UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നുവാതിലുകള്‍ തുറന്നിട്ട് മാണിയുടെ ഭാഗ്യപരീക്ഷണം

Avatar

അഴിമുഖം പ്രതിനിധി

ഏറെ സാധ്യതകളുള്ളതും അതേസമയം കാലിടറിയാല്‍ വീണുപോകാവുന്നതുമായ ഒരു തന്ത്രമാണ് കെ എം മാണി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. തീര്‍ത്തുമൊരു രാഷ്ട്രീയഭാഗ്യപരീക്ഷണം. അതിലേക്ക് അദ്ദേഹത്തെ നയിച്ചതിന്റെ പ്രധാന കാരണം കേരള കോണ്‍ഗ്രസ് എമ്മിനെ സുരക്ഷിതമായി മകന്‍ ജോസ് കെ മാണിയുടെ കൈകളിലേക്ക് ഏല്‍പ്പിക്കുക എന്നതാണ്.

82 ലെ നയനാര്‍ മന്ത്രിസഭയില്‍ നിന്നും ഇറങ്ങിവന്നതു മുതല്‍ യുഡിഎഫിന്റെ ഭാഗമാണ് കെ എം മാണി. അന്നുതൊട്ട് കെ എം മാണിയുടെ വോട്ട് ബാങ്ക് കമ്യൂണിസ്റ്റ് വിരുദ്ധരുടെ വോട്ടാണ്. ജോസഫ് അടക്കം വിട്ടുപോയപ്പോഴും മാണി പിടിച്ചു നിന്നത് മധ്യകേരളത്തിലെ കമ്യൂണിസ്റ്റ് വിരുദ്ധരായ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും അതൊടൊപ്പം സഭയുടെ പിന്തുണയും കൊണ്ടാണ്. പലതവണ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും ആത്യന്തികമായി അത്തരമൊരു യോജിപ്പിലെത്തുക എന്നത് അസാധ്യമായി മാറിയിരിക്കുകയാണ്. താത്കാലികമായ ഒത്തു തീര്‍പ്പുകള്‍ക്കെ സാധ്യതയുള്ളൂ. താരതമ്യേന ഇടതുപക്ഷരീതികളുള്ള ജോസഫിനുപോലും സ്ഥിരമായി ഇടതുപാളയത്തില്‍ നില്‍ക്കുന്നതിനു ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്.

ഇതെല്ലാം കൊണ്ടാണ് മാണി ഇത്രയും നാളില്‍ കോണ്‍ഗ്രസിനൊപ്പം നിന്നതും. മാണിയുടെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ സഹായം അത്യാവശ്യമായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ പരാജയത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് ബാര്‍ കോഴ ആരോപണവും, മറ്റൊന്നു സരിത നായരുമായി ബന്ധപ്പെട്ട സോളാര്‍ അഴിമതിയുമായിരുന്നു. ഇതു രണ്ടിലും മാണി കോണ്‍ഗ്രസ് പ്രതിയായിരുന്നു. ബാര്‍ കോഴയില്‍ ഒന്നാം പ്രതിയായിരുന്നെങ്കില്‍ സോളാര്‍ ആരോപണത്തില്‍ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്നു വന്നിരുന്നു. അത്തരത്തില്‍ നോക്കിയാല്‍ യുഡിഎഫിന്റെ പ്രതിഛായ നഷ്ടപ്പെടുത്തിയതില്‍ മുഖ്യ ഉത്തരവാദിയാണ് മാണി. എന്നിട്ടും തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി മാണിക്ക് ഏല്‍ക്കേണ്ടി വന്നില്ല, അതേസമയം മാണിയെ വിട്ടുപോയ ഫ്രാന്‍സീസ് ജോര്‍ജിനും കൂട്ടര്‍ക്കും തോല്‍വി നേരിടേണ്ടിയും വന്നു.

ഇപ്പോഴത്തെ പ്രകോപനം
കോണ്‍ഗ്രസിനോട് ഇപ്പോഴുള്ള പ്രകോപനത്തിനു കാരണം ബാര്‍ കോഴയില്‍ മാണിയെ കുടുക്കിയെന്നുള്ളതാണ്. എന്നാല്‍ ഈ ആക്ഷേപം തെരഞ്ഞെടുപ്പിനു വളരെ മുമ്പു തന്നെ കേരള കോണ്‍ഗ്രസ് എമ്മിനുള്ളതാണ്. അന്നൊന്നും ഈ ആക്ഷേപം മുന്നില്‍വച്ച് യുഡിഎഫ് വിട്ടുപോകാനോ ഇടതുമുന്നണിയില്‍ ചേരാനോ അവര്‍ തയ്യാറായില്ല. ഇടതു മുന്നണിയിലേക്ക് പോകാനും മുഖ്യമന്ത്രിയാകാനുമൊക്കെയുള്ള ആഗ്രഹം മാണി സാറിനുണ്ടായിരുന്നതാണ്. പക്ഷെ അതിനെ തടഞ്ഞാണ് ബാര്‍ കോഴ വരുന്നത്. ഇനിയിപ്പോള്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇപ്പോഴുള്ള ആരോപണങ്ങളൊന്നും മാണി ഉന്നയിക്കുകയുമില്ലായിരുന്നു. യുഡിഎഫ് അധികാരത്തില്‍ നിന്നു പോയതും, ഇനി വരുന്ന തെരഞ്ഞെടുപ്പിന് മൂന്നുകൊല്ലമുണ്ടെന്നുള്ളതും കൊണ്ടാണ് ഇപ്പോള്‍ മാണി ഒരു ഭാഗ്യപരീക്ഷണത്തിനു തയ്യാറാകുന്നത്.

ഒന്നാം വാതില്‍

സാധ്യത:അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതു മുന്നിണിയില്‍ ചേരുക. ഇടതിനൊപ്പം ന്യൂനപക്ഷ വോട്ട് ബാങ്കുള്ള മാണിയും കൂടി ചേര്‍ന്നു കഴിഞ്ഞാല്‍ കോട്ടയത്ത് ജോസ് കെ മാണിക്ക് ജയം ഉറപ്പാകും. ഇടുക്കിയിലും വേണമെങ്കില്‍ മാണിക്ക് അവകാശവാദം ഉന്നയിക്കാം. യുഡിഎഫിന്റെ കരുത്തായ ക്രിസ്ത്യന്‍ വോട്ടുകള്‍ ഇടതിലേക്ക് വരുന്നത് അവരെ സംബന്ധിച്ചും നല്ലതാണ്. അതിനു പകരമായി ചെയ്യേണ്ടത് ബാര്‍ കോഴ ആരോപണത്തില്‍ നിന്നും മാണിയെ രക്ഷപെടുത്തു കൊടുക്കുക എന്നതാണ്. അതോടെ ബാര്‍ കോഴ കോഴ എന്നത് കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നു മാണി പറയും. ആരോപണവിധേയനല്ലാത്ത മാണിയെ കൂടെ കൂട്ടുന്നതില്‍ ഇടതിനും വിരോധമുണ്ടാകില്ല.

തടസം; മികച്ച ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്ന ഇടതിനു മാണിയെ കൂടെ കൊണ്ടുവരേണ്ട ആവശ്യം നിലവില്‍ ഇല്ല. മാണിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന സിപിഐയുടെ നിലപാട്.

രണ്ടാം വാതില്‍

സാധ്യത:ബിജെപിയുമായി ബന്ധം സ്ഥാപിച്ച് എന്‍ഡിഎയില്‍ അംഗമാവുക. കുമ്മനം പറഞ്ഞു കഴിഞ്ഞു മാണിക്കു മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന്. ബിജെപിയുമായി ചേര്‍ന്നു കഴിഞ്ഞാല്‍ ജോസ് കെ മാണിക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന് മാണി പ്രതീക്ഷിക്കും. കേന്ദ്രത്തിലോ കേരളത്തിലോ അധികാരമില്ലാത്ത യുഡിഎഫിനെ വിട്ട് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ അതിന്റെ നട്ടെല്ലായി നില്‍ക്കുന്ന സഭയും പിന്തുണയ്ക്കും. സഭയ്ക്കും അധികാരമുള്ള ബിജെപിക്കൊപ്പം ചേരുന്നത് ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തില്‍ ചിന്തിക്കുന്നവരാണ് കേരളത്തിലെ സഭാനേതൃത്വം.

തടസം: ബിജെപിയെ സംബന്ധിച്ച് അവര്‍ കേരളത്തിലെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് നടത്തിയ ഏറ്റവും വലിയ ശ്രമം എസ്എന്‍ഡിപിയെ കൂട്ടുപിടിച്ചുകൊണ്ടുള്ളതാണ്. ആ ശ്രമത്തില്‍ പോലും വെള്ളാപ്പള്ളിയും മകനും ആഗ്രഹിച്ച ഒരു കേന്ദ്രമന്ത്രിസ്ഥാനം കൊടുക്കാന്‍ ബിജെപി തയ്യാറായിരുന്നില്ല. മന്ത്രിസ്ഥാനം കൊടുത്ത് ആരെയെങ്കിലും കൂടെകൂട്ടുക എന്ന തന്ത്രമോ നയമോ ബിജെപി ഇതുവരെ സ്വീകരിച്ചിട്ടില്ല. സഭാനേതൃത്വതത്തിന്റെ പിന്തുണയുള്ളപ്പോഴും കേരള കോണ്‍ഗ്രസിന്റെ വികാരമായി നില്‍ക്കുന്ന വോട്ടര്‍മാര്‍ എത്രത്തോളം ബിജെപിയപമായുള്ള ബന്ധത്തില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമാണ്. അങ്ങനെ വന്നാല്‍ പുതിയൊരു കേരള കോണ്‍ഗ്രസിന്റെ രൂപീകരണത്തിനുവരെ അത് കാരണമാകാം. ആ സമയത്ത് ജോസ് കെ മാണിക്കാണോ അതോ കേരള കോണ്‍ഗ്രസിനെ നയിക്കുന്ന മറ്റേതെങ്കിലും നേതാവിനാണോ ശക്തിയെന്നതിനെ ആശ്രയിച്ചായിരിക്കും മുന്നില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് വളരുക. ബിജെപിയുടെ കാര്യത്തില്‍ ജോസഫ് അടക്കമുള്ളവര്‍ ഏതു നിലപാട് എടുക്കുമെന്നതും നിര്‍ണായകമാണ്.

മൂന്നാം വാതില്‍

സാധ്യത:നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാറിയാലും കോണ്‍ഗ്രസുമായുള്ള ബന്ധം അകന്നുപോകാതെ ബന്ധം നിലനിര്‍ത്തുക. ഗ്രാമപഞ്ചായത്ത് തൊട്ട് ജില്ല പഞ്ചായത്തു വരെ കോണ്‍ഗ്രസുമായി ഉള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കും. പൂര്‍ണമായും ശത്രുപാളയത്തിലേക്ക് തള്ളാതെ ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ എതിര്‍ക്കുക എന്ന ശ്രമം നടത്തുന്നത് ആദ്യ രണ്ടു വാതിലുകളും തുറന്നില്ലെങ്കില്‍ യുഡിഎഫില്‍ തന്നെ തുടരണം എന്നുള്ളതുകൊണ്ടാണ്. ലോകസഭ തെരഞ്ഞെടുപ്പിനു മുമ്പുള്ള രണ്ടരവര്‍ഷത്തിനിടയില്‍ ഇടതിലേക്കോ എന്‍ഡിഎയിലേക്കോ പ്രതീക്ഷിച്ചതുപോലെ പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ മാണിക്ക് യുഡിഎഫില്‍ തന്നെ നില്‍ക്കണം. അതുകൊണ്ട് കോണ്‍ഗ്രസിനെ പൂര്‍ണമായി പിണക്കില്ല.

തടസം: മധ്യകേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ കുറച്ചു കാലമായി കടുത്ത അമര്‍ഷത്തിലാണ്. അവര്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ച മുരടിക്കാനുള്ള കാരണമായി പറയുന്നത് കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയും അവരോടുള്ള അമിതമായ പ്രീണനവുമാണ്. അതുകൊണ്ട്, അധികാരം നഷ്ടപ്പെട്ടാലും വേണ്ടീല കേരള കോണ്‍ഗ്രസിനെ ഒതുക്കി കോണ്‍ഗ്രസിനെ വളര്‍ത്തുക എന്നുള്ളത് പ്രാദേശിക നേതാക്കന്മാര്‍ക്കും ജില്ല നേതാക്കന്മാര്‍ക്കും ഒരുപരിധിവരെ സംസ്ഥാന നേതാക്കന്മാര്‍ക്കും ഉണ്ട്. ഇത്തരമൊരു നീക്കം നടപ്പാക്കാന്‍ സമ്മതിക്കാതെ ഇതുവരെ തടഞ്ഞിരുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. തന്റെ അധികാരം നിലനിര്‍ത്താന്‍ വേണ്ടിയായിരുന്നു അത്. ഇപ്പോള്‍ അധികാരം നഷ്ടമായ ഉമ്മന്‍ ചാണ്ടിക്ക് ഇനിയത്തരമൊരു സഹായം കേരള കോണ്‍ഗ്രസിനു ചെയ്തുകൊടുക്കേണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടി ഇനി ഏതു കളിയും കളിക്കും. ഉമ്മന്‍ ചാണ്ടിയുമായി നേരിട്ടൊരു ഏറ്റുമുട്ടലിനു മാണി തയ്യാറല്ല. ഇപ്പോള്‍ രമേശ് ചെന്നിത്തലയെ മറയാക്കുന്നതുപോലും അതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടി vs കെ എം മാണി എന്നൊരു നിലവന്നാല്‍, കേരള കോണ്‍ഗ്രസിനു വോട്ട് ചെയ്യുന്നവരും സഭകളും ഏതു നിലപാട് എടുക്കുമെന്ന കാര്യത്തില്‍ മാണിക്ക് ഭയമുണ്ട്.

ഇതു കൂടാതെ, മാണിയെ തളര്‍ത്തണമെന്നും മുന്നണിയില്‍ നിന്നും കളയണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം നേതാക്കള്‍ വേറെയുമുണ്ട്. അവരീ സാഹചര്യം ഉപയോഗിക്കാന്‍ നോക്കും. മാണി കോണ്‍ഗ്രസില്‍ നിന്നു തന്നെ പുതിയൊരു കേരള കോണ്‍ഗ്രസിനെ ഉണ്ടാക്കിയെടുക്കാനും ശ്രമിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍