UPDATES

കേരളത്തിലെ എഴുത്തുകാരെയും ബുദ്ധിജീവികളെയും മതതീവ്രവാദ സംഘടനകള്‍ വിലയ്ക്കെടുത്തെന്ന് കെ.എം ഷാജി

അഴിമുഖം പ്രതിനിധി

 

കേരളത്തിലെ ഒരുവിഭാഗം എഴുത്തുകാരെയും ബുദ്ധിജീവികളെയും മതതീവ്രവാദ സംഘടനകള്‍ വിലയ്ക്കേടുത്തിരിക്കുകയാണെന്ന് മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജി. തുടർച്ചയായി ഗൾഫ് രാജ്യങ്ങളിൽ സുഖസഞ്ചാരത്തിന് കൊണ്ടുപോയും തങ്ങളുടെ പത്ര, വാരികകളിൽ പംക്തികളും അസാമാന്യമാംവിധം ഇടവും അനുവദിച്ചുകൊണ്ടുമാണ് അവര്‍ ഇത് നടപ്പാക്കുന്നത്. പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ഈ ആള്‍ക്കാരെയെയാണ് പ്രതിരോധത്തിനായി നിയോഗിക്കുന്നതെന്നും മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ഷാജി ആരോപിക്കുന്നു. ഇടതുബുദ്ധിജീവികളായി അറിയപ്പെടുന്നവരും മനുഷ്യാവകാശ പ്രവർത്തകരും സർഗാത്മക സാഹിത്യകാരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ ഉദ്ധരിച്ചു കൊണ്ടാണ് മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ സാരഥികൾ ന്യായവാദങ്ങൾ ചമയ്ക്കാൻ തുടങ്ങുന്നതെന്നും ഷാജി പറയുന്നു. അതുകൊണ്ടുതന്നെ ആർ.എസ്.എസ്സിനെ, പോപ്പുലർ ഫ്രണ്ട് വേദിയിൽവെച്ചും വിശ്വഹിന്ദു പരിഷത്തിനെ ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽവെച്ചും ഇവർ എതിർത്ത് ഗിരിപ്രഭാഷണങ്ങൾ നടത്തും. അതുവഴി ഇത്തരം മതതീവ്രവാദ സംഘടനകളുടെ അണികൾക്ക് ആവേശവും ആർ.എസ്.എസ്സിനെപ്പോലുള്ള സംഘടനകൾക്ക് നിശ്ശബ്ദമായ ആഹ്ലാദവും ഉണ്ടാവുമെന്നും ഷാജി പറയുന്നു. 

 

കേരളത്തിലെ ഐ.എസിന് വളംവെച്ചതാര് എന്ന തലക്കെട്ടിലാണ് ലേഖനം: ഇവിടെ വായിക്കാം.

ഏതാനും മാസംമുമ്പാണ് കേരളത്തിൽനിന്ന് ഇരുപതിലധികം പേർ, ചിലർ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബസമേതം, ഐ.എസ്സിൽ ചേരാനായി സിറിയയിലേക്കോ അഫ്ഗാനിസ്താനിലേക്കോ പോയി എന്ന വാർത്ത നാം നടുക്കത്തോടെ കേട്ടത്. ഇപ്പോഴിതാ പാനൂരിനടുത്തുള്ള കനകമലയിൽനിന്നും കുറ്റ്യാടിയിൽനിന്നും തമിഴ്നാട്ടിൽനിന്നും ഐ.എസ്സിന്റെ കേരളഘടകമെന്ന് അവകാശപ്പെടുന്ന അൻസാറുൽ ഖിലാഫയുടെ പത്തോളം പേരെ അറസ്റ്റുചെയ്തിരിക്കുന്നു. ആന്ധ്രയിലെയും തെലങ്കാനയിലെയും പോലീസിനോടൊപ്പംവന്ന് എൻ.ഐ.എ. ആണ് കനകമലയിൽ രഹസ്യയോഗത്തിൽ പങ്കെടുത്ത അവരെ അറസ്റ്റുചെയ്തത്. ഈ വസ്തുത ചില തിക്തയാഥാർഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു.

അൻസാറുൽ ഖിലാഫയുടെ വെബ്സൈറ്റിനെക്കുറിച്ച് ഇക്കൂട്ടർ അറസ്റ്റുചെയ്യപ്പെടുന്നതിനുമുമ്പുതന്നെ പല മാധ്യമങ്ങളിലും വന്നതാണ്. അന്നൊന്നും നമ്മുടെ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇക്കാര്യത്തിൽ കേരളാപോലീസിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലതാനും. രാജ്യത്തെ ഏറ്റവും മികച്ച പോലീസ്സേനകളിലൊന്നാണ് നമ്മുടേത്. പോലീസിനെ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇവിടെ യഥാർഥത്തിൽ പ്രതിക്കൂട്ടിൽ. ഇടത്-വലത് വ്യത്യാസമില്ലാതെ നാട്ടിലെ വലുതും ചെറുതുമായ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വർഗീയ തീവ്രവാദ സംഘടനകളുടെ വിഷലിപ്തമായ പ്രചാരണങ്ങൾക്കും പ്രവർത്തനങ്ങൾക്കുംനേരേ കണ്ണടയ്ക്കുകയാണ് സാമാന്യേന ചെയ്തുപോരുന്നത്. വർഗീയ തീവ്രവാദ സ്വരൂപങ്ങളോടുള്ള മമതകൊണ്ടല്ല, തിരഞ്ഞെടുപ്പുഗണിതവുമായി ബന്ധപ്പെട്ട നിക്ഷിപ്ത രാഷ്ട്രീയതാത്പര്യങ്ങൾകൊണ്ടാണ് ഇത്തരം ശക്തികൾക്ക് ഇവിടെ നിർഭയം പ്രവർത്തിക്കാൻ സാധിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ തങ്ങളുടെ പ്രവർത്തനങ്ങളിൽ അമ്പത് ശതമാനമെങ്കിലും സത്യസന്ധത പുലർത്തിയാൽ ഇത്തരം തീവ്രവാദികളെ, അവർ ഏത് മതജനുസ്സിൽപ്പെട്ടവരായാലും അനായാസം പിടികൂടാവുന്നതേയുള്ളൂ.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, മലയാളികൾ ലഷ്കർ-ഇ-തൊയ്ബയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന വാർത്തയോ ഐ.എസ്സിൽ ചേർന്നു എന്ന വാർത്തയോ പുറത്തുവന്നാൽ ആദ്യം വാളും പരിചയുമായി പ്രതിരോധിക്കാൻ രംഗത്തുവരുന്നത് കേരളത്തിൽ ഒരുതടസ്സവും നേരിടാതെ പ്രവർത്തിക്കുന്ന ഇത്തരം മതതീവ്രവാദ സംഘടനകളാണെന്നതാണ്. ഒന്നുകിൽ ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്നോ ഗൂഢാലോചനയുടെ പരിണതഫലമാണെന്നോ ഇക്കൂട്ടർ നിർവിശങ്കം പ്രഖ്യാപിക്കും. അല്ലെങ്കിൽ അവയെ ഇസ്ലാമോഫോബിയയുടെ കണക്കിൽ എഴുതിച്ചേർക്കും. മതതീവ്രവാദം ആഗോളതലത്തിൽ ഒരു യാഥാർഥ്യമാണെന്നതുപോലെ ഇസ്ലാമോഫോബിയയും യാഥാർഥ്യമാണെന്ന് സമ്മതിക്കുന്നു. പക്ഷേ, കശ്മീരിലെ വനാന്തരങ്ങളിൽ ഇന്ത്യൻ സൈന്യത്തോട് ഏറ്റുമുട്ടി കൊല്ലപ്പെട്ടവരെയും കനകമലയിൽ ഒത്തുകൂടി വധപരമ്പരയും മറ്റ് വിധ്വംസകപ്രവൃത്തികളും ആസൂത്രണം ചെയ്തവരെയും ഏത് ഗൂഢാലോചനാസിദ്ധാന്തത്തിന്റെ പേരിലാണ് ന്യായീകരിക്കാൻ കഴിയുക? ഏത് ഇസ്ലാമോഫോബിയയുടെ കള്ളിയിലാണ് പെടുത്താൻ കഴിയുക?

നിർഭാഗ്യകരമായ വസ്തുത, ഇത്തരക്കാർക്കൊക്കെ പ്രതിരോധത്തിന്റെ വൻമതിലുകൾ തീർക്കാൻ പ്രത്യക്ഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന മതതീവ്രവാദ പ്രസ്ഥാനങ്ങൾ മാത്രമല്ല, സാംസ്കാരികമണ്ഡലത്തിലെ ഒരു വിഭാഗവും തയ്യാറാകുന്നുവെന്നതാണ്. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ സാംസ്കാരിക-സാഹിത്യ മണ്ഡലങ്ങളിൽ വ്യാപൃതരായ ഒരുവിഭാഗം ബുദ്ധിജീവികളെയും എഴുത്തുകാരെയും ബഹുവിധങ്ങളായ പ്രലോഭനങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും തങ്ങളുടെ കൂടാരത്തിലേക്ക് കൊണ്ടുവരാനും അവരിൽ ചിലരെയൊക്കെ തങ്ങളുടെ പ്രതിച്ഛായയിൽത്തന്നെ മാറ്റിത്തീർക്കാനും കേരളത്തിലെ മതതീവ്രവാദ സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായി ഗൾഫ്രാജ്യങ്ങളിൽ സുഖസഞ്ചാരത്തിന് കൊണ്ടുപോയും തങ്ങളുടെ പത്ര-വാരികകളിൽ പംക്തികളും അസാമാന്യമാംവിധം ഇടവും അനുവദിച്ചുകൊണ്ടും ഇത്തരം അവസരവാദികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും ഇവർ അക്ഷരാർഥത്തിൽ വിലയ്ക്കെടുത്തിട്ടുണ്ട്. ഈ മട്ടിലുള്ള പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ ഇക്കൂട്ടരെയാണ് പ്രതിരോധത്തിന്റെ പത്മവ്യൂഹം തീർക്കാൻ ആദ്യം നിയോഗിക്കുക. ഇവരിൽ ഇടതുബുദ്ധിജീവികളായി അറിയപ്പെടുന്നവരും മനുഷ്യാവകാശ പ്രവർത്തകരും സർഗാത്മക സാഹിത്യകാരന്മാരുമുണ്ട്. പിന്നെ ഈ മതതീവ്രവാദ പ്രസ്ഥാനങ്ങളുടെ സാരഥികൾ ഇക്കൂട്ടരെ ഉദ്ധരിച്ചുകൊണ്ട് ന്യായവാദങ്ങൾ ചമയ്ക്കാൻ തുടങ്ങും. ഈ രീതി കഴിഞ്ഞ കുറേ വർഷങ്ങളായി നാം കണ്ടുവരുന്നതാണ്. മതതീവ്രവാദങ്ങൾ പരസ്പരം പോഷിപ്പിക്കുന്നതാണെന്നും അവയെ ഒരേശക്തിയിൽത്തന്നെ എതിരിടണമെന്നുമുള്ള ബോധ്യം ഇവർ പണയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആർ.എസ്.എസ്സിനെ, പോപ്പുലർ ഫ്രണ്ട് വേദിയിൽവെച്ചും വിശ്വഹിന്ദു പരിഷത്തിനെ ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽവെച്ചും ഇവർ എതിർത്ത് ഗിരിപ്രഭാഷണങ്ങൾ നടത്തും! ഫലമോ, ഇത്തരം മതതീവ്രവാദ സംഘടനകളുടെ അണികൾക്ക് ആവേശം ആർ.എസ്.എസ്സിനെപ്പോലുള്ള സംഘടനകൾക്ക് നിശ്ശബ്ദമായ ആഹ്ലാദവും.

സംഘടനാഗാത്രത്തിൽ തീവ്രവാദത്തിന്റെ കനലും പുറത്ത് മതേതരനാട്യങ്ങളുമുള്ള മതതീവ്രവാദ പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ട്. ഇപ്പോൾ എൻ.ഐ.എ. അറസ്റ്റുചെയ്തവരുടെ കൂട്ടത്തിൽ ഇത്തരമൊരു സംഘടനയുടെ സജീവപ്രവർത്തകനുമുണ്ട്. ഈ സംഘടനകൾക്ക് ഐ.എസ്സുമായി നേരിട്ടുള്ള ബന്ധമില്ലായിരിക്കാമെങ്കിലും ഐ.എസ്. മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തിൽനിന്ന് കാര്യമായ വ്യത്യാസമൊന്നുമില്ല ഇവർ മുന്നോട്ടുവെക്കുന്ന ആശയപ്രപഞ്ചത്തിന്. തീവ്ര ഇസ്ലാമിസത്തിന് കേരളത്തിൽ മണ്ണൊരുക്കിയതിൽ ഇത്തരക്കാരുടെ പ്രവർത്തനങ്ങളും അഗണ്യമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.ഇക്കാര്യം ഊന്നിപ്പറയുന്നത്, കേരളത്തിലെ മതതീവ്രവാദികളുടെ സാന്നിധ്യം ഇവിടത്തെ സലഫി പ്രസ്ഥാനത്തിനുമേൽ പഴിചാരി തന്ത്രപൂർവം കൈകഴുകി രക്ഷപ്പെടാനുള്ള ഇസ്ലാമിസ്റ്റ് സംഘടനകളുടെയും അവയുടെ ജിഹ്വകളുടെയും അവയോട് അനുഭാവം പുലർത്തുന്ന ചില മതേതരവേഷക്കാരായ എഴുത്തുകാരുടെയും അതിവ്യഗ്രത ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ്.

ഐ.എസ്സിനെപ്പോലുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന മതരാഷ്ട്രവാദത്തിന് പതിറ്റാണ്ടുകൾക്കുമുമ്പേ താത്ത്വികാടിത്തറ നൽകിയ ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളെ വെറുതെവിടുക മാത്രമല്ല വെള്ളപൂശുകയും മതരാഷ്ട്രവാദത്തെ തുടക്കംമുതലേ നഖശിഖാന്തം എതിർത്ത ഇവിടത്തെ സാമ്പ്രദായിക സലഫികളെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്യുന്നതാണ് ഈ ചതുരോപായം. സലഫിസത്തെക്കുറിച്ച് കൂലങ്കഷമായി പഠിച്ചവർ മൂന്നുവിഭാഗം സലഫികളെക്കുറിച്ച് പറയുന്നുണ്ട്. ഒന്നാമത്തേത് മൃദുസലഫിസമാണ്. അവർ രാഷ്ട്രീയ ആക്ടിവിസത്തിൽനിന്ന് മാറിനിൽക്കുകയും ഖുർആനും നബിചര്യയും അനുസരിച്ച് ലോകത്തെവിടെയും ജീവിക്കാമെന്ന് വിശ്വസിക്കുന്നവരുമാണ്. രണ്ടാമത്തേത് സക്രിയ സലഫിസമാണ്. ഇക്കൂട്ടർ ഇസ്ലാമികമായ രാഷ്ട്രീയക്രമത്തിനുവേണ്ടി വാദിക്കുന്നവരും പ്രബോധനം ചെയ്യുന്നവരുമത്രെ. പക്ഷേ, ലക്ഷ്യപ്രാപ്തിക്ക് ഹിംസയെ ആശ്രയിക്കുന്നില്ല. മൂന്നാമത്തേതാണ് ജിഹാദി സലഫിസം. ഭൂമിയിൽ ദൈവത്തിന്റെ ഭരണം സ്ഥാപിക്കാൻ ഹിംസയുടെ അനിവാര്യത പ്രഘോഷണംചെയ്യുന്നവരാണിവർ. കേരളത്തിൽ ഏഴെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിച്ചുപോരുന്ന സലഫികൾ ആദ്യവകുപ്പിൽ പെട്ടവരാണ്. അവർ ആധുനിക വിദ്യാഭ്യാസത്തിനുവേണ്ടിയും സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടിയും നടത്തിയ പ്രവർത്തനങ്ങൾ കേരള നവോത്ഥാനചരിത്രത്തിന്റെ ഭാഗമാണ്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ജിഹാദി സലഫിസത്തിന്റെ അടിസ്ഥാനതത്ത്വങ്ങളിലൊന്നായ ഹാക്കീമിയ്യ അഥവാ ദൈവത്തിന്റെ പരമാധികാരം എന്ന സങ്കല്പം സാമ്പ്രദായിക സലഫിസത്തിന്റെ ആശയമല്ല എന്നതാണ്. സലഫി ജിഹാദിസം: ദ ഹിസ്റ്ററി ഓഫ് ഏൻ ഐഡിയ എന്ന ഗ്രന്ഥത്തിൽ ഷിറാസ് മഹർ വ്യക്തമാക്കുന്നതുപോലെ ഹാക്കിമിയ്യ എന്ന ആശയത്തിന് ആധുനികകാലത്ത് സവിശേഷ ഊന്നൽ കൊടുത്തതും പ്രചാരം നൽകിയതും ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയാണ്. അല്ലാഹുവിന്റെ ഭൂമിയിൽ അല്ലാഹുവിന്റെ ഭരണമല്ലാതെ മറ്റൊരു ഭരണവ്യവസ്ഥയും പാടില്ലെന്നും ജനാധിപത്യവും മതനിരപേക്ഷതയും ദേശീയതയും ഭരണഘടനയുമൊക്കെ അനിസ്ലാമികമാണെന്നും യുദ്ധോത്സുകഭാഷയിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. മൗദൂദിയുടെ രചനകൾ അബു ഹസ്സൻ അലി ഹസ്സൻ നദ്വി അറബിയിലേക്ക് വിവർത്തനംചെയ്യുകയും അവ മുസ്ലിം ബ്രദർഹുഡിന്റെ താത്ത്വികനായ സയ്യിദ് ഖുതുബ് വായിച്ച് സർവാത്മനാ സ്വീകരിക്കുകയുമാണുണ്ടായത്. അങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹാക്കിമിയ്യ എന്ന ആശയത്തിന് അറബ് ലോകത്ത് വീണ്ടും പ്രചാരംസിദ്ധിച്ചത് (See Talmiz Ahmed Salafi-Jihadism and its Cohorts, Frontline-October 14, 2016)  2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട്നിന്ന് മത്സരിച്ചപ്പോൾ ഈ ലേഖകൻ അസന്ദിഗ്ധമായി പറഞ്ഞ ഒരു കാര്യം, ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും മതതീവ്രവാദികളുടെ വോട്ടുവേണ്ട എന്നായിരുന്നു. അതുതന്നെയാണ് 2016-ലെ തിരഞ്ഞെടുപ്പിൽ അതേമണ്ഡലത്തിൽ മത്സരിച്ചപ്പോഴും ആവർത്തിച്ചത്. മതതീവ്രവാദികൾ തോൽപ്പിക്കാൻ അഴീക്കോട്ട് അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു. അവരുടെ കക്ഷത്തിലുള്ള 3500-ഓളം വോട്ടുകൾ ഏതുപെട്ടിയിൽ വീണു എന്നത് സാമാന്യബോധമുള്ളവർക്കൊക്കെ അറിയാം. മറ്റൊരു ജനുസ്സിൽപ്പെട്ട മതതീവ്രവാദികളോട് പൊരുതിയാണ് വി.ഡി. സതീശനും വി.ടി. ബൽറാമും പോയതിരഞ്ഞെടുപ്പിൽ ജയിച്ചത്. എന്റെ ജയത്തേക്കാൾ അവരുടെ ജയത്തിന് തിളക്കമുണ്ടെന്ന് ഞാൻ കരുതുന്നു.

കേരളം ജനനിബിഡമായ, സ്പർധയില്ലാതെ ആളുകൾ സഹവർത്തിത്വത്തിലൂടെ വസിക്കുന്ന സംസ്ഥാനമാണ്. ഇവിടെ ഏതുതരം തീവ്രവാദസ്വരൂപങ്ങളും മുളച്ചുപൊങ്ങിയാൽ ഞൊടിയിടയിൽ ആർക്കും മനസ്സിലാകും, പ്രത്യേകിച്ച് ജനങ്ങളുമായി നിരന്തരസമ്പർക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾക്ക്. നേരത്തേ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയപ്പാർട്ടികൾ സത്യസന്ധതകാണിക്കുകയും മതതീവ്രവാദ സംഘടനകൾക്ക് അസ്പൃശ്യത കൽപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ചില ബുദ്ധിജീവികളും എഴുത്തുകാരും ഒരു വ്യാഴവട്ടത്തിലേറെയായി മതതീവ്രവാദികളോട് പുലർത്തുന്ന സർവാശ്ലേഷിയായ ബന്ധം അവസാനിപ്പിക്കുകയും വേണം. മതതീവ്രവാദ സംഘടനകൾക്ക് സ്വദേശത്തുനിന്നും വിദേശത്തുനിന്നും ലഭിക്കുന്ന ഭീമമായ ഫണ്ടിനെക്കുറിച്ചും അതിന്റെ സ്രോതസ്സുകളെക്കുറിച്ചും കൂലങ്കഷമായ അന്വേഷണവും സമാന്തരമായി നടക്കണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍