UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്ശ്…മാണിസാർ ധ്യാനത്തിലാണ്

Avatar

കെ. എ. ആന്‍റണി

മാണി സാർ ധ്യാനത്തിലാണ്. ദയവായി ശല്യം ചെയ്യരുത്. ഇടഞ്ഞു  നിൽക്കുന്ന കേരള കോൺഗ്രസ് (എം) നേതാവ് കെ. എം. മാണിയെ  ബന്ധപ്പെടാൻ ശ്രമിച്ച യുഡിഫ് നേതാക്കൾക്ക് ലഭിച്ച മറുപടി  ഇതായിരുന്നു. സംഗതി ഉള്ളതാണ്. മാണി സാർ ധ്യാനത്തിൽ തന്നെയാണ്. കോട്ടയത്തെ ഒരു ധ്യാന കേന്ദ്രത്തിൽ മനസ്സുരുകി പ്രാർത്ഥിക്കുകയാണ് അദ്ദേഹമിപ്പോൾ. കരുണാമയനും നീതിമാനുമായ കർത്താവേ നേർവഴി കാട്ടേണമേ എന്നാണ് പ്രാർത്ഥന. 

മാണി സാർ ഒരു തികഞ്ഞ ഭക്തനാണ്. ഏതു കാര്യത്തിനും ഇറങ്ങി പുറപ്പെടുമ്പോൾ അദ്ദേഹം കർത്താവിനോടു മുട്ടിപ്പായി പ്രാർത്ഥിക്കും. അത് നോമിനേഷൻ കൊടുക്കാൻ പോകുമ്പോൾ ആയാലും, സത്യപ്രതിജ്ഞയ്ക്ക് പോകുമ്പോൾ ആയാലും ബഡ്ജറ്റ് അവതരണത്തിന് മുൻപായാലും പ്രാര്‍ത്ഥനയുടെ കാര്യത്തിൽ മുടക്കം വരുത്താറില്ല. 

എന്നാൽ ഇത്തവണത്തെ ധ്യാനത്തിന് പിന്നിൽ ഒരു ഗൂഢ ലക്ഷ്യം കൂടിയുണ്ട്. ചരൽക്കുന്നിലെ നിർണായക ക്യാമ്പിന് മുൻപായി യുഡിഫ് നേതാക്കളെ അകറ്റി നിര്‍ത്തുക. രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടി സായിവുമൊക്കെ മാണി സാറിനെ തപ്പിനടക്കുകയാണ്. അയ്യോ.. സാറെ പോകല്ലേയെന്നു പറഞ്ഞുള്ള അവരുടെ ഇപ്പോഴത്തെ നടത്തം കണ്ടാൽ തോന്നും ഇതൊക്കെ പെട്ടെന്ന് സംഭവിച്ച പ്രശ്നങ്ങളാണെന്നു. അവർ അവിടെ നില്‍ക്കട്ടെ. അവരോടു മിണ്ടാൻ തനിക്കിപ്പോൾ മനസ്സില്ല. ഈ സോപ്പിടീലൊക്കെ എത്ര കണ്ടതാ. ഇങ്ങനെയൊക്കെ ആവണം മാണി സാറിന്റെ മനസ്സിലിരുപ്പ്.

മാണി സാറിന്റെ ധ്യാനം ബൈബിളിലെ മൂന്ന് സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്നു. താൻ  ഒറ്റുകൊടുക്കപ്പെട്ട രാത്രിയിൽ യേശുക്രിസ്തു നടത്തിയ പ്രാർത്ഥനയാണ് അതിലൊന്ന്. പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും അകറ്റേണമേ. എങ്കിലും എന്റെ  ഇഷ്ടമല്ലേ അവിടുത്തെ ഇഷ്ടം നിറവേറ്റട്ടെ. എന്ന പ്രാർത്ഥന. കുരിശുമരണം ഏറ്റുവാങ്ങാൻ സജ്ജനാകുകയായിരുന്നു യേശു.

രണ്ടാമത്തെയും മൂന്നാത്തെയും സംഭവങ്ങൾ തിമിംഗലത്തിന്റെ വയറ്റിൽ കഴിച്ചുകൂട്ടിയ യോനാ പ്രവാചകൻ  മൂനാം ദിവസം പുറത്തു വന്നതും ശവക്കല്ലറയിൽ നിന്നും യേശു ക്രിസ്തു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതുമാണ്. മാണിസാറിന്റെ കാര്യത്തിൽ ഇതിൽ ഏതാണ് ഉചിതം എന്ന് മാന്യ വായനക്കാർ തന്നെ തീരുമാനിക്കുക. എങ്കിലും ഒരു കാര്യം വ്യക്തമാണ് തനിക്കല്ലാതെ മറ്റാർക്കും ഗുണം ചെയ്യുന്ന ഒരു കാര്യത്തിന് വേണ്ടിയുള്ള  പുറപ്പാടിലല്ല മാണി സാർ.

മാണിസാറിന്റെ കടുംപിടുത്തം യുഡിഫ് ക്യാമ്പിൽ ആശങ്ക വിതക്കുമ്പോൾ ഏറെ സന്തോഷിക്കുന്ന ചിലരുണ്ട്. പ്രധാനമായും ബിജെപി നേതാക്കൾ. കേരളത്തിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുകയാണെന്നും അധികം വൈകാതെ തന്നെ യുഡിഫ് ശിഥിലമാകുമെന്നും ഒക്കെയാണ് കുമ്മനം പറയുന്നത്. മാണിസാർ മാത്രമല്ല  മറ്റു ചില ഘടകകക്ഷികളും തങ്ങൾക്കൊപ്പം വരുമെന്നുമൊക്കെയാണ് കുമ്മനം സ്വപ്നം കാണുന്നത്. സ്വപ്നം കാണാൻ കുമ്മനത്തിനും അവകാശമുണ്ട്. 

എന്തായാലും കാര്യങ്ങൾ ഈ ഏഴാം തിയ്യതിയോടെ അറിയാമല്ലോ. അതുവരെ കാത്തിരിക്കുക തന്നെ.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍