, അർഥമെഴാത്ത, മണ്ടൻ മൊഴിഞ്ഞ ഒരു കഥ.”

അധികാരത്തിന്റെ ആകർഷണവും ദുരന്തവും, ആ വരികൾ ഉരിയാടുമ്പോൾ ഒരു പക്ഷേ അദ്ദേഹത്തിനറിയുമായിരുന്നില്ല. അഭ്യാസത്തിനും വ്യായാമത്തിനും വേണ്ടി അദ്ദേഹം അധികാരത്തിന്റെ ഇതിഹാസകാരൻ അഞ്ഞൂറു കൊല്ലം മുന്‍പ് കുറിച്ചിട്ട വാക്കുകളിൽ കയറിപ്പിടിക്കുകയായിരുന്നു. അധികാരത്തിനുവേണ്ടി അനുഷ്ഠിച്ച കൊലകളെപ്പറ്റിയുള്ള തിരിച്ചറിവും വ്യർഥതയെപ്പറ്റിയുള്ള അബോധവും ആ വാക്കുകളിൽ ത്രസിച്ചിരുന്നു.

മാണി അതോർത്തെടുത്തത് എവിടെവെച്ചായിരുന്നു? തനിക്കേറെ ഇഷ്ടപ്പെട്ട നാട്ടകത്തെ സർക്കാർ അതിഥിമന്ദിരത്തിലായിരുന്നോ? പരിചാരകൻ കൊച്ചപ്പനും കൂട്ടർക്കും ഏറെ പരിചിതനും അത്രതന്നെ പ്രിയങ്കരനുമായി കൊല്ലങ്ങളിലൂടെ മാണി സാർ. ആലപ്പുഴയിൽ കയർ ഫാക്റ്ററി നടത്തിയിരുന്ന ഒരു വെള്ളക്കാരൻ പണി കഴിപ്പിച്ചതാണ് വെള്ളം കേറിയ പാടത്തിനു മുകളിലായി, വിസ്താരമേറിയ വളപ്പിലെ അതിഥി മന്ദിരം.

അതിന്റെ ആകൃതിയും പ്രകൃതിയും ഒരു നൂറ്റാണ്ടത്തെ ഓർമ്മകൾ അയവിറക്കി. താൻ പ്രസംഗകനായും, മണ്ടൻ മൊഴിഞ്ഞതെന്നു മാക്ബത് വിശേഷിപ്പിച്ച കഥയിലെ നായകനായും വളർന്നതിന്റെ ആവേഗം മാണിയും ഓർത്തെടുത്തു.

തിരിച്ചിറപ്പള്ളിയിൽ കോളേജിൽ പഠിക്കുമ്പോൾ തൊണ്ടയിൽ കൗമാരം കുരുക്കുന്നേ ഉണ്ടായിരുന്നുള്ളു. പ്രകടപ്രസംഗത്തിൽ ജയിക്കാൻ അതു മതിയായിരുന്നു. കോഴിക്കോട്ട് ഗോവിന്ദ മേനോന്റെ കീഴിൽ വക്കീലായി വാദിക്കാൻ തുടങ്ങിയപ്പോൾ, പാലയുടെ പദാവലിയും മാണിയുടെ സ്വരത്തിന്റെ കാർക്കശ്യവും കോടതിക്കു പുറത്തെ പ്രസംഗവേദികളിൽ കൂടുതൽ പോപ്പുലർ ആയി. അവിടന്ന് കോട്ടയത്തെത്തി പത്തുകൊല്ലം നിയമത്തിന്റെ യമവും വിനിമയവും ഒക്കെയായി കഴിഞ്ഞുകൂടി-അധികാരത്തിന്റെ ജ്വരം പിടിപെടും വരെ.

പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല, കൃത്യമായി പറഞ്ഞാൽ, തിരിഞ്ഞു പോകേണ്ടിവന്നിട്ടില്ല, ഇന്നലെയോളം. ഒരിക്കൽ ഞങ്ങൾ നഷ്ടബോധത്തെപ്പറ്റിയും ലാഭഗണനയെപ്പറ്റിയും മറ്റും പരസ്പരം ബന്ധപ്പെടുത്താതെ സംസാരിക്കുമ്പോൾ, മാണി പറഞ്ഞു: ഞാൻ ഒരിക്കലും ഒരിടത്തും തോറ്റിട്ടില്ല. ഒരു കേസ്സും തോറ്റിട്ടില്ല. ഒരു തിരഞ്ഞെടുപ്പും തോറ്റിട്ടില്ല. അദ്ദേഹത്തോളം ആയുസ്സിന്റെ അനുഗ്രഹം കിട്ടിയ ആർക്കും ഒന്നാലോചിച്ചേ അങ്ങനെ പറയാൻ പറ്റൂ. ആലോചിച്ചാൽ തന്നെ എത്രപേർക്ക് അങ്ങനെ ആണയിട്ടു പറയാൻ പറ്റും? അന്‍പത് കൊല്ലത്തെ പൊതുപ്രവർത്തനത്തിനുശേഷം നവംബര്‍ 10നു പടിയിറങ്ങേണ്ടിവന്നപ്പോൾ അദ്ദേഹത്തിന് എന്തു തോന്നിക്കാണും? അതു ചോദിച്ചറിയാൻ എനിക്കദ്ദേഹത്തെ കാണാൻ പറ്റിയില്ല.

മുഖ്യമന്ത്രിപദത്തിന്റെ ചര്‍ച്ച വരുമ്പോഴൊക്കെ പ്രകൃതിനിയമം പോലെ പൊങ്ങിവരുന്നതായിരുന്നു മാണിയുടെ പേര്. സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ നിമിഷ ഗർഭം കഴിഞ്ഞുണ്ടായ പരീക്ഷണ മന്ത്രിസഭ നിലം പൊത്തിയപ്പോൾ, മാർക്സിസ്റ്റ് പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകും എന്ന നിലവരെയെത്തി. നടന്നില്ല. അന്നൊരിക്കൽ കോയ കളിയാക്കി, “മാണി മുഖ്യമന്ത്രിയാവില്ല, നിത്യനിയുക്ത മുഖ്യമന്ത്രിയേ ആകൂ.” കോയ ഉദ്ദേശിച്ചതെന്തായാലും, പല ഘട്ടങ്ങളിൽ, മുഖ്യമന്ത്രിയുടെ പദവിയും യോഗ്യതയും സംസാരവിഷയമായപ്പോഴെല്ലാം, സർവഥാ യോഗ്യൻ എന്ന് സർവ്വരും ആഘോഷിച്ച മാണി മുഖ്യമന്ത്രിയായില്ല.

തനിക്കു കിട്ടാവുന്നത്, കിട്ടേണ്ടത്, കിട്ടാതെ പോവുന്നതിൽ വിഷമമില്ലേ? ഞാൻ വളച്ചുകെട്ടാതെ ചോദിച്ചു. വീണ്ടും വീണ്ടും വെട്ടുകയും വീഴാതെ കുതികാൽ വെട്ടുകയും മാറ്റാന്റെ ചുവട് മുൻ കൂട്ടിക്കണ്ട് ഒഴിഞ്ഞു മാറുകയുമൊക്കെ ചെയ്ത്, അങ്കത്തിന്റെ മനശ്ശാസ്ത്രവും അർഥശൂന്യതയും ഒരുപോലെ മനസ്സിലാക്കിയ ഒരാൾക്ക് വന്നുചേരാവുന്നതാണ് ഒരു തരം സിനിസിസം. “എനിക്കു മീതെ ഒരു പദവിയുമില്ല” എന്നായിരുന്നു മറുപടി.

പദവിയുടെ ക്ഷുദ്രതയും വ്യക്തിയുടെ ആത്മഗരിമയും ആ മറുപടിയിൽ ചികഞ്ഞുനോക്കി ഞാൻ. ആ മറുപടിയും അതിൽ തെളിഞ്ഞിരുന്ന ആത്മതൃപ്തിയും അനുഭവപ്പെട്ടത് ചൊവ്വാഴ്ചയ്ക്ക് മുന്‍പായിരുന്നു. അധികാരത്തിന്റെ അഗ്നിക്രീഡയിൽ മുഴുകിയ മാക്ബത്തിന് അതുപോലൊരു തിരിച്ചറിവോ വ്യഥയോ ഉണ്ടാകുമായിരുന്നോ?

രണ്ടു കാര്യംകൊണ്ട് മാണിയെ വേറിട്ടു നിർത്താം. ഒന്ന്, അദ്ദേഹം ഒരിക്കലും മൽസരിച്ചു തോറ്റിട്ടില്ല. രണ്ടു മൂന്നു തലമുറ കടന്നു കയറുന്നതാണ് അര നൂറ്റാണ്ട്. അതിനിടയിൽ എന്തെല്ലാം മാറാതെ കിടക്കുന്നു? മാറുന്നു? ദൃശ്യവും ദർശകനും മാറും, പല വട്ടം. പക്ഷേ മാറ്റമില്ലാത്തവനായി മാണി നിലകൊണ്ടു. പശ്ചിമഘട്ടത്തെയും പടിഞ്ഞാറൻ കടലിനെയും മറികടന്നു വളരുന്ന കേരളം ചിത്രീകരിച്ച മറ്റൊരു പാലക്കാരൻ, പാലാ നാരായണൻ നായർ, “മാണി പ്രമാണീ”ക്കായി ഒരു മുക്തകം കാഴ്ച വെക്കുകയും ചെയ്തു. ജനങ്ങളുടെ അംഗീകാരത്തെ പരമമായ മൂല്യമായി കാണുന്ന സാമൂഹ്യസ്ഥിതിയിൽ, അതു ചില്ലറ കാര്യമല്ല. അതിൽ ഊന്നിനിൽക്കുന്നു മാണിയുടെ ഞാനെന്ന ഭാവം.

മറ്റൊന്ന്, ജനമധ്യത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ആരോപണത്തിന്റെ ചെളി ഇന്നലെ വരെ അദ്ദേഹത്തിൽ തെറിച്ചിരുന്നില്ല. അങ്ങനെയൊരു കീർത്തി നിലനിർത്താൻ നമ്മുടെ പൊതുപ്രവർത്തനശൈലിയിൽ എന്നും ദുഷ്കരമായിരുന്നു. മൊഴിയുന്നവർ ആക്ഷേപം ഉന്നയിക്കുമെന്നു മാത്രമല്ല, ആക്ഷേപത്തിനു കാരണമാകാവുന്ന രീതിയിൽ പെരുമാറാതെ നമ്മുടെ രാഷ്ട്രീയസമ്പദ് വ്യവസ്ഥയിൽ പിടിച്ചുനിൽക്കാനും പറ്റില്ല. നാടു നന്നാക്കാനിറങ്ങുന്നവർക്ക് വായുവിൽനിന്ന് പറിച്ചെടുക്കാവുന്നതല്ലല്ലോ പണം. അതാരെങ്കിലും കൊടുക്കണം. കൊടുക്കുന്നവർക്ക്, കെറുവ് തോന്നുമ്പോൾ, എന്തെങ്കിലും പറയാം. അന്വേഷിക്കാം. ചാനൽ ചർച്ച നടത്താം. അതിനു വിധേയരാകാതിരിക്കാനും വേണം ഭാഗ്യം.

ഈ ചിന്തയുമായി ബന്ധപ്പെടുത്തി കാണാവുന്ന ഒരു പ്രവണത, അതേപ്പറ്റി തുറന്നു പറഞ്ഞാൽ, അത്ര ഹിതകരമാവില്ല. മാണി പണം വാങ്ങി എന്നു വിശ്വസിക്കാനാണ് എല്ലാവർക്കും ഇഷ്ടം. മാണിയെന്നല്ല, എല്ലാവരും പണം വാങ്ങുന്നവരാണെന്നാണാല്ലോ പൊതുവായ വിശ്വാസം. മാണിയെ അറിയുന്നവരും അറിയാത്തവരും എന്നോടു പറയുന്നു: “രാഷ്ട്രീയമല്ലേ, വാങ്ങിക്കാണും.” തങ്ങളുടെ നേതാക്കന്മാർ തട്ടിപ്പുകാരാണെന്നു വിശ്വസിക്കാൻ നാട്ടുകാർ ഇഷ്ടപ്പെടുന്നു എന്നാണതിന്റെ സാരം. ആ നേതാക്കന്മാരുടെ സഹായം രുചിയോടെ അനുഭവിക്കാനും എല്ലാവർക്കും ഇഷ്ടം തന്നെ. നേതാക്കന്മാർ തോൽക്കരുതെന്നു മാത്രം. തോറ്റുപോയാൽ, പിന്നെ, പറയേണ്ട. അതുവരെ തണ്ടിലേറ്റി നടന്നിരുന്നവർ തന്നെ തട്ടി താഴെയിടും. അതുകൊണ്ട് സൂക്ഷിക്കുക. തോൽക്കരുത്.

ഈ വിചാരത്തിൽ അല്പം ജനവിരുദ്ധതയുണ്ടെങ്കിൽ അതിനെ ഒരു തിയറിയായി കൂട്ടിയാൽ മതി. ജനാഭിലാഷത്തെയും ജനവിധിയെയും ആദർശിക്കുന്ന സാമൂഹ്യചിന്തയെ എതിര്‍ത്ത ആളായിരുന്നു സ്പാനിഷ് ചിന്തകനായ ഒർടേഗാ ഗാസ്സെ. ആൾക്കൂട്ടത്തിന്റെ കലാപം തുടങ്ങിയ പുസ്തകങ്ങളിലൂടെ അദ്ദേഹം സിദ്ധാന്തിക്കാൻ ശ്രമിച്ചത് ഇതായിരുന്നു: ഒരു കാര്യത്തിലും സവിശേഷമായ നിർണയശേഷി ഇല്ലാത്ത ജനസാമാന്യത്തിന്റെ ഇഷ്ടപ്രകാരം ഒന്നിനെയും വിലയിരുത്തിക്കൂടാ. ഭാവുകത്വത്തെയും മൂല്യബോധത്തെയും അടിച്ചുനിരപ്പാക്കുന്ന രീതി ശുഭോദർക്കമല്ല തന്നെ. അതുകൊണ്ട് ജനവിധി അനുകൂലമാണെന്ന് അഹങ്കരിക്കുന്നതും സൂക്ഷിച്ചുവേണം.

പക്ഷേ ജനാധിപത്യമല്ലേ, ജനനിശ്ചയം മാനിക്കുക തന്നെ വേണം. തിരഞ്ഞെടുപ്പിന്റെ വിപണിയിൽ വിറ്റഴിക്കാവുന്ന ചിന്തകളും പ്രയോഗങ്ങളും മാത്രമേ പടച്ചിറക്കാവൂ. മാണി പുറത്തുപോകണം എന്ന വികാരം പടർന്നു പിടിച്ചുവെന്നാണ് പൊതുവായ മതം. എതിരാളികൾ അതിനെ സുവിശേഷമാക്കി മാറ്റിയെടുത്തു. ഇനിയദ്ദേഹം അനുവർത്തിക്കുന്ന ഓരോ നിലപാടും അദ്ദേഹത്തെ കൂടുതൽ അനഭിമതനാക്കാം. ഒപ്പം നിൽക്കുന്നവരുടെ എണ്ണം കുറയാം. ധൃതരാഷ്ട്രർ മുതൽ കരുണാകരൻ വരെയുള്ളവരുടെ ദൗർബല്യമായ പുത്രസ്നേഹം അനിവാര്യമായ കലഹം സൃഷ്ടിക്കാം. അതൊന്നും ആരും മാണിയെ ഉപദേശിക്കേണ്ടതില്ല.

മാണി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരായ ഒരു പരാമർശവും കോടതി ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയും ഐക്യജനാധിപത്യമുന്നണി മൊത്തത്തിലും പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാകുന്നു. അതാണ് മാണിയാകുന്നതിന്റെ പ്രാധാന്യം എന്നുകൂടി പറയണം. നിയമവ്യവസ്ഥയോടുള്ള ആദരവുകൊണ്ട് രാജി വെക്കുന്നു എന്നാണ് മാണിയുടെ വിശദീകരണം. അതിനു നിദാനമായി വന്നതോ കോടതിയുടെ ഒരു പുരാണചിന്തയും. അതിനുവേണ്ടി പ്രാചീന റോം വരെ പോകേണ്ടി വന്നു.

സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്ന വചനമാണല്ലോ ഇപ്പോൾ നമ്മുടെ തിരുവചനം. പ്ലൂട്ടാർക്കിന്റെ ഒരു പുസ്തകത്തിൽ ജൂലിയസ് സീസറിന്റേതായി ഉദ്ധരിക്കപ്പെട്ടതാണ് ആ മൊഴി. സീസറുടെ രണ്ടാമത്തെ ഭാര്യയായിരുന്നു പോമ്പിയ. പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ഒരു ഉൽസവം നടത്തിയിരുന്നു അവർ. ദേവീമഹോൽസവം. പെണ്ണു ചമഞ്ഞ് ഒരാൾ അവിടെ കേറിക്കൂടി. പോമ്പിയയെ ചുറ്റിപ്പറ്റി നിന്നു. പിന്നെ കള്ളി വെളിച്ചത്തായി, കേസ്സായി, കൂട്ടമായി. പക്ഷേ ജാരനെ കൂട്ടിലാക്കാൻ സീസർ ഇഷ്ടപ്പെട്ടില്ല. ഭാര്യ കാര്യം അറിഞ്ഞില്ല. എങ്കിലും സീസറുടെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്നു പ്രഖ്യാപിച്ച് ജൂലിയസ് അവരിൽനിന്ന് വിവാഹമോചനം നേടി.

മാണിയുടെ കൗമാരകൗതുകമായിരുന്ന മാക്ബത്തിന്റെ കഥയും അദ്ദേഹത്തിന്റെ പതനത്തിലേക്കു നയിച്ച സീസറുടെ കഥയും അധികാരവുമായി ബന്ധപ്പെട്ടതാണെന്നോർക്കണം. സംശയമാരോപിച്ച് തന്റെ ഭാര്യയെപ്പോലും, ശ്രീരാമനെപ്പോലെ, തള്ളിപ്പറഞ്ഞ ജൂലിയസ് സീസറും ചില്ലറക്കാരനായിരുന്നില്ല. അധികാരമായിരുന്നു അദ്ദേഹത്തിന്റെ ലഹരി. ജനാധിപത്യമായിരുന്നില്ല അദ്ദേഹത്തിന്റെയും ലക്ഷ്യം. ഏകാധിപത്യത്തിലേക്കുള്ള പ്രയാണം തടയാൻ വേണ്ടിയായിരുന്നു സീസർ വധം എന്നോർക്കാൻ സുഖം കാണില്ല. സർവാധിപതിയാകാൻ മുന്നേറിയിരുന്ന സീസറുടെ വചനമാണ് ഇവിടെയും ഉദ്ധരണം. സ്ത്രീ വാദികള്‍ക്ക് എതിര്‍പ്പില്ലാത്തത് സമാധാനം. 

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ‘കെ എം മാണി: എ സ്റ്റഡി ഇന്‍ റീജ്യണലിസം’ എന്ന ജീവചരിത്ര പുസ്തകത്തിന്റെ രചയിതാവ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍